Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റ ദിവസം കൊണ്ടു ചെയ്തു കൊടുക്കേണ്ട സേവനത്തിന് നാളെ വരൂ.. എന്നു പറഞ്ഞ് നടത്തിച്ചത് മൂന്ന് ദിവസം; മറ്റൊരു വിവാഹം കഴിച്ചു വന്നാൽ എളുപ്പത്തിൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് അപേക്ഷകനെ പരിഹസിക്കുകയും ചെയ്തു; നാലാം ദിവസം ഉദ്യോഗസ്ഥരെ വീട്ടിലിരുത്തിച്ച് മന്ത്രി ജി സുധാകരൻ; കോഴിക്കോട് മുക്കം സബ്രജിസ്ട്രാർ ഓഫീസിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു മന്ത്രി; നടപടി എടുത്ത വിവരം സോഷ്യൽ മീഡിയയിലും പോസ്റ്റു ചെയ്തു

ഒറ്റ ദിവസം കൊണ്ടു ചെയ്തു കൊടുക്കേണ്ട സേവനത്തിന് നാളെ വരൂ.. എന്നു പറഞ്ഞ് നടത്തിച്ചത് മൂന്ന് ദിവസം; മറ്റൊരു വിവാഹം കഴിച്ചു വന്നാൽ എളുപ്പത്തിൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് അപേക്ഷകനെ പരിഹസിക്കുകയും ചെയ്തു; നാലാം ദിവസം ഉദ്യോഗസ്ഥരെ വീട്ടിലിരുത്തിച്ച് മന്ത്രി ജി സുധാകരൻ; കോഴിക്കോട് മുക്കം സബ്രജിസ്ട്രാർ ഓഫീസിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു മന്ത്രി; നടപടി എടുത്ത വിവരം സോഷ്യൽ മീഡിയയിലും പോസ്റ്റു ചെയ്തു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിവാഹ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിന് അപേക്ഷ നൽകാനെത്തിയ കക്ഷികളോട് അപമര്യാദയായി പെരുമാറിയ രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരെ സസ്‌പെന്റ് ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ഒരു ദിവസം കൊണ്ടു ചെയ്തു കൊടുക്കേണ്ട് സേവനം അനാവശ്യമായി നീട്ടിക്കൊണ്ടു പോകുകയും പരാതിക്കാരനെ അവഹേളിക്കുകയും ചെയ്ത സംഭവം ശ്രദ്ധയിൽ പെട്ടതോടെയാണ് മന്ത്രി നടപടി കൈക്കൊണ്ടത്. കോഴിക്കോട് മുക്കം സബ്രജിസ്ട്രാർ ദേവി പ്രസാദ്, സീനിയർ ക്ലർക്ക് ശിവരാമൻ നായർ, ക്ലർക്ക് ടി കെ മോഹൻദാസ്, ഓഫീസ് അറ്റൻഡന്റ് പി ബി രജീഷ എന്നീ ജീവനക്കാരെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി ജി സുധാകരൻ അറിയിച്ചു. ഇവരെ എന്തിനാണ് പുറത്താക്കിയതെന്ന കാര്യം വ്യക്തമാക്കി ഫേസ്‌ബുക്കിൽ പോസ്റ്റുമിട്ടു.

സേവനത്തിനായി ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് യാതൊരു സേവനവും നൽകാതെ നാളെ വരൂ എന്ന് നിർദ്ദേശിക്കുകയും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനം കാര്യക്ഷമമായും അഴിമതിരഹിതമായും നൽകണമെന്ന രജിസ്ട്രേഷൻ വകുപ്പിന്റേയും സർക്കാരിന്റേയും കാഴ്ചപ്പാടിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്ത മുക്കം സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരുടെ പ്രവൃത്തി പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധവും സർക്കാരിന് അവമതിപ്പുണ്ടാക്കുന്നതുമാണെന്ന് മന്ത്രി വ്യക്തമാക്കി.

ജൂൺ 19ന് മധുസൂദനൻ എന്നയാൾ വിവാഹസർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ചോദിച്ച് മുക്കം സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയതിനേത്തുടർന്നാണ് സംഭവങ്ങൾ. എളുപ്പത്തിൽ നൽകാവുന്ന സേവനം ജീവനക്കാർ വൈകിപ്പിച്ചു. വിവാഹ സർട്ടിഫിക്കറ്റ് പുസ്തകം നോക്കി എടുക്കാതെ മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് മധുസൂദനനെ സബ് രജിസ്ട്രാർ പരിഹസിക്കുകയും ചെയ്തു. തനിക്ക് നേരിടേണ്ടി വന്ന അനുഭവം അപേക്ഷകൻ ഫേസ്‌ബുക്കിൽ പങ്കുവെച്ചതോടെ വകുപ്പ് മന്ത്രി ജി സുധാകരൻ ഇടപെടുകയായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണത്തിനായി കോഴിക്കോട് രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിനെ ചുമതലപ്പെടുത്തി. ഒരു ദിവസം കൊണ്ട് നൽകാമായിരുന്ന സേവനം മൂന്ന് ദിവസം വൈകിപ്പിച്ചെന്നും ജീവനക്കാർ അപേക്ഷകനോട് അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാണിച്ച് രജിസ്ട്രേഷൻ ഡിഐജി മന്ത്രിക്ക് റിപ്പോർട്ട് നൽകി.

ഓഫീസിൽ വന്നവരോട് മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞതടക്കമുള്ള വിഷയങ്ങൾ പരിശോധിച്ച് ഈ സർക്കാർ ജീവനക്കാർ സർവീസിൽ തുടരാൻ യോഗ്യരാണോയെന്ന കാര്യം കൂടി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കെതിരെ നടപടി എടുക്കുമെന്ന് കാണിച്ച് മന്ത്രിയിട്ട ഫേസ്‌ബുക്ക് ഇങ്ങനെ:

കോഴിക്കോട് ജില്ലയിലെ മുക്കം സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിന് അപേക്ഷ നൽകാനെത്തിയ കക്ഷികളോട് അപമര്യാദയായി പെരുമാറുകയും സേവനം നൽകുന്നതിൽ കാലതാമസം വരുത്തുകയും ചെയ്ത സബ് രജിസ്ട്രാർ ഉൾപ്പെടെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തു.

മുക്കം സബ് രജിസ്ട്രാർ ഓഫീസിൽ 27.02.2003 ൽ പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്റ്റർ ചെയ്ത വിവാഹത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിനായി 19.06.2019 ന് ഓഫീസിൽ എത്തിയ മധുസൂദനൻ എന്നയാൾക്ക് നൽകിയ സേവനത്തിൽ കാലതാമസം വന്നതിനെ തുടർന്ന് സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാർക്കെതിരെയും രജിസ്‌ട്രേഷൻ വകുപ്പിനെതിരെയും ടിയാൻ സാമൂഹ്യമാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു.

ഈ കുറിപ്പ് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കോഴിക്കോട് രജിസ്‌ട്രേഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിനെ ചുമതലപ്പെടുത്തി. രജിസ്‌ട്രേഷൻ ഡി.ഐ.ജി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ ഒരു ദിവസം കൊണ്ട് നൽകേണ്ട സേവനം ബോധപൂർവ്വം 3 ദിവസത്തെ കാലതാമസം വരുത്തിയെന്നും സർക്കാർ ജീവനക്കാരന്റെ പെരുമാറ്റചട്ടങ്ങൾക്ക് വിരുദ്ധമായി മുക്കം സബ് രജിസ്ട്രാർ ഓഫീസിലെ ചില ജീവനക്കാർ പെരുമാറിയതായും റിപ്പോർട്ട് ചെയ്തു. കൂടാതെ വിവാഹ സർട്ടിഫിക്കറ്റ് പുസ്തകം നോക്കി എടുക്കാതെ മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാൽ സർട്ടിഫിക്കറ്റ് തരാമെന്ന മോശമായ പരാമർശം സബ് രജിസ്ട്രാർ നടത്തുകയും ചെയ്തതായി റിപ്പോർട്ട് ലഭിച്ചു.

സേവനത്തിനായി ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് യാതൊരു സേവനവും നൽകാതെ നാളെ വരൂ എന്ന് നിർദ്ദേശിക്കുകയും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനം കാര്യക്ഷമമായും അഴിമതി രഹിതമായും നൽകണമെന്ന രജിസ്‌ട്രേഷൻ വകുപ്പിന്റെയും സർക്കാരിന്റെയും കാഴ്ചപാടിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്ത മുക്കം സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരുടെ പ്രവൃത്തി സർക്കാർ ജീവനക്കാരന്റെ പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധവും സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്നതുമാണ്.

ഇതിന്റെ അടിസ്ഥാനത്തിലാണ് സബ് രജിസ്ട്രാർ ദേവി പ്രസാദ്, സീനിയർ ക്ലർക്ക് ശിവരാമൻ നായർ, ക്ലർക്ക് റ്റി.കെ. മോഹൻദാസ്, ഓഫീസ് അറ്റൻഡന്റ് പി.ബി രജീഷ എന്നീ ജീവനക്കാരെ സസ്‌പെന്റ് ചെയ്യുന്നതിന് നിർദ്ദേശിച്ചത്.

വിശദമായ അന്വേഷണത്തിനുശേഷം സേവനത്തിനായി ആഫീസിൽ വന്നവരോട് മറ്റൊരുവിവാഹം കഴിച്ചിട്ട് വന്നാൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞതടക്കമുള്ള വിഷയങ്ങൾ പരിശോധിച്ച് ഈ ജീവനക്കാർ സർക്കാർ സർവ്വീസിൽ തുടരാൻ യോഗ്യരാണോയെന്ന കാര്യം കൂടി പരിശോധിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP