Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഖിലിനെ കുത്തി മലർത്താൻ നിർദ്ദേശം നൽകിയ ഗുണ്ടാ സംഘത്തിന്റെ നേതാവ് പൊലീസിലേക്ക് നിയമനം കാത്തിരിക്കുന്ന പിണറായിയുടേയും പി ജയരാജന്റേയും സ്വന്തം നസീം; നിയമം ലംഘിച്ചത് ചോദ്യം ചെയ്ത ട്രാഫിക് പൊലീസുകാരെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയായപ്പോൾ മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ട് കാത്തത് പൊലീസ് നിയമനത്തിന് തടസ്സം ഉണ്ടാകാതിരിക്കാൻ; ഒളിവിലിരുന്ന് മന്ത്രിമാർ ഉൾപ്പെട്ട പരിപാടികളിൽ പങ്കെടുത്ത് വിലസിയ നസീം വീണ്ടും പിടികിട്ടാപ്പുള്ളി; ക്രിമിനൽ പൊലീസുകാരെ സിപിഎം സൃഷ്ടിക്കുന്നത് ഇങ്ങനെ

അഖിലിനെ കുത്തി മലർത്താൻ നിർദ്ദേശം നൽകിയ ഗുണ്ടാ സംഘത്തിന്റെ നേതാവ് പൊലീസിലേക്ക് നിയമനം കാത്തിരിക്കുന്ന പിണറായിയുടേയും പി ജയരാജന്റേയും സ്വന്തം നസീം; നിയമം ലംഘിച്ചത് ചോദ്യം ചെയ്ത ട്രാഫിക് പൊലീസുകാരെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയായപ്പോൾ മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ട് കാത്തത് പൊലീസ് നിയമനത്തിന് തടസ്സം ഉണ്ടാകാതിരിക്കാൻ; ഒളിവിലിരുന്ന് മന്ത്രിമാർ ഉൾപ്പെട്ട പരിപാടികളിൽ പങ്കെടുത്ത് വിലസിയ നസീം വീണ്ടും പിടികിട്ടാപ്പുള്ളി; ക്രിമിനൽ പൊലീസുകാരെ സിപിഎം സൃഷ്ടിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിയായ അഖിലിനെ കുത്തിയ ഗുണ്ടാ സംഘത്തിന്റെ നേതാവ് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എസ്എഫ്‌ഐ നേതാവ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ജില്ലാക്കമ്മിറ്റി അംഗവുമായിരുന്ന നസീം നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ്. ഈ കേസ് പിണറായി സർക്കാർ ഒതുക്കി തീർത്താണ് പൊലീസ് നിയമനത്തിന് നസീമിന് വഴിയൊരുക്കിയത്. ഇതിനിടെയാണ് പുതിയ വിവാദം. സിപിഎമ്മിൽ പി ജയരാജന്റെ അടുത്ത അനുയായിയാണ് നസീം. നസീമിന്റെ പ്രധാന ആരാധനാ നേതാവും ജയരാജൻ തന്നെ. ഇതിനൊപ്പം അനുസരിക്കുന്നത് പിണറായി വിജയന്റെ നിർദ്ദേശവും. അങ്ങനെ തിരുവനന്തപുരത്തെ കണ്ണൂർ മോഡൽ സിപിഎം രാഷ്ട്രീയത്തിന്റെ യഥാർത്ഥ വക്താവാണ് നസീം. അഖിലിനെ കുത്തിയ കേസിൽ നസീം ഒളിവിലാണെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്.

യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐയുടെ മറപറ്റി നടക്കുന്നത് തീവ്ര ഇസ്ലാമിസ്റ്റ് ആശയം പടർത്തുന്ന എസ്.ഡി.പി.ഐയുടെ പ്രവർത്തനമെന്ന ആരോപണവും ശക്തമാണ്. പകൽ എസ്.എഫ്ഐ പ്രവർത്തകരായി നടക്കുന്ന പലരും രാത്രിയിൽ എസ്.ഡി.പിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. അഖിലിന്റെ നെഞ്ചത്ത് ഏറ്റകുത്ത് കൃത്യമായ പരിശീലനം ലഭിച്ച ക്രിമിനലിന്റെത് പോലെയുള്ളതാണെന്ന് പൊലീസും സമ്മതിക്കുന്നു. കൃത്യമായ പദ്ധതി തയാറാക്കിയാണ് അഖിലിനെ കുത്തിയതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നാൽ അഖിലിനെ കുത്തിയത് നസീം അല്ല. എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്താണ്. എങ്കിലും എല്ലാത്തിനും നേതൃത്വവും നിർദ്ദേശവും നൽകുന്നത് നസീമാണ്. അതുകൊണ്ട് തന്നെ എസ് എഫ് ഐയിലേക്ക് തീവ്രവാദ സംഘടനാ പ്രവർത്തകരുടെ നുഴഞ്ഞു കയറ്റത്തിന് സമാനമായി ഇതിനെ കാണുന്നവരുണ്ട്. ഏതായാലും പൊലീസുകാരനെ തല്ലിയപ്പോൾ സർക്കാരും പൊലീസും എസ് എഫ് ഐയും നൽകിയ അകമഴിഞ്ഞ പിന്തുണയാണ് നസീമിനെ വലിയ ഗുണ്ടയാക്കി മാറ്റിയത്.

അഖിലടക്കം വിദ്യാർത്ഥികളെ ആക്രമിച്ചത് നസീമിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നും പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. നസീം ഉൾപ്പെടെ അഞ്ചു പേർക്കെതിരേ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എസ്എഫ്‌ഐ നേതാവ് നസീം സ്ഥിരം ക്രിമിനൽ കേസുകളിൽ പ്രതിയണെന്നും വ്യക്തമായി. പാളയത്ത് പട്ടാപ്പകൽ ട്രാഫിക് പൊലീസുകാരനെ തല്ലിച്ചതച്ചതും നസീമും കൂട്ടാളികളുമാണ്. ആക്രമണം നടത്തിയിട്ടും മാസങ്ങളോളം നസീമിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിരുന്നില്ല. സിപിഎമ്മിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. നസീം ഒളിവിലാണെന്ന വിചിത്ര വാദമാണ് പൊലീസ് സ്വീകരിച്ചത്. പിന്നീട് കീഴടങ്ങി. എങ്കിലും കേസ് ഒതുക്കി തീർക്കാനായിരുന്നു ശ്രമം. അന്ന് എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ എന്നിവരെയാണ് എസ്എഫ്‌ഐ നേതാവ് നസീമും പ്രവർത്തകരും ക്രൂരമായി മർദിച്ചത്.

പാളയം യുദ്ധസ്മാരകത്തിനു മുന്നിലായിരുന്നു സംഭവം. ബൈക്കിൽ വന്ന എസ്എഫ്‌ഐ പ്രവർത്തകൻ സിഗ്‌നൽ തെറ്റിച്ച് യു ടേണിനു ശ്രമിച്ചപ്പോൾ ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ തടഞ്ഞു. ഇതിനെ ചോദ്യം ചെയ്ത വിദ്യാർത്ഥി അമൽ കൃഷ്ണയുടെ യൂണിഫോമിൽ പിടിക്കുകയും മർദിക്കുകയും ചെയ്തു. റോഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിനയചന്ദ്രനും ശരത്തും തടയാൻ ശ്രമിച്ചപ്പോൾ അവരെയും വിദ്യാർത്ഥി ആക്രമിച്ചു. മൂന്നുപൊലീസുകാരും ചേർന്നു പ്രതിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടിമാറി. ഉടൻ എസ്എഫ്‌ഐ നേതാക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ഉടൻ തന്നെ ഇരുപതോളം എസ്എഫ്‌ഐക്കാരാണു സ്ഥലത്തെത്തിയത്. അവരുമായി സംസാരിക്കാൻ പൊലീസ് തയാറായെങ്കിലും അനുവദിച്ചില്ല. അക്രമിസംഘം മൂന്ന് പൊലീസുകാരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വഴിയാത്രക്കാരായ സ്ത്രീകൾ നിലവിളിച്ചു. അവരെ അസഭ്യം പറഞ്ഞ അക്രമികൾ ഓടിക്കൂടിയ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കുകയും ചെയ്തിരുന്നു.

മർദനത്തിനു തൊട്ടുപിന്നാലെ പൊലീസ് തിരിച്ചറിഞ്ഞ പ്രതികളിലൊരാളാണ് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് പ്രസിഡന്റുമായിരുന്നു അന്ന് നസീം. എന്നാൽ നസീമിനെ തൊടാൻ പോലും പൊലീസിനായില്ല. എല്ലാ പ്രതികളും പിടിയിലായിട്ടും നസീമിനെ വെറുതെ വിടാൻ പൊലീസ് മനപ്പൂർവ്വം ശ്രമിച്ചു. പൊലീസുകാരെ ഭീഷണിപ്പെടുത്തി സ്ഥലം മാറ്റാൻ ശ്രമിച്ചു. ചില പ്രതികളെ പിടികൂടിയ എസ് ഐയേയും മാറ്റി. എല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞു കൊണ്ടാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. നസീമിനെ പൊലീസുകാരനാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്. എല്ലായ്‌പ്പോഴും പൊലീസിനുള്ളിൽ കടുത്ത പാർട്ടി വിശ്വാസമുള്ളവരെ എത്തിക്കുന്ന പതിവുണ്ട്. ഇതിലേക്ക് പുതുതായി സിപിഎം കണ്ടുവച്ച നേതാവായിരുന്നു നസീം. ഇതുകൊണ്ടാണ് നസീമിനെതിരെ പൊലീസ് കേസെടുക്കാൻ മടിച്ചതും. ഒടുവിൽ സമ്മർദ്ദം കാരണം എല്ലാം മാറി മറിഞ്ഞു. ഈ കേസ് എങ്ങനേയും ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ സംഭവം.

അന്ന് കേരള സർവകലാശാലയിൽ മന്ത്രിമാരായ കെ ടി ജലീലും, എകെ ബാലനും പങ്കെടുത്ത ഒരു പരിപാടിയിൽ മുൻനിരയിലെ സീറ്റിൽ നസീം ഇരിക്കുന്ന ഫോട്ടോ മാധ്യമങ്ങൾ പുറത്തു വിട്ടതോടെ സിപിഎം തന്നെ പ്രതിരോധത്തിലായി. നസീം അടുത്ത ദിവസം കന്റോൺമെന്റ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസുകാരെ റോഡിലിട്ട് തല്ലിയതടക്കം ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്തിട്ടും സംഘടനയിൽ നിന്നുള്ള ശക്തമായ പിന്തുണയുടെ ബലത്തിലാണ് നസീം അടക്കമുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കൾ മുന്നോട്ട് പോകുന്നത്. അതേ നസീമിന്റെ നേതൃത്വത്തിൽ യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ച് ഗൂണ്ടാപ്രവർത്തനം വീണ്ടും ശക്തമായി. ഇതാണ് അഖിലിന്റെ നെഞ്ചിലേറ്റ കുത്ത് തെളിയിക്കുന്നത്.

എസ്എഫ്‌ഐ നേതാക്കൾ പറയുന്ന പോലെ കോളേജിൽ പ്രവർത്തിച്ചില്ലെങ്കിൽ മർദനം ഉറപ്പാണ്. കല, സാഹിത്യം, സ്പോർട്സ് എന്നിവയുടെ ഒന്നിന്റെ പേരിൽ വിദ്യാർത്ഥികൾ കൂട്ടുകൂടുന്നതോ ഒത്തുകൂടുന്നതോ എസ്എഫ്‌ഐക്കാർ അനുവദിക്കാറില്ല. മറ്റു സംഘടന പ്രവർത്തനം അനുവദിക്കില്ലെന്ന പേരിൽ മുൻപു നിരവധി വിദ്യാർത്ഥികൾക്കു എസ്എഫ്‌ഐക്കാരുടെ മർദനമേറ്റിട്ടുണ്ട്. നിർബന്ധിത പണപ്പിരിവ് തടഞ്ഞതിന് അന്ധനായ ഒരു വിദ്യാർത്ഥിയെ എസ്എഫ്ഐ യൂണിയൻ നേതാക്കൾ തല്ലി ആശുപത്രിയിലാക്കിയത് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്. യൂണിയൻ ഭാരവാഹികളുടെ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനി രണ്ട് മാസം മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചതും പിന്നെ കോളേജ് വിട്ടു പോയതും. ഈ പെൺകുട്ടിയെ പോലെ നൂറുകണക്കിന് വിദ്യാർത്ഥികൾ യൂണിയൻ നേതാക്കളുടെ പീഡനം കാരണം കോളേജ് വിട്ടു പോയിട്ടുണ്ട്.

അഖിലിനെ മുമ്പും ആക്രമിച്ചിരുന്നു

അഖിലിനെ ഇതിന് മുമ്പും എസ്.എഫ.ഐക്കാർ ആക്രമിച്ചിരുന്നെന്ന് അഖിലിന്റെ പിതാവ് ചന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ കേസ് ജില്ലാ സെക്രട്ടറി ഇടപെട്ട് ഒത്തുതീർക്കുകയായിരുന്നു. വിദ്യാർത്ഥിയെ ആക്രമിച്ചത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലെന്ന് പൊലീസ് വ്യക്തമാക്കി. നസീമടക്കം അഞ്ചുപേർ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

യൂണിറ്റു കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നതെന്നും വടിവാളും കത്തിയും കൊണ്ട് സ്വന്തം പാർട്ടിക്കാരെ വരെ ആക്രമിക്കുന്നവരാണ് നേതൃത്വമെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ വർഷങ്ങളായി നടക്കുന്ന എസ്.എഫ്.ഐ അതിക്രമങ്ങളുടെ തുടർച്ചയാണ് ഇന്നും ഇന്നലെയും ഉണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇന്നലെ വിദ്യാർത്ഥികൾ ഒന്നിച്ചിരുന്നു പാട്ടുപാടിയതിന്റെ പേരിൽ തുടങ്ങിയ മർദ്ദനമാണ് ഇന്ന് രാവിലെയും തുടർന്നതെന്നും അവർ പറഞ്ഞു.

സംഭവത്തിൽ ശിവരഞ്ജിത്തിനെ ഒന്നാം പ്രതിയാക്കി വധശ്രമത്തിനു കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ രാത്രി 10.28നാണ് പൊലീസ് കേസെടുത്തത്. വധശ്രമം, മാരകായുധവുമായി സംഘംചേരൽ, പൊതുസമാധാന നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് സെക്രട്ടറി നസീം രണ്ടാം പ്രതിയാണ്. നസീമാണ് കുറ്റകൃത്യങ്ങളിൽ മുൻകൈയെടുത്തതെന്നു വാർത്ത വന്നെങ്കിലും എഫ്.ഐ.ആറിൽ രണ്ടാം പ്രതിയാണ് നസീം. അദ്വൈതാണ് മൂന്നാം പ്രതി. കോളജ് വിദ്യാർത്ഥി ഉമർഖാൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP