Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുഞ്ചിറ മഠത്തിൽ നടന്നത് ആർഎസ്എസ് കയ്യേറ്റം തന്നെ; തൃക്കൈക്കാട്ട് സ്വാമിയാർ പ്രതിഷ്ഠ നടത്തിയ പഞ്ചലോഹ വിഗ്രഹത്തിനു എന്ത് സംഭവിച്ചുവെന്ന് ആർഎസ്എസ് വ്യക്തമാക്കണം; വിഗ്രഹം കാണാതെ പോയ സംഭവത്തിൽ അന്വേഷണം വേണം; ക്ഷേത്രത്തിനു തുല്യമായ മഠം സംരക്ഷിക്കേണ്ട ആളുകൾ ധ്യാനമന്ദിരം കയ്യേറി സ്വന്തമാക്കിയിരിക്കുന്നു; സംഘടനയ്ക്ക് സന്യാസിമാരെ ചൂഷണം ചെയ്യുന്ന മന:സ്ഥിതി; മുഞ്ചിറമഠം വിവാദത്തിൽ ആർഎസ്എസിനെതിരെ മറുനാടന് മുന്നിൽ മനസ്സു തുറന്ന് പുഷ്പാഞ്ജലി സ്വാമിയാർ

മുഞ്ചിറ മഠത്തിൽ നടന്നത് ആർഎസ്എസ് കയ്യേറ്റം തന്നെ; തൃക്കൈക്കാട്ട് സ്വാമിയാർ പ്രതിഷ്ഠ നടത്തിയ പഞ്ചലോഹ വിഗ്രഹത്തിനു എന്ത് സംഭവിച്ചുവെന്ന് ആർഎസ്എസ് വ്യക്തമാക്കണം; വിഗ്രഹം കാണാതെ പോയ സംഭവത്തിൽ അന്വേഷണം വേണം; ക്ഷേത്രത്തിനു തുല്യമായ മഠം സംരക്ഷിക്കേണ്ട ആളുകൾ ധ്യാനമന്ദിരം കയ്യേറി സ്വന്തമാക്കിയിരിക്കുന്നു; സംഘടനയ്ക്ക് സന്യാസിമാരെ ചൂഷണം ചെയ്യുന്ന മന:സ്ഥിതി; മുഞ്ചിറമഠം വിവാദത്തിൽ ആർഎസ്എസിനെതിരെ മറുനാടന് മുന്നിൽ മനസ്സു തുറന്ന് പുഷ്പാഞ്ജലി സ്വാമിയാർ

എം മനോജ് കുമാർ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർക്ക് താമസിക്കാനായി മുൻപ് തിരുവിതാംകൂർ രാജാവ് വിട്ടു നൽകിയ മുഞ്ചിറ മഠം തിരികെ വേണമെന്ന പുഷ്പാഞ്ജലി സ്വാമിയാരുടെ ആവശ്യം ഒരു രാഷ്ട്രീയ വിവാദമായി മാറുകയാണ്. ആർഎസ്എസിൽ നിന്നും മഠം തിരികെ ആവശ്യപ്പെട്ടു നിലവിലെ പുഷ്പാഞ്ജലി സ്വാമിയാർ രംഗത്തെത്തിയതോടെ സ്വാമിയാർക്ക് പിന്തുണ നൽകുന്ന സമീപനമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നും വരുന്നത്. ഇതുകൊണ്ട് തന്നെ ആർഎസ്എസും ശ്രദ്ധിച്ചു ചുവടുകൾ വയ്ക്കുകയാണ്. പുഷ്പാഞ്ജലി സ്വാമിയാർ അവരോധിക്കപ്പെടാൻ സമയം എടുത്തപ്പോൾ മുഞ്ചിറ മഠം സാമൂഹിക വിരുദ്ധർ കൈവശപ്പെടുത്തുകയായിരുന്നു. ഈ അവസ്ഥയിൽ നിന്നും നാല് പതിറ്റാണ്ട് മുൻപ് ആർഎസ്എസ് വിമോചിപ്പിച്ചതാണ് മുഞ്ചിറ മഠം. ഇപ്പോൾ പക്ഷെ പുഷ്പാഞ്ജലി സ്വാമിയാർ ഉണ്ടെങ്കിലും മുഞ്ചിറ മഠത്തിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്.

തന്റെ ചതുർമാസ്യ വ്രതത്തിനു തടസം നേരിട്ടുവെന്ന് പറഞ്ഞു ആർഎസ്എസിന് എതിരെ ശക്തമായി സ്വാമി രംഗത്ത് വന്നതോടെയാണ് മുഞ്ചിറ മഠം ഒരു രാഷ്ട്രീയ വിവാദമായി മാറുന്നത്. പുഷ്പാഞ്ജലി സ്വാമിയാർ പരമ്പരാഗതമായി ഉപാസിച്ച് വന്ന ശ്രീരാമ ചന്ദ്രന്റെ പഞ്ച ലോഹത്തിലുള്ള ഉപാസനാ വിഗ്രഹം ആർഎസ്എസ് കടന്നു കയറ്റത്തിൽ കാണാതെ പോയെന്നുള്ള അതിനിശിതമായ ആരോപണം ഈ വിവാദങ്ങൾക്ക് മറ്റൊരു മാനം നൽകുകയും ചെയ്യുന്നു. മഠത്തിൽ ആർഎസ്എസ് കടന്നുകയറ്റമാണ് വന്നത്. മഠം പുഷ്പാഞ്ജലി സ്വാമിയാർക്ക് തിരികെ നൽകണം. ഇതാണ് അദ്ദേഹം ഉയർത്തുന്ന ആവശ്യം. മഠം ഒരു സ്വാമിയാരുടെ ധ്യാനമന്ദിരമാണ്. ക്ഷേത്രത്തിനു തുല്യമാണ്. ക്ഷേത്രം സംരക്ഷിക്കേണ്ട ആളുകൾ, സ്വമേധയാ നല്ല മനസ് തോന്നിയിട്ട് അവിടുന്ന് ഒഴിഞ്ഞു പോകണം-മറുനാടനു നൽകിയ വിശദമായ അഭിമുഖത്തിൽ പുഷ്പാഞ്ജലി സ്വാമിയാർ ആവശ്യപ്പെടുന്നു.-ആഭിമുഖത്തിലേക്ക്

  • മുഞ്ചിറ മഠം എങ്ങിനെയാണ് ആർഎസ്എസിന്റെ കയ്യിൽ ഒതുങ്ങുന്നത്? വിവാദത്തിനു ആസ്പദമായ കാര്യങ്ങൾക്ക് തുടക്കമാകുന്നത് എങ്ങിനെ?

ഇതിനു മറുപടി പറയുമ്പോൾ മുഞ്ചിറ മഠം രൂപം കൊള്ളുന്നത് എങ്ങിനെ എന്ന് കൂടി പറയേണ്ടി വരും. 1789 മലബാർ ലഹളക്കാലത്ത്, ടിപ്പുവിന്റെ ആക്രമണം മലബാറിൽ ഉണ്ടായ സമയത്ത് തൃക്കൈക്കാട്ടിൽ നിന്ന് ഒരു സ്വാമിയാര് ചാതുർമാസവ്രതം കഴിഞ്ഞു ദേശാടനമായി അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ഉപാസനാ മൂർത്തിയായ ശ്രീരാമചന്ദ്രനെയും കൊണ്ട് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. പോരുന്ന സമയത്ത് ആലുവ പെരിയാറിന്റെ തീരത്തിരുന്നു വരുണ മന്ത്രം ജപിക്കുകയും ശ്രീരാമനെ ഉപാസിക്കുകയും ചെയ്തു. അപ്പോൾ വെള്ളപ്പൊക്കമുണ്ടായി. തിരുവിതാംകൂറിനെ ടിപ്പുവിന്റെ ആക്രമണത്തിൽ നിന്നും രക്ഷിക്കാനും കഴിഞ്ഞു. അതിന്റെ നന്ദി സൂച്ചകമായിട്ടു ആ യോഗസിദ്ധനായി ഇരിക്കുന്ന തൃക്കൈക്കാട്ട് സ്വാമിയാരെ, ഗോവിന്ദപുരം മാർഗ തീർത്ഥ എന്നാണ് ആ സ്വാമിയാരുടെ പേര്. അദ്ദേഹത്തിന്റെ പൂർവാശ്രമം കണ്ണൂരാണ് തൃച്ചമ്പരത്തിനു അടുത്താണ്. അദ്ദേഹം മിത്രാനന്ദപുരം കുളത്തിൽ കുളിച്ച് ശ്രീപത്മനാഭസ്വാമിയെ തൊഴാൻ ഇരിക്കുമ്പോൾ കാർത്തിക തിരുനാൾ മഹാരാജാവ്, ധർമ്മരാജാവ് യോഗസിദ്ധനായി ഇരിക്കുന്ന ഈ സ്വാമിയാരുടെ മഹാസാന്നിധ്യവും ആവശ്യമാണ് എന്ന് തോന്നി അവിടെ മഠം സ്ഥാപിച്ചു കൊടുക്കുകയും അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ശ്രീരാമ ചന്ദ്ര ദേവനെ അവിടെ പ്രതിഷ്ടിക്കുകയും സൗകര്യങ്ങൾ ഒരുക്കുകയും ആ സ്വാമിയാരേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരായി അവരോധിക്കുകയും ചെയ്തു. അങ്ങിനെയാണ് മുഞ്ചിറ മഠത്തിന്റെ ഉത്പത്തിയുണ്ടാകുന്നത്.

ആറുമാസക്കാലം അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരായി. അതിനു ശേഷം അദ്ദേഹത്തിന്റെ ശിഷ്യന്മാർ പുഷ്പാഞ്ജലി സ്വാമിയാർമാരായി. 1980 കളിലാണ് മുഞ്ചിറ മഠത്തിൽ സ്വാമിയാർമാരുടെ അഭാവമുണ്ടാകുന്നത്. ഈ കാലയളവിൽ സന്യസിച്ച് വരുന്ന സ്വാമിയാർമാരുടെ എണ്ണം കുറവായിരുന്നു. അന്ന് ഉണ്ടായിരുന്ന സ്വാമിയാർമാർ കൃഷ്‌നാന്ദ ബ്രഹ്മാനന്ദ ദത്ത സ്വാമിയാർ 1982-ൽ പുഷ്പാഞ്ജലി കഴിഞ്ഞു മുഞ്ചിറയ്ക്ക് പോയി. വയോധികനായ സ്വാമിയാർ ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹം പോകുന്ന സമയത്ത് അദ്ദേഹത്തിന്റെ പൂർവാശ്രമത്തിലെ സുഹൃത്ത് ആയിരുന്ന ആളുടെ മകൻ ഇവിടെ ബാങ്കിൽ ജോലിക്കാരനായി വന്നു. അദ്ദേഹമാണ് അനന്തപത്മനാഭൻ. അദ്ദേഹമാണ് സ്വാമിയാർമാരോട് മഠത്തിൽ താമസിച്ചോട്ടെ എന്ന് ചോദിച്ചു. അതിനു സ്വാമിയാർ അനുവദിച്ചു. ശ്രീരാമസ്വാമിയുടെ പൂജ മുടക്കാതെ നോക്കണം. ഇതാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വാടക ഒന്നും വാങ്ങിക്കാതെ ശ്രീരാമചന്ദ്രന്റെ പൂജ മുടങ്ങാതിരിക്കണം എന്ന ഒരൊറ്റ നിർദ്ദേശമാണ് സ്വാമിയാർ മുന്നോട്ട് വച്ചത്. അദ്ദേഹം പൂജ ചെയ്യാനായിട്ട് സന്നദ്ധനാവുകയും ചെയ്തു. പിന്നെ സ്വാമിയാർ അവിട്ടത്തൂര് പോയി. അവിടെ സമാധിയായി.

സ്വാമിയാർ സമാധിയാകും മുൻപ് തന്നെ അദ്ദേഹം തുടർന്നുള്ള തലമുറയിൽപ്പെട്ട കുറ്റമ്പിള്ളി സ്വാമിയാരെ പുഷ്പാഞ്ജലി സ്വാമിയാർമാരായി അവരോധിച്ചിരുന്നു. കുറ്റമ്പിള്ളി സ്വാമിയാർ ഇവിടെ വന്ന സമയത്ത് അനന്തപത്മനാഭൻ ട്രാൻസ്ഫർ ആയി പോയിരുന്നു. ട്രാൻസ്ഫർ ആയി പോയിട്ട് മൂന്നു വർഷമായിരുന്നു. അദ്ദേഹം പോകും മുൻപ് ഒരു സ്വയം സേവകനെ ഇവിടുത്തെ കാര്യങ്ങൾ ഏൽപ്പിച്ചിരുന്നു. പൂജ മുടങ്ങാതെ നോക്കണം എന്നാണ് അനന്തപത്മനാഭനും ആവശ്യപ്പെട്ടിരുന്നത്. ശ്രീരാമചന്ദ്രന്റെ ഉപാസന മുട്ടരുത് എന്ന് മാത്രമാണ് അനന്തപത്മനാഭനും ആവശ്യപ്പെട്ടത്. ഇങ്ങിനെ കൈമാറി കൈമാറി പോയപ്പോൾ പൂജ കാര്യങ്ങളിൽ എല്ലാവർക്കും ശ്രദ്ധ നഷ്ടമായി. പൂജ മുടങ്ങാൻ പ്രധാന കാരണം പൂജ ചെയ്ത ശാന്തിക്കാർക്ക് പ്രതിഫലം നൽകാതിരുന്നത് കാരണമായിരുന്നു.

പ്രതിഫലം മുടങ്ങിയപ്പോൾ പൂജ ചെയ്യാൻ ശാന്തിക്കാർ വരാതായി.ഉപാസന മുടങ്ങുകയും ചെയ്തു. അവരെയൊക്കെ ആട്ടിയോടിക്കുക എന്ന സ്വഭാവമായിരുന്നു ഇവർ പിന്തുടർന്നത്. കൂറ്റമ്പിള്ളി സ്വാമിയാർ പിന്നീട് കാഞ്ചിയിൽ പോയി. തിരികെ വരാതായപ്പോൾ രാജാവും ഹിന്ദു സേവാസംഘവും ചേർന്ന് അദ്ദേഹത്തെ തിരിച്ചു കൊണ്ടുവന്നു. അപ്പോഴേക്കും മഠം സംഘത്തിന്റെ അധീനതയിലായി കഴിഞ്ഞിരുന്നു. സ്വാമിയാരെ ഇവർ സ്വഭാവദൂഷ്യം ആരോപിച്ചു മഠത്തിൽ കയറ്റാതായി. തിരുവിതാംകൂർ രാജാവ് അദ്ദേഹത്തിനു താമസത്തിനു ഗസ്റ്റ് ഹൗസ് അനുവദിച്ചു. 1789-ൽ രാജാവ് പുഷ്പാഞ്ജലി സ്വാമിയാർക്ക് അനുവദിച്ച മഠമാണ് അന്യാധീനപ്പെട്ടത്. ഇവിടെ നമ്പി മഠവും തന്ത്രി മഠവുമുണ്ട്. ഇതെല്ലാം പത്മനാഭ സ്വാമിയെ സേവിക്കാൻ വേണ്ടി കൊണ്ട് വന്ന സ്ഥാനീയർക്ക് താങ്ങാനുള്ള വീടുകളാണ്. മുഞ്ചിറ മഠവും അങ്ങിനെയുള്ള ഒരു വീടാണ്.

  • പിന്നീട് വന്ന സ്വാമിയാർമാർ എന്തുകൊണ്ട് മുഞ്ചിറ മഠത്തിനു അവകാശവാദം ഉന്നയിച്ചില്ല?

പുഷ്പാഞ്ജലി സ്വാമിയാർമാർ അവകാശവാദം ഉന്നയിച്ചപ്പോഴോന്നും ആർഎസ്എസ് മഠം വിട്ടുകൊടുക്കാൻ തയ്യാറായില്ല. ശ്രീരാമചന്ദ്രന്റെ പൂജ മുടങ്ങാതിരിക്കാനും മുഞ്ചിറ മഠത്തിൽ താമസിക്കാനും പുഷ്പാഞ്ജലി സ്വാമിയാർ ശ്രമിച്ചപ്പോഴോന്നും ആർഎസ്എസ് എതിർപ്പ് കാരണം ഒന്നും നടന്നില്ല.

തിരുവിതാംകൂർ രാജവംശം പുഷ്പാഞ്ജലി സ്വാമിയാർക്ക് അനുവദിച്ച മഠം ആണിത്. അപ്പോൾ കൊട്ടാരത്തിന്റെ നിലപാട് എന്തായിരുന്നു?

കൊട്ടാരം പുഷ്പാഞ്ജലി സ്വാമിയാർക്ക് വിട്ടു നൽകിയതാണ് മുഞ്ചിറ മഠം. കെട്ടിടത്തിനു ടാക്‌സ് ഇപ്പോഴും കൊട്ടാരമാണ് അടയ്ക്കുന്നത്. കൊട്ടാരം സ്വാമിയാർക്ക് നൽകിയതാണ്. അതുകൊണ്ട് അത് സ്വാമിയാർമാർ തന്നെ ശ്രദ്ധിക്കണം എന്ന നിലപാടാണ് കൊട്ടാരം കൈക്കൊണ്ടത്. പുഷ്പാഞ്ജലി സ്വാമിയാർമാരുടെ അഭാവം അങ്ങിനെ വന്നിട്ടില്ല. ചെറിയ രീതിയിലുള്ള അഭാവം മാത്രമാണ് വന്നത്. ചുഴികുന്നം സ്വാമിയാർ പിന്നീട് വന്നിരുന്നു. സ്വാമിയാർ സമാധിയായി. കവനന്റ്‌റ് പ്രകാരം തെക്കേ മഠത്തിലെ മൂപ്പിൽ സ്വാമിയാർമാർ മുഞ്ചിറ മഠത്തിൽ താമസിക്കാൻ വന്നു. പക്ഷെ അതിനു ആർഎസ്എസ് സമ്മതിച്ചില്ല. അതിനു കേസൊക്കെ വന്നു.

  • ആദ്യപുഷ്പാഞ്ജലി സ്വാമിയർക്ക് ശേഷം പിന്നീട് വന്ന ഒരു സ്വാമിയാർക്കും മുഞ്ചിറ മഠത്തിൽ താമസിക്കാൻ കഴിഞ്ഞില്ലാ എന്നാണോ പറയുന്നത്?

അല്ല. ആദ്യത്തെ സ്വാമിയാർക്ക് ശേഷം 44 ആം പുഷ്പാഞ്ജലി സ്വാമിയാർ വരെ മുഞ്ചിറ മഠത്തിൽ താമസിച്ചവരാണ്. 1992 വരെ വലിയ കുഴപ്പങ്ങൾ ഇല്ലാതെ പോയതാണ്. ഈ കാലം വരെ നമ്പൂതിരിമാരും ശന്തിക്കാരും എല്ലാം അവിടെപ്പോയി പൂജ കഴിച്ചിരുന്നു. 1992 നു ശേഷം പൂജ മുടങ്ങി. അനന്തപത്മനാഭന്റെ കയ്യിലേക്ക് വന്ന ശേഷം പൂജ മുടങ്ങി. സ്വാമിയാർ നോക്കിയത് പുഷ്പാഞ്ജലി സ്വാമിയാരുടെ അനുഷ്ഠാനങ്ങൾ എല്ലാം നടന്നുപോകുന്നുണ്ടോ എന്ന് മാത്രമാണ്. അതുകൊണ്ട് തന്നെ രാജാവിനോട് പുഷ്പാഞ്ജലി സ്വാമിയാർ ആവശ്യപ്പെട്ടത് ഈ കാര്യത്തിൽ വഴക്ക് കൂടാൻ പോകേണ്ട എന്നാണ്.

  • ആർഎസ്എസ് കാര്യാലയമായ സമയത്ത് അവിടെ പൂജ ചെയ്യാനും താമസിക്കാനും ആർഎസ്എസ് അനുമതി നൽകിയോ?

എല്ലാം 1992 വരെ മാത്രം. അതിനുശേഷം പൂജ ഉൾപ്പെടെ എല്ലാം നിലച്ചു. ഞാൻ മുൻപ് പറഞ്ഞപോലെ പൂജാരിക്ക് പ്രതിഫലമില്ല. പൂജാരിമാർ വരാതായിപൂജ നിലച്ചു.

  • തൃക്കൈക്കാട്ട് സ്വാമിയാർ മുഞ്ചിറ മഠത്തിൽ പ്രതിഷ്ഠ നടത്തിയ പഞ്ചലോഹ വിഗ്രഹത്തിനു എന്ത് സംഭവിച്ചു? വിഗ്രഹം എവിടെപ്പോയി?

പഞ്ചലോഹ വിഗ്രഹത്തിനെക്കുറിച്ച് വ്യക്തമായി ഒന്നും അറിയില്ല. അവിടെപോയി നോക്കിയാലെ അറിയൂ. അവിടെ താമസിച്ച അത് കൈകാര്യം ചെയ്ത ആർഎസ്എസ്‌കാർക്ക് മാത്രമേ അറിയൂ. ആ വിഗ്രഹത്തിനു എന്ത് സംഭവിച്ചുവെന്ന്? വിഗ്രഹം കാണാതെ പോയ സംഭവത്തിൽ ഉത്തരം പറയേണ്ടത് ആർഎസ്എസുകാരാണ്.

  • പഞ്ചലോഹ വിഗ്രഹം ആർഎസ്എസ് കടന്നു കയറ്റത്തിൽ കാണാതെ പോയി എന്ന ആരോപണം, അത് അതിഗുരുതരമായ ആരോപണമാണ്?

പഞ്ചലോഹം വിഗ്രഹം കാണാതെ പോയ സംഭവം അന്വേഷിക്കേണ്ടതാണ്. അത് അധികൃതർ അന്വേഷിക്കേണ്ടതാണ്. പക്ഷെ ഞാൻ പരാതി നൽകിയിട്ടില്ല. ഞാൻ അവിടെ പോയിട്ടില്ല.എന്നെ അവിടെ കയറ്റിയില്ല.എനിക്ക് മുൻപ് വന്ന സ്വാമിയാരെയും അവിടെ ആർഎസ്എസുകാർ കയറ്റിയില്ല. ശങ്കരാനന്ദ സ്വാമിയാരെയും കയറ്റിയില്ല, ചൂഴിക്കുന്നം സ്വാമിമാരെയും അവിടെ കയറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ പഞ്ചലോഹ വിഗ്രഹത്തിന്റെ കാര്യം ഞങ്ങൾക്ക് അറിയില്ല. മഠത്തിൽ കയറണം എന്ന് ആർഎസ്എസ് നേതാക്കളെ കണ്ടു ഞാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷെ എന്നെ കയറ്റിയില്ല. അതിനെക്കുറിച്ച് ഞാൻ പരാതി നൽകിയിട്ടുണ്ട്.

  • മുഞ്ചിറ മഠം തിരികെ വേണം എന്നാവശ്യപ്പെട്ടു ഏതൊക്കെ ആർഎസ്എസ് നേതാക്കളെ സ്വാമിയാർ കണ്ടു?

2016 മുതൽ ഇതിനായി ശ്രമിക്കുന്നുണ്ട്. കുമ്മനം രാജശേഖരൻ, വിശ്വംപാപ്പ, പി.ഇ.ബി.മേനോൻ എന്നീ നേതാക്കളെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എനിക്ക് താമസിക്കേണ്ടത്, ഉപാസിക്കേണ്ടത് മുഞ്ചിറ മഠത്തിലാണ് എന്നാണ് ഞാൻ പറഞ്ഞത്. മുഞ്ചിറ മഠം ആർഎസ്എസുകാരുടെ കൈകളിലാണ്. എനിക്ക് വേണ്ട സഹായങ്ങളും സൗകര്യങ്ങളും ചെയ്തു നൽകണം എന്നാണ് ഞാൻ ആവശ്യപ്പെട്ടത്. അതിനൊന്നും കുഴപ്പമില്ല.വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു തരാം എന്നാണ് ആർഎസ്എസ് നേതാക്കൾ എന്നോടു പറഞ്ഞത്. എന്നോടു അവർ വാഗ്ദത്തം നൽകിയ കാര്യമാണിത്.

  • ആർഎസ്എസ് പിന്നീട് എന്തുകൊണ്ട് പിൻവാങ്ങി?

അത് എനിക്കറിയില്ല. ആർഎസ്എസുകരോടു ചോദിക്കേണ്ട കാര്യമാണിത്. അതിന്റെ വ്യക്തമായ കാര്യകാരണങ്ങൾ എനിക്കറിയില്ല.

  • മുഞ്ചിറ മഠം ഒരു രാഷ്ട്രീയ വിവാദമായി മാറുകയാണ്. ഒരു തലയ്ക്കൽ ആർഎസ്എസും മറു തലയ്ക്കൽ സിപിഎമ്മും?

ഇതൊരു രാഷ്ട്രീയ പ്രശ്‌നമായി മാറില്ല. ഇത് സത്യം മറച്ചു വയ്ക്കുന്നതിന്റെ പ്രശ്‌നമാണ്. പരസ്വത്ത് അപഹരണത്തിന്റെ പ്രശ്‌നമാണ്. അധാർമ്മികമായ പ്രവർത്തിയുടെ പ്രശ്‌നമാണ്.

  • സിപിഎം പിന്തുണ സ്വീകരിക്കുമോ?

ഞാൻ എല്ലാ പിന്തുണയും സ്വീകരിക്കും. സിപിഎമ്മിന്റെ എന്നല്ല എല്ലാ പിന്തുണയും സ്വീകരിക്കും. ആരൊക്കെ എന്നെ പിന്തുണയ്ക്കും. എല്ലാ പിന്തുണയും സ്വീകരിക്കും. മഠം എല്ലാവരുടെതുമാണ്. മഠത്തിൽ ആർക്കും വരാം. സിപിഎം നേതാക്കൾ പിന്തുണ വാഗ്ദാനം ചെയ്തിട്ടില്ല. എന്നെ എല്ലാവരും വന്നു കാണുന്നുണ്ട്.ആരൊക്കെ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ഞാൻ എല്ലാവരെയും സ്വീകരിക്കുന്നുണ്ട്. എനിക്ക് രാഷ്ട്രീയമില്ല.

  • ഹിന്ദു ആചാര്യന്മാരോടു ആർഎസ്എസ് സമീപനം മോശമാണെന്ന് കരുതുന്നുണ്ടോ?

അതിമുഖ ഭാവമുണ്ട്. യാതൊരു സംശയവുമില്ല. സന്യാസിമാരെ ചൂഷണം ചെയ്യുന്ന മനസ്ഥിതി പൊളിറ്റിക്കലായി എക്‌സ്‌പ്ലോയിറ്റ് ചെയ്യുന്ന മനസ്ഥിതിയാണ്. സംസ്‌കാരത്തിന്റെ സംരക്ഷകർ, കാവൽഭടന്മാർ ഹിന്ദുത്വം ഉള്ള ആളുകൾ എന്ന നിലയ്ക്ക് ഉള്ളതെന്നാണ് എനിക്ക് തോന്നുന്നത്. പല ആളുകളിൽ നിന്നും പറഞ്ഞു കേട്ടത് ഇതേ മനസ്ഥിതിയാണ്.

  • എന്താണ് ഭാവി പരിപാടികൾ?

എന്റെ ചതുർമാസ വ്രതം മുടങ്ങിയിട്ടില്ല. മുടക്കാൻ ശ്രമിച്ചെങ്കിലും അത് മുടങ്ങില്ല. എന്റെ ഉപാസനാ മൂർത്തിയായ ശ്രീരാമ ചന്ദ്രനേയും എനിക്ക് മുൻപു സമാധിയായിരുന്ന സ്വാമിയാർമാരുടെയും യോഗീശ്വരപൂജ നിത്യം അവിടെ നടത്തിക്കൊണ്ടിരിക്കുന്നു. ഇത് പരിഹാരമുണ്ടാക്കാൻ ഞാൻ വിട്ടുകൊടുത്തിരിക്കുന്നത് ശ്രീരാമചന്ദ്രനും പത്മനാഭ സ്വാമിക്കുമാണ്. അവര് എനിക്ക് പരിഹാരമുണ്ടാക്കിത്തരും എന്ന പ്രതീക്ഷയിൽ തന്നെയാണ് ഞാൻ മുൻപോട്ടു പോകുന്നത്. കോടതിയിലേക്ക് ഞാനില്ല.

  • മഠം തിരികെ ലഭിക്കും എന്ന പ്രതീക്ഷയുണ്ടോ?

തീർച്ചയായും സത്യം ജയിക്കും. ധർമ്മം ജയിക്കും. യാതൊരു സംശയവുമില്ല. മഠത്തിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം നടക്കുന്നുണ്ട്.കാര്യങ്ങൾ എല്ലാം സൈക്ലിക്ക് ആണ്. മഠത്തിനെക്കുറിച്ച് അവർക്ക് അറിയില്ല. മഠം ഒരു സ്വാമിയാരുടെ ധ്യാനമന്ദിരമാണ്. ക്ഷേത്രത്തിനു തുല്യമാണ്. ക്ഷേത്രം സംരക്ഷിക്കേണ്ട ആളുകൾ, സ്വമേധയാ നല്ല മനസ് തോന്നിയിട്ട് അവർ മഠത്തിൽ നിന്നും ഒഴിവാകും.യാതൊരു സംശയവുമില്ല. മഠത്തിൽ നിന്നും അവരെ ഒഴിവാക്കേണ്ടത് ഞാനോ രാഷ്ട്രീയക്കാരോ പൊലീസോ കോടതിയോ ആയിരിക്കില്ല. ശ്രീരാമചന്ദ്രൻ ആയിരിക്കും എന്റെ ഉപാസനാമൂർത്തിയായിരിക്കും എന്ന ഉറച്ച വിശ്വാസിയായാണ് ഞാൻ നിൽക്കുന്നത്-സ്വാമിയാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP