Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ഛന്റെ വാക്കു കേട്ട് ചേട്ടനൊപ്പം ചേർന്ന് സൈനികൻ കൊന്ന് തള്ളിയത് കറുത്ത ചരടിൽ ക്ഷേത്ര നടയിൽ താലി കെട്ടിയ സ്വന്തം ഭാര്യയെ; പ്രത്യക്ഷ ഗൂഢാലോചനയിൽ സഹോദരങ്ങൾക്കൊപ്പം ആദ്യാവസാനം പങ്കാളിയായത് സുഹൃത്ത് മാത്രം; രാഖിയുടെ കൊലയ്ക്ക് പിന്നിൽ സ്ത്രീധനത്തോടുള്ള 'കഞ്ചാവ് മണിയന്റെ' ആർത്തി തന്നെ; അന്തിയൂർക്കോണത്ത് നിന്ന് പട്ടാളക്കാരന് വിവാഹം നിശ്ചയിച്ചതും രാഖിയെ ഒഴിവാക്കാൻ; ഏഷ്യാനെറ്റ് ബ്രോഡ് ബാൻഡിലെ ജീവനക്കാരിയുടെ അമ്പൂരിയിലെ കൊലയിൽ നിറയുന്നത് ദുരഭിമാനവും അത്യാഗ്രഹവും തന്നെ

അച്ഛന്റെ വാക്കു കേട്ട് ചേട്ടനൊപ്പം ചേർന്ന് സൈനികൻ കൊന്ന് തള്ളിയത് കറുത്ത ചരടിൽ ക്ഷേത്ര നടയിൽ താലി കെട്ടിയ സ്വന്തം ഭാര്യയെ; പ്രത്യക്ഷ ഗൂഢാലോചനയിൽ സഹോദരങ്ങൾക്കൊപ്പം ആദ്യാവസാനം പങ്കാളിയായത് സുഹൃത്ത് മാത്രം; രാഖിയുടെ കൊലയ്ക്ക് പിന്നിൽ സ്ത്രീധനത്തോടുള്ള 'കഞ്ചാവ് മണിയന്റെ' ആർത്തി തന്നെ; അന്തിയൂർക്കോണത്ത് നിന്ന് പട്ടാളക്കാരന് വിവാഹം നിശ്ചയിച്ചതും രാഖിയെ ഒഴിവാക്കാൻ; ഏഷ്യാനെറ്റ് ബ്രോഡ് ബാൻഡിലെ ജീവനക്കാരിയുടെ അമ്പൂരിയിലെ കൊലയിൽ നിറയുന്നത് ദുരഭിമാനവും അത്യാഗ്രഹവും തന്നെ

മറുനാടൻ മലയാളി ബ്യൂറോ

വെള്ളറട: അമ്പൂരിയിൽ രാഖിയെ കൊലപ്പെടുത്തിയത് അച്ഛൻ മണിയൻ എന്ന രാജപ്പൻ നായരുടെ അറിവോടെ എന്ന സൂചനകൾ പുറത്ത്. അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയും കേസിലെ ഒന്നാം പ്രതിയായ അഖിലും തമ്മിൽ ഫെബ്രുവരി 15ന് എറണാകുളത്തുള്ള ഒരു ക്ഷേത്രത്തിൽ താലികെട്ടി വിവാഹിതരായിരുന്നുവെന്നു. രാഖിയക്ക് പ്രായക്കൂടുതൽ ഉണ്ടായിരുന്നു. ഇതിനൊപ്പം സ്ത്രീധനം കിട്ടില്ലെന്ന പ്രശ്‌നവും മണിയനെ കുഴക്കി. അതുകൊണ്ട് തന്നെ സൈനികനായ മകന് വേറൊരു കല്യാണം ആലോചിച്ചു. ഇതിനിടെയാണ് മകന്റെ വിവാഹത്തെ കുറിച്ച് അറിയുന്നത്. ഇതിൽ പ്രതികാരം തീർക്കാൻ രാഖിയെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു. മൂത്ത മകനായ രാഹുലിനെയാണ് അച്ഛൻ എല്ലാ കാര്യവും ഏൽപ്പിച്ചത്. മൂന്നാം പ്രതി ആദർശിന്റെ റിമാൻഡുമായി ബന്ധപ്പെട്ടു നെയ്യാറ്റിൻകര മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കുടുംബത്തിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ ഉള്ളത്.

കറുത്ത ചരടിൽ താലികെട്ടി വിവാഹം കഴിഞ്ഞ ഇവർ ഭാര്യഭർത്താക്കന്മാരെപോലെ ജീവിച്ചുവരുമ്പോഴായിരുന്നു ഇക്കാര്യം വീട്ടുകാർ അറിയുന്നത്. ഇതോടെയാണ് അന്തിയൂർക്കോണത്തുനിന്ന് അഖിലിനു മറ്റൊരു വിവാഹം നിശ്ചയിച്ചത്. ഈ വിവാഹം തടസ്സപ്പെടുത്താൻ രാഖി പല രീതിയിലും ശ്രമിച്ചു. അഖിലിനെ ഭീഷണിപ്പെടുത്തി. ഇത് അച്ഛൻ മണിയനും അറിഞ്ഞു. മുമ്പ് കഞ്ചാവ് വിൽപ്പനയായിരുന്നു മണിയന്റെ ജോലി. മകന് സൈന്യത്തിൽ ജോലികിട്ടിയതോടെ ജോലിക്കൊന്നും പോവാതെയുമായി. അങ്ങനെ കഴിയുന്നതിനിടെയാണ് മകന്റെ വിവാഹവും പ്രണയവും എല്ലാം അറിയുന്നത്. പുതിയ വീടു വച്ച് മകന് നല്ല കുടുംബത്തിൽ നിന്ന് സ്ത്രീധനം വാങ്ങിയുള്ള വിവാഹമായിരുന്നു അച്ഛന്റെ ലക്ഷ്യം. ഇതിന് രാഖി വിലങ്ങ് തടിയാകുമെന്ന് ഉറച്ചപ്പോഴാണ് കൊലപാതകത്തിലേക്ക് കാര്യങ്ങൾ എത്തിയത്. എന്നാൽ ഒരിക്കലും ഗൂഢാലോചനയ്ക്ക് മുമ്പിൽ നിന്നിട്ടുമില്ലെന്ന് പൊലീസ് കരുതുന്നു.

അതുകൊണ്ട് തന്നെ അഖിലും രാഹുലും കുടുങ്ങിയാൽ മാത്രമേ മണിയന്റെ ഇടപെടലിനെ കുറിച്ച് അറിയാൻ കഴിയൂ. രാഹുലും അഖിലും ആദർശും ചേർന്ന് നടത്തിയ കൊലയും ഗൂഢാലോചനയും വ്യക്തമായിട്ടുണ്ട്. ഇതിനപ്പുറത്തേക്കുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ രാഹുലും അഖിലും അറസ്റ്റിലാകണം. അതിനിടെ രാഹുൽ പൊലീസിന് കീഴടങ്ങിയെന്ന് മണിയൻ പറഞ്ഞതും ആശയക്കുഴപ്പമുണ്ടാക്കി. ആദർശിന്റെ റിമാൻഡ് റിപ്പോർട്ടിലും കുറ്റകൃത്യത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നുണ്ട്. മൂന്നു പ്രതികളും ചേർന്ന് കൊലപാതകത്തിനുമുൻപ് പലവട്ടം ഗൂഢാലോചന നടത്തിയിരുന്നു. ഇതിൻപ്രകാരമാണ് കുഴിയെടുത്തതും ഉപ്പ് ശേഖരിച്ചതും. എറണാകുളത്തു സ്വകാര്യ ചാനലിന്റെ ബ്രോഡ്ബാൻഡ് വിഭാഗത്തിൽ ജോലിചെയ്തിരുന്ന രാഖി ജൂൺ 18ന് അവധിക്കു നാട്ടിലെത്തി. ഏഷ്യാനെറ്റ് കേബിളിന്റെ ബ്രോഡ് ബാൻഡിലായിരുന്നു ജോലി.

21ന് മടങ്ങാനായി വീടുവിട്ട രാഖിയെ അഖിൽ നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിൽനിന്നും താൻ നിർമ്മിക്കുന്ന പുതിയ വീട് കാണിക്കാമെന്നു പറഞ്ഞു സുഹൃത്തിന്റെ കാറിൽകയറ്റി അമ്പൂരി തട്ടാംമുക്കിലെത്തിച്ചു. സഹോദരൻ രാഹുലും സുഹൃത്ത് ആദർശും പുതിയ വീടിനുമുന്നിൽ കാത്തുനിൽപ്പുണ്ടായിരുന്നു. കാർ മുറ്റത്തു നിർത്തിയപ്പോൾ രാഹുൽ കാറിന്റെ പിൻസീറ്റിൽ രാഖിയുടെ സമീപത്തായി കയറി. 'എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടീ, നീ ജീവിച്ചിരിക്കണ്ട' എന്നു പറഞ്ഞു കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചുകൊല്ലാൻ ശ്രമിച്ചു. രാഖി ബഹളം വച്ചപ്പോൾ പുറത്തുകേൾക്കാതിരിക്കാനായി അഖിൽ കാറിന്റെ എൻജിൻ ഇരപ്പിച്ച് വലിയ ശബ്ദമുണ്ടാക്കി. ഈ സമയം രാഖി ബോധരഹിതയായി. തുടർന്ന് അഖിൽ മുൻസീറ്റിൽനിന്ന് ഇറങ്ങി പിൻസീറ്റിൽ കയറി കാറിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കയർകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ഇരുവരും ചേർന്ന് വലിച്ചുമുറുക്കിയാണു കൊലപ്പെടുത്തിയത്.

മൂവരും ചേർന്നു മൃതദേഹം കാറിൽനിന്നു പുറത്തെടുത്തു നേരത്തേ തയ്യാറാക്കിയ കുഴിക്കു സമീപത്തെത്തിച്ച് വസ്ത്രങ്ങൾ മാറ്റിയശേഷം ഉള്ളിലിട്ട് ഉപ്പും വിതറി മണ്ണിട്ട് മൂടി. തുടർന്ന് രാഖി ധരിച്ചിരുന്ന വസ്ത്രങ്ങൾ തീയിട്ട് നശിപ്പിച്ചു. ഇതിനിടെ, ഫോണിൽ കിട്ടാതായപ്പോൾ രാഖിയെ കാണാനില്ലെന്ന പരാതി പിതാവ് പൂവാർ പൊലീസിനു നൽകി. വീട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഖിലിന്റെയും രാഖിയുടെയും ഫോൺ നമ്പരുകൾ പരിശോധിച്ചു. 21നു വൈകിട്ട് ഏഴിനു രാഖിയുടെ ഫോൺ ഓഫായി. എന്നാൽ രാഖിയുടെ സിംകാർഡ് ഉപയോഗിച്ച് 24നു വിളികളും മെസേജുകളും പോയിട്ടുള്ളതായി കണ്ടെത്തി. മറ്റൊരു ഫോണിൽ സിംകാർഡ് മാറ്റിയിട്ടായിരുന്നു മെസേജ് അയച്ചത്.

ഈ ഫോൺ കാട്ടാക്കടയിലെ ഒരു കടയിൽനിന്ന് രാഹുലും ആദർശും ചേർന്നു വാങ്ങിയതാണെന്നു പൊലീസ് കണ്ടെത്തി. അന്വേഷണം ഇത്തരത്തിൽ പുരോഗമിക്കുമ്പോൾ അഖിൽ ജോലിസ്ഥലത്തേക്കും രാഹുൽ ഒളിവിലും പോയി. ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ആദർശിനെ പിടികൂടി പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ആദർശിന്റെ റിമാൻഡ് റിപ്പോർട്ടിന്റെ പൂർണരൂപം

രാഖിമോളെ അഖിൽ ഫെബ്രുവരി 15ന് ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തിൽവച്ച് താലികെട്ടി. ഇയാൾക്ക് പിന്നീട് അണ്ടൂർകോണത്തുള്ള പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചത് രാഖി അറിഞ്ഞു. രാഖി തടസം നിന്നു. പലതരത്തിൽ അഖിലിനെ ഭീഷണിപ്പെടുത്തി. ഇതിൽ അഖിലിനും സഹോദരനും സുഹൃത്തായ ആദർശിനും പകയുണ്ടായിരുന്നു. മെയ് മാസം അവസാനം അഖിൽ പട്ടാളത്തിൽനിന്ന് അവധിക്കുവന്നു. ബന്ധം ഉപേക്ഷിക്കാൻ തയാറാകാത്ത രാഖിമോളെ കൊലപ്പെടുത്താൻ തീരുമാനിച്ചു. വീട്ടിൽവച്ച് 3 പേരും പലദിവസം ഗൂഢാലോചന നടത്തി. ഇതിനുശേഷം വീടിന്റെ വടക്കു കിഴക്ക് ഭാഗത്ത് കുഴിയെടുത്തു. ശവശരീരം കുഴിച്ചിട്ടാൽ ദുർഗന്ധം ഉണ്ടാകാതിരിക്കാൻ ഉപ്പ് ശേഖരിച്ചു.

പുതുതായി വയ്ക്കുന്ന വീട് കാണിക്കാനെന്ന പേരിൽ രാഖിമോളെ 21ന് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽനിന്നും സുഹൃത്തിന്റെ കാറിൽ അഖിൽ വീട്ടിലെത്തിച്ചു. വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ അവിടെയുണ്ടായിരുന്ന സഹോദരൻ രാഹുലും സുഹൃത്ത് ആദർശും കാറിനടുത്തേക്ക് വന്നു. രാഹുൽ രാഖിമോളിരുന്ന സീറ്റിനു പിന്നിലെ സീറ്റിലേക്ക് കയറി. പിൻസീറ്റിൽ ഇരുന്നു രാഖിമോളുടെ കഴുത്തു ഞെരിച്ചു. രാഖിമോളുടെ ശബ്ദം കേൾക്കാതിരിക്കാൻ അഖിൽ കാർ സ്റ്റാർട്ട് ചെയ്തു ഇരപ്പിച്ചു. രാഖിമോൾ ബോധരഹിതയായി. പിന്നീട് അഖിൽ ഡ്രൈവിങ് സീറ്റിൽനിന്ന് ഇറങ്ങി പിന്നിലെ സീറ്റിലെത്തി കൈയിലുണ്ടായിരുന്ന കയർ കൊണ്ട് രാഖിയുടെ കഴുത്തിൽ കുരുക്കുണ്ടാക്കി. സഹോദരനായ രാഹുലും അഖിലും ചേർന്ന് കയർ വലിച്ചു മുറുക്കി രാഖിമോളെ കൊന്നു. പിന്നീട് മൂവരും ചേർന്ന് രാഖിയുടെ ശരീരത്തിലെ വസ്ത്രങ്ങൾ മാറ്റി നേരത്തെ തയാറാക്കിയ കുഴിയിലിട്ടു ഉപ്പിട്ട് മൂടി. മുകളിൽ കമുകിന്റെ തൈ വച്ചു. രാഖിയുടെ വസ്ത്രങ്ങൾ തീവച്ച് നശിപ്പിച്ചു.

രാഖിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ കേസ് എടുത്ത പൂവാർ പൊലീസ് രാഖിയുടേയും കാമുകനായ അഖിലിന്റെയും ഫോൺ രേഖകളും ടവർ ലൊക്കേഷനും പരിശോധിച്ചു. 21ന് വൈകിട്ട് ഓഫ് ആയ രാഖിമോളുടെ മൊബൈലിൽനിന്ന് 24ാം തീയതി കോളുകളും മെസേജുകളും അയച്ചതായി മനസിലായി. ഫോണിന്റെ ഐഎംഇഐ നമ്പർ പരിശോധിച്ചപ്പോൾ അത് രാഖിമോളുടെ ഫോൺ അല്ലെന്നു വ്യക്തമായി.

കാട്ടാക്കടയിലുള്ള മൊബൈൽ ഷോപ്പിൽനിന്ന് 24ാം തീയതി രാഹുലും ആദർശുമാണ് ഫോൺ വാങ്ങിയത്. തെളിവു നശിപ്പിക്കാനും അന്വേഷണമുണ്ടായാൽ രക്ഷപ്പെടാനുമാണ് വേറെ ഫോണിൽനിന്ന് രാഖിയുടെ സിം ഉപയോഗിച്ച് വീട്ടിലേക്ക് സന്ദേശമയച്ചത്. അഖിൽ 27ന് അവധി കഴിഞ്ഞു മടങ്ങിയതായി പൊലീസിന്റെ അന്വേഷണത്തിൽ മനസിലായി. സഹോദരൻ രാഹുൽ സ്ഥലം വിട്ടിരുന്നു. കൂട്ടുകാരൻ ആദർശ് ഓപ്പറേഷനു വിധേയനായി വീട്ടിൽ ചികിൽസയിലായിരുന്നു.

ചോദ്യം ചെയ്തപ്പോൾ ആദർശ് എല്ലാം തുറന്നു പറഞ്ഞു. അഖിലും രാഖിമോളും 6 വർഷമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ അഖിലിനു താൽപര്യമില്ലെന്നും ആദർശിനോടും സഹോദരനോടും അഖിൽ പറഞ്ഞിരുന്നു. അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം വാട്‌സ്ആപ്പിലൂടെ അറിഞ്ഞ രാഖിമോൾ ആ വിവാഹം മുടക്കുമെന്നും സമൂഹമാധ്യമങ്ങളിൽ നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നു രാഖിയെ സ്‌നേഹപൂർവം അഖിൽ കാറിൽ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP