Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുളവൂർ അർബൻ സഹകരണ ബാങ്കിൽ 2 കോടിയുടെ അഴിമതി; അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്ത് വിജിലൻസ്; പ്രസിഡന്റിനും സെക്രട്ടറിക്കും മേലുള്ള ആരോപണം തെളിഞ്ഞാൽ ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചേക്കും; മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ച് അന്വേഷണ സംഘം

മുളവൂർ അർബൻ സഹകരണ ബാങ്കിൽ 2 കോടിയുടെ അഴിമതി; അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്ത് വിജിലൻസ്; പ്രസിഡന്റിനും സെക്രട്ടറിക്കും മേലുള്ള ആരോപണം തെളിഞ്ഞാൽ ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചേക്കും; മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ച് അന്വേഷണ സംഘം

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ - ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പായിപ്ര പഞ്ചായത്തിൽ മുളവൂരിൽ പ്രവർത്തിക്കുന്ന മുളവൂർ അർബൻ സഹകരണ സംഘം പ്രസിഡന്റിനും സെക്രട്ടറിക്കും ബോർഡ് അംഗങ്ങൾക്കും എതിരെ അഴിമതി നിരോധന വകുപ്പുപ്രകാരം സംസ്ഥാന വിജിലൻസ് കേസെടുത്തു. എഫ്.ഐ.ആർ. എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം യൂണിറ്റ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. 2 കോടിയോളം രൂപയുടെ ക്രമക്കേടാണ് വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി കെണ്ടെത്തിയിട്ടുള്ളത്. അഴിമതി നിരോധന നിയമപ്രകാരം 7 വർഷം ശിക്ഷിക്കാവുന്ന വകുപ്പും ഇന്ത്യൻ ശിക്ഷാനിയമം ജീവപര്യന്തം വരെ ശിക്ഷ വിധിക്കാവുന്ന വകുപ്പും ഉൾപ്പെടുത്തിയാണ് വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചത്.

മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ഡോ. ബി കലാംപാഷ എഫ്.ഐ.ആർ. ഫയലിൽ സ്വീകരിച്ചു. മുളവൂർ അർബൻ സഹകരണ സംഘം പ്രസിഡന്റ് പി.എം. അസീസ്, സംഘം സെക്രട്ടറി എം.എം. ഷക്കീർ, സംഘം ഭരണസമിതി അംഗങ്ങളായ ടി.കെ. അലിയാർ തടത്തികുന്നേൽ, എം.എ. എൽദോസ് ഇടപ്ലായിൽ, കെ.എം. മൈതീൻ കരിക്കനാക്കുടി, എം.ഐ. കുഞ്ഞുമൈതീൻ മേക്കപ്പടിക്കൽ, കെ.പി. ജെയിംസ് വെളിയന്നൂർ, കെ.പി. റഷീദ് കുറ്റിയക്കാചാലിൽ, എം.കെ. സുകുമാരൻ അമ്പാട്ടുമോളത്ത്, കലാദാസൻ ഒലിയപ്പുറത്ത്, മുംതാസ് ഷാജാൻ വട്ടക്കുടി, ഷമീന സലീം പുതുശ്ശേരികുടിയിൽ എന്നീ 12 പ്രതികൾക്കെതിരെയാണ് കേസ്.

മുളവൂർ പുത്തൻപുരയിൽ പാണ്ടൻപാറ പി.ആർ. സുനിൽ ആണ് ഹർജിക്കാരൻ. സഹകരണ സംഘത്തിലെ മെമ്പറാണ് സുനിൽ.അന്വേഷണത്തിന്റെ ഭാഗമായി 21 സാക്ഷികളെ കണ്ടു മൊഴിയെടുത്തിരുന്നു. സംഘത്തിലെ 17 രേഖകളും വിജിലൻസ് സംഘം പരിശോധിച്ചു.
2002 മുതൽ മുളവൂരിൽ പ്രവർത്തിച്ചുവരുന്നതാണ് സംഘം. നെല്ലിക്കുഴിയിൽ ഒരു ബ്രാഞ്ചും മെഡിക്കൽ സ്റ്റോറുമുണ്ട്. സംഘത്തിലെ ക്രമേക്കേട് സംബന്ധിച്ച് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ത്വരിതാന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ അന്വേഷണത്തിൽ നിവധി ന്യൂനതകളും ക്രമക്കേടുകളും കണ്ടെത്തിയിരുന്നു.

കൂടാതെ സംഘം നടത്തുന്ന 50 മാസ തവണകളിലും ഒരു ലക്ഷം രൂപയിലുമുള്ള പ്രതിമാസ നിക്ഷേപ പദ്ധതിയിൽ (എം.ഡി.എസ്.) ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി. 2015 - 2016 വർഷത്തെ ജനറൽ ലെഡ്ജർ പ്രകാരം ഹെഡ് ഓഫീസിൽ 4,20,17,921 (നാലുകോടി 20 ലക്ഷം) രൂപ എം.ഡി.എസ്. അഡ്വാൻസ് പെയ്മെന്റ് വിഭാഗത്തിൽ ചിലവെഴുതിയിട്ടുണ്ട്. ഈ തുകയിൽ 1,93,70,641/ (ഒരുകോടി 93 ലക്ഷം) രൂപ എം.ഡി.എസ്. ആയി ബന്ധമില്ലാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പല ചുരുക്കപ്പേരുകളിലാണ് ചിലവഴിച്ചിട്ടുള്ളതെന്ന് വിജിലൻസ് കണ്ടെത്തി. സഹകരണ വകുപ്പ് അംഗീകരിച്ച നിബന്ധനകൾക്കും ഉപനനിബന്ധനകൾക്കും വിരുദ്ധമായാണിത്.സംഘം എം.ഡി.എസ്. അഡ്വാൻസ് പെയ്മെന്റിലൂടെ ചിലവഴിച്ച പണമായ 2 കോടി 8 ലക്ഷം ഒന്നാം പ്രതിയുടെയും ബാങ്ക് ഭരണസമിതി അംഗങ്ങളുടേയും സ്വന്തക്കാരുടെ പേരിൽ ഓരോരുത്തർക്കും നാല് ലക്ഷം രൂപ 52 പേരുടെ പേരിൽ നൽകി ആ പണം തന്നെ തിരിച്ചടച്ചതായും വിജിലൻസ് കണ്ടെത്തി.

എന്നാൽ ലോൺ നൽകുമ്പോൾ വസ്തു ഗഹാൻ ചെയ്യേണ്ട നടപടി ക്രമങ്ങൾ പാലിച്ചില്ല.ഒരു മെമ്പർക്ക് 4 ലക്ഷം രൂപ ലോൺ അനുവദിക്കേണ്ട സ്ഥാനത്ത് 7 ലക്ഷം രൂപ നൽകിയും ക്രമക്കേട് നടത്തി. പ്രതിമാസ നിക്ഷേപ പദ്ധതിയിൽ ചേർന്നിട്ടില്ലാത്തവർക്കും ലോൺ നൽകി. ഇത് വർഷാവസാനം യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ പല പേരിൽ ലോൺ നൽകിയതായി കാണിച്ച് ആ പണം തന്നെ തിരിച്ചടക്കും.മുളവൂർ വില്ലേജ് വനിതാ സഹകരണ സംഘംത്തിന് ഭരണസമിതിയുടെ അംഗീകാരമില്ലാതെ 2014-16 കാലഘട്ടത്തിൽ 65 ലക്ഷം രൂപ നൽകി. എന്നാൽ ഈ രൂപയ്ക്ക് യാതൊരു പലിശയും വാങ്ങാതെ തിരിച്ചു വാങ്ങുകയും ചെയ്തു. ഇതും ക്രമക്കേടായി വിജിലൻസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ ഇടപാടിൽ സംഘത്തിന് 11,26,307 ലക്ഷം രൂപ പലിശയിനത്തിൽ നഷ്ടമായി.ത്വരിതാന്വേഷണ റിപ്പോർട്ടിൽ സംഘം പ്രസിഡന്റ് പി.എം. അസീസിനെതിരെയും ഭാര്യ ആമിന അസീസിനെതിരെയും വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന് അന്വേഷണ നടന്നുവരുന്നതേ ഉള്ളുവെന്നും ഇതു സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് പിന്നീട് നൽകുമെന്നും പറഞ്ഞിട്ടുണ്ട്.വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം യൂണിറ്റ് പൊലീസ് ഇൻസ്പെക്ടർ വി. ഗോപകുമാറാണ് അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP