Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

294 നിയമസഭാംഗങ്ങളിൽ വെറും മൂന്നെണ്ണം മാത്രം സ്വന്തമായുള്ള ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബംഗാൾ ഭരിക്കുന്ന മമതയുടെ പാർട്ടിയെ അട്ടിമറിക്കുമോ ? ബംഗാളിൽ വീഴുന്ന കാവിക്കൊടുങ്കാറ്റിന്റെ ശക്തിയിൽ തൃണമൂൽ അടക്കം എല്ലാ പാർട്ടികളും തകർന്നടിയുമെന്ന് തന്നെ സൂചനകൾ; നൂറിലധികം എംഎൽഎമാർ ബിജെപിയിൽ ചേരാൻ നിയമസഭാംഗത്വം രാജി വെക്കുന്നതോടെ കാലാവധി തീരും മുൻപ് മമത സർക്കാർ വീഴുമെന്ന് തന്നെ റിപ്പോർട്ടുകൾ

294 നിയമസഭാംഗങ്ങളിൽ വെറും മൂന്നെണ്ണം മാത്രം സ്വന്തമായുള്ള ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബംഗാൾ ഭരിക്കുന്ന മമതയുടെ പാർട്ടിയെ അട്ടിമറിക്കുമോ ? ബംഗാളിൽ വീഴുന്ന കാവിക്കൊടുങ്കാറ്റിന്റെ ശക്തിയിൽ തൃണമൂൽ അടക്കം എല്ലാ പാർട്ടികളും തകർന്നടിയുമെന്ന് തന്നെ സൂചനകൾ; നൂറിലധികം എംഎൽഎമാർ ബിജെപിയിൽ ചേരാൻ നിയമസഭാംഗത്വം രാജി വെക്കുന്നതോടെ കാലാവധി തീരും മുൻപ് മമത സർക്കാർ വീഴുമെന്ന് തന്നെ റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: രാജ്യം മുഴുവനും കാവിക്കൊടി പാറിക്കുക എന്ന ഉദ്ദേശത്തോടെ ബിജെപി നടത്തുന്ന 'ഓപ്പറേഷൻ താമര' ഇനി ബാംഗാളിലും ആഞ്ഞടിപ്പുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. 294 നിയമസഭാംഗങ്ങളിൽ വെറും മൂന്നെണ്ണം മാത്രമാണ് ബിജെപിക്ക് സ്വന്തമാണെന്നിരിക്കേ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനെ അട്ടിമറിക്കുമോ എന്ന ചോദ്യം ഇപ്പോഴേ ഉയർന്നു കഴിഞ്ഞു. ബംഗാളിലെ 107 എംഎൽഎമാർ ബിജെപി പാളയത്തിലേക്ക് കടക്കുമെന്ന അവകാശവാദവുമായി മുകുൾ റോയി രംഗത്തെത്തിയതോടെ ആ സംശയം ഇപ്പോൾ കടുക്കുകയാണ്.

ഇതോടെ മമതയുടെ തൃണമൂലിന് കാലാവധി തീർക്കാൻ കഴിയാതെ തകർന്നടിയേണ്ടി വരുമെന്നാണ് കരുതുന്നത്. ഏതൊക്കെ എംഎൽഎമാരാണ് രാജിവെക്കുക എന്ന് പേരു സഹിതം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം എന്നീ പാർട്ടികളിലെ എംഎൽഎമാർ ബിജെപിയിൽ ചേരുമെന്നാണ് മുകുൾ റോയി വാർത്താ സമ്മേളനത്തിനിടെ പറഞ്ഞത്. മാത്രമല്ല രാജിവെക്കാൻ സാധ്യതയുള്ള എംഎൽഎമാർ ബിജെപിയുടെ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടു കഴിഞ്ഞു എന്നും മുകുൾ റോയി വ്യക്തമാക്കി.

ബിജെപിയിൽ ചേരാൻ തയ്യാറായിട്ടുള്ള എംഎ‍ൽഎമാരുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ഗോവയിലെ പത്ത് കോൺഗ്രസ് എംഎ‍ൽഎമാർ ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് അവകാശവാദം. 2007 ൽ തൃണമൂൽ കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ നേതാവാണ് മുകുൾ റോയ്. ഗോവയ്ക്ക് പിന്നാലെ കർണാടകത്തിലും രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കെയാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചിട്ടുള്ളത്.

പശ്ചിമ ബംഗാളിലെ 294 അംഗ നിയമസഭയിൽ 211 സീറ്റുകളാണ് തൃണമൂൽ കോൺഗ്രസിനുള്ളത്. ബിജെപിക്ക് മൂന്നും കോൺഗ്രസിന് 44ഉം ഇടതുപാർട്ടികൾക്ക് 32 സീറ്റുകളുമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ 42 സീറ്റുകളിൽ 18ഉം നേടി തൃണമൂൽ കോൺഗ്രസിന് ബിജെപി കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു.

കർണാടകയിലെ ഓപ്പറേഷൻ

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താഴെയിറക്കാൻ നടത്തുന്ന ഓപ്പറേഷൻ താമരയിൽ ബിജെപി ലക്ഷ്യത്തിലെത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്. എംഎൽഎമാർ കൂട്ടത്തോടെ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി മുന്നോട്ട് പോകുന്ന വേളയിലാണ് വിമത എംഎൽഎമാരെ തിരിച്ച് കൊണ്ടു വരുന്നതിൽ നേരിയ ആശ്വാസമെങ്കിലും കോൺഗ്രസിന് ലഭിക്കുന്നത്. കുമാരസ്വാമി സർക്കാരിന് ആശ്വാസമായി ഒരു വിമത എംഎൽഎ രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. എംഎൽഎ എം ടി ബി നാഗരാജാണ് രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചത്. തനിക്കൊപ്പം കെ സുധാകറും രാജി പിൻവലിക്കുമെന്നും നാഗരാജ് അറിയിച്ചു.

കുമാരസ്വാമി നാഗരാജുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണിത്. സിദ്ധരാമയ്യയുടെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് തേടാൻ പോവുകയാണെന്നും അടിയന്തരമായി സ്പീക്കറോട് രാജി സ്വീകരിക്കാൻ ആവശ്യപ്പെടണമെന്നും പറഞ്ഞ് ഇന്ന് സുപ്രീംകോടതിയെ സമീപിച്ച അഞ്ച് വിമതരിൽ ഒരാളാണ് എം ടി.ബി നാഗരാജ്. ബെംഗളൂരുവിലുള്ള രാമലിംഗ റെഡ്ഡി, ആനന്ദ് സിങ്, റോഷൻ ബെയ്ഗ് എന്നിവരുമായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ചർച്ച നടത്തിയിരുന്നു. ഡി.കെ.ശിവകുമാർ എം ടി.ബി. നാഗരാജുമായും കൂടിക്കാഴ്ച നടത്തി.

രാജി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം വ്യക്തമാക്കി. ഒപ്പം രാജി സമർപ്പിച്ച കെ.സുധാകറുമായി സംസാരിച്ചശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നായിരുന്നു നാഗരാജിന്റെ പ്രതികരണം. 40 വർഷമായി പാർട്ടിക്കുവേണ്ടി ഒരുമിച്ചാണു ഞങ്ങൾ പ്രവർത്തിക്കുന്നത്. എല്ലാ കുടുംബത്തിലും ഉയർച്ചയും താഴ്ചയുമുണ്ടാകും. എല്ലാം മറന്ന് മുന്നോട്ടുനീങ്ങും. എം ടി.ബി.നാഗരാജ് തങ്ങൾക്കൊപ്പം നിൽക്കാമെന്ന് അറിയിച്ചതിൽ സന്തോഷമുണ്ടെന്നു ശിവകുമാറും പറഞ്ഞു.

കർണാടക സർക്കാർ നിലവിലെ സാഹചര്യത്തിൽ തുടരാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. വിശ്വാസവോട്ട് തേടാൻ സമ്മതമാണെന്ന് കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. എന്നാൽ, 10 വിമതരുടെയും സ്പീക്കറുടെയും ഹർജികൾ പരിഗണിച്ച സുപ്രീം കോടതി, ചൊവ്വാഴ്ച വരെ സംസ്ഥാനത്തു തൽസ്ഥിതി തുടരാൻ നിർദ്ദേശിക്കുകയായിരുന്നു. അന്നുവരെ രാജി സ്വീകരിക്കാനോ എംഎൽഎമാരെ അയോഗ്യരാക്കാനോ ആകില്ലെന്ന ഉത്തരവ് വന്നതിനു പിന്നാലെയാണ്, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയാറാണെന്നു മുഖ്യമന്ത്രി പറഞ്ഞത്.

സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പതിവുള്ള അനുശോചന പ്രമേയം അവതരിപ്പിക്കുന്നതിനിടെ, തനിക്കൊരു കാര്യം പറയാനുണ്ടെന്ന് അറിയിച്ചു കൊണ്ടായിരുന്നു കുമാരസ്വാമിയുടെ നാടകീയ നീക്കം. ഇതോടെ, പ്രതിപക്ഷ നേതാവ് യെഡിയൂരപ്പ ഉൾപ്പെടെയുള്ള ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ 16 എംഎൽഎമാർ രാജി നൽകി, 1 സ്വതന്ത്രനും ഒരു കെപിജെപി എംഎൽഎയും ബിജെപി പക്ഷത്തേക്ക് കൂറു മാറുകയും ചെയ്തു.

നിലവിൽ ഭരണ മുന്നണിക്ക് 101 എംഎൽഎമാരും, ബിജെപിക്ക് ഒരു സ്വതന്ത്രനും ഒരു കെപിജെപി അംഗവും ഉൾപ്പെടെ 107 എംഎൽഎമാരുമാണുള്ളത്. സുപ്രീം കോടതി ഇനി ചൊവ്വാഴ്ച മാത്രമേ കേസ് പരിഗണിക്കു എന്നതിനാൽ കിട്ടിയ സമയം കൊണ്ട് ചാടിപ്പോയ എംഎൽഎമാരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും ജെഡിഎസും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP