Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാനും മലേഷ്യയുമടക്കം ലോകത്തെ 20 ഇസ്ലാമിക രാജ്യങ്ങൾ നിരോധിച്ച മുത്തലാഖ് മതേതര ഇന്ത്യയിൽ എന്തുകൊണ്ട് നിരോധിച്ചുകൂടായെന്ന് ബിജെപി; മുസ്ലിം പുരുഷന്മാർക്ക് എതിരെ മാത്രം ക്രിമിനൽ കുറ്റം ചുമത്തുന്നത് പൊലീസും മറ്റ് ഏജൻസികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്നതാണ് പ്രതിപക്ഷം; നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡടക്കം ഇറങ്ങിപ്പോയിട്ടും 303 അംഗങ്ങളുടെ പിന്തുണയോടെ ലോക്സഭ കടന്ന് മുത്തലാഖ് ബിൽ; ഇനി പോരാട്ടം രാജ്യസഭയിൽ

പാക്കിസ്ഥാനും മലേഷ്യയുമടക്കം ലോകത്തെ 20 ഇസ്ലാമിക രാജ്യങ്ങൾ നിരോധിച്ച മുത്തലാഖ് മതേതര ഇന്ത്യയിൽ എന്തുകൊണ്ട് നിരോധിച്ചുകൂടായെന്ന് ബിജെപി; മുസ്ലിം പുരുഷന്മാർക്ക് എതിരെ മാത്രം ക്രിമിനൽ കുറ്റം ചുമത്തുന്നത് പൊലീസും മറ്റ് ഏജൻസികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്നതാണ് പ്രതിപക്ഷം;  നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡടക്കം ഇറങ്ങിപ്പോയിട്ടും 303 അംഗങ്ങളുടെ പിന്തുണയോടെ ലോക്സഭ കടന്ന് മുത്തലാഖ് ബിൽ; ഇനി പോരാട്ടം രാജ്യസഭയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബിൽ (മുത്തലാഖ് ബിൽ) ലോക്സഭ പാസാക്കി. 303 അംഗങ്ങൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 82 പേർ എതിർത്തു. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ലോക്സഭ കടന്നതിനെ തുടർന്നു ബിൽ ഇനി രാജ്യസഭയിൽ അവതരിപ്പിക്കും.ബിൽ പാസാക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ് എം പിമാർ സഭയിൽനിന്ന് ഇറങ്ങിപ്പോയി

ബില്ലിൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കാനുള്ള വ്യവസ്ഥയ്ക്ക് എതിരെ കോൺഗ്രസ് വോട്ടു ചെയ്തു. മുത്തലാഖ് നിരോധിക്കുന്ന ബില്ല്, ലിംഗനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്നാണ് ബില്ല് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്. മുസ്ലിം സമുദായത്തിൽ ഭാര്യയുമായി വിവാഹമോചനം നേടാൻ ഭർത്താവിന് തലാഖ് എന്ന് മൂന്ന് വട്ടം ചൊല്ലിയാൽ മതിയെന്ന ചട്ടത്തിനെതിരാണ് ബില്ല്. ഇത്തരത്തിൽ ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ഭർത്താക്കന്മാർക്ക് ജയിൽ ശിക്ഷ നൽകാനുള്ള ചട്ടങ്ങൾ ബില്ലിലുണ്ട്.

ബില്ലിനെതിരെ ഇന്ന് മുഴുവൻ സഭയിൽ വലിയ പ്രതിപക്ഷ ബഹളം നടന്നിരുന്നു. ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡടക്കം ചർച്ചയിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയത് എൻഡിഎയ്ക്ക് നാണക്കേടായി. സമുദായത്തിന്റെ വിശ്വാസമില്ലാതെ ഇത്തരത്തിലൊരു നിയമം പാസ്സാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ജെഡിയുവിന്റെ ഇറങ്ങിപ്പോക്ക്.

അതേസമയം, കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ബില്ലിന് വേണ്ടി സഭയിൽ ശക്തമായി വാദിച്ചു. ''പാക്കിസ്ഥാനും മലേഷ്യയുമടക്കം ലോകത്തെ 20 ഇസ്ലാമിക രാജ്യങ്ങൾ മുത്തലാഖ് നിരോധിച്ചതാണ്. മതേതര ഇന്ത്യയിൽ എന്തുകൊണ്ട് ഈ മതനിയമം നിരോധിച്ചുകൂടാ?'', രവിശങ്കർ പ്രസാദ് ചോദിച്ചു. വോട്ടെടുപ്പിൽ പങ്കെടുക്കാൻ ബിജെപി എംപിമാർക്ക് വിപ്പ് ഏർപ്പെടുത്തിയിരുന്നു. ബില്ലിലെ പല വ്യവസ്ഥകളും വിവേചനപരമാണെന്നും, ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്തുകൊണ്ടാണ് മുത്തലാഖ് ബില്ല് മാത്രം ഇത്ര പെട്ടെന്ന് പാസ്സാക്കിയെടുക്കണമെന്ന് സർക്കാർ വാശി പിടിക്കുന്നതെന്നും പ്രതിപക്ഷം ചോദിക്കുന്നു.

മുസ്ലിം പുരുഷന്മാർക്ക് എതിരെ മാത്രം ക്രിമിനൽ കുറ്റം ചുമത്തുന്നത് പൊലീസും മറ്റ് ഏജൻസികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാർ മുസ്ലിം സമുദായത്തിൽ മാത്രമല്ല, ക്രിസ്ത്യൻ, ഹിന്ദു സമുദായങ്ങളിലുമുണ്ട്. ഈ സമുദായങ്ങളിലെ പുരുഷന്മാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താത്തത് എന്തുകൊണ്ടാണ്? ലിംഗനീതിക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കേന്ദ്രസർക്കാർ എന്തുകൊണ്ട് ഇതരസമുദായങ്ങളിൽ പെട്ട സ്ത്രീകളെ കാണുന്നില്ല? എന്തുകൊണ്ട് മുസ്ലിം പുരുഷന്മാർക്കെതിരെ മാത്രം ക്രിമിനൽ നടപടി ശുപാർശ ചെയ്യുന്ന ബില്ല് എൻഡിഎ പാസ്സാക്കാൻ ധൃതി പിടിച്ച് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.

''ഇന്ന് ബില്ലവതരിപ്പിക്കുന്നു എന്ന കാര്യം ഇന്നലെ മാത്രമാണ് കേന്ദ്രസർക്കാർ അജണ്ടയിൽ ഉൾപ്പെടുത്തിയത്. എന്തുകൊണ്ടാണത്? എന്തിനാണ് സർക്കാർ ഈ ബില്ലവതരണം ഒളിച്ചു കടത്തിയത്?'', കോൺഗ്രസ് അംഗങ്ങൾ ഇതാണ് ചോദിക്കുന്നത്. ബുധനാഴ്ച സംയുക്ത പ്രതിപക്ഷത്തിന്റെ യോഗം പാർലമെന്റിൽ ചേർന്നിരുന്നു. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, ഇപ്പോൾ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിലെ ചില്ല ബില്ലവതരണങ്ങൾ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. മുത്തലാഖ് ബില്ലടക്കമുള്ളവ സെലക്ട് കമ്മിറ്റിക്ക് വിടാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ നീക്കം.

അതേസമയം മുത്തലാഖ് ബിൽ ലോക്സഭയിൽ. പി.കെ കുഞ്ഞാലിക്കുട്ടിയും എൻ.കെ പ്രേമചന്ദ്രനും ബില്ലിനെ എതിർത്ത് സംസാരിച്ചു. ബിൽ വിവേചനപരമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം സംഘടനകളോട് സർക്കാർ ചർച്ച നടത്താത്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് ബില്ലിന്റെ ആവശ്യമെന്തെന്ന് വിശദീകരിക്കാൻ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് എൻ.കെ പ്രേമചന്ദ്രൻ. സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതിയുടേത് ഭൂരിപക്ഷ വിധിയായിരുന്നു. നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടില്ല. ആൾ ഇന്ത്യ മുസ് ലിം പേഴ്സണൽ ലോ ബോർഡ് മാത്രമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഓർഡിനൻസ് തുടർച്ചയായി കൊണ്ടു വരുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതി നിർദ്ദേശിച്ചിട്ടും ആൾക്കൂട്ട കൊലപാതകത്തിൽ എന്തുകൊണ്ട് സർക്കാർ നിയമം കൊണ്ടുവരാത്തതെന്ന് പ്രേമചന്ദ്രൻ ചോദിച്ചു. മുസ് ലിം പുരുഷന്മാരെ ശിക്ഷിക്കാനുള്ള ബില്ലാണിത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രേരിതമായി കൊണ്ടുവന്ന ബില്ലാണിതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

വിവാഹമോചനം ചെയ്യുന്ന ഹിന്ദു, ക്രിസ്ത്യൻ വിഭാഗക്കാർക്കെതിരെ എന്തു കൊണ്ട് ജയിൽ ശിക്ഷ ബാധകമാക്കുന്നില്ലെന്ന് ആർ.എസ്‌പി എംപി എൻ.കെ പ്രേമചന്ദ്രൻ ചോദിച്ചു. എന്തു കൊണ്ട് മുസ് ലിം വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി. മുസ് ലിം വിഭാഗത്തിനെതിരെയുള്ള വിവേചനമാണിതെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതിയുടേത് ഭൂരിപക്ഷ വിധിയായിരുന്നു. നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടില്ല. ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് മാത്രമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഓർഡിനൻസ് തുടർച്ചയായി കൊണ്ടു വരുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി നിർദ്ദേശിച്ചിട്ടും ആൾക്കൂട്ട കൊലപാതകത്തിൽ എന്തുകൊണ്ട് സർക്കാർ നിയമം കൊണ്ടുവരാത്തതെന്ന് പ്രേമചന്ദ്രൻ ചോദിച്ചു. മുസ് ലിം പുരുഷന്മാരെ ശിക്ഷിക്കാനുള്ള ബില്ലാണിത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രേരിതമായി കൊണ്ടുവന്ന ബില്ലാണിതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. നേരത്തെ, ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ പരാജയപ്പെടുകയായിരുന്നു. മുത്തലാഖ് ഓർഡിനൻസിന് പകരമാണ് ബിൽ കൊണ്ടു വരുന്നത്.

പാർലമെന്റിനെ മുൻകൂട്ടി അറിയിക്കാതെ ബില്ലുകൾ കേന്ദ്രസർക്കാർ ഒളിച്ചുകടത്തുകയാണെന്ന് ശശിതരൂർ. അംഗങ്ങൾക്ക് പഠിക്കാനുള്ള അവസരം പോലും നൽകാതെ ബില്ലുകൾ തിരക്കിട്ട് സഭയിൽ അവതരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശശി തരൂർ ലോക്‌സഭയിൽ പറഞ്ഞു. മുത്തലാഖ് ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ചതും മുൻകൂട്ടി അറിയിക്കാതെയാണ്.

മുത്തലാഖ് ബില്ലിന്റെ പേരിൽ മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ കാണിക്കുന്ന ആവേശം ഹിന്ദു, ക്രിസ്ത്യൻ സ്ത്രീകളുടെ കാര്യത്തിൽ കാണുന്നില്ലെന്ന് ഡി.എം.കെ അംഗം കനിമൊഴി. മുസ്ലിം സ്ത്രീകളുടെ പേരിൽ മുസ്ലിം പുരുഷന്മാരെ ലക്ഷ്യം വെക്കുകയും ജയിലിൽ അടക്കുകയുമാണ് നടക്കാൻ പോകുന്നത്. ഗാർഹിക പീഡന നിരോധന നിയമം മുത്തലാഖ് ബില്ലിനേക്കാൾ ശക്തമാണെന്നും കനിമൊഴി പറഞ്ഞു.

ബിൽ അവതരണത്തിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ എംപിമാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, മുസ് ലിം ലീഗ് അടക്കമുള്ള അംഗങ്ങൾ പ്രതിഷേധിച്ചു. ബിൽ പാർലമെന്ററി സമിതിക്ക് വിടണമെന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ പാർട്ടികൾ ആവശ്യപ്പെട്ടു. നേരത്തെ, ലോക് സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ പരാജയപ്പെടുകയായിരുന്നു. മുത്തലാഖ് ഓർഡിനൻസിന് പകരമാണ് ബിൽ കൊണ്ടു വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP