Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ

37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിലെ ജീവിച്ചിരിക്കുന്ന അവസാനത്തെ നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരി മന വാസുദേവൻ നമ്പൂതിരി അവഗണനയുടെ പടുകുഴിയിൽ. പ്രായത്തിന്റെ അവശതയിൽ 107-ആം വയസിൽ പെരുമ്പാവൂർ അല്ലപ്രയിലെ മൂന്നര സെന്റിലെ കൂരയിൽ കഴിയുന്ന ഈ നാടുവാഴിയുടെ സ്ഥിതി പരിതാപകരമായ അവസ്ഥയിലാണ്. ഭൂസ്വത്തും അധികാരങ്ങളും കൈവിട്ടു പോകുന്ന ഒരു നാടുവാഴിയുടെ അവസ്ഥ പരമ ദയനീയമാകും എന്നതിന്റെ നേർ സാക്ഷ്യങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതവും ഇപ്പോഴുള്ള ചിത്രങ്ങളും. രാജഭരണത്തിന്റെയും നാടുവാഴി വ്യവസ്ഥിതിയുടെയും ഭൂതകാലത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് പരിവർത്തനം സംഭവിച്ചപ്പോൾ വിസ്മൃതിയുടെ അടരുകളിലേക്ക് പതിച്ച നാടുവാഴി ജീവിതങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നതിന്റെ തിരിച്ചറിവ് കൂടിയാകുകയാണ് വാസുദേവൻ നമ്പൂതിരിയുടെ ജീവിതം.

കണ്ണടയ്ക്കുന്നതിനു മുൻപ് അർഹമായ എന്തെങ്കിലും അവകാശങ്ങൾ, മാന്യമായ പരിഗണനയെങ്കിലും തന്നെ തേടിവരുമോ എന്നാണ് ഉറ്റവരോട് അദ്ദേഹം ഇപ്പോൾ അന്വേഷിക്കുന്നത്. സമ്പത്തിന്റെയും അധികാരത്തിന്റെയും നടുവിൽ ജനിച്ച്, സർവ്വ സൗഭാഗ്യങ്ങളും ഒന്നൊഴിയാതെ നഷ്ടപ്പെടുന്ന കാഴ്ച കണ്ടാണ് അദ്ദേഹം ജീവിതം ജീവിച്ച് തീർത്തത്. ഇപ്പോൾ ഇല്ലായ്മകൾക്ക് നടുവിൽ തന്റെ ഇളയ മകൻ ഗണപതി നമ്പൂതിരിയുടെ പരിചരണയിലാണ് ജീവിതം. കേരളത്തിലെ പുകഴ്‌പെറ്റ നമ്പൂതിരി ഇല്ലങ്ങളിൽ ഒരില്ലമായിരുന്നു നാഗഞ്ചേരി മന. പതിനെട്ടു ദേശങ്ങളുടെ അധികാരവും ഒമ്പത് ക്ഷേത്രങ്ങളുടെ ഊരാണ്മയും ഉണ്ടായിരുന്ന നാടുവാഴി മന കൂടിയായിരുന്നു നാഗഞ്ചേരി മന. ദേവസ്വം ബോർഡിന് നാഗഞ്ചേരി മന വിട്ടുകൊടുത്ത ഇരിങ്ങോൾകാവ് ക്ഷേത്രത്തിനു സമീപമാണ് നാഗഞ്ചേരി മന സ്ഥിതി ചെയ്തിരുന്നത്.

800 കിലോയ്ക്ക് മുകളിലുള്ള സ്വർണ്ണ ശേഖരമാണ് ഒരു കാലത്ത് മനയിൽ ഉണ്ടായിരുന്നത്. തിരുവിതാംകൂർ രാജാക്കന്മാർ സമ്മാനിച്ച 4000 ബ്രിട്ടീഷ് പവനും നാഗമാണിക്യം പോലെയുള്ള രത്‌നശേഖരവും ഒരു കാലത്ത് മനയ്ക്ക് സ്വന്തമായിരുന്നു. കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും കഴിഞ്ഞാൽ ഒന്നേകാൽ ലക്ഷം പറ നെല്ലാണ് ഇല്ലം മുറ്റത്ത് ഒരു കാലത്ത് കുമിഞ്ഞുകൂടാറുണ്ടായിരുന്നത്. 1980-ലാണ് തുച്ഛമായ തുകയ്ക്ക് നാഗഞ്ചേരി മന പെരുമ്പാവൂർ നഗരസഭയ്ക്ക് വാസുദേവൻ നമ്പൂതിരി കൈമാറുന്നത്. മന വിറ്റുകിട്ടിയ പണം കൊണ്ടാണ് രണ്ടു പെണ്മക്കളെ വേളി കഴിപ്പിച്ചു വിട്ടത്. ഇങ്ങിനെ എല്ലാം വിറ്റു വിറ്റാണ് അല്ലപ്രയിലെ മൂന്നുസെന്റിലേക്കും ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലേക്കും വാസുദേവൻ നമ്പൂതിരി ഒതുങ്ങിപ്പോകുന്നത്.

37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും

പെരുമ്പാവൂരിൽ സ്ഥിതി ചെയ്യുന്ന 'ഇരിങ്ങോൾ കാവുമായി ബന്ധപ്പെട്ടാകും പുതു തലമുറ 'നാഗഞ്ചേരി മന' യെകുറിച്ച് കേട്ടിരിക്കുക. നാഗഞ്ചേരി മന ദേവസ്വം ബോർഡിനു സൗജന്യമായി കൈമാറിയത് നാഗഞ്ചേരി മനയാണ്. ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തിൽ വരുന്ന സമയം വരെ കേരളത്തിൽ 37,000 ഏക്കർ ഭൂമിയുടെ അധിപന്മാരായിരുന്നു നാഗഞ്ചേരി മന. പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയുമായിരുന്ന വാസുദേവൻ നമ്പൂതിരി. ഭൂപരിഷ്‌ക്കരണ നിയമം വന്നശേഷം സ്ഥിതി മാറി. നാഗഞ്ചേരി മനയും വാസുദേവൻ നമ്പൂതിരിയുമെല്ലാം മറ്റെല്ലാ നാടുവാഴികളെ പോലെയും അവഗണനയുടെയും ദാരിദ്യ്‌രത്തിന്റെയും കയങ്ങളിലേക്ക് പതിക്കുകയും ചെയ്തു.

ഭൂനിയമം വന്നപ്പോൾ ഭൂമിയെല്ലാം കുടിയന്മാർക്കായി. പാട്ടം വരവ് നിന്നു. ക്ഷേത്രങ്ങളിൽ നിത്യപൂജയ്ക്ക് വഴിയില്ലാത്ത അവസ്ഥയായി. നാഗഞ്ചേരി മനയുടെ കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങൾ എല്ലാം അന്യാധീനപ്പെട്ടു. എല്ലാം കൈമോശം വന്നപ്പോൾ ഉണ്ടായിരുന്ന സ്വത്തുക്കളും അവർ പിന്നീട് സർക്കാരിനും ദേവസ്വം ബോർഡിനും കൈമാറുകയും ചെയ്തു. പെരുമ്പാവൂരിലെ ഇരിങ്ങോൾക്കാവ് ക്ഷേത്രവും, അനുബന്ധമായ 60 ഏക്കറോളം വരുന്ന വനഭൂമിയും, ക്ഷേത്രത്തിലെ ആനയും, തിരുവാഭരണങ്ങളുമടക്കം കൈമാറിയത് തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്. സൗജന്യമായാണ് മന ഈ സ്വത്തുക്കൾ വിട്ടുനൽകിയത്.

നാഗഞ്ചേരിമനയ്ക്ക് ഉണ്ടായിരുന്ന സ്വത്തുക്കളുടെ ബാഹുല്യം തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. തൊടുപുഴയിൽ പന്നിയൂർ, കരിമണ്ണൂർ, തട്ടക്കുഴ, ചീനിക്കുഴി, ഉടുമ്പന്നൂർ, പുറപ്പുഴ എന്നിവിടങ്ങളിലായി അയ്യായിരത്തോളം ഏക്കർ ഭൂമി, തിരുവനന്തപുരത്ത് വഴുതക്കാട് ശ്രീ മഹാഗണപതിക്ഷേത്രത്തെ കേന്ദ്രീകരിച്ച് തൈക്കാട്, ഐരാണിമുട്ടം , വട്ടത്തുവിളാകം, വഞ്ചിയൂർ , വിളവൻകോട് , നെയ്യാറ്റിൻകര , ഇന്നത്തെ തമിഴ്‌നാടിന്റെ ഭാഗമായ കന്യാകുമാരി , തോവാള , അഗസ്തീശ്വരം എന്നിവിടങ്ങളിലായി അയ്യായിരത്തോളം ഏക്കർ ഭൂമി,, കൊച്ചിയിലും , തിരുവിതാംകൂറിലുമായി 37000 ഏക്കർ ഭൂമി, അനുബന്ധമായി പെരുമ്പാവൂർ ഇരിങ്ങോൾക്കാവ്, കൊമ്പനാട് ശ്രീധർമ്മശാസ്താക്ഷേത്രം , ഐമുറി ശിവക്ഷേത്രം, എന്നീ ക്ഷേത്രങ്ങളും , ആലുവയിൽ വിടാക്കുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ചന്ദ്രപ്പിള്ളിക്കാവ് , ഇരവിച്ചിറ ശിവക്ഷേത്രം, നീലംകുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തൊടുപുഴയിൽ, കരിമണ്ണൂർ നരസിംഹസ്വാമിക്ഷേത്രം, പന്നിയൂർ വരാഹസ്വാമിക്ഷേത്രം, തിരുവനന്തപുരത്ത്, വഴുതക്കാട് മഹാഗണപതിക്ഷേത്രം തുടങ്ങി നിരവധിയായ ക്ഷേത്രങ്ങളുടെ ഉടമകൾ, ഒപ്പം പതിനെട്ടോളം ദേശങ്ങളുടെയും ഉടമസ്ഥരും നാടുവാഴികളും.

അളവില്ലാത്ത സ്വത്തുക്കൾ കൈമോശം വരുന്നു

തിരുവിതാംകൂറിന്റെ ഹജൂർക്കച്ചേരിയായിരുന്ന പഴയ സെക്രട്ടറിയേറ്റ് കെട്ടിടം, കനകക്കുന്ന് കൊട്ടാരം, റിസർവ്വ് ബാങ്ക് തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഭൂമി ഉൾപ്പെടെ തിരുവനന്തപുരം നഗരഹൃദയത്തിൽ ഉണ്ടായിരുന്ന ആയിരത്തോളം ഏക്കർ ഭൂമി നാഗഞ്ചേരി മനയുടേതാണ് എന്നാണ് കേൾവി. റവന്യൂ രേഖകൾ ഇതിന് തെളിവാണെന്ന് പറയപ്പെടുന്നു. തിരുവിതാംകൂർ രാജ ഭരണ സംവിധാനത്തിലെ ഏറ്റവും ഉന്നത സഭകളിലൊന്നായ 'എട്ടരയോഗ'ത്തിലെ വഴുതക്കാട്ട് പോറ്റിയുടെ സ്ഥാനവും നാഗഞ്ചേരി നമ്പൂതിരിക്കുണ്ടായിരുന്നു എന്നാണ് കേൾവി. മുറജപത്തിനും മറ്റും പല്ലക്ക് അയച്ചുകൊടുത്ത് ക്ഷണിച്ചു വരുത്തിയിരുന്ന അപൂർവ്വം വിശിഷ്ട വ്യക്തികളിൽപ്പെട്ടയാളായിരുന്നു നാഗഞ്ചേരി നമ്പൂതിരി. നാഗഞ്ചേരി മനയിലെ ആശ്രിതനായിരുന്ന തെലുങ്ക്‌ദേശക്കാരൻ ടി. മാധവറാവുവിന് നാഗഞ്ചേരിനമ്പൂതിരിയുടെ അഭ്യർത്ഥനപ്രകാരം തിരുവിതാംകൂർ മഹാരാജാവ് ജോലി നൽകി. പിന്നീട് ദിവാൻജിയായി തീർന്ന ടി. മാധവറാവുവും നാഗഞ്ചേരിമന കുഞ്ചുനമ്പൂതിരിയും ചേർന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ശിലാസ്ഥാപനം നടത്തിയതെന്നാണ് ഐതീഹ്യം.

സർക്കാർ നൽകേണ്ടിയിരുന്നത് ഒന്നരഏക്കർ; നൽകാൻ ഉത്തരവായത് മൂന്നു സെന്റും

നാഗഞ്ചേരി കുഞ്ചുനമ്പൂതിരി എന്നറിയപ്പെട്ടിരുന്ന നീലകണ്ഠൻ നമ്പൂതിരിയുടെ മകനാണ് വാസുദേവൻ നമ്പൂതിരി. നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ നാല് സഹോദരങ്ങൾക്കും ആൺ മക്കൾ ഇല്ലാതിരുന്നതിനെ തുടർന്ന് ഭൂസ്വത്തുക്കൾ നോക്കിനടത്തുന്നതിനും അന്യാധീനപ്പെട്ടുപോകാതിരിക്കുന്നതിനും വേണ്ടി ഈ നാലുപേരും അവരുടെ ഭാര്യമാരും ചേർന്ന് സ്വത്തുമുഴുവൻ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ പേരിലേയ്ക്ക് എഴുതി വയ്ക്കുകയായിരുന്നു. ഈ നാടുവാഴി പരമ്പരയിലെ അവസാനത്തെ നാടുവാഴിയുടെ നിലവിലെ ജീവിത ചിത്രം അതുകൊണ്ട് തന്നെ മഹാദയനീയമായി മാറുന്നു.

തിരുവനന്തപുരം നഗരഹൃദയത്തിൽ 1.5 ഏക്കറിലേറെ ഭൂമി പാട്ടവ്യവസ്ഥയിൽ ഇവർ സർക്കാരിന് നൽകിയിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞതിനാൽ ദുരിത കാലത്ത് ഈ ഭൂമിയെങ്കിലും തിരികെ കിട്ടുമോ എന്നറിയാൻ വാസുദേവൻ നമ്പൂതിരി അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർക്ക് പരാതി നൽകിയിരുന്നു. ഈ പരാതി നായനാർ കൈമാറിയത് ഡി.ബാബുപോളിനായിരുന്നു. സർക്കാർ ഏറ്റെടുത്ത ശേഷം കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും ഭൂമി മനയ്ക്ക് തിരികെ ലഭിച്ചിട്ടില്ല എന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ ബാബുപോളിന് മനസിലായി. പാട്ടക്കാലാവധി കഴിഞ്ഞതിനാൽ ഈ ഭൂമിയുടെ അവകാശം നിയമപരമായി വാസുദേവൻ നമ്പൂതിരിക്കാണ് എന്നാണ് ബാബുപോൾ കണ്ടെത്തിയത്.

എത്രയോ കുടുംബങ്ങൾ ഈ ഭൂമിയിൽ വീടുവെച്ചു താമസിക്കുകയാണ്. ഇവരെ കുടിയൊഴിപ്പിക്കൽ അസാധ്യമാണ്. അതിനാൽ വാസുദേവൻ നമ്പൂതിരിക്ക് മൂന്നു സെന്റ് ഭൂമി അനുവദിക്കണം എന്നാണ് അന്ന് ബാബുപോൾ ശുപാർശ ചെയ്തത്. സർക്കാർ തീരുമാനം അറിഞ്ഞു അദ്ദേഹം നായനാർ സർക്കാരിന് കത്തെഴുതി. ഇഎംഎസിന്റെ പ്രതിമ സ്ഥാപിക്കാൻ ഈ മൂന്നുസെന്റ് സർക്കാരിന് തന്നെ ഞാൻ വിട്ടുനിൽക്കുന്നു. മനയ്ക്ക് ഉണ്ടായിരുന്ന സമ്പത്ത് മുഴുവൻ സർക്കാരിനും ദേവസ്വം ബോർഡിനും നൽകിയശേഷം ദുരിതകാലത്ത് തനിക്ക് അവകാശപ്പെട്ട ഭൂമി തേടിപോയപ്പോൾ അത് നൽകാതെ മൂന്നു സെന്റ് എന്ന തീരുമാനം തന്നെ കൊച്ചാക്കുന്നതാണ് എന്ന് അദ്ദേഹം കരുതി.

അതുകൊണ്ട് തന്നെ മൂന്നു സെന്റ് അദ്ദേഹം സർക്കാരിന് തന്നെ തിരികെ നൽകി. ഇതോടെ തന്റെ മുന്നിൽ എല്ലാ വഴികളും അടയുന്നു എന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. ഇപ്പോൾ വാസുദേവൻ നമ്പൂതിരി പെരുമ്പാവൂർ അല്ലപ്രയിലെ തന്റെ മൂന്നര സെന്റിലെ തകർന്ന വീട്ടിൽ നിശ്ചേതനായി കഴിയുകയാണ്. സർക്കാർ സഹായം എത്തും എന്ന ഒരു ചെറിയ പ്രതീക്ഷ പോലും വാസുദേവൻ നമ്പൂതിരിയ്‌ക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇപ്പോഴില്ലതാനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP