Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്മീഷന്റെ അന്വേഷണം കേസ് വിചാരണയേ അല്ല; കമ്മീഷന് മുന്നിൽ വാദിയോ പ്രതിയോ ഇല്ല; അന്വേഷണം നടത്തി റിപ്പോർട്ട് നൽകുക മാത്രമാണ് ഉത്തരവാദിത്വം; റിപ്പോർട്ട് കിട്ടിയാൽ സർക്കാർ റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ 6 മാസത്തിനുള്ളിൽ പാർലമെന്റിന്റേയോ നിയമ സഭയുടേയോ മേശപ്പുറത്ത് വയ്ക്കണം; നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ജുഡീഷ്യൽ അന്വേഷണത്തിന്റെ നിയമ വശങ്ങൾ: അഡ്വ.പി.റഹിം എഴുതുന്നു

കമ്മീഷന്റെ അന്വേഷണം കേസ് വിചാരണയേ അല്ല; കമ്മീഷന് മുന്നിൽ വാദിയോ പ്രതിയോ ഇല്ല; അന്വേഷണം നടത്തി റിപ്പോർട്ട് നൽകുക മാത്രമാണ് ഉത്തരവാദിത്വം; റിപ്പോർട്ട് കിട്ടിയാൽ സർക്കാർ റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ 6 മാസത്തിനുള്ളിൽ പാർലമെന്റിന്റേയോ നിയമ സഭയുടേയോ മേശപ്പുറത്ത് വയ്ക്കണം; നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ജുഡീഷ്യൽ അന്വേഷണത്തിന്റെ നിയമ വശങ്ങൾ: അഡ്വ.പി.റഹിം എഴുതുന്നു

അഡ്വ പി റഹിം

കേരളത്തിൽ നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേരള സർക്കാർ. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷികളും അതുപോലെ മറ്റു സംഘടനകളും ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് ജുഡീഷ്യൽ അന്വേഷണത്തിന്റെ പ്രസക്തിയും പ്രധാന്യവും വ്യക്തമാക്കുന്നു.

എന്താണ് ജുഡീഷ്യൽ അന്വേഷണം 

1952 ലെ കമ്മീഷൻസ് ഓഫ് എൻക്വയറി ആക്ട് അനുസരിച്ചാണ് ജുഡീഷ്യൽ അന്വേഷണം ഏർപ്പെടുത്തുന്നത്. 1952 ലെ 60-ാം നമ്പർ കേന്ദ്ര നിയമം ആണിത്. ഈ നിയമത്തിന്റെ 3-ാം വകുപ്പനുസരിച്ചാണ് അന്വേഷണ കമ്മീഷനെ നിയമിക്കുന്നത്. പൊതുപ്രാധാന്യമുള്ള നിശ്ചിത വിഷയങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ടു സമർപ്പിക്കുകയാണ് ഈ കമ്മീഷന്റെ ചുമതല. നിയമപ്രകാരം കേന്ദ്ര ഗവണ്മെന്റിനും സംസ്ഥാന ഗവണ്മെന്റുകൾക്കും ഇത്തരം കമ്മീഷനെ നിയമിക്കാം.

എന്നാൽ ഒരു വിഷയത്തെ സംബന്ധിച്ച് കേന്ദ്ര ഗവണ്മെന്റ് ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചാൽ ആ കമ്മീഷൻ പ്രവർത്തനത്തിലുള്ള കാലത്തോളം സംസ്ഥാന ഗവണ്മെന്റ് ആ വിഷയം സംബന്ധിച്ച് വേറെ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാൻ പാടില്ല. എന്നാൽ കേന്ദ്രഗവണ്മെന്റിന്റെ അംഗീകാരത്തോടെ വേണമെങ്കിൽ വയ്ക്കുകയും ചെയ്യാം. എന്നാൽ സംസ്ഥാന ഗവണ്മെന്റ് ഒരു വിഷയം സംബന്ധിച്ച് ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചാൽ ആ കമ്മീഷൻ പ്രവർത്തനത്തിലുള്ള കാലത്തോളം ആ വിഷയം സംബന്ധിച്ച അന്വേഷണത്തിന് കേന്ദ്രഗവണ്മെന്റും വേറെ ഒരു കമ്മീഷനെ നിയമിക്കാൻ പാടില്ല.

എന്നാൽ അന്വേഷണം ഒന്നിലധികം സംസ്ഥാനങ്ങളെ ബാധിക്കുന്ന ഒരു വിഷയവും ആ സംസ്ഥാനങ്ങളിലേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കേണ്ടതാണെന്നും കേന്ദ്രഗവണ്മെന്റിന് ബോധ്യമായാൽ കേന്ദ്രഗവണ്മെന്റിന് ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഏകാംഗ കമ്മീഷനും ഒന്നിലധികം അംഗങ്ങളുള്ള കമ്മീഷനുകളും നിയമിക്കാൻ ഗവണ്മെന്റിന് അധികാരമുണ്ട്. ഒന്നിലധികം അംഗങ്ങളുള്ള കമ്മീഷന് ഒരു ചെയർമാനുണ്ടാകും.

ചില സംഗതികളിൽ സിവിൽ കോടതികളുടെ അധികാരം കമ്മീഷന് ബാധകമാക്കിയിട്ടുണ്ട്. 1908 ലെ സിവിൽ നടപടി നിയമപ്രകാരം ഒരു കേസ് വിചാരണ ചെയ്യുമ്പോഴുള്ള ചില അധികാരങ്ങളാണ് ഇതിലൂടെ കമ്മീഷനു ലഭിക്കുന്നത്. ഇന്ത്യയിലെ ഏതു ഭാഗത്തുനിന്നും ആളെ സമൺസിൽ വരുത്തി വിസ്തരിക്കുക, രേഖ വെളിപ്പെടുത്താനാവശ്യപ്പെടുക, രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുക, സത്യവാംഗ്മൂലത്തിലൂടെ തെളിവ് സ്വീകരിക്കുക, ഏതെങ്കിലും കോടതിയിൽ നിന്നോ ഓഫീസിൽ നിന്നോ രേഖകളോ അവയുടെ പകർപ്പോ ആവശ്യപ്പെടുക, കമ്മീഷൻ മുഖാന്തിരം സാക്ഷി വിസ്താരം നടത്തുക, കമ്മീഷൻ മുഖാന്തിരം രേഖകൾ പരിശോധിക്കുക, നിർണ്ണയിച്ചു നൽകുന്ന മറ്റെതെങ്കിലും വിഷയം തുടങ്ങിയവയാണ് ഈ അധികാരങ്ങൾ. കൂടാതെ ചില കൂടുതൽ അധികാരങ്ങളും കമ്മീഷനുണ്ട്.

നടത്താനുള്ള അന്വേഷണത്തിന്റെ പ്രകൃതവും സാഹചര്യവും അനുസരിച്ച് നിയമത്തിലെ ചില വ്യവസ്ഥകൾ പൂർണ്ണമായോ ഭാഗീകമായോ കമ്മീഷന് ബാധകമാകുന്ന വിജ്ഞാപനം ഗവണ്മെന്റ് പുറപ്പെടുവിക്കുക വഴി ലഭിക്കുന്ന അധികാരമാണ് അവയിലൊന്ന്. അന്വേഷണത്തിന്റെ വിഷയത്തിന് ഉപയോഗപ്രദമായതോ പ്രസക്തമായതോ ആയ വിവരം നൽകാൻ ആരോടാണോ കമ്മീഷൻ ആവശ്യപ്പെടുന്നത് അയാൾ ഇന്ത്യൻ ശിക്ഷാ നിയമം 176,177 വകുപ്പുകൾ പ്രകാരം ആ വിവരങ്ങൾ നൽകുന്നതിന് നിയമപ്രകാരം ബാദ്ധ്യസ്ഥനാണെന്ന് കരുതപ്പെടുമെന്ന് നിയമത്തിന്റെ 5(2) വകുപ്പു പറയുന്നു.

അന്വേഷണ വിഷയം സംബന്ധിച്ച അക്കൗണ്ട് ബുക്കുകൾ, രേഖകൾ തുടങ്ങിയവ കണ്ടെത്തുന്നതിന് ഏതു സ്ഥലത്തും കെട്ടിടത്തിലും കമ്മീഷന് പ്രവേശിക്കാവുന്നതും 1973 ലെ ക്രിമിനൽ നടപടി പ്രകാരം 102,103 വകുപ്പുകളിലെ വ്യവസ്ഥകൾ ബാധകമാകുന്നിടത്തോളം അവക്കു വിധേയമായി അക്കൗണ്ട് ബുക്കുകളും രേഖകളും പിടിച്ചെടുക്കാനും അവയിൽ നിന്നും എക്‌സ്ട്രാക്ടുകളോ പകർപ്പുകളോ എടുക്കാനും അധികാരമുണ്ടെന്ന് മൂന്നാം ഉപവകുപ്പ് പറയുന്നു. ഒരു സിവിൾ കോടതിയായാണ് കമ്മീഷൻ കരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ സിക്ഷാനിയമത്തിലെ 175,178,179,180,228 എന്നീ വകുപ്പുകളിൽ വിവരിക്കുന്ന കുറ്റം കമ്മീഷന്റെ സാന്നിധ്യത്തിൽ ചെയ്യുന്ന ആൾക്കെതിരെയുള്ള പരാതി ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതി ക്രിമിനൽ നടപടി നിയമം 346-ാം വകുപ്പനുസരിച്ച് വിചാരണ ചെയ്യണമെന്ന് നിയമത്തിന്റെ 5(4) വകുപ്പ് നിഷ്‌കർഷിക്കുന്നു.

രേഖ ഹാജരാക്കാൻ നിയമ പ്രകാരം ബാദ്ധ്യസ്ഥനായ ആൾ രേഖ ഹാജരാക്കാതിരിക്കുക, മുറ പ്രകാരം സത്യം ചെയ്യാൻ വിസമ്മതിക്കുക, ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസമ്മതിക്കുക, പ്രസ്താവനയിൽ ഒപ്പുവെയ്ക്കാൻ വിസമ്മതിക്കുക, ഉദ്ദേശപൂർവ്വം കമ്മീഷനെ അപമാനിക്കുകയോ ജോലിക്കു തടസ്സമുണ്ടാക്കുകയോ ചെയ്യുക തുടങ്ങിയവയാണ് ഇത്തരം കുറ്റകൃത്യങ്ങൾ. കൂടാതെ കമ്മീഷന്റെ മുമ്പാകെയുള്ള ഏതു നടപടിയും ഇന്ത്യൻ ശിക്ഷാ നിയമം 193 -ാം, 228-ാം വകുപ്പുകളുടെ അർത്ഥത്തിലുള്ള ഒരു നീതിന്യായ നടപടിയാണ്. കൂടാതെ എൻക്വയറി സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നതിന് ചില ഉദ്യോഗസ്ഥന്മാരുടേയും അന്വേഷണ ഏജൻസികളുടേയും സേവനം ഉപയോഗപ്പെടുത്താനും കമ്മീഷന് അധികാരം നൽകിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേക വൈദഗ്ദ്യമുള്ള ആളുകളെ കമ്മീഷനെ സഹായിക്കാനും ഉപദേശിക്കാനുമായി അസ്സസ്സറി ആയി നിയമിക്കാനും കമ്മീഷന് അധികാരമുണ്ട്. സ്വന്തം നടപടി ക്രമങ്ങൾ ചിട്ടപ്പെടുത്തുന്നതിനും കമ്മീഷന് അധികാരമുണ്ട്. കമ്മീഷൻ സിറ്റിങ് നടത്തുന്ന സ്ഥലം, സമയം, പബ്ലിക് സിറ്റിങ് ആണോ , സ്വകാര്യ സിറ്റിങ് ആണോ എന്നൊക്കെ തീരുമാനിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തും.

ഒരാളുടെ സ്വഭാവത്തേയോ ഖ്യാതിയേയോ ദോഷകരമായി ബാധിക്കുന്ന സംഗതികളിൽ അയാളെ കൂടി കേട്ട് തെളിവെടുക്കേണ്ടതാണെന്നും നിയമം അനുശാസിക്കുന്നു. കമ്മീഷണർ മുമ്പാകെ ക്രോസ് വിസ്താരത്തിനും അഭിഭാഷകൻ മുഖേന പ്രതിനിധാനം ചെയ്യാനും കക്ഷികൾക്ക് അവകാശമുണ്ട്. ജുഡീഷ്യൽ എൻക്വയറിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി അന്വേഷണ വിഷയം ആണ്. പൊതുപ്രാധാന്യമുള്ള ഏതെങ്കിലും നിശ്ചിത വിഷയമാണ് ഇവിടെ അന്വേഷണ വിധേയമാകുന്നത്. റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദ്ദിഷ്ട കാലാവധിയുണ്ടാകും. ഇതുവേണമെങ്കിൽ ഗവണ്മെന്റിന് നീട്ടിക്കൊടുക്കാം.

കേരളത്തിലെ നെടുങ്കണ്ടം കസ്റ്റഡി മരണം പൊലീസ് അന്വേഷിക്കുന്ന വിഷയമാണ്.അതേ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണവും നടത്തുന്നതിന് നിയമപരമായി തടസ്സങ്ങളൊന്നുമില്ല. ഒരേ സമയം 2 അന്വേഷണങ്ങളും നടത്തരുതെന്ന് ബന്ധപ്പെട്ട നിയമങ്ങൾ പറയുന്നില്ല. ക്രിമിനൽ നിയമം അനുസരിച്ച് അന്വേഷണം നടത്തുന്ന കേസുകളിൽ കുറ്റം കണ്ടെത്തിയാൽ കുറ്റപത്രം നിർബന്ധമാണ്. അതുകൊണ്ട് തന്നെ വിചാരണ നടക്കും. കുറ്റം തെളിഞ്ഞാൽ ശിക്ഷയും ലഭിക്കും. എന്നാൽ ജുഡീഷ്യൽ അന്വേഷണ കമ്മീഷന് ഈ അധികാരം ഇല്ല. ശുപാർശ സ്വഭാവമുള്ള റിപ്പോർട്ട് നൽകാനേ കമ്മീഷന് കഴിയൂ. ഗവണ്മെന്റിന് ഈ റിപ്പോർട്ട് കൊള്ളുകയോ തള്ളുകയോ ചെയ്യാം. ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണം കേസ് വിചാരണേ അല്ല. കമ്മീഷന് മുന്നിൽ വാദിയോ പ്രതിയോ ഇല്ല. അന്വേഷണം നടത്തി റിപ്പോർട്ട് നൽകുക മാത്രമാണ് കമ്മീഷന്റെ ഉത്തരവാദിത്വം. റിപ്പോർട്ട് കിട്ടിയാൽ സർക്കാർ റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ . 6 മാസത്തിനുള്ളിൽ പാർലമെന്റിന്റേയോ നിയമ സഭയുടേയോ മേശപ്പുറത്ത് വയ്ക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP