Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മിലിട്ടറി സർവ്വീസിൽ കയറിയത് 1997ൽ; ലെഫ്റ്റന്റ് കേണലായത് നാലോളം പ്രമോഷനിലൂടെ; പാങ്ങോട്ടെ ക്യാമ്പിലെത്തിയത് ആറു മാസം മുമ്പും; യുവാവിനെ പറ്റിച്ചത് ആൻഡമാനിൽ ജോലി ചെയ്യുമ്പോൾ; സുന്ദരിയുടെ ഫോട്ടോയും വ്യാജ ശബ്ദത്തിലെ ഫോൺ വിളിയും വിശ്വാസ്യത കൂട്ടി; മുംബൈ സെറ്റിൽഡ് ആയ ഫാമിലി മെമ്പർ ഒരിക്കലും ആലോചനക്കാലത്ത് നേരിട്ട് പ്രത്യക്ഷയായില്ല; തട്ടിപ്പിന്റെ കഥ കേട്ട് ഞെട്ടിയവരിൽ ഗൾഫിലെ ബിസിനസ്സുകാരനായ ഭർത്താവും; മാട്രിമോണി കബളിപ്പിക്കലിൽ കുടുങ്ങിയത് രണ്ട് മക്കളുടെ അമ്മയായ പട്ടാളക്കാരി സ്മിത

മിലിട്ടറി സർവ്വീസിൽ കയറിയത് 1997ൽ; ലെഫ്റ്റന്റ് കേണലായത് നാലോളം പ്രമോഷനിലൂടെ; പാങ്ങോട്ടെ ക്യാമ്പിലെത്തിയത് ആറു മാസം മുമ്പും; യുവാവിനെ പറ്റിച്ചത് ആൻഡമാനിൽ ജോലി ചെയ്യുമ്പോൾ; സുന്ദരിയുടെ ഫോട്ടോയും വ്യാജ ശബ്ദത്തിലെ ഫോൺ വിളിയും വിശ്വാസ്യത കൂട്ടി; മുംബൈ സെറ്റിൽഡ് ആയ ഫാമിലി മെമ്പർ ഒരിക്കലും ആലോചനക്കാലത്ത് നേരിട്ട് പ്രത്യക്ഷയായില്ല; തട്ടിപ്പിന്റെ കഥ കേട്ട് ഞെട്ടിയവരിൽ ഗൾഫിലെ ബിസിനസ്സുകാരനായ ഭർത്താവും; മാട്രിമോണി കബളിപ്പിക്കലിൽ കുടുങ്ങിയത് രണ്ട് മക്കളുടെ അമ്മയായ പട്ടാളക്കാരി സ്മിത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യൻ സൈന്യത്തിലെ വനിതാ ലെഫ്റ്റനന്റ് കേണൽ നടത്തിയ തട്ടിപ്പിൽ അമ്പരന്ന് കൊച്ചി സിറ്റി പൊലീസ്. വൈവാഹിക വെബ്സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി യുവാവിനെ കബളിപ്പിച്ച പരാതിയിൽ വനിതാ ലെഫ്റ്റന്റ് കേണൽ അകത്താകുമെന്നു പൊലീസ് കരുതിയതുമില്ല. കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിന്റെ പരാതി പരിശോധിച്ചപ്പോൾ 15 ലക്ഷത്തോളം തുകയാണ് വനിതാ ലെഫ്റ്റനന്റ് കേണൽ റാങ്കിൽ നഴ്‌സ് ആയി തുടർന്നിരുന്ന യുവതി വ്യാജ പേരിൽ അപഹരിച്ചു മാറ്റിയതായി പൊലീസ് മനസിലാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നഴ്‌സായ തിരുവനന്തപുരം വേട്ടമുക്ക് സൗന്ദര്യ ഹൗസിൽ സ്മിത (43) അകത്താകുന്നത്.

ഒരു ലെഫ്റ്റനന്റ് റാങ്കിലുള്ള സ്മിത എന്തിനാണ് മാട്രിമോണിയൽ വെബ്‌സൈറ്റിൽ കയറി തട്ടിപ്പിന് ശ്രമിച്ചത് എന്ന് സ്മിതയെ അറസ്റ്റ് ചെയ്ത കൊച്ചി സെൻട്രൽ പൊലീസിന് ഇനിയും മനസിലായിട്ടില്ല. നല്ല ശമ്പളമുള്ള മിലിട്ടറി ജോലിയാണ് സ്മിതയുടേത്. തിരുമല വേട്ടമുക്കിൽ സ്വന്തം വീട്ടിലാണ് സ്മിത താമസിക്കുന്നത്, ഭർത്താവ് വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിൽ ബിസിനസ് ഉണ്ട്. തരക്കേടില്ലാത്ത സാമ്പത്തിക പശ്ചാത്തലവുമുണ്ട്. തട്ടിപ്പ് രക്തത്തിൽ അലിഞ്ഞ കുറ്റവാളികൾ ചെയ്യുന്ന രീതിയിലുള്ള തട്ടിപ്പ് സ്മിത പിന്നെ എന്തിനു ചെയ്തു എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ഇപ്പോഴുള്ള തട്ടിപ്പ് അല്ലാതെ വേറെ തട്ടിപ്പുകൾ സ്മിത നടത്തിയോ എന്നും പൊലീസിന് ഇപ്പോഴും അറിയാനുമുണ്ട്. പക്ഷെ ചോദ്യം ചെയ്യലിൽ സ്മിത പൊലീസിനോട് സഹകരിച്ചില്ല. അതിനാൽ തത്ക്കാലം വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടിയ കേസിൽ അറസ്റ്റ് ചെയ്ത് കാക്കനാട് ജയിലിൽ സ്മിതയെ എത്തിച്ചിരിക്കുകയാണ്. തട്ടിപ്പ് നടത്തിയ 15 ലക്ഷത്തോളം രൂപ ആർഭാട ജീവിതത്തിനാണ് സ്മിത ചിലവഴിച്ചത് എന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്മിത പൊലീസിന് മുൻപിൽ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ ഉപ ചോദ്യങ്ങളിൽ പലതിനു സ്മിത മറുപടി നൽകിയതുമില്ല.

സ്മിതയുടെ കയ്യിലെ കാശ് കണ്ടു പൊലീസ് ഇപ്പോഴാണ് അമ്പരന്നതെങ്കിൽ താൻ മുൻപേ തന്നെ അമ്പരന്നു എന്നാണ് സ്മിതയുടെ ഭർത്താവ് പൊലീസിനോട് പറഞ്ഞത്. സ്മിതയുടെ കയ്യിലെ അധിക കാശ് കണ്ട് മുൻപ് തന്നെ താൻ ഈ കാര്യം തിരക്കുകയും ചെയ്തുവെന്നാണ് സ്മിതയുടെ ഭർത്താവ് പൊലീസിനോട് പറഞ്ഞത്. ഓഫീസിലെ പലരുമായും തനിക്ക് അടുപ്പമുണ്ട്. ടാക്‌സ് അതുമായി ബന്ധപ്പെട്ട പണം എല്ലാം അവർ തന്നോടുള്ള വിശ്വാസം കൊണ്ട് തന്നെ ഏൽപ്പിക്കുന്നു. പിന്നീടത് ഞാനത് തിരികെ നൽകാറുണ്ട്. ഇതാണ് സ്മിത ഭർത്താവിനോട് പറഞ്ഞത്. 'നിലവിലെ അന്വേഷണത്തിൽ സ്മിത ഒറ്റയ്ക്ക് ചെയ്ത തട്ടിപ്പ് എന്നാണ് പൊലീസ് കരുതുന്നത്.

പക്ഷെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കാനും കൊച്ചിയിലെ യുവാവിനെ കുടുക്കാനും സ്മിത പദ്ധതിയിട്ടപ്പോൾ സ്മിതയെ വേറെ ആരെങ്കിലും സഹായിച്ചോ എന്നുള്ള കാര്യത്തിൽ പൊലീസ് ഇപ്പോൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സുന്ദരിയായ പെൺകുട്ടിയുടെ ഫോട്ടോയാണ് വ്യാജ പ്രൊഫൈലിൽ യുവതി പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോ കണ്ടാണ് യുവാവ് സ്മിതയുടെ തട്ടിപ്പിൽ കുരുങ്ങുന്നതും-യുവതിയെ അറസ്റ്റ് ചെയ്ത കൊച്ചി സെൻട്രൽ സിഐ എസ്.വിജയശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞു. പക്ഷെ ഈ ആസൂത്രണത്തിൽ സ്മിതയ്ക്ക് പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവരും കുടുങ്ങുമെന്നും സ്മിത വേറെ തട്ടിപ്പുകളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തുമെന്നും സിഐ പറയുന്നു.

വിദഗ്ദമായ ആസൂത്രണത്തിനു ശേഷമാണ് സ്മിത വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ് നടത്തിയിരിക്കുന്നത്. 1997-ൽ മിലിട്ടറി സർവീസിൽ കയറിയതാണ് സ്മിത. നാലോളം പ്രമോഷൻ കിട്ടിയ ശേഷമാണ് ലെഫ്റ്റനന്റ് കേണൽ പോസ്റ്റിൽ സ്മിത എത്തിപ്പെട്ടത്. ആറു മാസം മുൻപാണ് പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് സ്മിതയ്ക്ക് ട്രാൻസ്ഫർ ആകുന്നത്. അതിനു മുൻപ് സ്മിത ആൻഡമാൻസിൽ ആയിരുന്നു. മൂന്നു വർഷത്തോളം സ്മിത ആൻഡമാൻസിൽ ആയിരുന്നു. ഇവിടെ ജോലി ചെയ്യുന്ന വേളയിലാണ് കൊച്ചി സ്വദേശിയെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്മിത കുടുക്കുന്നത്. മുംബൈ സെറ്റിൽഡ് ആയ ഫാമിലി എന്നാണ് യുവാവിനോട് ചാറ്റിങ് വേളയിൽ സ്മിത പറഞ്ഞത്. കൽക്കത്തയിൽ നഴ്‌സ് ആയി ജോലി ചെയ്യുന്നു. പിജിക്ക് പഠിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് സ്മിത പറഞ്ഞത്. പക്ഷെ സ്മിത ഒരിക്കലും വീഡിയോ കോളിൽ വന്നതേയില്ല. അതൊന്നും ശരിയല്ല എന്നാണ് സ്മിത പറഞ്ഞത്.

നേരിട്ട് കാണാൻ പറഞ്ഞപ്പോൾ നൂറു കാരണങ്ങൾ നിരത്തി യുവാവിനെയും കുടുംബത്തെയും പറഞ്ഞു നിർത്തുകയും ചെയ്തു. സ്വന്തം മാതാപിതാക്കൾ എന്ന പേരിൽ വേറെ ആരുടെയൊക്കെയോ ഫോട്ടോയാണ് സ്മിത കൈമാറിയത്. ഈ വ്യാജ മാതാപിതാക്കൾ ശബ്ദം മാറ്റി യുവാവിനോടും മാതാപിതാക്കളോടും സംസാരിച്ചിട്ടുമുണ്ട്. അതുകൊണ്ട് അവർ സംശയിച്ചതുമില്ല. പക്ഷെ ഇവർ ഒരിക്കലും നേരിൽ കണ്ടിട്ടില്ല. മുംബൈ ആയതിനാൽ കൂടിക്കാഴ്ച നീണ്ടു പോവുകയും ചെയ്തു. ഇടക്കാലത്ത് കാൻസർ എന്ന് പറഞ്ഞു സ്മിത യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ച് വിവാഹത്തിൽ നിന്നും അകലുകയും ചെയ്തു. പണം പോയി തലയിൽ കൈവെച്ചെങ്കിലും യുവതിയുടെ പേരിൽ പരാതി നല്കാനൊന്നും യുവാവ് തയ്യാറായില്ല.2018 ലാണ് ഈ ബന്ധം യുവാവ് അവസാനിപ്പിച്ചത്. പക്ഷെ പിന്നീട് വേറെ പേരിൽ യുവാവുമായി ചാറ്റ് ചെയ്യാൻ വന്നപ്പോഴാണ് യുവതിയുടെ തട്ടിപ്പ് മനസിലാക്കി കൊച്ചി സെൻട്രൽ പൊലീസിൽ യുവാവ് പരാതിയുമായി എത്തിയത്.

ശ്രുതി ശങ്കർ എന്ന പേരിലാണ് യുവതി മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തത്. വാട്ട്സ് ആപ്പ് നമ്പർ വേറെയാണ് നൽകിയത്. ആദ്യം ബന്ധപ്പെട്ടത് പെൺകുട്ടിയുടെ ബന്ധു എന്ന രീതിയിലാണ്. പെൺകുട്ടിയെ ചാറ്റ് ചെയ്യാൻ വേറെ നമ്പറും നൽകി. പണം വേണമെന്നു പറഞ്ഞപ്പോൾ അമ്മായിയുടെ അക്കൗണ്ട് നമ്പറിൽ പണം ഇടാൻ പറഞ്ഞു. അങ്ങിനെ സ്വന്തം അക്കൗണ്ട് നമ്പർ ആണ് യുവാവിനു സ്മിത നൽകിയത്. പല തവണയാണ് സ്മിത പണം പറ്റിയത്. ഇപ്പോൾ ഇന്ത്യൻ മിലിട്ടറി സർവീസിലെ ലെഫ്റ്റനന്റ് കേണൽ കാക്കനാട്‌സബ് ജയിലിൽ റിമാൻഡിലാണ്.

ആദ്യം കബളിപ്പിച്ച് പണം തട്ടിയ ശേഷം അസുഖമെന്ന് യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതി മുങ്ങിയത്. അങ്ങനെ ധരിപ്പിച്ചത് പരാതിയുമായി യുവാവ് മുന്നോട്ട് പോകില്ലെന്ന വിശ്വാസത്തിലായിരുന്നു. പക്ഷെ യുവാവ് പരാതി നൽകിയപ്പോൾ സ്മിത കുടുങ്ങുകയും ചെയ്തു. വൈവാഹിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിരുന്ന പരാതിക്കാരൻ 2016ൽ തിരുവനന്തപുരം സ്വദേശിനിയായ ശ്രുതി ശങ്കർ എന്ന പെൺകുട്ടിയുടെ പ്രൊഫൈലിൽ താൽപര്യമുണ്ടെന്ന് അറിയിച്ചു. തിരിച്ചും താൽപര്യമുണ്ടെന്ന് അറിയിച്ചതിനെത്തുടർന്നു യുവാവ് അതിൽ നൽകിയ നമ്പറിൽ വിളിച്ചു പെൺകുട്ടിയുടെ ബന്ധുവുമായി സംസാരിച്ചു.

പെൺകുട്ടി കൊൽക്കത്തയിൽ എംഡിക്കു പഠിക്കുകയാണെന്നും കുടുംബമായി മുംബൈയിലാണു താമസമെന്നുമാണു പറഞ്ഞിരുന്നത്. തുടർന്നു യുവാവ് പെൺകുട്ടിയുമായി ഫോണിൽ സംസാരിക്കുകയും ഇഷ്ടത്തിലാവുകയും ചെയ്തു. ഫേസ്‌ബുക് പ്രൊഫൈൽ വഴി സൗഹൃദം തുടർന്നു.പിന്നീട് ഈ ബന്ധം കൂടുതൽ ദൃഢമാകുകയായിരുന്നു.

യുവതിയുടെ 'മാതാപിതാക്കളുമായി' യുവാവിന്റെ മാതാപിതാക്കൾ സംസാരിച്ചു വിവാഹം ഉറപ്പിക്കുകയും ചെയ്തു. യുവാവിന്റെ സാമ്പത്തികസ്ഥിതി മനസ്സിലാക്കിയ യുവതി പലപ്പോഴായി പണം ആവശ്യപ്പെട്ടു. തുടർന്നു യുവതിയുടെ ബന്ധുവായ സ്മിത എന്നയാളിന്റെ അക്കൗണ്ടിലേക്കു യുവാവ് 15 ലക്ഷം രൂപയോളം കൈമാറി. പിന്നെ സങ്കടത്തിന്റെ വഴിയിലായിരുന്നു യുവാവിനോട് സംസാരം. തുടർന്നാണ് തനിക്കു കാൻസറാണെന്നു യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ച് യുവതി വിവാഹത്തിൽ നിന്നു തന്ത്രപരമായി പിന്മാറിയത്. പണം നഷ്ടപ്പെട്ടതിലെ നാണക്കേട് ഓർത്ത് യുവാവ് 2017ൽ യുവതിയുമായുള്ള ചാറ്റിങ് അവസാനിപ്പിച്ചു. പി്ന്നീട് ഏറെ നാളായി ബന്ധമൊന്നുമില്ലായിരുന്നു. എന്നാൽ, ഒരു മാസം മുൻപ് യുവതി നിയതി നാരായണൻ എന്ന മറ്റൊരു പ്രൊഫൈലിൽ നിന്നു യുവാവുമായി വീണ്ടും ബന്ധപ്പെട്ടു. തുടർന്നുള്ള സംസാരത്തിൽ തന്നെ മുൻപു കബളിപ്പിച്ച അതേ പെൺകുട്ടി തന്നെയാണെന്നു മനസ്സിലാക്കിയ യുവാവ് തന്ത്രപരമായി എറണാകുളം എസിപി കെ.ലാൽജിക്കു പരാതി നൽകുകയായിരുന്നു.

എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ വിജയ് ശങ്കർ, എസ്ഐ വിബിൻദാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം വൈവാഹിക വെബ്സൈറ്റ് ഓഫിസിലും ബാങ്കിലും അന്വേഷണം നടത്തി. യുവതിയുടെ രണ്ടു വൈവാഹിക പ്രൊഫൈലുകളും ഫേസ്‌ബുക് പ്രൊഫൈലുകളും വ്യാജമാണെന്നു കണ്ടെത്തി. ബാങ്ക് അക്കൗണ്ട് നമ്പർ വഴിയുള്ള അന്വേഷണത്തിൽ തിരുവനന്തപുരം സ്വദേശിയായ 40വയസു പ്രായം തോന്നിക്കുന്ന സ്മിതയാണു യുവാവിനെ കബളിപ്പിച്ചതെന്നു കണ്ടെത്തുകയായിരുന്നു.എസ്ഐ സുനുമോൻ, എഎസ്ഐ അരുൺ, സീനിയർ സിപിഒമാരായ അനീഷ്, ജാക്സൺ, സിപിഒമാരായ അജിത്, ഇഗ്നേഷ്യസ്, വനിത സിപിഒമാരായ ബീന, റീന തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP