Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈദ്യുതി ബില്ല് വരുമ്പോൾ കണ്ണു തള്ളേണ്ടെങ്കിൽ ഒന്ന് സൂക്ഷിച്ചോളു; സംസ്ഥാനത്ത് നിരക്ക് വർധനയുമായി കെഎസ്ഇബി; 50 യൂണിറ്റ് വരെ വർധനവ് 25 പൈസ; 51 മുതൽ നൂറ് വരെ 50 പൈസ വീതം കൂടും; നിരക്ക് കൂട്ടിയത് മൂന്ന് വർഷത്തേക്കെന്ന് റഗുലേറ്ററി കമ്മീഷൻ; ബോർഡിന് ലഭിക്കുക 902 കോടിയുടെ അധിക വരുമാനം; വില വർധിക്കുക 6.8 ശതമാനം വരെ; ബിപിഎല്ലുകാർക്ക് വില വർധനവ് ബാധകമല്ല; ജനങ്ങളെ ഷോക്കടിപ്പിക്കുന്ന തീരുമാനമെന്ന് പ്രതിപക്ഷം

വൈദ്യുതി ബില്ല് വരുമ്പോൾ കണ്ണു തള്ളേണ്ടെങ്കിൽ ഒന്ന് സൂക്ഷിച്ചോളു; സംസ്ഥാനത്ത് നിരക്ക് വർധനയുമായി കെഎസ്ഇബി; 50 യൂണിറ്റ് വരെ വർധനവ് 25 പൈസ; 51  മുതൽ നൂറ് വരെ 50 പൈസ വീതം കൂടും; നിരക്ക് കൂട്ടിയത് മൂന്ന് വർഷത്തേക്കെന്ന് റഗുലേറ്ററി കമ്മീഷൻ; ബോർഡിന് ലഭിക്കുക 902 കോടിയുടെ അധിക വരുമാനം; വില വർധിക്കുക 6.8 ശതമാനം വരെ; ബിപിഎല്ലുകാർക്ക് വില വർധനവ് ബാധകമല്ല; ജനങ്ങളെ ഷോക്കടിപ്പിക്കുന്ന തീരുമാനമെന്ന് പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച് റഗുലേറ്ററി കമ്മീഷൻ. ഇപ്പോഴത്തെ നിരക്കിൽ നിന്നും 6.8% നിരക്ക് വർധനവാണ് വരുന്നത്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കും ബിപിഎൽ പട്ടികയിലുള്ളവർക്കും നിരക്ക് വർധന ബാധകമല്ലെന്ന് കെഎസ്ഇബി അറിയിച്ചു. അതേസമയം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 25 പൈസ നിരക്കിൽ വർധിക്കും.വാണിജ്യ മേഖലയിലും നിരക്ക് വർധന ബാധകമെന്ന് റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് അറിയിച്ചു.പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.കേന്ദ്ര വൈദ്യുതി നിയമമനുസരിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് നിശ്ചയിച്ചത്. രാജ്യത്ത് കുറഞ്ഞ നിരക്കുള്ള സംസ്ഥാനമാണ് കേരളം

പ്രതിമാസം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് യൂണിറ്റൊന്നിന് 25 പൈസ വർധിപ്പിച്ചു. 50 മുതൽ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റൊന്നിന് 50 പൈസ വർധിപ്പിച്ചിട്ടുണ്ട്. മൂന്ന് വർഷത്തേക്കാണ് വില വർധന നിലവിൽ വരുന്നത്. ഇന്ന് മുതൽ വില വർധന പ്രാബല്യത്തിൽ വരും. കെഎസ്ഇബിക്ക് നിരക്ക് വർധനയിലൂടെ 902 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും.ഗാർഹിക ഉപയോക്താക്കളിൽ ബി.പി.എൽ പട്ടികയിലുള്ളവർക്ക് വർധനയില്ല. കാൻസർ രോഗികൾക്കും ഗുരുതര അപകടങ്ങളിൽ പെട്ട് കിടപ്പു രോഗികളായവർക്കും ഇളവുണ്ട്.

ഫിക്‌സഡ് ചാർജ്ജിനും സ്ലാബ് സംവിധാനം ഏർപ്പെടുത്തിയാണ് പുതിയ നിരക്ക് വർധന നടപ്പാക്കുന്നത്.ഇതുവരെയുള്ള നിരക്ക് പ്രകാരം സിംഗിൽ ഫേസ് കണക്ഷന് 30 രൂപയും ത്രീഫേസിന് 80 രൂപയുമായിരുന്നു ഈടാക്കിയിരുന്നത്.വൈദ്യുതി നിരക്കു വർധിപ്പിക്കാനുള്ള വൈദ്യുതി ബോർഡിന്റെ നിർദ്ദേശം ഇടതുമുന്നണി നയത്തിനെതിരാണ് എന്ന് നേരത്തെ തന്നെ അഭിപ്രായമുയർന്നിരുന്നു. സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴ കിട്ടാത്തതും വില വർധിപ്പിക്കാതെ പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന അവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നു. ഇത് ബോർഡ് തന്നെ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

പുതുക്കിയ നിരക്ക് ഇങ്ങനെ

പൂജ്യം മുതൽ 50 യൂണിറ്റ് വരെ 3.15. പഴയ നിരക്ക് (2.90)
51 മുതൽ 100 വരെ- 3.70 (3.40)
101 മുതൽ 150 വരെ 4.50 (4.80)
151 മുതൽ 200 വരെ 6.10 (6.40)
201 മുതൽ 250 വരെ 7.60 (7.30)
251 മുതൽ 300 വരെ 5.80 (5.50)
351 മുതൽ 400 വരെ 6.90 (6.50)
401 മുതൽ 450 വരെ 7.10 (6.80)
450 കൂടുതൽ ഒരു യൂണിറ്റിന് 7.90 വീതം നൽകം.

കാലവർഷം വൈകുന്നതിനെ തുടർന്ന് നീരൊഴുക്ക് നിലച്ചതോടെ സംസ്ഥാനത്തെ ജലസംഭരണികളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. ഇതോടെ സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുതോത്പാദനം പ്രതിസന്ധിയിലാവുകയും ചെയ്തു. സംസ്ഥാനത്തെ രണ്ടാമത്തെ വൈദ്യുതോത്പാദന കേന്ദ്രമായ ശബരിഗിരി പദ്ധതിയുടെ പ്രധാന സംഭരണികളായ കക്കിയിൽ നീരൊഴുക്ക് നിലച്ചു. മറ്റൊരു സംഭരണിയായ ആനത്തോട് ഡാമും ശബരിഗിരിയുടെ അനുബന്ധ പദ്ധതിയായ കക്കാടിന്റെ മൂഴിയാർ ഡാമും വറ്റിവരണ്ടു. ചെങ്കുളം, മൂഴിയാർ, ആനയിറങ്കൽ സംഭരണികളും വറ്റി.

സംസ്ഥാനത്തെ സംഭരണികളിൽ സംഭരണ ശേഷിയുടെ 11 ശതമാനം ജലമാണ് ഇപ്പോൾ അവശേഷിക്കുന്നത്. പ്രധാന വൈദ്യുതോത്പാദന കേന്ദ്രങ്ങളായ ഇടുക്കിയുടെ സംഭരണിയിൽ 13 ശതമാനം ജലവും ശബരിഗിരി പദ്ധതിയുടെ പമ്പാ ഡാമിൽ 7 ശതമാനം ജലവുമാണ് ഉള്ളത്. സംസ്ഥാനത്തെ പ്രധാന വൈദ്യുതോത്പാദന കേന്ദ്രങ്ങളായ ഇടുക്കിയും ശബരിഗിരിയും ഉൾപ്പെടുന്ന ഗ്രൂപ്പ് ഒന്നിലെ ഡാമുകളിൽ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 11 ശതമാനം ജലം മാത്രമാണ്. ഷോളയാറിൽ ഒമ്പത് ശതമാനവും ഇടമലയാറിൽ എട്ട് ശതമാനവും കുണ്ടലയിൽ 13 ശതമാനവും മാട്ടുപ്പെട്ടിയിൽ 6 ശതമാനവും ജലം അവശേഷിക്കുന്നുണ്ട്. ഗ്രൂപ്പ് രണ്ടിൽ പെടുന്ന ഡാമുകളായ കുറ്റ്യാടിയിൽ 18 ശതമാനവും തരിയോട് 8 ശതമാനവും പൊന്മുടിയിൽ 7 ശതമാനവും സംഭരണ ശേഷി കുറഞ്ഞ ഗ്രൂപ്പ് മൂന്നിൽ പെടുന്ന ഡാമുകളായ നേര്യമംഗലത്ത് 49 ശതമാനവും പൊരിങ്ങൽ 29 ശതമാനവും ലോവർ പെരിയാറിൽ 50 ശതമാനവും വെള്ളം കരുതലുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1,509 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജലമാണ് കുറവുള്ളത്. സംസ്ഥാനത്തെ ജൂൺ മാസത്തെ ശരാശരി വൈദ്യുതോപഭോഗം 72.55 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതിൽശരാശരി 13.71 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉത്പാദിപ്പിക്കുകയും ശരാശരി 58.84 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്തിന് പുറത്ത് നിന്ന് വാങ്ങുകയുമാണ് ചെയ്തത്.

ജൂൺ മാസത്തിൽ ഗ്രൂപ്പ് ഒന്നിൽപ്പെടുന്ന വൈദ്യുതി നിലയങ്ങളിൽ നിന്ന് ശരാശരി 10.03 ദശലക്ഷം യൂണിറ്റും ഗ്രൂപ്പ് രണ്ടിൽ നിന്ന് ശരാശരി 0.6672 ദശലക്ഷം യൂണിറ്റും ഗ്രൂപ്പ് മൂന്നിൽപ്പെടുന്ന അണക്കെട്ടുകളിലെ ജലം ഉപയോഗിച്ച് ശരാശരി 1.8877 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും സംസ്ഥാനത്ത് ഉത്പാദിപ്പിച്ചു. 4,140.25 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജലം സംഭരിക്കുന്നതിനാണ് സംസ്ഥാനത്തെ അണക്കെട്ടുകൾക്ക് കഴിയുക.ജൂൺ ആദ്യമാണ് മൺസൂൺ കാറ്റിന്റെ ഫലമായി ഇടവപ്പാതി കേരളത്തിന്റെ തീരം തൊടുന്നത്. എന്നാൽ, പ്രതീക്ഷിച്ച മഴ ഇനിയും ലഭിച്ചില്ലെന്നുള്ളതാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണം. ഇതിനോടൊപ്പം മഹാപ്രളയത്തെ തുടർന്ന് ഈ വർഷം നടത്തിയ മുന്നൊരുക്കവും പ്രതീക്ഷിച്ച വടക്കുകിഴക്കൻ മൺസൂൺ മഴയിൽ കുറവ് വന്നതും സംഭരണികളിലെ ജലനിരപ്പ് കുത്തനെ താഴുന്നതിന് കാരണമായിട്ടുണ്ട്.

വൻകിടക്കാരിൽ നിന്നു കൂടുതൽ വർധന ഈടാക്കി ഇടത്തരം ഉപയോക്താക്കളെ പരമാവധി ദ്രോഹിക്കാതെ വിടുകയെന്നതാണു മുന്നണി നയം. എന്നാൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കു ഇളവും ചെറുകിടക്കാർക്ക് അധികഭാരവും നൽകാനാണു ബോർഡിന്റെ നേരത്തെ തന്നെ വന്ന ശുപാർശ.

പ്രളയത്തിന്റെ പ്രയാസങ്ങളിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന ജനങ്ങൾക്ക് സർക്കാർ നൽകിയ ഇരുട്ടടിയാണ് വൈദ്യുതിനിരക്ക് വർധനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രളയ സെസിനു പിന്നാലെ ജനങ്ങളുടെ മേൽ സർക്കാർ അടിച്ചേൽപ്പിക്കുന്ന അടുത്ത ഭാരമാണ് വൈദ്യുതിനിരക്കു വർധന. മൂന്നുവർഷത്തേക്ക് ശരാശരി 6.8% വർധയെന്നത് ജനദ്രോഹപരമാണ്. യൂണിറ്റിന് 40 പൈസ കൂടുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. വിവിധസ്ഥാപനങ്ങളിൽനിന്ന് കുടിശ്ശികയായ 3000 കോടി രൂപ പിരിച്ചെടുക്കാതെ എല്ലാ ഭാരവും സാധാരണക്കാരന്റെ തലയിൽവച്ചു കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP