Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓസ്‌ട്രേലിയയിൽ ഹൈക്കമ്മീഷണറായിരുന്ന കണ്ണമ്പള്ളി കരുണാകര മേനോന്റെ മകൻ; അടിയന്തരാവസ്ഥയിൽ പൊലീസ് മർദ്ദിച്ചു കൊന്ന രാജന്റെ സഹപാഠി; ഇന്ത്യൻ മാവോയിസ്റ്റ് മുന്നേറ്റങ്ങളെ കുറിച്ച് പുസ്തകം എഴുതിയത് അജിത്ത് എന്ന പേരിൽ; നോം ചോംസ്‌കി അടക്കമുള്ള ബുദ്ധിജീവികളുടെ സുഹൃത്ത്; രാജ്യദ്രോഹം കുറ്റം ചുമത്തി തടവറയിലാക്കിയപ്പോൾ മോചിപ്പിക്കാൻ ശബ്ദമുയർത്തിയത് ഇറ്റലിയും സ്‌പെയിനും ഫ്രാൻസും ജർമനിയും അടക്കമുള്ള രാജ്യങ്ങൾ; മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ ജീവിതം സിനിമാക്കഥയെയും വെല്ലുന്നത്

ഓസ്‌ട്രേലിയയിൽ ഹൈക്കമ്മീഷണറായിരുന്ന കണ്ണമ്പള്ളി കരുണാകര മേനോന്റെ മകൻ; അടിയന്തരാവസ്ഥയിൽ പൊലീസ് മർദ്ദിച്ചു കൊന്ന രാജന്റെ സഹപാഠി; ഇന്ത്യൻ മാവോയിസ്റ്റ് മുന്നേറ്റങ്ങളെ കുറിച്ച് പുസ്തകം എഴുതിയത് അജിത്ത് എന്ന പേരിൽ; നോം ചോംസ്‌കി അടക്കമുള്ള ബുദ്ധിജീവികളുടെ സുഹൃത്ത്; രാജ്യദ്രോഹം കുറ്റം ചുമത്തി തടവറയിലാക്കിയപ്പോൾ മോചിപ്പിക്കാൻ ശബ്ദമുയർത്തിയത് ഇറ്റലിയും സ്‌പെയിനും ഫ്രാൻസും ജർമനിയും അടക്കമുള്ള രാജ്യങ്ങൾ; മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ ജീവിതം സിനിമാക്കഥയെയും വെല്ലുന്നത്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ജീവിതത്തിൽ സുഖലോലുപതകൾ എല്ലാം നുകർന്ന് ജീവിക്കാമായിരുന്ന വ്യക്തിയായിരുന്നു മുരളി കണ്ണമ്പള്ളി എന്ന യുവാവിന്. അതിന് വേണ്ട കുടുംബഭദ്രത അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഓസ്ട്രേലിയയിൽ ഹൈക്കമ്മിഷണറായിരുന്ന കണ്ണമ്പള്ളി കരുണാകരമേനോന്റെ മകൻ എന്നതു തന്നെയായിരുന്നു മുരളിയുടെ അഡ്രസ്. ലോകം ബഹുമാനിക്കുന്ന ഡിപ്ലോമാറ്റ്. പിതാവിനെ കണ്ടുവളർന്ന മുരളി കണ്ണമ്പള്ളി എന്നാൽ ആർഭാഢവും ബഹുമാനവും ലഭിക്കുന്ന ആ ജീവിതവഴിയിലേക്ക് തിരിഞ്ഞില്ല. മറിച്ച് അടിച്ചമർത്തപ്പെട്ടന്റെ ശബ്ദമാവാൻ മാവോയിസ്റ്റ് ആശയങ്ങളായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. ആ വിപ്ലവ വഴിയിൽ ഒപ്പം നടന്നവർ പലവഴി തെറ്റിപ്പിരിഞ്ഞു പോയെങ്കിലും പോരാട്ടം തുടർന്നു മുരളി കണ്ണമ്പള്ളി. ഒടുവിൽ മാവോ ബന്ധത്തിന്റെ പേരിൽ പിടിക്കപ്പെട്ട് നാലു വർഷമായി പൂന യെർവാദ ജയിലിൽ കഴിയേണ്ടി വന്നു. നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ മുരളി കണ്ണമ്പള്ളി ഇന്നലെയാണഅ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

എല്ലാ മാസവും ഒന്നിനും പതിനാറിനും അന്വേഷണോദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, താമസിക്കുന്ന വിലാസം നൽകണം, പാസ്‌പോർട്ട് അന്വേഷണോദ്യോഗസ്ഥന് കൈമാറണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം. രാജ്യദ്രോഹക്കുറ്റം ചുമത്തി 2015 മേയിലാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്. തുടർന്ന് പുണെ യെർവാദ ജയിലിൽ തടവിലായിരുന്ന മുരളിക്ക് ഫെബ്രുവരി 25-നു ബോംബെ ഹൈക്കോടതി ജാമ്യമനുവദിച്ചു. ഇതിനെതിരേ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഈ അപ്പീൽ മെയ്‌ 29-നു തള്ളിയിരുന്നു. ജയിലിൽനിന്നിറങ്ങിയ മുരളിയെ സ്വീകരിക്കാൻ സഹപ്രവർത്തകരും സുഹൃത്തുക്കളും പുണെയിൽ എത്തിയിരുന്നു. തത്കാലം കേരളത്തിലേക്കില്ലെന്നും മുംബൈയിലുള്ള സഹോദരനോടൊപ്പം തങ്ങുമെന്നുമാണ് മുരളി കണ്ണമ്പള്ളി പറഞ്ഞത്.

എറണാകുളം ഇരുമ്പനം സ്വദേശിയായ മുരളി കണ്ണമ്പള്ളി അടിയന്തരാവസ്ഥക്കാലം മുതലാണ് തീവ്ര ഇടതുപക്ഷപ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചു തുടങ്ങിയത്. അന്ന് കോഴിക്കോട് ആർ.ഇ.സി.(ഇപ്പോൾ എൻ.ഐ.ടി.)യിൽ പഠനം നടത്തുകയാിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കൊടിയ മർദനമേറ്റുമരിച്ച രാജന്റെ സഹപാഠിയായിരുന്നു മുരളി. ഇടയ്ക്കുവെച്ച് പഠനം ഉപേക്ഷിച്ച് പൂർണമായി സംഘടനാപ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. 1976-ലെ കോഴിക്കോട് കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു.

ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന മുരളിക്ക് ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് കൗൺസിൽ ഫോർ അഡ്വാൻസ്മെന്റ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് കോൺസ്റ്റിറ്റിയൂഷണൽ റൈറ്റ്സ് ഇൻ ഇന്ത്യ എന്ന സംഘടനയും അന്താരാഷ്ട്രപ്രശസ്തരായ ഗായത്രി ചക്രവർത്തി സ്പിവാക്, നോം ചോംസ്‌കി, പാർഥ ചാറ്റർജി, ജൂഡിത്ത് ബട്ട്ലർ തുടങ്ങിയ ചിന്തകരും രംഗത്തെത്തിയിരുന്നു. 'ജസ്റ്റിസ് ഫോർ മുരളി' എന്ന പേരിൽ ഇന്ത്യയിൽ പലയിടത്തും മുരളി കണ്ണമ്പള്ളിയുടെ ജയിൽമോചനത്തിനായി പ്രവർത്തനങ്ങൾ നടന്നിരുന്നു. 'വേൾഡ് ടു വിൻ' എന്ന അന്താരാഷ്ട്രമാസികയുടെ പത്രാധിപരായിരുന്നു.

രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെക്കുറിച്ചും ദലിത് പഠനങ്ങളെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കുകയും കേരളത്തിലെ കാർഷിക ബന്ധങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന 'ഭൂമി, ജാതി, ബന്ധനം' എന്ന പുസ്തകം രചിക്കുകയും ചെയ്ത വ്യക്തിയാണ് അജിത് എന്ന പേരിൽ അറിയപ്പെട്ട കണ്ണമ്പള്ളി. അന്താരാഷ്ട്ര ജേർണലുകളിൽ അടക്കം നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 1984-ൽ ഫ്രാൻസിൽ വച്ചു നടന്ന റവല്യൂഷണറി ഇന്റർനാഷണൽ മൂവ്‌മെന്റ് സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഏക നേതാവാണ് മുരളി. അജിത് എന്ന പേരിൽ ഇന്ത്യൻ മാവോയിസ്റ്റ് മുന്നേറ്റങ്ങളെ കുറിച്ച് അഞ്ചു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര ഭീകര വരുദ്ധ സ്‌ക്വാഡ് (എടിഎസ്) മുരളിയെ അറസ്റ്റ് ചെയ്യുമ്പോൾ ആശുപത്രിയിൽ ഇദ്ദേഹത്തിന് സഹായിയായി നിന്ന ഇസ്മായിലും അന്ന് അറസ്റ്റിലായിയിരുന്നു. നക്‌സലൈറ്റ് മുദ്രകുത്തപ്പെട്ട് കസ്റ്റഡിയിലെത്തിയ മുരളി കണ്ണമ്പള്ളിക്കെതിരെ പ്രാഥമിക കുറ്റപത്രത്തിൽ ചാർത്തിയ വകുപ്പുകൾ നിസാരമാണ്. 40 വർഷമായി ഒളിവിലായിരുന്ന മുരളിക്കെതിരെ ചുമത്തിയ കേസുകളിൽ ആൾമാറാട്ടമാണ് പ്രധാനപ്പെട്ട ഒന്ന്. കേസ് കോടതിയിലെത്തുന്ന മുറയ്ക്ക് മറ്റ് കേസ്സുകൾ കൂടി ചുമത്തുകയാണ് പതിവ്. ജാമ്യം നിഷേധിക്കാൻ കൂട്ടായ പരിശ്രമം തന്നെ നടന്നു.

നഗ്നമായ മനുഷ്യാവകാശ ലംഘനവും ഇന്ത്യൻ ഭരണഘടന ഒരു പൗരന് അനുവദിക്കുന്ന അടിസ്ഥാന അവകാശങ്ങളെ കാറ്റിൽ പറത്തുന്നതുമായിരുന്നു മുരളി കണ്ണമ്പള്ളിയുടെയും ഇസ്മായിലിന്റെയും അറസ്റ്റ്. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകർ തയാറാക്കിയ പ്രസ്താവന അയച്ചു കൊടുത്തപ്പോൾ പ്രമുഖ പൊളിറ്റിക്കൽ സയന്റിസ്റ്റ് പാർത്ഥ ചാറ്റർജി പറഞ്ഞത്, ഇവരുടെ മോചനത്തിനായി ഒപ്പിട്ട ആളുകളുടെ പട്ടികയിൽ തന്റെ പേർ കൂടി ചേർക്കൂ എന്നാണ്. നോം ചോംസ്‌കി, ജൂഡിത്ത് ബട്ലർ, ഗായത്രി ചക്രവർത്തി സ്പിവാക് തുടങ്ങി ലോകത്തെ അറിയപ്പെടുന്ന ബുദ്ധിജീവികളും അദ്ദേഹത്തിന്റെ മോചനത്തിനായി ശബ്ദമുയർത്തിയിരുന്നു. ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ്, ജർമനി, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ മുരളിയുടെ മോചനത്തിനായി പ്രചരണം നടന്നു.

നക്‌സലൈറ്റ് നേതാവ വേണുവുമായി അടുത്ത ബന്ധമായിരുന്നു മുരളിക്ക് ഉണ്ടായിരുന്നത്. മാർക്സിസത്തെയും മാവോയിസത്തെയും പൂർണമായി വിശ്വസിക്കുന്ന ഒരാളായിരുന്നു മുരളി. അബദ്ധജഢിലമായൊരു വിശ്വാസമായിരുന്നു അയാൾ പിന്തുടർന്നത്. മുരളി സഞ്ചരിച്ച വഴി തെറ്റിപ്പോയി എന്നു പറയേണ്ടി വരുന്നവെന്നാണേണു മുരളിയെ കുറിച്ച് പിന്നീട് പറഞ്ഞത്. പൂർണമായ അർപ്പണബോധവും നിലപാടുകളിൽ സത്യസന്ധത പുലർത്തുകയും വിട്ടുവീഴ്‌ച്ച ചെയ്യാതിരിക്കുകയും മുരളിയുടെ സ്വഭാവവൈശിഷ്ട്യമായിരുന്നു. താൻ വിശ്വസിക്കുന്നതിനോട് ആയാൾ എന്നും കൂറു പുലർത്തി. അതിലയാൾ അടിയുറച്ചു നിന്നു. ഇത്രയും നാൾ ഇതുപോലൊരു പ്രസ്ഥാനത്തിൽ നിലിനിൽക്കാൻ മുരളിക്ക് കഴിഞ്ഞതും അതുകൊണ്ടാണെന്നും വേണു പറയുന്നു.

കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് മുരളി പിന്നീട് അറസ്റ്റിലായിരുന്നു. രാജൻ കൊല്ലപ്പെടുമ്പോൾ മുരളിയും പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. മുരളി കായണ്ണ സ്റ്റേഷൻ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തൊരാളല്ല. പൊലീസ് അയാളെ പ്രതി ചേർത്തെന്നുമാത്രമാണ് വേണു പറയുന്നത്. മുരളിക്ക് ആക്രമണത്തെ കുറിച്ച് അറിയില്ലായിരുന്നു. പക്ഷേ കേസ് വന്നപ്പോൾ അയാളെയും പ്രതി ചേർത്തു. കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമായിരുന്ന മുരളിക്ക് ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരിക്കുമെന്ന ധാരണയിലാണ് അയാളെ അറസ്റ്റ് ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

ശാന്തനായിരുന്നു മുരളി, അക്രമണവ്യഗ്രതയുള്ളൊരു വിഭാഗം പ്രസ്ഥാനത്തിലുണ്ടായിരുന്നെങ്കിലും മുരളിയൊരിക്കലും ആ കൂട്ടത്തിൽപ്പെട്ടൊരാളായിരുന്നില്ല. എനിക്ക് വലം കൈയെന്നപോലെയായിരുന്നു മുരളി ഒപ്പം പ്രവർത്തിച്ചത്. സൈദ്ധാന്തികമായ ഇടപെടലുകളായിരുന്നു മുരളി നടത്തിയിരുന്നത്. ഞാനെഴുതുന്നതിലൊക്കെ വേണ്ട തിരുത്തലുകൾ അയാൾ നിർദ്ദേശിച്ചിരുന്നു. വളരെ സൂക്ഷ്മമായ പരിശോധനകൾ ആ രചനകളിൽ മുരളി നടത്തുമായിരുന്നു. സംഘടനയിൽ രഹസ്യപ്രവർത്തനം കൃത്യമായി പാലിച്ചുപോന്നിരുന്നയാളാണ് മുരളിയെന്നും വേണു ഓർത്തെടുക്കുന്നു.

മുരളിയുടെ ഈ പ്രവർത്തന രീതിയായിരിക്കണം അയാളെ ഇത്രനാളും പൊലീസിന്റെയും മറ്റും കൈകളിൽ പെടാതിരിക്കാൻ സഹായിച്ചത്. അതേസമയം നാൽപ്പത് വർഷം പൂർണമായി മുരളി അണ്ടർ ഗ്രൗണ്ട് പ്രവർത്തനങ്ങളായിരുന്നു നടത്തിയിരുന്നതെന്നു പറയുന്നത് ശരിയല്ല. ആരൊക്കെയൊ ചമച്ചൊരു കള്ളക്കഥമാത്രമാണത്. എറണാകുളം ഇരുമ്പനത്താണ് മുരളിയുടെ തറവാട്. ഇടയ്ക്കിടെ ഇവിടെ മുരളി വന്നു പോകാറുണ്ടായിരുന്നു. പാർട്ടി പ്രവർത്തകയായിരുന്ന ജെന്നി എന്ന നായരമ്പലം സ്വദേശിയായ ഒരു ദളിത് സ്ത്രീയെയാണ് മുരളി വിവാഹം കഴിച്ചത്. പിന്നീട് ഈ ബന്ധം പിരിഞ്ഞു. മുരളിയുടെ മകൻ ഇപ്പോൾ ഡൽഹിയിലാണ്. മുരളിയുടെ സഹോദരനാണ് ഈ പയ്യനെ അങ്ങോട്ടു കൊണ്ടുപോകുന്നത്. പോരാട്ടം ഗ്രൂപ്പിന്റെ വക്താവായി ചാനലുകളിലൊക്കെ ചർച്ചയിൽ പങ്കെടുക്കുന്ന അഡ്വക്കേറ്റ് മാനുവലിനെ ജെന്നി പിന്നീട് വിവാഹം ചെയ്യുകയാണ് ഉണ്ടായത്- വേണു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP