Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സകല പ്രതീക്ഷകളും തകർപ്പൻ ഫോമിലുള്ള മുൻ നിരയിൽ; മാറ്റി പരീക്ഷിച്ചിട്ടും നടുവേദന മാറാതെ മധ്യനിര; `രോഹിരാട്` കഴിഞ്ഞാൽ വിശ്വസിക്കാൻ കൊള്ളാവുന്ന ആരുമില്ല; ബൗളിങ്ങിൽ വജ്രായുധം ബുംറ തന്നെ; അടുപ്പിച്ച് മൂന്ന് തോൽവികളുമായി കിവികൾ എത്തുന്നത് മുറിവേറ്റ സിംഹങ്ങളായി; ഒരിക്കൽ കൂടി ഇന്ത്യയുടെ ബോൾട്ടിളക്കാൻ ട്രെന്റ് ബോൾട്ട്; മേൽക്കൈ ഇന്ത്യക്കെങ്കിലും ഭയക്കണം ന്യൂസിലാൻഡിനെ; മാഞ്ചസ്റ്ററിൽ മഴ മാറി നിന്നാൽ ആദ്യ സെമി പൊളിക്കും

സകല പ്രതീക്ഷകളും തകർപ്പൻ ഫോമിലുള്ള മുൻ നിരയിൽ; മാറ്റി പരീക്ഷിച്ചിട്ടും നടുവേദന മാറാതെ മധ്യനിര; `രോഹിരാട്` കഴിഞ്ഞാൽ വിശ്വസിക്കാൻ കൊള്ളാവുന്ന ആരുമില്ല; ബൗളിങ്ങിൽ വജ്രായുധം ബുംറ തന്നെ; അടുപ്പിച്ച് മൂന്ന് തോൽവികളുമായി കിവികൾ എത്തുന്നത് മുറിവേറ്റ സിംഹങ്ങളായി; ഒരിക്കൽ കൂടി ഇന്ത്യയുടെ ബോൾട്ടിളക്കാൻ ട്രെന്റ് ബോൾട്ട്; മേൽക്കൈ ഇന്ത്യക്കെങ്കിലും ഭയക്കണം ന്യൂസിലാൻഡിനെ; മാഞ്ചസ്റ്ററിൽ മഴ മാറി നിന്നാൽ ആദ്യ സെമി പൊളിക്കും

വേൾഡ്കപ്പ് ഡെസ്‌ക്

മാഞ്ചസ്റ്റർ: ലീഗ് ഘട്ടം കഴിഞ്ഞു. ലോകകപ്പിൽ ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങൾ മാത്രമാണ്. സെമി ഫൈനലുകളും ഫൈനലും. പത്ത് ടീമുകൾ ഉണ്ടായിരുന്ന ടൂർണമെന്റിൽ പ്രാഥമിക ഘട്ടം കഴിഞ്ഞപ്പോൾ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് എന്നിവർ യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളിൽ എത്തി. ഇതിൽ ആദ്യത്തെ സെമി ഫൈനിലിൽ നാളെ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടാനൊരുങ്ങുകയാണ്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിക്ക് മത്സരം ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും തമ്മിൽ നടക്കേണ്ടിയരുന്ന മത്സരം മഴ കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. നാളെ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മുൻതൂക്കം ഇന്ത്യക്കാണ്. എന്നാൽ ന്യൂസിലാൻഡിനെ എഴുതിത്ത്ത്തള്ളാൻ കഴിയുകയുമില്ല.

തകർപ്പൻ ഫോമിൽ കളിക്കുന്ന വൈസ്‌ക്യാപ്റ്റൻ രോഹിത് ശർമ്മ, നായകൻ വിരാട് കോലി, ബാറ്റ്‌സ്മാന്മാരെ വട്ടം കറക്കുന്ന ലോക ഒന്നാം നമ്പർ ബൗളർ ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യയുടെ കരുത്ത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടി ലോകേഷ് രാഹുലും ഫോമിലെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം കൂട്ടും. നേരത്തെ മാഞ്ചസ്റ്ററിൽ രണ്ട് മത്സരങ്ങൾ ഈ ലോകകപ്പിൽ ഇന്ത്യ കളിച്ചിരുന്നു പാക്കിസ്ഥാനും വെസ്റ്റിൻഡീസിനുമെതിരെ. രണ്ടിലും ഇന്ത്യ വിജയിക്കുകയും ചെയ്തു. മധ്യ നിരയിൽ മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇറങ്ങിയത്. എന്നാൽ ബംഗ്ലാദേശിനെതിരെ ഇവർക്ക് തിളങ്ങാൻ കഴിഞ്ഞില്ല. ശ്രീലങ്കയ്ക്ക് എതിരെ ബാറ്റിങ്ങിന് അവസരം ലഭിച്ചതുമില്ല.

റണ്ണൊഴുകുന്ന മാഞ്ചസ്റ്ററിൽ ഇന്ത്യൻ ലൈനപ്പ് എങ്ങനെയായിരിക്കും എന്നതാണ് ശ്രദ്ധേയം. ഓപ്പണർമാരായി രാഹുലും രോഹിതും മൂന്നാമനായി കോലിയുമെത്തുന്ന മുൻനിര ശക്തമാണ്. നാലാം നമ്പറിൽ എത്തിയ ഋഷബ് പന്ത് വലിയ ഇന്നിങ്‌സുകൾ കളിച്ചില്ലെങ്കിലും നന്നായി തന്നെ ബാറ്റ് ചെയ്യുന്നുണ്ട്. മധ്യനിരയിൽ ധോണിക്കൊപ്പം ദിനേശ് കാർത്തിക് ഹാർദ്ദിക് പാണ്ഡ്യ എന്നിവർ എത്തും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഉപയോഗിക്കാം എന്നുള്ളത് ജഡേജയ്ക്ക് മുതൽകൂട്ടാകും. ജഡേജ ഉള്ളപ്പോൾ രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നർമാർ വേണ്ട എന്ന് കോലി തീരുമാനിച്ചാൽ കുൽദീപ് യാദവ് കരയ്ക്കിരിക്കും. ശ്രീലങ്കയ്ക്ക് എതിരെ വിശ്രമിച്ച ചഹൽ തിരികെ എത്തും. ജഡേജയ്ക്ക് പുറമെ രണ്ട് സ്പിന്നർമാരെയും കളിപ്പിക്കാൻ തീരുമാനിച്ചാൽ കാർത്തിക് പുറത്തിരിക്കും.

ഫാസ്റ്റ് ബൗളിങ്ങിൽ ജസ്പ്രീത് ബുംറയ്ക്ക് ഒപ്പം ഭുവനേശ്വറോ അതോ മുഹമ്മദ് ഷമിയോ എന്ന കാര്യത്തിലും അന്തിമ തീരുമാനം കൈക്കൊള്ളുക തലവേദനയാണ് ടീം മാനേജ്‌മെന്റിന്. നേരത്തെ വിൻഡീസിനെതിരെ ഇതേ മൈദാനത്ത് കളിച്ചപ്പോൾ തകർപ്പൻ ഫോമിൽ പന്തെറിഞ്ഞ ഷമിക്ക് നേരിയ മുൻതൂക്കം ഉണ്ട് എന്നതാണ് വസ്തുത. ഇന്ത്യയുടെ സാധ്യത ഇലവൻ ഇങ്ങനെ : രോഹിത് ശർമ്മ, ലോകേഷ് രാഹുൽ, വിരാട് കോലി. ഋഷഭ് പന്ത്, എംഎസ് ധോണി, ദിനേശ് കാർത്തിക്, ഹാർദ്ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് / ജഡേജ, ഭുനവേശ്വർ കുമാർ / മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

മറുവശത്ത് ന്യൂസിലാൻഡിന്റെ കാര്യം പരുങ്ങലിലാണ്. ടൂർണമെന്റിൽ തകർപ്പൻ തുടക്കമായിരുന്നുവെങ്കിലും അവസാനം കളിച്ച മൂന്ന് മത്സരങ്ങളിൽ പാക്കിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരോട് തോറ്റാണ് ന്യൂസിലാൻഡിന്റെ വരവ്. ഇന്ത്യക്കെതിരായ മത്സരത്തിൽ പക്ഷേ അവരെ എഴുതി തള്ളാൻ ആരും തയ്യാറാകില്ല. ലോക നാലാം നമ്പർ ടീമായ കീവികൾ അവരുടേതായ ദിവസം ആരെയും വീഴ്‌ത്തും. പ്രത്യേകിച്ച് മികച്ച ബാറ്റിങ് ഫോമിൽ കളിക്കുന്ന നായകൻ കെയ്ൻ വില്യംസൺ തന്നെയാണ് പേടിക്കേണ്ട താരം. ഓൾറൗണ്ടർമാരായ ജെയിംസ് നീഷം, കോളിൻ ഡി ഗ്രാൻഡ് ഹോം എന്നിവർ നല്ല ഫോമിലാണ് ബാറ്റുകൊണ്ടും ബോളു കൊണ്ടും.

ഇന്ത്യക്ക് എതിരെ എല്ലായിപ്പോഴും നന്നായി പന്തെറിയുന്ന ട്രെൻഡ് ബോൾട്ടായിരിക്കും അവരുടെ പ്രധാന ആയുധം. ഈ ലോകകപ്പിലെ സന്നാഹ മത്സരത്തിൽ ഇന്ത്യയെ ചെറിയ സ്‌കോറിൽ ഓൾ ഔട്ടാക്കിയതും അനായാസം വിജയിച്ചതും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. ഒപ്പം തന്നെ ടോം ലഥാം നല്ല ഫോമിലാണ്. ഓപ്പണർമാരായ കോളിൻ മൺറോ, മാർട്ടിൻ ഗപ്റ്റിൽ എന്നിവർ കൂടി ഫോമിലായാൽ കീവികൾ പറക്കും. നാളെ മത്സരത്തിന് ഇറങ്ങുമ്പോൾ 11 വർഷം മുൻപ് മലേഷ്യയിൽ വെച്ചുള്ള ഒരു കണക്ക് കൂടി തീർക്കാൻ ബാക്കിയുണ്ട് കെയിൻ വില്യംസണ്. 2008ൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയും ന്യൂസിലാൻഡും ഏറ്റ്മുട്ടിയപ്പോൾ കോലിയുടെ ഇന്ത്യക്കായിരുന്നു വിജയം. അതിന് പകരം വീട്ടാൻ അന്ന് പൊടിമീശക്കാരനായിരുന്ന വില്യംസൺ ഇന്ന് താടി വളർത്തി യോഗ്യനായ ഒരു പോരാളിയായി മാറിയിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ.

നാളെ മത്സരം നടക്കുന്ന മാഞ്ചസ്റ്ററിൽ മഴ ഭീഷണിയുമുണ്ട്. മത്സരത്തിനിടെ നേരിയ മഴ പെയ്യാന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.രാവിലേയും ഉച്ചയ്ക്കും, ഉച്ചയ്ക്ക് ശേഷവും ഇവിടെ മഴ പെയ്യാന് സാധ്യതയുണ്ടെന്നമുന്നറിയിപ്പ് വന്നതോടെ മഴ രസംകൊല്ലിയാവുമോ എന്ന ആശങ്ക ഉടലെടുത്തു കഴിഞ്ഞു. മൂടിക്കെട്ടിയ അന്തരീക്ഷത്തിലാവും കളി നടക്കുക എങ്കിലും മഴ കളി മുടക്കിയേക്കില്ലെന്നാണ് റിപ്പോര്ട്ട്. മഴ കളി മുടക്കിയാല് തന്നെ ആശങ്കപ്പെടാനുമില്ല. സെമി ഫൈനലിനും ഫൈനലിനും റിസര്‌വ് ഡേയുണ്ട്. മഴ കളി മുടക്കിയാല് അടുത്ത ദിവസത്തേക്ക് മത്സരം മാറ്റിവയ്ക്കാനാവും. സെമിയുടെ റിസര്‌വ് ഡേയും മഴ കളി മുടക്കിയാല് ഗ്രൂപ്പ് ഘട്ടത്തില് ഒന്നാം സ്ഥാനക്കാരായ ഇന്ത്യയായിരിക്കും ഫൈനലിലെത്തുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP