Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രമ്യ ഹരിദാസിന്റെ കാർ പിരിവിന്റെ പേരിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി അനിൽ അക്കര; വിഷയത്തിൽ മുല്ലപ്പള്ളിയുടെ നിലപാട് സൈബർ സഖാക്കൾക്ക് ലൈക്കടിച്ചതു പോലെയായി; മുല്ലപ്പള്ളിയെ പോലെ താനും എഐസിസി അംഗമാണ്; ഈ രീതിയിലാണ് സംവാദം തുടരുന്നതെങ്കിൽ ഞങ്ങളും അത് തുടരും; മാസങ്ങൾ കഴിഞ്ഞിട്ടും തൃശ്ശൂരിൽ ഡിസിസി പ്രസിഡന്റ് ഇല്ലാത്തതിന്റെ ഉത്തരവാദിത്തവും കെപിസിസി അധ്യക്ഷനെന്ന് എംഎൽഎ

രമ്യ ഹരിദാസിന്റെ കാർ പിരിവിന്റെ പേരിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി അനിൽ അക്കര; വിഷയത്തിൽ മുല്ലപ്പള്ളിയുടെ നിലപാട് സൈബർ സഖാക്കൾക്ക് ലൈക്കടിച്ചതു പോലെയായി; മുല്ലപ്പള്ളിയെ പോലെ താനും എഐസിസി അംഗമാണ്; ഈ രീതിയിലാണ് സംവാദം തുടരുന്നതെങ്കിൽ ഞങ്ങളും അത് തുടരും; മാസങ്ങൾ കഴിഞ്ഞിട്ടും തൃശ്ശൂരിൽ ഡിസിസി പ്രസിഡന്റ് ഇല്ലാത്തതിന്റെ ഉത്തരവാദിത്തവും കെപിസിസി അധ്യക്ഷനെന്ന് എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ആലത്തൂർ എംപി രമ്യ ഹരിദാസിന്റെ കാർ വിവാദത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് എംഎൽഎ അനിൽ അക്കരെ. രമ്യാ ഹരിദാസിന്റെ കാർവിവാദത്തിൽ മുല്ലപ്പള്ളിയുടെ നിലപാട് സൈബർ സഖാക്കൾക്ക് ലൈക്കടിച്ചതു പോലെയായി എന്ന് അനിൽ തുറന്നടിച്ചു. ഈ രീതിയിലാണ് സംവാദം തുടരുന്നതെങ്കിലും ഞങ്ങളും അത് തുടരുമെന്ന് അനിൽ വ്യക്തമാക്കി. കെപിസിസി യോഗത്തിൽ എംഎൽഎമാരെ ക്ഷണിക്കാറില്ല. തൃശൂരിൽ ഡിസിസി പ്രസിഡന്റ് ഇല്ലാത്തത് പാർട്ടിയെ തളർത്തിയെന്നും അനിൽ അക്കര മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'തൃശൂരിൽ ഡിസിസി പ്രസിഡന്റില്ല. ഞങ്ങൾക്കും വേണ്ടേ ഒരു പ്രസിഡന്റ്? മാസങ്ങൾ കഴിഞ്ഞു. ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ? ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് കെപിസിസി പ്രസിഡന്റാണ്.'' അനിൽ അക്കരെ രാവിലെ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വിവാദമായതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകരെയും അദ്ദേഹം കണ്ടത്. ആലത്തൂർ എംപി രമ്യ ഹരിദാസിന് കാർ വാങ്ങി നൽകാനുള്ള തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് കെപിസിസി അധ്യക്ഷൻ ഉന്നയിച്ചത്. വിഷയത്തിൽ മുല്ലപ്പള്ളിയുടെ നിലാപട് സിപിഎം ആയുധമാക്കി മാറ്റുകയും ചെയ്തു. ഇതിനെ പരാമർശിച്ചു കൊണ്ടാണ് അനിൽ വിമർശനം ഉന്നയിച്ചത്.

ഇതിന് പുറമേയാണ് തൃശ്ശൂർ ഡിസിസി അധ്യക്ഷന്റെ വിഷയവും ഉന്നയിച്ചത്. ടി എൻ പ്രതാപനായിരുന്നു തൃശൂർ ഡിസിസി പ്രസിഡന്റ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽനിന്ന് വിജയിച്ച പ്രതാപൻ എംപിയായി. ഇതോടെ പാർട്ടിയുടെ പുതിയ നയം പ്രകാരം ഡിസിസിക്ക് പുതിയ അധ്യക്ഷൻ വരണമെന്നാണ് ആവശ്യം. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. സുനിൽ ലാലൂരും ഡിസിസി പ്രസിഡന്റിനെ വേണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. ജില്ലയിലെ സംഘടനാപ്രവർത്തനം അഴിഞ്ഞ മട്ടിലാണെന്നും പിരിവെടുത്തും ലോണെടുത്തും ഡിസിസി പ്രസിഡന്റിനെ നിയമിക്കാൻ കഴിയില്ലല്ലോ എന്നും സുനിൽ ലാലൂർ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

പിരിവിലൂടെ കാർ വാങ്ങാനുള്ള തീരുമാനത്തിൽനിന്ന് രമ്യ ഹരിദാസ് എംപി പിൻവാങ്ങിയതിനെ അഭിനന്ദിച്ച് കെപിസിസി അധ്യക്ഷൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. പിരിവിലൂടെ സ്വന്തമായി കാർ വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് കെപിസിസി അധ്യക്ഷൻ നിലപാടെടുത്തിരുന്നു. ഇതോടെ, ഉപദേശം മാനിച്ച് പിൻവാങ്ങുന്നു എന്ന രമ്യ ഹരിദാസ് എംപിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറയുകയുണ്ടായി.

ഗാന്ധിയൻ മൂല്യങ്ങളിൽ ആകൃഷ്ടയായി പൊതുരംഗത്ത് കടന്നുവന്ന രമ്യാ ഹരിദാസ് ദുരിതങ്ങളുടേയും കഷ്ടപ്പാടുകളുടേയും അഗ്നിപഥങ്ങളിലൂടെ നടന്നാണ് ഉയരങ്ങൾ കീഴടക്കിയത് എന്നതിൽ നാം എല്ലാവരും അഭിമാനിക്കുന്നു. ഉയർത്തെഴുന്നേറ്റ ഇന്ത്യൻ സ്ത്രീത്വത്തിന്റെ തിളക്കമാർന്ന മുഖമാണ് രമ്യാ ഹരിദാസ്. രമ്യ ഒരു എംപി അല്ലായിരുന്നുവെങ്കിൽ സഹപ്രവർത്തകരുടെ സ്നേഹ സഹായം സ്വീകരിക്കുന്നതിൽ തെറ്റുണ്ടാകുമായിരുന്നില്ല. ആരുടെ പക്കൽ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എംപിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. ഇത് മുൻനിർത്തി കെപിസിസി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജ്യേഷ്ഠ സഹോദരൻ എന്ന നിലയിലാണ് ഞാൻ രമ്യയെ ഉപദേശിച്ചതെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരിച്ചത്.

അതേസമയം കാറിന് വേണ്ടിയുള്ള പണപ്പിരിവ് വിവാദമായ സാഹചര്യത്തിൽ പിരിച്ച പണം തിരിച്ചു നൽകാനും യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരുന്നു. അതേസമയം, രമ്യയെ പിന്തുണച്ചു പി.ടി. തോമസ് എംഎൽഎ രംഗത്തെത്തുകയുണ്ടായി. രമ്യയ്ക്കു സഹപ്രവർത്തകർ കാർ വാങ്ങി നൽകുന്നതു മഹാ അപരാധമാണെന്ന പ്രചാരണം ശരിയല്ല. സിപിഎം നേതാക്കൾ ഈയിടെ വരെ കാർ വാങ്ങിയിരുന്നതു ജനങ്ങളിൽ നിന്നു പിരിവെടുത്താണ്. അതേസമയം, കെപിസിസി പ്രസിഡന്റിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും പി ടി തോമസ് അറിയിക്കുകയുണ്ടായി.

കെപിസിസി പ്രസിഡന്റ് തന്നെ പരസ്യമായി വിമർശിച്ചതോടെ ആലത്തൂർ എം പി രമ്യാ ഹരിദാസിന് വാഹനം വാങ്ങാൻ നടത്തിയ പണപ്പിരിവ് ഉപേക്ഷിക്കാൻ യൂത്ത് കോൺഗ്രസ് നിർബന്ധിതരാവുകയായിരുന്നു. 14 ലക്ഷം രൂപ പിരിക്കാനായിരുന്നു തീരുമാനം. യോഗത്തിൽ അനിൽ അക്കര എം എൽ എയും പങ്കെടുത്തു. പണപ്പിരിവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ അഭിപ്രായം തേടാതെ വിമർശനമുന്നയിച്ച കെപിസിസി പ്രസിഡന്റിന്റെ നിലപാട് ശരിയായില്ലെന്ന വിമർശനവും യോഗത്തിലുയർന്നു. എന്നാൽ കെപിസിസി അധ്യക്ഷനെ മറികടന്ന് പണപ്പിരിവുമായി പോകേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം അനുസരിക്കുന്നതായി രമ്യാ ഹരിദാസ് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP