Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ് ലക്ഷം മാത്രം വിറ്റു വരവിൽ നിന്നും 60 ലക്ഷത്തിന്റെ വിജയക്കുതിപ്പിലേക്കെത്തിയ ജീമോൾ; കൈമുതലായുണ്ടായിരുന്ന പാചകം യുട്യൂബിലൂടെ ഹിറ്റാക്കിയെടുത്ത വീണ; പാചക കലയ്ക്ക് കൈപുണ്യം എന്ന മേമ്പോടി കൂടി ഈശ്വരൻ സമ്മാനിച്ചപ്പോൾ ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കിയെടുത്ത മിടുമിടുക്കികൾ; വിജയത്തിന് പിന്നിൽ കഠിനാധ്വാനവും ഇച്ഛാശക്തിയും തന്നെയെന്ന് തെളിയിച്ച വനിതകളെ അടുത്തറിയാം

ആറ് ലക്ഷം മാത്രം വിറ്റു വരവിൽ നിന്നും 60 ലക്ഷത്തിന്റെ വിജയക്കുതിപ്പിലേക്കെത്തിയ ജീമോൾ; കൈമുതലായുണ്ടായിരുന്ന പാചകം യുട്യൂബിലൂടെ ഹിറ്റാക്കിയെടുത്ത വീണ; പാചക കലയ്ക്ക് കൈപുണ്യം എന്ന മേമ്പോടി കൂടി ഈശ്വരൻ സമ്മാനിച്ചപ്പോൾ ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കിയെടുത്ത മിടുമിടുക്കികൾ; വിജയത്തിന് പിന്നിൽ കഠിനാധ്വാനവും ഇച്ഛാശക്തിയും തന്നെയെന്ന് തെളിയിച്ച വനിതകളെ അടുത്തറിയാം

തോമസ് ചെറിയാൻ കെ

ഉപജീവനത്തിനായി നെട്ടോട്ടമോടുന്നവരാണ് ഭൂരിഭാഗം വരുന്ന സാധാരണക്കാർ. അന്നന്നത്തെ അന്നത്തിനും മറ്റ് ചെലവുകൾക്കുമുള്ള പണം കണ്ടെത്തി മുന്നോട്ട് പോകുമ്പോൾ മറ്റൊന്നും ചിന്തിക്കാനും സമയം കിട്ടാറില്ല. പ്രതിഫലം എന്താകുമെന്ന് കരുതാതെ പാഷൻ എന്നത് മാത്രം മുതൽക്കൂട്ടാക്കി ജോലി ചെയ്യാൻ ആർക്കെങ്കിലും സാധിക്കുമോ. ? അയ്യോ അങ്ങനെ ചെയ്താൽ എന്താ ഗുണം ? എന്ന് ചോദ്യം ചോദിക്കുന്നവർ ഒരു കാര്യം കൂടി കൂട്ടിച്ചേർക്കും. പെട്ടന്ന് മടുക്കില്ലേ എന്ന്. എന്നാൽ ഇപ്പറഞ്ഞ കാര്യങ്ങൾക്കുള്ള ഉത്തരം രണ്ട് വനിതളുടെ ജീവിതത്തിലൂടെ കാട്ടിത്തരുന്ന മണിച്ചെപ്പാണ് ഇന്ന് നിങ്ങളെ തേടിയെത്തുന്നത്.

അടുത്തിടെ നാം മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞതാണ് ജീമോൾ കോരുത് വർഗീസ് എന്നും യൂട്യൂബിലെ വീണാസ് കറി വേൾഡിലെ വീണഎന്ന പേരും. പാചകം മാത്രം കൈ മുതലാക്കി അത്ഭുതങ്ങൾ സൃഷ്ടിച്ച മിടുമിടുക്കികൾ. റിസൾട്ട് എന്താകും എന്ന് പ്രതീക്ഷിക്കാതെ തങ്ങളുടെയുള്ളിലെ പാഷനെ മുന്നോട്ട് നയിച്ച് ക്ഷമയോടെ കാത്തിരുന്നവരാണ് എന്നതാണ് ഇരുവരുടേയും പ്രത്യേകത. അതെ ക്ഷമയും അർപ്പണ ബോധവും കഠിനാധ്വാനവുമാണ് വിജയത്തിന് പിന്നിലുള്ളതെന്ന് ഇവർ ലോകത്തിന് കാട്ടിത്തന്നിരിക്കുകയാണ്.

പണം അല്ലെങ്കിൽ സമ്പത്ത് എന്നത് അതിനെ തേടിയെത്തുന്ന ഘടകം മാത്രവും. ലേഖകൻ മുൻപ് മണിച്ചെപ്പിൽ പറഞ്ഞ വാചകങ്ങൾ ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ്. പണം എന്ന ചിന്തയ്ക്ക് പ്രാധാന്യം നൽകി ചെയ്യുന്ന കാര്യങ്ങൾ ഫലപ്രാപ്തിയിലെത്തിക്കാൻ സാധ്യത വളരെ വിരളമാണ്. ഫോക്കസ് ഓൺ യുവർ വർക്ക് ഫോർഗറ്റ് ദ റിസൾട്ട് എന്ന വാക്യം ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടതുണ്ട്.

അറിയാവുന്നത് ഒരു സംഗതി മാത്രമാണോ ? വല്ലഭന് പുല്ലും ആയുധം എന്നത് മറക്കണ്ട

എനിക്കൊരു കഴിവുമില്ലാ..ദാ അവനെ കണ്ടില്ലേ...അവളാണേൽ ഇന്ന് ലക്ഷങ്ങളാ വാരുന്നേ എന്നൊക്കെ പറഞ്ഞ് തങ്ങളുടെ ജീവിതത്തിൽ ഒതുങ്ങിക്കൂടുന്ന ഒട്ടേറെ പേരുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ. എന്നാൽ ആ ചിന്ത തെറ്റാണ്. നിങ്ങളുടെ ഉള്ളിൽ ലോകം തന്നെ മാറ്റി മറിക്കാൻ ശേഷിയുള്ള കഴിവുകൾ ഒളിഞ്ഞ് കിടക്കുന്നുണ്ട്. അത് തിരിച്ചറിഞ്ഞ് ആ കഴിവുകൾ പ്രകടിപ്പിക്കാൻ പറ്റിയ 'പ്ലാറ്റ്ഫോം' കിട്ടുമ്പോഴാണ് ഏതൊരാളുടെയും ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. ജീമോളും വീണയും അങ്ങനെയുള്ളവർ തന്നെയാണ്.

എന്നാൽ ഇരുവരും തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചത് പാചകം എന്ന ഒരേ വിഷയത്തിലാണെങ്കിലും അതിനെ മാർക്കറ്റ് ചെയ്തത് വ്യത്യസ്തമായ രീതിയിലായിരുന്നു. ഒരാൾ തന്റെ വിഭവങ്ങൾ വിൽക്കുകയായിരുന്നെങ്കിൽ മറ്റൊരാൾ തന്റെ പാചക രീതികൾ വീഡിയോയാക്കി മാർക്കറ്റ് ചെയ്തു. എന്നാൽ പണം എന്ന ചിന്തയ്ക്കപ്പുറം പാഷൻ എന്ന സംഗതി മാത്രം മനസിൽ വച്ചാണ് ഇരുവരും പ്രവർത്തിച്ചത് എന്ന കാര്യം ഓർക്കുക.

ജീമോളുടെ ജീവനാണീ ബേക്കിങ്

വർഷം ആറ് ലക്ഷം മാത്രം വിറ്റുവരവുണ്ടായിരുന്ന സംരംഭത്തിന് വെറും മൂന്നു വർഷംകൊണ്ട് 60 ലക്ഷത്തിന് മേൽ വരുമാനമുള്ള സംരംഭമാക്കി മാറ്റി. അതും ഒറ്റയ്ക്ക് നിന്ന്. എറണാകുളം സ്വദേശിനി ജീമോൾ കോരുത് വർഗീസിന് ബേക്കിങ്ങിനോടുള്ള താൽപര്യവും മുന്നോട്ട് കുതിക്കണം എന്ന ചിന്തയുമാണ് ഈ വിജയം സ്വന്തമാക്കാൻ അവരെ പ്രാപ്തയാക്കിയത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ആരോഗ്യകരമായിരിക്കണം എന്നത് ജീമോൾക്ക് ഏറെ നിർബന്ധമുള്ള കാര്യമായിരുന്നു. മൈദയ്ക്ക് പകരം മറ്റ് ധാന്യപ്പൊടികളും സ്വയം നിർമ്മിച്ച ഓർഗാനിക്ക് ചേരുവകളുമാണ് ബേക്കിങ്ങിനായി ഉപയോഗിച്ചത്.

റാഗിപ്പൊടിയും വോൾവീറ്റും അടക്കമുള്ളവ ഉപയോഗിച്ച് ജീമോൾ പാചകം ചെയ്ത വിഭവങ്ങൾ സുഹൃത്തുക്കൾക്കിടയിൽ ഹിറ്റായതോടെ ഓർഡറുികളുമെത്തി. ഓർഡർ ലഭിക്കുന്നതിന് അനുസരിച്ച് ആദ്യം കേക്കും കുക്കീസും ബ്രഡും ഒക്കെ പാകം ചെയ്ത ജീമോൾക്ക് പിന്നീട് ആശുപത്രി കാന്റീനിലും സൂപ്പർ മാർക്കറ്റുകളിലും വരെ തങ്ങളുടെ ഉൽപന്നം എത്തിക്കാൻ സാധിച്ചു. എന്നാലിപ്പോൾ പ്രതിദിനം 2530 ആളുകൾ നേരിട്ടെത്തി വാങ്ങുകയും 15ൽ അധികം ഹോം ഡെലിവെറികൾ നടത്തുകയും ചെയ്യുന്ന ജീമോൾക്ക് മികച്ച വരുമാനമാണ് തന്റെ സംരംഭത്തിലൂടെ ലഭിക്കുന്നത്.

ജീമോളുടെ സംരംഭത്തിൽ ഇപ്പോൾ ഏഴ് ജീവനക്കാരാണുള്ളത്. മാത്രമല്ല പാചക വിദ്യകളും അവ എങ്ങനെ മാർക്കറ്റിലെത്തിക്കാമെന്നും പഠിപ്പിക്കുന്ന ക്ലാസുകളും ജീമോൾ നടത്തുന്നുണ്ട്. ഏത് സംരംഭമായാലും വിജയിക്കാൻ കൃത്യമായ പ്ലാനിങ് വേണമെന്നും വരവ് ചെലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തി കൃത്യത ഉറപ്പാക്കി മുന്നോട്ട് പോകണമെന്നും ജീമോൾ ഓർമ്മിപ്പിക്കുന്നു.  കടവന്ത്രയിൽ ഒരു ചെറിയ ഔട്ട് ലെറ്റ് ആരംഭിച്ച്, ഈവാസ് ഹെൽത്തി ബേക്ക്സ് ഓൺലൈനിൽ നിന്നും ഓഫ് ലൈനിലേക്ക് ചുവടുമാറി. ഓർഗാനിക് ബേക്കിംഗിന്റെ ഗുണമേന്മ നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരവും ഒരുക്കിയിരിക്കുന്നു.

ഔട്ട്ലെറ്റിൽ എത്തുന്ന കുക്കീസും ബ്രെഡും രാവിലെ 11 മണി ആകുമ്പോഴേക്കും കഴിയും എന്നത് ജീമോൾ കോരുതിന്റെ വിജയമാണ്.ഈവാസ് ഹെൽത്തി ബേക്ക്സിനെ സംബന്ധിച്ച് വിശാലമായ ഭാവി പദ്ധതികളാണ് ജീമോളുടെ മനസ്സിൽ ഉള്ളത്. കാക്കനാട്, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിൽ നിന്നും ഇപ്പോൾ തന്നെ ധാരാളം പേർ ഈവാസ് ഹെൽത്തി ബേക്ക്സിന്റെ ഫ്രാഞ്ചൈസി ആവശ്യപ്പെട്ടുകൊണ്ട് എത്തിയിട്ടുണ്ട്. ഫ്രാഞ്ചൈസികളുടെ കാര്യത്തിൽ ഉടൻ തന്നെ തീരുമാനമെടുക്കും. ഒപ്പം, നിലവിലുള്ള ഔട്ട് ലെറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും ജീമോൾ പറയുന്നു.

 യൂട്യൂബിലെ വീണച്ചേച്ചിയെ അറിയുമല്ലോ അല്ലേ ?

10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമായി മുന്നേറുന്ന വീണാസ് കറി വേൾഡിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ യൂട്യൂബിൽ ഇത്രയധികം ഹിറ്റായ ചാനലിന് പിന്നിൽ കഠിനാധ്വാനത്തിന്റെ വലിയ കഥയുണ്ട്. വ്യത്യസ്തമായ നാടൻ വിഭവങ്ങൾ തയാറാക്കുന്നതിന് പുറമേ മികച്ച സംസാര ശൈലികൊണ്ടും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ വീണ തന്റെ സംരംഭം ആരംഭിച്ചത് റിസൾട്ട് എന്താകുമെന്ന് ചിന്തിക്കാതെയായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ മത്സരങ്ങളിലൊക്കെ പങ്കെടുക്കുമെങ്കിലും കാര്യമായ സമ്മാനങ്ങളോ അംഗീകരാമോ ഒന്നും വീണയെ തേടിയെത്തിയിട്ടില്ല.

എന്നാൽ  ഗോൾഡൻ ബട്ടൺ കിട്ടിയതോടെ ഇപ്പോൾ വീണ പറയുന്നത് യൂട്യൂബിലേക്ക് എത്തിയ വഴിയാണ്. 2006ൽ വിവാഹിതയായി ദുബായിലെത്തി. ബോറടിച്ച് വീട്ടിലിരുന്നപ്പോഴാണ് ഭർത്താവ് ജാൻ ഫുഡ് ബ്ലോഗ് ചെയ്യുന്നതതിനെ പറ്റി പറഞ്ഞത്. വീട്ടിൽ വരുന്നവരോക്കെ വീണയുടെ പാചകത്തെ പറ്റി പറഞ്ഞപ്പോൾ ശ്രദ്ധ അതിൽ തന്നെയായി. 2008ൽ പാചകരം സംബന്ധിച്ച് ബ്ലോഗ് ആരംഭിച്ചു. എന്നാൽ 2015ലാണ് യൂട്യൂബ് വീഡിയോ പബ്ലിഷ് ചെയ്യുന്നത്. പിന്നീട് 50 എപ്പിസോഡ് കഴിഞ്ഞപ്പോഴാണ് ആത്മവിശ്വാസം കിട്ടിയത്. അതിനിടെ ക്യാമറയും വീഡിയോ എഡിറ്റിങ്ങും ഫോട്ടോഗ്രാഫിയുമടക്കം പഠിച്ചെടുത്തു.

തമിഴ്‌നാട് ഡിണ്ടിഗലിൽ നിന്നാണ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ എൻജിനീയറിങ് പാസായ വ്യക്തിയാണ് വീണ. എന്നാൽ ആ ജോലിയിലേക്ക് വീണ പോയില്ല. പാചകമായിരുന്നു പാഷൻ. കുട്ടികൾ സ്‌കൂളിലേക്കും ഭർത്താവ് ജോലിക്കും പോയാൽ മൂന്നു നാലു മണിക്കൂർ ഷൂട്ടിനായി മാറ്റിവയ്ക്കും. വീണയുടെ ഭർത്താവ് ജാൻ ജോഷി, ബിസിനസ് അനാലിസിസ് മാനേജരായി എമിറേറ്റ്സിൽ ജോലി ചെയ്യുന്നു. മക്കൾ രണ്ടുപേർ. മൂത്തയാൾ അവനീത് പത്തിൽ. രണ്ടാമൻ ആയുഷ് നാലിലും.

യൂട്യൂബിന്റെ ആദ്യത്തെ അംഗീകാരം ഒരു ലക്ഷം സബ്സ്‌ക്രൈബേഴ്സ് ആകുമ്പോൾ കിട്ടുന്ന സിൽവർ പ്ലേ ബട്ടനായിരുന്നു. സ്‌കൂളിലും കോളജിലും ഒരു അവാർഡും കിട്ടാത്ത എനിക്ക് ഇപ്പോൾ കിട്ടിയത് 10 ലക്ഷം (1 മില്യൻ) സബ്സ്‌ക്രൈബേഴ്സ് ഉള്ളവർക്കുള്ള ഗോൾഡൻ പ്ലേ ബട്ടനാണ്..ഈ അംഗീകാരം തേടിയെത്തിയപ്പോൾ താൻ സന്തോഷം കൊണ്ട് കരഞ്ഞു പോയെന്ന് വീണ പുഞ്ചിരിയോടെ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP