Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൂരി നമ്പൂതിരി പ്രയോഗത്തിലൂടെ വലിച്ചുകീറിയത് കുടുംബ പ്രശ്‌നങ്ങൾ കുളമാക്കിയ നേതാവിനെ; ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ തുടങ്ങിയത് ആലപ്പുഴയിലെ മിന്നും നേതാവായതോടെ; പറഞ്ഞു പരിഹരിക്കേണ്ടവർ തന്നെ സൂരി നമ്പൂതിരി വേഷം കെട്ടിയപ്പോൾ ഡിവൈഎഫ്‌ഐയുടെ മുൻ നേതാവ് ആഴ്ന്നു വീണത് വിഷാദച്ചുഴിയിലും; ലെഗിൻസിൽ തുടങ്ങി ഷൈലജ ടീച്ചർ വരെ എത്തി നിൽക്കുന്ന വിവാദങ്ങളും എംഎൽഎയെ ഇനി തളർത്തും; ഹരിയുടെ ആത്മഹത്യയിൽ പ്രതിസന്ധിയിലാകുന്നത് പ്രതിഭാ ഹരിയുടെ രാഷ്ട്രീയം തന്നെ

സൂരി നമ്പൂതിരി പ്രയോഗത്തിലൂടെ വലിച്ചുകീറിയത് കുടുംബ പ്രശ്‌നങ്ങൾ കുളമാക്കിയ നേതാവിനെ; ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ തുടങ്ങിയത് ആലപ്പുഴയിലെ മിന്നും നേതാവായതോടെ; പറഞ്ഞു പരിഹരിക്കേണ്ടവർ തന്നെ സൂരി നമ്പൂതിരി വേഷം കെട്ടിയപ്പോൾ ഡിവൈഎഫ്‌ഐയുടെ മുൻ നേതാവ് ആഴ്ന്നു വീണത് വിഷാദച്ചുഴിയിലും; ലെഗിൻസിൽ തുടങ്ങി ഷൈലജ ടീച്ചർ വരെ എത്തി നിൽക്കുന്ന വിവാദങ്ങളും എംഎൽഎയെ ഇനി തളർത്തും; ഹരിയുടെ ആത്മഹത്യയിൽ പ്രതിസന്ധിയിലാകുന്നത് പ്രതിഭാ ഹരിയുടെ രാഷ്ട്രീയം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കായംകുളം എംഎൽഎ ആയതുമുതൽ പ്രതിഭാ ഹരിയുടെ യാത്ര വിവാദത്തിലായിരുന്നു. മുമ്പൊരിക്കലും ഒരു സിപിഎം എംഎൽഎയും നേരിടേണ്ടി വന്നിട്ടില്ലാത്ത വിമർശനങ്ങൾ അവർ നേരിട്ടു. അതിനെല്ലാം ഉറച്ച മനസോടെ മറുപടി നൽകി തിരിച്ചടിച്ച് വീണ്ടും പൊതു പ്രവർത്തകയായി നിറഞ്ഞു. പിന്നീട് വിവാഹ മോചന വാർത്തയാണ് പ്രതിഭാ ഹരിയെ ചർച്ചകളിൽ എത്തിക്കുന്നത്. ഈ വിഷയവും സിപിഎമ്മിൽ ചർച്ചയായി. ഇത് തീർത്തും വ്യക്തിപരമാണെന്ന് പറഞ്ഞ് എംഎൽഎ അതിനേയും നേരിട്ടു. വിവാഹ മോചനവുമായി മുന്നോട്ടും പോയി. ഇതിനിടെയാണ് ഹരിയുടെ ആത്മഹത്യാ വാർത്ത എത്തുന്നത്. ആലപ്പുഴയിലെ സിപിഎമ്മിൽ ഹരിക്കും സ്വാധീനമുണ്ട്. ഹരിയും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയുടെ ജ്വലിക്കുന്ന നേതാവായിരുന്നു ഒരു കാലത്ത്.

നേരത്തേ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രതിഭ കുട്ടനാട്ടിലെ തകഴി സ്വദേശിയാണ്. സിപിഎം. പ്രവർത്തകനായിരുന്ന ഹരിയും ഇതേ നാട്ടുകാരനാണ്. പ്രതിഭ നേരത്തേ തകഴി പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് പ്രതിഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. ഹരിപ്പാട് സ്ഥാനാർത്ഥിയും. പിന്നെ കരുത്ത് തെളിയിച്ച് നിയമസഭയിലും. ഇതിനിടെയാണ് വിവാദങ്ങൾ ഉണ്ടായത്. മന്ത്രി ജി സുധാകരനുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായുള്ള കടുത്ത അഭിപ്രായവ്യത്യാസം എംഎൽഎയ്ക്ക് വെല്ലുവിളിയായെത്തി. പരസ്യമായി തന്നെ പാർട്ടിയിലെ എതിരാളികൾക്ക് പ്രതിഭ മറുപടി നൽകിയിരുന്നു. ഇതിൽ വേദനിച്ചവർക്ക് കുടുംബ കോടതിയിലെ കേസും പുതിയൊരു ആയുധമായി മാറിയിരുന്നു. ഇതിന് അപ്പുറത്തേക്ക് ഹരിയുടെ മരണം കാര്യങ്ങളെത്തിക്കും. എ്ന്നാൽ ഒരു മന്ത്രിയുടെ ഇടപെടലാണ് പ്രശ്‌നങ്ങൾ ഇത്രത്തോളം വഷളാക്കിയതെന്നും വാദമുണ്ട്. 

എസ് എഫ് ഐയുടെ മുന്നണി പോരാളിയായിരുന്നു ഹരി. ഇതിനിടെയാണ് ഹരിയും പ്രതിഭയും പ്രണയത്തിലാകുന്നത്. ഇത് വിവാഹത്തിലും എത്തി. തീർത്തും പാർട്ടിക്കല്യാണം. ഇതിനിടെ ഹരിക്ക് ജോലി കിട്ടി. ഇതോടെ പ്രതിഭാ ഹരി മാത്രമായി രാഷ്ട്രീയത്തിൽ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിളങ്ങുന്നതിനിടെ പ്രശ്‌നങ്ങൾക്ക് തുടക്കമായി. അപ്പോഴും ഇരുവരും മകന് വേണ്ടി ഒരുമിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മന്ത്രി തല ഇടപെടൽ എല്ലാം കീഴ്‌മേൽ മറിച്ചു. ആലപ്പുഴയിലെ നേതാവും ഹരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഒരുകാലത്ത് അമ്പലപ്പുഴ ഡിവൈഎഫ്‌ഐ ജോയിന്റ് ഏര്യാ സെക്രട്ടറിയായിരുന്നു ഹരി. ഈ ബന്ധമുപയോഗിച്ച് മന്ത്രി എംഎൽഎയുടെ കുടുംബ പ്രശ്‌നത്തിൽ ഇടപെട്ടു. ഇതോടെ എല്ലാം വഷളായി. പ്രതിഭാ ഹരിക്ക് വിവാഹ മോചനത്തിലേക്ക് നീങ്ങേണ്ടിയും വന്നു.

ഇരുവരും തമ്മിലെ പ്രശ്‌നം പരിഹരിക്കാനാണ് സിപിഎം ശ്രമിച്ചത്. എന്നാൽ ചില ഇടപെടലുകൾ എല്ലാം അട്ടിമറിച്ചു. കുടുംബ ബന്ധത്തിലെ അസ്വാരസ്യങ്ങൾ ഹരിയെ മദ്യപാനിയുമായി. ഇതോടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകാത്ത വിധം വഷളാക്കി. വിവാഹ മോചന ഹർജിയെ എതിർക്കാനായിരുന്നു ഹരിയുടെ തീരുമാനം. ഇതും നടക്കില്ലെന്ന് വ്യക്തമായതോടെ വിഷാദം തുടങ്ങി. ഇതാകും ആത്മഹത്യയിലേക്ക് കൊണ്ടു പോയത്. മലപ്പുറത്തെ ജോലിയും ഹരിയെ മാനസികമായി തളർത്തിയിരുന്നു. ഒറ്റപ്പെടലിന്റെ ഏകാന്തത താങ്ങാൻ അവനായില്ല. മദ്യം വാങ്ങി നൽകി വഴി തെറ്റിച്ച നേതാവ് തന്നെയാണ് ആത്മഹ്യയ്ക്കും ഉത്തരം പറയേണ്ടതെന്നായിരുന്നു ഹരിയുടെ സുഹൃത്ത് മറുനാടനോട് പ്രതികരിച്ചത്. പാര്ട്ടി ഏറെ പ്രതീക്ഷയോടെ കണ്ട കുടുംബമാണ് ചിലരുടെ ഇടപെടലിലൂടെ തകർന്നതെന്നും അവർ പറയുന്നു. കുടുംബം തകർക്കാൻ നോക്കിയ നേതാവിനെതിരെ പലഘട്ടങ്ങളിലും പ്രതിഭ ഒളിയമ്പുകൾ എയ്തിരുന്നു. ഇത് ആലപ്പുഴയിൽ അവരെ ഒറ്റപ്പെടുത്തുകയും ചെയ്തു.

പത്തു വർഷത്തോളമായി ഭർത്താവുമായി അകന്നു കഴിയുകയാണെന്നും ഏക മകനെ ഭർത്താവ് അന്വേഷിക്കുന്നില്ലെന്നും പ്രതിഭ കോടതിയിൽ നൽകിയ വിവാഹ മോചന ഹർജിയിൽ പറഞ്ഞിരുന്നു. വിശുദ്ധ പാപങ്ങളുടെ ഇന്ത്യയെന്ന പുസ്തകത്തെ അവലംബിച്ചു തെങ്ങമത്ത് യുവരശ്മി വായനശാല നടത്തിയ ചർച്ചയിൽ പ്രതിഭ നടത്തിയ പ്രസംഗം സിപിഎമ്മിലെ നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു. വനിതകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതല്ല, അവർ എന്തു വേഷം ധരിക്കുന്നു എന്നാണ് ചർച്ചയാകുന്നത് എന്ന് അവർ പറഞ്ഞിരുന്നു. താൻ ചുരീദാർ ധരിച്ച് നിയമസഭയിൽ പോയതാണ് ചിലർക്ക് വാർത്തയായത്. യത്ര നാര്യസ്തു പൂജ്യന്തേ എന്നൊക്കെ പുരാണം പറയുന്നു. പക്ഷേ, സ്ത്രീ പൂജിക്കപ്പെടുന്നുണ്ടോ? കേരളത്തിനു പുറത്ത് ദലിതുകൾ നേരിടുന്ന അവസ്ഥ ദയനീയമാണ്. കേരളത്തിലെ ദലിത് സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും അവിടുത്തെ കാര്യങ്ങളിലാണ് അതീവശ്രദ്ധ പുലർത്തേണ്ടതെന്നും പ്രതിഭാ ഹരി കുട്ടിചേർത്തിരരുന്നു.

ലെഗ്ഗിൻസ് ധരിച്ച് പൊതുവേദികളിലെത്തുന്നുവെന്നും പുരുഷ സുഹൃത്തുമായി പ്രതിഭാ ഹരി ചുറ്റിത്തിരിയുന്നുവെന്നും ഇതെല്ലാം പാർട്ടിക്ക് തലവേദനയാകുന്നുവെന്നും മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെയാണ് പ്രതിഭാഹരിയും പാർട്ടിയിലെ ഉന്നതരും തമ്മിലുള്ള പടലപ്പിണക്കം ചർച്ചയായത്. ഇത്തരത്തിൽ കരുതിക്കൂട്ടി വാർത്തകൾ നൽകുകയായിരുന്നു എന്ന അഭിപ്രായവും ഉയർന്നു. ഇതോടെ പ്രതിഭാഹരി തന്നെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി പ്രതികരിച്ചതോടെ സംഭവം വലിയ ചർച്ചയായി. ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരിനമ്ബൂതിരിയുടെ പുത്തൻ തലമുറ ശുംഭന്മാർ നമുക്ക് ചുറ്റുമുണ്ട്.. കാല ക്രമത്തിൽ അവർക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങൾ കാണും;പ്രചരിപ്പിക്കും. ഒടുവിൽ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചർച്ചയാകുന്നതിന്റെ പൊരുൾ ഇത്ര മാത്രമെന്ന് ഓർക്കുക വല്ലപ്പോഴും..തന്റേടമുള്ള പെണ്ണിന്റെ കൈ മുതൽ സംസ്‌ക്കാരവും പ്രതികരണ ശേഷിയുമാണ്-ഇതായിരുന്നു ആ പ്രതികരണം. ഇതിലെ സൂരി നമ്പൂതിരിയാണ് പ്രതിഭയിലെ കുടുംബത്തിലെ വില്ലനെന്ന് ആലപ്പുഴയിലെ സിപിഎമ്മുകാർക്ക് മുഴുവൻ അറിയാം.

ചുരിദാറും സുഹൃത്തുക്കളുമാകില്ല. ദുരിതക്കയങ്ങൾ നീന്തി തളർന്ന വ രാ ണ് എന്റെ സ്‌നേഹിതർ.കരയുന്ന അമ്മമാരും ചിരിക്കുന്ന കുഞ്ഞുങ്ങളുമാണ് എന്റെ കൂട്ടുകാർ......സൂരി നമ്ബൂതിരിയുടെ കണ്ണുകൾ സ് ത്രീ യുടെ വസ്ത്രത്തിൽ ഉടക്കി നിൽക്കും. അയയിൽ കഴുകി വിരിക്കാൻ പോലും അവർ സമ്മതിക്കില്ല.,. പിന്നെ, ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ? ?....ധീരൻ ഒരിക്കലേ മരിക്കൂ., ഭീരു അനുനിമിഷം മരിക്കുന്നു... അനുനിമിഷം മരിക്കേണ്ടവർ നമ്മൾ അല്ല .. കണ്ണുനീരിന് രക്തത്തിന്റെ നിറം.... രക്തത്തിന്റെ രുചി.... ഓർക്കുക വല്ലപ്പോഴും എന്നാണ് അതി രൂക്ഷമായിതന്നെ പ്രതിഭ തനിക്കെതിരെ പാർട്ടിയിലെ ഉന്നതൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ പ്രതികരിച്ചത്. ഇതോടെ പാർട്ടിക്കു പുറത്തും സംഭവം വലിയ ചർച്ചയായി.

സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയിൽ പ്രതിഭയ്ക്കു വിലക്കേർപ്പെടുത്തിയതും വലിയ വാർത്തയായി. പണക്കൊതിയില്ലാത്ത തന്നെ പണം വാങ്ങണമെന്ന് ഉപേദേശിക്കാൻ പലരും ശ്രമിച്ചെന്നും ഇതിനായി ആർക്കും പ്രശ്‌നമില്ലാത്ത ചിലതു കണ്ടില്ലെന്നു നടിച്ചാൽ മതിയെന്നുമാണ് അന്നു പ്രതിഭ പറഞ്ഞത്. ഇപ്പോഴത്തെ റൂട്ട് ഒന്നു മാറ്റി പിടിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്നും ഉപദേശം ലഭിച്ചു. ഇത്തരത്തിൽ പാർട്ടിയിൽ ആലപ്പുഴയിലെ ഈ പോര് വലിയ വിഷയമായി മാറുന്നതിനിടെ അനുരഞ്ജനത്തിന് പാർട്ടി നേതൃത്വം ഇടപെടുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ യോഗത്തിൽ എംഎൽഎയുടെ നിലപാടിനൊപ്പം തോമസ് ഐസക് നിന്നതും ശ്രദ്ധേയമായിരുന്നു. ഇതിനിടെ നേതാക്കളുടെ ആഡംബരവും പ്രസംഗത്തിലൂടെ ചർച്ചയാക്കി. ഇതെല്ലാം സിപിഎമ്മിലെ ഒരു വിഭാഗത്തെ പ്രതിഭയുടെ ശത്രുക്കളാക്കി.

എന്നാൽ അടുത്ത സമയത്ത് പാർട്ടിയുമായി കൂടുതൽ അടുക്കാൻ പ്രതിഭ ശ്രമിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശനത്തിൽ അടക്കം പാർട്ടിയോട് ചേർന്ന് നിന്ന് പ്രവർത്തിച്ചു. കുട്ടനാടിനെ പ്രളയം തകർത്തപ്പോൾ നടത്തിയ പ്രവർത്തനവും ചർച്ചയായി. ഇതിനിടെ സൈബർ സഖാക്കളുടെ രോഷത്തിന് ഇരയാക്കി ആരോഗ്യമന്ത്രി ഷൈലജ ടീച്ചറിനെതിരെ പ്രതികരണവുമായെത്തി. ആരോഗ്യമന്ത്രി കെ കെ ഷൈലജയെ വിമർശിച്ച് ഫേസ്‌ബുക്കിൽ കമന്റിട്ടതിനെ തുടർന്ന് വിവാദത്തിലായ പ്രതിഭക്കെതിരെ വിമർശനം കടുക്കുകയും ചെയ്തു. പാർട്ടി അണികളിൽ നിന്നും അച്ചടക്ക ലംഘനം ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയതിന് പിന്നാലെ പ്രതിഭയെ വിമർശിച്ച് ആരോഗ്യമന്ത്രിയും രംഗത്തെത്തി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ പക്ഷപാതം കാട്ടിയെന്ന വിധതതിൽ കമന്റിട്ടതിൽ കടുത്ത അതൃപ്തിയിലാണ് മന്ത്രി. ഇത് ശരിയായില്ലെന്ന് മന്ത്രി വ്യക്തമാക്കി. കാര്യങ്ങൾ പറയാൻ വ്യവസ്ഥാപിതമായ രീതികളുണ്ടെന്നും അതൊന്നും നോക്കാതെ വിമശിച്ച് ഫേസ്‌ബുക്ക് കമന്റിട്ടത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. ഹെൽത്ത് സെക്രട്ടറിയെ വിമർശിച്ച് കുറിപ്പിട്ടതും ശരിയായ പ്രവണത അല്ലെന്നും മന്ത്രി പറഞ്ഞു. വീണ ജോർജിനെ അഭിനന്ദിക്കാനുള്ള കാരണം എംഎൽഎ എന്ന നിലയിൽ മികച്ച ഇടപെടൽ നടത്തിയതിനാലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് ഭർത്താവിന്റെ ആത്മഹത്യയും. ആലപ്പുഴയിലെ പ്രതിഭാ വിരുദ്ധർ ഇതും രാഷ്ട്രീയ ആയുധമാക്കും. അതുകൊണ്ട് തന്നെ കായംകുളത്തെ എംഎൽഎയുടെ രാഷ്ട്രീയ ഭാവികൂടി അനിശ്ചിതത്തിലാക്കുന്നതാണ് ഹരിയുടെ വിയോഗം.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായ പ്രതിഭാ ഹരി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ായിരുന്നു. നിയമപഠനം കഴിഞ്ഞ് അമ്ബലപ്പുഴ കോടതിയിൽ അഭിഭാഷകവൃത്തി നടത്തി. രാഷ്ട്രീയത്തിൽ മുൻ പരിചയമില്ലാത്ത പ്രതിഭ പിതാവിന്റെ നിർബന്ധത്തിനാണു മത്സരിച്ചത്. 2005ൽ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. 2010 ജില്ലാ പഞ്ചായത്തിലേക്കുള്ള കന്നി അങ്കം ജയിച്ചു. വനിതാ സംവരണമായപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. കഴിഞ്ഞ അഞ്ച് വർഷം ജില്ലയിൽ നിറഞ്ഞു നിന്ന പ്രവർത്തനം. ഇത് തിരിച്ചറിഞ്ഞാണ് കായംകുളത്തേക്ക് പ്രതിഭയെ നിയോഗിച്ചത്. അങ്ങനെയാണ് അവർ എംഎൽഎ ആകുന്നതും.

പ്രതിഭ കെ കെ ശൈലജയുടെ പോസ്റ്റിൽ ചെയ്ത കമന്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട ഷൈലജ ടീച്ചർ സഖാവ് ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അനുമോദിക്കുന്നു. ഞാൻ കായംകുളം താലൂക്ക് ആശുപത്രിക്ക് വേണ്ടി ആദ്യം ഹാബിറ്റാറ്റ് വഴി Detailed project Report തയ്യാറാക്കി. അപ്പോൾ അവരെ Spv ആക്കാൻ പറ്റില്ല എന്ന് പറഞ്ഞു. പിന്നീട് കേരള ഹൗസിങ് ബോർഡിനെ Spv ആക്കാൻ പറഞ്ഞു. അതും സമയബന്ധിതമായി ഞാൻ ചെയ്തു. എന്നാൽ അതും കിഫ് ബി യിൽ തന്നില്ല. അങ്ങേയറ്റം ആക്ഷേപം ഞാൻ കേൾക്കുന്നുണ്ട്.2000 നടുത്ത് രോഗികൾ വരുന്ന നാഷണൽ ഹൈവേ ഓരത്തുള്ള ആശുപത്രിയാണ്.. ഇപ്പോ KELനെ ടീച്ചർ ചുമതലപ്പെടുത്തിയത് വേഗത്തിലാക്കി കായംകുളത്തിനും പരിഗണന നൽകണം.. അത്രയധികം ജനം ബുദ്ധിമുട്ടുന്നുണ്ട്. നിരവധി പേർ എന്നെ മെൻഷൻ ചെയ്തു അതു കൊണ്ടാണ് കമന്റ് ഇട്ടത്. ഞങ്ങളെ പോലെയുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങൾക്കും ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ട്..

വിവാദമായപ്പോൾ വിശദീകരിച്ചു കൊണ്ടിട്ട ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കായംകുളം താലൂക്ക് ആശുപത്രിയെ കുറിച്ച് ഷൈലജ ടീച്ചറിന്റെ കാത്ത് ലാബുകളെ സംബന്ധിച്ച പോസ്റ്റിൽ ഇട്ട കമന്റ് ആരും ആഘോഷിക്കേണ്ടതില്ല.ഷൈലജ ടീച്ചർ എന്ന ആരോഗ്യ വകുപ്പ് മന്ത്രി ചെയ്യുന്ന കാര്യങ്ങളെ അങ്ങേയറ്റം ആദരവോടെ കാണുന്ന സഖാവാണ് ഞാൻ. എന്നാൽ ഞാൻ പ്രതിനിധീകരിക്കുന്ന കായംകുളം മണ്ഡലത്തിലെ താലൂക്ക് ആശുപത്രി ധനമന്ത്രി ബജറ്റ് മറുപടി പ്രസംഗത്തിൽ കിഫ് ബി യിൽ ഉൾപ്പെടുത്തിയതാണ്. നാളിതുവരെ അതിന് പണം അനുവദിക്കപ്പെട്ടില്ല എന്നത് സത്യം തന്നെയാണ്. വികസനവും ജനങ്ങളുടെ ക്ഷേമവും മാത്രമാണ് എന്റെ ലക്ഷ്യം... 2001 മുതൽ പാർട്ടി മെമ്പർഷിപ്പിൽ ഉള്ള വ്യക്തിയാണ് ഞാൻ. സ്തുതിപാഠകരുടെ ലാളനയോ മാധ്യമലാളനയോ കിട്ടി പൊതുപ്രവർത്തനത്തിൽ നിൽക്കുന്ന ആളല്ല. നിരവധി സഖാക്കൾ നൽകുന്ന കറ കളഞ്ഞ സ്‌നേഹം മനുഷ്യസ്‌നേഹികളായ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാതെ കൂടെ നിൽക്കുന്ന നല്ല മനുഷ്യർ അവരൊക്കെയാണ് എന്റെ കരുത്ത്... MLA ആയി ഞാൻ വരുമ്പോൾ കായംകുളത്തെ ഏറ്റവും വലിയ പ്രശ്‌നം അപകട മരണങ്ങൾ ആയിരുന്നു.

ഇന്ന് തുടർച്ചയായ Campaign ലൂടെ അപകട നിവാരണ പ്രവർത്തനങ്ങൾ നടത്തിയതിലൂടെ വലിയ അളവിൽ അപകടങ്ങൾ കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. പൂർണ്ണമായിട്ടില്ല. കായംകുളം ആശുപത്രിയിലേക്ക് ആണ് കരുനാഗപള്ളി കഴിഞ്ഞ് നടക്കുന്ന അപകടങ്ങളിൽ പെടുന്നവരെ കൊണ്ടുവരുന്നത്.കൂടാതെ കെപി റോഡ് ഉൾപ്പെടെ നടക്കുന്ന അപകടങ്ങളിൽ പെടുന്നവരും വരുന്നത് ഇവിടെയാണ്.പ്രതിദിനം 1500ൽ അധികം Opഉണ്ട്. നിരവധി തവണ ഇതൊക്കെ സബ്മിഷനിലൂടെ അല്ലാതെ ഒക്കെ പറഞ്ഞിട്ടുണ്ട്.. നിയമസഭയിലെ എല്ലാ പ്രവർത്തനത്തിലും കൃത്യമായി ഇടപെടുന്ന MLA ആണ് ഞാൻ .. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ സാറിന്റെ ഇടപെടലിലൂടെ എനിക്ക് നിരവധി റോഡ് കിട്ടിയിട്ടുണ്ട്. അത് സ്‌നേഹപൂർവം ഓർക്കുന്നു. ഏ കെ ബാലൻ മിനിസ്റ്ററുടെ വകപ്പിൽ നിന്ന് തിയേറ്റർ നിർമ്മിക്കാൻ 15 കോടി അനുവദിച്ചിട്ടുണ്ട്. ഫിഷറീസ് മന്ത്രിയും റോഡുകൾ തന്ന് നന്നായി സഹായിക്കാറുണ്ട്..

തൊഴിൽ വകുപ്പ് മന്ത്രി കേരളത്തിലെ അഞ്ചാമത്തെ കരിയർ ഡവലപ്പ്‌മെന്റ് സെന്റർ കായംകുളത്തിനാണ് നൽകിയത്.എന്നാൽ ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് കായംകുളത്തിനോടുള്ള പ്രത്യേക സമീപനം മൂലമാണ് നിരവധി പാവങ്ങളുടെ ആശാ കേന്ദ്രമായ താലൂക്ക് ആശുപത്രി Dpr കിഫ് ബി യിലേക്ക് നൽകാതിരുന്നത്. .. ഞാൻ അതിനു വേണ്ടി ഇപ്പോഴും എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആദ്യം ഹാബിറ്റാറ്റ് ഉുൃ തയ്യാറാക്കി. പിന്നീട് ഹൗസിങ് ബോർഡ് കോർപ്പറേഷനും. രണ്ടും കിഫ് ബി യിലേക്ക് അയച്ചിട്ടില്ല. ഇത് നേരിട്ട് മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ ധിക്കാരമാണ് ഇതിന് പിന്നിൽ.. അതിന് മന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല. മറ്റുള്ള സ്ഥലങ്ങളിലെ പോലെ വികസനം ചെയ്യാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട് എന്നും മന്ത്രിയുടെ അഭിനന്ദന Post എന്നെ പോലുള്ള MLA മാർക്കും Valuable ആണ് എന്നു പറഞ്ഞതിന് പ്രതികൂലമായി മറുപടി പറഞ്ഞവർക്കായി ഇത് ഇവിടെ എഴുതുന്നു.... ആരും ആഘോഷിക്കേണ്ടില്ല.. ഷൈലജ ടീച്ചർ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മന്ത്രി തന്നെ. അതിൽ രാഷ്ട്രീയ എതിരാളികൾക്ക് പോലും വ്യത്യസ്ത അഭിപ്രായമില്ല...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP