Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരണം എല്ലാ കടങ്ങളും വീട്ടും എന്ന തത്വത്തിൽ വിശ്വസിക്കാതെ ആസ്തികൾ വിറ്റ് സിദ്ധാർഥയുടെ കടങ്ങൾ വീട്ടാനുള്ള ആലോചനയിൽ കുടുംബം; ആദ്യ പടിയായി വിൽക്കുക 90 ഏക്കർ ടെക്‌നോളജി പാർക്ക് എന്നും സൂചനകൾ; അമേരിക്കൻ കമ്പനിയായ ബ്ലാക്ക് സ്‌റ്റോണുമായി നടക്കുന്നത് 3000 കോടിയുടെ കൈമാറ്റ കരാറിനായുള്ള ചർച്ചകൾ; തീർക്കാനുള്ളത് 2000 കോടിയുടെ വ്യക്തിഗത വായ്പ ഉൾപ്പെടെ 9000 കോടി രൂപയുടെ ബാധ്യത

മരണം എല്ലാ കടങ്ങളും വീട്ടും എന്ന തത്വത്തിൽ വിശ്വസിക്കാതെ ആസ്തികൾ വിറ്റ് സിദ്ധാർഥയുടെ കടങ്ങൾ വീട്ടാനുള്ള ആലോചനയിൽ കുടുംബം; ആദ്യ പടിയായി വിൽക്കുക 90 ഏക്കർ ടെക്‌നോളജി പാർക്ക് എന്നും സൂചനകൾ; അമേരിക്കൻ കമ്പനിയായ ബ്ലാക്ക് സ്‌റ്റോണുമായി നടക്കുന്നത് 3000 കോടിയുടെ കൈമാറ്റ കരാറിനായുള്ള ചർച്ചകൾ; തീർക്കാനുള്ളത് 2000 കോടിയുടെ വ്യക്തിഗത വായ്പ ഉൾപ്പെടെ 9000 കോടി രൂപയുടെ ബാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ബെംഗലൂരു: പരാജയപ്പെട്ട സംരംഭകൻ എന്ന് സ്വയം വിശേഷിപ്പിച്ച് ജീവനൊടുക്കിയ കാപ്പി രാജാവിന്റെ കടങ്ങൾ വീട്ടാനുള്ള ശ്രമങ്ങളുമായി കുടുംബം. ഇതിനായി വി ജി സിദ്ധാർഥയുടെ കോഫീ ഡേ ഉടമസ്ഥതയിലുള്ള 90 ഏക്കർ ടെക്നോളജി പാർക്ക് വിൽക്കാനൊരുങ്ങുന്നുവെന്നാണ് സൂചന. അമേരിക്കൻ കമ്പനിയായ ബ്ലാക്ക്സ്റ്റോണാകും ഇത് വാങ്ങുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. മാത്രമല്ല ഇതിനായിട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനായി 3000 കോടിയുടെ കരാറാകും തയാറാക്കുക എന്നാണ് വിവരം.

ചർച്ച വിജയിച്ചാൽ കോഫി ഡേ സ്ഥാപകന്റെ കടം വീട്ടുന്നതിനുള്ള ആദ്യ ചുവടുവെപ്പാകും. ഓഹരികൾ വാങ്ങി കമ്പനി ഉടമസ്ഥത സ്വന്തമാക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് ബ്ലാക്ക് സ്റ്റോൺ. ഇന്ത്യയുടെ കോഫി ബിസിനസിൽ വിപ്ലവം സൃഷ്ടിച്ച കഫേ കോഫി ഡേ സ്ഥാപകൻ വി.ജി സിദ്ധാർത്ഥയുടെ മരണത്തിന് പിന്നാലെ നടുക്കുന്ന പിന്നാമ്പുറ കഥയാണ് പുറത്ത് വരുന്നത്. കഫേ കോഫി ഡേയ്ക്ക് 7000 കോടിയുടെ കട ബാധ്യതയുണ്ടായിരുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് 2000 കോടി രൂപയുടെ വ്യക്തിഗത വായ്പയും ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന വാർത്തയും പുറത്ത് വരുന്നത്.

നഷ്ടത്തിലായിരുന്ന കമ്പനിയെ രക്ഷിക്കാൻ സ്വന്തം പേരിലെടുത്ത വായ്പയാണ് ഇതെന്നായിരുന്ന ആദ്യം വാർത്തകൾ പുറത്ത് വന്നിരുന്നത്. മാർച്ച് വരെ കമ്പനിയുടെ മൊത്തം കടം 6,547.38 കോടി രൂപയായിരുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കമ്പനിയുടെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തിഗത വായ്പകളിൽ ഭൂരിഭാഗവും സിദ്ധാർത്ഥയുടെയും കുടുംബത്തിന്റെയും സ്വകാര്യ സ്വത്തായ പ്ലാന്റേഷൻ ബിസിനസിൽ നിക്ഷേപിക്കാനാണ് ഉപയോഗിച്ചിരുന്നതെന്നും സൂചനകൾ വ്യക്തമാക്കുന്നു.

കമ്പനിയുടെ കുടിശ്ശികയുള്ള കടം തീർക്കാനുള്ള പണം ബിസിനസ്സിൽ നിന്ന് കിട്ടിയിരുന്നില്ല. ഇതോടെ പലിശ വർദ്ധിച്ച് കടം ഇരട്ടിയായി ഉയർന്നു. എന്നാൽ കൂടുതൽ പണം നൽകാൻ സാമ്പത്തിക സ്ഥാപനങ്ങൾ തയ്യാറാകുന്നതോടെ പുതിയ കടം എടുക്കുന്നതിലും പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാൽ സിദ്ധാർത്ഥയുടെ തിരോധാനത്തിനും മരണത്തിനും വർദ്ധിച്ചുവരുന്ന കടബാധ്യതയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

എന്നിരുന്നാലും അദ്ദേഹം ബോർഡിനും സിസിഡി ജീവനക്കാർക്കും എഴുതിയ ഒരു കത്തിൽ കട ബാധ്യത സംബന്ധിച്ച ചില കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കടക്കാരിൽ നിന്നുള്ള വർദ്ധിച്ചു വരുന്ന സമ്മർദ്ദം അദ്ദേഹത്തെ അലട്ടിയിരുന്നതായി കത്തിൽ പറയുന്നു. തന്നെ ആശ്രയിച്ചിരുന്ന എല്ലാവരെയും ഇറക്കിവിട്ടതിൽ ഞാൻ ഖേദിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു. സ്വകാര്യ ഓഹരി പങ്കാളികളിൽ നിന്ന് കൂടുതൽ സമ്മർദ്ദം നേരിടേണ്ടി വരുന്നുണ്ടെന്നും ഓഹരികൾ തിരികെ വാങ്ങാൻ തന്നെ നിർബന്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. ആറുമാസം മുൻപ് ഒരു സുഹൃത്തിന്റെ കൈയിൽ നിന്ന് കടം വാങ്ങിയ വലിയ തുകയുടെ സമ്മർദ്ദവും തനിക്ക് താങ്ങാനാകില്ലെന്നും കത്തിൽ പറയുന്നു.

മികച്ച സംരംഭകൻ എന്ന പട്ടം നൽകി ഒരുകാലത്ത് രാജ്യം വാഴ്‌ത്തിയ പേരുകളിലൊന്നായിരുന്നു കഫേ കോഫി ഡേ സ്ഥാപകൻ വി.ജി സിദ്ധാർത്ഥയുടേത്. ആരെയും അതിശയിപ്പിക്കുന്ന വളർച്ച. 1996ൽ കഫേ കോഫി ഡേ തുടങ്ങി. ഇന്ന് 209 നഗരങ്ങളിലായി 1423 കഫേകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ശൃംഖലയിലൊന്നായി അത് മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായാണ് സിദ്ധാർത്ഥ കടക്കെണിയിലായത്. സെപ്റ്റംബർ 21ന് ഐ.ടി ഡിപ്പാർട്ട്മെന്റ് മുംബൈയിലും ചെന്നൈയിലും ബെംഗളുരുവിലും ചിക്കമംഗളുരുവിലുമുള്ള അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസുകളിലും മറ്റ് 20 ഇടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. പിന്നീട് ഐ.ടി സ്ഥാപനത്തിലുള്ള ഓഹരി വിറ്റതിലൂടെയും സിദ്ധാർത്ഥ് വാർത്തകളിൽ ഇടംനേടിയിരുന്നു.

എന്നാൽ , ആത്മഹത്യ ചെയ്യുന്നതിന് തെട്ട് മുമ്പ് ജീവനക്കാർക്കയച്ച കത്തിൽ അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് താനൊരു പരാജയപ്പെട്ട സംരംഭകനാണെന്നാണ്. പരാജയപ്പെടുത്തിയത് ആദായനികുതി വകുപ്പിൽ നിന്നുള്ള സമ്മർദ്ദമാണെന്നുമാണ്. കർണാടകയിലെ ചിക്കമംഗലൂർ ജില്ലയിലെ മലനാട് ഭാഗത്താണ് സിദ്ധാർത്ഥ ജനിച്ചത്. മാംഗലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മകൾ മാളവികയാണ് ഭാര്യ.

1983-84 കാലഘട്ടത്തിൽ 24ാം വയസിലാണ് സിദ്ധാർത്ഥയുടെ കരിയർ ആരംഭിക്കുന്നത്. മുംബൈയിലെ ജെ.എം ഫിനാൻഷ്യൽ ലിമിറ്റഡിൽ അദ്ദേഹം മാനേജ്മെന്റ് ട്രെയിനിയായി പ്രവേശിച്ചു. രണ്ടുവർഷത്തെ ജോലിക്കുശേഷം അദ്ദേഹം ബെംഗളുരുവിലേക്ക് തിരിച്ചുവരികയും സ്വന്തമായി ബിസിനസ് തുടങ്ങുകയും ചെയ്തു.

കോഫി ബിസിനസുമായി അദ്ദേഹത്തിന് കുട്ടിക്കാലം മുതൽ തന്നെ ബന്ധമുണ്ടായിരുന്നു. സിദ്ധാർത്ഥയുടെ അച്ഛൻ കോഫി പ്ലാന്റേഷൻ ഉടമയായിരുന്നു. 1993ലാണ് അദ്ദേഹം അമൽഗമേറ്റ് ബീൻ കമ്പനി (എ.ബി.സി) എന്ന പേരിൽ ഒരു കോഫി വിൽപ്പന കമ്പനി തുടങ്ങിയത്. ചിക്കമംഗലൂരിൽ അറിയപ്പെടുന്ന കോഫി കമ്പനിയായി ഇത് വളർന്നു. 28000 ടണ്ണിന്റെ കയറ്റുമതിയും 2000 ടണ്ണിന്റെ പ്രാദേശിക വില്പനയുമായി വർഷം 350 മില്യണിന്റെ കച്ചവടം നടക്കുന്ന സ്ഥാപനമായി അത് മാറി. ഏറ്റവും അധികം ഗ്രീൻ കോഫി കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് എ.ബി.സി.

ശിവൻ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ അദ്ദേഹം നിക്ഷേപ രംഗത്തും കടന്നുകയറി. ഈ കമ്പനിക്ക് മൂന്ന് ഉപ കമ്പനികളുണ്ട്. ചേതൻ വുഡ് പ്രോസസിങ് ലിമിറ്റഡ്, ഹോസ്പിറ്റാലിറ്റി ബിസിനസ് ബെയർഫൂട്ട് റിസോർട്ട്, ഡാർക്ക് ഫോറസ്റ്റ് ഫർണിച്ചൽ കമ്പനി. ആദായ നികുതി വകുപ്പിൽ നിന്ന് വലിയ സമ്മർദ്ദം നേരിട്ടെന്നും. കഫേ കോഫി ഡേ ഓഹരികൾ കൊക്കക്കോളയ്ക്ക് വിൽക്കാനായി ചർച്ചകൾ നടക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ധാർത്ഥിന്റെ തിരോധാനം

ഇഷ്ട നഗരത്തിലേക്കെന്ന് പറഞ്ഞ് അവസാന യാത്ര

തിങ്കളാഴ്ച എട്ട് മണിയോടെ വീട്ടിൽ നിന്നിറങ്ങിയ സിദ്ധാർഥ ഡ്രൈവറോട് ഓഫീസിലേക്ക് പോവാനാണ് പറഞ്ഞത്. പിന്നീട് 11 മണിയോടെ സകലേഷ്പുരയിലേക്ക് പോവാൻ ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാരോടും സകലേഷ്പുരയിലേക്ക് പോകുന്ന കാര്യം സിദ്ധാർഥ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് സകലേഷ്പുര. സിദ്ധാർഥ ജനിച്ച് വളർന്നത് അവിടെയാണ്. അച്ഛന്റെ കാപ്പിത്തോട്ടവും സകലേഷ് പുരയിലാണ്. അതുകൊണ്ട് തന്നെ സകലേഷ് പുരയിലേക്ക് പലപ്പോഴും അദ്ദേഹം യാത്ര പോകാറുമുണ്ട്.

ഡ്രൈവർ ബസവരാജ് പാട്ടീൽ നൽകിയ മൊഴി പ്രകാരം തന്റെ അവസാന യാത്രയിൽ കാറിലിരുന്ന് 15-20 ഫോൺകോളുകളാണ് സിദ്ധാർഥ നടത്തിയത്. എല്ലാ കോളുകളിലും അദ്ദേഹം ആരോടൊക്കയോ ക്ഷമ ചോദിക്കുകയായിരുന്നു. ഫോണിൽ സംസാരിക്കുന്ന അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നതായി തനിക്ക് തോന്നിയിരുന്നെങ്കിലും അദ്ദേഹം ആത്മഹത്യ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും ബസവരാജ് പാട്ടീൽ പറയുന്നു.

ശാന്ത സ്വഭാവക്കാരനായ കാപ്പിരാജാവ് യാത്രയായത് ഒരു സ്വപ്‌നം ബാക്കിയാക്കി

വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിരിക്കുമ്പോഴും ശാന്ത സ്വഭാവക്കാരനും ഉൾവലിയുന്ന പ്രകൃതമുള്ളയാളുമായിരുന്നു സിദ്ധാർഥ. താരതമ്യേന ലളിതജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നതെന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള ജനങ്ങളുമായും ഒരുപോലെ ഇടപഴകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

കർണാടകയിലെ കാപ്പിയെ ആഗോളതലത്തിൽ പ്രശസ്തമാക്കിയ വി.ജി. സിദ്ധാർഥ യാത്രയായത് പാവപ്പെട്ടവർക്ക് ചികിത്സനൽകാനുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയെന്ന സ്വപ്നം ബാക്കിയാക്കിയാണ്. കാപ്പി വ്യവസായത്തിൽ മുഴുകുമ്പോഴും ചിക്കമഗളൂരുവിലെ ആരോഗ്യരംഗത്തും ഇദ്ദേഹം ശ്രദ്ധപതിപ്പിച്ചിരുന്നു. ആരോഗ്യരംഗത്തെ മോശം അവസ്ഥകണ്ട് ചിക്കമഗളൂരുവിൽ 200 കിടക്കകളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു സിദ്ധാർഥ. ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായിരുന്നു.

ചിക്കമഗളൂരുവിലെ തോട്ടപ്പണിക്കാർക്കും കുടുംബാംഗങ്ങൾക്കും പാവപ്പെട്ടവർക്കും കാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് സൗജന്യചികിത്സ നൽകുകയായിരുന്നു ആശുപത്രിയുടെ ലക്ഷ്യം. ആശുപത്രിക്ക് അച്ഛൻ ഗംഗയ്യ ഹെഗ്ഡെയുടെ പേര് നൽകാനായിരുന്നു സിദ്ധാർഥ് തീരുമാനിച്ചിരുന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അസുഖബാധിതനായി മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അച്ഛൻ ഗംഗയ്യ ഹെഗ്ഡെയെ അടുത്തിടെ സിദ്ധാർഥ സന്ദർശിച്ചിരുന്നു. അസുഖങ്ങളെത്തുടർന്ന് ജൂലായ് ഒമ്പതിന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗംഗയ്യ 28-നായിരുന്നു ആശുപത്രി വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP