Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മരുന്നുകളും വിഷവും പരീക്ഷിക്കുക; ടൈഫോയ്ഡ് ഉള്ള വ്യക്തികളിലെ രക്തമെടുത്തു പിഞ്ചു കുഞ്ഞുങ്ങളിൽ കുത്തിവയ്ക്കുക; അർമേനിയൻ സ്ത്രീകളെ നഗ്‌നരാക്കി മൊസൂളിലും ദമസ്‌കസിലും പ്രദർശനത്തിനും വില്പനയ്ക്കും വയ്ക്കുക'; തുർക്കിയിലെ ഖലീഫ ഭരണത്തിലെ അർമേനിയൻ ക്രൈസ്തവരുടെ നരബലി: അധികമാരും പറയാത്ത ചരിത്രം: അലൻ പോൾ എഴുതുന്നു

'മരുന്നുകളും വിഷവും പരീക്ഷിക്കുക; ടൈഫോയ്ഡ് ഉള്ള വ്യക്തികളിലെ രക്തമെടുത്തു പിഞ്ചു കുഞ്ഞുങ്ങളിൽ കുത്തിവയ്ക്കുക; അർമേനിയൻ സ്ത്രീകളെ നഗ്‌നരാക്കി മൊസൂളിലും ദമസ്‌കസിലും പ്രദർശനത്തിനും വില്പനയ്ക്കും വയ്ക്കുക'; തുർക്കിയിലെ ഖലീഫ ഭരണത്തിലെ അർമേനിയൻ ക്രൈസ്തവരുടെ നരബലി: അധികമാരും പറയാത്ത ചരിത്രം: അലൻ പോൾ എഴുതുന്നു

അലൻ പോൾ

 ലോക മഹായുദ്ധങ്ങളിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു രാജ്യമാണ് തുർക്കി. ഖലീഫ ഭരണം നിലനിന്നിരുന്ന തുർക്കിയിലെ ഒരു വംശഹത്യയുടെ ചരിത്രം ആരുമറിയാതെ പോകുന്നുണ്ട്. അർമേനിയൻ വംശഹത്യ. ഒന്നാം ലോകമഹായുദ്ധത്തിന്റെ ക്രൂരമുഖങ്ങളിൽ ഒന്നാണ്. ഒട്ടോമൻ സാമ്രാജ്യത്തിൽ അർമേനിയൻ ക്രൈസ്തവരുടെ നരബലി.

മുസ്ലിമുകളുടെ അംഗീകൃത തലവനായ ഖലീഫയുടെ അനുമതികളോടെ നടന്ന ഈ വംശഹത്യ ഒരുപക്ഷേ ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിന് പ്രചോദനമായോ എന്നു സംശയിക്കുന്നതിൽ തെറ്റില്ല. കാരണം നാസി ക്യാമ്പുകളിലെ അതേ ഭീകരത അർമേനിയൻ വംശഹത്യയിൽ കാണാം. അർമേനിയരിൽ മരുന്നുകളും വിഷവും പരീക്ഷിക്കുക ടൈഫോയ്ഡ് ഉള്ള വ്യക്തികളിലെ രക്തമെടുത്തു പിഞ്ചു കുഞ്ഞുങ്ങളിൽ കുത്തിവയ്ക്കുക, അർമേനിയൻ സ്ത്രീകളെ നഗ്‌നരാക്കി മൊസൂളിലും ദമസ്‌കസിലും പ്രദർശനത്തിനും വില്പനയ്ക്കും വയ്ക്കുക തുടങ്ങിയ ക്രൂരതകൾ അവിടെ അരങ്ങേറി.

ഒട്ടോമൻ സാമ്രാജ്യത്തിലെ അഭിവൃദ്ധി പ്രാപിച്ചിരുന്ന ന്യുനപക്ഷ വിഭാഗമാണ് അർമേനിയർ. മധ്യവർഗ്ഗമായിരുന്ന അവർ കച്ചവടവും കൃഷിയും ഉപജീവനമാക്കി മെച്ചപ്പെട്ടിരുന്നത് കുർദുകൾക്കോ മറ്റ് മുസ്ലിം വിഭാഗങ്ങൾക്കോ രസിച്ചിരുന്നില്ല. അതിനാൽ തന്നെ ഭരണകൂടം അർമേനിയർക്ക് ഇരട്ടനികുതി ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല അവർ അക്രമത്തിന് ഇരയാകുമ്പോൾ ഭരണകൂടം കണ്ണടയ്ക്കുമായിരുന്നു.

യൂറോപ്പിൽ നടന്ന നവോത്ഥാനവും ജ്ഞാനോദയവും വിപ്ലവവും അച്ചടി മാധ്യമങ്ങളും പത്രപ്രവർത്തനവും വിദ്യാഭ്യാസത്തിനായി യൂറോപ്പിലാകെ സഞ്ചരിച്ച അർമേനിയരെ ശക്തമായി സ്വാധീനിച്ചു. തുർക്കി സുൽത്താനോട് വിധേയത്വം ഉണ്ടായിരുന്ന അവർ ഒരുപാട് മാറ്റങ്ങൾക്കായി അവശ്യമുയർത്തി. യൂറോപ്പിലെ വ്യവസായ വിപ്ലവത്തിനൊപ്പം അർമേനിയർ വളരുകയും മതത്തിന്റെ ഇരുട്ടിൽ കിടക്കുന്ന തുർക്കി തളരുകയും ചെയ്യാൻ തുടങ്ങി. തുർക്കിയുടെ ഈ അധഃപതനം ബാൽകൻ മേഖലയിൽ ദേശീയത ബോധം ഉയർത്തി കൊണ്ടു വന്നു. ഗ്രീസ് സ്വാതന്ത്ര്യം നേടി. കുർദുകളും ടർക്കുകളും അപ്പോഴും പുരോഗമനമായി ചിന്തിക്കാതെ അന്ധതയിൽ ലയിച്ചു കിടന്നു.

1878 മുതൽ 1881 വരെ യൂറോപ്യൻ ശക്തികൾ ക്രിസ്ത്യാനികളെ രണ്ടാം കിട പൗരന്മാരായി കാണുന്നതിന് സുൽത്താനെ ശക്തമായി താക്കീത് ചെയ്തു കൊണ്ടേയിരുന്നു. ക്രിസ്ത്യാനികളായ അർമേനിയരും രണ്ടാം കിട പൗരന്മാർ ആയിരുന്നു. ബാൽക്കൻ മേഖലയിലെ ദേശീയതയുടെ ഉദയവും യൂറോപ്യൻ ശക്തികളുടെ താക്കീതും അർമേനിയരെ മാറ്റത്തിനായി പ്രചോദിപ്പിച്ചു. സാമ്രാജ്യത്തിനകത്ത് ഒരു മാറ്റമുണ്ടാകാൻ അവർ ആഗ്രഹിച്ചു. ദി ബർണിങ് ടൈഗ്രിസ് എന്ന പുസ്തകത്തിൽ ഈ മാറ്റത്തിന് വേണ്ടി ഉദയം ചെയ്ത അർമേനിയൻ രാഷ്ട്രീയ കക്ഷികളെ കുറിച്ചു പറയുന്നു 'റഷ്യയിലെ അർമേനിയൻ ബുദ്ധിജീവികളുമായും ജ്ഞാനോദയവുമായുമുള്ള ധൈഷണിക ബന്ധത്തിന്റെ ഫലമായി സ്വാതന്ത്ര്യം, മനുഷ്യാവകാശം സമത്വം തുടങ്ങിയ പുരോഗമന ആശയങ്ങളുടെ വേലിയേറ്റം തുർക്കിഷ് അർമേനിയയിൽ ഉണ്ടായി. അന്റോളിയിലെ പ്രൊട്ടസ്റ്റന്റ് സ്‌കൂളിലെ പഠനം പലരിലും അമേരിക്കൻ വിപ്ലവത്തിന്റെ ഫലമായ ചിന്തകൾ പാകി. അർമേനിയൻ രാഷ്ട്രീയ പാർട്ടിയായ അർനോക്കൻ പാർട്ടി റഷ്യൻ അതിർത്തിയിലുള്ള അർമേനിയൻ സാംസ്‌കാരിക കേന്ദ്രത്തിൽ വച്ചാണ് രൂപം കൊണ്ടത്. മുന്തിരികൾ ചവിട്ടാൻ വേണ്ടി ഉണ്ടാക്കിയ കുഴികളിൽ ആണ് രഹസ്യ സംഘടന യോഗങ്ങൾ ചേർന്നത്.

മാർക്‌സിസത്തിൽ അധിഷ്ഠിതമായ സോഷ്യലിസ്റ്റ് പാർട്ടിയായ ഹുഞ്ചാക്ക് 1887 ലാണ് സ്ഥാപിതമായത്. അത് പോലെ തന്നെ അർമേനിയൻ ദേശീയത ഉയർത്തി പിടിക്കുന്ന അർമേനിയൻ റിവൊല്യൂഷണറി ഫെഡറേഷൻ എന്ന കക്ഷിയും പിന്നീട് രൂപീകൃതമായി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഇവർ നടത്തിയ പ്രക്ഷോഭങ്ങളെയെല്ലാം 1894ഇൽ ഖലീഫയുടെ ഭരണകൂടം ക്രൂരമായി അമർച്ച ചെയ്തു.

ഹമീദിയൻ കൂട്ടക്കൊല

വ്യവസായ വിപ്ലവമോ ജ്ഞാനോദയമോ തൊട്ടു തീണ്ടാത്ത ഖലീഫയ്ക്കും കുർദുകൾക്കും പുരോഗമന ആശയങ്ങൾ പ്രചരിക്കുന്നത് കല്ലുകടി ഉണ്ടാക്കി. പ്രത്യേകിച്ചു അർമേനിയർ പറയുമ്പോൾ.

അർമേനിയർ അനുഭവിച്ചു വരുന്ന വിവേചനമായിരുന്നു ഇരട്ട നികുതി.ഇതിനെതിരെ പ്രതിഷേധിക്കാൻ ഹുഞ്ചാക്ക് പാർട്ടി ചെറുകിട കർഷകർ കൂലി തൊഴിലാളികൾ വ്യാപാരികൾ എന്നിവരോട് നികുതി ബഹിഷ്‌കരിക്കാൻ കൂടെ നിന്നു. ഇതിനെ സുൽത്താൻ നേരിട്ടത് മൃഗീയമായിട്ടാണ്.

ക്രിസ്ത്യാനികളായ അർമേനിയൻ ജനത മുസ്ലിമുകളുടെ അടിച്ചമർത്തൽ നേരിട്ടാണ് ജീവിച്ചിരുന്നത്. അമിത നികുതി ചുമത്തി ഇവരെ കഷ്ടപ്പെടുത്തുന്നത് കൂടാതെ അവരെ ആക്രമിക്കാൻ കുർദുകൾ അടക്കമുള്ളവർക്ക് മൗനാനുവാദം നൽകിയിരുന്നു. സഹികെട്ടപ്പോൾ അർമേനിയർ രാഷ്ട്രീയമായി ഒന്നിക്കുകയും യൂറോപ്യൻ ശക്തികളെ കൂടെ ചേർത്തു അർമേനിയക്കാർക്ക് മാന്യമായി ജീവിക്കാൻ വേണ്ടി പോരടിച്ചു. ഇതിന്റെ ഫലമായി ബെർലിൻ ട്രീറ്റി നിലവിൽ വന്നു. ഇതിന് ശേഷം 1876 മുതൽ 1909 വരെയാണ് കുപ്രസിദ്ധമായ ഹമീദിയൻ കൂട്ടക്കൊല നടക്കുന്നത്.

1890 ഇൽ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ 'ഹമീദിയെ' എന്ന അർധസൈന്യത്തിന് രൂപം കൊടുത്തു. കുർദുകൾ ഒരുപാട് പേർ അംഗമായിരുന്ന ഈ സേനയ്ക്ക് സുൽത്താൻ നൽകിയ ചുമതല അവർക്ക് ഇഷ്ടമുള്ള രീതിയിൽ അർമേനിയൻ ജനത്തോട് പെരുമാറുക. ഹർപൂത്,സിവാസ്, ബിറ്റ്‌ലിസ് തുടങ്ങിയ ഇടങ്ങളിൽ അരങ്ങേറിയ കൊലകളിൽ മൊത്തം ഒരു ലക്ഷത്തിനും മൂന്നു ലക്ഷത്തിനുമിടയിൽ അർമേനിയക്കാരെ സുൽത്താന്റെ വേട്ടനായ്ക്കൾ കൊന്നു എന്നാണ് കണക്കുകൾ. 1876 മുതൽ 1909 വരെയുള്ള വർഷങ്ങളിൽ ആണ് ഈ കൂട്ടക്കൊല നടന്നത്. ഈ ഹമീദിയെ സേനയെ കുറിച്ചു അറിയുമ്പോൾ മനസിൽ വരിക ഹിറ്റ്‌ലറും മുസ്സോളിനിയും തങ്ങളുടെ ശത്രുക്കളെ കൊന്നൊടുക്കാൻ ഉണ്ടാക്കിയ സേനയെ ആണ്. ഹിറ്റ്‌ലറുടേത് ബ്രൗൺ ഷർട്ടസ് ആയിരുന്നുവെങ്കിൽ മുസ്സോളിനിയുടേത് ബ്ലാക്ക് ഷർട്ടസ്. മുസ്സോളിനിയും ഹിറ്റ്‌ലറും ഖലീഫ ഹമീദിൽ നിന്ന് പ്രചോദിതർ ആയിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഹമീദിയൻ കൂട്ടകൊലയെ കുറിച്ചു അമേരിക്കൻ റഷ്യൻ മാധ്യമങ്ങൾ പറഞ്ഞ റിപ്പോർട്ടുകൾ നിഷേധിച്ചു ഖലീഫ മുന്നോട്ടു വന്നു. ഒരു കലാപത്തെ അടിച്ചമർത്തി എന്നായിരുന്നു ആ പിശാചിന്റെ ഭാഷ്യം. എന്നാൽ ചരിത്രകാരനായ ലോർഡ് കിന്റോസ് പറയുന്നത് ഇപ്രകാരമാണ്.

കൂട്ടക്കൊലയുടെ ആവശ്യത്തിനായി തുർക്കി സൈന്യം ആദ്യം പട്ടണത്തിലേക്ക് വന്നു; പിന്നീട് കുർദ് സേന വന്നു. കൊള്ളയുടെ ആവശ്യങ്ങൾക്കായി ഗോത്രവർഗക്കാരും. ഒടുവിൽ ഹോളോകോസ്റ്റ് നടന്നു, തീയും നാശവും പല സ്ഥലങ്ങളിലും ഗ്രാമങ്ങളിലും ഉടനീളം പലായനം ഉണ്ടായി. 1895 ലെ ഈ കൊലപാതക ശൈത്യകാലത്തിന്റെ ഭൂരിഭാഗവും നശിച്ചു. കിഴക്കൻ ഇരുപതിലധികം ജില്ലകളിൽ അർമേനിയൻ ജനസംഖ്യയും അവരുടെ സ്വത്തുക്കളുടെ നാശവും ടർക്കി ഉറപ്പാക്കി. മിക്കപ്പോഴും കൂട്ടക്കൊലകൾ ഒരു വെള്ളിയാഴ്ച, മുസ്ലിംകൾ അവരുടെ പള്ളികളിലായിരിക്കുമ്പോഴും പ്രാർത്ഥനയിൽ അർമേനിയക്കാർ അവരെ അറുക്കാൻ ഗൂഢാലോചന നടത്തിയെന്ന അധികാരം മിഥ്യാധാരണ പ്രചരിപ്പിച്ചായിരുന്നു

ഈ തുർക്കി പടയിൽ ഉണ്ടായിരുന്ന ഒരു വ്യക്തി എഴുതിയ കത്തിന്റെ ഭാഗം ഇങ്ങനെയാണ്.

'സഹോദരാ, നിങ്ങൾക്ക് ഇവിടെ നിന്ന് വാർത്തകൾ വേണമെങ്കിൽ ഞങ്ങൾ 1,200 പേരെ കൊന്നുഅർമേനിയക്കാർ, അവയെല്ലാം നായ്ക്കളുടെ ഭക്ഷണമായി. . . അമ്മ, ഞാൻ സുരക്ഷിതനാണ്

ശബ്ദം. പിതാവേ, 20 ദിവസം മുമ്പ് ഞങ്ങൾ അർമേനിയൻ അവിശ്വാസികളോട് യുദ്ധം ചെയ്തു.ദൈവകൃപയാൽ നമുക്ക് ഒരു ദോഷവും സംഭവിച്ചിട്ടില്ല. . . . നമ്മുടേതാണെന്ന് ഒരു ശ്രുതിയുണ്ട്

ബറ്റാലിയൻ അവിടെയുള്ള എല്ലാ അർമേനിയക്കാരെയും കൊല്ലും. കൂടാതെ, 511 അർമേനിയക്കാർ
പരിക്കേറ്റു'

അമേരിക്കൻ മാധ്യമങ്ങൾ മാത്രമല്ല റെഡ് ക്രോസ് അടക്കമുള്ള സംഘടകൾ ഈ അർമേനിയൻ ക്രൈസിസിനോട് പ്രതികരിച്ചു. സുൽത്താൻ ഹമീദിനെ അവർ നികൃഷ്ടൻ എന്നുംHameed The Damned എന്നു വിശേഷിപ്പിച്ചു.

ഒന്നാം ലോക മഹായുദ്ധത്തിൽ തുർക്കിക്കു റഷ്യയോട് 1914ഇൽ പരാജയപ്പെട്ടു. മുൻപ് റഷ്യ കീഴടക്കിയിരുന്ന ഭാഗങ്ങൾ തിരിച്ചു പിടിക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു തോറ്റുപോയത്. യുദ്ധത്തിന്റെ ചുമതല ഉണ്ടായിരുന്ന മന്ത്രി അൻവർ പാഷ ഇതിന്റെ കാരണക്കാരയി അർമേനിയൻ ജനതയുടെ ചായ്വ്വ് മൂലമാണ് എന്നു പരസ്യമായി പ്രസ്താവിച്ചു. അതോടൊപ്പം 1914 ഇൽ ഷെയ്ഖ് ഉൽ ഇസ്ലാം അഥവാ തുർക്കിയിലെ ഗ്രാന്റ് മുഫ്തി ക്രിസ്ത്യാനികൾക്ക് എതിരായ ജിഹാദ് പ്രസ്താവിച്ചു. ഇതെല്ലാം കൂടി ചെന്നു കലാശിച്ചത് അർമേനിയക്കാരുടെ കുരുതിയിൽ ആയിരുന്നു. 1915 ഇൽ അൻവർ പാഷ അമേലെ തർബുർധാൻ അഥവാ നിരായുധ സേനയിലേക്ക് തുർക്കി സൈന്യത്തിലും മറ്റുമുണ്ടായ അർമേനിയക്കാരെ മാറ്റി. അങ്ങനെ നിരായുധരായ ഇവരെ കൊല്ലാനുമുള്ള അധികാരവും തുർക്കിയിലെ ഗ്യാങ്ങുകൾക്ക് പാഷ കൊടുത്തു. നാല് അമേരിക്കക്കാർ, തകരാൻ തുടങ്ങിയ ഒട്ടോമൻ സാമ്രാജ്യത്തിന്റെ നേർക്കാഴ്‌ച്ചകൾ നൽകിയതാണിവിടെ നൽകുന്നത്. തോമസ് ഡി വാൾ എഴുതിയ 'Great Catastrophe: Armenians and Turks in the Shadow of Genocide,' എന്ന പുസ്തകത്തിൽ നിന്നാണ് ഇതെടുത്ത് ചേർതിരിക്കുന്നത്.

ഒട്ടോമൻ സാമ്രാജ്യത്തിൽ യു.എസ് നയതന്ത്ര പ്രതിനിധിയായിരുന്ന ഹെന്റി മോർഗെന്താവു 1915, ജൂലായ് 10-നു വിദേശകാര്യ സെക്രട്ടറി റോബർട് ലാൻസിംഗിന് അയച്ച ഒരു കേബിൾ സന്ദേശം:

''അർമീനിയക്കാരെ വേട്ടയാടൽ അസാധാരണമായ തോതിലെത്തിയിരിക്കുന്നു. സമാധാനപ്രിയരായ അർമീനിയൻ ജനതയെ കടുത്ത പീഡനത്തിനും കൂട്ടത്തോടെയുള്ള ആട്ടിയോടിക്കലിനും വിധേയമാക്കി സാമ്രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്നും മറുവശത്തേക്ക് ഇട്ടോടിക്കുകയാണ്. അവരെ നശിപ്പിക്കാനും തകർക്കാനും ബലാത്സംഗം, കൊള്ള, കൊല,കൂട്ടക്കൊലകൾ ഇവയെല്ലാം ഒപ്പമുണ്ട്. ഇതൊന്നും ജനകീയ ആവശ്യങ്ങൾ ഉയർന്നത് മൂലമല്ല. സൈനിക ആവശ്യമെന്ന പേരിൽ, പലപ്പോഴും സൈനിക ദൗത്യങ്ങളെ നടക്കാത്ത ജില്ലകളിൽ പോലും, കോൻസ്റ്റാന്റിനോപ്പിളിൽ നിന്നുള്ള നിർദ്ദേശപ്രകാരം നടക്കുന്നതാണ്.''

അക്രമത്തിന്‌ പിന്നിലുള്ള ഞെട്ടിക്കുന്ന കാരണങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് മോർഗെന്താവു തുടരുന്നു.

''മുസ്ലിംങ്ങളും അർമീനിയക്കാരും ഐക്യത്തിലാണ് കഴിഞ്ഞുവന്നത്. എന്നാൽ ചില അർമേനിയൻ പ്രവർത്തകർ, മിക്കവരും റഷ്യക്കാർ, കോക്കസസിലെ റഷ്യൻ സേനയിൽ ചേർന്നതും ചിലർ സായുധ വിപ്ലവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതും, മറ്റ് ചിലർ റഷ്യക്കാരെ അധിനിവേശത്തിനു സഹായിച്ചതും . . . ഭയാനകമായ പ്രതികാരമാണ് അടിച്ചേൽപ്പിച്ചത്. മിക്ക ഇരകളും ഒട്ടോമൻ സർക്കാരിനോട് കൂറുള്ളവരായിരുന്നു.''

''ഒട്ടോമൻ ഉത്തരവുകൾ പാലിച്ചത് ഒരേ രീതിയിലായിരുന്നില്ല. ചിലയിടങ്ങളിൽ അർമീനിയൻ പുരുഷന്മാർക്ക് കൂട്ടമായി തങ്ങളുടെ വീടും നാടും വിട്ടുപോകാൻ കഴിഞ്ഞു. എന്നാൽ മറ്റ് പലയിടത്തും പുരുഷന്മാർ ജീവനോടെ പ്രവിശ്യവിട്ടത് അപൂർവമായിരുന്നു'' എന്നാണ് കിഴക്കൻ അനറ്റോളിയയിലെ ഒരു അമേരിക്കൻ ക്രൈസ്തവ പുരോഹിതനായിരുന്ന ഹെന്രി റിഗ്‌സ് എഴുതുന്നത്. ചില രേഖകളനുസരിച്ച് 12 വയസിനു മുകളിലുള്ള എല്ലാ ആണുങ്ങളെയും കൃത്യമായി കൊന്നൊടുക്കുകയായിരുന്നു.

അനറ്റോളിയക്ക് പുറത്തേക്ക് നാടുകടത്തൽ വണ്ടികൾ ദുരിതചക്രങ്ങളുമായി ഓടിയപ്പോൾ അവശേഷിച്ച സ്ത്രീകൾക്കും കുട്ടികൾക്കും എന്തു സംഭവിച്ചു എന്നുകൂടി റിഗ്‌സ് നിരീക്ഷിക്കുന്നു. ''വഴിയിൽ കൂർദുകൾ അവരെ ആക്രമിച്ചു; അർദ്ധസൈനികരും സൈനികരും പീഡനങ്ങൾക്കിരയാക്കി; ബാലാത്ക്കാരം സാധാരണ സംഭവമായി.''

''യാതൊരു സംരക്ഷണവുമില്ലാതെ, കൊടുംകുറ്റവാളികളായ അർദ്ധസൈനികരുടെ ക്രൂരതകൾക്കിരയായി, വിവരിക്കാനാവാത്ത കഷ്ടപ്പാടുകളിലൂടെ വലിച്ചിഴക്കപ്പെട്ട നിരവധി സ്ത്രീകളും കുട്ടികളും ആദ്യദിവസങ്ങൾക്കുളിൽ തന്നെ മരിച്ചുപോയി. കൂട്ടത്തിലെ യുവതികളേയും ആരോഗ്യവതികളായ സ്ത്രീകളേയും ആരെയും ഭയക്കാനില്ലാത്ത പുരുഷ സൈനികർ തങ്ങളുടെ ക്രൂരമായ കാമപ്പേക്കൂത്തുകൾക്ക് ഇരകളാക്കി. യൂഫ്രട്ടീസ് നദിയിലെ നിരവധി ആത്മഹത്യകൾ ഇത് വ്യക്തമാക്കുന്നു. ആശ്വാസം തേടി ഞങ്ങളുടെ അരികിലേക്ക് രക്ഷപ്പെട്ടുവന്ന സ്ത്രീകൾ ആ രാത്രി മദിരോത്സവ, കാമപേക്കൂത്തുകളുടെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ നല്കി.''

അലെപ്പോയിലെ യു എസ് കൗൺസൽ ജെസ്സീ ജാക്‌സൺ 1916 സെപ്റ്റംബറിൽ താൻ സിറിയൻ നഗരത്തിന് പുറത്തുള്ള ഒരു പട്ടണത്തിൽ കണ്ട കാഴ്‌ച്ചകളെഴുതി.

''വിശാലവും നിരാശാഭരിതവുമായ ഈ മെസ്‌കെനെ സമതലം ദുഃഖവും അനുതാപവും നിറക്കുന്നു. പട്ടിണിയും രോഗങ്ങളും പീഡനങ്ങളും ഏതാണ്ട് 60,000 അർമീനിയക്കാരെയാണ് ഇവിടെ കുഴിച്ചുമൂടിയത്. കണ്ണെത്തുന്നിടത്തോളം ദൂരത്തെല്ലാം 200-ഉം 300-ഉം പേരെ കുഴിച്ചുമൂടിയിരിക്കുന്നു. . . വിവിധ കുടുംബങ്ങളിൽപ്പെട്ട സ്ത്രീകൾ കുട്ടികൾ, പ്രായം ചെന്നവർ.''

ജീവനുള്ള പ്രേതങ്ങൾ' എന്നാണ് താൻ കണ്ട അർമീനിയക്കാരെ ജാക്‌സൺ വിശേഷിപ്പിച്ചത്.വാൻ എന്ന നഗരത്തിൽ അൻവർ പാഷയുടെ ബന്ധുവായ ജെവ്ദത്ത് ബേയുടെ നേതൃത്വത്തിൽ നടന്ന അർമേനിയർക്കു വേണ്ടിയുള്ള വേട്ടയിൽ 55000 പേർ കൊല്ലപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു.

1915 മുതൽ അർമേനിയൻ ബുദ്ധിജീവികളേയും ചിന്തകരേയും നാടുകടത്താൻ ( deport ) തുടങ്ങി. ഏതാണ്ട് 250ഓളം ഇത്തരം ആളുകളെ അറസ്റ്റ് ചെയ്തു നാടുകടത്തുകയും സ്വാഭാവികമായും കൊല്ലുകയും ചെയ്തു. തെഹ്രീക്ക് എന്ന നിയമം ഉപയോഗിച്ചു ഇത് നടത്തിയ 29മെയ് 1915 വംശഹത്യ ഓർമ ദിനമായി ആചരിച്ചു വരുന്നു. മേഹമത് തലാത്ത് പാഷ എന്ന ക്രൂരനാണ് ഈ നിയമത്തിന്റെ പുറകിൽ. ഈ നിയമം ഉപയോഗിച്ച് അർമേനിയരെ ആഭ്യന്തര ശത്രുവായി വിലയിരുത്തി നാട് കടത്താൻ തുടങ്ങി.

നാട് കടത്തുക എന്നാൽ കൂട്ടകൊലയാണ്. ഇത് പലവിധമാണ് നടത്തിയത്. സൈന്യത്തിന്റെ അകമ്പടിയോടെ നടക്കുന്ന ഈ നാടുകടത്തലിൽ അർമേനിയക്കാരെ ഒരുപാട് ദൂരം നടത്തും ഇതിനടയിൽ ചിലരെ വെടിവച്ചു കൊല്ലും സ്ത്രീകളെയും കുട്ടികളെയും ബലാൽസംഗം ചെയ്യും. വെള്ളം കൊടുക്കാതെ പീഡിപ്പിച്ചു കൊല്ലും. സിറിയൻ നഗരമായ ഡെയിർ എസ് സോറിൽ നിന്ന് അർമേനിയക്കാരെ മരുഭൂമിയിലൂടെ നടത്തിച്ചു.അവർക്ക് ആവശ്യമായ ഭക്ഷണമോ വെള്ളമോ കൊടുത്തില്ല എന്നിട്ടും രക്ഷപെട്ടവരെ കൊന്നു. യൂഫ്രട്രീസ് നദിയിലും വഴികളിലും ശവങ്ങൾ നിറഞ്ഞിരുന്നു.ബലാൽസംഗത്തിന് ഔദ്യോഗിക അനുമതി ഉണ്ടായിരുന്നു. അത് കൂടാതെ സ്ത്രീകളെ നഗ്‌നരാക്കി മൊസൂളിലും ദമസ്‌കസിലും പ്രദർശിപ്പിച്ചു വിൽക്കാനും ഖലീഫ ഭരണം അനുമതി കൊടുത്തു. കോൺസെൻട്രേഷൻ ക്യാമ്പുകൾ ഒട്ടോമൻ സാമ്രാജ്യത്തിൽ ഉടനീളം സ്ഥാപിച്ചു പട്ടിണിക്കിട്ടു കൊല്ലുകയാണ് മറ്റൊരു ക്രൂരത. മെസ്‌കെനെ എന്ന സ്ഥലത്തെ ക്യാമ്പിൽ നിന്ന് 60,000 പേരുടെ മൃതദേഹങ്ങൾ അടങ്ങുന്ന ശവകുഴി കണ്ടെടുത്തു. പട്ടിണിക്കിടുന്നത് കൂടാതെ സ്ത്രീകളെയും കുട്ടികളെയും കത്തിച്ചു കൊല്ലുമായിരുന്നു.

നാസി ക്യാമ്പിലെ പോലെ മനുഷ്യ ശരീരത്തിൽ പരീക്ഷണം നടത്തുന്ന കൊലകൾ ഇവിടെയും ഉണ്ടായിരുന്നു. മോർഫിൻ അളവിലും കൂടുതൽ കൊടുത്തും വിഷ വാതകം നൽകിയും പരീക്ഷണങ്ങൾ നടത്താൻ ബെഹദ്ദീൻ സക്കീർ, നസീം ബേ എന്നീ ഡോക്ടർമാർ നേതൃത്വം നൽകി.അപ്പോളെല്ലാം ഖലീഫ ഇവിടെ ഉണ്ടായിരുന്നു. അതിനുള്ള മൗനസമ്മതവും പൈസയും നൽകി.

ഈ കൂട്ടകൊലയെ വംശഹത്യയായി ഓക്‌സ്‌ഫോർഡ് ഹാൻഡ് ബുക്ക് ഓഫ് ജിനോസൈഡൽ സ്റ്റഡീസ് വിലയിരുത്തുന്നു. ചരിത്രകാരന്മാരും അങ്ങനെ തന്നെ വിലയിരുത്തുന്നു. എന്നാൽ തുർക്കി ഇന്നും അത് വംശഹത്യയാണ് എന്നു സമ്മതിച്ചു കൊടുത്തിട്ടില്ല.

എന്നാൽ നോബൽ ജേതാവായ തുർക്കിഷ് എഴുത്തുകാരൻ പാമുക് ഇതിന് വിരുദ്ധമായ നയമെടുത്തു. ഇതിന്റെ പേരിൽ ഒരുപാട് വിമർശനവും ഭീഷണിയും ഓർഹൻ നേരിട്ടു. എന്നാലും നിലപാട് മാറ്റാൻ പാമുക് തയ്യാറല്ലായിരുന്നു. ഈ വംശഹത്യയുടെ സ്മാരകമായി ഒരു മ്യുസിയം തന്നെ അർമേനിയ തയ്യാറാക്കിയിട്ടുണ്ട്. ആൻ ഫ്രാങ്കിന്റെ ഡയറി പോലെ പീഡന ക്യാമ്പുകളിൽ കിടന്ന അർമേനിയരുടെ അനുഭവ കുറിപ്പുകളും ലഭ്യമാണ്.

(തൃശൂർ സ്വദേശിയായ ലേഖകൻ അലൻ പോൾ വർഗ്ഗീസ് ബിരുദ വിദ്യാർത്ഥിയാണ്. ഓൾ ഇന്ത്യ സ്റ്റുഡന്റ് ജോയിന്റ് സെക്രട്ടറി) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP