Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയ്യപ്പനെ ഓർത്ത് ഫീസ് കുറയ്ക്കണം! സിറ്റിങ്ങിന് മണിക്കൂറിൽ ലക്ഷങ്ങൾ വാങ്ങിയ അഭിഭാഷകനെ വച്ച ദേവസ്വം ബോർഡ് വെള്ളം കുടിക്കുന്നു; ശബരിമല കേസിൽ ഭരണഘടനാ ബഞ്ചിന് മുമ്പാകെ ഹാജരായതിന് 62 ലക്ഷം ഫീസ് വേണമെന്ന് മനു അഭിഷേക് സിങ്വി; കോൺഗ്രസ് നേതാവിന്റെ ആവശ്യം കേട്ട് കണ്ണുതള്ളി പത്മകുമാറും കൂട്ടരും; സിങ്വി കേസിൽ ഹാജരായത് ബോർഡ് അറിയാതെ; കേസിൽ തോറ്റെങ്കിലും ഫീസിൽ ഇളവിന് കനിയേണ്ടതും സിങ്വി തന്നെ

അയ്യപ്പനെ ഓർത്ത് ഫീസ് കുറയ്ക്കണം! സിറ്റിങ്ങിന് മണിക്കൂറിൽ ലക്ഷങ്ങൾ വാങ്ങിയ അഭിഭാഷകനെ വച്ച ദേവസ്വം ബോർഡ് വെള്ളം കുടിക്കുന്നു; ശബരിമല കേസിൽ ഭരണഘടനാ ബഞ്ചിന് മുമ്പാകെ ഹാജരായതിന് 62 ലക്ഷം ഫീസ് വേണമെന്ന് മനു അഭിഷേക് സിങ്വി; കോൺഗ്രസ് നേതാവിന്റെ ആവശ്യം കേട്ട് കണ്ണുതള്ളി പത്മകുമാറും കൂട്ടരും; സിങ്വി കേസിൽ ഹാജരായത് ബോർഡ് അറിയാതെ; കേസിൽ തോറ്റെങ്കിലും ഫീസിൽ ഇളവിന് കനിയേണ്ടതും സിങ്വി തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനക്കേസിൽ വിവിധ കക്ഷികൾക്ക് വേണ്ടി ഹാജരായത് മണിക്കൂറിന് ലക്ഷങ്ങൾ വിലപറയുന്ന അഭിഭാഷകരാണ്. ചിലർ സൗജന്യമായി ഹാജരായി എന്ന സവിശേഷതയുമുണ്ട്. ഉദാഹരണത്തിന് റിവ്യൂഹർജിയിൽ സിറ്റിങ്ങിന് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകനാണ് ബ്രാഹ്മണസഭയക്ക് വേണ്ടി ഹാജരായ ശേഖർ നാഫ്‌ഡെ. തീർത്തും സൗജന്യമായാണ് ഇദ്ദേഹം കേസിൽ വാദിച്ചത്. അതേസമയം തന്നെ എതിർവാദം ഉന്നയിച്ച ബിന്ദുവിനും കനകദുർഗയ്ക്കും വേണ്ടി ഹാജരായ ഇന്ദിര ജയ്‌സിങ്ങും സൗജന്യമായാണ് കോടതിയിൽ ഹാജരായത്. അതേസമയം, ദേവസ്വം ബോർഡിന് വേണ്ടി ആദ്യം ഹാജരായത് കോൺഗ്രസ് നേതാവായ മനു അഭിഷേക് സിങ്വിയാണ്. റിവ്യൂ ഹർജിയിൽ പ്രയാർ ഗോപാലകൃഷ്ണന് വേണ്ടിയാണ് അദ്ദേഹം കോടതിയിൽ വാദിച്ചത്. എന്നാൽ, സിങ്വി ആദ്യം ഹാജരായപ്പോൾ ബോർഡിന്റെ വാദങ്ങൾ കോടതിക്ക് സ്വീകാര്യമായില്ല. കേസിൽ തോറ്റമ്പിയെങ്കിലും, സിങ്വി ഇപ്പോൾ ചോദിച്ച ഫീസ് കേട്ട് ദേവസ്വം ബോർഡ് അധികൃതർ ബോധം കെട്ടില്ലെന്നേയുള്ളു.

കോൺഗ്രസ് നേതാവ് കൂടിയായ മനു അഭിഷേക് സിങ്വി 62 ലക്ഷം രൂപയാണ് ഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബോർഡിന്റെ അനുമതിയില്ലാതെയാണ് സിങ്വിയെ കേസ് ഏൽപിച്ചതെന്നാണ്് ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറയുന്നത്. മോഹൻ പരാശരനെയോ, ഗോപാൽ സുബ്രഹ്മണ്യത്തെയോ കേസ് ഏൽപിക്കാനായിരുന്നു ബോർഡിന് താൽപര്യം. എന്നാൽ, ഇത് മറികടന്ന് സിങ്വിയെ കേസ് വാദിക്കാൻ ചുമതലപ്പെടുത്തി. 62 ലക്ഷം രൂപ കൊടുക്കാവുന്ന സാമ്പത്തികാവസ്ഥയിലല്ല ഇപ്പോൾ ബോർഡ്. തുകയിൽ ഇളവ് തേടി സിങ്വിയെ ശരണം പ്രാപിക്കുകയേ നിവൃത്തിയുള്ളു.

ശബരിമല വരുമാനം കുത്തനെ ഇടിഞ്ഞു

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസും കൂട്ടവുമെല്ലാം ബോർഡിന്റെ സാമ്പത്തിക സ്ഥിതിയെയും സാരമായി ബാധിച്ചു. കാണിക്കയിടരുതെന്ന് പറഞ്ഞ് ഒരുകൂട്ടർ രംഗത്തെത്തിയതും വിവാദങ്ങളിൽ പെട്ട് നടവരവ് കുറഞ്ഞതും തിരിച്ചടിയായി. കഴിഞ്ഞ മണ്ഡലം- മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമല ക്ഷേത്ര വരുമാനത്തിൽ വൻ കുറവ് രേഖപ്പെടുത്തി. ഈ വർഷം 178,75,54,333 രൂപയായിരുന്നു വരുമാനം. മുൻ തീർത്ഥാടന കാലത്തെക്കാൾ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്.

കഴിഞ്ഞ സീസണിൽ വരുമാനം 277,42,02,803 രൂപയായിരുന്നു. ക്ഷേത്രച്ചെലവുകൾക്കായി മാസംതോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടി രൂപയുടെ കുറവുണ്ടായി. ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ശബരിമല യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധിയെ തുടർന്നുണ്ടായ സംഭവങ്ങൾ, പ്രളയം, വടക്കൻ ജില്ലകളിലെ നിപ ബാധ തുടങ്ങിയ വിഷയങ്ങളാണ് വരുമാന കുറവിനെ ബാധിച്ചതെന്നും ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇത് കൂടാതെ തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലെയും വരുമാനത്തിൽ കുറവുണ്ടായി. ബോർഡിന് കീഴിലെ 1250 ക്ഷേത്രങ്ങളിൽ 60 എണ്ണത്തിന് മാത്രമാണ് ചെലവ് നിർവഹിക്കാനുള്ള വരുമാനമുള്ളത്. കഴിഞ്ഞ 20 വർഷത്തിലേറെയായി തീർത്ഥാടനകാലത്തെ വരവിൽ നിന്നാണ് ഹ്രസ്വകാല നിക്ഷേപം നടത്തി വന്നത്. കഴിഞ്ഞ തവണ 194 കോടി ഈ കണക്കിൽ ലഭിച്ച സ്ഥാനത്ത് ഇത്തവണ ഇതുവരെ 116 കോടി മാത്രമാണ് നിക്ഷേപം. തീർത്ഥാടന കാലത്തെ വരുമാനത്തിൽ നിന്ന് അടുത്ത തീർത്ഥാടന കാലം വരെയുള്ള ചെലവുകൾക്കായാണ് ഓരോ മാസവും നിശ്ചിത തുക ഹ്രസ്വകാല നിക്ഷേപത്തിലേക്ക് മാറ്റുന്നത്.

ഏതായാലും ഇപ്പോൾ സിങ്വിക്കായി 62 ലക്ഷം മാറ്റി വയ്ക്കാൻ ബോർഡിന് കഴിയില്ല. അതുകൊണ്ട് തന്നെ സിങ്വിയെ സമീപിച്ച് ഫീസിൽ ഇളവ് തേടാൻ ബോർഡിന്റെ അഭിഭാഷകന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ശബരിമല കേസിൽ സിങ്വിയുടെ വാദങ്ങൾ ഇങ്ങനെ

സ്ത്രീ പ്രവേശനത്തെ എതിർത്ത ദേവസ്വം അഭിഭാഷകൻ മനു അഭിഷേക് സിങ്വി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്ന് ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദിച്ചു. 10 മുതൽ 50 വയസ് വരെയുള്ള സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ നിയന്ത്രണം തുടരണം. ഓരോ സമുദായത്തിനും വ്യത്യസ്ത ആചാരങ്ങളാണെന്നും അഭിഷേക് സിങ്വി വ്യക്തമാക്കി.

ശാരീരിക സവിശേഷതയാണ് നിയന്ത്രണത്തിന്റെ അടിസ്ഥാനമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിലെ നിലവിലെ ആചാരങ്ങളെ ആധുനിക മൂല്യങ്ങൾവെച്ച് അളക്കരുത്. ക്ഷേത്രാചാരങ്ങളിൽ തീരുമാനം എടുക്കേണ്ടത് തന്ത്രിയാണെന്നും സിങ്വി ചൂണ്ടിക്കാട്ടി. 41 ദിവസത്തെ വ്രതം മനസും ശരീരവും ശുദ്ധീകരിക്കാനാണ്. സ്ത്രീകൾക്ക് ഈ വ്രതം പാലിക്കാൻ സാധിക്കില്ല. അതു കൊണ്ടാണ് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയത്. ശാരീരികമായി പ്രത്യേകതകളുള്ള എല്ലാവർക്കും നിയന്ത്രണം ബാധകമാണ്. സ്ത്രീ എന്നത് മാത്രമല്ല നിയന്ത്രണത്തിന് അടിസ്ഥാനം. മുസ് ലിം പള്ളികളിൽ അടക്കം വിവിധ ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശന വിലക്കുണ്ടെന്നും ദേവസ്വം വാദിച്ചു.

മാസത്തിലെ അഞ്ച് ദിവസം പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം ആകാമെന്ന നിലപാട് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സ്വീകരിച്ച കാര്യം ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ അഞ്ച് ദിവസത്തേക്ക് നൈഷിക ബ്രഹ്മചാരിയായ അയ്യപ്പ വിഗ്രഹം അപ്രതക്ഷ്യപ്പെടുമോ എന്ന് ബെഞ്ച് ചോദിച്ചു. ബോർഡിന്റെ നിലപാടിൽ വ്യക്തതയില്ല. ധാർമികത കാലത്തിനൊത്ത് മാറുന്നതാണ്. ഭരണഘടനാപരമായ ധാർമികത പരിശോധിച്ചാൽ ഈ കേസിന്റെ കാര്യത്തിൽ അത് പാലിക്കാൻ സാധിക്കില്ല.

സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനമാണ്. ഏതാനും സ്ത്രീകൾ എല്ലാകാലത്തും ശബരിമലയിൽ പോയിട്ടുണ്ട്. പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ ലംഘനവും ലിംഗ വിവേചനവുമാണ്. 1950ന് ശേഷം എല്ലാം ഭരണഘടന അടിസ്ഥാനമാക്കി ആണ് നടപ്പാക്കുന്നത്. ശബരിമലയിലെ ആചാരങ്ങൾക്ക് പരമാവധി 50 വർഷത്തെ പഴക്കമേയുള്ളൂവെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ആർ.എഫ്. നരിമാനും ചൂണ്ടിക്കാട്ടി.

അതേസമയം, ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന സംസ്ഥാന സർക്കാറിന്റെ നിലപാടിനോട് യോജിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചിരുന്നു. ഈ നിലപാട് സുപ്രീംകോടതിയെ അറിയിക്കാൻ വേണ്ടി ഭരണഘടനാ ബെഞ്ചിനോട് കൂടുതൽ സമയം ചോദിക്കാൻ അഭിഭാഷകനോട് ദേവസ്വം ബോർഡ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഭരണഘടനാ ബെഞ്ച് കൂടുതൽ സമയം നൽകില്ലെന്നും ഇത് പ്രായോഗികമല്ലെന്നും ഉള്ള മറുപടിയാണ് അഭിഭാഷകൻ നൽകിയത്. ഏതായാലും ഭരണഘടനാ ബഞ്ചിന്റെ വിധിയിൽ ബോർഡിന്റെ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP