Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറ് കോടി ടെണ്ടർ വിളിച്ചു ശിവരാത്രി മണപ്പുറത്തേക്ക് നിർമ്മിച്ച നടപ്പാതയ്ക്ക് ചെലവായത് 18 കോടി! 74 കോടി മുടക്കി നിർമ്മിച്ച കണ്ണങ്ങാട്ട്-വില്ലിങ്ടൺ ഐലന്റ് പാലത്തിവും കോടികളുടെ അഴിമതി; 68 കോടി രൂപയ്ക്ക് നിർമ്മിക്കേണ്ടിയിരുന്ന പുറപ്പള്ളിക്കാവ് പാലത്തിന് മുടക്കിയത് 132 കോടി; പാലാരിവട്ടം പാലത്തിന്റെ പേരിൽ കോടികൾ കട്ടുമുട്ടിച്ച ഇബ്രാഹിം കുഞ്ഞിന്റെ പേരിൽ രൂപപ്പെടുന്നത് അനേകം അഴിമതി കേസുകൾ; പിണറായി രക്ഷിക്കാൻ ശ്രമിച്ചില്ലെങ്കിൽ ഇബ്രാഹിം കുഞ്ഞ് അകത്താകാൻ അനേകം കാരണങ്ങൾ

ആറ് കോടി ടെണ്ടർ വിളിച്ചു ശിവരാത്രി മണപ്പുറത്തേക്ക് നിർമ്മിച്ച നടപ്പാതയ്ക്ക് ചെലവായത് 18 കോടി! 74 കോടി മുടക്കി നിർമ്മിച്ച കണ്ണങ്ങാട്ട്-വില്ലിങ്ടൺ ഐലന്റ് പാലത്തിവും കോടികളുടെ അഴിമതി; 68 കോടി രൂപയ്ക്ക് നിർമ്മിക്കേണ്ടിയിരുന്ന പുറപ്പള്ളിക്കാവ് പാലത്തിന് മുടക്കിയത് 132 കോടി; പാലാരിവട്ടം പാലത്തിന്റെ പേരിൽ കോടികൾ കട്ടുമുട്ടിച്ച ഇബ്രാഹിം കുഞ്ഞിന്റെ പേരിൽ രൂപപ്പെടുന്നത് അനേകം അഴിമതി കേസുകൾ; പിണറായി രക്ഷിക്കാൻ ശ്രമിച്ചില്ലെങ്കിൽ ഇബ്രാഹിം കുഞ്ഞ് അകത്താകാൻ അനേകം കാരണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം പാലത്തിലെ അഴിമതിയുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാകുന്നത് കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും വലിയ അഴിമതിക്കാരായ മന്ത്രിയുടെ വിവരങ്ങളാണ്. മന്ത്രിയായിരിക്കവേ അധികം ആരോപണങ്ങൾ ഉയരാതിരുന്നെങ്കിലും ഇബ്രാഹിം കുഞ്ഞിന്റെ അഴിമതിയുടെ കണക്കുകൾ ഇപ്പോഴാണ് ഓരോന്നായി പുറത്തുവരുന്നത്. ലീഗിന്റെ മന്ത്രിയെന്ന നിലയിൽ, പ്രത്യേകിച്ചും കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരൻ എന്ന നിലയിൽ ഇബ്രാഹിംകുഞ്ഞിനോട് ഇപ്പോഴും സോഫ്റ്റ് കോർണർ സൂക്ഷിക്കുന്ന സിപിഎം നേതാക്കളുണ്ട്. ഇവരിലാണ് ഈ ലീഗ് മന്ത്രി അഭയം പ്രാപിക്കുന്നതും. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കവേ ഇബ്രാഹിംകുഞ്ഞിന്റെ ഇടപെടലിൽ കോടികൾ ഖജനാവിൽ നിന്നും ചോർന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇബ്രാഹിംകുഞ്ഞിനെതിരെ ഉയർന്ന ആരോപണങ്ങൾ അക്കമിട്ടു നിരത്തിക്കൊണ്ട് വിചാരണ ചെയ്യാനുള്ള അനുമതി തേടിക്കൊണ്ടുള്ള റിട്ട് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കയാണ്. ആലുവ മണപ്പുറം നടപ്പാലം നിർമ്മാണ അഴിമതിയാണ് ഇതിൽ എടുത്തു കാണിക്കുന്നത്. മണപ്പുറം പാലം അഴിമതിക്കേസ് ഇപ്പോൾ മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണനയിലാണ്. ജനപ്രതിനിധികൾക്കെതിരായ അഴിമതി കേസുകളിൽ സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടണം എന്നതിനാലാണ് പൊതുപ്രവർത്തകനായ ഖാലിദ് മുണ്ടപ്പള്ളി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

പാലാരിവട്ടം പാലത്തിനു പുറമേ കുമ്പളം കായലിൽ 74 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കണ്ണങ്ങാട്ട്-വില്ലിങ്ടൺ ഐലന്റ് പാലത്തിന്റെ അഴിമതിയും നിയമനടപടികളിലാണ്. യു.ഡി.എഫ്. ഭരണകാലത്താണ് വിവാദമുയർത്തിയ ഈ പാലങ്ങളുടെ നിർമ്മാണം. ശിവരാത്രി മണപ്പുറത്തേക്ക് നിർമ്മിച്ച നടപ്പാലത്തിന് ആറുകോടി രൂപയായിരുന്ന ടെൻഡർ തുക. നിർമ്മാണം പൂർത്തിയായപ്പോൾ 18 കോടിയായി. നിശ്ചിത തുകക്ക് പണിതീർക്കാമെന്ന കരാറായ ലംപ്സം കരാറിൽ നിർമ്മാണം തുടങ്ങിയ പാലത്തിന് 12 കോടി രൂപയോളമാണ് അധികം ചെലവായത്.

വിദഗ്ധ പരിശോധനയോ രേഖകളുടെ പിൻബലമോ ഇല്ലാതെയാണു പണം അനുവദിച്ചത്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടാണു ഹർജി. വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ ലക്ഷ്യമിട്ട് നിർമ്മിച്ച കണ്ണങ്ങാട്ട്-വില്ലിങ്ടൺ ഐലന്റ് പാലത്തിന്റെ നിർമ്മാണത്തിലും വൻ അഴിമതിയാണ് കണ്ടെത്തിയത്. തുറന്നുകൊടുത്ത് ഒന്നരവർഷമായിട്ടും ഉപയോഗിക്കാനും കഴിയാതെ അപകടാവസ്ഥയിലാണ് ഈ പാലവും. 72.54 കോടി രൂപയാണു പൊതുമരാമത്ത് വകുപ്പ് ഇതിനായി ചെലവിട്ടത്. കൺസ്ട്രക്ഷൻ കോർപറേഷനും നിർമ്മാണ കരാർ നൽകി.

തുടർന്ന് സ്വകാര്യ കമ്പനിക്ക് 18 ശതമാനത്തിലേറെ തുക നൽകിയാണു പണി പൂർത്തിയാക്കിയത്. നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ചു പരിശോധന നടത്താൻ ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ജി. ഗിരീഷ് ബാബു നൽകിയ ഹർജിയിൽ വിജിലൻസിന്റെ അന്വേഷണം തുടരുകയാണ്. അതിനിടെ, ഐലന്റ് പാലത്തിന്റെ നിർമ്മാണത്തിൽ അപാകതയില്ലെന്നു കണ്ടെത്തിയ വിജിലൻസ് അതേ മാനദണ്ഡം ഉപയോഗിച്ച് നിർമ്മിച്ച പാലാരിവട്ടം പാലത്തിന് നിർമ്മാണ അപാകത കണ്ടെത്തിയതാണു വിചിത്രം. വിജിലൻസിന്റെ ഈ നിലപാടും കോടതിയിൽ ചോദ്യംചെയ്യപ്പെടുകയാണ്.

ഇത് കൂടാതെ വികെ. ഇബ്രാഹിം കുഞ്ഞ് എറണാകുളം പുറപ്പള്ളിക്കാവ് പാലം നിർമ്മിച്ചതിലും ക്രമക്കേട് നടത്തിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പദ്ധതിക്കായി നബാർഡ് അനുവദിച്ചതിലും ഇരട്ടിത്തുകയ്ക്കാണ് എറണാകുളം പുറപ്പള്ളിക്കാവ് പാലം നിർമ്മിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. 68 കോടി രൂപയ്ക്ക് നിർമ്മിക്കേണ്ടിയിരുന്ന പാലത്തിന് 132 കോടി രൂപയാണ് ചെലവാക്കിയത്. പുറപ്പള്ളിക്കാവ് പാലം നിർമ്മാണത്തിൽ മന്ത്രിയായിരുന്നപ്പോൾ വി.കെ. ഇബ്രാഹിം കുഞ്ഞ് നേരിട്ട് ഇടപെട്ടാണ് പദ്ധതി രേഖയിൽ മാറ്റം വരുത്തിയത്.

പെരിയാറിന് കുറുകെ പുറപ്പള്ളിക്കാവിൽ റെഗുലേറ്റർ കം ബ്രിഡ്ജിനായി 68 കോടി രൂപ വകയിരുത്തിക്കൊണ്ടാണ് നബാർഡ് അനുമതി നൽകിയികിയിരുന്നത്. എന്നാൽ നബാർഡ് നിർദ്ദേശിച്ച സ്ഥലത്ത് പാലം നിർമ്മിക്കേണ്ടെന്നും മറ്റൊരു സ്ഥലത്ത് പാലം നിർമ്മിക്കണമെന്നും മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് നേരിട്ട് നിർദ്ദേശിക്കുകയായിരുന്നു. മന്ത്രി നിർദ്ദേശിച്ച സ്ഥലത്ത് പാലം നിർമ്മിക്കേണ്ട ആവശ്യകതയില്ലെന്നായിരുന്നു നബാർഡിന്റെ വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ഈ കണ്ടെത്തൽ അംഗീകരിക്കാതിരുന്ന മന്ത്രി പുതിയ സ്ഥലത്ത് തന്നെ പാലം നിർമ്മിക്കണമെന്ന് വാശിപിടിച്ചു. ഇതിനായി വകുപ്പുതലത്തിൽ യോഗവും വിളിച്ചു. തുടർന്ന് പുതിയ സ്ഥലത്ത് തന്നെ പാലം പണിയാൻ തീരുമാനമായി. ഇതോടെ 68 കോടി രൂപയുടെ എസ്റ്റിമേറ്റ് 108 കോടിയായി ഉയർത്തി.

എന്നാൽ ആദ്യം വകയിരുത്തിയ 68 കോടി മാത്രമേ നൽകാനാകൂവെന്ന നബാർഡ് അറിയിച്ചതിനെ തുടർന്ന് അധികമായി വേണ്ട പണം സംസ്ഥാന സർക്കാർ നൽകുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തുടർന്ന് പാലം പണി പൂർത്തിയായപ്പോൾ നിർമ്മാണച്ചെലവ് 132 കോടി രൂപയായി ഉയരുകയും ചെയ്തു. നാബാർഡ് വിദഗ്ധ സമിതി മന്ത്രി നിർദ്ദേശിച്ച സ്ഥലത്ത് പാലത്തിന്റെ ആവശ്യകത ഇല്ലെന്ന് പ്രത്യേകം അറിയിച്ചിട്ടും അത് വക വെയ്ക്കാതിരുന്നതിലെ ഉദ്ദേശ്യശുദ്ധിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കൂടാതെ പദ്ധതിക്കായി വകയിരുത്തിയതിലും കൂടുതൽ തുക പാലം നിർമ്മാണത്തിന് ചെലവഴിച്ചതോടെ സംസ്ഥാനത്തിനിത് അധിക ബാധ്യതയുമായി.

അതേസമയം പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ വീഴ്ചയിൽ ഉദ്യോഗസ്ഥരെ മാത്രം പ്രതിസ്ഥാനത്ത് നിർത്തുന്ന മന്ത്രി ജി. സുധാകരനെ തിരുത്തി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പിലെ അഴിമതി ചൂണ്ടികാട്ടിയുള്ള വിജിലൻസ് റിപ്പോർട്ടിൽ കഴിഞ്ഞ സർക്കാർ ഗൗരവകരമായി നടപടി എടുക്കാത്തതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. അഴിമതി കാണിച്ച ആരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. യുഡിഎഫ് കാലത്ത് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് മറയാക്കി അഴിമതി നടന്നതായി പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും ജി. സുധാകരൻ പറഞ്ഞിരുന്നു.

വി.കെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ വകുപ്പിൽ നടന്ന അഴിമതികളെ കുറിച്ച് 2015 മെയ്‌ 28 ൽ തന്നെ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ അത് ഗൗരവമായെടുക്കാത്തിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിൽ മാറാനും, പുതിയ എസ്റ്റിമേറ്റിനും, സാധനങ്ങൾ മറിച്ചു വിറ്റുമൊക്കെ അഴിമതി നടത്തിയെന്ന വിജിലൻസ് റിപ്പോർട്ടിലെ ഒമ്പത് നിഗമനങ്ങൾ മുഖ്യമന്ത്രി അക്കമിട്ട് നിരത്തി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം അഴിമതി നടത്തിയ 100ൽപ്പരം ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും സർക്കാർ സഭയെ അറിയിച്ചു.

പാലാരിവട്ടം മേൽപാലം നിർമ്മാണത്തിലെ വീഴ്ചകൾക്ക് ഉത്തരവാദി ഉദ്യോഗസ്ഥർ മാത്രമാണെന്നാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നേരത്തെ വ്യക്തമാക്കിയത്. പൊതുമരാമത്ത് വകുപ്പിലെ അഴിമതി നിർമ്മാർജനം സംബന്ധിച്ച ചോദ്യങ്ങൾ ഇന്ന് സഭയിൽ ഉയർന്നപ്പോഴും മന്ത്രി പ്രതിക്കൂട്ടിൽ നിർത്തിയത് കിറ്റ് കോയെ മാത്രം. ഒളിയമ്പ് വച്ചുള്ള പ്രവർത്തനമല്ല, ശക്തമായ നടപടി വേണമെന്ന് പി.ടി. തോമസ് ആവശ്യപ്പെട്ടതോടെയാണ് ജി. സുധാകരനെ തിരുത്തി മുഖ്യമന്ത്രി രംഗത്തെത്തിയത്.

അതേസമയം നിയമസഭയിൽ ഇക്കാര്യം ഉന്നയിക്കുമ്പോഴും ഇബ്രാഹിംകുഞ്ഞിനെതിരെ കടുത്ത നടപടികളിലേക്കക് സർക്കാർ കടന്നേക്കില്ല. പാലാരിവട്ടം മേൽപാലം നിർമ്മാണത്തിൽ നടന്ന വൻ അഴിമതിയിൽ വ്യക്തമായ പങ്ക് ബോധ്യപ്പെട്ടിട്ടും മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കേസിൽ പ്രതിചേർക്കാത്തത് സിപിഎം- ലീഗ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണെന്ന ആരോപണവും ഉയർന്നിരുന്നു. ഇബ്രാഹിം കുഞ്ഞിനായി സിപിഎം നേതാക്കൾ രക്ഷയൊരുക്കാത്താ പക്ഷം മുന്മന്ത്രിക്ക് അഴിമതിക്കുരുക്ക് മുറുകുന്ന അവസ്ഥയാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP