Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒളിപ്പിച്ച കത്തിയെടുത്തത് കൂളായി പൊലീസിന് കൈമാറി ശിവരഞ്ജിത്ത്; ഇതൊക്കെ എന്തെന്ന ഭാവത്തിൽ ചുവന്ന ഷർട്ടണിഞ്ഞ് നിസാം; ഒരു കൈവിലങ്ങിൽ ബന്ധപ്പിച്ച് രണ്ട് സഖാക്കളേയും യൂണിവേഴ്‌സിറ്റി കോളേജിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അന്തം വിട്ട് കാഴ്ചക്കാരായി ചില വിദ്യാർത്ഥികൾ; അവധി ദിവസം നോക്കി തെളിവെടുപ്പ് നടത്തിയതിനാൽ പ്രതിഷേധക്കാരും ആവേശക്കാരും ഇല്ലാതിരുന്നത് പൊലീസിന് തുണയായി; കൊടും ക്രിമിനലുകളെ പോലെ കൂസൽ ഇല്ലാതെ കൊലക്കേസ് പ്രതികൾ വീണ്ടും ജയിലിലേക്ക്

ഒളിപ്പിച്ച കത്തിയെടുത്തത് കൂളായി പൊലീസിന് കൈമാറി ശിവരഞ്ജിത്ത്; ഇതൊക്കെ എന്തെന്ന ഭാവത്തിൽ ചുവന്ന ഷർട്ടണിഞ്ഞ് നിസാം; ഒരു കൈവിലങ്ങിൽ ബന്ധപ്പിച്ച് രണ്ട് സഖാക്കളേയും യൂണിവേഴ്‌സിറ്റി കോളേജിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അന്തം വിട്ട് കാഴ്ചക്കാരായി ചില വിദ്യാർത്ഥികൾ; അവധി ദിവസം നോക്കി തെളിവെടുപ്പ് നടത്തിയതിനാൽ പ്രതിഷേധക്കാരും ആവേശക്കാരും ഇല്ലാതിരുന്നത് പൊലീസിന് തുണയായി; കൊടും ക്രിമിനലുകളെ പോലെ കൂസൽ ഇല്ലാതെ കൊലക്കേസ് പ്രതികൾ വീണ്ടും ജയിലിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നും രണ്ടും പ്രതികളായ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നസീമിനെയും വീണ്ടും റിമാൻഡ് ചെയ്തു. 29 വരെയാണു മൂന്നാം മജിസ്‌ട്രേട്ട് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രതികൾ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.

ശിവരഞ്ജിത്ത് അഖിലിനെ കുത്താൻ ഉപയോഗിച്ച രക്തക്കറ പുരണ്ട കത്തി ഫൊറൻസിക് ലാബിലേക്ക് അയയ്ക്കാൻ അപേക്ഷ സമർപ്പിക്കും. നസീമിന്റെ കയ്യിലും കത്തി ഉണ്ടായിരുന്നെന്നും മഹസർ തയാറാക്കിയ വേളയിൽ ലഭിച്ച ആ കത്തി തന്റേതാണെന്നു നസീം സമ്മതിച്ചതായും കന്റോൺമെന്റ് സിഐ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. കനത്ത സുരക്ഷയിലാണു പ്രതികളെ കോടതിയിൽ എത്തിച്ചത്. എന്തെങ്കിലും പരാതി ഉണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു പ്രതികളുടെ മറുപടി. കൂസൽ ഇല്ലാതെയാണ് തെളിവെടുപ്പിലും കോടതി നടപടികളിലും പ്രതികൾ പങ്കെടുത്തത്. പൊലീസിന് കത്തി കാട്ടിക്കൊടുത്തത് ശിവരഞ്ജിത്തായിരുന്നു. 4 മുതൽ 6 വരെ പ്രതികളും എസ്എഫ്‌ഐ കോളജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളുമായ അദ്വൈത്, ആരോമൽ എസ്.നായർ, ആദിൽ മുഹമ്മദ് എന്നിവരുടെ ജാമ്യ ഹർജികൾ കോടതി തള്ളി. റിമാൻഡിലുള്ള എട്ടാം പ്രതി നേമം സ്വദേശി ഇജാബിന്റെ ജാമ്യ ഹർജിയിൽ കോടതി ഇന്നു വിധി പറയും.

പിരിച്ചുവിട്ട എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയുമായ ശിവരഞ്ജിത്തിനെയും നസീമിനെയും ഒരേ വിലങ്ങിൽ ബന്ധിച്ചാണു രാവിലെ 8.55നു തെളിവെടുപ്പിനു കൊണ്ടുവന്നത്. സംഘർഷത്തിനുശേഷം അടച്ചിട്ടിരിക്കുന്നതിനാൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഉണ്ടായിരുന്നില്ല. പ്രതികളുമായി കോളജ് യൂണിയൻ ഓഫിസിലും ഇടിമുറിയിലും പോയ പൊലീസ് 5 മിനിറ്റിനകം തിരിച്ചെത്തിയ ശേഷമാണു കത്തി കണ്ടെടുത്തത്.ക്യാംപസിൽ നടത്തിയ തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തു. കോളജിലേക്കു കയറുന്ന ഭാഗത്ത്, ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാറുള്ള സ്ഥലത്തു ചവറുകൾക്കടിയിൽ മണ്ണിൽ താഴ്‌ത്തിയിരുന്ന കത്തി ശിവരഞ്ജിത് തന്നെയാണു പുറത്തെടുത്തത്. സംഭവത്തിന് ഒരാഴ്ച മുൻപ് ഓൺലൈൻ വഴിയാണു കത്തി വാങ്ങിയതെന്നു ശിവരഞ്ജിത് പൊലീസിനോടു പറഞ്ഞു. യൂണിയൻ ഓഫിസിൽ സൂക്ഷിച്ചിരുന്ന കത്തി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച 12നു രാവിലെ മുതൽ പാന്റ്‌സിന്റെ പോക്കറ്റിലുണ്ടായിരുന്നു. തന്നെ നസീം പിടിച്ചുനിർത്തുകയും ശിവരഞ്ജിത് നെഞ്ചിൽ കുത്തുകയും ചെയ്‌തെന്നാണ് അഖിലിന്റെ മൊഴി.

കോളജിൽ കൈവിലങ്ങുമായി പൊലീസ് അകമ്പടിയിൽ എത്തിയപ്പോൾ അവർ ആദ്യമൊന്നു പകച്ചു. എസ്എഫ്‌ഐ ലോക്കൽ ഭാരവാഹി അഖിൽ ചന്ദ്രനെ കുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന ഇരുവരേയും ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങിയെങ്കിലും കനത്ത പ്രതിഷേധം ഭയന്നു കോളജിലേയ്ക്കു കൊണ്ടു വരാതെ 2 ദിവസം കന്റോൺമെന്റ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ 8.55ന് സിഐ അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് വിലങ്ങണിയിച്ച് കോളജിൽ എത്തിച്ചത്. ഒരു വിലങ്ങിലാണു രണ്ടുപേരേയും ബന്ധിച്ചിരുന്നത്. കോളജിന് അവധി ആയതിനാൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഉണ്ടായിരുന്നില്ല. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കു ഹാജരാക്കിയ ശേഷമാണു ജയിലിൽ തിരികെ കൊണ്ടുപോയത്. 12.40ന് പൊലീസ് വാനിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജനകീയ പ്രതിഷേധം ഭയന്നു പുറത്തിറക്കിയില്ല. ഡോക്ടർ വാനിലുള്ളിൽ വന്നാണു പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകിയത്.

കുത്തു വന്ന വഴി ആദർശ് ഓർക്കുമ്പോൾ

അഖിൽ ചന്ദ്രനെ കുത്തിവീഴ്‌ത്തിയ സംഘർഷത്തിനു തൊട്ടുമുൻപ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കേസിലെ രണ്ടാംപ്രതിയുമായ എ.എൻ. നസീം ഫോണിൽ 'ചിലരോടു' സംസാരിച്ചിരുന്നുവെന്നു സംഭവസ്ഥലത്തുണ്ടായിരുന്ന എസ്എഫ്‌ഐ പ്രവർത്തകൻ സി.ആദർശ് പറയുന്നു. ആ സംഭാഷണത്തിനുശേഷമാണ് 'നമുക്ക് അടിച്ചുതന്നെ തീർക്കാ'മെന്ന് നസീം ആക്രോഷിച്ചത്. ശിവരഞ്ജിത് അഖിലിനെ കുത്തിവീഴ്‌ത്തും മുൻപ് തന്റെ നേർക്കും കത്തിവീശിയതായി ആദർശ് പറയുന്നു. അഖിലിന്റെ ഉറ്റസുഹൃത്തും മൂന്നാംവർഷ ചരിത്രവിദ്യാർത്ഥിയും എസ്എഫ്‌ഐ ഡിപാർട്ട്‌മെന്റൽ കമ്മിറ്റി അംഗവുമായ ആദർശ് കഴിഞ്ഞ 12ന് കോളജിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ചു ഭീതിയോടെയാണ് ഓർക്കുന്നത്.

യൂണിറ്റ് കമ്മിറ്റി ഓഫിസിനു മുന്നിലെ മരച്ചുവട്ടിലിരുന്ന മൂന്നാംവർഷ അറബിക് വിദ്യാർത്ഥിയും എസ്എഫ്‌ഐക്കാരനുമായ ഉമൈറിനെയും സുഹൃത്തുക്കളെയും യൂണിറ്റ് കമ്മിറ്റിയിലെ ചില അംഗങ്ങൾ രാവിലെ ചീത്ത വിളിച്ചതോടെയാണു സംഭവങ്ങളുടെ തുടക്കം. 'ക്ലാസിൽ പോയിരിക്കെടാ'യെന്നു പറഞ്ഞായിരുന്നു തെറിവിളി. തിരിച്ചു പ്രതികരിച്ചതോടെ അടിയായി. ഉമൈറിനെ മുൻപും അടിച്ചിട്ടുണ്ട്. രണ്ടാമതും അടി കിട്ടിയതോടെ ഇങ്ങനെ വിട്ടാൽ പറ്റില്ലെന്നു തോന്നി. ഞങ്ങൾ പത്തിരുപതുപേർ നേരെ യൂണിറ്റ് റൂമിലേക്കു പോയി. കോളജ് കന്റീനിൽ തലേദിവസം നടന്ന സംഭവങ്ങളുമായും ഞങ്ങളുടെ പ്രതിഷേധത്തിനു ബന്ധമുണ്ടായിരുന്നു.

കന്റീനിൽ ആൺകുട്ടികളും പെൺകുട്ടികളുമെല്ലാം ചേർന്നു പാട്ടുപാടുന്നതു പതിവാണ്. എന്നാൽ അന്നു സാറ എന്ന എസ്എഫ്‌ഐ യൂണിറ്റ് അംഗമായ പെൺകുട്ടി 'നിർത്തെടാ' എന്നു പറഞ്ഞു ചൂടായി. ആരും ഗൗനിക്കാഞ്ഞതോടെ യൂണിറ്റിൽ പോയി പരാതി പറഞ്ഞു. തുടർന്ന് അഖിൽ, സഞ്ജു, മോത്തി എന്നിവരെ യൂണിറ്റ് റൂമിലേക്ക് വിളിപ്പിച്ചു. നസീമും ശിവരഞ്ജിത്തും ഒഴികെ, ഇപ്പോൾ പ്രതികളായ മിക്കവരും അവിടെയുണ്ടായിരുന്നു. വിചാരണ കഴിഞ്ഞ് കണ്ണുനിറഞ്ഞാണ് മൂന്നുപേരും ഇറങ്ങിവന്നത്. പിറ്റേന്നു രാവിലെയാണ് ഉമൈറിനെ അടിച്ച സംഭവമുണ്ടായത്. ഇതോടെ യൂണിറ്റിലെ ഉത്തരവാദപ്പെട്ടവരോടു പരാതി പറയാനായി ഞങ്ങൾ യൂണിറ്റ് ഓഫിസിനു മുന്നിലെത്തി.

യൂണിറ്റുകാർ വിളിച്ചതനുസരിച്ചു നസീമും ശിവരഞ്ജിത്തും ബൈക്കിലെത്തി. ഞങ്ങളുടെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു നസീം നാലഞ്ചു കോളുകൾ ചെയ്തു. ഒടുവിൽ കോൾ കട്ട് ചെയ്ത് 'എന്നാപ്പിന്നെ നമുക്ക് അടിച്ചുതന്നെ തീർക്കാമെടാ' എന്നു പറഞ്ഞു. ഇതിനിടയിൽ വടിയും തടിയും കല്ലുമെല്ലാം അവർ എടുത്തിട്ടുണ്ടായിരുന്നു. കണ്ണടച്ചുതുറക്കും മുൻപ് സംസ്‌കൃത കോളജിൽ നിന്നും പുറത്തുനിന്നുമടക്കം ആൾക്കാർ പറന്നെത്തി. ഞങ്ങൾക്കെല്ലാം അടികിട്ടി.

നസീമിന്റെയും ശിവരഞ്ജിത്തിന്റെയും കയ്യിൽ കത്തിയുണ്ടായിരുന്നു. ഇതിനിടയിൽ ശിവരഞ്ജിത് 'കുത്തുമെടാ'എന്നു പറഞ്ഞ് എന്റെ നേരെയും കത്തിനീട്ടി. പെട്ടെന്നു പിറകിൽനിന്ന് അഖിലിന്റെ ശബ്ദം കേട്ടു. 'ചോര, ചോര' എന്നു നിലവിളി. തിരിഞ്ഞുനോക്കുമ്പോൾ ഷർട്ടിൽ മൊത്തം ചോര. വീഴാൻ പോയപ്പോൾ ഞങ്ങളെല്ലാം തോളിലെടുത്തു പുറത്തു പൊലീസ് വാനിലെത്തിച്ചു. കുത്തുന്ന രംഗം ഞാൻ കണ്ടിരുന്നില്ല. പക്ഷേ രണ്ടുതവണ കുത്തിയെന്നാണു കണ്ടവർ പറഞ്ഞത്.

നസീമിനെ രക്ഷിക്കാൻ പൊലീസും

പൊതുമുതൽ നശിപ്പിച്ചതു സംബന്ധിച്ച മുൻ കേസിൽ നസീമിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റും ജാമ്യക്കാർക്കു നോട്ടിസും. നസീമിന്റെയും എസ്എഫ്‌ഐ പ്രവർത്തകരായ 7 കൂട്ടാളികളുടെയും നിലവിലെ ജാമ്യ ബോണ്ട് ചീഫ് മജിസ്‌ട്രേട്ട് കോടതി റദ്ദാക്കി.

കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഉത്തരവു നടപ്പാക്കാതെ മ്യൂസിയം പൊലീസ് ഒത്തുകളിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നിനകം നസീമടക്കം 8 കൂട്ടാളികളെയും അറസ്റ്റ് ചെയ്യാനും ജാമ്യക്കാരെ ഹാജരാക്കാനും കോടതി ഉത്തരവിട്ടത് കഴിഞ്ഞ പത്തിനാണ്. യൂണിവേഴ്‌സിറ്റി കോളജിൽ അഖിലിനെ കുത്തിയ കേസിൽ നസീമിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ റിമാൻഡ് റിപ്പോർട്ടിലും പൊലീസ് ഇക്കാര്യം മറച്ചുവച്ചു. പ്രതി പിടിയിലായതറിഞ്ഞാൽ വാറന്റ് പുറപ്പെടുവിച്ച കോടതിയിൽ നിന്നു പൊലീസ് പ്രൊഡക്ഷൻ വാറന്റ് വാങ്ങി പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കേണ്ടതാണ്. എന്നാൽ മ്യൂസിയം പൊലീസ് ഇതു ചെയ്തില്ല.

2017 ഏപ്രിൽ 10 മുതൽ 2019 ജൂൺ 10 വരെ വിവിധ മാസങ്ങളിലായി പലകുറി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും പ്രതിയെ പിടിക്കാൻ മ്യൂസിയം പൊലീസ് തയാറായില്ല. പ്രതികളുടെ വീടു പൂട്ടിയിരിക്കുന്നു, ഒളിവിൽ പോയി, താമസം മാറി, സമയം കിട്ടിയില്ല എന്നിങ്ങനെ പല കാരണം കാണിച്ചാണു പൊലീസ് വാറന്റ് മടക്കിയത്. പൊതുമുതൽ നശിപ്പിച്ചതിനു നസീമിനും കൂട്ടാളികൾക്കുമെതിരെ 2016 ഫെബ്രുവരി എട്ടിനാണു മ്യൂസിയം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP