Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂളുകളിൽ സ്പോർട്സ് സാമഗ്രികൾ എത്തിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയിൽ പങ്കാളിയാക്കാം എന്ന വാഗ്ദാനം നൽകി ശങ്കർദാസ് പ്രവാസികളിൽ നിന്നും അടിച്ചുമാറ്റിയത് നാലേകാൽ ലക്ഷം; സംഘപരിവാർ ബന്ധം പറഞ്ഞ് അടുത്തുകൂടിയ ആളെ വിശ്വസിച്ച കുവൈത്ത് മലയാളികൾക്ക് കിട്ടിയത് എട്ടിന്റെ പണി; ഡിജിപിക്ക് പരാതി നൽകിയപ്പോൾ ഇനി ആ വഴിക്ക് മേടിക്ക്... അല്ലാതെ പണം നല്കില്ലെന്ന് ഭീഷണിയും; അടിമുടി വ്യാജനായ ശങ്കർദാസിനെ തേടി പൊലീസും

സ്‌കൂളുകളിൽ സ്പോർട്സ് സാമഗ്രികൾ എത്തിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയിൽ പങ്കാളിയാക്കാം എന്ന വാഗ്ദാനം നൽകി ശങ്കർദാസ് പ്രവാസികളിൽ നിന്നും അടിച്ചുമാറ്റിയത് നാലേകാൽ ലക്ഷം; സംഘപരിവാർ ബന്ധം പറഞ്ഞ് അടുത്തുകൂടിയ ആളെ വിശ്വസിച്ച കുവൈത്ത് മലയാളികൾക്ക് കിട്ടിയത് എട്ടിന്റെ പണി; ഡിജിപിക്ക് പരാതി നൽകിയപ്പോൾ ഇനി ആ വഴിക്ക് മേടിക്ക്... അല്ലാതെ പണം നല്കില്ലെന്ന് ഭീഷണിയും; അടിമുടി വ്യാജനായ ശങ്കർദാസിനെ തേടി പൊലീസും

എം മനോജ് കുമാർ

കണ്ണൂർ: സംഘപരിവാർ നേതാക്കളുമായി അടുത്ത ബന്ധം പറഞ്ഞു കണ്ണൂരിൽ നടത്തിയ തട്ടിപ്പിൽ കുരുങ്ങിയ പ്രവാസി മലയാളികൾക്ക് നാലേകാൽ ലക്ഷത്തോളം രൂപ നഷ്ടമായി. ഹിന്ദു ഐക്യവേദി പ്രവർത്തകനും പരിവാർ നേതാക്കളോട് അടുത്ത ബന്ധവും ഉണ്ടെന്നു പറഞ്ഞാണ് ശങ്കർദാസ് എന്നയാൾ തട്ടിപ്പു നടത്തിയത്. കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം കേരളത്തിലെ സർക്കാർ സ്‌കൂളുകളിലേക്ക് അഞ്ചു വർഷത്തേക്ക് സ്പോർട്സ് സാമഗ്രികൾ എത്തിക്കാൻ കേന്ദ്രത്തിന്റെ ഓർഡർ ലഭിച്ചിട്ടുണ്ട്. ഇതിൽ പങ്കുകാരാക്കാം എന്ന മോഹന വാഗ്ദാനത്തിൽ വീഴ്‌ത്തിയാണ് ഇരുവരെയും ശങ്കർദാസ് വലയിൽ വീഴ്‌ത്തിയത്. അങ്ങിനെ ഒരു കേന്ദ്രസർക്കാർ ഓർഡർ കയ്യിലുണ്ടോ, ശങ്കർദാസ് തട്ടിപ്പുകാരനാണോ എന്നൊന്നും അന്വേഷിക്കാതെ ശങ്കർദാസിനെ വിശ്വസിച്ചതാണ് പ്രവാസി മലയാളികൾക്ക് അടിയായത്. സാമ്പത്തിക തട്ടിപ്പുകൾ തുടർക്കഥയാക്കിയ ആൾ എന്ന് പൊലീസ് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി ശങ്കർദാസ് നടത്തിയ തട്ടിപ്പിലാണ് കുവൈത്ത് പ്രവാസികളായ അനീഷ് കുമാറിനും ജയപ്രകാശിനും പണം നഷ്ടമായത്. അനീഷിന്റെ കയ്യിൽ നിന്ന് രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപയും ജയപ്രകാശിൽ നിന്നും രണ്ടുലക്ഷം രൂപയുമാണ് ശങ്കർദാസ് അടിച്ചുമാറ്റിയത്. ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തളിപ്പറമ്പ്, തലശേരി പൊലീസ് സംയുക്തമായാണ് തട്ടിപ്പിന്റെ കാര്യത്തിൽ അന്വേഷണം തുടരുന്നത്.

കേന്ദ്ര സർക്കാർ സ്‌കീം അനുസരിച്ച് അഞ്ച് വർഷത്തേക്ക് കേരളത്തിലെ സ്‌കൂളുകളിലേക്ക് സ്പോർട്സ് സാമഗ്രികൾ എത്തിക്കാനുള്ള ഓർഡർ തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് അവകാശപ്പെട്ടാണ് ഇയാൾ പ്രവാസി മലയാളി അടക്കമുള്ളവരെ സമീപിച്ചത്. സാജ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന തന്റെ പേരിലുള്ള കമ്പനിയുടെ ഓഫീസും ഇയാൾ ഇവർക്ക് മുന്നിൽ ഉയർത്തിക്കാട്ടി. ആദ്യം തട്ടിപ്പ് ആണെന്ന സംശയം ഇവർക്കുണ്ടായിരുന്നു. പക്ഷെ ഹേമലത എന്ന സംഘപരിവാർ നേതാവ് ഇയാൾ തട്ടിപ്പ് അല്ല എന്ന് അനീഷിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രണ്ടേകാൽ ലക്ഷത്തോളം രൂപയും ജയപ്രകാശ് രണ്ടു ലക്ഷവും രൂപയും നൽകിയത്. എന്നാൽ സംരംഭം മുന്നോട്ടു പോയപ്പോൾ ആദ്യം ശങ്കർദാസ് ഹേമലതയെ ഒഴിവാക്കുകയായിരുന്നു.

പിന്നീട് കമ്പനിയിൽ ശങ്കർദാസും അനീഷും ജയപ്രകാശും മാത്രമായി. നാലേകാൽ ലക്ഷം രൂപ ഇരുവരും ശങ്കർദാസിന് നൽകിയിട്ടും പിന്നേയും ശങ്കർദാസ് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതിൽ സംശയം ജനിച്ചതോടെയാണ് ഇവർ പിന്നെ പണം നൽകാതായത്. ഇതോടെ ശങ്കർദാസ് രൂപവും ഭാവവും മാറ്റുകയായിരുന്നു. പിന്നെ ഭീഷണിയായി. പണം സൗകര്യം പോലെ നൽകാം എന്നായി. തന്നെ തൊടാൻ പൊലീസിനും മാരാർജി ഭവനിലെ ആളുകൾക്കും കഴിയില്ല എന്ന ഭീഷണിയായി. ഒടുവിൽ ജനുവരി മാസം പണം നൽകാം എന്ന് പറഞ്ഞു. ജനുവരിയും പിന്നിട്ടു മാസങ്ങൾ കഴിഞ്ഞതോടെ ശങ്കർദാസിനെതിരെ ഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്. അനീഷിന്റെ കയ്യിൽ നിന്നും പണം വാങ്ങാൻ അനീഷ് ജോലി ചെയ്യുന്ന കുവൈത്തിൽ അതിഥിയായി ശങ്കർദാസ് എത്തി. ഒരാഴ്ച അനീഷിന്റെ അതിഥിയായി കഴിഞ്ഞു വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് തട്ടിപ്പിന് ശങ്കർദാസ് അരങ്ങൊരുക്കിയത്.

സാമ്പത്തിക തട്ടിപ്പിന്റെ കഥ അനീഷ് മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെ:

ഞങ്ങൾ സംഘപരിവാറിനോട് ആഭിമുഖ്യം ഉള്ളവരാണ്. സംഘപരിവാർ ബന്ധം പറഞ്ഞാണ് ശങ്കർദാസ് ഞങ്ങളെ വഞ്ചിക്കുന്നത്. കഴിഞ്ഞ വർഷമായിരുന്നു ഇത്. വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻ ആണെന്നാണ് ഞങ്ങളോട് പറഞ്ഞത്. ഇതൊരു കള്ളമായിരുന്നു. ഇത് പറഞ്ഞിട്ടാണ് ഞങ്ങളെ വഞ്ചിച്ചത്. സംഘപരിവാറിന് ശങ്കർദാസുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന്. പിന്നീട് മനസിലായി. ഞങ്ങൾക്ക് ഹിന്ദു ഐക്യവേദി പ്രവർത്തകയായ ഹേമലതയെ പരിചയമുണ്ട്. കേന്ദ്രസർക്കാരിന്റെ പദ്ധതി പ്രകാരം കേരളത്തിലെ സ്‌കൂളുകളിൽ സ്പോർട്സ് സാമഗ്രികൾ എത്തിക്കാനുള്ള കരാർ ശങ്കർദാസിന് ലഭിച്ചിട്ടുണ്ട്. നിങ്ങൾ അതിൽ പങ്കാളികളാകണം. ഹേമലതയും ശങ്കർദാസിന്റെ വലയിൽ കുരുങ്ങിയിരുന്നു. ഇത് ഞങ്ങൾക്ക് അറിയാമായിരുന്നില്ല.

ഇത് തട്ടിപ്പായിരിക്കും. ഉഡായിപ്പ് പരിപാടികൾ ആയിരിക്കും.അതിനാൽ തത്ക്കാലം പറ്റിക്കപ്പെടാൻ നിന്ന് കൊടുക്കുന്നില്ല എന്നാണ് ഞാൻ ഹേമലതയോട് പറഞ്ഞത്. പക്ഷെ ഹേമലത ശങ്കർദാസിൽ വിശ്വാസം അർപ്പിച്ചു കഴിഞ്ഞിരുന്നു. ശങ്കർദാസ് ഹിന്ദു ഐക്യവേദിയുടെ പ്രവർത്തകനാണ്. എന്ന് പറഞ്ഞു. ഇതോടെയാണ് ഞങ്ങൾ ശങ്കർദാസുമായി സംസാരിക്കുന്നത്. സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ശങ്കർദാസ് കുവൈത്തിൽ നേരിട്ട് വന്നു. ഒരാഴ്ചയാണ് ഇവിടെ ഉണ്ടായിരുന്നത്. ആധാർ കാർഡ് വേണം, പാസ്പോർട്ടിന്റെ കോപ്പി വേണം. എല്ലാം എനിക്ക് അയച്ചുതരണം. നാലാളുടെ പേരിലാണ് പാർട്ണർ ഷിപ്പ് വരുന്നത്. ശങ്കർദാസ്, ഹേമലത, അനീഷ്, ജയപ്രകാശ് എന്നിവരുടെ പേരിലാണ് പാർട്ണർ ഷിപ്പ് രജിസ്റ്റർ ചെയ്യുന്നത് എന്നാണ് ശങ്കർദാസ് പറഞ്ഞത്. കേന്ദ്രത്തിന്റെ ഓർഡർ ലഭിച്ചിട്ടുണ്ട്. നാലുപേരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിന്റെ കോപ്പി നിങ്ങളുടെ വീട്ടിലേക്ക് അയക്കും എന്നാണ് ശങ്കർദാസ് പറഞ്ഞത്. കുവൈത്തിൽ നിന്നും പണവും വാങ്ങിയിട്ടാണ് ശങ്കർദാസ് മടങ്ങിയത്.

ശങ്കർദാസ് ഒരു ഷോപ്പ് എടുത്തിരുന്നു. എല്ലാം സാജ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പേരിലുള്ള ഷോപ്പ്. പക്ഷെ കടയുടെ വാടക വരെ നൽകിയിരുന്നില്ല. അതിനാൽ കടക്കാരൻ കട കൈവശപ്പെടുത്തിരുന്നു എന്നാണ് അറിഞ്ഞത്. ഷോപ്പിന്റെ കമ്പ്യുട്ടർ. ഫർണീഷിങ്, സ്റ്റാഫിന്റെ ശമ്പളം, ഓഫീസിന്റെ മറ്റു ചെലവ് എന്തിനു ഓട്ടോക്കൂലി പോലും കണക്കുപറഞ്ഞു വാങ്ങി. പക്ഷെ ഞങ്ങളുടെ പേരിൽ ഒന്നും ശങ്കർദാസ് രജിസ്റ്റർ ചെയ്തില്ല. പക്ഷെ കാശിനു ആവശ്യം മുഴക്കിക്കൊണ്ടിരുന്നു. ഇതോടെ ഞങ്ങൾ സംശയത്തിലായി. താൻ ചതിക്കില്ല എന്ന് പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ ഇനിയും കാശ് അയച്ചു കൊടുക്കാൻ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. പക്ഷെ എന്തിനു ഇനി പണം നൽകണം എന്ന ചിന്തയിൽ പിന്നീട് പണം നൽകിയില്ല. ഇതോടെ ഞങ്ങൾ നൽകിയ പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ ശങ്കർദാസിന്റെ മട്ടുമാറി. ഇതിന്നിടയിൽ ഹേമലതയെ ശങ്കർദാസ് ഒഴിവാക്കിയിരുന്നു. ഒരു ലക്ഷം രൂപ ഹേമലതയിൽ നിന്നും ശങ്കർദാസ് പറ്റിച്ചെടുത്തിട്ടുണ്ട്. പിന്നീട് ഞങ്ങൾ മൂന്നു പേർ മാത്രമായി. ഹേമലതയോട് പിന്നീട് ആരോ പറഞ്ഞു. ശങ്കർദാസ് തട്ടിപ്പാണെന്ന്. ഇതോടെ ഹേമലത ഞങ്ങളെ വിളിച്ചു പറഞ്ഞു. നിങ്ങൾ ആദ്യം പറഞ്ഞത് ശരി.ശങ്കർദാസ് തട്ടിപ്പാണ്. പക്ഷെ അപ്പോഴേക്കും ഞങ്ങൾ പണം മുടക്കിക്കഴിഞ്ഞിരുന്നു.

സൗകര്യം പോലെ കാശ് വാങ്ങിച്ചോ എന്ന മട്ടായി. ഭീഷണിയും വന്നു. ഒടുവിൽ ശങ്കർദാസ് പറഞ്ഞു. സ്ഥാപനത്തിന് ഓർഡർ ലഭിച്ചിട്ടുണ്ട്. നിങ്ങളെ ബിസിനസിൽ നിന്നും നിങ്ങളെ ഒഴിവാക്കിയിരിക്കുന്നു. നിങ്ങളുടെ സ്വഭാവം കൊണ്ട് നിങ്ങൾ രണ്ടുപേരെയും എനിക്ക് വേണ്ട, എന്റെ തീരുമാനം അങ്ങിനെയാണ്. പണം തിരികെ നൽകാം. അത് പക്ഷെ പെട്ടെന്ന് നടക്കില്ല. പറഞ്ഞു. ഞങ്ങൾ പറഞ്ഞു. ഞങ്ങൾക്ക് സന്തോഷമായി. മുടക്കിയ പണം മാത്രം തിരികെ നൽകിയാൽ മതി. നാലും മാസം കൊണ്ട് നിങ്ങളുടെ പണം തിരികെ നൽകാം. അതായത് ഈ ഏപ്രിലിൽ നൽകാം എന്നാണ് പറഞ്ഞത്. ഇപ്പോൾ അതും കഴിഞ്ഞു വീണ്ടും രണ്ടുമാസം കഴിഞ്ഞു. ഒടുവിൽ ഞങ്ങൾ ഡിജിപി അടക്കമുള്ളവർക്ക് പരാതി നൽകി. പക്ഷെ ശങ്കർദാസ് ആധാറിൽ വരെ കാണിച്ച തിരുവനന്തപുരം വിലാസം വ്യാജമായിരുന്നു. പൊലീസ് അന്വേഷിച്ചപ്പോൾ അങ്ങിനെ ഒരു വ്യക്തിയേ അവിടെ ഇല്ല. വാടക വീട്ടിന്റെ അഡ്രസ് നൽകിയാണ് ആധാർ എടുത്തിരുന്നത്. വിവിധ ഫോൺ നമ്പറിൽ നിന്നാണ് വിളിച്ചു കൊണ്ടിരുന്നത്. എല്ലാം പിന്നീട് ഒന്നൊന്നായി സ്വിച്ച് ഓഫ് ആയി.

ശങ്കർദാസിന്റെ അവസാന സംഭാഷണം ഇങ്ങനെ:

നിങ്ങൾ പൈസയുടെ ആവശ്യം പറഞ്ഞു ഡിജിപിക്ക് പരാതി നൽകിയില്ലേ.... പൊലീസിൽ പരാതി നൽകിയില്ലേ.... മാരാർജി ഭവനിൽ പരാതി നൽകിയില്ലേ.... ഇനി ആ വഴിക്ക് മേടിക്ക്....അപ്പോൾ അല്ലാതെ പണം നല്കില്ലേ....ഞാനിപ്പോൾ ചിത്രയെന്നു നിങ്ങൾ പറയുന്ന എന്റെ ഭാര്യയുടെ വീട്ടിൽ ഇരിക്കുകയാണ്. ഈ വീട്ടിൽ വന്നു കയറി അടി ചെവിക്കല്ലിനു കൊടുത്ത് ഇരുത്തിയിട്ടുണ്ട്. അവളെയൊന്നും വിളിച്ച് നീ ഉണ്ടാക്കേണ്ട....

എല്ലാം ചെയ്ത് ഉണ്ടാക്കാൻ കഴിഞ്ഞാൽ ഉണ്ടാക്ക്...മാന്യമായി എന്നോട് സംസാരിക്ക്....മാന്യമായി വിളിക്കുമ്പോൾ ഫോൺ എടുക്കേണ്ടേ? ഒളിച്ചു കളിക്കാതെ ഫോൺ എടുക്കണം. വിളിച്ചാൽ ഫോൺ എടുക്കണം....ഇനി എന്റെ പൊണ്ടാട്ടിയെ വിളിച്ച് നീ ഉണ്ടാക്കേണ്ട....മര്യാദയ്ക്ക് വിളിച്ചാൽ ഫോൺ എടുക്കണം....നിനക്ക് കുറച്ചു കൂടെ വേണോ.....വിളിക്കുമ്പോൾ ഫോൺ എടുക്കുക, സംസാരിക്കുക....നിങ്ങൾ വാക്കിനു വില കൽപ്പിക്കണം.

ഏപ്രിലിൽ പണം മടക്കി നൽകാം എന്ന് പറഞ്ഞതാണ്. കള്ളത്തരം പറഞ്ഞിട്ട് നിങ്ങൾ ബിസിനസ് ഉണ്ടാക്കി....ഡിജിപിക്ക് നിങ്ങൾ പരാതി നൽകിയിട്ടു എന്തായി....എന്തോന്ന് ഉണ്ടാക്കാൻ....നിങ്ങൾ ഫോൺ എടുക്കാറില്ല....നമ്പർ നിങ്ങൾ മാറിക്കൊണ്ടിരിക്കുന്നു....നിങ്ങൾ പണം തിരികെ നൽകുന്നില്ല.....നിങ്ങൾ എന്നെ വെല്ലുവിളിക്കുന്നു....എന്നോട് സംസാരിച്ചാൽ കാര്യങ്ങൾ ക്ലിയർ ആകും....എന്നെ ഒന്നും ചെയ്യാൻ കഴിയില്ല... നിങ്ങൾ ഈ ഫോൺ സംഭാഷണം ഡിജിപിക്ക് നൽകി ഡിജിപിയെക്കൊണ്ട് എന്നെ വിളിപ്പിക്ക്.....ഇങ്ങിനെയാണ് ഫോണിൽ സംഭാഷണം നടന്നത്...ശങ്കർദാസ് പറഞ്ഞത്. പിന്നീട് ശങ്കർദാസിനെ ബന്ധപ്പെടാൻ കഴിഞ്ഞില്ല-അനീഷ് പറയുന്നു.

അനീഷിന്റെയും ജയപ്രകാശിന്റെയും പരാതിയിൽ അന്വേഷണം തുടങ്ങിയതായി തളിപ്പറമ്പ് സിഐ സത്യനാഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ശങ്കർദാസിന്റെ വിലാസം വ്യാജമാണ്. അയാളെ കണ്ടുകിട്ടിയില്ല. പരാതിയുടെ സ്വഭാവം പരിശോധിച്ചപ്പോൾ ഇയാൾ സ്ഥിരമായി സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങുന്ന ആളെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇയാളെ കണ്ടുകിട്ടിയാൽ മാത്രമേ കൂടുതൽ തട്ടിപ്പുകൾ വെളിച്ചത്ത് വരുകയുള്ളൂ. ഇയാളെ പെട്ടെന്ന് തന്നെ പിടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്- സിഐ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP