Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജൈവസമ്പത്തിന്റെ കലവറയായ ശാന്തിവനത്തിനെതിരെ മണിയാശാൻ ഉറഞ്ഞു തുള്ളും; പ്രതിസ്ഥാനത്ത് വജ്രമുതലാളിയാകുമ്പോൾ എലിക്കുട്ടിയെ പോലെ പതുങ്ങിയിരിക്കും; വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുന്ന കൂടംകുളത്ത് നിന്നുള്ള ലൈനിന് തടസ്സം സണ്ണി ഡയമണ്ട് മുതലാളി; പൗലോസ് സണ്ണിയുടെ ഒറ്റയാൾ എതിർപ്പ് തുരങ്കം വയ്ക്കുന്നത് കെ എസ് ഇ ബിയുടെ സ്വപ്‌ന പദ്ധതിക്ക്; 99.5 ശതമാനവും പൂർത്തിയായ ഇടമൺ-കൊച്ചി ലൈനിന്റെ നിർമ്മാണം സ്തംഭനത്തിന് പിന്നിലെ അട്ടിമറിക്കഥ ഇങ്ങനെ

ജൈവസമ്പത്തിന്റെ കലവറയായ ശാന്തിവനത്തിനെതിരെ മണിയാശാൻ ഉറഞ്ഞു തുള്ളും; പ്രതിസ്ഥാനത്ത് വജ്രമുതലാളിയാകുമ്പോൾ എലിക്കുട്ടിയെ പോലെ പതുങ്ങിയിരിക്കും; വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുന്ന കൂടംകുളത്ത് നിന്നുള്ള ലൈനിന് തടസ്സം സണ്ണി ഡയമണ്ട് മുതലാളി; പൗലോസ് സണ്ണിയുടെ ഒറ്റയാൾ എതിർപ്പ് തുരങ്കം വയ്ക്കുന്നത് കെ എസ് ഇ ബിയുടെ സ്വപ്‌ന പദ്ധതിക്ക്; 99.5 ശതമാനവും പൂർത്തിയായ ഇടമൺ-കൊച്ചി ലൈനിന്റെ നിർമ്മാണം സ്തംഭനത്തിന് പിന്നിലെ അട്ടിമറിക്കഥ ഇങ്ങനെ

പ്രവീൺ സുകുമാരൻ

കൊച്ചി: വികസനത്തിന് ശാന്തിവനം വൈദ്യുത മന്ത്രി എം എം മണിക്ക് തടസ്സമല്ല. ജൈവസമ്പത്തിനെ തകർത്തെറിഞ്ഞ് വൈദ്യുതി ലൈനുമായി മുമ്പോട്ട് പോകും. ഇവിടെ ഉടുമ്പചോലക്കാരൻ പുലിയാണ്. എന്നാൽ കൂടംകുളം ലൈനിന് തടസ്സം നിൽക്കുന്ന മുതലാളിയുടെ പേരു പോലും പറയില്ല. കൂടംകുളം വൈദ്യുത നിലയത്തിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട ഹൈക്കോടതി സ്റ്റേ ഒഴിവായാൽ കൂടംകുളം വൈദ്യുതിക്ക് പുറമേ ആയിരം മെഗാവാട്ട് വൈദ്യുതി കൂടി ലഭ്യമാക്കുവാൻ സാധിക്കുമെന്നും മന്ത്രിക്ക് അറിയാം. എന്നാൽ ഈ തടസ്സത്തിന് കാരണക്കാരനെ പരസ്യമായി പറയാൻ പോലും മണിക്ക് പേടിയാണ്. ശാന്തിവനത്തിൽ നിന്ന് കൂടംകളുത്തേക്ക് എത്തുമ്പോൾ മന്ത്രി എലിയാണ്. ഇതിന് കാരണം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന വൈദ്യുതി ലൈൻ ശൃംഖല പൂർത്തിയാക്കുന്നതിനു തടസം പ്രമുഖ ഡയമണ്ട് വ്യവസായി. സണ്ണി ഡയമണ്ട് ഉടമയാണ് പ്രതിസ്ഥാനത്ത്.

സണ്ണി ഡയമണ്ട് ഉടമയാണ് കേസ് നൽകിയതെന്ന് മന്ത്രിക്ക് അറിയാം. എന്നാൽ ഇത് പൊതു സമൂഹത്തിൽ ചർച്ചയാക്കാനോ വികസന വിരോധിയായി കടന്നാക്രമിക്കാനോ മന്ത്രി തയ്യാറല്ല. സണ്ണി ഡയമണ്ട് മുതലാളിയുടെ സ്ഥലത്തു കൂടി ലൈൻ വലിക്കുന്നത് തടഞ്ഞതോടെ 99.5 ശതമാനവും പൂർത്തിയായ ഇടമൺ-കൊച്ചി ലൈനിന്റെ നിർമ്മാണം സ്തംഭിച്ചു. 148 കിലോമീറ്ററുള്ള ലൈനിൽ ഇനി പൂർത്തിയാകാനുള്ളത് 644 മീറ്റർ മാത്രമാണ്. ഇതു പൂർത്തിയായിരുന്നുവെങ്കിൽ മഴയില്ലെങ്കിലും ഒരു തരത്തിലുമുള്ള നിയന്ത്രണവുമില്ലാതെ കൂടുംകുളത്തുനിന്നും വൈദ്യുതി എത്തിക്കാൻ കഴിയുമായിരുന്നു. കൂടംകുളം ആണവ നിലയത്തിൽ നിന്നും കേരളത്തിനു വൈദ്യുതി എത്തിക്കുന്നതിനായി ആസൂത്രണം ചെയ്ത പ്രസരണ ശൃംഖലയാണ് കൊച്ചി-ഇടമൺ ലൈൻ.

തമിഴ്‌നാട്ടിലെ തിരുനൽവേലി- കൊല്ലം ജില്ലയിലെ ഇടമൺ-കൊച്ചി-മാടക്കത്തറ-അരീക്കോട്-മൈസൂർ എന്നീ സ്ഥലങ്ങളിലൂടെയാണ് പവർഗ്രിഡ് കോർപ്പറേഷൻ 400 കെവി ലൈൻ നിർമ്മിക്കുന്നത്. സ്ഥലം ഉടമകളുടെ എതിർപ്പുമൂലം 13 വർഷമായി മുടങ്ങിക്കിടന്ന 148 കിലോമീറ്റർ ദൈർഘ്യവും 447 ടവറുകളുമുള്ള ഈ പദ്ധതി 2019 മാർച്ച് 30നു 99.5 ശതമാനവും പൂർത്തീകരിച്ചു. എന്നാൽ എറണാകുളം ജില്ലയിലെ കാണിനാട്ടിൽ ടവറിന്റെ അടിസ്ഥാന ജോലികൾ പൂർത്തിയാക്കി ടവർ നിർമ്മിക്കാൻ ആരംഭിച്ചപ്പോൾ സ്ഥലമുടമ എതിർപ്പുമായി രംഗത്തെത്തി. തന്റെ പുരയടിത്തിൽ കൂടി ലൈൻ വലിക്കാൻ അനുവദിക്കില്ലെന്നാണ് സംസ്ഥാനത്തെ പ്രമുഖ രത്‌ന വ്യാപാരിയായ ഇദ്ദേഹം വ്യക്തമാക്കിയത്. പവർ ഗ്രിഡ് കോർപ്പറേഷൻ ഇദ്ദേഹവുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കോടതിയെ സമീപിച്ചതോടെ കൊച്ചി-ഇടമൺ ലൈൻ പൂർണമായും സ്തംഭിച്ചു.

സണ്ണി ഡയമണ്ട് ഉടമയുടെ പേര് പൗലോസ് സണ്ണി എന്നാണ്. യോഹന്നാൻ എന്ന ആളിൽ നിന്ന് വാങ്ങിയതാണ് ഈ വിവാദ ഭൂമി. ഈ ലൈനിന്റെ അലൈന്മെന്റ് ആദ്യം തീരുമാനിച്ചത് യോഹന്നാന്റെ വീട്ടിന് മുമ്പിലൂടെയായിരുന്നു. ഇത് മനസ്സിലാക്കി യോഹന്നാൻ എഡിഎമ്മിന് മുമ്പിൽ പരാതിയുമായി പോയി. ഈ പരാതിയിൽ തീരുമാനം യോഹന്നാണ് അനുകൂലമായി. ഇതിനിടെയാണ് പൗലോസ് സണ്ണിക്ക് യോഹന്നാൻ വസ്തു കൈമാറിയത്. വൈദ്യുത ലൈനിന്റെ അറിഞ്ഞതോടെ എഡിഎമ്മിന് പൗലോസ് സണ്ണിയും പരാതി നൽകി. ആദ്യം അത് അനുവദിച്ചു. എന്നാൽ പിന്നീടെത്തിയ എഡിഎം ഇതിൽ വികസന അജണ്ട മുൻനിർത്തി തീരുമാനമെടുത്തു. ഇതോടെ ലൈനിന് കാര്യങ്ങൾ അനുകൂലമായി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണ് സണ്ണി ഡയമണ്ട് ഉടമ ചെയ്തത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് ലൈനിന് അനുകൂലമായിരുന്നു. തുടർന്ന് ഡിവിഷൻ ബഞ്ചിലെത്തി. ഡിവിഷൻ ബഞ്ച് സണ്ണി ഡയമണ്ടിന് അനുകൂലമായി തീരുമാനം എടുത്തു. ഇതോടെയാണ് പണി മുടങ്ങിയത്.

ഇതിനെതിരെ നാഷണൽ പവർ ഗ്രിഡ് കോർപ്പറേഷൻ സുപ്രീംകോടതിയിൽ ഹർജി നൽകി. കെ എസ് ഇ ബിയും നിയമപിന്തുണയുമായുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കക്ഷി ചേരുന്നില്ല. സണ്ണി ഡയമണ്ട് ഉടമയുമായി സർക്കാർ പ്രശ്നം ചർച്ച ചെയ്താൽ തീരുന്നതേ ഉള്ളൂ. എന്നാൽ ശാന്തിവനത്തിൽ ഇടപെടൽ നടത്തുന്ന മന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. കൂടംകുളം പദ്ധതിയുടെ തടസ്സത്തെ കുറിച്ച് പറയുമ്പോൾ ആരാണ് തടസ്സമെന്ന് പോലും പറയുന്നില്ല. അങ്ങനെ സണ്ണി ഡയമണ്ടിന്റെ പേര് മറച്ചു പിടിക്കുകയാണ് സർക്കാരും. ചില മാധ്യമങ്ങളിൽ ഈ വാർത്ത വന്നപ്പോഴും ബ്രാൻഡ് നെയിമിന്റെ പേര് മാത്രം പറഞ്ഞില്ല. സണ്ണി ഡയമണ്ടിനെ മറച്ചു വച്ചാണ് വാർത്ത നൽകിയത്. അങ്ങനെ കേരളത്തിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പുതിയ പ്രതീക്ഷയായ കൂടംകുളം ലൈൻ ഇനിയും സ്വപ്നമായി തുടരുകയാണ്.

തിരുനൽവേലി മുതൽ മൈസൂർ വരെ എല്ലാ ടവറുകളും പൂർത്തിയായിക്കഴിഞ്ഞു. ഇതിൽ സണ്ണി ഡയമണ്ടിന്റെ സ്ഥലത്തുള്ള ഒരു ടവർ മാത്രമാണ് പൂർത്തിയാകാനുള്ളത്. സ്ഥലമുടമകൾക്ക് കെ.എസ്.ഇ.ബിയും സർക്കാരും പവർഗ്രിഡ് കോർപ്പറേഷനും ചേർന്ന് മികച്ച നഷ്ടപരിഹാരപാക്കേജ് നൽകിയതോടെ ലൈൻ സംബന്ധിച്ച 99 ശതമാനം കേസുകളും ഒത്തുതീർന്നിരുന്നു. എന്നാൽ വ്യക്തിപരമായ വൈരാഗ്യം കാരണം സണ്ണി ഡയമണ്ട് ഉടമ കേസുമായി മുമ്പോട്ട് പോയി. ഈ ലൈനിന്റെ നിർമ്മാണം പൂർത്തീകരിച്ചാൽ പുറത്ത് നിന്നും 2000 മെഗാവാട്ട് വൈദ്യുതി വരെ എത്തിക്കാൻ കഴിയും. കൂടംകുളം ആണവ നിലയത്തിൽ നിന്നുള്ള തിരുനൽവേലി ഇടമൺ കൊച്ചി വൈദ്യുതി ലൈൻ പ്രവർത്തനക്ഷമമാകുന്നതോടെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷിയും കൂടും. പ്രസരണ നഷ്ടവും പ്രസരണ ഫീസും കുറയും.

കൂടംകുളത്തു നിന്നു കേരളത്തിനുള്ള വൈദ്യുതി വിഹിതം 270 മെഗാവാട്ട് ആണ്. കൂടംകുളം-തിരുനൽവേലി ഉദുമൽപ്പേട്ട്-തൃശൂർ-കൊച്ചി ലൈനിലൂടെ വളച്ചു ചുറ്റി കൊണ്ടു വരുന്നതു മൂലമുള്ള പ്രസരണ നഷ്ടം 30 മെഗാവാട്ടും. ഇടമൺ വഴി കൊച്ചിയിലേക്കു വൈദ്യുതി എത്തുന്നതോടെ ഈ 30 മെഗാവാട്ട് ലാഭിക്കാനാകും. കൂടംകുളത്ത് ഉൽപാദനം വർധിക്കുന്നതനുസരിച്ചു സംസ്ഥാനത്തിനുള്ള വൈദ്യുതി വിഹിതം കൂടുകയും ചെയ്യും. കേരളത്തിലേക്കു വൈദ്യുതി എത്തിക്കാനുള്ള ലൈനുകളുടെ ശേഷി നിലവിൽ 2700 മെഗാവാട്ടാണ്. ഇത്രയും വൈദ്യുതി ഇപ്പോൾ എത്തുന്നുണ്ട്.

കൂടംകുളം ലൈൻ വരുന്നതോടെ ശേഷി 3500 മെഗാവാട്ട് ആകും. കൂടാതെ മാടക്കത്തറ വഴിയുള്ള വൈദ്യുതി ഗതാഗതം മുടങ്ങിയാലും ബൈപാസ് റൂട്ടായി കൂടംകുളം വൈദ്യുതിയെത്തും. കേരളത്തിലേക്കു വൈദ്യുതി വളച്ചു ചുറ്റി കൊണ്ടു വരുന്നതു മൂലം പവർ ഗ്രിഡ് കോർപറേഷനു വൈദ്യുതി ബോർഡ് നൽകുന്ന പ്രസരണ ഫീസ് വർഷം 600 കോടി രൂപയാണ്. പുതിയ ലൈൻ വരുന്നതോടെ ഇതു കുറയും. എത്ര കുറയ്ക്കണമെന്നു കേന്ദ്ര വൈദ്യുതി റഗുലേറ്ററി അഥോറിറ്റി തീരുമാനിക്കും. ഇത് വൈദ്യുത ചാർജ്ജിനേയും ബാധിക്കും

വെള്ളത്തിന്റെ കുറവുമൂലം സംസ്ഥാനത്തെ ഉൽപാദനം 40 ശതമാനമായി കുറഞ്ഞു. എന്നാൽ കേന്ദ്ര നിലയങ്ങളിൽ നിന്നും സ്വകാര്യ നിലയങ്ങളിൽ നിന്നും വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിനാൽ പ്രതിസന്ധിയില്ല. ഈ നിലയങ്ങൾ തകരാറിലായാൽ പ്രശ്നമാകും. അതുകൊണ്ട് തന്നെ സണ്ണി ഡയമണ്ട് മുതലാളി കാരണം മുടങ്ങുന്ന ഈ ലൈൻ കേരളത്തിന് ഏറെ നിർണ്ണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP