Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്‌ഐയ്ക്ക്...എംജി കോളേജ് എബിവിപിക്ക്! എബിവിപിക്കാർ പൊലീസിനെ ആക്രമിച്ചതോടെ ഹൈക്കോടതിയെ ശരണം പ്രാപിച്ച് എൻഎസ്എസ് കോളേജ് മാനേജ്മെന്റ്; എസ്എഫ്‌ഐയുടെ പഴയകോട്ട കോടതി രാഷ്ട്രീയമുക്തമാക്കിയപ്പോൾ ആശ്വസിച്ചത് പഠിക്കാൻ വരുന്ന വിദ്യാർത്ഥികൾ; എംജി കോളേജ് നന്നാക്കാൻ എൻഎസ്എസും സുകുമാരൻ നായരും കാണിച്ച ചുണയും ചങ്കുറപ്പും പിണറായി സർക്കാർ കാട്ടുമോ? അഖിലിന്റെ രക്തം വീണ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്നുയരുന്ന ചോദ്യങ്ങൾ ഇങ്ങനെ

യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്‌ഐയ്ക്ക്...എംജി കോളേജ് എബിവിപിക്ക്! എബിവിപിക്കാർ പൊലീസിനെ ആക്രമിച്ചതോടെ ഹൈക്കോടതിയെ ശരണം പ്രാപിച്ച് എൻഎസ്എസ് കോളേജ് മാനേജ്മെന്റ്; എസ്എഫ്‌ഐയുടെ പഴയകോട്ട കോടതി രാഷ്ട്രീയമുക്തമാക്കിയപ്പോൾ ആശ്വസിച്ചത് പഠിക്കാൻ വരുന്ന വിദ്യാർത്ഥികൾ; എംജി കോളേജ് നന്നാക്കാൻ എൻഎസ്എസും സുകുമാരൻ നായരും കാണിച്ച ചുണയും ചങ്കുറപ്പും പിണറായി സർക്കാർ കാട്ടുമോ? അഖിലിന്റെ രക്തം വീണ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്നുയരുന്ന ചോദ്യങ്ങൾ ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്‌ഐ കോട്ടയായി തുടരുമ്പോൾ സംഘപരിവാർ കോട്ടയായി തുടർന്നിരുന്ന എംജി കോളേജിൽ കലാലയ രാഷ്ട്രീയം അവസാനിപ്പിച്ചതിന് കോളേജ് നടത്തുന്ന എൻഎസ്എസ് മാനേജ്മെന്റിനും ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കും നന്ദി പറയണം. അല്ലെങ്കിൽ ഇന്നലെ യൂണിവേഴ്സിറ്റി കോളെജിൽ വീണ അഖിലിന്റെ രക്തം പോലെ ഒട്ടുവളരെ വിദ്യാർത്ഥികളുടെ രക്തത്തുള്ളികൾ ഇതിനിടെ എംജി കോളെജിലും വീണേനെ. പാർട്ടി കോട്ടയായി ഒരു കാലത്ത് സംഘപരിവാർ സംരക്ഷിച്ച് നിർത്തിയിരുന്ന എംജി കോളെജ് ഇപ്പോൾ രാഷ്ട്രീയ വിമുക്തമാണ്. എംജി കോളേജിൽ രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി നേടിയാണ് എൻഎസ്എസ് മാനേജ്മെന്റ് എംജി കോളേജിൽ തുടർന്നിരുന്ന എബിവിപി മേധാവിത്തം അവസാനിപ്പിച്ചത്.

ഹൈക്കോടതി വിധിയുടെ നിഴലിൽ എംജി കോളേജിൽ കലാലയ രാഷ്ട്രീയത്തിന് വിലക്ക് വീണപ്പോഴും അതൊന്നും ബാധകമല്ലാത്ത യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്‌ഐ ആധിപത്യം തുടരുക തന്നെയായിരുന്നു. ഇതേ ആധിപത്യം തന്നെയാണ് ഈയിടെ നടന്ന ഒരു വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തിനും ഇപ്പോൾ എസ്എഫ്‌ഐക്കാരനായ അഖിലിനെ എസ്എഫ്‌ഐ യൂണിറ്റ് നേതാവ് ശിവരഞ്ജിത്ത് നെഞ്ചിൽ കത്തികൊണ്ട് കുത്തുന്നതിനും വഴിവെച്ചത്. എംജി കോളേജിൽ എസ്എഫ്‌ഐ നടത്തിയിരുന്ന ഗുണ്ടായിസത്തിനു സമാനമായ ഗുണ്ടായിസമാണ് ഒരു കാലത്ത് എംജി കോളേജിൽ എബിവിപിയും നടത്തിയിരുന്നത്. എംജി കോളേജിലെ എബിവിപി ഗുണ്ടായിസത്തെ എസ്എഫ്‌ഐയും യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസത്തെ എബിവിപിയും ചോദ്യം ചെയ്തിരുന്നില്ല. യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്‌ഐയ്ക്ക്. എംജി കോളെജ് എബിവിപിക്ക് എന്നതായിരുന്നു രീതി. അതുകൊണ്ട് തന്നെ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു രീതി തന്നെ ഇരു പ്രസ്ഥാനങ്ങൾക്കിടയിലും നിലനിന്നിരുന്നു.

യൂണിവേഴ്സിറ്റി കോളെജ് എസ്എഫ്‌ഐ അടക്കി ഭരിക്കുമ്പോൾ എംജി കോളെജ് കൈവശം വെച്ച് എബിവിപിയും ഭരണം തുടരുകയായിരുന്നു. ഒരു വിദ്യാർത്ഥി സംഘടനയ്ക്കും യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാത്തപ്പോൾ ഇതേ മനോഭാവം തന്നെയാണ് എംജി കോളേജിൽ എബിവിപിയും പുലർത്തിയത്.

പൊലീസിനെയും വെറുതെ വിട്ടില്ല

കോളെജ് എബിവിപിയുടെ കയ്യിലായിരുന്ന ഘട്ടത്തിൽ എബിവിപി-ആർഎസ്എസ് പ്രവർത്തകർ പൊലീസിനെ ആക്രമിച്ച സംഭവമുണ്ടായിരുന്നു. 2005 നവംബറിലായിരുന്നു ഇത്. സെൻകുമാർ അന്ന് തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്നു. എബിവിപി-ആർഎസ്.എസ് പ്രവർത്തകർ പൊലീസിനെ ആക്രമിച്ച സംഭവമുണ്ടായപ്പോൾ സ്ഥലത്തെത്തിയ മ്യൂസിയം സിഐക്ക് നേരെ ബോംബേറുണ്ടായി. ഇതോടെ സെൻകുമാറടക്കമുള്ള ഉന്നതഉദ്യോഗസ്ഥർ കോളേജിലെത്തി. മുഴുവൻ വിദ്യാർത്ഥികളേയും ഒഴിപ്പിച്ച് കോളേജ് അടയ്ക്കാൻ സെൻകുമാർ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർത്ഥികളെ മർദ്ദിക്കരുതെന്നും നിർദ്ദേശിച്ചു. ഇതിന് വിരുദ്ധമായി ഒരു പൊലീസുകാരൻ വിദ്യാർത്ഥി മർദ്ദിച്ചു. ഇതോടെ സെൻകുമാർ നിർദ്ദേശം ലംഘിച്ച ഉദ്യോഗസ്ഥന്റെ കുത്തിന് പിടിച്ച് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. ഈ സംഭവം അന്ന് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇതിനെ തുടർന്നാണ് എംജി കോളെജ് അധികൃതർ എബിവിപി രാഷ്ട്രീയത്തിന്നെതിരെ രംഗത്ത് വന്നത്. എംജി കോളേജ് രാഷ്ട്രീയ വിമുക്തമാക്കാനുള്ള ശ്രമങ്ങൾക്ക് ഈ സംഭവത്തോടെ ജീവൻ വയ്ക്കുകയായിരുന്നു. ഇതിനെ തുടർന്ന് എൻഎസ്എസ് കോളേജ് മാനേജ്മെന്റ് നടത്തിയ നീക്കങ്ങൾക്ക് ഒടുവിലായാണ് നിയമപോരാട്ടം കൂടി വന്നത്. ഈ നിയമപോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി വിധി വഴി എംജി കോളേജിലെ കലാലയ രാഷ്ട്രീയം നിയന്ത്രിക്കാൻ എൻഎസ്എസ് മാനേജ്മെന്റിന് കഴിഞ്ഞത്.

ചങ്കുറപ്പോടെ എൻഎസ്എസ്

ഇത് തലവേദനയായി മാറിയപ്പോഴാണ് എൻഎസ്എസ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചത്. എബിവിപിയുടെ പ്രവർത്തനങ്ങൾ കാരണം കോളേജിന്റെ മതേതരത്വം തകർന്നെന്നും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സുരക്ഷയില്ലെന്നും കാണിച്ച് കോളേജ് മാനേജ്‌മെന്റ് 2013ൽ ഹൈക്കോടതിയിൽ പരാതി നൽകി. ഈ പരാതിയിൻ മേൽ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധിയാണ് ഉണ്ടായത്. തുടർന്നു മാനേജ്‌മെന്റ് കോളേജിൽ രാഷ്ട്രീയം നിരോധിക്കുകയും എബിവിപി ആധിപത്യത്തിൽ നിന്ന് കോളേജിനെ വിമുക്തമാക്കുകയുമായിരുന്നു.

എംജി കോളേജിലെ സംഭവഗതികൾ ഒന്നും പക്ഷെ യൂണിവേഴ്സിറ്റി കോളേജിനെ ബാധിച്ചില്ല. എസ്എഫ്‌ഐ കോളേജിൽ കൂടുതൽ പിടിമുറുക്കുകയാണ് ചെയ്തത്. മറ്റു സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചപ്പോൾ എസ്എഫ്‌ഐയ്ക്ക് എതിര് നിന്ന വിദ്യാർത്ഥികളെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കാനും എസ്എഫ്‌ഐയ്ക്ക് നേതാക്കൾക്ക് ഒരു മടിയുമുണ്ടായില്ല. എസ്എഫ്‌ഐ നടത്തുന്ന മാർച്ചുകൾക്കും പാർട്ടി പരിപാടികൾക്കും ഇവർക്ക് നിർബന്ധപൂർവം പോകേണ്ട അവസ്ഥ വരുകയും ചെയ്തു. ഇതൊന്നും ആരും ചോദ്യം ചെയ്യാൻ തയ്യാറായതുമില്ല. എസ്എഫ്‌ഐ ഗുണ്ടായിസം നിർബാധം തുടരുമ്പോൾ തന്നെയാണ് അഖിലിന് കോളെജ് ക്യാമ്പസിൽ നിന്ന് തന്നെ കുത്തേൽക്കുകയും ഒരു വിദ്യാർത്ഥിനി കോളെജ് ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിരിക്കുന്നത്.

കലാലയ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയരുന്നു

കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി നിലനിൽക്കവെയാണ് കലാലയ രാഷ്ട്രീയം തുടരുകയും വിദ്യാർത്ഥികൾ കാമ്പസിൽ കുത്തേറ്റു വീഴുകയും ചെയ്യുന്ന അവസ്ഥ വന്നത്. മഹാരാജാസ് കോളെജിലെ വിദ്യാർത്ഥി അഭിമന്യു കുത്തേറ്റു വീഴുന്നത്. അഭിമന്യുവിന്റെ മരണത്തെക്കുറിച്ചുള്ള നാൻ പെറ്റ മകൻ എന്ന സിനിമ കൂടി അതിന് ശേഷം വന്നു. ഈ സിനിമ വന്നിട്ടും കേരളത്തിലെ രാഷ്ട്രീയ അവസ്ഥകൾക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. ക്യാമ്പസ് കൊലപാതകങ്ങളെ മഹത്വവത്ക്കരിക്കുകയാണോ ഇത്തരം സിനിമകൾ വഴി സംഭവിക്കുന്നത് എന്ന സംശയവും അഖിലിന്റെ കുത്തേറ്റ് വീഴൽ ഇപ്പോൾ ഉയർത്തുന്നുമുണ്ട്. രാഷ്ട്രീയ തിമിരം ബാധിച്ച നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനുഇപ്പോഴും കൂസലേതുമില്ല. അവർ വിദ്യാർത്ഥി രാഷ്ട്രീയത്തെയും കൊലപാതകത്തെയും ന്യായീകരിക്കുക തന്നെയാണ്. ഇത് തന്നെയാണ് അഖിലിന്റെ കുത്തേറ്റത് വീഴലിലും വഴി തെളിച്ചത്.

ക്യാമ്പസുകളിൽ രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി വിധി കേരളത്തിൽ നിലനിൽക്കുകയാണ്. കഴിഞ്ഞ 15 വർഷമായി കോടതികൾ ഇക്കാര്യം തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എംജി കോളെജ് നന്നാക്കാൻ എൻഎസ്എസ് മാനേജ്മെന്റും സുകുമാരൻ നായരും കാണിച്ച ഇച്ഛാശക്തിയും തന്റേടവും കേരള സർക്കാർ കൂടി കൈക്കൊള്ളുകയാണെങ്കിൽ അഭിമന്യുവിന്റെ മരണവും അഖിലിന്റെത് പോലുള്ള കുത്തേറ്റു വീഴലുകളും ക്യാമ്പസിൽ നിന്നും ഒഴിവാക്കി നിർത്താൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP