Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞങ്ങളെ പോലുള്ളവരുടെ ജീവിതം വച്ചാണ് നിങ്ങൾ ഭരിച്ചു സുഖിക്കുന്നത്; പി ജയരാജനെ ഇല്ലതാക്കാൻ ആരു ശ്രമിച്ചാലും പ്രതിരോധിക്കും; കതിരൂർ മനോജ് വധക്കേസിലെ പ്രതി വിക്രമൻ ജയിലിൽ നിന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത് സാക്ഷാൽ പിണറായി വിജയനെ; കണ്ണൂർ ഗുണ്ടകളുടെ വിളയാട്ടം മുഖ്യമന്ത്രിക്ക് നേരേയും തിരിഞ്ഞതോടെ സിങ്കം ജയിൽ ഡിജിപിയായി; സിപിഎം ഗുണ്ടകളെ ഭയന്ന് പിണറായിക്കു പോലും പുറത്തറിങ്ങാൻ പേടിയെന്ന് ജന്മഭൂമി റിപ്പോർട്ട്; ചർച്ചയാകുന്നത് കണ്ണൂർ സിപിഎമ്മിലെ വിഭാഗീയത

ഞങ്ങളെ പോലുള്ളവരുടെ ജീവിതം വച്ചാണ് നിങ്ങൾ ഭരിച്ചു സുഖിക്കുന്നത്; പി ജയരാജനെ ഇല്ലതാക്കാൻ ആരു ശ്രമിച്ചാലും പ്രതിരോധിക്കും; കതിരൂർ മനോജ് വധക്കേസിലെ പ്രതി വിക്രമൻ ജയിലിൽ നിന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത് സാക്ഷാൽ പിണറായി വിജയനെ; കണ്ണൂർ ഗുണ്ടകളുടെ വിളയാട്ടം മുഖ്യമന്ത്രിക്ക് നേരേയും തിരിഞ്ഞതോടെ സിങ്കം ജയിൽ ഡിജിപിയായി; സിപിഎം ഗുണ്ടകളെ ഭയന്ന് പിണറായിക്കു പോലും പുറത്തറിങ്ങാൻ പേടിയെന്ന് ജന്മഭൂമി റിപ്പോർട്ട്; ചർച്ചയാകുന്നത് കണ്ണൂർ സിപിഎമ്മിലെ വിഭാഗീയത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ട് ദിവസം മുമ്പ് ജന്മഭൂമി നൽകിയ വാർത്തയാണ് സിപിഎമ്മിലെ ഇപ്പോഴത്തെ പുതു ചർച്ച. ഈ വാർത്തയിൽ ഇനിയും സ്ഥിരീകരണമില്ല. എങ്കിലും കണ്ണൂരിലെ ജയിലിനെ സിപിഎം ഗുണ്ടകൾ പിടിമുറുക്കിയത് തടയാൻ സർക്കാർ കാട്ടിയ അമിതാവേശം അണികളെ ഞെട്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ വാർത്തയിൽ ചർച്ച തുടരുകയാണ്. ഏതായാലും സിപിഎം ഗുണ്ടകളെ ഭയന്ന് പിണറായിക്കു പോലും പുറത്തറിങ്ങാൻ പേടിയെന്ന് ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ജന്മഭൂമി വാർത്ത സൃഷ്ടിച്ചത്. കരുതലോടെയാണ് ഈ വാർത്തയിൽ സിപിഎം അണികൾ പോലും പ്രതികരിക്കുന്നത്. കണ്ണൂരിലെ സിപിഎമ്മിലെ ചേരിതിരിവാണ് ഈ വാർത്തയും ചർച്ചയാക്കുന്നത്.

കണ്ണൂർ സെൻട്രൽ ജയിൽ നടന്ന റെയിഡിനു കാരണം കതിരൂർ മനോജ് വധത്തിലെ ഒന്നാം പ്രതി വിക്രമന്റെ ഫോൺ വിളിയെന്നായിരുന്നു ജന്മഭൂമി വാർത്ത. ജയിലിൽ കിടക്കുന്ന വിക്രമൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു വിളിക്കുകയായിരുന്നു. കണ്ണൂരിലെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലുള്ള വിളിയിൽ ഒരു തരം ഭിഷണിയുടെ സ്വരവും ഉണ്ടായി. ഞങ്ങളെ പോലുള്ളവരുടെ ജീവിതം വച്ചാണ് നിങ്ങൾ ഭരിച്ചു സുഖിക്കുന്നത് എന്ന കാര്യം മറക്കരുതെന്ന് പറഞ്ഞ വിക്രമൻ, പി ജയരാജനെ ഇല്ലതാക്കാൻ ആരു ശ്രമിച്ചാലും പ്രതിരോധിക്കുമെന്നും വ്യക്തമാക്കി. ഇതോടെയാണ് ജയിലിനെ നിയന്ത്രിക്കാൻ പിണറായി വിജയൻ തീരുമാനിച്ചതെന്നും ജന്മഭൂമി പറയുന്നു. അതീവ ഗൗരവമുള്ള ആരോപണമാണ് ജന്മഭൂമി ഉയർത്തിയത്. എങ്കിലും വിവാദത്തോട് മുഖ്യമന്ത്രിയോ സിപിഎമ്മോ പ്രതികരിച്ചുമില്ല. വാർത്ത നിഷേധിക്കുകയും ചെയ്തില്ല. ജന്മഭൂമിയിൽ വന്ന വാർത്തയെ നിശബ്ദമായി തള്ളാനായിരുന്നു തീരുമാനം.

കണ്ണൂരിലെ കൊലപാതകങ്ങൾക്ക് പി.ജയരാജന്റെ വലംകൈ ആയിരുന്ന വിക്രമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെ.ടി ജയകൃഷ്ണൻ മാസ്റ്ററെ കൊന്നതെന്ന കൂട്ടു പ്രതിയും ടി.പി.ചന്ദ്രശേഖരൻ വധത്തിലെ ഒന്നാം പ്രതിയുമായിരുന്ന ടി.കെ.രജീഷിന്റെ മൊഴി വിവാദമായിരുന്നു. വിക്രമനെക്കുറിച്ച് നന്നായി അറിയാവുന്ന പിണറായിക്ക് സംസാരത്തിലെ ഭീഷണി സ്വരം മനസ്സിലായി. ഉടൻ തന്നെ ജയിൽ ഡിജിപി ഋഷിരാജ് സിംഗിനെ വിളിച്ച റെയിഡന് നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് ജന്മഭൂമി പറയുന്നത്. എക്‌സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗിനെ ഈയിടെയാണ് ജയിൽ ഡിജിപിയാക്കിയത്. തൊട്ടു പിന്നാലെ ടിപി കേസ് പ്രതികൾ താമസിക്കുന്ന ജയിലുകളിൽ റെയ്ഡ് എത്തി. കണ്ണൂരിൽ ഋഷിരാജ് സിങ് നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. വിയ്യൂരിൽ നിന്ന് കൊടി സുനിയെ തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തു. ഇനി ആർക്കും പരോളില്ലെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.

ഇതെല്ലാം പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം ഋഷിരാജ് സിങ് ചെയ്‌തെന്നാണ് ജന്മഭൂമി വിശദീകരിച്ചിരുന്നത്. തുടർന്ന് ഋഷിരാജ് സിങ് നടത്തിയ പരിശോധനയിലും പിന്നാലെ ജയിൽ സൂപ്രണ്ട് സുധാകരൻ നടത്തിയ പരിശോധനയിലും ആയുധങ്ങളും മൊബൈൽ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. ഒരു ജയിലിലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ണൂർ ജയിലിൽ നടക്കുന്നുവെന്ന ആക്ഷേപങ്ങൾ ശരിവെയക്കുന്ന തെളിവുകളാണ് കിട്ടിയത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഗൂഢാലോചന ജയിലിലാണ് നടക്കുന്നതെന്ന ആരോപണം ഉയർന്നിരുന്നു. ജയിലിൽ കഴിയുന്ന രാഷ്ട്രീയ കുറ്റവാളികൾ ക്വട്ടേഷൻ പ്രവൃത്തികളിൽ പങ്കാളികളായ കേസുകളും റിപ്പോർട്ടു ചെയ്യപ്പെട്ടുവെന്നായിരുന്നു വാർത്ത. ഋഷിരാജ് സിങ് ജയിലിലെ റെയ്ഡിൽ പല നിർണ്ണായക വിവരങ്ങളും കണ്ടെത്തിയെന്നും വിശദീകരിക്കുന്നു.

ഒരുവിഭാഗം ജയിൽ ഉദ്യോഗസ്ഥർ രാഷ്ട്രീയതടവുകാരെ സഹായിക്കുന്നതായി ഡിജിപി കണ്ടെത്തി. ഇങ്ങനെ പോയാൽ കാര്യങ്ങൾ കൈവിടുമെന്ന വിക്രമന്റെ ഭീഷണി സ്വരത്തിലുള്ള ഫോൺ വിളിയോടെ പിണറായിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നും ജന്മഭൂമി വിശദീകരിക്കുന്നു. ഈ വാർത്ത കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളിൽ വലിയ ചർച്ചയാണ്. വാർത്തയുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതിനെ വ്യാജ പ്രചരണമെന്നാണ് കണ്ണൂരിലെ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം വിശദീകരിക്കുന്നത്. വാർത്ത എത്തി രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന നേതൃത്വവും പ്രതികരിക്കാത്തത് എന്തെന്ന ചോദ്യവും സജീവമാണ്. ടിപി കേസ് പ്രതികൾക്ക് ജയരാജനുമായി ബന്ധം കുറവാണ്. എന്നാൽ കതിരൂർ മനോജ് വധക്കേസിലെ വിക്രമൻ ജയരാജനുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്.

ആന്തൂരിലെ പ്രശ്‌നങ്ങളിൽ ജയരാജൻ എടുത്ത നിലപാട് സിപിഎമ്മിന് തലവേദനയായിരുന്നു. വടകരയിലെ തോൽവിയോടെ സിപിഎം ജില്ലാ നേതൃത്വവുമായി ജയരാജൻ തെറ്റുകയും ചെയ്തു. ജയരാജനെ തന്ത്രപരമായി സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയാണ് പിണറായിയുടെ പിന്തുണയോടെ ഒരു വിഭാഗം ചെയ്തത്. ജയരാജനെ ബിംബമാക്കി സിപിഎമ്മിനെതിരെ പ്രചരണത്തിന് ഇറങ്ങരുതെന്ന് പിണറായി പറയുകയും ചെയ്തു. ഇതിനിടെയാണ് ജയിലിൽ നിന്നുള്ള ഫോൺ വിളി വിവാദത്തിലെ വാർത്തയുമെത്തുന്നത്. പരസ്യ പ്രതികരണത്തിന് നേതാക്കൾ തയ്യാറായില്ലെങ്കിലും നേതൃയോഗങ്ങളിലും ഇതും ചർച്ചാ വിഷയമാണ്.

സിപിഐ.എം കിഴക്കേ കതിരൂർ വെസ്റ്റ് ബ്രാഞ്ച് അംഗമാണ് വിക്രമൻ. കതിരൂർ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത് വിക്രമനാണെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ പ്രമോദ് മൊഴി നൽകിയിരുന്നു. മനോജ് കൊല്ലപ്പെടുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നയാളാണ് സുഹൃത്ത് പ്രമോദ്. 2014 സെപ്റ്റംബർ 1നാണ് ആർഎസ്എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ്് കിഴക്കെ കതിരൂർ ഇളംന്തോടത്ത് മനു എന്ന മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത്. കതിരൂർ ഉക്കാസ്മെട്ടകിഴക്കേ കതിരൂർ റോഡിലെ തിട്ടയിൽമുക്കിൽവച്ചാണ് വാനിൽ സഞ്ചരിക്കുകയായിരുന്ന മനോജിനും പ്രമോദിനും നേരെ ആക്രമണമുണ്ടായത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മനോജ് മരിച്ചിരുന്നു.

കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കുപുറമെ യു.എ.പി.എ. അനുസരിച്ചുള്ള ദേശവിരുദ്ധക്കുറ്റംചുമത്തിയുള്ള വകുപ്പും ചേർത്താണ് കേസെടുത്തിട്ടുള്ളത്. രാഷ്ട്രീയകൊലപാതകക്കേസിൽ ദേശവിരുദ്ധക്കുറ്റം ചുമത്തുന്നത് ആദ്യമായിരുന്നു. പിന്നീട് ഈ കേസ് സിബിഐ ഏറ്റെടുത്തു. ുഎപിഎ ചുമത്തപ്പെട്ടതോടെ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സിപിഎം കിഴക്കേ കതിരൂർ വെസ്റ്റ് ബ്രാഞ്ച് അംഗവും പാട്യം സഹകരണ ബാങ്ക് വാച്ചുമാനുമായ ഒന്നാം പ്രതി വിക്രമൻ സപ്തംബർ 11ന് കോടതിയിൽ കീഴടങ്ങിയതോടെ കേസിൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്ക് ഒന്നൊന്നായി പുറത്തുവരികയായിരുന്നു. തുടർന്ന് വിക്രമനെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസിന് മറ്റുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയും തുടർന്ന് സിപിഎമ്മുകാരായ 19 പ്രതികൾ ആദ്യഘട്ടത്തിൽ പിടിയിലാവുകയുണ്ടായി. തുടർന്ന് സിബിഐ കേസ് ഏറ്റെടുത്തതോടെ പ്രതികളെ സഹായിച്ച ജില്ലാ സെക്രട്ടറി പി.ജയരാജനും പയ്യന്നൂർ ഏരിയാ സെക്രട്ടറി മധുസൂദനനും ഉൾപ്പെടെയുള്ളവർ ഗൂഢാലോചനാക്കുറ്റത്തിൽ പ്രതികളാവുകയായിരുന്നു.

കൊലപാതകത്തിൽ പാർട്ടി നേതൃത്വത്തിനുള്ള പങ്ക് അന്വേഷണം മുന്നോട്ടുപോയപ്പോൾ കൂടുതൽ വ്യക്തമായി. ഇതോടെ സിപിഎം തങ്ങൾക്ക് മനോജ് വധത്തിലുള്ള പങ്ക് മറച്ചുവെക്കാൻ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, കേസ് സിബിഐ ഏറ്റെടുക്കുകയും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ജില്ലാ സെക്രട്ടറിയെ അറസ്റ്റു ചെയ്യുകയും ചെയ്തതോടെ കേസിന് പുതിയ മാനം ലഭിച്ചു. ഈ കേസിൽ ജയരാജന്റെ കൂട്ടുപ്രതിയാണ് പിണറായിയെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന ചർച്ച എത്തുന്നത്. കണ്ണൂർ രാഷ്ട്രീയത്തിൽ പിണറായിക്ക് പിടി അയയുന്നതിന് തെളിവായും ഇതിനെ വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP