Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജീവ് ഗാന്ധിക്കില്ലാത്ത നട്ടെല്ല് തനിക്കുണ്ടെന്ന് തെളിയിച്ച് മോദി; പ്രതിപക്ഷത്തെ ഭിന്നിപ്പിച്ച് നേടിയത് വൻരാഷ്ട്രീയവിജയം; ജെഡിയുവും എഐഎഡിഎംകെയും കൂറുമാറിയതോടെ എല്ലാം എളുപ്പമായി; മുത്തലാഖ് ബിൽ രാജ്യസഭയുടെ കടമ്പയും കടന്നു; ബിൽ പാസായത് 84 നെതിരെ 99 വോട്ടുകൾക്ക്; മൂന്നുവട്ടം മൊഴിചൊല്ലി മുത്തലാക്കിലൂടെ വിവാഹബന്ധം ഉപേക്ഷിക്കുന്ന ഭർത്താവിന് മൂന്നു വർഷം തടവുശിക്ഷയും പിഴയും; ഷാബാനോ കേസ് മുതൽ ഷൈറാ ബാനു വരെ... സ്ത്രീസമൂഹത്തിന് വൻകുതിച്ചുചാട്ടമെന്ന് ബിജെപി

രാജീവ് ഗാന്ധിക്കില്ലാത്ത നട്ടെല്ല് തനിക്കുണ്ടെന്ന് തെളിയിച്ച് മോദി; പ്രതിപക്ഷത്തെ ഭിന്നിപ്പിച്ച് നേടിയത് വൻരാഷ്ട്രീയവിജയം; ജെഡിയുവും എഐഎഡിഎംകെയും കൂറുമാറിയതോടെ എല്ലാം എളുപ്പമായി; മുത്തലാഖ് ബിൽ രാജ്യസഭയുടെ കടമ്പയും കടന്നു; ബിൽ പാസായത് 84 നെതിരെ 99 വോട്ടുകൾക്ക്; മൂന്നുവട്ടം മൊഴിചൊല്ലി മുത്തലാക്കിലൂടെ വിവാഹബന്ധം ഉപേക്ഷിക്കുന്ന ഭർത്താവിന് മൂന്നു വർഷം തടവുശിക്ഷയും പിഴയും;  ഷാബാനോ കേസ് മുതൽ ഷൈറാ ബാനു വരെ... സ്ത്രീസമൂഹത്തിന് വൻകുതിച്ചുചാട്ടമെന്ന് ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് വൻരാഷ്ട്രീയ നേട്ടമായി മുത്തലാഖ് നിരോധന ബിൽ രാജ്യസഭയും പാസാക്കി. 84 നെതിരെ 99 വോട്ടിനാണ് ബിൽ പാസായത്. മൂന്നുവട്ടം മൊഴിചൊല്ലി മുത്തലാക്കിലൂടെ വിവാഹബന്ധം ഉപേക്ഷിക്കുന്ന ഭർത്താവിന് മൂന്നു വർഷം തടവുശിക്ഷയും പിഴയും ലഭിക്കുന്നതാണ് മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബില്ലിന്റെ കാതൽ.മുത്തലാഖ് ചൊല്ലിയാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തും.

ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ എന്നീ കക്ഷികൾ വിട്ടുനിന്നു. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. ഷാബാനോ കേസ് മുതൽ ഷൈറാ ബാനു വരെ..ഇതൊരു നിയമയാത്രമല്ല...സ്ത്രീസമൂഹത്തിനാകെ വലിയൊരു കുതിച്ചുചാട്ടമാണ്. മാന്യമായ ജീവിതത്തിനും, തുല്യതയ്ക്കും, വിവേചനരാഹിത്യത്തിനുമുള്ള അവരുടെ അവകാശമാണ് ഇതിലൂടെ ഊട്ടിയുറപ്പിക്കുന്നത്, ബിജെപി വക്താവ് സംബിത് പാത്ര പറഞ്ഞു.

മോദി സർക്കാരിന്റെ ആദ്യകാലഘട്ടത്തിൽ ലോക്‌സഭ ബിൽ പാസാക്കിയെങ്കിലും രാജ്യസഭയുടെ കടമ്പ കടന്നില്ല. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ഫെബ്രുവരി 21 ന് കൊണ്ടുവന്ന ഓർഡിനൻസ് വഴിമാറും. ബില്ലിന്റെ വോട്ടുപ്പിൽ നിന്ന് ടിആർഎസ്, ടിഡിപി അംഗങ്ങൾ സഭയിൽ ഹാജരായിരുന്നില്ല. ബിഎസ്‌പി വാക്ക് ഔട്ട് നടത്തി. വോട്ടിങ് സ്ലിപ്പ് നൽകിയായിരുന്നു വോട്ടെടുപ്പ്. നേരത്തെ, ബില്ലിന്മേലുള്ള ഭേദഗതി നിർദ്ദേശങ്ങൾ സഭ തള്ളിയിരുന്നു. 84നെതിരെ 100 വോട്ടുകൾക്കായിരുന്നു ഭേദഗതി നിർദ്ദേശങ്ങൾ സഭ തള്ളിയത്. ബിൽ കഴിഞ്ഞയാഴ്ച ലോക്‌സഭയിൽ പാസായിരുന്നു. 82നെതിരേ 303 പേരുടെ വോട്ടോടെയായിരുന്നു ബിൽ ലോക്‌സഭ പാസാക്കിയത്.

ലോക്‌സഭയിൽ എംപിമാർക്ക് സീറ്റ് നമ്പറുകൾ നിർണയിക്കാത്തതുകൊണ്ട് ബാലറ്റ് വഴി വോട്ടെടുപ്പു നടത്തിയും ഭേദഗതികളിന്മേൽ തലയെണ്ണിയുമായിരുന്നു തീർപ്പുണ്ടാക്കിയത്. കോൺഗ്രസ് അംഗങ്ങളായ അധീർ രഞ്ജൻ ചൗധരി, ശശി തരൂർ, തൃണമൂൽ കോൺഗ്രസ് അംഗം പ്രഫ. സൗഗത റോയ്, ആർഎസ്‌പി അംഗം എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങിയവർ ലോക്‌സഭയിൽ ഈ ബില്ലവതരിപ്പിക്കുന്നതിനെ തന്നെ എതിർത്തിരുന്നു.

മഹാത്മാ ഗാന്ധി, റാം മനോഹർ ലോഹ്യ, ജയപ്രകാശ് നാരായൺ തുടങ്ങിയവരുടെ ആശയങ്ങളാണു തങ്ങൾ പിന്തുടരുന്നതെന്നും ബില്ലിനെ എതിർക്കുന്നതായും ഇറങ്ങിപ്പോകുന്നതിനു മുൻപ് ജെഡിയു അംഗം ബസിഷ്ട നരെയ്ൻ സിങ് പറഞ്ഞു. കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഈ നിയമം ആയുധമാക്കുന്നതിനാണ് ബിൽ കൊണ്ടുവരുന്നതെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയിലൂടെ നമ്മുടെ പെൺമക്കൾ ഉയരങ്ങളിലെത്തുകയാണ്. ലിംഗനീതി, സമത്വം, മാന്യത എന്നിവയെല്ലാം മുത്തലാഖ് ബില്ലിന്റെ ഉള്ളടക്കമാണ്. ഇന്ത്യ മതേതരമാണെങ്കിൽ എന്തുകൊണ്ടു നമുക്ക് മുത്തലാഖ് നിരോധിക്കാൻ സാധിക്കുന്നില്ല. 20ൽ അധികം രാജ്യങ്ങൾ ഇതു നിയന്ത്രിച്ചിട്ടുണ്ട്.

2017ൽ സുപ്രീം കോടതി ഉത്തരവിനുശേഷം നിയമവിരുദ്ധമായ 574 കേസുകളാണു ശ്രദ്ധയിൽപെട്ടതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. അതേസമയം ബില്ലിൽ ഒരു വിഭാഗത്തിലെ സ്ത്രീകളെക്കുറിച്ചു മാത്രമാണു പറയുന്നതെന്നു പ്രതിപക്ഷം തിരിച്ചടിച്ചു. രാജ്യത്തെ എല്ലാ സ്ത്രീകളെക്കുറിച്ചും സർക്കാർ ആശങ്കപ്പെടാത്തതെന്തെന്നും പ്രതിപക്ഷം ചോദിച്ചു. ബിൽ ഇസ്‌ലാം മതവിഭാഗത്തെ വളരെ മോശമായാണു ലക്ഷ്യമാക്കുന്നത്. സുപ്രീം കോടതി മുത്തലാഖ് ബിൽ ബിൽ നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം വ്യക്തമാക്കി. ബിൽ സിലക്ട് പാനലിനു വിടുകയാണു വേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം ബില്ലിനെ രാഷ്്ട്രീയപരമായോ, വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കിയോ അല്ല വിലയിരുത്തേണ്ടതെന്നും രവി ശങ്കർ പ്രസാദ് പറഞ്ഞു. മോദി സർക്കാർ വന്നശേഷം 2,300 സ്ത്രീകളാണ് ഹജിനു പോയതെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി രാജ്യസഭയിൽ പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയാണ് കോൺഗ്രസിന്റെ നീക്കം. മൗലികവാദികളുടെ കൂടെയാണ് കോൺഗ്രസ് നിൽക്കുന്നതെന്നും നഖ്‌വി പറഞ്ഞു. ബിൽ ചർച്ച ചെയ്യുന്നതിന് ഉപരാഷ്ട്രപതി നാല് മണിക്കൂറാണു സമയം അനുവദിച്ചത്. ജെഡിയു പ്രതിനിധികൾ രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയി. ബില്ലുകൊണ്ട് സർക്കാർ സ്ത്രീകളെ കുടുംബകാര്യങ്ങൾ തീർക്കുന്നതിന് ഒരു മജിസ്റ്റീരിയൽ കോടതിയിലേക്കു തള്ളിവിടുകയാണെന്ന് കോൺഗ്രസ് അംഗം അമീ യാജ്്നിക് ആരോപിച്ചു.

മുസ്ലിം സ്ത്രീകളുടെ സംരക്ഷകരായി മോദി സർക്കാർ

നേരത്തെ, സുപ്രീം കോടതിയും മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് നിരോധിച്ചിരുന്നു. ആറുമാസത്തിനുള്ളിൽ നിയമനിർമ്മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം, ആൾ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് മുത്താലഖിന് ഏർപ്പെടുത്തുന്ന നിരോധനത്തെ എതിർത്തു. ഇത് മതപരമായ പ്രശ്നമാണെന്നും കോടതി ഇടപെടേണ്ടതില്ലെന്നുമായിരുന്നു ബോർഡിന്റെ നിലപാട്. വാട്‌സ്ആപ്പിലൂടെയും സ്‌കൈപ് വഴിയും കത്ത് മുഖേനയുമെല്ലാം മുത്തലാഖ് ചൊല്ലുന്നത് വ്യാപകമായതോടെയാണ് മുത്തലാഖിനെതിരെ മുസ്ലിം സ്ത്രീകളിൽ നിന്ന് തന്നെ പരാതി വ്യാപകമായത്. ഇതേതുടർന്ന് അവർ തന്നെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

അധികാരത്തിലെത്തിയ അന്ന് മുതൽ നരേന്ദ്ര മോദി സർക്കാർ മുത്തലാഖിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പല വേദികളും മുത്തലാഖ് തീർത്തും സ്ത്രീവിരുദ്ധമാണെന്ന് പ്രസ്താവിച്ചു. ലിംഗസമത്വം കാത്തുസൂക്ഷിക്കുവാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുത്തലാഖ് വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞിരുന്നു. സംഘപരിവാറും ബിജെപിയും വളരെക്കാലം മുൻപേ തന്നെ മുത്തലാഖിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. ബിജെപി മുന്നോട്ട് വയ്ക്കുന്ന ഏക സിവിൽ കോഡ് എന്ന ആശയത്തിൽ മുത്തലാഖ് പോലെ മതപരമായ നിയമങ്ങൾക്ക് സാധുതയില്ല. അതുകൊണ്ട് തന്നെ ഏകീകൃത സിവിൽ കോഡിലേക്ക് വഴിതുറക്കുന്നതാണ് മുത്തലാഖ് നിരോധനം.

വിവാഹം, വിവാഹമോചനം തുടങ്ങിയ വ്യക്തിനിയമങ്ങളിൽ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഒരു നിയമം മതിയെന്നതാണ് ഏക സിവിൽകോഡിന്റെ അടിസ്ഥാന ആശയം. ഇതിലേക്ക് കാര്യങ്ങൾ അടുപ്പിക്കാൻ മുത്തലാഖ് വിഷയം ഉപയോഗിക്കാൻ പരിവാർ ശക്തികൾ ശ്രമിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇടപെടൽ ഉണ്ടാകുന്നത്. മുത്തലാഖുമായി ബന്ധപ്പെട്ട വിധി മുസ്ലിം സമുദായത്തിന്റെ വിവാഹത്തെ പോലും ബാധിക്കും. അതുകൊണ്ട് തന്നെ അടിയന്തര നിയമനിർമ്മാണം അനിവാര്യതയുമാണ്.ബീഹാറിൽ നിതീഷ് കുമാറും തമിഴ്‌നാട്ടിൽ എഐഎഡിഎംകെയും ബിജെപി പക്ഷത്തേക്ക് കൂറുമാറിയതോടെ ബിൽ എളുപ്പത്തിൽ പാസാക്കിയെടുക്കാൻ സർക്കാറിന് സാധിച്ചു.

മുസ്ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്നാണ് സുപ്രീം കോടതി വിധിയിൽ പറഞ്ഞിരുന്നത്. മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വിധിയെഴുതിയപ്പോൾ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് എസ്. അബ്ദുൽ നസീർ എന്നിവർ എതിർത്തു. ഖുറാന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് മുത്തലാഖ് എന്ന് ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വ്യക്തമാക്കി. ഖുറാന് എതിരായതായതിനാൽ മുത്തലാഖ് അംഗീകരിക്കാനാകില്ല. പ്രത്യക്ഷമായി വസ്തുനിഷ്ഠമല്ലാത്തതും ഭരണഘടനാ വിരുദ്ധവുമായതിനാൽ മുത്തലാഖ് നിരോധിക്കണമെന്നും മൂവരും ആവശ്യപ്പെട്ടു.

15 വർഷത്തെ വിവാഹ ബന്ധം ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തർപ്രദേശിൽ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീൻ റഹ്മാൻ, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പ്രവീൺ, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്റി എന്നിവരുടെ ഹർജികൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. പല മുസ്ലിം വനിതാ സംഘടനകളും മുത്തലാഖിനെ എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

തീർത്തും സ്ത്രീവിരുദ്ധമാണ് മുത്തലാഖ് എന്നതായിരുന്നു ഇതിന് നേരെ ഉയർന്ന പ്രധാനവിമർശനം. സ്വന്തം ഇഷ്ടപ്രകാരം ബന്ധം അവസാനിപ്പിക്കുന്ന പുരുഷൻ അനാഥയാക്കപ്പെട്ട ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനല്ലെന്നതും മുത്തലാഖിന്റെ ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെട്ടു. ഒരു പുരുഷന് അയാളുടെ ഇഷ്ടപ്രകാരം എപ്പോൾ വേണമെങ്കിലും ആ ബന്ധം അവസാനിപ്പിച്ചു പുറത്തു പോകാൻ മുത്തലാഖ് അവസരമൊരുക്കുന്നതായും ബന്ധം തുടരാനുള്ള ഭാര്യയുടെ താത്പര്യം മുത്തലാഖ് കണക്കിലെടുക്കുന്നില്ലെന്നും വനിതാ സംഘടനകൾ വിമർശിച്ചു. ഇതിനെല്ലാം പരിഹാരമാകുന്ന സമഗ്ര നിയമമാണ് കേന്ദ്രം തയ്യാറാക്കിയത്.

എന്താണ് തലാഖ് ?

തലാഖ് എന്താണെന്നു മനസിലാക്കിയാൽ മാത്രമെ മുത്തലാഖ് എന്തെന്നു ബോധ്യമാകൂ. അറബിയിൽ 'തലാഖ്' എന്നാൽ പുരുഷൻ നടത്തുന്ന വിവാഹമോചനം എന്നാണ് അർഥം. സ്ത്രീ പുരുഷനിൽനിന്ന് വിവാഹം മോചനം നേടുന്നതിനെ 'ഫസ്ഖ്' എന്നാണ് പറയുന്നത്. എന്നാൽ തലാഖ് പോലെ ഫസ്ഖ് നടത്താനുള്ള അധികാരം മുസ്ലിം സമുദായം സത്രീകൾക്കു നൽകിയിട്ടുണ്ടോയെന്നു സംശയമാണ്. സ്ത്രീയും പുരുഷനും വിവാഹബന്ധം വേർപെടുത്താൻ പാടില്ലെന്ന ഖുർആൻ വചനങ്ങൾ ഉണ്ടെങ്കിലും പുരുഷന്മാർ തലാഖ് പ്രയോഗിച്ച് സ്ത്രീകളെ ഉപേക്ഷിക്കുന്നതു വ്യാപകമാണ്. ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രമെ ഇസ്ലാം മതവിശ്വാസപ്രകാരം തലാഖ് അനുവദിക്കുന്നുള്ളൂ.

എന്നാൽ തലാഖിനെ ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. തലാഖ് എന്ന് ഉരുവിട്ടാൽ തന്നെ വിവാഹ മോചനമായെന്നു കരുതുന്നവരാണ് പലരും. അതേസമയം ഒരാൾ ഭാര്യയോട് തലാഖ് എന്ന് പറഞ്ഞാൽ വിവാഹ മോചനം ഒരിക്കലും സംഭവിക്കില്ല, മറിച്ച് അത് വിവാഹ മോചനത്തിന്റെ ഭാഗമായ ഒരു കർമ്മം മാത്രമായാണ് പരിഗണിക്കുന്നത്. സ്വബോധം ഇല്ലാതെയോ ദേഷ്യത്തിലോ പറയുന്ന തലാഖ് ഒരിക്കലും സ്വീകരിക്കപ്പെടില്ല. ആർത്തവ സമയത്തോ ഗർഭിണി ആയിരിക്കുമ്പോഴും തലാഖ് ചൊല്ലാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

വിവാഹമോചനത്തിന്റെ ഭാഗമായി ഭർത്താവ് ഭാര്യയോട് തലാഖ് പറഞ്ഞാലുടൻ സ്ത്രീയെ വീട്ടിൽനിന്ന് പുറത്താക്കാനും സാധിക്കില്ല. മൂന്ന് മാസം നിർബന്ധമായും ഭർത്താവിന്റെ വീട്ടിൽ തങ്ങണമെന്നാണ് വ്യവസ്ഥ. ഇതിനു അറബിയിൽ പറയുന്ന വാക്കാണു 'ഇദ്ദ'. പിണങ്ങിയ ദമ്പതികൾ തമ്മിൽ യോജിപ്പിലെത്താൻ സാധ്യത ഉള്ളതിനാലാണ് ഇദ്ദ നടപ്പാക്കണമെന്ന് ഇസ്ലാം നിയമം നിർദ്ദേശിച്ചിരിക്കുന്നത്. 'ഇദ്ദ'യ്ക്കിടെ ദമ്പതികൾ തമ്മിൽ ലൈംഗികബന്ധം നടന്നാലും തലാഖ് റദ്ദാക്കപ്പെടും. ഈ മൂന്നു മാസത്തിനിടയിലും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തു തീർപ്പിൽ എത്തിയില്ലെങ്കിൽ മാത്രമെ വിവാഹമോചനം യാഥാർഥ്യമാകൂ. അതായത് തലാഖ് പറഞ്ഞാലുടൻ വിവാഹമോചനം നടക്കില്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്.

മൂന്നു മാസം കഴിഞ്ഞ് വിവാഹമോചനം കഴിഞ്ഞാലും സ്ത്രീയ്ക്കു ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ഇസ്ലാം നിയമം വ്യക്തമായി പറയുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാന വിവാഹത്തിന്റെ ഭാഗമായി പുരുഷനിൽ നിന്നും ലഭിച്ച 'മഹർ' സ്ത്രീ ഒരിക്കലും മടക്കി നൽകേണ്ടതില്ലെന്നതാണ്. ഇതേക്കുറിച്ച് ഖുർ ആൻ പറയുന്നത് ഇങ്ങനെ:- 'അവളിൽ ഒരുവൾക്ക് നിങ്ങൾ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും നിങ്ങൾ അത് തിരിച്ച് വാങ്ങരുത്'(420)'മഹർ' എത്ര വേണമെന്നത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും സ്ത്രീയ്ക്കാണ് ഇസ്ലാം മതം നൽകിയിരിക്കുന്നത്.

വിവാഹമോചിതയായ സ്ത്രീയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും വ്യവസ്ഥയുണ്ട്. ഇതേക്കുറിച്ച് ഖുർആൻ പ്രതിപാദിക്കുന്നത് ഇങ്ങനെ :- 'വിവാഹ മോചിതരായ സ്ത്രീകൾക്ക് ന്യായ പ്രകാരം എന്തെങ്കിലും ജീവിത വിഭവമായി നൽകേണ്ടതുണ്ട്. ഭയ ഭക്തിയുള്ളവർക്ക് അതൊരു ബാദ്ധ്യതയത്രെ' (2241). എന്നാൽ ഈ വ്യവസ്ഥകളെ എല്ലാം അട്ടിമറിച്ച് മുസ്ലിം നിയമത്തെ തോന്നിയപടി വ്യാഖ്യാനിച്ചാണ് കാലക്രമേണ നിയമങ്ങളെല്ലാം സ്ത്രീകൾക്ക് എതിരാണെന്ന തോന്നൽ ഉണ്ടാക്കിയെടുത്തത്.

എന്താണ് മുത്തലാഖ്?

തലാഖ് ചൊല്ലി ഉപേക്ഷിച്ച സ്ത്രീയെ വീണ്ടും വിവാഹം ചെയ്യാൻ ഇസ്ലാം മതം അനുമതി നൽകുന്നുണ്ട്. ഇത്തരത്തിൽ ഒരാൾ മൂന്നുതവണ ഒരാളെത്തന്നെ വിവാഹം ചെയ്യുകയും മൂന്നാം തവണ വിവാഹമോചനം നടത്തുകയും ചെയ്യുന്നതിനാണ് മുത്തലാഖ് എന്നു പറയുന്നത്. മൂന്നാം തവണയും വിവാഹമോചനം നടന്നു കഴിഞ്ഞാൽ തുടർന്നും ഇരുവർക്കും വിവാഹം ചെയ്യാൻ സാധിക്കില്ല. അതായത് മുത്തലാഖിനു ശേഷം ഒരു ഒത്തുതീർപ്പ് സാധ്യമല്ലെന്നു ചുരുക്കം. മുത്തലാഖിന്റെ തലാഖിന്റെയും വ്യവസ്ഥകളിലൂടെ വിവാഹ ബന്ധം ഒരിക്കലും ഇല്ലാതാകാൻ പാടില്ലെന്ന സന്ദേശമാണ് സത്യത്തിൽ ഇസ്ലാം മതം നൽകുന്നത്. മൂന്നമതു നടത്തുന്ന മുത്തലാഖിനു ശേഷവും വിവാഹം ബന്ധം തുടരേണ്ടെന്ന് നിഷ്‌ക്കർഷിക്കുന്നതിലൂടെ വിവാഹവും വിവാഹമോചനവും തമാശ അല്ലെന്നുള്ള സന്ദേശവും ഇസ്ലാംമതം നൽകുന്നു.അതേസമയം മുത്തലാഖ് എന്നൊരു സമ്പ്രദായം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും ഇത് പ്രയോഗിക്കാനേ പാടില്ലെന്നുമാണ് മതനിയമം മുന്നോട്ടു വച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP