Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഎഇ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇനി ചെക്ക്ഇൻ ബാഗേജിൽ 40 കിലോ വരെ; ഹാൻഡ് ബാഗേജിൽ ഏഴുകിലോ തുടരുമെന്നും എയർ ഇന്ത്യ

യുഎഇ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇനി ചെക്ക്ഇൻ ബാഗേജിൽ 40 കിലോ വരെ; ഹാൻഡ് ബാഗേജിൽ ഏഴുകിലോ തുടരുമെന്നും എയർ ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: എയർ ഇന്ത്യയിൽ യുഎഇയിലേക്കു പറക്കുന്ന യാത്രക്കാർക്ക് ഇനിമുതൽ ചെക്ക് ഇൻ ബാഗേജിൽ 40 കിലോഗ്രാം ഭാരം വരെ കരുതാം. ചൊവ്വാഴ്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് പുതിയ മാറ്റം ലഭ്യമാകുമെന്ന് എയർ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലൊഹാനി പറഞ്ഞു.

യുഎഇയിലുള്ള ഇന്ത്യക്കാരുടെ ആവശ്യം പരിഗണിച്ച് ചെക്ക് ഇൻ ബാഗേജിൽ 40 കിലോഗ്രാം ഭാരം കൈവശം വയ്ക്കാം. ഹാൻഡ് ബാഗേജിൽ നിലവിലുള്ള ഏഴു കിലോഗ്രാം തുടരുമെന്നും അദ്ദേഹം അറിയിച്ചു. എയർപോർട്ടുകളിൽ നിയമങ്ങൾ കർശനമാണ്. ബാഗേജ് ഒരുക്കുന്നതിൽ ശ്രദ്ധിച്ചില്ലെങ്കിൽ ധനനഷ്ടം മാനഹാനി എന്നിവയൊക്കെ ഉണ്ടാകാം. അതുകൊണ്ട് തന്നെ പുതിയ തീരുമാനം പ്രവാസികൾക്ക് ഏറെ ആശ്വാസമാണ്. ലഗേജിന്റെ ഭാരം കൂടിയതിന്റെ പേരിൽ, പ്രിയപ്പെട്ടവർക്കായി വാങ്ങിയ സാധനങ്ങൾ വിമാനക്കമ്പനികൾക്ക് ഇരട്ടിയിലേറെ പണം നൽകി കൊണ്ടുപോകുന്നവരുടെ അവസ്ഥ ദയനീയമാണ്. ഈ സാധനങ്ങളെല്ലാം നാട്ടിൽ കിട്ടുന്നതാണെന്ന വസ്തുത അറിയാതെയല്ല പ്രവാസികൾ ഈ കെണിയിൽ പെടുന്നത്.

പെട്ടിയുടെ ഭാരം ഒഴിവാക്കി അത്രയും കൂടി സാധനം കൊണ്ടുപോകാൻ കട്ടിക്കടലാസ് പെട്ടി ഉപയോഗിക്കുന്നതിൽ മുൻനിരയിലാണ് മലയാളികൾ. പെട്ടിയുടെ വലുപ്പം, പായ്ക്കിങ് രീതി എന്നിവയെല്ലാം യാത്രയുടെ ആവേശത്തിൽ മറന്നുപോകുന്നു. ചെക്കിൻ ബാഗേജ്, കാബിൻ ബാഗേജ് എന്നിവയുടെ ഭാരം കൂടിയാൽ കൂടുതൽ പണം നൽകണം. ഇത് ഓരോ വിമാനക്കമ്പനിക്കും വ്യത്യസ്തമാണ്. തിരക്കും കണക്കിലെടുക്കും. യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ ഉറപ്പാക്കണം. കെട്ടുപൊട്ടിച്ച് സാധനങ്ങൾ ഉപേക്ഷിക്കേണ്ടിവരുന്ന സ്ഥിതിയുണ്ടായിരുന്നു. പുതിയ തീരുമാനത്തോടെ ഇത് മാറും. നിലവിൽ 30 കിലോഗ്രാം സൗജന്യ ചെക് ഇൻ ലഗേജാണ് എയർ ഇന്ത്യ അനുവദിക്കുന്നത്. ഇതാണ് ഉയർത്തുന്നത്. യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് 10 കിലോഗ്രാം അധിക ലഗേജിനുള്ള അനുമതി നൽകിയതെന്ന് അശ്വനി ലൊഹാനി വ്യക്തമാക്കി.

നേരത്തെ ഹജ്ജ് തീർത്ഥാടകർക്ക് ആശ്വാസമായി സംസം വെള്ളം കൊണ്ട് പോകുന്നതിന് വിലക്കേർപ്പെടുത്തിയ തീരുമാനം എയർ ഇന്ത്യ പിൻവലിച്ചിരുന്നു. ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള എ ഐ966 വിമാനത്തിലും ജിദ്ദയിൽനിന്നും കൊച്ചിയിലേക്കുള്ള എ ഐ964 വിമാനത്തിലും ഹജ്ജ് തീർത്ഥാടകർ സംസം വെള്ളം കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയ വിലക്കാണ് എയർ ഇന്ത്യ നീക്കിയത്. സൗജന്യമായി കൊണ്ടുപോകാൻ അനുമതിയുള്ള ബാഗേജ് പരിധിയിൽ വരുന്നരീതിയിൽ സംസം വെള്ളം കൊണ്ടുപോകാൻ അനുമതി നൽകാൻ തീരുമാനിച്ചതായി എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു. തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു. ഇതിന് പിന്നാലെയാണ് യുഎഇയിലേക്ക് പറക്കുമ്പോൾ കൂടുതൽ ബാഗേജ് കൊണ്ടു പോകാൻ അനുമതി നൽകുന്നത്.

കൂടുതൽ യാത്രക്കാരെ എയർ ഇന്ത്യയിലേക്ക് എത്തിക്കാനാണ് ഈ നീക്കം. ഇതോടെ കൂടുതൽ മലയാളികളും മറ്റും യാത്രയ്ക്ക് എയർ ഇന്ത്യയെ ആശ്രയിക്കാൻ ശ്രമിക്കും. ഇത് വിമാനക്കമ്പനിക്ക് ലാഭവുമായി മാറും. കേന്ദ്ര സർക്കാരിന്റെ ഇടപെടലും ഇതിന് പിന്നിൽ പ്രവർത്തിച്ചുവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP