Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെട്ടെന്ന് പ്രഖ്യാപിച്ച ടാലന്റ് ഹണ്ടിന്റെ ആദ്യ ദിവസം എത്തിയത് 143 പേർ; ഭാരവാഹികളാകാൻ ഓടിയെത്തിയ യൂത്തന്മാർ നേരിട്ടത് വ്യത്യസ്ത ചോദ്യങ്ങൾ; യൂത്ത് കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റ് ആരെന്നറിയാത്തവരും ഭാരവാഹി പട്ടികയിൽ ഇടംപിടിക്കാനെത്തി; രണ്ടാം ദിനത്തിൽതിരക്ക് കൂടുമെന്ന് ചൂണ്ടിക്കാട്ടി പ്രവർത്തകരും

പെട്ടെന്ന് പ്രഖ്യാപിച്ച ടാലന്റ് ഹണ്ടിന്റെ ആദ്യ ദിവസം എത്തിയത് 143 പേർ; ഭാരവാഹികളാകാൻ ഓടിയെത്തിയ യൂത്തന്മാർ നേരിട്ടത് വ്യത്യസ്ത ചോദ്യങ്ങൾ; യൂത്ത് കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റ് ആരെന്നറിയാത്തവരും ഭാരവാഹി പട്ടികയിൽ ഇടംപിടിക്കാനെത്തി; രണ്ടാം ദിനത്തിൽതിരക്ക് കൂടുമെന്ന് ചൂണ്ടിക്കാട്ടി പ്രവർത്തകരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജില്ലാ- സംസ്ഥാന നേതാക്കളെ കണ്ടെത്താൻ യൂത്ത് കോൺഗ്രസ് നടത്തുന്ന ടാലന്റ് ഹണ്ടിന്റെ ആദ്യദിനത്തിൽ പങ്കെടുത്തത് 140ൽ ഏറെ നേതാക്കൾ. ടാലന്റ് ഹണ്ട് ഇന്ന് സമാപിക്കും. ഒരു ഇടവേളയ്ക്ക് ശേഷം നടക്കുന്ന ടാലന്റ് ഹണ്ടിന് ഇന്നലെയാണ് തുടക്കമായത്. 143 പേരുടെ അഭിമുഖമാണ് ഇന്നലെ പൂർത്തിയായത്. സംസ്ഥാന പ്രസിഡന്റിനെയും ഭാരവാഹികളെയും ജില്ലാ പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കുന്നതിന് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള അഭിമുഖമാണ് കൊച്ചിയിൽ നടക്കുന്നത്. ഡി.സി.സി. ഓഫീസിൽ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രവീന്ദ്രദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ഭാരവാഹികളാവാൻ ആഗ്രഹിക്കുന്നവരെ അഭിമുഖത്തിലൂടെ കണ്ടെത്താൻ സിറ്റിങ് നടത്തുന്നത്.

1983 ജനുവരിക്കു ശേഷം ജനിച്ചവരും തിരഞ്ഞെടുപ്പിലൂടെ യൂത്ത് കോൺഗ്രസിന്റെ ഏതെങ്കിലും ഭാരവാഹിത്വം വഹിക്കുന്നവർക്കും മാത്രമെ സംസ്ഥാന ഭാരവാഹികളാവുന്നതിനുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. എംപി.മാർക്കും എംഎ‍ൽഎ.മാർക്കും നേരിട്ട് പട്ടികയിൽ വരാം.

ഞെട്ടിച്ച ചോദ്യങ്ങൾ

താങ്കളെ ദേശീയ അധ്യക്ഷനാക്കട്ടെ എന്നായിരുന്നു ചിലരോട് ചോദിച്ചത്. പദവി ഏറ്റെടുത്താൽ സംഘടനയെ ശക്തമാക്കാൻ എന്തു ചെയ്യും എന്നായി അടുത്ത ചോദ്യം. എല്ലാവരും നേരിട്ടത് ഒരേ ചോദ്യങ്ങലായിരുന്നില്ല. എന്നാൽ യൂത്ത് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ ആര് എന്ന ചോദ്യം പലരോടും ചോദിച്ചു. ചിലരെങ്കിലും അറിയില്ല എന്ന സിംപിൾ ഉത്തരം നൽകി. എല്ലാവരോടും ചോദിച്ച ഒരു ചോദ്യം 'ആരാണു നിങ്ങളുടെ നേതാവ്?' എന്നായിരുന്നു. ഗ്രൂപ്പ് മറക്കാതെ പോലെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നൊക്കെ ഉത്തരം നൽകിയപ്പോൾ ചിലരുടെ ഉത്തരം രാഹുൽ ഗാന്ധി എന്നായിരുന്നു. ഗ്രൂപ്പുകളെ അതിജീവിക്കുന്ന ആ ഉത്തരത്തിനു കൂടുതൽ മാർക്കു കിട്ടിയോ എന്നറിയാൻ ഇനിയും കാത്തിരിക്കണം.

കേസിന്റെ കണക്കുകൾ കൃത്യമായി വേണം

മൾട്ടി നാഷണൽ കമ്പനികളിലെ അഭിമുഖത്തിനെത്തുന്നതിലും ഗൗരവത്തിലാണ് യൂത്തന്മാർ ടാലന്റ് ഹണ്ടിനെത്തിയത്. ദീർഘമായ ബയോഡേറ്റയുമായി എത്തിയ ഒരുപാടു പേരുണ്ടായിരുന്നു. എന്നാൽ, ലഘുജീവചരിത്രം രേഖപ്പെടുത്താൻ പ്രത്യേകം ഫോം ഉണ്ടായിരുന്നു. പേരും വിലാസവും ചരിത്രവുമെല്ലാം ചോദിച്ച ഫോമിലെ ഒരു ചോദ്യം എത്ര കേസുകളിൽ പ്രതിയായിട്ടുണ്ട് എന്നായിരുന്നു. സംഘടനയ്ക്കു വേണ്ടിയുള്ള സമരങ്ങളും പൊലീസ് കേസുകളും പുതുമയല്ലാത്തതിനാൽ ആ ചോദ്യം ആർക്കും വെല്ലുവിളിയായില്ല. ഇരു ഗ്രൂപ്പുകളും തങ്ങൾ ഭാരവാഹികളാക്കാൻ ലക്ഷ്യമിട്ടിട്ടുള്ളവരെ അഭിമുഖ സംഘത്തിനു മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിൽ മാത്രമെ ചർച്ചകൾ നടക്കുമ്പോൾ ഗ്രൂപ്പ് നേതൃത്വത്തിന് പേരുകൾ ഉന്നയിക്കാൻ സാധിക്കുകയുള്ളു. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ വോട്ടിങ്ങിലൂടെയുള്ള തിരഞ്ഞെടുപ്പ് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നില്ല. ഭാരവാഹിപ്പട്ടിക സംസ്ഥാനത്തെ ഗ്രൂപ്പ് നേതൃത്വങ്ങളുടെ വീതം വയ്പാകുമെന്ന ആശങ്ക യുവഭാരവാഹിത്വ മോഹികൾ ഗ്രൂപ്പ് ഭേദമില്ലാതെ പങ്കുവയ്ക്കുന്നു.

സംവരണവും പാലിക്കും

യൂത്ത് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് വിജ്ഞാപന പ്രകാരം എറണാകുളം, പത്തനംതിട്ട ജില്ലകൾ പട്ടികവിഭാഗ സംവരണത്തിൽ വരുന്നതാണ്. എറണാകുളം പാർലമെന്റ് മണ്ഡലം ഇതിനു മുമ്പും സംവരണ സീറ്റായിരുന്നു. എറണാകുളത്തെ വീണ്ടും സംവരണത്തിൽ ഉൾപ്പെടുത്തിയത് നേതാക്കളെ വലയ്ക്കുന്നുണ്ട്. 93,202 പേരെ ചേർത്ത്, സംസ്ഥാനത്ത് യൂത്ത് കോൺഗ്രസിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ളത് എറണാകുളം ജില്ലയിലാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ നോമിനേഷനിലേക്ക് മാറുമ്പോൾ, എറണാകുളത്തിന്റെ സംവരണം മാറ്റണമെന്ന നിവേദനങ്ങളും നേതൃത്വത്തിന് ലഭിക്കുന്നുണ്ട്.

ഇന്ന തിരക്ക് കൂടിയേക്കും

പെട്ടെന്നു പ്രഖ്യാപിച്ച പരിപാടി ആയതിനാൽ ആദ്യ ദിവസം ആള് കുറവാണ് എന്നാണ് യൂത്ത് കോൺഗ്രസുകാർ പറയുന്നത്. പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നതിന്റെയും തല്ല് കൊള്ളുന്നതിന്റെയും പ്രസ്താവനകൾ നടത്തിയതിന്റെയും ഉൾപ്പെടെ പത്ര കട്ടിംഗുകൾ സംഘടിപ്പിക്കുന്ന തിരക്കിലാണ നേതാക്കൾ. അതിനാൽ തന്നെ ആദ്യ ദിവസത്തേക്കാൾ ആളുകൾ ഇന്ന് ടാലന്റ് ഹണ്ടിന് എത്തും എന്നാണ് പ്രതീക്ഷ. വൈകിട്ട് നാല് മണിവരെയാണ് സമയം എങ്കിലും ഏറെ വൈകിയേ അഭിമുഖം അവസാനിക്കൂ എന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP