Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാരിസിലെ എച്ചും അജിത്തിലെ എയും ഫിജോ ടി ജോസഫിലെ ടിയും ചേരുമ്പോൾ ഹാറ്റ്സായി; ഹാരീസിനെതിരെയുള്ളത് ഏഴ് ക്രിമിനൽ കേസുകൾ; ഇനിയും അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യത്തിന് സൗകര്യമൊരുക്കി പൊലീസുകാർ; തട്ടിപ്പ് കേസിൽ പണം തിരികെ നൽകി ഒത്തുതീർപ്പിനുള്ള ശ്രമം ഡിജിപിയുടെ സർക്കുലറിന് വിരുദ്ധം; സൈബർ ഗുണ്ട ഫിജോയുടെ ഭർത്താവിന് ഒരുക്കുന്നത് സുഖവാസം; കോട്ടയം എസ് പി സ്ഥാനത്ത് നിന്ന് ഹരിശങ്കർ മാറിയപ്പോൾ നടക്കുന്നത് അട്ടിമറി നീക്കങ്ങൾ

ഹാരിസിലെ എച്ചും അജിത്തിലെ എയും ഫിജോ ടി ജോസഫിലെ ടിയും ചേരുമ്പോൾ ഹാറ്റ്സായി; ഹാരീസിനെതിരെയുള്ളത് ഏഴ് ക്രിമിനൽ കേസുകൾ; ഇനിയും അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യത്തിന് സൗകര്യമൊരുക്കി പൊലീസുകാർ; തട്ടിപ്പ് കേസിൽ പണം തിരികെ നൽകി ഒത്തുതീർപ്പിനുള്ള ശ്രമം ഡിജിപിയുടെ സർക്കുലറിന് വിരുദ്ധം; സൈബർ ഗുണ്ട ഫിജോയുടെ ഭർത്താവിന് ഒരുക്കുന്നത് സുഖവാസം; കോട്ടയം എസ് പി സ്ഥാനത്ത് നിന്ന് ഹരിശങ്കർ മാറിയപ്പോൾ നടക്കുന്നത് അട്ടിമറി നീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഫേസ് ബുക്കിലെ സാമൂഹിക പ്രവർത്തക ഫിജോ ജോസഫും ഭർത്താവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഏറ്റുമാനൂർ തോപ്പിൽ വീട്ടിൽ ഹാരിസ് സേട്ടും പ്രതികളായ തട്ടിപ്പ് കേസുകൾ ഒതുക്കാൻ നീക്കം നടക്കുമ്പോൾ പൊലീസിൽ വിവാദം രൂക്ഷമാകുന്നു. ഹാരീസ് ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പുറത്തു വരുന്ന വിവരം. ഈ കേസുകളിൽ ഒന്നും ഇയാളെ അറസ്റ്റ് ചെയ്യുന്നില്ല. പകരം ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം സംഘടിപ്പിച്ച് കൊടുക്കാനാണ് ശ്രമം. ഇതാണ് പൊലീസിനുള്ളിൽ തന്നെ അതൃപ്തി പുകയാൻ കാരണം. ഏറ്റുമാനൂർ പൊലീസിലെ ചിലരാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.

തട്ടിപ്പ് പിടിക്കപ്പെട്ടാലും ഒരു കാരണവശാലും തങ്ങൾ അകത്തു പോകരുതെന്ന് ഫിജോയ്ക്കും ഹാരിസിനും നിർബന്ധമുണ്ടായിരുന്നു. ഇതു കാരണം തട്ടിപ്പു കമ്പനിയുടെ തലപ്പത്ത് നിന്ന് ഇവരുടെ പേര് ഒഴിവാക്കി. പകരം സന്തത സഹചാരിയും ക്വട്ടേഷൻ നേതാവുമായ തൃശൂർ സ്വദേശി അജിത്ത് ജോർജിന്റെ പേരിൽ തുടങ്ങിയ ഫോർലൈൻ കൺസൾട്ടൻസി മുഖേനെയായിരുന്നു റിക്രൂട്ട്‌മെന്റ് തട്ടിപ്പ്. ഇവിടേക്ക് ആളെ എത്തിച്ചു കൊടുക്കാനാണ് ഹാരിഷിന്റെ പേരിൽ ഹാറ്റ്‌സ് കോർപ്പറേറ്റ്‌സ് തുടങ്ങിയത്. രണ്ടു ഏജൻസികളും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല. ഇതു കാരണം ഫോർലൈൻ നടത്തുന്ന തട്ടിപ്പുകൾക്ക് തങ്ങൾക്ക് ഉത്തരവാദിത്തം വരികയില്ല എന്നും ഫിജോ കരുതി. പക്ഷേ, ഇവരുടെ കണക്കു കൂട്ടൽ തെറ്റിച്ചത് തട്ടിപ്പിനെതിരേ പരാതി നൽകിയ ഡോക്ടർ ആയിരുന്നു. ഇതോടെ കൂടുതൽ പരാതികളെത്തി. എന്നാൽ ഈ കേസിൽ ഒന്നും അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നില്ല. അട്ടിമറിക്കാനാണ് അണിയറ നീക്കം. ഹാറ്റ്‌സ് എന്ന പേരിൽ തന്നെ പ്രതികൾക്കിയിലെ ബന്ധം ഒളിഞ്ഞിരിപ്പുണ്ട്. ഹാരീസിലെ എച്ചും അജിത്തിലെ എയും ഫിജോയുടെ പഴയ പേരിനൊപ്പമുള്ള ടിയും ചേർന്നാണ് ഹാറ്റ്‌സ്.

ഫിജോയും ഭർത്താവും പൊലീസിന്റെ വലയിലായതോടെ അഴിഞ്ഞു വീഴുന്നത് അഴിമതി വിരുദ്ധ പോരാളിയുടെ കപടമുഖമാണ്. നിരവധി കേസുകളിൽ മുമ്പും ഇവർ അറസ്റ്റിന്റെ വക്കോളമെത്തിയിരുന്നെങ്കിലും ഒരു ഐജിയുടെ പേരു പറഞ്ഞ് പൊലീസിനെ വിരട്ടി രക്ഷപ്പെടുകയായിരുന്നു ഇവരുടെ തന്ത്രം. തനിക്ക് ഇവരുമായി ബന്ധമില്ലെന്ന് ഐജി പലവട്ടം വിശദീരിച്ചപ്പോൾ തന്നെ കള്ളക്കളി പൊളിഞ്ഞിരുന്നു. ഇതോടെ ഫിജോയുടെ ഈ അവകാശവാദം പൊള്ളയാണെന്ന് ഏവർക്കും മനസ്സിലാവുകയും ചെയ്തു. അപ്പോഴും ഐജിയുടെ പേരു വ്യാജമായി പറഞ്ഞ് ഇവർ തട്ടിപ്പുകൾ നടത്തി. ഇതിനാണ് കോട്ടയം എസ്‌പി ഹരിശങ്കർ തടയിടുന്നത്. ഏറ്റുമാനൂർ പൊലീസ് കൃത്യമായി ഇടപെട്ടപ്പോൾ ഫിജോയും പങ്കാളിയും അഴിക്കുള്ളിലായി. കൂടുതൽ പേർ പരാതിയുമായെത്തി. ഇതെല്ലാം സാമ്പത്തിക തട്ടിപ്പ് കേസുകളാണ്. ഇതെല്ലാം പണം കൊടുത്ത് ഒതുക്കാനാണ് ശ്രമം. ഇതിന് പൊലീസുകാർ തന്നെ കൂട്ടു നിൽക്കുന്നു. ഇത്തരം കേസുകളിൽ ഇടപെടരുതെന്ന ഡിജിപിയുടെ സർക്കുലർ പോലും ഇവർ പരിഗണിക്കുന്നില്ല.

പത്തനംതിട്ട പുറമറ്റം സ്വദേശി ഡോ. ആഷ്ബി, ഭാര്യ ഹിമ, സഹോദരൻ എബി എന്നിവരിൽ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 9.50 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. 2017 ഓഗസ്റ്റിലാണ് ഇവർ പണം വാങ്ങിയത്. ഏറ്റുമാനൂരിൽ കെഎസ്ആർടിസിക്ക് സമീപം ഫോർലൈൻ കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തുകയായിരുന്നു പ്രതികൾ. മറ്റൊരു പ്രതിയായ തൃശൂർ സ്വദേശി അജിത്ത് ജോർജ് (30) ഒളിവിലാണ്. അജിത്തിനെ മുൻനിർത്തി പിന്നണിയിൽ നിന്നായിരുന്നു തട്ടിപ്പ്. പറഞ്ഞ സമയത്ത് ജോലിയോ പണമോ കിട്ടാതെ വന്നതിനെ തുടർന്നാണ് കോട്ടയം എസ്‌പിക്ക് ഡോ ആഷ്ബി പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഫിജോ പതിവു പോലെ പൊലീസിന് മുന്നിൽ ആടിത്തിമിർത്തു. എസ്‌പിയുടെ കർശന നിർദ്ദേശം ഉണ്ടായിരുന്നതിനാൽ പൊലീസ് ഇതൊന്നും ഗൗനിച്ചില്ല. ഇതോടെയാണ് അറസ്റ്റ് സംഭവിച്ചത്. എന്നാൽ കോട്ടയം എസ് പിയായിരുന്ന ഹരിശങ്കർ മാറി. ഇതോടെയാണ് പ്രാദേശിക തലത്തിലെ പൊലീസുകാർ ഫിജോയ്ക്കും ഭർത്താവിനും വേണ്ടി രംഗത്തെത്തിയത്.

അജിത്ത് ജോർജിനെയാണ് പുറമറ്റം സ്വദേശിയായ ഡോ ആഷ്ബി ആദ്യം പരിചയപ്പെട്ടത്. 2017 ഓഗസ്റ്റ് 29 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇന്റർനെറ്റിൽ ഇവരുടെ വാഹനം വിൽപനയ്ക്ക് എന്ന് പരസ്യം ചെയ്തിരുന്നു. അതേപ്പറ്റി അന്വേഷിക്കാനാണ് ഡോക്ടർ അജിത്തിനെ വിളിക്കുന്നത്. പിന്നീട് ഇവർ സൗഹൃദത്തിലായി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. ആഷ്ബിയെ ബഹറിൻ ഡിഫൻസ് റോയൽ മെഡിക്കൽ സർവീസിലും സഹോദരൻ എബിക്ക് ദുബായ് എയർപോർട്ടിലും ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. അതിന്റെ ഭാഗമായി ആദ്യം 1.5 ലക്ഷം രൂപയും രണ്ടാം തവണ രണ്ടു ലക്ഷം രൂപയും മൂന്നാം തവണ നാലു ലക്ഷം രൂപയും അജിത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു.

പിന്നീട് ഇവർ ഏറ്റുമാനൂർ ഫോർലൈൻ കൺസൾട്ടൻസിയിൽ എത്തി ഫിജോയ്ക്കും ഹാരിഷിനുമായി രണ്ടു ലക്ഷം രൂപ കൈമാറി. വർഷം പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് ഡോക്ടർ ആശുപത്രിയിലെ ജോലിയും സഹോദരൻ എബി ബഹറിനിൽ ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ചു. വർഷം രണ്ടു കഴിഞ്ഞിട്ടും പണമോ പണിയോ കിട്ടാതെ വന്നപ്പോൾ ഇവർ വാങ്ങിയ പണം തിരികെ ചോദിച്ചു. അപ്പോഴാണ് ഹാരിഷും ഫിജോയും ഭീഷണി മുഴക്കിയത്. ഇതേ തുടർന്നാണ് ഇവർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതിക്കാർ മൊഴിയിൽ ഫിജോയുടെയും ഹാരിഷിന്റെയും പേര് പറഞ്ഞതാണ് ഇരുവർക്കും വിനയായത്. ഇവർ മുൻപ് കണക്കു കൂട്ടിയത് അനുസരിച്ചായിരുന്നെങ്കിൽ ഈ പരാതിയിൽ അജിത്ത് ജോർജ് മാത്രമാകുമായിരുന്നു പ്രതി. മുൻപ് ഇങ്ങനെ പല കേസുകളിലും അജിത്തിനെ മാത്രം പ്രതിയാക്കി ഫിജോയും ഹാരിഷും തല ഊരുകയായിരുന്നു പതിവ്.

ഇതിന് ശേഷം ഫേസ്‌ബുക്ക് ലൈവിൽ വന്ന് അജിത്തിനെ തള്ളിപ്പറയുകയും ചെയ്യും. ഹാറ്റ്‌സ് കോർപ്പറേറ്റ്‌സിലും ഫോർലൈൻ കൺസൾട്ടൻസിയിലുമായി നിരവധി ജീവനക്കാരെയും നിയമിച്ചിരുന്നു. ശമ്പളം കിട്ടാതെ വന്നതോടെ ഇവർ പലരും ജോലി ഉപേക്ഷിച്ചു പോയി. ഇവരിൽ ചിലർ തട്ടിപ്പിന്റെ രേഖകളുമായിട്ടാണ് പോയിരിക്കുന്നത്. ഹാരിഷ് നയിക്കുന്ന ഗുണ്ടാ സംഘമാണ് ഫിജോയ്ക്ക് സുരക്ഷയൊരുക്കിയിരുന്നത്. ഇതിന് പുറമേ സൈബർ ക്വട്ടേഷൻ ടീമും ഇവർക്ക് സ്വന്തമായുണ്ട്. ഫേസ് ബുക്കിലൂടെ മാധ്യമ പ്രവർത്തക ചമഞ്ഞാണ് ഫിജോയുടെ തുടക്കം. കേരളാ ബ്രേക്കിങ് ന്യൂസ് എന്നൊരു പത്രത്തിലൂടെയാണ് ഫിജോ കുപ്രസിദ്ധി നേടിയത്. ബ്ലാക്ക് മെയിലിങ്ങിനാണ് പ്രധാനമായും പത്രം ഉപയോഗിച്ചിരുന്നതെന്നാണ് ഉയരുന്ന ആരോപണം മുൻപെങ്ങോ ജന്മഭൂമി ദിനപത്രത്തിന്റെ ആലപ്പുഴ ബ്യൂറോയിൽ പ്യൂൺ ആയി ഇവർ ജോലി ചെയ്തിരുന്നു. ആ പരിചയമാണ് പത്രം തുടങ്ങാൻ കാരണമായത്. സ്വയം ചീഫ് എഡിറ്ററായി പത്രം ഇറക്കിയ ഫിജോ ബ്ലാക്ക് മെയിലിങ് തുടങ്ങിയെന്ന് ആരോപണം ഉണ്ട്. നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്തുവെന്നും കടം വാങ്ങിയും ഭീഷണിപ്പെടുത്തിയും പണം സമ്പാദിച്ചുവെന്നുമെല്ലാം ആരോപണമെത്തി. തിരികെ ചോദിച്ചവരെ ഒക്കെ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയെന്നും ആക്ഷേപം എത്തി.

ഫേസ്‌ബുക്ക് തരംഗമായതോടെ ഫിജോ തട്ടകം അവിടെയാക്കി. വിവിധ പോസിലുള്ള ചിത്രങ്ങളുമായി ഫേസ്‌ബുക്കിൽ ഫിജോ രംഗത്തു വന്നതോടെ ചിലർ പിന്തുണയുമായി വന്നു. ഇവരിൽ നിന്ന് ഒരു സൈബർ ക്വട്ടേഷൻ ടീമിനെയും വാർത്തെടുത്തു. ഫേസ് ബുക്കിലൂടെ സാമൂഹിക പ്രവർത്തനം തുടങ്ങിയ ഫിജോയുടെ യഥാർഥ മുഖം തിരിച്ചറിഞ്ഞവർ എതിർത്ത് കമന്റും പോസ്റ്റും ഇടാൻ തുടങ്ങിയതോടെ ഇവർ സൈബർ ക്വട്ടേഷൻ തുടങ്ങി. പ്രവാസിയായ ഷൈജു സുകുമാരൻ നാടാർ, യുവ നേതാവ് അജോകുറ്റിക്കൻ, അംജദ് അടൂർ തുടങ്ങിയവരാണ് ഇവരുടെ ബ്ലാക്ക് മെയിലിങ് ചോദ്യം ചെയ്തത്. ഇതോടെ ഇവർക്കെതിരേ രൂക്ഷമായ സൈബർ ക്വട്ടേഷൻ ഫിജോയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഇവർ പരാതി നൽകിയെങ്കിലും ഐജിയുടെ പേര് പറഞ്ഞ് പൊലീസിനെ വിരട്ടി ഫിജോ അതെല്ലാം നിശബ്ദമാക്കി. ഇത് ഐജി അറിഞ്ഞതോടെ തന്നെ തനിക്ക് ഇതുമായി ബന്ധമില്ലെന്ന് ഐജി അറിയിച്ചു. ഇതോടെ ഈ കേസിലും ഫിജോ കുടുങ്ങിയിരുന്നു.

ഷൈജു സുകുമാരൻ നാടാർ, യുവ നേതാവ് അജോകുറ്റിക്കൻ, അംജദ് അടൂർ എന്നീ മൂവർ സംഘത്തെ തെരുവിലിട്ട് തല്ലിച്ചതച്ച് കള്ളക്കേസിൽ കുടുക്കി പൊലീസിന് കൈമാറിയത് ഏറെ വിവാദമായിരുന്നു. എതിർക്കുന്നവരെ മുഴുവൻ ഈ രീതിയിലാണ് ഫിജോ നിശബ്ദമാക്കിയിരുന്നത്. ഫിജോയുമായി ഐജിയുടെ ബന്ധമെന്ന കഥ പൊളിഞ്ഞതോടെ തന്നെ പൊലീസുകാർക്ക് തട്ടിപ്പിന്റെ രീതി മനസ്സിലാക്കി. പലരും കേസുകൾ എടുത്തു. എന്നാൽ ഏതെങ്കിലും കേസ് ഇവർക്കെതിരേ വന്നാൽ സ്റ്റേഷനിൽ എത്തി അലറി വിളിച്ച് ഫേസ് ബുക്ക് ലൈവിടുക പതിവായിരുന്നു. ഇതു കാരണം പൊലീസും ഇത്തരം കേസുകളിൽ ഇടപെട്ടിരുന്നില്ല. ആദ്യ വിവാഹത്തിലെ ഭർത്താവിനെ ഉപേക്ഷിച്ച് ചങ്ങനാശേരിക്കാരനായ ഹാരിഷിനൊപ്പം ജീവിതം ആരംഭിച്ചു. പരാതിയുമായി പോയ ഹാരിഷിന്റെ ആദ്യ ഭാര്യയെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

നിലവിലുള്ള തട്ടിപ്പു കേസിലും പരാതിക്കാരെ ഭീഷണിപ്പെടുത്താൻ ഫിജോ ശ്രമിച്ചിരുന്നു. എന്നാൽ പൊലീസ് ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഇരുവരും റിമാൻഡിലായി. മാധ്യമ പ്രവർത്തകയെന്ന് പറഞ്ഞും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ചൂണ്ടി നിരവധി പേർക്കെതിരെ ഫിജോ പരാതി നൽകിയിട്ടുണ്ട്. ഇതിൽ പലതും വ്യാജമാണെന്ന വിലയിരുത്തലിൽ പൊലീസ് എത്തിക്കഴിഞ്ഞു. എഫ്.ബി.അക്കൗണ്ട് ഉപയോഗിച്ച് തനിക്കെതിരെ പ്രതികരിക്കുന്നവരെ അപകീർത്തിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിരവധി പരാതികൾ ഫിജോക്കെതിരെ ഉയർന്നിരുന്നു. സോഷ്യൽ മീഡിയായിൽ ചേരി തിരിഞ്ഞു നടത്തുന്ന വഴക്കുകളിലൂടേയും തെറി വിളികളിലൂടേയും ആണ് ഫിജോ ചർച്ചയാകുന്നത്.

ഫിജോയ്‌ക്കെതിരെ എഫ്.ബിയിൽ ഭിന്നഭിപ്രായം പറയുന്നവരെല്ലാം ഫിജോയുടെ ശത്രുക്കളും ഫിജോയെ പീഡിപ്പിക്കുന്നവരുമാണെന്നുള്ള പ്രചരണമാണ് ഫിജോ കുറെക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. പൊലീസ് അന്വേഷിക്കുന്ന കേസിനെ സഹായകരമാകുന്ന പല വെളിപ്പെടുത്തലുകളും തെളിവുകളും ഫിജോ തന്നെ തന്റെ എഫ്.ബി. തത്സമയ പരിപാടിയിലൂടെ പുറത്ത് വിട്ടിട്ടും പൊലീസ് നിയമനടപടികൾ സ്വീകരിക്കാത്തത് പലപ്പോഴും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP