Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം അടിവസ്ത്രത്തിൽ പ്രത്യേകം അറ നിർമ്മിക്കും; അറയിൽ സൂക്ഷിക്കുന്നത് ആംപ്യൂളുകളും സിറിഞ്ചുകളും കുത്തുവാനുള്ള സൂചിയും; ഇടപാടുകാരെ കാത്ത് ആലുവബൈപ്പാസിൽ അലസമട്ടിൽ ബൈക്കിൽ കാത്തിരിക്കും; ഷാഡോ സംഘം പിടികൂടുമ്പോൾ മാരകലഹരിയിൽ; നിശാപാർട്ടികളിൽ യുവതീയുവാക്കൾക്ക് ന്യൂജെൻ ലഹരി എത്തിക്കുന്ന ബൈപ്പാസ് ന്യൂട്ടൺ പിടിയിൽ; ബെംഗളൂരുവിൽ നിന്ന് ആംപ്യൂളുകൾ എത്തിക്കുന്ന പെൺസുഹൃത്തിനായി തിരച്ചിൽ

ആദ്യം അടിവസ്ത്രത്തിൽ പ്രത്യേകം അറ നിർമ്മിക്കും; അറയിൽ സൂക്ഷിക്കുന്നത് ആംപ്യൂളുകളും സിറിഞ്ചുകളും കുത്തുവാനുള്ള സൂചിയും; ഇടപാടുകാരെ കാത്ത് ആലുവബൈപ്പാസിൽ അലസമട്ടിൽ ബൈക്കിൽ കാത്തിരിക്കും; ഷാഡോ സംഘം പിടികൂടുമ്പോൾ മാരകലഹരിയിൽ; നിശാപാർട്ടികളിൽ യുവതീയുവാക്കൾക്ക് ന്യൂജെൻ ലഹരി എത്തിക്കുന്ന ബൈപ്പാസ് ന്യൂട്ടൺ പിടിയിൽ; ബെംഗളൂരുവിൽ നിന്ന് ആംപ്യൂളുകൾ എത്തിക്കുന്ന പെൺസുഹൃത്തിനായി തിരച്ചിൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ആലുവ കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതി, യുവാക്കൾ നടത്തി വരുന്ന നിശാപാർട്ടികൾക്ക് ഉന്മാദ ലഹരി പകരുന്നതിനായി എത്തിച്ച അതിമാരക മയക്കുമരുന്നായ ബ്യൂപ്രിനോർഫിൻ ലൂപിജെസിക് ഐപി ആപ്യൂളുകളുമായി യുവാവിനെ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം പിടികൂടി. നെടുമ്പാശ്ശേരി കരിയാട് താമസിക്കുന്ന അരീക്കൽ വീട്ടിൽ ബൈപ്പാസ് ന്യൂട്ടൺ എന്ന് വിളിക്കുന്ന അരുൺ ബെന്നി (25) യെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് ഏഴ് എണ്ണം ബ്യൂപ്രിനോർഫിൻ ഇഞ്ചക്ഷൻ ആപ്യൂളുകളും, മയക്ക് മരുന്ന് കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന രണ്ട് സിറിഞ്ചുകളും, മൂന്ന് സൂചി കളും കണ്ടെടുത്തു.

ഏറെ നാളുകളായി മയക്ക് മരുന്ന് വിൽപന നടത്തിവന്നിരുന്ന ഇയാൾ ആംപ്യൂളുകളുമായി പിടിയിലാകുന്നത് ഇത് ആദ്യമാണ്. എന്നാൽ ഇതിന് മുമ്പ് 40 എണ്ണം നൈട്രോസെപാം ഗുളികകൾ കൈവശം വച്ചതിന് ഇയാൾ പിടിക്കപ്പെട്ടിട്ടുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ആലുവയിൽ ഇത്രയേറേ മയക്ക് മരുന്ന് ആംപ്യൂളുകൾ പിടിച്ചെടുക്കുന്നത്. ക്യാൻസർ രോഗികൾ പോലെയുള്ളവർക്ക് വേദന സംഹാരിയായി നൽകി വരുന്ന വളരെ വിനാശകാരിയായ മയക്കുമരുന്നാണിത്. കൊച്ചിലെ HIV ബാധിതരിൽ ഭൂരിഭാഗം വരുന്ന ആളുകൾക്ക് എയിഡ്‌സ് രോഗം പടരാൻ ഇടയായത് ബ്രൂപ്രിനോർഫിൻ ആംപ്യൂളിന്റെ ഉപയോഗം മൂലമാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ആംപ്യൂളുകൾ ശരീരത്തിൽ കുത്തിവയ്ക്കുന്നതുകൊണ്ടാണ് ഈ ഇനത്തിലുള്ള മയക്ക് മരുന്ന് ഉപയോഗിക്കുന്നവർ ഭൂരിഭാഗവും HIV ബാധിതരായത്.

നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫിനാൽഷ്യൽ മാനേജരായ ഇയാൾ അവിടെ വച്ച് പരിചയപ്പെട്ട ഒരു പെൺ സുഹൃത്ത് വഴിയാണ് വളരെ അപൂർവ്വമായി ലഭിക്കുന്ന ഈ മയക്ക് മരുന്ന് ബ്ലാംഗ്ലൂരിൽ നിന്ന് വാങ്ങി കൊണ്ട് വന്നിരുന്നത്. ഇതിന് മുൻപ് ഡൽഹിയിലെ നിസാമുദ്ദീനിൽ നിന്നും യഥേഷ്ടം ആംപ്യൂളുകൾ കേരളത്തിലേയ്ക്ക് എത്തിയിരുന്നു. എന്നാൽ ഇവിടുത്തെ ഫാർമസ്യൂട്ടിക്കലുകളിൽ സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടു കൂടി കേരളത്തിലേക്കുള്ള ആംപ്യൂൾ കടത്ത് നിലച്ചിരുന്നു. കൂടാതെ ഒരു ആംപ്യൂൾ കൈവശം വച്ചാൽ തന്നെ 10 വർഷം വരെ ശിക്ഷ ലഭിക്കാമെന്നതും ആംപ്യൂൾ ഉപയോക്താക്കൾക്കിടയിൽ ഭയം ഉളവാക്കിയിരുന്നു.

ആംപ്യൂളുകളുടെ വരവ് പൂർണ്ണമായും നിലച്ചു എന്ന് കരുതിയിരുന്ന അവസരത്തിലാണ് ഇത്രയേറെ ആംപ്യൂളുകൾ പിടിച്ചെടുക്കുന്നത്. വൻ ഉപഭോക്തത സാധ്യത മനസ്സിലാക്കി ഡ്രഗ് മാഫിയ കൊച്ചിയിൽ നിന്നും ആലുവയിലേയ്ക്ക് ചുവട് മാറ്റുന്നതിന്റെ സൂചനയാണോ ഇതെന്ന് അധികൃതർ സംശയം പ്രകടിപ്പിച്ചു. ഇയാളെ ചോദ്യം ചെയ്തതിൽ പെൺകുട്ടികൾ അടക്കമുള്ളവർ മയക്ക് മരുന്ന് കുത്തിവയ്ക്കുന്നു എന്നുള്ളത് ആശങ്ക ഉളവാക്കുന്നതാണെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. പഠിക്കുന്ന കാലത്ത് കോളേജിലെ ആഘോഷ ദിവസങ്ങളിൽ ഒരു രസത്തിന് വേണ്ടി തുടങ്ങി വച്ച മയക്ക് മരുന്ന് കുത്തിവെപ്പ് ഒടുവിൽ അരുൺ ബെന്നിയെ മയക്ക് മരുന്നിന് അടിമയാക്കുകയായിരുന്നു.

ഒരു തവണ ഇത് കുത്തി വച്ച് കഴിഞ്ഞാൽ പിന്നീട് ഇതിൽ നിന്ന് അത്ര എളുപ്പം മോചിതനാകാൻ കഴിയില്ലെന്ന് ഇയാൾ പറയുന്നു. യുവതലമുറയെ ലഹരിയുടെ നീരാളി പിടുത്തത്തിൽ നിന്ന് കരകയറ്റുക എന്ന ലക്ഷ്യത്തോടെ എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ ചന്ദ്രപാലന്റെ മേൽ നോട്ടത്തിൽ 'ഓപ്പറേഷൻ മൺസൂൺ ' എന്ന് പേരിട്ട് കൊണ്ട് ഒരു പ്രത്യേക ഷാഡോ ടീം ആലുവ എക്‌സൈസ് റേഞ്ചിൽ രൂപപ്പെടുത്തി, സ്‌കൂൾ, കോളേജ് പരിസരങ്ങളിൽ ലഹരി മാഫിയക്കെതിരെ ഇതിനകം ശക്തമായ നടപടികൾ സ്വീകരിച്ച് വരുകയായിരുന്നു.

ആലുവയിലെ ഒരു പ്രമുഖ കോളേജിലെ ക്യാംപസ്സിന് അകത്ത് ഇഞ്ചക്ഷൻ സിറിഞ്ചുകൾ കണ്ടെത്തിയതിനെ തുടർന്ന് കോളേജ് അധികൃതർ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിനെ ഈ വിവരം അറിയിച്ചിരുന്നു. തുടർന്ന് ഷാഡോ സംഘം നടത്തിയ അന്വേഷണം ചെന്നെത്തിയത് ഈ അരുൺ ബെന്നിയിലായിരുന്നു. ഇയാളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചു എങ്കിലും ഇയാൾ അതിവിദഗ്ധമായാണ് മയക്ക് മരുന്ന് കൈമാറിയിരുന്നത്. കൂടാതെ എക്‌സൈസ് ഷാഡോ സംഘങ്ങളുടെ പരിശോധനയിൽ നിന്ന് രക്ഷപെടുന്നതിന് വേണ്ടി ന്യൂജനറേഷൻ ബൈക്കിലാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. ദിവസങ്ങളോളം ഇയാളെ എക്‌സൈസ് ഷാഡോ സംഘം നിരീക്ഷിച്ച് വന്നതിന്റെ ഫലമായി ആലുവ ബൈപ്പാസിന് സമീപം ആംപ്യൂളുകളുമായി ആവശ്യക്കാരെ കാത്ത് ബൈക്കിൽ ഇരിക്കുകയായിരുന്ന ഇയാളെ എക്‌സൈസ് ഷാഡോ സംഘം പിടികൂടുകയായിരുന്നു.

മാരക ലഹരിയിലായിരുന്ന ഇയാൾ അൽപസമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെങ്കിലും ഷാഡോ ടീം ഇയാളെ കീഴ്‌പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ അടിവസ്ത്രത്തിൽ പ്രത്യേക അറ നിർമ്മിച്ച് അതിനകത്ത് ആംപ്യൂളുകളും, സിറിഞ്ചുകളും, കുത്തുവാനുള്ള സൂചിയും സൂക്ഷിച്ച് വച്ചിരിക്കുന്നതായി കണ്ടെത്തി. ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ വാസുദേവൻ ഷാഡോ ടീമംഗങ്ങളായ എൻ ഡി ടോമി, എൻ ജി അജിത് കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ സിദ്ധാർത്ഥ് , സിയാദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. മയക്ക് മരുന്ന് ആംപ്യൂൾ ഉപയോഗിക്കുന്നവരുടെ ഗ്രൂപ്പിനെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചിട്ടുണ്ടെന്നും, ബാംഗ്ലൂരിൽ നിന്നും മയക്ക് മരുന്ന് ആംപ്യൂളുകൾ വാങ്ങാൻ സഹായിച്ചിരുന്ന പെൺ സുഹൃത്തിനെക്കുറിച്ചുള്ള അന്വേഷണം നടത്തി വരുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും, മയക്ക് മരുന്ന് ആംപ്യൂളുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്തി ഇവരെ അതിൽ നിന്നും മോചിപ്പിക്കുന്നതിനായി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ലഹരി വിമുക്ത ചികിൽസാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുകയാണെന്നും, ലഹരി മാഫിയക്കെതിരായ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിന്റെ ശക്തമായ നടപടികൾ തുടരുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP