Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തെ ഏറ്റവും വലിയ കാപ്പി കയറ്റുമതിക്കാരൻ; ഏഷ്യയിലെ ഏറ്റവും വലിയ കാപ്പി പ്ലാന്റേഷൻ ഉടമ; നാവിൽ കൊതിയൂറും കാപ്പച്ചിനോ അവതരിപ്പിച്ച ബിസിനസ് ബുദ്ധി; കേക്കിലും കാപ്പിയുടെ നവോന്മേഷം എത്തിച്ച മുതലാളി; ഉയരങ്ങൾ കീഴടക്കിയ സാമ്രാജ്യത്തെ തകർത്തത് ആദായ നികുതി വകുപ്പിന്റെ റെയ്ഡുകൾ; ഒടുവിൽ ബാലൻസ് ഷീറ്റിൽ ബാക്കിയായത് 7000 കോടിയുടെ കടവും; കഫേ കോഫി ഡേയെ ആഗോള ബ്രാൻഡ് ആക്കിയത് കാപ്പിയുടെ നറുസുഗന്ധത്തിൽ: കാണാതായത് കാപ്പിയെ ജനപ്രിയമാക്കിയ സിദ്ധാർത്ഥിനെ

രാജ്യത്തെ ഏറ്റവും വലിയ കാപ്പി കയറ്റുമതിക്കാരൻ; ഏഷ്യയിലെ ഏറ്റവും വലിയ കാപ്പി പ്ലാന്റേഷൻ ഉടമ; നാവിൽ കൊതിയൂറും കാപ്പച്ചിനോ അവതരിപ്പിച്ച ബിസിനസ് ബുദ്ധി; കേക്കിലും കാപ്പിയുടെ നവോന്മേഷം എത്തിച്ച മുതലാളി; ഉയരങ്ങൾ കീഴടക്കിയ സാമ്രാജ്യത്തെ തകർത്തത് ആദായ നികുതി വകുപ്പിന്റെ റെയ്ഡുകൾ; ഒടുവിൽ ബാലൻസ് ഷീറ്റിൽ ബാക്കിയായത് 7000 കോടിയുടെ കടവും; കഫേ കോഫി ഡേയെ ആഗോള ബ്രാൻഡ് ആക്കിയത് കാപ്പിയുടെ നറുസുഗന്ധത്തിൽ: കാണാതായത് കാപ്പിയെ ജനപ്രിയമാക്കിയ സിദ്ധാർത്ഥിനെ

മറുനാടൻ ഡെസ്‌ക്‌

മംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ ശൃംഖലയുടെ സ്ഥാപകനുമായ വി.ജി.സിദ്ധാർത്ഥിനെ കാണാതാകുമ്പോൾ ഞെട്ടലോടെയാണ് ഇന്ത്യൻ വ്യവസായ ലോകം ആ വാർത്തയെ ഉൾക്കൊള്ളുന്നത്. മംഗലാപുരത്തിനിടുത്തുള്ള നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിന് സമീപത്ത് നിന്നാണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഇയാളെ കാണാതായത്. നദിയിൽ ചാടിയതാണെന്ന നിഗമനത്തിൽ നേത്രാവതി നദിയിൽ പൊലീസ് തിരച്ചിൽ നടത്തി വരികയാണ്. ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ പൊലീസിന് കിട്ടുന്നുണ്ട്. ഇതിനൊപ്പമാണ് നിരാശ പങ്കുവച്ച് ജീവനക്കാർക്ക് അയച്ച കത്തും പുറത്തു വരുന്നത്.

എസ്.എം.കൃഷ്ണയുടെ മൂത്തമകൾ മാളവികയെയാണ് സിദ്ധാർത്ഥ് വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് ആൺ മക്കളുണ്ട്. കഫേ കോഫിഡേ ശൃംഖലകൾക്ക് പുറമേ ഹോസ്പിറ്റാലിറ്റി ശൃംഖലയും സിദ്ധാർഥ് സ്ഥാപിച്ചിട്ടുണ്ട്. നിരവധി കാപ്പിത്തോട്ടങ്ങളുടെ ഉടമയുമാണ് സിദ്ധാർഥ്. മൈൻഡ്ട്രീ എന്ന സോഫ്‌റ്റ്‌വെയർ കമ്പനിയിലെ തന്റെ ഓഹരി 3000 കോടിയോളം രൂപക്ക് അടുത്തിടെ സിദ്ധാർത്ഥ് വിറ്റിരുന്നു. കഫേ കോഫീ ഡേ ബ്രാൻഡ് കൊക്കൊ കോളയ്ക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്ന് വരികയാണെന്നും വാർത്തകളുണ്ടായിരുന്നു. ആയിരങ്ങൾക്ക് തൊഴിൽ നൽകിയ ബിസിനസുകാരനായിരുന്നു സിദ്ധാർത്ഥ്. ഏതാണ്ട് അയ്യായിരം കോടിയിൽ പരം ആസ്തിയുണ്ടെന്നായിരുന്നു കണക്ക്. ഇത്തരത്തിലൊരു ബിസിനസുകാരനാണ് ദുരൂഹസാഹചര്യത്തിൽ കാണാതാകുന്നത്. കർണാടകയിലെ ചിക്കമംഗരുവിൽ 140 വർഷങ്ങളായി കാപ്പിത്തോട്ടങ്ങൾ നടത്തിയിരുന്ന കുടംബത്തിലാണ് വിജെ സിദ്ധാർത്ഥയുടെ ജനനം. ഇന്ത്യയിലെ ഏറ്റവും വലിയ കോഫീ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലേക്കുള്ള സിദ്ധാർത്ഥയുടെ യാത്ര അതിനാൽ തന്നെ യാദൃശ്ചികമായിരുന്നില്ല.

മാഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദാനന്തരബിരുദ പഠനം പൂർത്തിയാക്കിയ സിദ്ധാർത്ഥ തന്റെ കരിയറിനു തുടക്കം കുറിച്ചത് സ്റ്റോക്ക് മാർക്കറ്റിലെ ഇടപെടലുകളിലൂടെയാണ്. മുംബൈയിലെ ജെഎം ഫിനാൽഷ്യൽ ലിമിറ്റഡ് എന്ന കമ്പനിയിൽ വൈസ് ചെയർമാൻ മാനേജ്‌മെന്റ് ട്രെയിനിയായി ചേർന്ന അദ്ദേഹം രണ്ട് കൊല്ലത്തിന് ശേഷം ബാഗളൂരിൽ തിരിച്ചെത്തി. അച്ഛൻ കൊടുത്ത തുകയ്ക്ക് സ്വന്തം സാമ്രാജ്യം കെട്ടിപെടുത്തു. കാപ്പിചിനോയും കേക്കും ഇന്ത്യയുടെ രുചി വിഭവങ്ങളായി. കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലായിരുന്നെന്നും കമ്പനിയുടെ സാമ്പത്തികനഷ്ടങ്ങൾക്ക് താൻ മാത്രമാണ് ഉത്തരവാദിയെന്നും സിദ്ധാർഥ കത്തിൽ സൂചിപ്പിച്ചിരുന്നു. കഫേ കോഫി ഡേയുടെ എല്ലാ സ്വത്തുക്കളുടെയും ബാധ്യതകളുടെയും വിവരങ്ങളും സിദ്ധാർഥ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സംരഭകനെന്ന നിലയിൽ താൻ പരാജയപ്പെട്ടെന്നും ആരെയും വഞ്ചിക്കാനും തെറ്റിദ്ധരിപ്പിക്കാനും താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു. ഒരുദിവസം നിങ്ങളെല്ലാം എന്നെ മനസിലാക്കുമെന്നും എന്നോട് ക്ഷമിക്കുമെന്നും അദ്ദേഹം കത്തിൽ എഴുതിയിട്ടുണ്ട്.

വി.ജി. സിദ്ധാർഥയുടെ കത്തിന്റെ ചുരുക്കം ഇങ്ങനെ:- കുറേനാൾ ഞാൻ പോരാടി, പക്ഷേ ഇന്ന് ഞാൻ അടിയറവ് പറയുകയാണ്. ഓഹരി പങ്കാളികളിൽ ഒരാൾ ഓഹരികൾ മടക്കി വാങ്ങാൻ സമ്മർദം ചെലുത്തി. അതിനെതുടർന്നുണ്ടായ സമ്മർദ്ദവും ആറുമാസം മുൻപ് ഒരു സുഹൃത്തിന്റെ കൈയിൽനിന്ന് കടംവാങ്ങിയ വലിയതുകയുടെ സമ്മർദ്ദവും ഇനിയെനിക്ക് താങ്ങാനാകില്ല. ഇതിനുപുറമേ മറ്റു ചില കടക്കാരിൽനിന്നുള്ള സമ്മർദ്ദവും എന്നെ പ്രയാസത്തിലാക്കി. മൈൻഡ് ട്രീയുമായി ബന്ധപ്പെട്ട ഇടപാടുകൾ മുടക്കാൻ ആദായനികുതി വകുപ്പ് രണ്ടു തവണ ശ്രമിച്ചു. ആദായനികുതി വകുപ്പിൽനിന്നും ഒരുപാട് ഉപദ്രവം നേരിട്ടു. ഈ വ്യവസായങ്ങളെല്ലാം ഒരു പുതിയ മാനേജ്‌മെന്റിന് കീഴിൽ ശക്തമായി മുന്നോട്ടുപോകാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. എല്ലാ തെറ്റുകൾക്കും ഞാൻ മാത്രമാണ് ഉത്തരവാദി. എല്ലാ സാമ്പത്തിക ഇടപാടുകളും എന്റെ മാത്രം ഉത്തരവാദിത്തമാണ്. എന്റെ ടീമംഗങ്ങൾക്കും ഓഡിറ്റർമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും ഇതൊന്നുമറിയില്ല. എന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ എല്ലാവരിൽനിന്നും ഞാൻ ഈ വിവരങ്ങൾ മറച്ചുവച്ചു.

പടർന്ന് പന്തലിച്ച കോഫി സംസ്‌കാരം

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി കഫേ കോഫി ഡെയുടെ 2,000 ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. 1993ൽ അമാൽഗമേറ്റഡ് ബീൻ കോഫി ട്രേഡിങ് കമ്പനിയോടെയാണ് തുടക്കം. കമ്പനിയുടെ പേര് പിന്നീട് കോഫി ഡേ എന്റർപ്രൈസ് ലിമിറ്റഡ് എന്നാക്കി. 1996ൽ ബംഗളൂരുവിലാണ് കഫേ കോഫി ഡെയുടെ ആദ്യ ശാഖ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നിടങ്ങോട് വളരെ വേഗത്തിലുള്ള വളർച്ചയായിരുന്നു. ഇന്ന് രാജ്യത്തിന്റെ ഏത് കോണിലും കമ്പനിയുടെ സാന്നിധ്യമുണ്ട്. കാപ്പി പ്ലാേന്റഷൻ കുടുംബാംഗമായ സിദ്ധാർഥക്ക് റിയൽ എസ്റ്റേറ്റ്, ഫർണിച്ചർ, ഇൻെവസ്റ്റ്മെന്റ് കൺസൾട്ടിങ്, അഗ്രി എക്സ്പോർട്ട്, ലോജിസ്റ്റിക്സ് ഉൾപ്പെടെ വിവിധ മേഖലകളിൽ നിക്ഷേപം നടത്തി്. രാജ്യത്തെ ഏറ്റവും വലിയ കാപ്പി കയറ്റുമതിക്കാരൻകൂടിയായിരുന്നു സിദ്ധാർഥ.

കോഫി ഡേ ഗ്ലോബൽ ലിമിറ്റഡ് എന്ന ഉപസ്ഥാപനം വഴിയാണ് കഫേ കോഫി ഡേ തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ബാംഗ്ലൂരിലെ തങ്ങളുടെ ആദ്യ കഫേയിലൂടെ തന്നെ കഫേ എന്ന ആശയത്തെ ജനകീയമാക്കാൻ സിദ്ധാർത്ഥിന് കഴിഞ്ഞു. അന്താരാഷ്ട്ര കോഫികൾ, ഭക്ഷണങ്ങൾ, ഡെസേർട്ടുകൾ, പേസ്ട്രീസ് തുടങ്ങിയ വൈവിധ്യ പൂർണമായ പദാർത്ഥങ്ങളടങ്ങിയതായിരുന്നു കഫേ കോഫി ഡേയുടെ മെനു. കോഫി പൗഡറുകൾ, കുക്കീസ്, മഗ്‌സ്, കോഫി ഫിൽറ്ററുകൾ, എന്നിവയും കഫേ കോഫി ഡേയുടെ കഫേകളെ ജനപ്രിയമാക്കി. ചിൽഡ് സ്മൂത്തീസ്, സ്ലഷസ് വിഭാഗങ്ങളിലായി നാവിൽ കൊതിയൂറുന്ന വളരെ വ്യത്യസ്തങ്ങളായ രുചികളോട് കൂടിയ സമ്മർ സ്ലാം ഫ്‌ളേവറുകൾ അവതരിപ്പിച്ചും കഫേ കോഫി ഡേ കൈയടി നേടി.

ദൈനംദിന ജീവിത ശൈലിയുടെ അനിവാര്യതയായി കാപ്പി മാറ്റുകയായിരുന്നു കഫേ കോഫി ഡേയുടെ ലക്ഷ്യം. വെള്ളം കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ ജനകീയ പാനീയമാണ് കാപ്പി. കാപ്പികുടിയുടെയും കോഫി ഹൗസുകളുടെയും തുടക്കം 16-ാം നൂറ്റാണ്ടിൽ തുർക്കിയിലാണ്. ഇന്ത്യയിൽ കാപ്പി ഒരു സംസ്‌ക്കാരത്തിന്റെ ഭാഗം കൂടിയായി മാറി. അമാൾഗമേറ്റഡ് ബീൻ കോഫി ട്രേഡിങ് കമ്പനിയുടെ ഭാഗമാണ് കഫെ കോഫി ഡേ. ബാംഗ്ലൂരിലാണ് പ്രഥമ കോഫി ബാറിന്റെ തുടക്കം. 13000 ഏക്കർ വരുന്ന സ്വന്തം കാപ്പി തോട്ടങ്ങളിൽ നിന്നും ഇവർ തന്നെ പരിപാലിക്കുന്ന 7000 ഏക്കർ തോട്ടങ്ങളിൽ നിന്നും ശേഖരിക്കുന്ന കാപ്പിയാണ് കഫേ കോഫി ഡേയിൽ ഉപയോഗിക്കുന്നത്. 11000 ത്തോളം ചെറുകിട കർഷകരിൽ നിന്നും കാപ്പി ശേഖരിക്കുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ കാപ്പി പ്ലാന്റേഷൻ ഉടമകൾ എന്ന സ്ഥാനവും ഇവർക്കാണ്. ചൂടുള്ളതും തണുത്തതും ഉൾപ്പെടെ രാജ്യാന്തര തലത്തിലെ ഏതു തരത്തിലുമുള്ള കാപ്പികളുടെ ഒരു നീണ്ട നിരതന്നെ കഫേ കോഫി ഡേ മെനുവിലുണ്ട്. ഇതെല്ലാം സിദ്ധാർത്ഥിന്റെ മാർക്കറ്റിങ് മികവായിരുന്നു.

വേനൽക്കാലത്ത് നവോന്മേഷം പകരുക എന്ന ലക്ഷ്യത്തെടെയാണ് അവതരിപ്പിച്ച പുതിയ ഫ്ളേവറുകൾ ഏറെ ചർച്ചയാവുകയും ചെയ്തു. പ്രധാന ചേരുവയുടെ ക്രിസ്റ്റൽ രൂപവും ശുദ്ധമായ ക്രീമും ഒത്തു ചേർന്നതാണ് സ്മൂത്തീസിന്റെ ഫ്‌ളേവറുകൾ. ഇത് ഒരേ സമയം കടിച്ച് കുടിക്കുന്ന അനുഭൂതി നൽകുന്നു. ഇന്ത്യൻ മിഠായിയുടെ വിലയേറിയ ക്രീം രൂപത്തിലുള്ള പാനീയമാണ് രസ്മലായ് സ്മൂത്തി. രസഗുള പോലെ ചവച്ച് കഴിക്കാവുന്ന ബദാമിന്റെ ഫ്‌ളേവറുകളാണ് ഇതിലുള്ളത്. സ്‌ട്രോബെറിയുടെയും മാതള നാരകത്തിന്റെയും മിശ്രിതമാണ് രുചികരമായ സ്‌ട്രോബെറി പോമോഗ്രനേറ്റ് സ്മൂത്തി. പഴങ്ങളുടെ രാജാവായ മാങ്ങയോടൊപ്പം പീച്ചപ്പഴവും ചേർന്നതാണ് മാംഗോ പീച്ച് സ്മൂത്തി. പഴങ്ങളെ ഇഷ്ടപ്പെടുന്നവരെ തീർച്ചയായും തൃപ്തിപ്പെടുത്തുന്ന ഒരിനമാണിത്.

പകർന്ന് നൽകിയത് യുവത്വങ്ങൾക്ക് നവോന്മേഷം

ജ്യൂസി, ട്രോപ്പിക്കൽ ഫ്‌ളേവറുകളാൽ സമ്പന്നമാണ് സ്ലഷസ് വിഭവങ്ങൾ. മാതള നാരകത്തോടൊപ്പം സ്‌ട്രോബെറി ചേർത്ത് തയ്യാറാക്കിയതാണ് സ്‌ട്രോബെറി ബ്ലാസ്റ്റ് സ്ലഷ്. ഇതിന്റെ തണുപ്പ് അത് കഴിക്കുന്നയാളുടെ ചിന്തകളെപ്പോലും തണുപ്പിക്കാൻ പാകത്തിലുള്ളതാണ്. ജാലപിനോസ് എന്ന ഒരുതരം മുളകിനൊപ്പം ട്രോപ്പിക്കൽ ഫ്രൂട്ടായ ഗ്രനിറ്റ ചേർത്ത സ്‌പൈസി പാനീയമാണ് ട്രോപ്പിക്കൽ സ്‌പൈസ് സ്ലഷ്. ലമൺ ജ്യൂസിന്റെ ഒരു പരിഷ്‌കരിച്ച വകഭേദമാണ് പിങ്ക് ലമനേഡ് സ്ലഷ്. മുന്തിരിയുടെ ഉത്പ്പന്നമായ ഇത് മധുരതരവും സ്വാദിഷ്ടവുമാണ്. ഇതെല്ലാം അവതരിപ്പിച്ചത് സിദ്ധാർത്ഥയായിരുന്നു.

ദ്വീർഘകാലം കോൺഗ്രസിനെ സേവിച്ച ശേഷം ബിജെപിയിലേക്ക് ചുവടുമാറിയ എസ്എം കൃഷ്ണയുടെ മരുമകനെതിരെ ആദായ നികുതി വകുപ്പിന്റ നടപടികൾ ഉണ്ടായത് 2017ൽ വലിയ ചർച്ചയായിരുന്നു. സിദ്ധാർത്ഥയുടെ വീട്ടിലും ഓഫീസുകളിലുമാണ് ആദായവകുപ്പ് 2017ൽ റെയ്ഡ് നടത്തിയത്. ബംഗളൂരു, മുംബൈ, ചെന്നൈ, ചിക്കമംഗളൂരു എന്നിവിടങ്ങളിലെ സിദ്ധാർത്ഥിന്റെ സ്ഥാപനങ്ങളിലാണ് അന്ന് ആദായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് പരിശോധന നടത്തിയത്. മുഡിഗിരി താലൂക്കിലെ രണ്ട് എസ്റ്റേറ്റ്, ചിക്കമംഗളൂരിലെ സ്‌കൂൾ ഓഫീസ്, സെറായി റിസോർട്ട് എന്നിവിടങ്ങളിലായിരുന്നു പരിശോധന. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സികാൽ ലോജിസ്റ്റിക് ലിമിറ്റഡിലും പരിശോധന നടത്തിയിരുന്നു.

46 വർഷം കോൺഗ്ഗ്രസ് നേതാവായിരുന്ന എസ്എം കൃഷ്ണ 2017 മാർച്ചിൽ ബിജെപിയിലേക്ക് മാറിയിരുന്നു. കർണ്ണാടക മുൻ മുഖ്യ മന്ത്രി സിദ്ധ രാമയ്യയുടെ ചില നയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ഇദ്ദേഹം ബിജെപിയിലേക്ക് ചേക്കേറിയത്. യുപിഎ ഗവൺമെന്റിനു കീഴിൽ വിദേശകാര്യ മന്ത്രിയായും, കർണ്ണാടക മുൻ മുഖ്യമന്ത്രിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ ബിജെപിയിലേക്ക് കൃഷ്ണ എത്തിയിട്ടും ആദായ നികുതി വകുപ്പ് മരുമകനെ വെറുതെ വിട്ടില്ല. നിരന്തര പീഡനങ്ങൾ തുടർന്നപ്പോൾ സിദ്ധാർത്ഥ് മാനസികമായി തളർന്നു. കാപ്പിചിനോ എന്ന കോഫീ മലയാളികൾക്കിടയിലും പ്രസിദ്ധമാക്കിയത് സിദ്ധാർത്ഥ് ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP