Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുരന്തങ്ങൾ നിനക്കുള്ള 'ചുവടുകിളയ്ക്കലുകളാണ്' (13:8), മാനസാന്തരപ്പെടാനും (13:3,5) ഫലം നൽകാനുമായി

ദുരന്തങ്ങൾ നിനക്കുള്ള 'ചുവടുകിളയ്ക്കലുകളാണ്' (13:8), മാനസാന്തരപ്പെടാനും (13:3,5) ഫലം നൽകാനുമായി

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ശോ പറയുന്ന ഉപമയിൽ കൃഷിക്കാരന്റെ മറുപടിയാണ് ശ്രദ്ധേയം: "യജമാനനേ, ഈ വർഷം കൂടെ അത് നിൽക്കട്ടെ. ഞാൻ അതിന്റെ ചുവടു കിളച്ച് വളമിടാം" (ലൂക്കാ 13:8). എന്തിനു വേണ്ടിയാണ് ചുവടു കിളച്ചു വളമിടുന്നത്? ഫലം നൽകാൻ വേണ്ടിയിട്ടാണ് (ലൂക്കാ 13:9).

സമാനമായ ആവശ്യം ഈശോ പ്രത്യക്ഷമായി തന്നെ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഗലീലിക്കാരുടെ കൊലപാതകത്തിന്റെയും (ലൂക്കാ 13:1) ജറുസലേമിൽ പതിനെട്ടുപേർ മരിച്ചതിന്റെയും (ലൂക്കാ 13:4) പശ്ചാത്തലത്തിൽ ഈശോ ആവശ്യപ്പെടുന്നത് 'മാനസാന്തരപ്പെടാനാണ്' (ലൂക്കാ 13:3,5). മറ്റുള്ളവരുടെ ജീവിതത്തിൽ സംഭവിച്ച ഈ രണ്ടു ദുരന്തങ്ങളെ ഉദ്ധരിച്ചിട്ട്, അതിന് സാക്ഷികളായി നിൽക്കുന്നവരെല്ലാവരും മാനസാന്തരപ്പെടണമെന്ന് ഈശോ ആവശ്യപ്പെടുന്നു. അതായത്, ചുറ്റും നടക്കുന്ന ദുരന്തങ്ങളൊക്കെ നിനക്കുള്ള 'ചുവടുകിളക്കലായി' കരുതണമെന്ന് സാരം. ചുവടുകിളക്കലും വളമിടീലുമായി കരുതി ഫലം പുറപ്പെടുവിക്കുന്ന മാനസാന്തരത്തിലേക്ക് നീങ്ങണമെന്നാണ് ഈശോ നമ്മോട് ആവശ്യപ്പെടുന്നത്.

ഇതേ പോലെയൊരു മാനസാന്തരത്തിനുള്ള ആഹ്വാനം തൊട്ടു മുൻപുള്ള സംഭവത്തിലും ഈശോ മുമ്പോട്ടു വയ്ക്കുന്നുണ്ട്: "നീ നിന്റെ ശത്രുവിനോടുകൂടെ അധികാരിയുടെ അടുത്തേക്ക് പോകുമ്പോൾ വഴിയിൽ വച്ചു തന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക" (ലൂക്കാ 12:58). മുമ്പു പറഞ്ഞ മാനസാന്തരത്തിന്റെ ആഹ്വാനങ്ങൾക്കു കാരണം മറ്റുള്ളവരുടെ ജീവിതത്തിലെ ദുരന്തങ്ങളായിരുന്നുവെങ്കിൽ ഇത്തവണത്തെ ആഹ്വാനത്തിന് കാരണം 'നിന്റെ ജീവിതത്തിലെ തന്നെ ദുരന്തമാണ്' - നിന്റെ ശത്രുവിനോടുകൂടെ പോകുമ്പോൾ...

ചുരുക്കത്തിൽ നിന്റെ ജീവിതത്തിലെ ദുരന്തമായാലും നിന്റെ ചുറ്റുമുള്ളവരുടെ ജീവിതത്തിലെ ദുരന്തങ്ങളായാലും അവയെല്ലാം മാനസാന്തരപ്പെടാനായി നിനക്കുള്ള ആഹ്വാനങ്ങളാണ്. അവയെല്ലാം നിന്റെ ചുവടു കിളച്ചു വളമിടുന്ന തമ്പുരാന്റെ പ്രക്രിയകളാണ്. ഫലം നൽകാനുള്ള മാനസാന്തരം നിന്നിൽ സംഭവിക്കാനായി.

വി.പി. ഗംഗാധരൻ ഡോക്ടർ എഴുതുന്ന ഒരു സംഭവം. അദ്ദേഹം തിരുവനന്തപുരം ആർസിസിയിൽ ജോലി ചെയ്തിരുന്നു കാലത്ത് നടന്ന സംഭവമാണ്. ദേവിയെന്ന യുവതിയുടെ കാൻസർ രോഗവും അതിനോട് അവളുടെ ഭർത്താവ് രാജീവ് പ്രതികരിച്ച രീതിയും. ആ സംഭവം വിവരിച്ച് ഡോക്ടർ കുറിക്കുന്നു: "പിടിച്ചുയർത്താൻ സ്‌നേഹമുള്ളൊരു മനസ്സും കൈയുമുണ്ടെങ്കിൽ ആരും ഏതു പടുകുഴിയിൽ നിന്നും രക്ഷപ്പെട്ടു പോരുമെന്നുള്ള സത്യം ഞാൻ നേരിൽ കണ്ടു" (സംഭവത്തിന്റ വിശദാംശങ്ങൾക്ക് വീഡിയോ കാണുക).

ഏത് ദുരന്തത്തിന്റെ കാര്യത്തിലും ഇതു ശരിയാണ് - 'പിടിച്ചുയർത്താൻ സ്‌നേഹമുള്ളൊരു മനസ്സും കയ്യുമുണ്ടെങ്കിൽ ഏതു ദുരന്തത്തിന്റെ പടുകുഴിയിൽ നിന്നും കയറി വരാൻ പറ്റും.' ഇതു തന്നെയാണ് ഈശോ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത്. നിന്റെ ജീവിതത്തിലും നിന്റെ ചുറ്റുമുള്ളവരുടെ ജീവിതത്തലും സംഭവിക്കുന്ന ദുരന്തങ്ങൾ നിന്റെ മാനസാന്തരത്തിനുള്ള ദൈവിക ആഹ്വാനങ്ങളാണ്. നിന്റെ ചുവടു കിളച്ച് വളമിടുന്ന പ്രക്രിയയിൽ തമ്പുരാൻ ഏർപ്പെട്ടിരിക്കുകയാണ്. അതിനോട് ഭാവാത്മകമായി പ്രതികരിച്ച് ഫലം പുറപ്പെടുവിക്കുക എന്നതാണ് നിന്റെ ധർമ്മം.

പതിനെട്ടുവർഷമായി ശരീരം കുനിപ്പോയി രോഗിയായ സ്ത്രീ വല്ലാത്തൊരു ദുരന്തം തന്നെയാണ് (ലൂക്കാ 13:11). അവളോടുള്ള ഈശോയുടെ പ്രതികരണം ശ്രദ്ധിക്കണം: "ഈശോ അവളെ കണ്ടപ്പോൾ അടുത്തു വിളിച്ചു പറഞ്ഞു, സ്ത്രീയേ നിന്റെ രോഗത്തിൽ നിന്നു നീ മോചിക്കപ്പെട്ടിരിക്കുന്നു" (ലൂക്കാ 13:12). നന്മയുടെയും കാരുണ്യത്തിന്റെയും ഫലങ്ങളാണ് ദുരന്തത്തിന്റെ മുമ്പിൽ ഈശോ ആ സ്ത്രീയുടെ ജീവിതത്തിലേക്ക് ചൊരിയുന്നത്.

ജീവിത ദുരന്തങ്ങളോട് നമ്മൾ എങ്ങനെ പ്രതികരിക്കണമെന്നാണ് ഈശോ പറഞ്ഞു തരുന്നത്. നമ്മുടെ പ്രതികരണരീതിയുടെ പ്രത്യേകതയെ ഒന്നുകൂടി വ്യക്തമാക്കുന്നതാണ് ഈശോ പറയുന്ന മുന്തിരിയുടെയും ശാഖകളുടെയും ഉപമ: "എന്റെ ശാഖകളിൽ ഫലം തരാത്തനിനെ അവിടുന്നു നീക്കികളയുന്നു. എന്നാൽ ഫലം തരുന്നതിനെ കൂടുതൽ കായ്ക്കാനായി അവിടുന്ന് വെട്ടിയൊരുക്കുകയും ചെയ്യുന്നു" (യോഹ 13:2).

ഫലം തരുന്ന ശാഖയ്ക്കും ഫലം തരാത്ത ശാഖയ്ക്കും വെട്ട് ഏൽക്കുന്നുവെന്നതാണ് സത്യം. അങ്ങനെയെങ്കിൽ വെട്ട് കിട്ടുന്നുണ്ടോ ഇല്ലയോ എന്നതിലല്ല രണ്ടു കൂട്ടരും തമ്മിലുള്ള വ്യത്യാസം. മറിച്ച്, വന്നുഭവിക്കുന്ന 'വെട്ടിനോട്' എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് അവർ തമ്മിലുള്ള വ്യത്യാസം. ഈശോ പറയുന്നു: "എന്നിൽ വസിക്കാത്തവൻ മുറിച്ച ശാഖ പോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു" (യോഹ 15:6).

അങ്ങനെയെങ്കിൽ മുറിവേൽക്കുമ്പോൾ രണ്ടു തരം പ്രതിരണങ്ങൾക്കാണ് സാധ്യതയുള്ളത്. ഒന്നുകിൽ തായ്ത്തടിയോട് ചേർന്നു നിൽക്കാം; അല്ലെങ്കിൽ തായ്ത്തടിയിൽ നിന്നും അകന്നു പോകാം. തായ്ത്തടിയോടു ചേർന്നു നിൽക്കുന്ന ശാഖ കൂടുതൽ ഫലം പുറപ്പെടുവിക്കുന്നു.

അപ്പോൾ ഓരോ ദുരന്തവും ഓരോ വെട്ടിയൊരുക്കലും, താഴ്‌ത്തടിയോട് ചേർന്നു നിൽക്കാൻ നിനക്കുള്ള അവസരവും ആഹ്വാനവുമാണ്. തായ്ത്തണ്ടിനോട്, നിന്നിലെ ആന്തരികതയോട്, നിന്റെ ശരീരത്തിനും മനസ്സിനും പിറകിൽ നിൽക്കുന്ന ജീവനോട്, നിന്നിലെ ക്രിസ്തു സാന്നിധ്യത്തോട് ചേർന്നു നിൽക്കാനുള്ള അവസരമാണ് ഓരോ ദുരന്തവും ഒരോ വെട്ടിയൊരുക്കലും ഓരോ മുറിവേൽക്കലും. ചേർന്നു നിൽപ്പിന്റെ മാനസാന്തരത്തിലേക്ക് തമ്പുരാൻ നിന്നെ ക്ഷണിക്കുന്ന അവസരങ്ങളാണവ. അങ്ങനെ ചേർന്നു നിൽക്കുമ്പോൾ എന്താണ് സംഭവിക്കുക? ഏറെ ഫലം പുറപ്പെടുവിക്കുന്ന ശാഖയായി നീ മാറും (യോഹ 15:5). ചുവടു കിളച്ചു വളമിടുന്നതിന്റെയും ലക്ഷ്യവും അതു തന്നെയാണ് - ഫലം പുറപ്പെടുവിക്കുക (ലൂക്കാ 13: 8-9).

ഈ ക്രിസ്തുസന്ദേശത്തെ കേരള സഭയുടെ ഇന്നത്തെ പശ്ചാത്തലത്തിൽ ധ്യാനിച്ചാലോ? കുറേക്കാലമായില്ലേ കേരള സഭയിൽ ഒന്നിനു പുറകെ മറ്റൊന്നായി ദുരന്തങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു? ഇത് ഒരു തരം ചുവടുകിളക്കലും വളമിടീലുമാണ്. മാനസാന്തരമുണ്ടാകുന്നുണ്ടോ എന്നു തന്നെയാണ് നമ്മൾ ചോദിക്കേണ്ട ചോദ്യം. സഭാസമൂഹത്തിന്റെ നേതാക്കൾക്ക് മാനസാന്തരമുണ്ടാകുന്നുണ്ടോ? അവരുടെ മനസ്സു മാറുന്നുണ്ടോ? അവരുടെ ചിന്താരീതി മാറുന്നുണ്ടോ? അവരുടെ ജീവിതരീതി മാറുന്നുണ്ടോ? (ലൂക്കാ 13:3,5). സഭാസമൂഹത്തിന് മാനസാന്തരമുണ്ടാകുന്നുണ്ടോ?

എഴുപതു വയസ്സുകാരൻ പൗലോസു ചേട്ടന്റ ചോദ്യം: "ഇതിന്റെയകത്തെ നെല്ലും പതിരും എന്താണ്? നമ്മുടെ അച്ചന്മാർക്കും മെത്രാന്മാർക്കും സ്വത്തിൽ നിന്നും സമ്പത്തിൽ നിന്നും അകന്നുനിൽക്കാൻ മേലേ?" ദൈവശാസ്ത്രമൊന്നും അറിയാൻ പാടില്ലാത്ത പൗലോസ് ചേട്ടൻ വിരൽ ചൂണ്ടിയത് സ്വന്തം ശിഷ്യർക്കായി ക്രിസ്തു മുമ്പോട്ടു വച്ച പ്രധാന വ്യവസ്ഥകളിലേക്കാണ് (സംഭവത്തിന്റെ വിശദാംശങ്ങൾക്ക് വീഡിയോ കാണുക). നിത്യജീവൻ അവകാശമാക്കാൻ എന്തു ചെയ്യണമെന്ന് ചേദിക്കുന്ന ധനികനോന് ഈശോ പറയുന്നത്, എല്ലാം വിറ്റ് ദരിദ്രർക്ക് കൊടുത്തിട്ട് വെറും കൈയോടെ ഈശോയെ അനുഗമിക്കാനാണ് (ലൂക്കാ 18:22). അപ്പസ്‌തോലന്മാരെ ദൗത്യം ഏൽപ്പിച്ചു വിടുമ്പോഴും ഈശോ ആവശ്യപ്പെടുന്നത്, സഞ്ചിയോ അപ്പമോ എടുക്കരുതെന്നാണ് (ലൂക്കാ 9:3). അങ്ങനെയെങ്കിൽ പണത്തിൽ നിന്നും സമ്പത്തിൽ നിന്നും അകലം പാലിക്കുക എന്നത് ക്രിസ്തു മുമ്പോട്ടു വയ്ക്കുന്ന കർശനമായ വ്യവസ്ഥയാണെന്ന് വരുന്നു. അതേപോലെ തന്നെയുള്ള വ്യവസ്ഥയാണ് ആധിപത്യം പുലർത്തുന്ന അധികാരത്തിൽ നിന്നും ശിഷ്യർ അകന്നു നിൽക്കണമെന്നത് (മർക്കോ 10:42,45).

അങ്ങനെയെങ്കിൽ കേരളസഭയെ ഈശോ മാനസാന്തരത്തിലേക്കു വിളിക്കുന്ന 'ചുവട് കിളക്കലല്ലേ' നമ്മളീ കാണുന്ന ദുരന്തങ്ങൾ? ഏറ്റവും സവിശേഷമായി, സഭാസമൂഹത്തിലെ ആത്മീയ നേതൃത്വത്തെ തന്നെയല്ലേ ഈശോ മാനസാന്തരത്തിലേക്കു വിളിക്കുന്നത്? സന്യാസാധികാരികളും വൈദികരും വൈദികമേലദ്ധ്യക്ഷരും പണത്തിൽനിന്നും അധികാരത്തിന്റെ ആധിപത്യത്തിൽ നിന്നും അകന്നു നിൽക്കുന്നിടത്തല്ലേ അവർ യഥാർത്ഥ ക്രിസ്തു ശിഷ്യരാകുകയുള്ളൂ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP