Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസിന്റെ അനുനയന നീക്കങ്ങൾ നടക്കുന്നതിനിടെ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചത് അഞ്ച് എംഎൽഎമാർ; വിമതരുടെ നീക്കം ചൊവ്വാഴ്‌ച്ച വിഷയം കോടതി പരിഗണിക്കാനിരിക്കെ; കർണാടക രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ എംഎൽഎമാർക്കെല്ലാം സുഖവാസം റിസോർട്ടുകളിലും; കുമാരസാമി ശ്രമിക്കുന്നത് എംഎൽഎമാരെ ഭീഷണിപ്പെടുത്തി ഒപ്പം നിർത്താനെന്ന് യെദ്യൂരപ്പ

കോൺഗ്രസിന്റെ അനുനയന നീക്കങ്ങൾ നടക്കുന്നതിനിടെ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചത് അഞ്ച് എംഎൽഎമാർ; വിമതരുടെ നീക്കം ചൊവ്വാഴ്‌ച്ച വിഷയം കോടതി പരിഗണിക്കാനിരിക്കെ; കർണാടക രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ എംഎൽഎമാർക്കെല്ലാം സുഖവാസം റിസോർട്ടുകളിലും; കുമാരസാമി ശ്രമിക്കുന്നത് എംഎൽഎമാരെ ഭീഷണിപ്പെടുത്തി ഒപ്പം നിർത്താനെന്ന് യെദ്യൂരപ്പ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കർണാടകയിൽ രാജിവച്ച 5 വിമത എംഎൽഎമാർ കൂടി സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. സുധാകർ, റോഷൻ ബെയ്ഗ്, എംടിബി നാഗരാജ്, മുനിരത്ന, ആനന്ദ് സിങ് എന്നിവരാണ് കോടതിയിലെത്തിയത്. ഇതോടെ കോടതിയിലെത്തിയ വിമത എംഎൽഎമാരുടെ എണ്ണം 15 ആയി. വിശ്വാസവോട്ടെടുപ്പിന് തയ്യാറെടുക്കുന്നതിനു മുന്നോടിയായി വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് സജീവമായി ശ്രമിക്കുന്നതിനിടെയാണ് എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചത്.

ബെംഗളൂരുവിലുള്ള രാമലിംഗ റെഡ്ഡി, ആനന്ദ് സിങ്, റോഷൻ ബെയ്ഗ് എന്നിവരുമായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ചർച്ച നടത്തിയിരുന്നു. ഡി.കെ.ശിവകുമാർ എം ടി.ബി. നാഗരാജുമായും കൂടിക്കാഴ്ച നടത്തി. രാജി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം വ്യക്തമാക്കി. ഒപ്പം രാജി സമർപ്പിച്ച കെ.സുധാകറുമായി സംസാരിച്ചശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നായിരുന്നു നാഗരാജിന്റെ പ്രതികരണം. 40 വർഷമായി പാർട്ടിക്കുവേണ്ടി ഒരുമിച്ചാണു ഞങ്ങൾ പ്രവർത്തിക്കുന്നത്. എല്ലാ കുടുംബത്തിലും ഉയർച്ചയും താഴ്ചയുമുണ്ടാകും. എല്ലാം മറന്ന് മുന്നോട്ടുനീങ്ങും. എം ടി.ബി.നാഗരാജ് തങ്ങൾക്കൊപ്പം നിൽക്കാമെന്ന് അറിയിച്ചതിൽ സന്തോഷമുണ്ടെന്നു ശിവകുമാറും പറഞ്ഞു. അതേസമയം, വിമത എംഎൽഎമാരെ ഭീഷണിപ്പെടുത്തി തിരികെക്കൊണ്ടുവരാനാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ശ്രമമെന്ന് ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ആരോപിച്ചു.

ഭൂരിപക്ഷമില്ലാത്ത സർക്കാർ വിശ്വാസവോട്ട് തേടുന്നതിൽ അർത്ഥമില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്. അനുനയശ്രമങ്ങളെന്ന പേരിൽ കുമാരസ്വാമി വിമതരെ ഭീഷണിപ്പെടുത്തുകയാണെന്നും യെദ്യൂരപ്പ ആരോപിച്ചു. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചതോടെ ബിജെപി എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി. ബിജെപി എംഎൽഎമാർ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് ബി.എസ.യദ്യൂരപ്പയും എത്തിയിട്ടുണ്ട്. കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ നേരത്തെ തന്നെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ മുംബൈയിലുള്ള മറ്റു വിമത എംഎൽഎമാർ ഇന്ന് വൈകീട്ട് നാല് മണിയോടെ ബെംഗളൂരുവിലെത്തും.

കർണാടക സർക്കാർ നിലവിലെ സാഹചര്യത്തിൽ തുടരാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. വിശ്വാസവോട്ട് തേടാൻ സമ്മതമാണെന്ന് കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. എന്നാൽ, 10 വിമതരുടെയും സ്പീക്കറുടെയും ഹർജികൾ പരിഗണിച്ച സുപ്രീം കോടതി, ചൊവ്വാഴ്ച വരെ സംസ്ഥാനത്തു തൽസ്ഥിതി തുടരാൻ നിർദ്ദേശിക്കുകയായിരുന്നു. അന്നുവരെ രാജി സ്വീകരിക്കാനോ എംഎൽഎമാരെ അയോഗ്യരാക്കാനോ ആകില്ലെന്ന ഉത്തരവ് വന്നതിനു പിന്നാലെയാണ്, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയാറാണെന്നു മുഖ്യമന്ത്രി പറഞ്ഞത്. സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പതിവുള്ള അനുശോചന പ്രമേയം അവതരിപ്പിക്കുന്നതിനിടെ, തനിക്കൊരു കാര്യം പറയാനുണ്ടെന്ന് അറിയിച്ചു കൊണ്ടായിരുന്നു കുമാരസ്വാമിയുടെ നാടകീയ നീക്കം. ഇതോടെ, പ്രതിപക്ഷ നേതാവ് യെഡിയൂരപ്പ ഉൾപ്പെടെയുള്ള ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ 16 എംഎൽഎമാർ രാജി നൽകി, 1 സ്വതന്ത്രനും ഒരു കെപിജെപി എംഎൽഎയും ബിജെപി പക്ഷത്തേക്ക് കൂറു മാറുകയും ചെയ്തു. നിലവിൽ ഭരണമുന്നണിക്ക് 101 എംഎൽഎമാരും, ബിജെപിക്ക് ഒരു സ്വതന്ത്രനും ഒരു കെപിജെപി അംഗവും ഉൾപ്പെടെ 107 എംഎൽഎമാരുമാണുള്ളത്.


ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കർണാടകയിലെ രാഷ്ട്രീയ നാടകത്തിന്റെ നാൾവഴി..

2019 മെയ്‌ 23 - ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28-ൽ 25 സീറ്റിലും ബിജെപി നേടിയത് തകർപ്പൻ വിജയം.

2019 ജൂൺ 30 - കോൺഗ്രസ് എംഎൽഎമാരായ രമേശ് ജാർക്കിഹോളി, ആനന്ദ് സിങ് എന്നിവർ രാജിവച്ചു.

2019 ജൂലൈ 1 - ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജി വെച്ചു.

2019 ജൂലൈ 6 - ഭരണസഖ്യത്തിലെ ഒമ്പത് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരും രാജിവെച്ചതോട് കൂടി പ്രതിലന്ധി രൂക്ഷമായി.

2019 ജൂലൈ 8- മന്ത്രി സ്ഥാനം രാജിവെച്ച് ഒരു സ്വതന്ത്രനും ഒരു കെപിജെപി എംഎൽഎയുംകൂടി ബിജെപി പക്ഷത്തേക്ക് കൂറു മാറി. വിമതരെ അനുനയിപ്പിക്കാനെന്ന ശ്രമമെന്നോണം കോൺഗ്രസിന്റെ 21ഉം ജെഡിഎസിന്റെ 9 ഉം മന്ത്രിമാർ രാജിവെച്ചു.

2019 ജൂലൈ 9- ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജി നൽകി. രാജി നൽകിയ 14 എംഎൽഎ മാരിൽ 9 പേരുടെ രാജിക്കത്തുകൾ സ്പീക്കർ തള്ളി.

2019 ജൂലൈ 10- രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി രാജി വെച്ചു.

മുംബൈയിലെ ഹോട്ടൽ റിനൈസൻസിൽ താമസിക്കുന്ന വിമത എംഎൽഎമാരെ കാണാൻ രാവിലെ 8.20ന് എത്തിച്ചേർന്ന കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ ഡി കെ ശിവകുമാറിനെയും ജെഡിഎസ് നേതാക്കളായ ജി ടി ദേവഗൗഡയെയും ശിവലിംഗ ഗൗഡയെയും പൊലീസ് തടഞ്ഞു.  ശിവകുമാറിനു പിന്തുണയുമായി അവിടെ എത്തിയ മഹാരാഷ്ട്ര കോൺഗ്രസ് നേതാക്കളായ മിലിന്ദ് ദിയോറെയെയും സഞ്ജയ് നിരുപത്തെയും നസീം ഖാനെയും പൊലീസ് തടഞ്ഞു. ഡി കെ ശിവകുമാറിനെ പ്രവേശിപ്പിച്ചാൽ തങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന് കാണിച്ച് വിമത എംഎൽഎമാർ എഴുതിയ കത്ത് കാണിച്ചാണ് പൊലീസ് ശിവകുമാറിനെ തടഞ്ഞത്. ഹോട്ടൽ പരിസരത്ത് പൊലീസ് നിരോധനാജ്ഞയും പുറപ്പെടുവിച്ചു.

2019 ജൂലൈ 11 - സ്പീക്കർ രാജി സ്വീകരിച്ചില്ലെന്ന വിമത എംഎൽഎമാരുടെ ഹർജിയിൽ 10 പേരും 11ന്, വൈകുന്നേരം 6ന് മുൻപായി സ്പീക്കർക്കു മുന്നിൽ ഹാജരായി വീണ്ടും രാജിക്കത്ത് നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.രാജിവെച്ച വിമത എംഎൽഎമാർ വൈകുന്നേരം ബംഗ്ലുരുവിലെത്തി സ്പീക്കർ കെ ആർ രമേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി, 10 വിമത എംഎൽഎമാർ വീണ്ടും രാജി നൽകി. രാജി ഉടൻ സ്വീകരിക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി, നടപടികൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നും അറിയിച്ചു. 

2019 ജൂലൈ 12-

കർണാടകയിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി നിർദ്ദേശം. എംഎൽ?എമാരുടെ രാജിക്കത്തുകളിൽ ചൊവ്വാഴ്ചവരെ തീരുമാനമെടുക്കരുത് എന്നാണ് കോടതി നിർദ്ദേശം.സഭയിൽ വിശ്വാസ വോട്ട് തേടാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസാമി നിയമസഭയിൽ. പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP