Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആനവണ്ടിയെ കരകയറ്റാൻ മുഖ്യതടസ്സം പിടിപ്പില്ലാത്ത മിഡിൽ മാനേജ്‌മെന്റിന്റെ തറവേലകൾ; നടത്തിപ്പ് പ്രൊഫഷണൽ ടീമിനെ ഏൽപിക്കണമെന്ന് ശുപാർശ വന്നിട്ടും കണ്ടഭാവമേയില്ല; കെഎസ്ആർടിസിയെ വെട്ടിച്ച് സർവീസ് നടത്തുന്ന അന്ത:സംസ്ഥാന ബസുകളുടെ ഗൂണ്ടായിസം പിടിക്കാനും ആരുമില്ല; സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാതെ കോർപറേഷനെ വെള്ളം കുടിപ്പിക്കുന്നത് കെ.ആർ.ജ്യോതിലാലോ? ഗതാഗത സെക്രട്ടറിക്ക് സ്ഥാന ചലനം വരാതെ പിണറായിയുടെ കോപം തണുപ്പിച്ചത് മന്ത്രി എ.കെ.ശശീന്ദ്രൻ

ആനവണ്ടിയെ കരകയറ്റാൻ മുഖ്യതടസ്സം പിടിപ്പില്ലാത്ത മിഡിൽ മാനേജ്‌മെന്റിന്റെ തറവേലകൾ; നടത്തിപ്പ് പ്രൊഫഷണൽ ടീമിനെ ഏൽപിക്കണമെന്ന് ശുപാർശ വന്നിട്ടും കണ്ടഭാവമേയില്ല; കെഎസ്ആർടിസിയെ വെട്ടിച്ച് സർവീസ് നടത്തുന്ന അന്ത:സംസ്ഥാന ബസുകളുടെ ഗൂണ്ടായിസം പിടിക്കാനും ആരുമില്ല; സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാതെ കോർപറേഷനെ വെള്ളം കുടിപ്പിക്കുന്നത് കെ.ആർ.ജ്യോതിലാലോ? ഗതാഗത സെക്രട്ടറിക്ക് സ്ഥാന ചലനം വരാതെ പിണറായിയുടെ കോപം തണുപ്പിച്ചത്  മന്ത്രി എ.കെ.ശശീന്ദ്രൻ

എം മനോജ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സമ്പൂർണ്ണ നവീകരണം ലക്ഷ്യമിട്ട് സർക്കാർ ഏർപ്പെടുത്തിയ സുശീൽഖന്ന റിപ്പോർട്ട് നടപ്പിലാക്കാൻ മുഖ്യതടസം ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ? കഴിഞ്ഞ മാർച്ചിൽ സുശീൽ ഖന്ന അന്തിമ റിപ്പോർട്ടു നൽകിയിട്ടും റിപ്പോർട്ട് നടപ്പിലാക്കാനോ അത് പുറത്തുവിടാനോ ഒന്നും കെഎസ്ആർടിസി തയ്യാറല്ല. ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ സുശീൽഖന്ന റിപ്പോർട്ട് നടപ്പിലാക്കാൻ തടസം നിൽക്കുന്നുവെന്നാണ് പ്രതിപക്ഷ നിരയിൽ നിന്നും വന്ന ആക്ഷേപം. അന്തിമ റിപ്പോർട്ട് സുശീൽഖന്ന സമർപ്പിച്ചിട്ടും ഇതുവരെ അത് നടപ്പിൽ വരാത്തതിൽ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇതുമായി ബന്ധപ്പെട്ടു ജ്യോതിലാലിന് സ്ഥാന ചലനം വന്നുവെന്നു പ്രചാരണം വന്നെങ്കിലും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ തന്നെ ഈ കാര്യം മറുനാടനോട് നിഷേധിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണമെങ്കിൽ കാബിനറ്റ് തീരുമാനം വരണം. അങ്ങിനെയൊരു കാബിനറ്റ് തീരുമാനം വരണം. ഈ മൂന്നിന് കൂടിയ കാബിനറ്റ് ഒന്നും ഈ കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല. വാസ്തവ വിരുദ്ധമായ കാര്യമാണ് പ്രചാരണത്തിന്റെ രൂപത്തിൽ നടക്കുന്നത്-ശശീന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേസമയം സുശീൽഖന്ന റിപ്പോർട്ട് സഭയിൽ ചർച്ചയാക്കാനും മറുപടി പറയിക്കാനുമുള്ള പ്രതിപക്ഷത്തിന്റെ നീക്കവും പരാജയമായി. സഭ പിരിയുന്ന ദിവസം കഴിഞ്ഞ അഞ്ചിന് അതായത് കഴിഞ്ഞ വെള്ളി കെഎസ്ആർടിസി ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും പറയുന്ന ദിനമായിരുന്നു. പക്ഷെ വ്യാഴാഴ്ച തന്നെ സഭ പിരിഞ്ഞു. അതിനാൽ പ്രതിപക്ഷം സഭയിൽ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ടു ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടിയും ലഭിച്ചില്ല. അതുകൊണ്ട് തന്നെ ഗതാഗതവകുപ്പും ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും രക്ഷപ്പെടുകയും ചെയ്തു. സുശീൽ ഖന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ടു അതിപ്രധാനമായ ചോദ്യങ്ങൾ ആണ് പ്രതിപക്ഷ സാമാജികരും ഭരണപക്ഷ സാമാജികരും എഴുതി നൽകിയിരുന്നത്. എന്നാൽ സഭ നേരത്തെ പിരിഞ്ഞതുകാരണം ഒരു ചോദ്യത്തിനും ഉത്തരം വന്നില്ല.

ഷെഡ്യൂൾ പ്രകാരം അഞ്ചാം തീയതി പിരിയേണ്ട സഭ നാലാം തീയതി തന്നെ പിരിയുകയായിരുന്നു. ഷെഡ്യൂൾ വെട്ടിക്കുറയ്ക്കാനും കൂട്ടാനും സ്പീക്കർക്ക് പരമാധികാരം ഉള്ളപ്പോൾ ഇത് സംസാരവിഷയമായതുമില്ല. സഭ നേരത്തെ പിരിഞ്ഞത് കാരണം ഗതാഗതവകുപ്പും മന്ത്രി എ.കെ.ശശീന്ദ്രനുമാണ് രക്ഷപ്പെട്ടത്. കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള സുശീൽഖന്ന റിപ്പോർട്ടും അന്തർ സംസ്ഥാന ബസ് ലോബിയുടെ ഗുണ്ടായിസവും ഉൾപ്പെടെ ഒട്ടുവളരെ പ്രശ്‌നങ്ങൾ ഗതാഗതവകുപ്പുമായി ബന്ധപ്പെട്ടു ഉയരുന്നതിനിടെയാണ് ചോദ്യങ്ങൾക്ക് ഉത്തരം പോലും നൽകാതെ മന്ത്രിക്കും വകുപ്പിനും രക്ഷപ്പെടാൻ വഴിതെളിഞ്ഞത്.

കെഎസ്ആർടിസിയുടെ മിഡിൽ മാനേജ്മെന്റ് പൂർണപരാജയമായതിനാലാണ് കെഎസ്ആർടിസി ഇത്ര വലിയ നഷ്ടത്തിലായതെന്നും അതിനാൽ പ്രൊഫഷണൽ ടീമിനെ വയ്ക്കണമെന്ന സുശീൽ ഖന്നയുടെ നിർദ്ദേശം നടപ്പാക്കാൻ വന്ന കാലതാമസം വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷത്ത് നിന്ന് അൻവർ സാദത്ത് ചോദ്യമായി എഴുതി നൽകിയിരുന്നത്. കെഎസ് ആർടിസി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിനു കാരണക്കാരായ എക്‌സിക്യൂട്ടീവ് ഡയറക്ടർമാർക്ക് പകരം പ്രൊഫഷണൽ ടീമിനെ വയ്ക്കുന്നതിന് ഈ സർക്കാർ സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കണമെന്നും ഇതേ ചോദ്യത്തിനു ഉപചോദ്യമായി നൽകിയ ചോദ്യത്തിൽ വ്യക്തമാക്കിയിരുന്നു.

പ്രൊഫഷണൽ ടീമിനെ ക്ഷണിക്കാൻ നോട്ടിഫിക്കേഷൻ ക്ഷണിച്ചിരുന്നോ, അതിൽ എത്രപേർ അപേക്ഷിച്ചിട്ടുണ്ട്. അവരുടെ യോഗ്യതകൾ എന്തൊക്കെ എന്ന ചോദ്യവും ഇതേ ചോദ്യത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. സുശീൽ ഖന്ന റിപ്പോർട്ടിൽ കെഎസ്ആർടിസി ലാഭകരമാക്കാൻ നിർദ്ദേശിച്ചിട്ടുള്ള ഇടക്കാല നിർദ്ദേശങ്ങൾ എന്തെന്ന് എന്ന് വ്യക്തമാക്കണമെന്നു വി.ഡി.സതീശനും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് അന്തർ സംസ്ഥാന ബസ് സർവീസിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ എന്ന് ടി.വി.ഇബ്രാഹിമും എഴുതി ചോദിച്ചിരുന്നു. എന്നാൽ കെഎസ്ആർടിസിയെ സംബന്ധിച്ച ഒരു ചോദ്യത്തിനും സഭയിൽ ഗതാഗതവകുപ്പിന് ഉത്തരം നൽകേണ്ടി വന്നിരുന്നില്ല. ഈ ചോദ്യത്തിന് ഉത്തരങ്ങൾ കെഎസ്ആർടിസിയിൽ തയ്യാറാക്കിയിരുന്നെങ്കിലും സഭ നേരത്തെ പിരിഞ്ഞത് തിരിച്ചടിയായി. അതുകൊണ്ട് തന്നെ ഉത്തരങ്ങൾ പുറത്ത് വന്നില്ല.

പ്രതിപക്ഷം ഉന്നയിച്ച അതേ തീവ്രതയിൽ ഭരണപക്ഷവും കെഎസ്ആർടിസിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അന്തർസംസ്ഥാന ബസ് ഗുണ്ടായിസത്തിന്നെതിരെയാണ് ഭരണപക്ഷത്തു നിന്നും ചോദ്യങ്ങൾ ഉയർന്നത്. ഗുരുതര നിയമലംഘനം നടത്തുന്ന അന്തർ സംസ്ഥാന ബസുകളിൽ നിന്ന് പിഴ ഈടാക്കുന്നുണ്ടെങ്കിലും നിയമലംഘനം തടയുന്നതിലും ബസുകൾ പിടിച്ചെടുക്കുന്നതിലും ഗതാഗതവകുപ്പിന് കഴിയാത്തതെന്ത് എന്നും ചോദ്യം ഭരണപക്ഷത്തു നിന്നും ഉയർന്നിരുന്നു. ഇ.എസ്.ബിജിമോൾ, ജി.എസ്.ജയലാൽ ഉൾപ്പെടെയുള്ളവരാണ് കെഎസ്ആർടിസിയെക്കുറിച്ച് ചോദ്യങ്ങൾ നൽകിയത്.

പ്രതിദിനം നൂറിലേറെ ബസുകൾ അനധികൃതമായി ബംഗളൂരുവിലേക്ക് ലാഭകരമായി സർവീസ് നടത്തുന്നു. ഇത് തടഞ്ഞു സ്വന്തം ബസുകൾ ഓടിക്കാൻ കെഎസ്ആർടിസി മാനേജ്മെന്റിന് നിർദ്ദേശം നൽകുമോ? അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കുന്ന തരത്തിൽ സംസ്ഥാനത്തെ ഗതാഗത നിയമത്തിൽ മാറ്റം വരുത്തുമോ തുടങ്ങി അതിപ്രധാനമായ ചോദ്യങ്ങളാണ് ഭരണപക്ഷത്ത് നിന്നും വന്നിരുന്നത്. കെഎസ്ആർടിസിയെപോലെ തന്നെ ഭാഗ്യദോഷമാണ് ഈ ചോദ്യങ്ങൾക്കും വന്നുപെട്ടത്. ഒറ്റ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ വെളിയിൽ വന്നില്ല. പ്രധാനമായും കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട സുശീൽഖന്ന റിപ്പോർട്ടിന്റെ വിവരങ്ങൾ വെളിയിൽ വരാതിരുന്നത് കെഎസ്ആർടിസിയെ സംബന്ധിച്ച് ദൗർഭാഗ്യകരവുമായി. കെഎസ്ആർടിസി പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധിയിലേക്ക് അകപ്പെട്ടുകൊണ്ടിരിക്കവേ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ടവർ ഉറ്റുനോക്കുന്ന റിപ്പോർട്ട് ആണ് സുശീൽ ഖന്ന റിപ്പോർട്ട്.

കെഎസ് ആർടിസിയെ സാമ്പത്തികപ്രതിസന്ധിയിൽ നിന്നു രക്ഷിക്കാൻ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് അന്തിമറിപ്പോർട്ടിൽ സുശീൽ ഖന്ന ശുപാർശ നൽകിയിരുന്നു. കെഎസ്ആർടിസിയുടെ നടത്തിപ്പ് പ്രഫഷനൽ മികവുള്ളവരെ ഏൽപ്പിക്കണമെന്നും ഡിപ്പോകളിൽ നിർത്തിയിട്ടിരിക്കുന്ന ബസുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കണമെന്നും സുശീൽ ഖന്ന നിർദ്ദേശിച്ചിരുന്നു. റിപ്പോർട്ട് പഠിച്ച് ഒരുമാസത്തിനുള്ളിൽ പ്രായോഗികമായ ശുപാർശകൾ സമർപ്പിക്കാൻ സർക്കാർ ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാലിനാണ് നിർദ്ദേശം നൽകിയിരുന്നത്.

ഒരു ബസിന് 7.2 ജീവനക്കാർ എന്ന അനുപാതം ദേശീയ ശരാശരിയായ 5.2 ആയി കുറയ്ക്കണമെന്നാണ് റിപ്പോർട്ടിൽ നിർദ്ദേശം നൽകിയിരുന്നു. കെഎസ്ആർടിസിയെ നവീകരിക്കാൻ വിശദ പഠനം നടത്തി റിപ്പോർട്ട് നൽകാൻ 2016 ഒക്ടോബറിലാണു കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ അദ്ധ്യാപകനായ സുശീൽ ഖന്നയെ ചുമതലപ്പെടുത്തിയത്.

പലവിധത്തിൽ പ്രതിസന്ധി നേരിട്ടാണ് കെഎസ്ആർടിസിയുടെ മുന്നോട്ടുള്ള പോക്ക്. എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിൽ നിലവിൽ പ്രതിസന്ധി രൂക്ഷമാണ്. ആവശ്യത്തിന് ഡ്രൈവർമാരില്ലാത്തതിനാൽ ഏകദേശം 200 ഓളം സർവീസുകളാണ് സംസ്ഥാനമൊട്ടാകെഅവസാനിപ്പിച്ചത്. തിരുവനന്തപുരം സോണിൽമാത്രം 100ൽ അധികം സർവീസുകൾ റദ്ദാക്കി. പ്രതിസന്ധി പരിഹരിക്കാൻ പിരിച്ചുവിട്ടവരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാൻ നീക്കം തുടങ്ങിയിരുന്നു. ഈ മാസത്തെ ശമ്പളവും പല യൂണിറ്റിലും വളരെ വൈകിമാത്രമാണ് വിതരണം ചെയ്തത്. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരുടെ കുറിപ്പുകൾ പലതും സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വൈറലും ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP