Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് ഒഴുക്കുന്നത് 'പൊള്ളാച്ചി അക്കൻ'; ഈ കഞ്ചാവ് സാമ്രാജ്യം തൊട്ടാൽ പണി കിട്ടുമെന്നു എക്‌സൈസിനെ അറിയിച്ചത് തമിഴ്‌നാട് പൊലീസും; കഞ്ചാവ് ഹാഷിഷ് ആക്കി കേരളത്തിലേക്കുള്ള കടത്തും നിർബാധം തുടരുന്നു; ദൃശ്യം സിനിമ കൊലപാതകങ്ങളുടെ തലക്കുറി മാറ്റിയപ്പോൾ ഇടുക്കി ഗോൾഡ് തൊട്ടുണർത്തിയത് കേരളത്തിലെ ലഹരി വിപണിയെ; സ്‌കൂൾ വിദ്യാർത്ഥിനികളെയും കരുവാക്കുന്ന കഞ്ചാവ് ശൃംഖലയെ ഒതുക്കാൻ രണ്ടും കൽപ്പിച്ച് എക്‌സൈസ് വകുപ്പും

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് ഒഴുക്കുന്നത് 'പൊള്ളാച്ചി അക്കൻ'; ഈ കഞ്ചാവ് സാമ്രാജ്യം തൊട്ടാൽ പണി കിട്ടുമെന്നു എക്‌സൈസിനെ അറിയിച്ചത് തമിഴ്‌നാട് പൊലീസും; കഞ്ചാവ് ഹാഷിഷ് ആക്കി കേരളത്തിലേക്കുള്ള കടത്തും നിർബാധം തുടരുന്നു; ദൃശ്യം സിനിമ കൊലപാതകങ്ങളുടെ തലക്കുറി മാറ്റിയപ്പോൾ ഇടുക്കി ഗോൾഡ് തൊട്ടുണർത്തിയത് കേരളത്തിലെ ലഹരി വിപണിയെ; സ്‌കൂൾ വിദ്യാർത്ഥിനികളെയും കരുവാക്കുന്ന കഞ്ചാവ് ശൃംഖലയെ ഒതുക്കാൻ രണ്ടും കൽപ്പിച്ച് എക്‌സൈസ് വകുപ്പും

എം മനോജ് കുമാർ

കൊടുങ്ങല്ലൂർ: ഒരിടവേളയ്ക്ക് ശേഷം ലഹരിമരുന്നുകൾ കേരളത്തിലെ യുവതലമുറയെ കീഴടക്കുന്നുവെന്ന് എക്‌സൈസ് വൃത്തങ്ങളുടെ വെളിപ്പെടുത്തൽ. ഈയിടെ പിടികൂടപ്പെട്ട കഞ്ചാവും ലഹരിമരുന്നുകളും അതുമായി ബന്ധപ്പെട്ടു വന്ന കേസുകളും ഈ വസ്തുതയിലേക്കുള്ള വിരൽ ചൂണ്ടൽ ആവുകയാണെന്നാണ് ഉന്നത എക്‌സൈസ് വൃത്തങ്ങൾ മറുനാടനോട് വെളിപ്പെടുത്തിയത്. ചെക്ക് പോസ്റ്റുകൾ കടന്നും കടക്കാതെയും വരുന്ന കഞ്ചാവും ഹഷീഷും മറ്റു ലഹരിമരുന്നുകളും കേരളത്തിലെ യുവതലമുറയെ കീഴടക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. ആൺകുട്ടികളെ അപേക്ഷിച്ച് ഇപ്പോൾ സ്‌കൂൾ പെൺകുട്ടികൾ മുതൽ കോളേജ് വിദ്യാർത്ഥിനികൾ വരെ കഞ്ചാവും അതിന്റെ വേറിട്ട രൂപങ്ങളും ആസ്വദിച്ച് ഉപയോഗിക്കുന്നുവെന്നും എക്‌സൈസ് പറയുന്നു. കൊടുങ്ങല്ലൂരിലെ പ്ലസ് ടു വിദ്യാർത്ഥിനികൾ വരെ കഞ്ചാവ് ഉപയോഗിച്ചതിന് പിടിയിലായത് അതിന്റെ തെളിവാണെന്നും ഇവർ വിരൽ ചൂണ്ടുന്നു.

ദൃശ്യം സിനിമ കേരളത്തിലെ പല കൊലപാതകങ്ങളുടെയും തലവര മാറ്റിയപ്പോൾ ഇടുക്കി ഗോൾഡ് എന്ന സിനിമയാണ് യുവതലമുറയെ കഞ്ചാവിലേക്ക് കൂട്ടിക്കൊണ്ടു പോയത് എന്നാണ് എക്‌സൈസ് വിലയിരുത്തൽ. ഇടുക്കി ഗോൾഡ് സിനിമയ്ക്ക് ശേഷമാണ് ഒന്ന് മങ്ങിക്കിടന്ന കഞ്ചാവ് വിപണി ഉണർന്നതെന്നും വകുപ്പ് തെളിവ് സഹിതം വിവരിക്കുന്നു. അത്രയധികം കഞ്ചാവ് കേസുകളാണ് ഇടുക്കി ഗോൾഡ് സിനിമയ്ക്ക് ശേഷം എക്‌സൈസ് വിഭാഗം കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഞ്ചാവ് പൊതികളാക്കി കൊണ്ടുവരുന്നതിന് പകരം അത് വാറ്റി ഹാഷിഷ് ആക്കി കേരളത്തിലേക്ക് നിർബാധം കടത്തുന്നുവെന്നാണ് എക്‌സൈസ് വിഭാഗങ്ങൾക്ക് ലഭിക്കുന്ന വിവരം. പാലക്കാട്ട് ഇന്നലെ നടന്ന കോടികളുടെ ഹാഷിഷ് വേട്ട അതിനു ഉദാഹരണമായി ഇവർ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. 23 കിലോ ഹാഷിഷ് ഓയിലുമായാണ് ഇടുക്കി പാറത്തോട് സ്വദേശിയെ ഇന്നലെ പാലക്കാട് നിന്നും എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്. രാജ്യാന്തര വിപണിയിൽ 23 കോടിയിലധികം വിലവരുന്ന ഹാഷിഷ് ആണ് പിടികൂടിയത്. പാലക്കാട് ജില്ലയിൽ പിടികൂടുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഹാഷിഷ് കടത്താണിത്. ഇതെല്ലാം കേരളത്തിലേക്കുള്ള ലഹരി കടത്തിന്റെ തെളിവ് തന്നെയാണെന്നാണ് വകുപ്പ് പറയുന്നത്.

തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഛത്തീസ്‌ഗഡ്. ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് കേരളത്തിൽ എത്തുന്നത്. മാവോയിസ്റ്റുകൾ ആണ് വില്പനയിൽ മുൻപിൽ നിൽക്കുന്നത്. അവരുടെ വലിയ വരുമാന മാർഗം കൂടിയാണ് കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകളുടെ വിപണനം. 5000 രൂപയ്ക്ക് വാങ്ങിച്ചാൽ 25000 രൂപയ്ക്ക് വിൽക്കാൻ കഴിയും. ഒരിടപാടിൽ 20000 രൂപയാണ് ലാഭം. വാങ്ങുന്നത് അയ്യായിരത്തിന്റെ ഗുണിതങ്ങൾ ആക്കിയാൽ ലാഭം അതിനനുസരിച്ച് വർധിപ്പിക്കാൻ കഴിയും. കൈ നനയാതെയുള്ള മീൻ പിടിക്കൽ ആണിത്. എല്ലാ ലാഭവും കൈപ്പറ്റുന്നത് ഇടനിലക്കാർ ആണ്. കോയമ്പത്തൂർ പൂ മാർക്കറ്റിൽ വരെ പരസ്യമായാണ് കഞ്ചാവ് വിൽപ്പന എന്നാണ് അറസ്റ്റിലായവർ എക്‌സൈസിന് നൽകിയ മൊഴികൾ. തമിഴ്‌നാട്ടിലെ കഞ്ചാവ് വിപണി നിയന്ത്രിക്കുന്നതിൽ പൊള്ളാച്ചി അക്കൻ എന്ന സ്ത്രീയ്ക്ക് വലിയ പങ്കുണ്ട്. തമിഴ്‌നാട് പൊലീസിന് പേടി സ്വപ്നമാണ് പൊള്ളാച്ചി അക്കൻ. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ വിജയിക്കുക എളുപ്പമല്ല.

പൊള്ളാച്ചി അക്കൻ വഴിയാണ് കേരളത്തിൽ കഞ്ചാവ് എത്തുന്നത് എന്ന് കേരളത്തിലെ എക്‌സൈസ് വിഭാഗത്തിനു അറിയാം. ഒട്ടനവധി ആളുകളെ കഞ്ചാവ് കടത്തിന് പിടികൂടിയപ്പോൾ കഞ്ചാവ് നൽകിയത് പൊള്ളാച്ചി അക്കൻ ആയിരുന്നു. എക്‌സൈസ് പൊള്ളാച്ചിയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. നിങ്ങൾക്ക് പൊള്ളാച്ചി അക്കനെ അറസ്റ്റ് ചെയ്യാം. പക്ഷെ ആളുകൾ തടയും. ലോ ആൻഡ് ഓർഡർ പ്രശ്‌നം വന്നാൽ തമിഴ്‌നാട് പൊലീസ് അവിടുത്തെ ആളുകൾക്ക് ഒപ്പം മാത്രമേ നിൽക്കൂ. ഇതോടെ പൊള്ളാച്ചി അക്കനെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് എക്‌സൈസ് പിൻവാങ്ങുകയായിരുന്നു. ഇപ്പോഴും പൊള്ളാച്ചിയിലെ കഞ്ചാവ് സാമ്രാജ്യം അടക്കി ഭരിച്ച് കേരളത്തിനു വലിയ ഭീഷണിയായി തന്നെ പൊള്ളാച്ചി അക്കൻ നിലകൊള്ളുകയാണ്. നിർലോഭം കഞ്ചാവ് ആണ് പൊള്ളാച്ചി അക്കൻ കേരളത്തിലെക്ക് എത്തിക്കുന്നത്. പൊള്ളാച്ചി, കമ്പം, തേനി എന്നിവ അടക്കിവാണ് പൊള്ളാച്ചി അക്കൻ സജീവ സാന്നിധ്യമായി പൊള്ളാച്ചിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

എൻഡിപിഎസ് ആക്റ്റ് പ്രകാരമാണ് ലഹരിമരുന്നുകൾക്ക് എതിരെ കേസ് ചാർജ് ചെയ്യുന്നത്. പക്ഷെ ആ ആക്റ്റ് ഫലപ്രദമായി നടപ്പാക്കുന്ന ഒരു സ്റ്റേറ്റ് കേരളം മാത്രമാണ്. തമിഴ്‌നാടിലും കർണാടകത്തിലും ഒന്നും ഫലപ്രദമായി കേസ് ചാർജ് ചെയ്യാറില്ല. വലിയ കടത്തുകൾ മാത്രമാണ് നാർക്കൊട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടുന്നത്. എൻഡിപിഎസ് ആക്റ്റ് പ്രകാരം കേസ് എടുക്കുമ്പോൾ ഫലപ്രദമായി നടപടികൾ എടുത്തില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് കുരിശായി മാറും. അതുകൊണ്ട് എക്‌സൈസ് വിഭാഗം തന്നെ കരുതിയാണ് കേസുകൾ ചാർജ് ചെയ്യുന്നത്. കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നു കടത്തിയാൽ ലഭിക്കുന്ന വൻ ലാഭമാണ് കരിയർമാരെ കഞ്ചാവ് കടത്തിലേക്ക് ആകർഷിക്കുന്നത്. കേരളത്തിനു പുറത്ത് നിന്നാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത്.

കൊടുങ്ങല്ലൂരിലെ പെൺകുട്ടികൾക്ക് കഞ്ചാവ് എത്തിച്ച മാഫിയയെക്കുറിച്ച് എക്‌സൈസ് വിഭാഗത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ എക്‌സൈസ് സംഘം ലോക്കേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ലഭിക്കുന്ന ലാഭമാണ് കഞ്ചാവ് കടത്തിലെക്ക് തങ്ങൾ തിരിയാൻ കാരണമെന്നാണ് അറസ്റ്റിലായ പലരും വെളിപ്പെടുത്തിയത്. ഒരിക്കൽ കഞ്ചാവ് പോലുള്ള കടത്തുകളിൽ ഏർപ്പെട്ടാൽ പിന്നെ ഇവർ ജീവിതത്തിൽ ഒരിക്കലും ഇവർ കടത്തിൽ നിന്നും പിന്തിരിയില്ല. കഞ്ചാവ് കടത്താണ് ജോലി. പുറത്തിറങ്ങിയാൽ രണ്ടാമതും ചെയ്യുന്നതും കഞ്ചാവ് കടത്ത് തന്നെയാണ്. അല്ലാതെ വേറെ എന്ത് ചെയ്യാൻ. വക്കീലിന് പണം കൊടുക്കാൻ ഇതല്ലാതെ വേറെ എന്ത് ചെയ്യാൻ... തിരുവനന്തപുരത്ത് കഞ്ചാവ് കടത്തിന് അറസ്റ്റിലായ ഒരാൾ മാധ്യമങ്ങളോടു നടത്തിയ പ്രതികരണം തന്നെ ഈ രീതിയിലായിരുന്നു.

കൊടുങ്ങല്ലൂരിലെ കഞ്ചാവ് സംഘങ്ങൾ കേന്ദ്രമാക്കിയിരിക്കുന്നതുകൊടുങ്ങല്ലൂരിലെ അഴീക്കോട് ഹാർബർ ആണ്. അഴീക്കോട് ഹാർബറിൽ സജീവമായ പലർക്കും കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നാണ് എക്‌സൈസ് വിഭാഗത്തിനു ലഭിക്കുന്ന വിവരം. കഞ്ചാവ് സ്റ്റോക്ക് ചെയ്യുക. അത് ആവശ്യക്കാർക്കും എജന്റുമാർക്കും എത്തിക്കുക. ഇതാണ് ഇവർ ചെയ്യുന്നത്. പെൺകുട്ടികൾ കഞ്ചാവ് ഉപയോഗിച്ചതിനു പിടിയിലായ വിവരം അറിഞ്ഞു ഇവരിൽ പലരും മുങ്ങിയിട്ടുണ്ട്.

കൊച്ചി-തൃശൂർ ഭാഗങ്ങളിൽ കഞ്ചാവ് എത്തുന്നത് കോയമ്പത്തൂരിൽ നിന്നുമാണ്. കോയമ്പത്തൂർ, പൊള്ളാച്ചി തുടങ്ങിയ ഇടങ്ങളിൽ ടൺ കണക്കിന് കഞ്ചാവാണ് സ്റ്റോക്ക് ചെയ്യപ്പെടുന്നത്. കേരളത്തിലെ പോലെ തമിഴ്‌നാട്-കർണാടക സ്ഥലങ്ങളിൽ കഞ്ചാവ് വേട്ട നടക്കുന്നില്ല. പബ്ലിക് ആയാണ് ഇവിടങ്ങളിൽ കഞ്ചാവ് വില്പന. ഇവിടങ്ങളിൽ നിന്നുമാണ് കഞ്ചാവും ഹാഷിഷും കേരളത്തിലേക്ക് എത്തുന്നത്. കഞ്ചാവിനെക്കാൾ എത്തിക്കാൻ എളുപ്പം ആയതിനാലാണ് ഹാഷിഷ് കടത്ത് വർധിക്കുന്നത്. വലിയ രീതിയിൽ കഞ്ചാവ് എത്തിക്കുന്നതിന് പകരം കുറച്ച് ഹാഷിഷ് ഓയിൽ എത്തിച്ചാൽ അതാണ് ലാഭം.

ഒളിപ്പിക്കാനും കടത്താനും ഹാഷിഷ് എളുപ്പമാണ്. അതിനാലാണ് കഞ്ചാവ് ഹാഷിഷിന്റെ രൂപത്തിൽ കേരളത്തിലേക്ക് ഒഴുകുന്നത്. മോർഫിനും പെത്തഡിനും ആയി മാറ്റാൻ ഇവ എളുപ്പമാണ്. അതിനാലാണ് ഹാഷിഷ് ഓയിൽ ആക്കി കേരളത്തിൽ എത്തിക്കുന്നത്. കഞ്ചാവ് ഹാഷിഷ് ഓയിൽ ആകുന്നു, ഇതിനൊപ്പം തന്നെ ചരസും എത്തുന്നു. പക്ഷെ കേരളത്തിൽ ചരസിന്റെ ഉപയോഗം കുറവാണ്. അതുകൊണ്ട് തന്നെ ചരസ് എത്തിക്കുന്നത് അളവിൽ കുറവാണ്. എന്തായാലും കേരളത്തിലെ കഞ്ചാവ് മാഫിയയെ പിടികൂടാനുള്ള, ലഹരി കടത്തിനെ നിയന്ത്രിക്കുന്നവരെ അഴിക്കുള്ളിലാക്കാനുള്ള പദ്ധതികളുമായി എക്‌സൈസ് വിഭാഗം മുന്നോട്ടു നീങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP