Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാറായിയുടെ സുവിശേഷം; സാറായുടെയും

സാറായിയുടെ സുവിശേഷം; സാറായുടെയും

ഷാജി ജേക്കബ്‌

ർണോസ്പാതിരി മുതൽ വള്ളത്തോൾ നാരായണമേനോനും കൈനിക്കര പത്മനാഭപിള്ളയും വരെയുള്ളവർ പനഃസൃഷ്ടിച്ച ബൈബിൾ ഭാവനകൾ ക്രൈസ്തവ ദൈവശാസ്ത്രത്തെ സാകൂതം, ഭക്ത്യാദരം, നിസംശയം, കാല്പനികമായി പിൻപറ്റുന്നവയായിരുന്നുവെങ്കിൽ സി.ജെ. തോമസും സക്കറിയയും ആനന്ദും ഉൾപ്പെടെയുള്ളവർ അതിനെ പലനിലകളിൽ ചരിത്രവൽക്കരിച്ചും മാനുഷികവൽക്കരിച്ചും ചോദ്യം ചെയ്തവരാണ്. ദസ്തയവ്‌സ്‌കി മുതൽ കസാൻദ് സാക്കീസും സറമാഗുവും വരെയുള്ളവർ ചെയ്തതും മറ്റൊന്നായിരുന്നില്ല. സാറാജോസഫിന്റെ പുതിയ രചനകളും അതാണു ചെയ്യുന്നത്. പഴയനിയമത്തിന്റെ സ്ഥലകാലങ്ങളിലും ദൈവാഭിമുഖ്യങ്ങളിലും നിന്ന് രണ്ടു കഥകളെ സമകാലികവൽക്കരിച്ചും സാമൂഹ്യവൽക്കരിച്ചും പുനരാഖ്യാനം ചെയ്യുന്നു 'സാറായിയുടെ മരുദേശങ്ങ'ളിൽ അവർ. ഇത് സാറായിയുടെ സുവിശേഷം മാത്രമല്ല സാറായുടെ സുവിശേഷം കൂടിയാകുന്നു. അപമിത്തീകരണത്തിന്റെ (Demythologization) സൗന്ദര്യകല മാത്രമല്ല, രാഷ്ട്രീയകല കൂടിയാണിത്. മുൻപ് രാമായണകഥകളെയും കഥാപാത്രങ്ങളെയും സാറാജോസഫ് രാഷ്ട്രീയവൽക്കരിച്ചതു നാം കണ്ടതാണ്. ഇതാ ഇവിടെ രണ്ടു ബൈബിൾ കഥകളെയും ചില കഥാപാത്രങ്ങളെയും അവർ മൂർത്തവും ജൈവികവുമായി പ്രത്യയശാസ്ത്രവൽക്കരിക്കുന്നു.

നവീകരണത്തിനു (Reformation) മുൻപും പിൻപുമായി ബൈബിളിന് രണ്ട് വിഖ്യാത ചരിത്രജീവിതങ്ങളുണ്ട്. ഹീബ്രുഭാഷയിൽ എഴുതപ്പെടുകയും പിന്നീട് ഗ്രീക്ക്, ലാറ്റിൻ, സുറിയാനി തുടങ്ങിയ ക്ലാസിക് ഭാഷകളിലേക്കു മാത്രം വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത ബൈബിൾ, കഥകളായാലും ഗ്രന്ഥമായാലും സാമാന്യജനങ്ങൾക്കു വിലക്കപ്പെട്ടിരുന്നു. ക്ലാസിക്കൽ ഭാഷകളിൽ പ്രാവീണ്യമുള്ളവർക്കും മതപണ്ഡിതർക്കും പുരോഹിതർക്കും മാത്രം പ്രാപ്യമായിരുന്ന ബൈബിൾ ആധുനിക ഭാഷകളിലേക്കു വിവർത്തനം ചെയ്യുകയും അച്ചടിച്ച് സാധാരണ മനുഷ്യരിലെത്തിക്കുകയും വേണം എന്ന് മാർട്ടിൻ ലൂഥർ തീരുമാനിച്ചതോടെ ബൈബിളിനു മാത്രമല്ല യൂറോപ്പിനു തന്നെയും സംഭവിച്ച വിസ്മയകരമായ ജീവിതപരിണാമത്തിന്റെ പേരാണ് നവീകരണമെന്നത്. കൊളോണിയൽ കാലത്ത് യൂറോപ്യന്മാർ കോളനിരാജ്യങ്ങളിൽ ഭാഷകളെ മാനകീകരിച്ചതും ജനതകളെ മാനവീകരിച്ചതും ബൈബിളിന്റെ വിവർത്തനത്തിലൂടെയായിരുന്നു. മലയാളത്തിന്റെ കഥ തന്നെ നോക്കൂ. അച്ചടിയും (വിവർത്തനവും) വിദ്യാഭ്യാസവും (അറിവും) നിയമനിർമ്മാണവും (സാമൂഹികപരിഷ്‌ക്കരണം) പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയുംപോലെ പ്രവർത്തിച്ചാണ് ഒരേസമയം മലയാളഭാഷയെയും കേരളീയാധുനികതയെയും രൂപപ്പെടുത്തിയത്. നിശ്ചയമായും രാഷ്ട്രീയാധിനിവേശത്തിന്റെയും സാമ്പത്തിക ചൂഷണത്തിന്റെയും മതപ്രചാരണത്തിന്റെയും അജണ്ടകൾ പിന്നിലുണ്ടായിരുന്നുവെങ്കിലും കോളനിയാധുനികത, മധ്യകാലസാമൂഹ്യക്രമങ്ങളിൽനിന്നും കെട്ട പാരമ്പര്യങ്ങളിൽനിന്നും ജാത്യടിമത്തത്തിൽ നിന്നുമൊക്കെയുള്ള വലിയ വിട്ടുപോരലുകളായിരുന്നു തദ്ദേശീയർക്ക്. ജാതിസമൂഹങ്ങളെ പൗരസമൂഹങ്ങളാക്കിയതുകൊളോണിയലിസമാണ്. ഭാഷയും ഭാവനയും നവീകരിച്ചും മൂല്യങ്ങളും ബോധങ്ങളും പാശ്ചാത്യവൽക്കരിച്ചും സ്ഥാപനങ്ങളും വ്യവസ്ഥകളും മാനുഷികവൽക്കരിച്ചും മലയാളിയെ ആധുനികീകരിച്ചതിൽ കൊളോണിയലിസം വഹിച്ച പങ്ക് ചരിത്രപരമാണ്. അതിന്റെ അടിസ്ഥാനപ്രത്യയശാസ്ത്രപാഠം മലയാളം ബൈബിളായിരുന്നു എന്നു പറയുന്നതിൽ തെറ്റില്ല. മുഴുവൻ ഭാഷാ-ഭാവനാനവീകരണപ്രക്രിയകളുടെയും അടിത്തറയായി അതു മാറി എന്നതാണ് യാഥാർഥ്യം. അതിനെതിരെ രൂപംകൊണ്ട വിമർശനാത്മക സംവാദങ്ങൾ കൂടിചേരുമ്പോഴാണ് കേരളീയാധുനികതയുടെ സാംസ്‌കാരിക പൊതുമണ്ഡലം സാർഥകമാകുന്നത്. രാമായണവും മഹാഭാരതവും ബൈബിളും ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾക്ക് ഓരോരോ കാലത്തുമുണ്ടാകുന്ന പുനർവായനകൾ അതാതു കാലത്തിന്റെ സൗന്ദര്യശാസ്ത്രങ്ങളെ മാത്രമല്ല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയും പീഠവൽക്കരിക്കുന്നവയാണ്. ജനപ്രിയപാഠങ്ങൾ ഏതാണ്ടൊന്നടങ്കം ഈ പുനർവായനകളെ കൂടുതൽ കൂടുതൽ മതാത്മകവും യാഥാസ്ഥിതികവും അധിഭൗതികവുമായി വ്യവസ്ഥാവൽക്കരിക്കുമ്പോൾ തന്നെയാണ് വിമതപാഠങ്ങൾ അവയെ അപമിത്തീകരിച്ചും രാഷ്ട്രീയവൽക്കരിച്ചും ചരിത്രവൽക്കരിക്കുന്നത്. 'ആ മനുഷ്യൻ നീ തന്നെ', 'ആർക്കറിയാം', 'നാലാമത്തെ ആണി' തുടങ്ങിയ രചനകളിൽ യഥാക്രമം സിജെയും സക്കറിയയും ആനന്ദും കഴിഞ്ഞ നൂറ്റാണ്ടിൽ നിർവഹിച്ച ഈ ധർമ്മത്തെ അസാധാരണമായ സൗന്ദര്യ-രാഷ്ട്രീയ ബോധ്യങ്ങളോടെ മുന്നോട്ടുകൊണ്ടുപോവുകയാണ് സാറാജോസഫ്.

രണ്ടു നീണ്ടകഥകളോ ചെറിയ നോവലുകളോ ആണ് ഈ പുസ്തകത്തിലുള്ളത്. 'യൂനായുടെ ഒളിച്ചോട്ടങ്ങൾ', 'സാറായിയുടെ മരുദേശങ്ങൾ' എന്നിവ. ആമുഖത്തിൽ സാറാജോസഫ്, ചെറുപ്പത്തിൽ ചോദ്യങ്ങളും സംശയങ്ങളുമില്ലാതെ ഏറ്റുപാടിയ തന്റെ ബൈബിൾബോധ്യത്തിനുണ്ടായ പിൽക്കാലപരിണാമത്തിന്റെ കഥ പറയുന്നുണ്ട്. പഴയനിയമത്തിലെ 'സദാചാര'വിരുദ്ധകഥകളും കാട്ടുനീതിയുടെ വക്താവായ യഹോവയുടെ ക്രോധങ്ങളും ആധുനികതയുടെ പരിഷ്‌ക്കരണയുക്തികൾക്കു പുറത്താണ്. സെന്റ് അഗസ്റ്റിനാൽ വ്യവസ്ഥപ്പെടുന്ന ക്രിസ്ത്യൻ ലൈംഗികമൂല്യബോധങ്ങൾക്കു മുൻപാണല്ലോ അവയുടെ കാലം. ദാക്ഷിണ്യമില്ലാത്ത നീതികളുടെ വക്താവാണ് പഴയനിയമത്തിലെ ദൈവം. സാറാജോസഫ് എഴുതുന്നു:

'എന്റെ വീട്ടിൽ സന്ധ്യാപ്രാർത്ഥനയ്ക്കുശേഷം പതിവായി പുതിയനിയമം വായിക്കുമായിരുന്നു. അമ്മാമ-അപ്പന്റെ അമ്മ - പുസ്തകം വകഞ്ഞ് തുറന്നുവരുന്ന ഭാഗം ഉറക്കെ വായിക്കുക എന്നതാണു പതിവ്. അമ്മാമയില്ലെങ്കിൽ കൂട്ടത്തിൽ മുതിർന്ന ആരെങ്കിലുമാവും വേദപുസ്തകം പ്രാർത്ഥനാപൂർവം കൈയിലെടുത്തു വകഞ്ഞ് തുറക്കുക. വായന ഉറക്കെയായിരിക്കണം. എല്ലാവർക്കുംവേണ്ടിയായിരിക്കണം. പ്രത്യേക ഈണത്തിലുമായിരിക്കണം. ഉറക്കെയുള്ള വായനയ്ക്കുശേഷം ബൈബിൾ അടച്ചുവെക്കുമെങ്കിലും എന്റെ വായനാകൗതുകം കഥകളുടെ മഹാസാഗരമായ പഴയനിയമത്തിന്റെ മൗനവായനയ്ക്കായി നിലവിട്ട് കുതിച്ചുകൊണ്ടിരുന്നു. പഴയനിയമവായനകൾ പലപ്പോഴും ഒളിച്ചുള്ള വായനകളായിരുന്നു.

ഇക്കാലത്തിന്റെ നീതികളായിരുന്നില്ല അക്കാലത്തിന്റേത് എന്നു തിരിച്ചറിയാൻ കഴിവില്ലായിരുന്ന കുട്ടിക്കാലത്തെ പഴയനിയമവായന പലപ്പോഴും സംശയങ്ങളുടെയും അമ്പരപ്പുകളുടെയും ഭയത്തിന്റെയും അകമ്പടിയോടെയായിരുന്നു. ഏതൊരു ഇതിഹാസവും വളരുന്നത് അതു വായിക്കപ്പെടുന്ന ദേശകാലങ്ങളിൽവെച്ച് അതിനു പുതിയ വ്യാഖ്യാനങ്ങളും ആവിഷ്‌കാരങ്ങളും ഉണ്ടാകുമ്പോഴാണ്. സാഹിത്യത്തിന്റെയും ചിത്രകലയുടെയും നാടകത്തിന്റെയും സിനിമയുടെയും സംഗീതത്തിന്റെയുമൊക്കെ മേഖലകളിൽ ബൈബിളിനുണ്ടായിട്ടുള്ള വ്യാഖ്യാനങ്ങളും പുനർവായനകളും പുനരാഖ്യാനങ്ങളും ഒട്ടനേകമാണ്. നൂറ്റാണ്ടുകളുടെ ഈ മഹാസഞ്ചയവും കൂടിചേർന്ന് അനുദിനം വികസ്വരമായിക്കൊണ്ടിരിക്കുന്ന മഹാഗ്രന്ഥമാണ് ബൈബിൾ'.

ദേശ, കാലാന്തര രൂപകങ്ങളിലേക്ക് ഒരു ബൈബിൾ കഥയെയും അതിലെ കഥാപാത്രങ്ങളെയും പരകായപ്രവേശം ചെയ്യിക്കുന്ന രചനയാണ് 'യൂനായുടെ ഒളിച്ചോട്ടങ്ങൾ'. സാറാജോസഫിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ,

'ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തവനായ ദൈവത്തെ ചോദ്യം ചെയ്യുകയും അനുസരിക്കാതിരിക്കുകയും പറഞ്ഞതിനു നേർവിപരീതം പ്രവർത്തിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന 'യോനാ'യുടെ കഥ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ അനേകം സംവാദസാധ്യതകളെ തുറന്നിടുന്നുണ്ട്. ബി.സി. അഞ്ചാം നൂറ്റാണ്ടിലും ക്രിസ്തുവർഷം രണ്ടായിരാമാണ്ടുകളിലും ജീവിക്കുന്നവനായ യോനായെയാണ് യൂനായുടെ ഒളിച്ചോട്ടങ്ങൾ എന്ന ലഘുനോവലിൽ ഞാൻ ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. ഇനിയൊരായിരമാണ്ടു കഴിഞ്ഞാലും, ബൈബിൾ നിലനില്ക്കുന്നിടത്തോളം കാലവും ദൈവവുമായി സംവാദത്തിലും സംഘർഷത്തിലും അനുസരണക്കേടിലുമേർപ്പെട്ടുകൊണ്ട് യൂനാ പുനരവതരിച്ചുകൊണ്ടേയിരിക്കും'.

ഒരേസമയം ബൈബിളിലെ യൂനാപ്രവാചകന്റെ കഥയുടെ ഒറിജിനലും പകർപ്പുമാണ് സാറായുടെ രചന. ദൈവത്തിൽനിന്ന് ഒളിച്ചോടുന്നു, യൂനാ. (സാറായിയുടെ മരുദേശങ്ങളിലെ അബ്രഹാമും ഒളിച്ചോട്ടക്കാരനാണ്. യൂനാ സ്ഥലകാലങ്ങളിൽ ദൈവവുമായി ഒളിച്ചുകളിക്കുകയായിരുന്നുവെങ്കിൽ അബ്രഹാം സ്വന്തം ആത്മാവുമായാണ് അതു ചെയ്തത് എന്നു മാത്രം. അഹിതങ്ങളിൽ നിന്നും യാഥാർഥ്യങ്ങളിൽനിന്നും തന്നിൽ നിന്നുതന്നെയും ഒളിച്ചോടുന്ന പുരുഷനെയാണ് യൂനായുടെ ഭാര്യയും പെണ്മക്കളും കരുണയോടെ പിന്തുടരുന്നതും കണ്ടെത്തുന്നതും സാറായി കുപിതയായി ആത്മനിന്ദയോടെ ചോദ്യം ചെയ്യുന്നതും. പുരുഷന്മാരുടെ ഭീരുത്വവും ആത്മവഞ്ചനയും സ്ത്രീകളുടെ നേർവഴിയും ധീരതയുമാണ് ഒരർഥത്തിൽ ഇരുകഥകളുടെയും ഗുണപാഠം-ദൈവവും ഒരു പുരുഷനാണ് എന്ന ഞെരിഞ്ഞിൽ കിരീടം വച്ച പരിഹാസവും). നിനെവെ നഗരത്തിലെത്തി അവിടത്തെ പാപികളായ മനുഷ്യർക്കെതിരെ പ്രസംഗിക്കാൻ ദൈവം പറഞ്ഞുവിട്ട യൂനാ അതിനു മടിച്ച് മനഃപൂർവം തർശീശ് എന്ന മറ്റൊരു നഗരത്തിലെക്കാണ് പോയത്. അയാൾ കയറിയ കപ്പൽ ദൈവം കൊടുങ്കാറ്റിലുലച്ചു. സഹയാത്രികരും നാവികരും ചേർന്ന് യൂനായെ കടലിലെറിഞ്ഞ് സ്വയം രക്ഷിച്ചു. യൂനായെ ദൈവമയച്ച ഒരു മത്സ്യം വിഴുങ്ങി. മൂന്നു ദിവസം മത്സ്യത്തിന്റെ വയറ്റിൽ കിടന്ന് ദൈവത്തോടു നിലവിളിച്ച യൂനായെ മത്സ്യം കരയിൽ ഛർദ്ദിച്ചു. യൂനാ നിനെവെയിലേക്കു പോയി അവിടത്തെ ജനത്തോട് അനുതപിക്കാൻ പ്രസംഗിച്ചു. അവരും അവരുടെ രാജാവും അങ്ങനെ ചെയ്തതിനാൽ ദൈവം അവരെ ശിക്ഷിച്ചില്ല. യൂനാ ഇതിൽ കുപിതനായി ദൈവത്തെ പഴിച്ചു. ബൈബിളിൽ ഇങ്ങനെയാണ് ഈ കഥാഭാഗം എഴുതിയിരിക്കുന്നത്:

'യോനെക്കു ഇതു അത്യന്തം അനിഷ്ടമായി, അവന്നു കോപം വന്നു. അവൻ യഹോവയോടു പ്രാർത്ഥിച്ചു: അയ്യോ യഹോവേ, ഞാൻ എന്റെ ദേശത്തു ആയിരുന്നപ്പോൾ ഞാൻ പറഞ്ഞ വാക്കു ഇതുതന്നേ അല്ലയോ? അതുകൊണ്ടായിരുന്നു ഞാൻ തർശീശിലേക്കു ബദ്ധപ്പെട്ടു ഓടിപ്പോയതു; നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമായി അനർഥത്തെക്കുറിച്ചു അനുതപിക്കുന്നവൻ എന്നു ഞാൻ അറിഞ്ഞു. ആകയാൽ യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു എന്നു പറഞ്ഞു. നീ കോപിക്കുന്നതു വിഹിതമോ എന്നു യോഹോവ ചോദിച്ചു. അനന്തരം യോനാ നഗരം വിട്ടു ചെന്നു നഗരത്തിന്റെ കിഴക്കേവശത്തു ഇരുന്നു; അവിടെ ഒരു കുടിലുണ്ടാക്കി നഗരത്തിന്നു എന്തു ഭവിക്കും എന്നു കാണുവോളം അതിൻകീഴെ തണലിൽ പാർത്തു. യോനയെ അവന്റെ സങ്കടത്തിൽ നിന്നു വിടുവിപ്പാൻ തക്കവണ്ണം അവന്റെ തലെക്കു തണൽ ആയിരിക്കേണ്ടതിന്നു യഹോവയായ ദൈവം ഒരു ആവണക്കു കല്പിച്ചുണ്ടാക്കി. അതു അവന്നു മീതെ വളർന്നുപൊങ്ങി; യോനാ ആവണക്കുനിമിത്തം അത്യന്തം സന്തോഷിച്ചു. പിറ്റെന്നാൾ പുലർന്നപ്പോൾ ദൈവം ഒരു പുഴുവിനെ കല്പിച്ചാക്കി; തു ആവണക്കു കത്തിക്കളഞ്ഞു. അതു വാടിപ്പോയി. സൂര്യൻ ഉദിച്ചപ്പോൾ ദൈവം അത്യുഷ്ണമുള്ളോരു കിഴക്കൻകാറ്റു കല്പിച്ചുവരുത്തി; വെയിൽ യോനയുടെ തലയിൽ കൊള്ളുകയാൽ അവൻ ക്ഷീണിച്ചു മരിച്ചാൽ കൊള്ളാം എന്നു ഇച്ഛിച്ചു; ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു എന്നു പറഞ്ഞു. ദൈവം യോനയോടു: നീ ആവണക്കു നിമിത്തം കോപിക്കുന്നതു ഹിതമോ എന്നു ചോദിച്ചതിന്നു അവൻ: ഞാൻ മരണപര്യന്തം കോപിക്കുന്നതു വിഹിതംതന്നേ എന്നു പറഞ്ഞു. അതിന്നു യഹോവ നീ അധ്വാനിക്കയോ വളർത്തുകയോ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായിവരികയും ഒരു രാത്രിയിൽ നശിച്ചുപോകയും ചെയ്തിരിക്കുന്ന ആവണക്കിനെക്കുറിച്ചു നിനക്കു അയ്യോഭാവം തോന്നുന്നുവല്ലോ. എന്നാൽ വല്ലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരു ലക്ഷത്തിരുപതിനായിരത്തിൽ ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ എന്നു ചോദിച്ചു'.

സാറാജോസഫ്, നിനെവെ, തർശീശ് എന്നീ നഗരങ്ങളെ 'ക', 'തി' എന്നീ നഗരങ്ങളായും കപ്പൽയാത്രയെ തീവണ്ടിയാത്രയായും ബി.സി. അഞ്ചാം നൂറ്റാണ്ടിനെ എ.ഡി. രണ്ടായിരാമാണ്ടുകളായും യൂനായെ പിടികൂടുന്ന ദൈവത്തെ ന്യായാധിപനായും ദൈവത്തിനെതിരായ ജനങ്ങളുടെയും രാജാവിന്റെയും പാപങ്ങളെ പ്രകൃതിക്കും മനുഷ്യർക്കുമെതിരായ പ്രത്യയശാസ്ത്രങ്ങളുടെയും ഭരണകൂടങ്ങളുടെയും തിന്മകളായും മാറ്റിയെഴുതുന്നു. മൂലപാഠത്തെക്കാൾ മൂർച്ചയുള്ള അനുകല്പനമായി അതു മാറുകയും ചെയ്യുന്നു. 'ഒറിജിനലിനെക്കാൾ മികച്ച പകർപ്പ്' എന്നു വേണമെങ്കിൽ ബോദിലാദിയൻ രീതിയിൽ ഈ കലാപ്രവർത്തനത്തെ വിളിക്കാം.

'അപരന്റെ ദൈവം ചെകുത്താനാണ്' എന്ന താക്കോൽവാക്യത്തിൽ ഈ കഥ സംവഹിക്കുന്നത് എക്കാലത്തെയും രാഷ്ട്രീയചരിത്രമാണെങ്കിലും അതിന്റെ മൂർത്തസന്ദർഭം നമ്മുടെ കാലം തന്നെയാണ്. വർഗീയകലാപങ്ങളും വംശീയലഹളകളും ഗോത്രയുദ്ധങ്ങളും ജാതിവെറികളും വർണവൈരങ്ങളും ഗർഭം ധരിച്ച വർത്തമാനകാലത്തിന്റെ കഥയാണ് സാറാജോസഫ് എഴുതുന്നത്. വിദ്യാർത്ഥികലാപങ്ങൾ. കലാകാരരുടെ പലായനങ്ങൾ. ബാലവേശ്യകൾ. കർഷകരുടെ ആത്മാഹൂതികൾ. ഭൂമിക്കുമേലുള്ള മാലിന്യക്കൂമ്പാരങ്ങൾ- യൂനായുടെ വാക്കുകൾക്കു കാതോർത്ത് അനുതപിച്ച നിനെവെയിലെ രാജാവിനെയും ജനത്തെയും പോലെയായിരുന്നില്ല 'ക'യിലെ ജനവും ഭരണകൂടവും. അവർ ചാരം പൂശി, ചാക്കുടുത്ത് തങ്ങളുടെ തെറ്റുകളിൽ നിലവിളിക്കുകയല്ല ചെയ്തത്, യൂനായെ കല്ലെറിയുകയും വെട്ടിമുറിക്കുകയും ഓടയിലേക്കു വലിച്ചെറിയുകയുമാണ്. യൂനായുടെ ഭാര്യയും പെണ്മക്കളും രണ്ടായിരത്തഞ്ഞൂറുകൊല്ലം അയാളെ തേടിനടന്നു. ഒടുവിൽ കലാപങ്ങളും ലഹളകളും കൊണ്ടു ശിഥിലമായ 'ക'യിൽ, മുറിവേറ്റ നിലയിൽ ചോരയിലും ചളിയിലും മുങ്ങി അയാളെ അവർ കണ്ടെത്തി. മരണാസന്നനായി കിടക്കുമ്പോഴും തന്നോടനീതി ചെയ്തുവെന്നയാൾ കരുതുന്ന ദൈവത്തെ അയാൾ ശപിച്ചുകൊണ്ടേയിരുന്നു. ദൈവവും ജനതകളും നൂറ്റാണ്ടുകളും ഉപേക്ഷിച്ച പ്രവാചകനെ അയാളുടെ ഭാര്യയും പെണ്മക്കളും കയ്യേറ്റു.

' 'ദൈവമേ! ദൈവമേ!'

'ക'യുടെ ഇരമ്പുന്ന തെരുവോരത്ത് ഒരു ഓടയിൽ കിടന്നുകൊണ്ട് അവശനും അവഗണിതനുമായി യൂനാ ഞരങ്ങി.

'ഇപ്പോഴും നീ ദുഷ്ടനെ പനപോലെ വളർത്തുന്നു! എന്നെ ഇടയ്ക്കു നിർത്തുകയും ചെയ്യുന്നു. എന്തുകൊണ്ട് ഇതാവർത്തിക്കുന്നു? എനിക്ക് പിടികിട്ടുന്നില്ല. ആവർത്തിച്ചുകൊണ്ടേയിരിക്കുന്നുവെന്നല്ലാതെ ഒന്നും എനിക്കറിയില്ല. എനിക്കെന്തു സംഭവിച്ചാലും നീ, നിന്റെ വഴിയേ സഞ്ചരിക്കുന്നു. വീണ്ടും വീണ്ടും നീയെന്നെ പിടികൂടുന്നു. എന്റെ വേദനകൾ, ഒറ്റപ്പെടലുകൾ, ഞാനേല്ക്കുന്ന പീഡനങ്ങൾ ഒന്നും നിനക്ക് പ്രശ്‌നമാകുന്നില്ല. നീ നിന്റെ ഹിതത്തിനനുസരിച്ച് ലോകത്തെ ചലിപ്പിക്കും. ശിക്ഷിക്കുമെന്നു പറഞ്ഞിരുന്ന നഗരത്തെ രക്ഷിച്ചുകൊണ്ട് നീ എന്നെ പരിഹസിച്ചു. ഞാൻ ഇനിയും നിന്നെ ചോദ്യംചെയ്തുകൊണ്ടിരിക്കും. സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യട്ടെ! മഴ പെയ്യുകയും വെയിൽ വീഴുകയും ചെയ്യട്ടെ. ജനിക്കുകയും മരിക്കുകയും ചെയ്യട്ടെ! നീയെന്നെ പിടികൂടാതിരുന്നാൽ സൂര്യൻ കെട്ടുപോകുമെന്നും മഴമേഘങ്ങൾ വഴിയൊഴിയുമെന്നും കാറ്റ് നിശ്ചലമാകുമെന്നും മഹാമാരിയും ക്ഷാമവും ലോകത്തെ വിഴുങ്ങുമെന്നും ഞാനറിയുന്നു. അതിനാൽ ഞാൻ നിനക്കു പിടിതന്നുകൊണ്ടേയിരിക്കും. നിനക്കു പിടിതരുന്നില്ലായെങ്കിൽ ഞാനെങ്ങനെ യൂനായാകും? വെറും മാംസപിണ്ഡമായി ഞാനെങ്ങനെ ജീവിക്കും?'.

'അപ്പാ', യൂനായുടെ പെണ്മക്കളുടെ തേൻപോലെയുള്ള വിളി അയാൾ കേട്ടു. തളിരുപോലുള്ള കൈകൾകൊണ്ട് അവരയാളെ തഴുകി. അയാൾ കണ്ണുതുറന്നു.

കത്തുന്ന മെഴുകുതിരികൾപോലെ ശാന്തമായ അവരുടെ മുഖങ്ങൾ അയാൾ കണ്ടു. യൂനായുടെ ഭാര്യ ഓടയിൽനിന്ന് അയാളെ താങ്ങിയെഴുന്നേല്പിച്ചു. വസ്ത്രങ്ങളിൽ പുരണ്ട ചേറും ചെളിയും ചോരയും അവർ തുടച്ചുകളഞ്ഞു. അവളുടെ കണ്ണുനീർ അയാളുടെ ശിരസ്സിൽ ഇറ്റുവീണുകൊണ്ടിരുന്നു.

'വീട്ടിലേക്കു പോകാം', അവൾ പറഞ്ഞു'.

ദൈവവും മനുഷ്യരും തമ്മിലുള്ള ഉടമ്പടികളുടെ അനന്തമായ പുനരാഖ്യാനസാധ്യതകളിലാണ് 'യൂനായുടെ ഒളിച്ചോട്ടങ്ങൾ' നിലകൊള്ളുന്നത്. അടിമയും വിധേയനുമാണെങ്കിലും നുണയനും ഭീരുവുമാണ് പുരുഷൻ. തെരഞ്ഞെടുക്കപ്പെടുന്ന പ്രവാചകന്മാരുടെ കഥയും ഭിന്നമല്ല. യൂനായും അബ്രഹാമും ആത്മരക്ഷക്കുവേണ്ടി കള്ളം പറഞ്ഞവരും നിലവിളിച്ചവരുമാണ്. കാലാന്തരവും ദേശാന്തരവുമായ ചരിത്രസന്ധികളിൽ ദൈവത്തെ ധിക്കരിച്ചും സംശയിച്ചും വിമർശിച്ചും ചോദ്യം ചെയ്തും ആത്മബലത്തോടെ മുന്നോട്ടുപോകുന്നത് സ്ത്രീയാണ്. അവൾ ദൈവമുപേക്ഷിച്ച പുരുഷന്റെ കാവലാളാകും. എന്നിട്ടും അവൻ അവളെ വഞ്ചിച്ചുകൊണ്ടേയിരിക്കും. യേശു ഒരു സ്ത്രീയായിരുന്നു എന്നു വിചാരിക്കേണ്ടിവരുന്ന സാഹചര്യമിതാണ്. പഴയനിയമത്തിൽ നിന്ന് പുതിയ നിയമത്തിലെത്തുമ്പോൾ ദൈവത്തിനു മാത്രമല്ല പ്രവാചകന്മാർക്കും കൈവരുന്ന അടിസ്ഥാനപരമായ മാറ്റം പെണ്മയുടെയും കരുണയുടെയും മൂല്യങ്ങളിലേക്ക് അവർക്കു സംഭവിക്കുന്ന ആന്തരരൂപാന്തരമാണ്.

തന്റെ തന്നെ രക്ഷയ്ക്കായി മണ്ണിനെയും പെണ്ണിനെയും ഒറ്റുകൊടുക്കുന്ന മറ്റൊരു പുരുഷന്റെ കഥയിലേക്കാണ് 'സാറായിയുടെ മരുദേശങ്ങൾ' എന്ന അടുത്ത രചനയിൽ സാറാജോസഫ് സഞ്ചരിച്ചെത്തുന്നത്. ഉല്പത്തിപ്പുസ്തകത്തിൽനിന്നുള്ള കഥയാണ് സാറായിയുടേത്. വംശാധിപത്യത്തിന്റെയും ഗോത്രാടിമത്തത്തിന്റെയും രാസസൂത്രം ഉള്ളടങ്ങുന്ന ഹിംസയുടെ സുവിശേഷമാണ് ഉല്പത്തിപ്പുസ്തകം. വേരറ്റുപോകുന്ന ജാതികളുടെ പുറപ്പാടുകളുടെയും കലങ്ങിമറിയുന്ന ഭാഷകളുടെയും മുടിഞ്ഞുപോകുന്ന കുലങ്ങളുടെയും ചോരക്കഥകൾ. പിതാക്കന്മാരുടെ പാപവും ശാപവും പുത്രരിലേക്കു തീപോലെ പടരുന്ന കാലങ്ങൾ. സഹോദരങ്ങൾ തമ്മിൽ തമ്മിൽ ഒറ്റുകൊടുത്തും തച്ചുകൊന്നും തീർന്ന ദേശങ്ങൾ. രക്തബന്ധുക്കൾ തമ്മിലിണചേർന്ന് സർപ്പസന്തതികൾ പെറ്റുപെരുകിയ കഥകൾ. ഉല്പത്തിപ്പുസ്തകത്തിലെ ആറു മഹാപുരുഷന്മാരുടെ (ആദം, നോഹ, അബ്രഹാം, ഇസഹാക്ക്, യാക്കോബ്, യോസഫ്) നടുനായകനും തന്റെ ജനതയെ രക്ഷിക്കാൻ ദൈവം നേരിട്ടു തെരഞ്ഞെടുത്തവനുമായ അബ്രഹാമിന്റെ ഭാര്യയാണ് മച്ചിയായ സാറായി.

ഉല്പത്തിപ്പുപസ്തകം മാത്രമല്ല, ബൈബിൾ രണ്ടു നിയമങ്ങളും ഏതാണ്ടൊന്നടങ്കം മഹാപിതാക്കന്മാരുടെയും ഗുരുക്കന്മാരുടെയും പ്രവാചകന്മാരുടെയും രാജാക്കന്മാരുടെയും പുരുഷസൂക്തങ്ങളാണ്. ആദാം ശേത്തിനെയും ശേത്ത് ഏനോശിനെയും ഏനോശ് കേനാനെയും കേനാൻ മഹലലേലിനെയും മഹലലേൽ യാരെദിനെയും യാരെദ് ഹാനോക്കിനെയും ഹാനോക്ക് മെഥുശലഹിനെയും മെഥുശലഹ് ലാമെക്കിനെയും ലാമെക്ക് നോഹയെയും സൃഷ്ടിച്ചു. ഈ വംശപരമ്പരയിൽ പെണ്ണിന്റെ താവഴിയില്ലെന്നു മാത്രമല്ല, സ്ത്രീകളെക്കുറിച്ചുള്ള സൂചനതന്നെയുമില്ല. പുരുഷൻ പുരുഷനെ പെറ്റുണ്ടായതുപോലുള്ള വംശഗാഥകൾ.

മഹാപ്രളയത്തിനുശേഷം നോഹ ഒരിക്കൽ മദ്യലഹരിയിൽ മയങ്ങിക്കിടക്കുമ്പോൾ അയാളുടെ മൂന്നാൺമക്കളിലൊരുവനായ ഹാം പിതാവിന്റെ നഗ്നത കണ്ടു. നോഹ അവനെ ശപിച്ചത് സഹോദരങ്ങളായ ശേമിനും യാഫെത്തിനും അവരുടെ സന്തതിപരമ്പരകൾക്കും ഹാമും സന്തതിപരമ്പരകളും ദാസരായിത്തീരും എന്നായിരുന്നു. അവിടെത്തുടങ്ങുന്നു, ഒന്നിനുമേൽ മറ്റൊന്നിന്റെ ആധിപത്യം നടപ്പാകുന്ന വംശങ്ങളുടെയും ജാതികളുടെയും ഗോത്രങ്ങളുടെയും ഭാഷകളുടെയും കുലങ്ങളുടെയും വർഗങ്ങളുടെയും ചരിത്രം. ശേമിന്റെ പരമ്പരയാണ് സെമിറ്റിക് മതത്തിന്റെ വംശവൃക്ഷമായി വളർന്നത്.

ശേം അർപ്പക്ഷാദിനെയും അർപ്പക്ഷാദ് ശാലഹിനെയും ശാലഹ് എബെറിനെയും എബെർ പേലെഗിനെയും പേലെഗ് രെയൂവിനെയും രെയു നാഹേറിനെയും നാഹേർ തേരഹിനെയും തേരഹ് അബ്രഹാമിനെയും ജനിപ്പിച്ചു. ഇവിടെയും സ്ത്രീ അസന്നിഹിതയാണ്. എല്ലാ പുരുഷന്മാരുടെയും പുരുഷനായ ദൈവം തന്റെ ജനതയായി ഇസ്രയേൽജനത്തെ തെരഞ്ഞെടുത്തു. പാഗനിസ്റ്റുകളെ ശിക്ഷിച്ച യഹോവ ഹാമിനെയും സന്തതിപരമ്പരകളെയും അടിമകളും ദാസരുമാക്കി മാറ്റി.

അബ്രഹാമിനെയാണ് ബൈബിൾ പിന്തുടരുന്നത്. അയാളുടെ ഭാര്യ സാറായിയെ സാറാജോസഫും. ആമുഖത്തിൽ സാറാജോസഫ് എഴുതുന്നു: 'യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ടവനും ജനതകളുടെ പിതാവാകുമെന്നു പ്രവചിക്കപ്പെട്ടവനുമായ അബ്രാഹാമിന്റെ ഭാര്യ സാറായി തന്റെ ഭർത്താവിനെപ്പോലെ സംശയലേശമെന്യേ യഹോവയുടെ വാക്കുകൾ വിശ്വസിക്കുന്നവളല്ല. അവൾ സംശയിക്കുകയും തള്ളിക്കളയുകയും പരിഹസിച്ചു ചിരിക്കുകയും ചെയ്യുന്നുണ്ട് യഹോവയുടെ വാക്കുകളെ. യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ടവനായ അബ്രാഹാമിനോടൊത്തുള്ള സാറായിയുടെ ജീവിതം സ്വസ്ഥവും മധുരവും അഭിമാനപൂർണവുമായിരുന്നോ? അകത്തും പുറത്തും മരുഭൂമികളിലൂടെ അലഞ്ഞവളെപ്പറ്റിയാണ് സാറായിയുടെ മരുദേശങ്ങൾ എന്ന ലഘുനോവൽ എഴുതപ്പെട്ടിട്ടുള്ളത്'.

അബ്രഹാമിന്റെയും സാറായിയുടെയും നൂറ്റാണ്ടുപിന്നിട്ട ജീവിതസന്ദർഭങ്ങളിലൊന്നാണ് കഥയുടെ പശ്ചാത്തലം. ഓർമയും പ്രജ്ഞയും നഷ്ടമായ അബ്രഹാമിന് സാറായി തീക്കനലുകൾ പോലുള്ള ഭൂതകാലാനുഭവങ്ങൾ ഓർത്തെടുത്തുകൊടുക്കുകയാണ്. ഹാമിന്റെ സന്തതിപരമ്പരകൾ, മണ്ണിലധ്വാനിച്ച് തേനും പാലുമൊഴുക്കുന്ന കാനാൻദേശം തനിക്കും മക്കൾക്കും വേണ്ടി തട്ടിയെടുക്കാൻ അബ്രഹാമിന് ദൈവം കൂട്ടുണ്ടായിരുന്നു. പക്ഷെ ദൈവത്തിന്റെ ജനത്തെ രക്ഷിക്കാനിറങ്ങിയ അബ്രഹാമിന് മക്കളുണ്ടായിരുന്നില്ല, സാറായി മച്ചിയായിരുന്നു. അവൾ, തന്റെ ദാസിയായ ഹാഗാറിനെ പ്രാപിക്കാനും ഒരു മകനെ ജനിപ്പിക്കാനും അയാളെ നിർബ്ബന്ധിച്ചു. എങ്കിലും ഹാഗാർ ഗർഭിണിയായതോടെ സാറായിക്ക് ഉറക്കം നഷ്ടപ്പെട്ടു. പണ്ടൊരിക്കൽ ഫറവോൻ സാറായിയുടെ സൗന്ദര്യം കണ്ട് അവളെ പ്രാപിക്കാൻ തുനിഞ്ഞപ്പോൾ അവൾ തന്റെ പെങ്ങളാണെന്നു നുണപറഞ്ഞ് സ്വയം രക്ഷതേടിയ അബ്രഹാമിനെ അവൾ പലകുറി വിചാരണ ചെയ്തു.

'ഫറവോന്റെ പ്രഭുക്കന്മാർ അവർക്കൊരു സ്ഥലം കാട്ടിക്കൊടുത്തു.

'അബ്രഹാമിന്റെ പെങ്ങൾ!' കൂടാരത്തിൽ വിളക്കുകൊളുത്തുമ്പോൾ സാറായി നെടുവീർപ്പിട്ടു. അവർ അന്നേദിവസം മുഴുവൻ അയാളോടു സംസാരിക്കാൻ ഇഷ്ടപ്പെട്ടില്ല. രാത്രിയിലും അവൾ അകന്നുമാറിക്കിടന്നു. പിറ്റേന്നു പകൽ ഫറവോന്റെ അരമനയിലേക്ക് അവളെ കൊണ്ടുപോകാൻ ആളുകളെത്തി. അതിനു യാതൊരു ബലപ്രയോഗവും വേണ്ടിവന്നില്ല. അബ്രാം തന്റെ മുഖത്തു നോക്കുന്നില്ലെന്ന് സാറായി കണ്ടു.

'നിങ്ങൾ ഭാഗ്യവാനാണ്. സുന്ദരിയായ പെങ്ങളുടെ പേരിൽ ഫറവോൻ നിങ്ങളെ സമ്പന്നനാക്കും. അന്യദേശത്ത് നിങ്ങൾക്ക് ഒന്നിനും വിഷമിക്കേണ്ടിവരില്ല. നിങ്ങൾക്കു ധാരാളം ആടുമാടുകളും ഒട്ടകങ്ങളും ദാസീദാസന്മാരും ഫറവോന്റെ അരമനയിൽനിന്ന് പാരിതോഷികമായി വരും'.

സാറായിയെ കൊണ്ടുപോകാൻ വന്ന പ്രഭുക്കന്മാർ അബ്രാമിനോടു പറഞ്ഞു. അവരോടൊപ്പമുണ്ടായിരുന്ന സ്ത്രീകൾ അവളെ അവരുടെ രീതിയിലുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുകയും അവർ മുടിയിൽ ചൂടാറുള്ള മുടിപ്പൂവുകൾ ചൂടിക്കുകയും ചെയ്തു. തന്റെ ഭാര്യ സാറായിയെ അബ്രാം കണ്ണുചിമ്മാതെ നോക്കിക്കൊണ്ടു നിന്നു. അവളെ പെങ്ങളായിക്കണ്ട് ഫറവോന്റെ കിടപ്പറയിലേക്കു പറഞ്ഞയയ്ക്കുക ദുസ്സഹമായിരുന്നു. അവർ അവളെയുംകൊണ്ടു പോയതിനുശേഷം അബ്രാം കനത്ത ദുഃഖത്തോടെ കൂടാരത്തിനകത്തിരുന്നു. ഇതു യഹോവയുടെ കോപംമൂലം സംഭവിച്ചതാണെന്നയാൾ ഭയന്നു. കാനാൻദേശത്ത് തന്റെ സന്തതിപരമ്പരകളെക്കൊണ്ട് യഹോവയുടെ ജനതയെ നിർമ്മിക്കുന്നതിനു വാക്കുകൊടുത്തവനായിരുന്നു അബ്രാം. എന്നാൽ, യഹോവയുടെ വാഗ്ദത്തദേശം വിട്ട് അയാൾ ഈജിപ്തിലെത്തി. ഈജിപ്ത് അയാൾക്കുവേണ്ടി ഈ വലിയ ദുഃഖം കാത്തുവെച്ചു.

സാറായി ഫറവോന്റെ കിടപ്പറയിലേക്കെത്തിയതും ഇടിമിന്നലിന്റെ വേഗത്തിലും ആഘാതത്തിലും ഒരു മഹാമാരി ഫറവോന്റെ കൊട്ടാരത്തെ ആക്രമിച്ചു. ആളുകൾ മരിച്ചുവീഴാൻ തുടങ്ങി. കൊട്ടാരത്തിന്റെ പടിവാതിലിലൂടെ മഹാരോഗം നഗരത്തിലെ തെരുവുകളിലേക്കു പടർന്നു. തെരുവുകൾ മരിച്ചവരെയും മരിച്ചുവീഴുന്നവരെയും കൊണ്ട് മൂടപ്പെട്ടു. ജനങ്ങൾ മുറവിളികൂട്ടി. ഫറവോൻ തെറ്റുചെയ്തിരിക്കുന്നു. അവൻനിമിത്തം ജനങ്ങൾ മരിക്കുന്നു. സാറായി അബ്രാമിന്റെ പെങ്ങളല്ല. ഭാര്യയാണെന്ന സത്യം ജനങ്ങൾ മനസ്സിലാക്കിയിരുന്നു. അബ്രാമിന്റെ ദൈവം അതിശക്തനാണ്. ഈ മഹാമാരി ഈജിപ്തിനുമേൽ അയച്ചത് ആ ദൈവംതന്നെ! അവർ തെരുവുകളിൽ കൂട്ടംകൂടി നിന്ന് നിലവിളിച്ചു. ഫറവോൻ അബ്രാമിനെ വിളിപ്പിച്ചു:

'എന്തിനാണ് നീ എന്നോട് ഇങ്ങനെ ചെയ്തത്? ഇവൾ നിന്റെ പെങ്ങളാണെന്ന് നുണപറഞ്ഞത് എന്തിനായിരുന്നു. നീ കാരണം ഞാൻ പാപം ചെയ്യാൻ ഇടയായേനേ'.

തന്റെ കൊട്ടാരവും രാജ്യവും ജനങ്ങളും ആപത്തിൽപ്പെട്ടിരിക്കുന്നത് അബ്രാമിന്റെ ദൈവം മൂലമാണെന്ന് ഫറവോനും സംശയിച്ചു. അതുകൊണ്ട് അബ്രാമിനെയോ സാറായിയെയോ ശിക്ഷിക്കാൻ അയാൾ തയ്യാറായില്ല. പ്രാണഭയംമൂലമാണ് താൻ നുണപറഞ്ഞതെന്ന് അബ്രാം പറഞ്ഞു.

'നിന്റെ ഭാര്യയെ വിളിച്ചുകൊണ്ടുപോകൂ. എന്റെ രാജ്യത്തിന്റെ അതിർത്തികടക്കുന്നതുവരെ നിങ്ങളെ ആരും ഉപദ്രവിക്കില്ല. എന്റെ മേൽ പതിഞ്ഞ നിന്റെ ദൈവത്തിന്റെ കോപം പിൻവലിക്കപ്പെടട്ടെ'.

അബ്രാമിനോടൊപ്പം ഈജിപ്തിൽനിന്ന് തിരിച്ചുപോരുമ്പോൾ സാറായിയുടെ മനസ്സ് കല്ലുപോലെ ഉറച്ചുപോയിരുന്നു. അവൾ അയാളുടെ മുഖത്തേക്കു നോക്കിയില്ല. അയാളോടു പറയേണ്ട കാര്യങ്ങൾ അവൾ ഒട്ടകത്തോടു പറഞ്ഞു. അവൾ പരാതിപറയുകയോ നിലവിളിക്കുകയോ ചെയ്തില്ല. അബ്രാമിന്റെ ഭീരുത്വത്തെ കുറ്റപ്പെടുത്തിയുമില്ല. അവളുടെ നിസ്സംഗത അബ്രാമിനെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തു.

'എന്റെ ജീവൻ രക്ഷിച്ചതിന് നന്ദി'.

അബ്രാം ഹൃദയത്തിൽ നിന്ന് പറഞ്ഞു. രാത്രി അവൾക്കു തണുത്തപ്പോൾ തന്റെ തുകൽക്കുപ്പായത്തിനുള്ളിൽ അയാൾ അവളെ പൊതിയുകയും നെഞ്ചിന്റെ ചൂടി അവൾക്കു കൊടുക്കുകയും ചെയ്തു. കഴിഞ്ഞ രാത്രികളിലൊന്നും താനുറങ്ങിയില്ലെന്നും അവളെയോർത്തു ദുഃഖിച്ചുവെന്നും അയാൾ പറഞ്ഞു.

'ഇന്ന് രാത്രി എനിക്ക് സുഖമായി ഉറങ്ങണം സാറായീ, നിന്റെ തലമുടി എന്റെ മുഖത്ത് വീഴാതെ നോക്കുക. അതിനു ഫറവോന്റെ കൊട്ടാരത്തിന്റെ മണമുണ്ട്. നീ തല മൂടി കിടക്കുക'.

'എന്റെ മുടിയിൽ ഈ സുഗന്ധം തേച്ചത് നിങ്ങൾതന്നെയല്ലേ?'.

'അതെനിക്ക് തലവേദനയുണ്ടാക്കുന്നു. നിനക്കറിയാമല്ലോ, ഞാൻ നീതിമാനായ ഒരു മനുഷ്യനാണ്'.

'എന്റെ തലവേദനകൾ ആവർത്തിക്കപ്പെടാതിരിക്കട്ടെ'.'

പക്ഷെ അവളുടെ തലവേദനകൾ ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളു. മറ്റൊരിക്കൽ സാറായിയെ കണ്ടുമോഹിച്ച ഗെരാറിലെ ജനങ്ങളോടും അവരുടെ രാജാവായ അബിമേലെക്കിനോടും വീണ്ടും അതേ നുണതന്നെ അബ്രഹാം ആവർത്തിച്ചു. അപ്പോഴവൾ അയാളെ മാത്രമല്ല അയാളുടെ ദൈവത്തെയും ചോദ്യം ചെയ്തു. 'അബ്രാഹാം അവന്റെ നിധി തേടി യാത്ര തുടരുകതന്നെ ചെയ്യും. യഹോവയുടെ നിയമപ്രകാരം ജീവിക്കുന്നൊരു ലോകജനതയെ രൂപപ്പെടുത്തിയെടുക്കാൻ നിയോഗിക്കപ്പെട്ടവനായതിനാൽ അതിരുകൾ വിസ്തൃതമാക്കേണ്ടിയിരിക്കുന്നുവെന്ന് അവൻ പറഞ്ഞു. അവൻ ഭാര്യയോടും പരിവാരങ്ങളോടുമൊപ്പം തെക്കോട്ടു സഞ്ചരിച്ച് ഗെരാർ നഗരത്തിലെത്തി.

'ഇത് എന്റെ പെങ്ങൾ സാറാ'.

ഗെരാറിലെ മനുഷ്യരോട് അവൻ അവളെ പരിചയപ്പെടുത്തി. അബ്രാഹാം രണ്ടാമതു തവണയും അങ്ങനെ നുണപറഞ്ഞത് സാറായ്ക്കു വിശ്വസിക്കാനായില്ല. 'നീ യഹോവയുടെ വിശ്വസ്തനും സത്യസന്ധനും നീതമാനുമാണെന്നോ!' അവൾ അദ്ഭുതപ്പെട്ടു.

'ഈ സ്ഥലത്തെ ജനങ്ങൾക്ക് ദൈവഭയമില്ല. എന്റെ ഭാര്യയ്ക്കുവേണ്ടി ഇവർ എന്നെ കൊല്ലും. അതുകൊണ്ട്....'

'ഞാനും നിങ്ങൾ പറയുന്നതുപോലെ നിങ്ങളുടെ പെങ്ങളായിരിക്കണം. അല്ലേ?'

അബ്രാഹാം ജാള്യത മറച്ചുകൊണ്ട് നേർത്തൊരു ചിരിയോടെ അവളുടെ നീണ്ട തലമുടിയിൽ തഴുകി.

'വാസ്തവത്തിൽ നീ എന്റെ പെങ്ങൾതന്നെ. എന്റെ അപ്പന്റെ മകൾ. എന്റെ അമ്മയുടെ ഉദരത്തിലല്ല നീ ജനിച്ചത് എന്നേയുള്ളൂ'.

'അതൊരു യുക്തി മാത്രമാണ്. സത്യത്തിൽ ഞാൻ നിങ്ങളുടെ ഭാര്യയാണ്. സ്ത്രീ, പെങ്ങളോ മകളോ ആയിരിക്കുന്നതിൽനിന്ന് പരിണമിച്ച് നല്ലതിനോ ചീത്തയ്‌ക്കോവേണ്ടി ഭാര്യയാകുന്നു. പെങ്ങളും ഭാര്യയും ഒന്നല്ല. നിങ്ങളോ, വീണ്ടും വീണ്ടും എന്റെ പെങ്ങൾപദവി ഉപയോഗിച്ച് എന്നെ പലരുടെയും ഭാര്യയാക്കാൻ ശ്രമിക്കുന്നു. രാജാക്കന്മാരുടെ കിടപ്പറയിലേക്ക് എന്നെ പറഞ്ഞയയ്ക്കുന്നു. സ്വന്തം ജീവന്റെ രക്ഷയ്ക്കായി എന്നെ ഒരു ഭാഗ്യരത്‌നംപോലെ കൈമാറുന്നു. ഇത് നിങ്ങളുടെ യഹോവയ്ക്കു നീതിയോ?'

അവൾ യഹോവയുടെ നീതിയെപ്പറ്റി വിമർശിച്ചത് അബ്രാഹാം ഇഷ്ടപ്പെട്ടില്ല. അയാളുടെ കൂടെയുള്ള പെങ്ങൾ അതിസുന്ദരിയെന്നു കേട്ട് ഗെരാറിലെ രാജാവായ അബിമേലെക്ക് അവളെ കൊട്ടാരത്തിലേക്ക് എത്തിക്കാൻ ആജ്ഞാപിച്ചു. പോകുംമുൻപ് സാറാ ഒരുപിടി തലമുടി മുറിച്ച് കൂടാരത്തിന്റെ ഭിത്തിയിൽ തൂക്കിയിട്ടു. നീണ്ടതും അറ്റം ചുരുണ്ടതും അഴകാർന്നതും സ്വർണനിറമുള്ളതുമായ ആ തലമുടിയിഴകളോട് അവൾ പറഞ്ഞു:

'നിരന്തരമായി പാറിപ്പറന്ന് അബ്രാഹാമിന്റെ സ്വൈരം കെടുത്തുക. മച്ചിയായ സാറാ ഏതോ രാജാവിന്റെ കാമാസക്തമായ നോട്ടത്തിനു കീഴിലേക്കു നയിക്കപ്പെടുന്നു. ആയിരം പെണ്ണുങ്ങൾ ശയിച്ചതും, അജ്ഞാതനായ അവന്റെ ശുക്ലത്താൽ നിരന്തരം നനയ്ക്കപ്പെട്ടതുമായ കിടക്കയിലേക്കു കൊണ്ടുപോകപ്പെടുന്നു. തിരിച്ചുവരുമോ എന്നറിയില്ല...'

എല്ലാം ഒരിക്കൽക്കൂടി ആവർത്തിക്കപ്പെട്ടു. അബിമേലെക്കിന്റെ കൊട്ടാരത്തിലേക്ക് കാലെടുത്തുവെക്കുമ്പോൾ സാറാ തന്റെ കാൽപ്പാദങ്ങളിലേക്കു മാത്രം നോക്കിനടന്നു. നിരന്തരസഞ്ചാരത്താൽ പരുവരുത്തതും പൊട്ടിയും വിണ്ടുകീറിയും ഇരുന്നിരുന്ന അവളുടെ പാദങ്ങളിപ്പോൾ മൃദുവായും സുന്ദരമായും തുകൽപ്പാദുകങ്ങൾക്കുള്ളിൽ തിളങ്ങിക്കൊണ്ടിരുന്നു. അബിമേലെക്കിന്റെ ദാസിമാർ അവയെ പാലിലും തേനിലും പനിനീരിലും കഴുകിത്തുടച്ച് സുഗന്ധതൈലം പൂശിയിരുന്നു.

ഇത്തവണ യഹോവാ അബ്രാഹാമിന്റെ പുത്രന് ജനിക്കാനുള്ള ഗർഭപാത്രം വിശുദ്ധമായിരിക്കാൻവേണ്ടി അബിമേലെക്കിന്റെ സ്വപ്നത്തിൽ ചെന്ന് അവനെ ഭീഷണിപ്പെടുത്തിയെന്ന് അബ്രാഹാം പറഞ്ഞു. അബ്രാഹാമിന്റെ ഭാര്യയായ സാറായെ തിരിച്ചുകൊടുത്തില്ലെങ്കിൽ അബിമേലെക്കും അവന്റെ ഉറ്റവരും മരിക്കേണ്ടിവരുമെന്ന് യഹോവാ അബിമേലെക്കിനോട് സ്വപ്നത്തിൽ പറഞ്ഞു'.

ഹാഗാറിന്റെ മകൻ മുതിർന്നപ്പോഴാണ് തൊണ്ണൂറുവയസ്സുള്ള സാറായിക്ക് ആദ്യമായി ആർത്തവമുണ്ടാകുന്നതും അബ്രഹാമിന്റെ മകനെ അവൾ ഗർഭം ധരിക്കുന്നതും. അവനാണ് ഇസഹാക്ക്. ജനിച്ച് എട്ടാം ദിവസം ഇസഹാക്കിനെ അബ്രഹാം അഗ്രചർമ്മഛേദനം നടത്തി. ചോരയിലും കണ്ണീരിലും മുങ്ങിയ കുഞ്ഞിനെപ്രതി സാറായി അപ്പോഴും അയാളെയും അയാളുടെ ദൈവത്തെയും വിചാരണചെയ്തു. ഇസഹാക്കിന് ആറുവയസ്സുള്ളപ്പോൾ അബ്രഹാം അവനെ ദൈവത്തിനു ബലിയർപ്പിക്കാൻ മലമുകളിലേക്കു കൊണ്ടുപോയി. സാറായിക്കു താങ്ങാനാവുന്നതിനപ്പുറമായിരുന്നു അത്. മാതൃത്വത്തിന്റെ ചോരയും മുലപ്പാലിന്റെ പുളിയും ഗർഭപാത്രത്തിന്റെ കയ്പും അവളെ വേട്ടയാടി. രക്തം രക്തത്തെയോർത്തു നിലവിളിച്ചു. ദൈവം നിരസിച്ചതുകൊണ്ടുമാത്രം ജീവനോടെ തിരികെ കിട്ടിയ ഇസഹാക്കിനെയും കൂട്ടി അവൾ താൻതന്നെ മരുഭൂമിയിലേക്കാട്ടിപ്പായിച്ച ഹാഗാറിനെയും ഇശ്മയിലിനെയും തേടിയിറങ്ങി. സാറായി അവരെ കണ്ടെത്തുമ്പോൾ ഇശ്മായിൽ, യഹോവക്കു സ്വയം ബലിയർപ്പിക്കാൻ പുറപ്പെടുകയായിരുന്നു. അവൾ അവനെ തടഞ്ഞ് ഹാഗാറിനെ പുണർന്ന്, രണ്ടു സ്ത്രീകൾക്കു മാത്രം കഴിയുംവിധം കണ്ണീരുകൊണ്ടു പരസ്പരം സംസാരിച്ചു. എന്നിട്ട്, ജനതകളുടെ പിതാവും ദൈവത്തിന്റെ പുത്രനുമായ അബ്രഹാമിന്റെ മുഖത്തുനോക്കി അയാളുടെ യഹോവ സ്ത്രീയോ പുരുഷനോ എന്ന ഒറ്റച്ചോദ്യത്തിൽ അയാളെ എക്കാലത്തേക്കുമായി തകർത്തുകളഞ്ഞു.

മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും ഭാവതീവ്രവും രാഷ്ട്രീയ തീഷ്ണവുമായ സ്ത്രീകഥകളിലൊന്നാണ് 'സാറായിയുടെ മരുദേശങ്ങൾ'. ബൈബിൾകഥകളുടെ സ്ത്രീപക്ഷവിമർശനത്തിന് ഭാഷയിൽ ഇത്രമേൽ മികച്ച മറ്റൊരു മുന്മാതൃകയില്ല. അകത്തും പുറത്തും മരുഭൂമികളിലൂടെ അലഞ്ഞവളുടെ കഥ മാത്രമാല്ല 'സാറായി'യുടേത്. ദൈവവും പ്രവാചകന്മാരും മഹാപുരോഹിതന്മാരും ഒരുപോലെ ഒറ്റുകൊടുത്ത സ്ത്രീയാണ് ഈ കഥയിൽ ഉപ്പുതൂണുപോലെ ഉറഞ്ഞുനിൽക്കുന്നത്; മരുഭൂമിപോലെ പട്ടുകിടക്കുന്നത്. ദൈവത്തെയും പുരുഷനെയും മറുകരയിൽ നിർത്തി അവൾ കണ്ണീരുകൊണ്ടൊരു കടലുണ്ടാക്കി. അതിന്റെ കരയിൽനിന്ന് അവൾ ആ ദൈവത്തിനും പുരുഷന്മാർക്കുമെതിരെ തന്റെ വർഗത്തോടു പ്രസംഗിച്ചു. ദൈവത്തിന്റെ പേരിൽ പുരുഷൻ ചെയ്ത മുഴുവൻ പാപങ്ങളും സ്ത്രീക്കെതിരെയായിരുന്നു എന്ന ചരിത്രയാഥാർഥ്യത്തിനു നേരെയുള്ള വിരൽചൂണ്ടൽ കൂടിയായി മാറുന്നു, സാറായിയുടെ വാക്കുകളും ഈ കഥയും. ഇത് സാറായിയുടെ സുവിശേഷം മാത്രമല്ല, സാറായുടേതു കൂടിയാണ്.

കഥയിൽ നിന്ന്:-

'അബ്രാഹാം ഇസഹാക്കിനെയുംകൊണ്ട് മടങ്ങിവന്നപ്പോൾ സാറാ കുപിതയായി. കുട്ടി ഓടിവന്ന് അമ്മയുടെ മടിയിൽ വീഴുകയും അവളെ ഇറുകെ കെട്ടിപ്പിടിക്കുകയും ചെയ്തു. അവന്റെ നെഞ്ച് വല്ലാതെ മിടിച്ചിരുന്നു. അവന്റെ ചുണ്ടുകൾ കരിഞ്ഞും വാടിയുമിരുന്നു. അവന്റെ കാലടികളും വിണ്ടുകീറിപ്പോയിരുന്നു.

'എങ്ങോട്ടാണ് നിങ്ങൾ പോയത്?' സാറാ വീണ്ടും ചോദിച്ചു. അബ്രാഹാമും യാത്രചെയ്തു ക്ഷീണിച്ചിരുന്നു. അയാളുടെ മുഖവും വാടിയിരുന്നു. അയാൾ തളർന്ന ശബ്ദത്തിൽ പറഞ്ഞു:

'യഹോവ നല്ലവനാണ്. അയാൾ എന്നെ പരീക്ഷിച്ചു. ഞാൻ അവന്റെ പരീക്ഷയിൽ ജയിച്ചു'.

ഇസഹാക്ക് അമ്മയുടെ മടിയിൽ കിടന്നുറങ്ങി. ഉറക്കത്തിൽ പല തവണ അവൻ ഞെട്ടിയുണരുകയും അമ്മയെ ഇറുകെപ്പുണരുകയും ചെയ്തു.

എന്തോ ഒരു രഹസ്യം അവനെ ചൂഴ്ന്നുനില്ക്കുന്നതായി സാറായ്ക്കു തോന്നി. അവനോ അവന്റെ അപ്പനോ അവളോടതു വെളിപ്പെടുത്തിയില്ല. എന്നാൽ, മോറിയാദേശത്തേക്ക് അവരോടൊപ്പം പോയ രണ്ടു ചെറുപ്പക്കാരിലൊരാൾ, തങ്ങളെ താഴ്‌വാരത്തു നിർത്തിയിട്ട് ഇസഹാക്കിനെയുംകൊണ്ട് യജമാനൻ മലകയറിപ്പോയ വിവരം അവളെ ധരിപ്പിച്ചു. തിരിച്ചുവരുമ്പോൾ ഇസഹാക്ക് പരവശനായിരുന്നു എന്നും. അവൾ തന്റെ മകന് ഏറ്റവും പ്രിയപ്പെട്ട മധുരപലഹാരങ്ങളുണ്ടാക്കി. വെയിലാറിയപ്പോൾ മകനെയും കൂട്ടി മമ്രേയുടെ തോപ്പിലൂടെ നടക്കാനിറങ്ങി. അവൾ കഥകൾ പറയുകയും പാട്ടുപാടുകയും ചെയ്തു. താനുണ്ടാക്കിയ മധുരപലഹാരങ്ങൾ അവനെ തീറ്റിച്ചു. പൗർണമിയായിരുന്നു. പാറക്കൂട്ടങ്ങൾക്കിടയിൽ മകനെയും മടിയിൽ വെച്ചിരുന്നുകൊണ്ട് നിലാവുദിച്ചുയരുന്നത് അവൾ കാണിച്ചുകൊടുത്തു. അനുപമസൗന്ദര്യമുള്ള രാത്രിയായിരുന്നു അത്. ആകാശം പൂത്തുമറിഞ്ഞു കിടന്നു. വായു നേർത്തതും സുരഭിലവുമായിരുന്നു. നിലാവിൽ അമ്മയുടെ ശിരോവസ്ത്രം വെണ്മയേറിയ മേഘംപോലെ കാണപ്പെട്ടു. അവൻ അമ്മയുടെ സുന്ദരമായ മുഖത്തുതന്നെ നോക്കിക്കൊണ്ടിരുന്നു. അവൻ അവളുടെ തോളിലേക്കു ചാഞ്ഞു. അമ്മയുടെ കൈകളും കഴുത്തും മാറിടവും മുഖവും എത്ര മൃദുലമാണെന്നവൻ ചിന്തിച്ചു. അവന്റെ കൊച്ചുകൈകൾ തന്റെ കൈകളിലൊതുക്കിപ്പിടിച്ച് സാറാ ചോദിച്ചു:

 

'ഇസഹാക്, അബ്രാഹാം എന്തിനാണ് നിന്നെ മോറിയാദേശത്തെ മലയിലേക്കു കൂട്ടിക്കൊണ്ടുപോയത്?'

'യഹോവയ്ക്കു ബലികൊടുക്കാൻ'.

കുട്ടി അമ്മയുടെ മാറിടത്തിലേക്ക് മുഖമമർത്തി.

സാറായുടെ ഗർഭപാത്രം നടുങ്ങി. അതിന്റെ വേദനയിൽ പുളഞ്ഞുകൊണ്ട് അവൾ കൂടാരത്തിലേക്കു മടങ്ങി.

അതിരാവിലേ സാറാ ഹാഗാറിന്റെ കൂടാരത്തിലെത്തി യിശ്മായേൽ തന്റെ കഴുതയുടെ പുറത്ത് ജീനി വെച്ചുകെട്ടുകയായിരുന്നു. അവൻ എങ്ങോട്ടോ യാത്ര പോവുകയാണ്; അമ്മയുടെ യജമാനത്തിയെക്കണ്ട്, കുട്ടി ഭയത്തോടെ അടുത്തുചെന്നു. തല നിലത്തു മുട്ടിച്ച് അവരെ വണങ്ങി. അവർ വീണ്ടും തന്നെയും അമ്മയെയും ഉപദ്രവിക്കാൻ വന്നിരിക്കയാണെന്നവൻ പേടിച്ചു. തന്റെ അപ്പനായ അബ്രാഹാമിനോട് തന്നെയും അമ്മയെയും മരുഭൂമിയിൽ ഉപേക്ഷിക്കാൻ പറഞ്ഞതിനുശേഷം അവൻ അവരെ കണ്ടിട്ടില്ല.

സാറാ കുട്ടിയുടെ തോളിൽ കൈവെച്ച് അവനെ എഴുന്നേല്പിച്ചു.

'നീ എവിടെപ്പോകുന്നു?'

'മോറിയാദേശത്തേക്ക്'.

സാറാ നടുങ്ങി: 'എന്തിന്?'

'മോറിയാമലയിൽ ഒരു ബലിപീഠമുണ്ട്. അവിടെ യഹോവയ്ക്കു ബലിയർപ്പിക്കാൻ'.

'വേണ്ടാ', സാറാ ഉറക്കെപ്പറഞ്ഞു. കുട്ടിയുടെ കൈയും പിടിച്ചുവലിച്ച് അവൾ കൂടാരത്തിനകത്തേക്കു പാഞ്ഞു.

ഹാഗാർ തന്റെ മകനു കൊണ്ടുപോകാൻവേണ്ടി ഒരു കെട്ട് വിറകു തയ്യാറാക്കുകയായിരുന്നു.

'ഹാഗാർ!' സാറാ ഉറക്കെ വിളിച്ചു. അവൾ തന്റെ മകന്റെ കൈ പിടിച്ചുവലിച്ചു കൊണ്ടുവരുന്നതു കണ്ട് ഹാഗാർ പേടിച്ചു. ഇനിയും എന്തു ദ്രോഹമാണ് യജമാനത്തിക്ക് എന്നോടു ചെയ്യാനുള്ളത്? ദാസി അവളുടെ കാല്ക്കൽ വീണു.

'എന്റെ മകനെ ഒന്നും ചെയ്യരുതേ', അവൾ കരഞ്ഞു. സാറാ അവളെ പിടിച്ചെഴുന്നേല്പിച്ചു:

'വരാനിരിക്കുന്ന ജനതകളുടെ അമ്മേ, നിന്റെ മകനെ നല്ലപോലെ കാത്തുകൊള്ളുക'.

അവൾ ഹാഗാറിനെ കെട്ടിപ്പിടിച്ചു. രണ്ടു സ്ത്രീകളുടെ കണ്ണുനീർ ഒന്നായി ഒഴുകുന്നതു കണ്ട് യിശ്മായേൽ അമ്പരന്നുനിന്നു.

തന്റെ കൂടാരത്തിലേക്കു മടങ്ങുമ്പോൾ സാറായുടെ മനസ്സു ശാന്തമായിരുന്നു. അബ്രാഹാം കൂടാരവാതില്ക്കൽ ഇരിക്കുന്നുണ്ടായിരുന്നു. അവൾ ചോദിച്ചു:

'ജനതകളുടെ പിതാവായ അബ്രാഹാമേ, അങ്ങയുടെ കർത്താവായ യഹോവ സ്ത്രീയോ പുരുഷനോ?'.'

സാറയിയുടെ മരുദേശങ്ങൾ
നോവലെറ്റുകൾ
സാറാജോസഫ്
മാതൃഭൂമി ബുക്‌സ്
2019, വില 150 രൂപ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP