Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോന്തക്ക് ഒന്ന് തരും ഞാൻ.........! അപകട സ്ഥലത്ത് തന്നെ തടഞ്ഞ നാട്ടുകാരോട് ജലീലിന്റെ പ്രതികരണം ഇങ്ങനെ; മന്ത്രി വാഹനത്തിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് മുസ്ലിം ലീഗ് ആരോപണം; തന്റെ വാഹനത്തിന് മുമ്പിൽ യുവാക്കൾ ബൈക്കിൽ തെന്നി വീണതാണെന്ന വിചിത്രവാദവുമായി മന്ത്രിയും; വിവാദത്തിന് കാരണം വിരുദ്ധ ജ്വരം ബാധിച്ച ലീഗ് മനസ്സെന്ന് സിപിഎം; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന അപകടത്തിൽ നിറയുന്നത് മലപ്പുറത്തെ രാഷ്ട്രീയം തന്നെ

മോന്തക്ക് ഒന്ന് തരും ഞാൻ.........! അപകട സ്ഥലത്ത് തന്നെ തടഞ്ഞ നാട്ടുകാരോട് ജലീലിന്റെ പ്രതികരണം ഇങ്ങനെ; മന്ത്രി വാഹനത്തിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് മുസ്ലിം ലീഗ് ആരോപണം; തന്റെ വാഹനത്തിന് മുമ്പിൽ യുവാക്കൾ ബൈക്കിൽ തെന്നി വീണതാണെന്ന വിചിത്രവാദവുമായി മന്ത്രിയും; വിവാദത്തിന് കാരണം വിരുദ്ധ ജ്വരം ബാധിച്ച ലീഗ് മനസ്സെന്ന് സിപിഎം; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന അപകടത്തിൽ നിറയുന്നത് മലപ്പുറത്തെ രാഷ്ട്രീയം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മന്ത്രി കെടി ജലീലും മുസ്ലിം ലീഗും തമ്മിലെ ഭിന്നത പുതിയ തലത്തിലേക്ക്. ബൈക്ക് യാത്രക്കാർ അപകടത്തിൽപെട്ടതിനെച്ചൊല്ലി, മന്ത്രി കെ.ടി.ജലീലും യുവാക്കളും തമ്മിൽ റോഡിൽ തർക്കിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ് ഇതിന് കാരണം. പൊലീസ് ഈ വിഷയത്തിൽ മന്ത്രിയുടെ പക്ഷത്താണ്. അതുകൊണ്ട് തന്നെ 3 ലീഗുകാർക്കെതിരെ കേസുമെടുത്തു. ഈ വിഷയം ചർച്ചയാക്കാനാണ് അപ്പോഴും മുസ്ലിം ലീഗിന്റെ തീരുമാനം. മോന്തക്ക് ഒന്ന് തരും ഞാൻ'... എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന മന്ത്രിയെ ദൃശ്യങ്ങളിൽ കാണാം.

മന്ത്രിയുടെ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് മുസ്‌ലിം ലീഗ് പ്രവർത്തകർ ആരോപിച്ചപ്പോൾ, മുൻപിൽ ബൈക്ക് തെന്നിവീണതു കണ്ട് കാർ നിർത്തി നോക്കുകയാണ് ചെയ്തതെന്ന് മന്ത്രി വിശദീകരിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ കോട്ടയ്ക്കലിനു സമീപം കോഴിച്ചെന കുറ്റിപ്പാല റോഡിൽ ചെട്ടിയാംകിണറിലാണ് സംഭവം. മന്ത്രിയുടെ പൈലറ്റ് വാഹനം കണ്ട യുവാക്കൾ ബൈക്ക് പെട്ടെന്ന് ഒരു വശത്തേക്കു മാറ്റുന്നതിനിടെ തെന്നി വീഴുകയായിരുന്നെന്ന് മന്ത്രി പറയുന്നു. അമിത വേഗതയിൽ വരുന്ന പൈലറ്റ് വാഹനം കണ്ടാണ് യുവാക്കൾ മാറിയതെന്നതും ചർച്ചയാകുന്നുണ്ട്. ഏതായാലും മന്ത്രിയുടെ വാഹനവ്യാഹത്തിന് മുമ്പിൽ ബൈക്ക് വീണു. പിന്നാലെ എത്തിയ ജലീൽ, സംഭവം അന്വേഷിക്കാനായി പുറത്തിറങ്ങി.

ഇതോടെ, സമീപത്തുണ്ടായിരുന്നവർ വാഹനങ്ങളുടെ അമിതവേഗത്തെച്ചൊല്ലി ജലീലുമായി കയർത്തു. ജലീൽ അതേരീതിയിൽ പ്രതികരിക്കുകയും ചെയ്തു. യുവാക്കളിലൊരാൾ ജലീലിനു നേരെ ചീത്ത പറഞ്ഞടുക്കുന്നതും ജലീൽ യുവാവിന്റെ കൈപിടിച്ച് തള്ളുന്നതും വിഡിയോയിലുണ്ട്. ഇതിനിടെയിൽ മന്ത്രി കയർത്ത് സംസാരിക്കുകയും ചെയ്യുന്നു. ഈ സംഭവാണ് വിവാദത്തിന് കാരണം. ബൈക്കിൽനിന്ന് വീണവർക്ക് സഹായം നൽകാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്നും ഓടിക്കൂടിയെത്തിവർ തന്നെ തടഞ്ഞുനിർത്തുകയാണുണ്ടായതെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി കെ.ടി. ജലീലും യുവാക്കളും വാക്കുതർക്കത്തിലേർപ്പെടുന്ന വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം മുതൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

'താൻ വാഹനത്തിൽ പോകുന്നതിനിടെ മുന്നിൽ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടത്തിനിടെ തെന്നി വീണിരുന്നു. ഇത് കണ്ടാണ് വാഹനം നിർത്തിയത്. തുടർന്ന് അവരെ ആശുപത്രിയിലെത്തിക്കാൻ വേണ്ട ശ്രമങ്ങൾക്കിടെയാണ് ചിലർ ഓടിക്കൂടിയെത്തി തനിക്കെതിരെ തിരിഞ്ഞത്. തന്റെ വാഹനമിടിച്ചാണ് ബൈക്ക് വീണതെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കൾ തന്നോട് തട്ടിക്കയറിയത്. ബൈക്കിൽനിന്ന് വീണ കുട്ടികളോട് കാര്യങ്ങൾ തിരക്കി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ തന്നെ തടഞ്ഞുവെച്ചപ്പോൾ സ്വാഭാവികമായും പ്രതികരിച്ചു. മുസ്ലിംലീഗ് പ്രവർത്തകരാണ് തനിക്കെതിരെ തിരിഞ്ഞതെന്നും തന്റെ വാഹനം ബൈക്കിൽ തട്ടിയിട്ടില്ലെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സംഭവത്തിൽ കൽപകഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനം തട്ടിയിരുന്നെങ്കിൽ അപകടത്തിൽപ്പെട്ടവർ ആശുപത്രിയിൽ ചികിത്സ തേടണ്ടേ എന്നും തനിക്കെതിരെ കേസെടുക്കണ്ടേ എന്നും മന്ത്രി ചോദിച്ചു.

മന്ത്രിയെ തടഞ്ഞുനിർത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി കൽപ്പകഞ്ചേരി പൊലീസും അറിയിച്ചു. മന്ത്രിയുടെ വാഹനം ബൈക്കിൽ ഇടിച്ചിട്ടില്ല. ബൈക്കിൽനിന്ന് വീണവരെ സഹായിക്കാനാണ് മന്ത്രി കാറിൽനിന്നിറങ്ങിയത്. എന്നാൽ സമീപത്തുണ്ടായിരുന്ന ചില യുവാക്കൾ മന്ത്രിയോട് തട്ടിക്കയറുകയായിരുന്നുവെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ മന്ത്രി കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് ലീഗ് പ്രവർത്തകർ ആരോപിച്ചു. അമിതവേഗത്തിൽ കുതിച്ച മന്ത്രിയുടെ വാഹനമാണ് അപകടമുണ്ടാക്കിയതെന്നും അവർ പറഞ്ഞു. തന്നെ തടഞ്ഞുവെച്ചപ്പോൾ സ്വാഭാവികമായും പ്രതികരിച്ചു. മുസ്ലിംലീഗ് പ്രവർത്തകരാണ് തനിക്കെതിരെ തിരിഞ്ഞതെന്നും തന്റെ വാഹനം ബൈക്കിൽ തട്ടിയിട്ടില്ലെന്നും മന്ത്രി കെ.ടി.ജലീൽ ഇതിന് നൽകുന്ന വിശദീകരണം. വാഹനം തട്ടിയിരുന്നെങ്കിൽ അപകടത്തിൽപ്പെട്ടവർ ആശുപത്രിയിൽ ചികിത്സ തേടണ്ടേ എന്നും തനിക്കെതിരെ കേസെടുക്കണ്ടേ എന്നും മന്ത്രി ചോദിച്ചു.

പുറത്തൂരിലെ സ്‌ക്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിന് ശേഷം കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനത്തിന് പോകുകയായിരുന്നു മന്ത്രി. ഇതിനിടെ ചെട്ടിയാകിണറിൽവെച്ച് ബൈക്കിൽ നിന്നും റോഡിലേക്ക് രണ്ട് യുവാക്കൾ വീണത് കണ്ട മന്ത്രി വാഹനം നിർത്തി ഇറങ്ങുകയും കുട്ടികളുടെ സമീപത്തേക്ക് പോയി അപകടവിവരങ്ങൾ ചോദിച്ചു. പരുക്ക് സാരമില്ലെന്നറിഞ്ഞ് തിരികെ കാറിൽ കയറാൻ പോകുന്നതിനിടെയാണ് സംഭവം. 3 യൂത്ത് ലീഗ് പ്രവർത്തകർ ഓടിയെത്തി മന്ത്രിയെ തടയുകയും മന്ത്രിയുടെ കാറിടിച്ചാണ് ബൈക്ക് മറിഞ്ഞതെന്നാരോപിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് സിപിഎമ്മും ആരോപിക്കുന്നു.

റോഡിലെ ചരലിൽ കയറിയാണ് ബൈക്ക് മറിഞ്ഞതെന്ന് ബൈക്ക് യാത്രികർ പറഞ്ഞെങ്കിലും കെ ടി ജലീൽ വിരുദ്ധ ജ്വരം ബാധിച്ച യൂത്ത് ലീഗുകാർ മനഃപൂർവ്വം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് സിപിഎം വിശദീകരണം. മന്ത്രിയുമായി വാക്കുതർക്കമുണ്ടാക്കുന്നത് മൊബൈലിൽ ചിത്രീകരിച്ച് മന്ത്രിയുടെ വാഹനം ഇടിപ്പിച്ചതായി ആരോപിച്ച് മന്ത്രിയെ അപമാനിക്കും വിധം വാട്‌സ് ആപ്പിലൂടെയും ഫേസ് ബുക്കിലൂടെയും പ്രചരിപ്പിക്കുകയായിരുന്നുവെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP