Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടതു വന്നാലും വലതു വന്നാലും ടി ബാലകൃഷ്ണൻ ഐഎഎസിന് കുശാൽ; പിണറായി ആണെങ്കിലും വി എസ് ആണെങ്കിലും ഉമ്മൻ ചാണ്ടി ആണെങ്കിലും ബാലകൃഷ്ണൻ സൂപ്പർ തസ്തികയിൽ; റിട്ടയർ ചെയ്തു എട്ടു വർഷം കഴിഞ്ഞിട്ടും ബാലകൃഷ്ണന് വേണ്ടി ഖജനാവിൽ നിന്നും ഒഴുക്കുന്നത് ലക്ഷങ്ങൾ; ശമ്പളമായി ലക്ഷങ്ങൾ വാങ്ങാൻ പുതിയ തസ്തിക ഉണ്ടാക്കി വീണ്ടും നിയമനം; കോടികളുടെ അഴിമതി കേസിൽ വിമർശന വിധേയനായിട്ടും തസ്തികകൾ മാറി സർക്കാർ ബാലകൃഷ്ണ പിള്ളയുടെ മരുമകന് രക്ഷയൊരുക്കുന്നത് ഇങ്ങനെ

ഇടതു വന്നാലും വലതു വന്നാലും ടി ബാലകൃഷ്ണൻ ഐഎഎസിന് കുശാൽ; പിണറായി ആണെങ്കിലും വി എസ് ആണെങ്കിലും ഉമ്മൻ ചാണ്ടി ആണെങ്കിലും ബാലകൃഷ്ണൻ സൂപ്പർ തസ്തികയിൽ; റിട്ടയർ ചെയ്തു എട്ടു വർഷം കഴിഞ്ഞിട്ടും ബാലകൃഷ്ണന് വേണ്ടി ഖജനാവിൽ നിന്നും ഒഴുക്കുന്നത് ലക്ഷങ്ങൾ; ശമ്പളമായി ലക്ഷങ്ങൾ വാങ്ങാൻ പുതിയ തസ്തിക ഉണ്ടാക്കി വീണ്ടും നിയമനം; കോടികളുടെ അഴിമതി കേസിൽ വിമർശന വിധേയനായിട്ടും തസ്തികകൾ മാറി സർക്കാർ ബാലകൃഷ്ണ പിള്ളയുടെ മരുമകന് രക്ഷയൊരുക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഖജനാവ് ധൂർത്തടിക്കുന്ന കാര്യത്തിൽ എല്ലാവരെയും കടത്തിവെട്ടാൻ ഒരുങ്ങുന്ന ഇടതു സർക്കാറിൽ നിന്നും മറ്റൊരു വിവാദ തീരുമാനം കൂടി. എട്ട് വർഷങ്ങൾക്ക് മുമ്പ് വിരമിച്ച അഡീഷനൽ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണനു പുതിയ തസ്തിക സൃഷ്ടിച്ചു നിയമിച്ചിരിക്കയാണ് ഇടതു സർക്കാർ. തലസ്ഥാന നഗര വികസന പദ്ധതി - രണ്ടിൽ സ്‌പെഷൽ ഓഫിസർ തസ്തിക സൃഷ്ടിച്ചാണ്, നിലവിൽ പദ്ധതിയുടെ എംപവേഡ് കമ്മിറ്റി കൺവീനറായ ബാലകൃഷ്ണനെ മന്ത്രിസഭ നിയമിച്ചത്. എംപവേഡ് കമ്മിറ്റി കൺവീനർ സ്ഥാനം ഔദ്യോഗിക പദവിയല്ലാത്തതിനാലാണു ധനവകുപ്പ് അനുമതിയോടെ തീരുമാനം എടുത്തത്. വിഴിഞ്ഞം പാരിപ്പള്ളി 80 കിലോമീറ്ററിൽ ടെക്‌നോസിറ്റിയും വിഴിഞ്ഞം തുറമുഖവും ഉൾപ്പെടുത്തി ഔട്ടർ റിങ് റോഡ് സ്ഥാപിക്കലാണു തലസ്ഥാന നഗരവികസന പദ്ധതി- രണ്ടിലെ മുഖ്യ പരിപാടി.

വിരമിക്കുമ്പോൾ കൈപ്പറ്റിയിരുന്ന ശമ്പളത്തുകയിൽ കുറവ് വരുത്താതെയാണ് ഈ സർക്കാർ ഐഎഎസുകാരുടെ പുനർനിയമനം നടത്തുന്നത്. അതുകൊണ്ട് ബാലകൃഷ്ണന് ചീഫ്‌സെക്രട്ടറി റാങ്കിലുള്ള രണ്ടര ലക്ഷത്തോളം രൂപ ലഭിക്കും. ഇതിൽ പെൻഷൻതുക കഴിച്ച് വരുന്ന തുകയാവും അദ്ദേഹത്തിന് ശമ്പളമായി സ്വീകരിക്കാനാവുക. പുറമേ കാർ, ടെലഫോൺ, വീട്ടുവാടക അലവൻസുകളുമുണ്ടാവും. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചെലവ് പരിഗണിക്കാതെ വിരമിച്ച മിക്ക ഐഎഎസ് ഉദ്യോഗസ്ഥർക്കും സർക്കാർ എവിടെയെങ്കിലുമൊക്കെയായി പുനർനിയമനം നൽകിവരുന്നുണ്ട്.

മുന്നോക്ക വികസനക്ഷേമ കോർപ്പറേഷൻ ചെയർമാനായ ആർ ബാലകൃഷ്ണ പിള്ളയുടെ മരുമകൻ എന്ന നിലയിൽ എല്ല രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനാണ് ടി ബാലകൃഷ്ണൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഏത് കക്ഷി ഭരിച്ചാലും സ്ഥാനം ഉറപ്പാണ്. ഇടതു സർക്കാറിന്റെ കാലത്തും യുഡിഎഫിന്റെ കാലത്തും ബാലകൃഷ്ണനെ സുപ്രധാന തസ്തികയിൽ നിയമിച്ചിരുന്നു. മുസ്ലിംലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുടെ ഇഷ്ട ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയാണ് ടി ബാലകൃഷ്ണന്. ഏത് സർക്കാർ വന്നാലും സർക്കാറിൽ സുപ്രധാന പോസ്റ്റിൽ ഇരിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാളാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെയാണ് വിരമിച്ച് ഇത്രകാലം കഴിഞ്ഞിട്ടും സുപ്രധാന പോസ്റ്റ് വീണ്ടും അദ്ദേഹത്തെ തേടി എത്തിയത്.

2011ൽ വിരമിച്ച ശേഷം വിവിധ പദവികളിൽ തുടരുകയായിരുന്നു മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണൻ. യുഡിഎഫ് ഭരണകാലത്തു വിരമിച്ച ബാലകൃഷ്ണനെ അന്നുതന്നെ വ്യവസായ വകുപ്പിനു കീഴിലെ ഇൻകെലിന്റെ ചെയർമാൻ ആക്കിയിരുന്നു. ഇതോടെ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും അടക്കം ലക്ഷങ്ങളാണ് ഈ ഉദ്യോഗസ്ഥനായി സർക്കാർ ചിലവഴിച്ചത്. ഇടതുസർക്കാർ വന്ന ശേഷം കേരള ഹൈസ്പീഡ് റെയിൽ കോർപറേഷൻ സിഎംഡി ആക്കിയാണ് ബാലകൃഷ്ണനെ സംരക്ഷിച്ചത്. കോർപറേഷൻ നിർത്തലാക്കിയതോടെ തലസ്ഥാന വികസന പദ്ധതിയുടെ എംപവേഡ് കമ്മിറ്റി കൺവീനറായി. ഇങ്ങനെയൊക്കെ ബാലകൃഷ്ണനെ സംരക്ഷിക്കേണ്ട കാര്യം എന്താണെന്ന് ചോദിച്ചാൽ കാര്യശേഷിയേക്കാൾ രാഷ്ട്രീയക്കാരുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചു നിലകൊള്ളുന്ന ഉദ്യോഗസ്ഥൻ എന്ന പദവിയാണ് ഇത്.

കഴിഞ്ഞ ഇടതു സർക്കാറിന്റെ കാലത്ത് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീമിന്റെ അടുപ്പക്കാരായിരുന്നു ബാലകൃഷ്ണൻ. അതേസമയം തന്നെ വിഎസുമായുള്ള ഉടക്കിന്റെ പേരിൽ വിവാദത്തിലും പെട്ടിരുന്നു ഈ ഉദ്യോഗസ്ഥൻ. വ്യവസായ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന അദ്ദേഹം സർവ്വീസ് ചട്ടങ്ങൾ ലംഘിച്ച് വൻ തുക കൈപ്പറ്റിക്കൊണ്ടിരിക്കുന്നത എന്ന ആക്ഷേപം അന്നേ ഉയർന്നിരുന്നു. സർക്കാറിന് കൂടി പങ്കാളിത്തമുള്ള രണ്ട് സ്ഥാപനങ്ങളുടെ തലപ്പത്ത് ബാലകൃഷ്ണനെ പ്രതിഷ്ഠിച്ചാണ് ഈ അഴിമതി.

വ്യവസായ മേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിനുവേണ്ടി സ്വകാര്യ പങ്കാളിത്തത്തോടെ രൂപീകരിച്ച ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡി (ഇൻകെൽ)ന്റെ എംഡിയും അതിവേഗ റെയിൽ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ രൂപീകരിച്ച ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡി (കെഎച്ച്എസ്ആർസിഎൽ) ന്റെ സിഎംഡിയുയാണ് അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ ബാലകൃഷ്ണനെ നിയമിച്ചത്. ഇൻകെലിൽ നിന്നും മൂന്ന് ലക്ഷവും എച്ച്എസ്ആർസിയിൽ നിന്നും 1.60 ലക്ഷവും ബാലകൃഷ്ണൻ മാസശമ്പളം കൈപ്പറ്റിയത്. ഇതിനുപുറമെ പെൻഷനും വാങ്ങിയിരുന്നു. അന്ന് ചീഫ് സെക്രട്ടറി ആയിരിക്കെ ലഭിച്ചതിനേക്കാൾ ഇരട്ടിയാണ് വിരമിച്ച ബാലകൃഷ്ൺ സമ്പാദിച്ചത്.

സർവ്വീസിലിരിക്കെതന്നെ ബാലകൃഷ്ണൻ ഇരട്ടശമ്പളം കൈപ്പറ്റിയതായി പരാതി ഉയർന്നിരുന്നു. ചീഫ് സെക്രട്ടറി പദവിയിലിരിക്കെ ഏഴ് മാസം ഇൻകെലിന്റെയും ചുമതല വഹിച്ചിരുന്നതിനാലാണിത്. 2011 ഏപ്രിൽ മുതൽ ബാലകൃഷ്ണൻ വിരമിച്ച ഒക്ടോബർ വരെ കാലയളവിലാണിത്. ഇതിനെതിരെ അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസൺ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ ഉന്നത രാഷ്ട്രീയബന്ധം ബാലകൃഷ്ണനെ തുണച്ചു. വിരമിച്ചശേഷം രണ്ട് സ്ഥാപനങ്ങളുടെ തലപ്പത്തെത്താൻ ബാലകൃഷ്ണനെ സഹായിച്ചതും ഇപ്പോൾ അതു തുടരാൻ അനുവദിക്കുന്നതിന് പിന്നിലും ഈ രാഷ്ട്രീയ ബന്ധങ്ങളാണ്.

ഐഎഎസ് ഉദ്യോഗസ്ഥർ വിരമിച്ച് ഒരുവർഷം പൂർത്തിയാകുന്നതിന് മുൻപ് ശമ്പളം വാങ്ങുന്ന ചുമതലകൾ ഏറ്റെടുക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ ഇതും ബാലകൃഷ്ണൻ ലംഘിച്ചതായുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു. കെഎച്ച്എസ്ആർസിഎല്ലിന്റെ സിഎംഡിയായി ബാലകൃഷ്ണനെ നിയമിച്ച നടപടിയും ദുരൂഹത ഉയർത്തുന്ന നടപടിയായിരുന്നു. ബാലകൃഷ്ണൻ വിരമിക്കുന്നതിന് ഒരു മാസം മുൻപാണ് കോർപ്പറേഷൻ രൂപീകരിച്ചത്. 2011 സെപ്റ്റംബറിൽ. വിരമിച്ച് ഒരു മാസത്തിനുള്ളിൽ, നവംബറിൽ ബാലകൃഷ്ണനെ തലപ്പത്ത് നിയമിക്കുകയും ചെയ്തു.

അതിവേഗ റെയിൽ കോറിഡോർ പദ്ധതിയിൽ ഒരു പേപ്പറും അനങ്ങിയില്ലെങ്കിലും അവിടെയിരുന്നു ലക്ഷങ്ങൾ ശമ്പളം വാങ്ങാൻ അ്‌ദേഹത്തിന് സാധിച്ചു. ഇടത്-വലത് സർക്കാരുകൾക്ക് ഒരുപോലെ പ്രിയപ്പെട്ടവനാണ് ടി.ബാലകൃഷ്ണൻ. ഇൻകെൽ എംഡിയായി ബാലകൃഷ്ണനെ നിയമിച്ചത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എളമരം കരീമാണ്. കെഎച്ച്എസ്ആർസിഎല്ലിന്റെ സിഎംഡിയായി നിയമിച്ചത് യുഡിഎഫും.

കൊക്കകോളയ്ക്ക് വേണ്ടി സർക്കാറിനെ തള്ളിപ്പറഞ്ഞ ഉദ്യോഗസ്ഥൻ

വി എസ് അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് സർക്കാറിനെ പ്രതിരോധത്തിലാക്കിയ നടപടിയിലൂടെ വിവാദ നായകനായിരുന്നു ടി ബാലകൃഷ്ണൻ. സിപിഎം വിഭാഗീയത നിന്ന കാലത്ത് പിണറായി പക്ഷത്തു നിന്നു എളമരം കരീമിന്റെ വിശ്വസ്തനായി മാറിയിരുന്നു ഇദ്ദേഹം. പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയെ അനുകൂലിച്ചു കൊണ്ടുള്ള ബാലകൃഷ്ണൻ പ്രസ്താവന നടത്തിയിരുന്നു. ഇത് വിവാദങ്ങൾക്കും വഴിവെച്ചു. സർക്കാർ നയത്തിനെതിരായ പ്രസംഗത്തിന്റെ പേരിൽ ഇദ്ദേഹത്തെ വി എസ് കടുത്ത ഭാഷയിൽ വിമർശിക്കുകയുണ്ടായി. എന്നാൽ, അന്നും ടി ബാലകൃഷ്ണനെ അനുകൂലിച്ചു കൊണ്ടാണ് എളമരം രംഗത്തുവന്നത്.

അന്നത്തെ സർക്കാറിനെ വിവാദത്തിലാക്കിയ കിനാലൂർ ഇടപാടിലും വില്ലൻ സ്ഥാനത്ത് ടി ബാലകൃഷ്ണൻ ഉണ്ടായിരുന്നു. എല്ലാ കാലത്തും മാറിമാറി വരുന്ന സർക്കാറുകളുടെ തോഴനായിരുന്നു ടി ബാലകൃഷ്ണൻ. ആർ ബാലകൃഷ്ണ പിള്ളയുടെ ഇളയ മകളായ ബിന്ദുവിന്റെ ഭർത്താവാണ് അദ്ദേഹം. സർവീസിൽ കയറിയ കാലത്ത് മിടുക്കനായ ഉദ്യോഗസ്ഥനായി അറിയപ്പെട്ട അദ്ദേഹം പിന്നീട് ജോലി ചെയ്തത് കൂടുതലും വ്യവസായ വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുമായി അടുത്ത സൗഹൃദമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പിള്ളയുടെ മൂത്ത മകളായ അനിതയുടെ ഭർത്താവും ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. കെ മോഹൻദാസ് സർവീസിലെ സത്യസന്ധനായി ഉദ്യോഗസ്ഥനായാണ് വിരമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP