Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിഷപ്പുകയും പൊടിപടലങ്ങളും മൂടി നാട്ടുകാർക്ക് ശ്വാസംമുട്ടലും അലർജിയും; ഗർഭിണികൾക്ക് ശാരീരിക അസ്വസ്ഥതകളും രോഗികളുടെ എണ്ണത്തിൽ വർദ്ധനയും; പൊറുതിമുട്ടിയപ്പോൾ കൊടികളുടെ അകമ്പടി പോലുമില്ലാതെ ഒന്നിച്ചു; പത്തനംതിട്ട തീയാടിക്കലിലെ അനധികൃത ടാർ മിക്‌സിങ് കമ്പനിക്ക് താഴിട്ട് മലിനീകരണ നിയന്ത്രണ ബോർഡ്; കമ്പനി വീണ്ടും തുറക്കാനുള്ള നീക്കത്തെ ചെറുക്കാനും പ്രക്ഷോഭം

വിഷപ്പുകയും പൊടിപടലങ്ങളും മൂടി നാട്ടുകാർക്ക് ശ്വാസംമുട്ടലും അലർജിയും; ഗർഭിണികൾക്ക് ശാരീരിക അസ്വസ്ഥതകളും രോഗികളുടെ എണ്ണത്തിൽ വർദ്ധനയും; പൊറുതിമുട്ടിയപ്പോൾ കൊടികളുടെ അകമ്പടി പോലുമില്ലാതെ ഒന്നിച്ചു; പത്തനംതിട്ട തീയാടിക്കലിലെ അനധികൃത ടാർ മിക്‌സിങ് കമ്പനിക്ക് താഴിട്ട് മലിനീകരണ നിയന്ത്രണ ബോർഡ്; കമ്പനി വീണ്ടും തുറക്കാനുള്ള നീക്കത്തെ ചെറുക്കാനും പ്രക്ഷോഭം

പ്രകാശ് ചന്ദ്രശേഖർ

 പത്തനംതിട്ട: ഒടുവിൽ നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനാ ഫലമുണ്ടായി. കൊറ്റനാട് പഞ്ചായത്തിലെ തീയാടിക്കലിൽ നാട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ പ്രവർത്തിച്ചുവന്ന ടാർ മിക്‌സിങ് കമ്പനിക്ക് താഴിട്ടു. ടാർമിക്സിങ് യൂണിറ്റ് സ്ഥാപിച്ചത് 30 കിലോമീറ്റർ താഴെയുള്ള റോഡ് നിർമ്മാണത്തിന് വേണ്ടിയായിരുന്നു. റോഡ് നിർമ്മാണം പൂർത്തിയായിട്ടും അധികൃതരുടെ ഒത്താശയിൽ കമ്പനി വർഷങ്ങളോളമാണ് പ്രവർത്തിച്ചത്. പ്രദേശത്ത് വിഷപ്പുകയും പൊടിപടലങ്ങളും നിറഞ്ഞതോടെ പരിസരവാസികളിൽ ശ്വാസം മുട്ടലും അലർജ്ജിയും വ്യാപകമായിരുന്നു. മരണ ഭീതി വിതയ്ക്കുന്ന സ്ഥാപനത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ പോരാട്ടം വർഷങ്ങൾക്കുശേഷം വിജയത്തിലെത്തി. മലിനീകരണ നിയന്ത്രബോർഡ് സ്റ്റോപ്പ് മെമോ നൽകി കമ്പനി പൂട്ടിച്ചു. നേട്ടത്തിന് വഴിയൊരുക്കിയത് നാട്ടുകാരുടെ ശക്തമായ ഇടപെടലെന്ന് ആക്ഷൻ കൗൺസിൽ പറഞ്ഞു.

തീയാടിക്കൽ ജംഗ്ഷനിൽ പ്രവർത്തിച്ചുവന്നിരുന്ന ബെഗോറ ഇൻഫ്രാസ്്ട്രക്ചർ ഡെവലപ്പേഴ്സ് പ്രൈവറ്റ് സലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ടാർ മിക്സിങ് യൂണിറ്റിനാണ് കഴിഞ്ഞ ദിവസം മലിനീകരണ നിയന്ത്രണ ബോർഡ് സ്റ്റോപ്പ് മെമോ നൽകിയത്. കമ്പനിയുടെ പ്രവർത്തനം മൂലം പ്രദേശത്ത് രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നും ഗർഭിണികൾ വിഷപ്പുക ശ്വസിക്കുന്നതുമൂലം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ടെന്നും ഇതുമൂലം അബോർഷൻ പോലും സംഭവിക്കുകയാണെന്നും അതിനാൽ കമ്പനിയുടെ പ്രവർത്തനം നിർത്തലാക്കാൻ അടിയന്തരമായി ഇടപെണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധക്കാർ അധികൃതരെ സമീപിച്ചിരുന്നത്.

കമ്പനിക്കെതിരെ പരാതികൾ വ്യാപകമായിട്ടും അധികൃതർ കണ്ട ഭാവം നടിച്ചിച്ചില്ലെന്നും കഴിഞ്ഞ വർഷം ഡിസംബർ 31-ന് കമ്പനിയുടെ പ്രവർത്തനത്തിന് നൽകിയിരുന്ന സമയപരിധി അവസാനിക്കുകയാണെന്നും തുടർന്ന് ടാർമിക്സിങ് യൂണിറ്റ് പ്രവർത്തിപ്പിക്കരുത് എന്നും മറ്റും സൂചിപ്പിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നൽകിയ ഉത്തരവ് പാലിക്കപ്പെട്ടില്ലെന്നും ആക്ഷൻ കൗൺസിൽ നേതാക്കൾ വെളിപ്പെടുത്തി. തുടർന്നും കമ്പനി പ്രവർത്തിച്ചുവരികയായിരുന്നെന്നും ആക്ഷൻ കൗൺസിലുമായി ചർച്ചചെയ്ത് സ്വീകരിച്ച വ്യവസ്ഥകൾക്ക് വിരുദ്ധമായി 4 മാസം കൂടി ടാർമിക്‌സിങ് യൂണിറ്റിന് അധികൃതർ പ്രവർത്തനാനുമതി നൽകുകയായിരുന്നെന്നും ഇതിന് രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളുടെ ഇടപെടൽ ഉണ്ടായിരുന്നെന്നുമാണ് ആക്ഷൻകൗൺസിലിന്റെ ആരോപണം.

പ്രദേശത്തെ ഏതാനും സ്‌കൂളുകളും പള്ളി ഇടവകയും പരാതികളുമായി എത്തിയതും ഗ്രാമസഭ ഒറ്റക്കെട്ടായി ടാർമിക്സിങ് യൂണിറ്റിന്റെ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയതും കമ്പനിക്കെതിരെയുള്ള പ്രതിഷേധക്കാരുടെ നീക്കത്തിന് തുണയായിരുന്നു. എതിർപ്പുമായി രംഗത്തുണ്ടായിരുന്ന പലരെയും ഭയപ്പെടുത്തിയും പലവിധ സ്വാധീനങ്ങളാലും കമ്പനി പിന്തിരിപ്പിച്ചിരുന്നെന്നും യൂണിറ്റ് സ്ഥാപിക്കുന്നതിന് സ്ഥലം വീട്ടുനൽകിയ നാട്ടുകാരൻ ഭാര്യ ഗർഭിണിയായപ്പോൾ താമസം എറണാകുളത്തേക്ക് മാറ്റിയിരുന്നെന്നും സ്ഥലം സന്ദർശിച്ച മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെ പരാതിക്കാർ അറിയിച്ചിരുന്നു.

നാട്ടുകാരെ വിഷപ്പുക തീറ്റിച്ച് കമ്പിനി, സമീപത്തെ അഞ്ച് ജില്ലകളിലേയ്ക്ക് ടാർമിശ്രിതം എത്തിച്ച് ലാഭം കൊയ്യുകയായിരുന്നെന്നും തുടർന്നും ഇവിടെത്തന്നെ ഈ യൂണിറ്റ് പ്രവർത്തിപ്പിച്ചുകൊണ്ടുപോകാൻ കമ്പനി നടത്തിപ്പുകാർ അണിയറയിൽ നീക്കം നടത്തുന്നതായും എന്തുവിലകൊടുത്തും ഈ നീക്കം ചെറുക്കുമെന്നും ആക്ഷൻ കൗൺസിൽ ചെയർമാൻ അയിരൂർ പഞ്ചായത്തംഗം സുരേഷ് കുഴിവേലിൽ, വൈസ്സ് ചെയർമാൻ കെ ഇ ചാക്കോ കുറ്റിക്കണ്ടത്തിൽ എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP