Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേ രോഹിത് ശർമ്മയ്ക്ക് പിന്നേം സെഞ്ച്വറി; ഇത്തവണ കൂട്ടിന് ലോകേഷ് രാഹുലിന്റെ സെഞ്ച്വറിയും; ശ്രീലങ്ക ഉയർത്തിയ ലക്ഷ്യം മറികടന്നത് 39 പന്തുകൾ ബാക്കി നിൽക്കെ; റൺചെയ്‌സ് തുടങ്ങിയത് തുടക്കം മുതൽ കടന്നാക്രമിച്ച്; അവസാന ലോകകപ്പ് മത്സരത്തിൽ പൊതിരെ തല്ല് വാങ്ങി ഇതിഹാസ താരം ലസിത് മലിംഗ; ലീഡ്‌സിൽ ഇന്ത്യൻ ജയം ഏഴ് വിക്കറ്റിന്; സെമിയിലേക്ക് മുന്നേറുന്നത് ഇംഗ്ലണ്ടിനോട് മാത്രം തോറ്റ്; ടൺ ഹിറ്റിങ് ശർമ്മാജി വീണ്ടും കളിയിലെ കേമൻ

ദേ രോഹിത് ശർമ്മയ്ക്ക് പിന്നേം സെഞ്ച്വറി; ഇത്തവണ കൂട്ടിന് ലോകേഷ് രാഹുലിന്റെ സെഞ്ച്വറിയും; ശ്രീലങ്ക ഉയർത്തിയ ലക്ഷ്യം മറികടന്നത് 39 പന്തുകൾ ബാക്കി നിൽക്കെ; റൺചെയ്‌സ് തുടങ്ങിയത് തുടക്കം മുതൽ കടന്നാക്രമിച്ച്; അവസാന ലോകകപ്പ് മത്സരത്തിൽ പൊതിരെ തല്ല് വാങ്ങി ഇതിഹാസ താരം ലസിത് മലിംഗ; ലീഡ്‌സിൽ ഇന്ത്യൻ ജയം ഏഴ് വിക്കറ്റിന്; സെമിയിലേക്ക് മുന്നേറുന്നത് ഇംഗ്ലണ്ടിനോട് മാത്രം തോറ്റ്;   ടൺ ഹിറ്റിങ് ശർമ്മാജി വീണ്ടും കളിയിലെ കേമൻ

വേൾഡ് കപ്പ് ഡെസ്‌ക്

ലീഡ്‌സ്: 43.3 ഓവർ, മൂന്ന് വിക്കറ്റ്, ഇത്രയും മാത്രമെ വേണ്ടി വന്നുള്ളു ശ്രീലങ്ക ഉയർത്തിയ 265 റൺസ് മറികടക്കാൻ ടീം ഇന്ത്യക്ക്. സാധാരണ രോഹിത് ശർമ്മ ഒറ്റയ്ക്കാണ് സെഞ്ച്വറി അടിക്കുന്നതെങ്കിൽ ഇന്ന് കൂട്ടിന് ലോകേഷ് രാഹുലും കൂടി ഉണ്ടായിരുന്നു. വേഗത കുറഞ്ഞ പിച്ചിൽ ശ്രീലങ്കൻ ബൗളർമാർ അപകടം വിതയ്ക്കും എന്ന് തോന്നിച്ചെങ്കിലും തുടക്കം മുതൽ ഓപ്പണർമാരായ രാഹുൽ 111(118), രോഹിത് ശർമ്മ 103(94) എന്നിവർ ആഞ്ഞടിക്കുകയും തകർപ്പൻ സെഞ്ച്വറിയുമായി കളം നിറയുകയുമായിരുന്നു. ഓപ്പൺമാർക്ക് പുറമെ ഋഷഭ് പന്ത് 4(4) മാത്രമാണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാൻ. വിരാട് കോലി 34*(41) ഹാർദ്ദിക് പാണ്ഡ്യ 7*(4) എന്നിവർ പുറത്താകാതെ നിന്നു. രോഹിത് ശർമ്മയാണ് കളിയിലെ കേമൻ.

265 റൺസ് പിന്തുടർന്ന ഇന്ത്യക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞില്ല. തുടർച്ചയായി ബൗണ്ടറികൾ നേടി രാഹുലും രോഹിതു ഇന്ത്യയെ അധിവേദം മുന്നോട്ട് നയിച്ചു. 11ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു രാഹുലിന്റെ ഇന്നിങസ്. 94 പന്തിൽ 2 സിക്‌സും 14 ഫോറും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇ്ന്നിങ്‌സ്. ശ്രീലങ്കൻ നിരയിൽ അവസാന ലോകകപ്പ് മത്സരം കളിച്ച് ലസിത് മലിം ഉൾപ്പടെ പൊതിരെ തല്ല് വാങ്ങി. 10 ഓവറിൽ വിക്കറ്റ് നേടിയില്ലെങ്കിലും 34 റൺസ് മാത്രം വഴങ്ങിയ തിസാര പെരേര മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. മലിംഗ പത്ത് ഓവറിൽ 82 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി. കസൂൺ രജിത, ഇസുരു ഉഡാന എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടിയത്. തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട് 55ന് നാല് എന്ന നിലയിൽ തകർന്ന ലങ്കയെ ലബികു തിരിമാനെ 53(68), ഏയ്ഞ്ചലോ മാത്യൂസ് 113(128) എന്നിവർ അഞ്ചാം വിക്കറ്റിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്.കരുണരത്നെ (10), കുശാൽ പെരേര (18), അവിഷ്‌ക ഫെർണാണ്ടോ (20), കുശാൽ മെൻഡിസ് (3) എന്നിവരാണ് ആദ്യം പുറത്തായത്. മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ശ്രീലങ്കയുെട മുൻനിരയെ തകർത്തത്. എന്നാൽ മധ്യ ഓവറുകളിൽ സ്പിന്നർമാർക്ക് കൂട്ടുകെട്ട് പൊളിക്കാൻ കഴിഞ്ഞില്ല.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. മുഹമ്മദ് ഷമിയും യുസ്വേന്ദ്ര ചാഹലിനും പകരം രവീന്ദ്ര ജഡേജയും കുൽദീപ് യാദവും ടീമിലെത്തി.സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളി ആരെന്ന് നിർണയിക്കുന്ന മത്സരം കൂടിയാണ് ഇത്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. ഓസ്ട്രേലിയ ജയിച്ചാൽ ഓസ്ട്രേലിയ-ന്യൂസീലൻഡ്, ഇന്ത്യ-ഇംഗ്ലണ്ട് എന്നിങ്ങനെയാകും സെമിഫൈനൽ പോരാട്ടങ്ങൾ. ഓസ്ട്രേലിയ തോൽക്കുകയും ചെയ്താൽ ഇന്ത്യ-ന്യൂസീലൻഡ്, ഓസ്ട്രേലിയ-ഇംഗ്ലണ്ട് എന്നിങ്ങനെയാകും സെമി

ഈ ലോകകപ്പിന് എത്തുന്നതിന് മുൻപ് രോഹിത് ശർമ്മ എന്ന ഇന്ത്യൻ ഉപനായകന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് ഒരു ഒറ്റ സെഞ്ച്വറി മാത്രമാണ്. 2015 ക്രിക്കറ്റ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മെൽബണിൽ ബംഗ്ലാദേശിന് എതിരെ നേടിയത് ആയിരുന്നു അത്. എന്നാൽ തന്റെ രണ്ടാമത്തെ ലോകകപ്പിന് ഇംഗ്ലണ്ടിലെത്തിയ രോഹിത് ശർമ്മ സെമി ഫൈനലിന് മുൻപ് തന്നെ ആറ് ലോകകപ്പ് സെഞ്ച്വറികൾ എന്ന സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ നേട്ടത്തിന് ഒപ്പം എത്തിയിരിക്കുകയാണ്. അതെ ശ്രീലങ്കയ്‌ക്കെതിരെയും സെഞ്ച്വറി നേടി ഈ ലോകകപ്പിൽ തന്റെ അഞ്ചാമത്തേയും കരിയറിലെ ആറാമത്തെ ലോകകപ്പ് സെഞ്ച്വറിയും ഏകദിന കരിയറിലെ 27ാമത്തേയും സെഞ്ച്വറി രോഹിത് പൂർത്തിയാക്കിയപ്പോൾ തകർന്നത് നിരവധി റെക്കോഡുകളാണ്.

ഈ ലോകകപ്പിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് രോഹിത്. ഒൻപത് മത്സരങ്ങളിൽ ഒരെണ്ണം മഴ കാരണം ഉപേക്ഷിച്ചപ്പോൾ ബാക്കിയുള്ള എട്ട് ഇന്നിങ്‌സുകളിൽ നിന്നായി അഞ്ച് സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും സഹിതം 647 റൺസ്. ഒരു ലോകകപ്പിൽ ഏറ്റവും അധികം റൺസ് നേടുന്ന താരം എന്ന സച്ചിൻ തെൻഡുൽക്കറുടെ (673 റൺസ്) റെക്കോഡിന് 26 റൺസ് മാത്രം പിന്നിൽ. ഒരു ലേകകപ്പിൽ ഏറ്റവും അധികം സെഞ്ച്വറി എന്ന നാലെണ്ണം അടിച്ച കുമാർ സംഗക്കാരയുടെ റെക്കോഡിനെ മറികടന്നു. ലോകകപ്പ് കരിയറിൽ 1992 മുതൽ 2011 വരെയുള്ള ആറ് ലോകകപ്പുകളിൽ നിന്നാണ് സച്ചിൻ ആറ് സെഞ്ച്വറി തികച്ചത് എങ്കിൽ രോഹിത്തിന് വേണ്ടി വന്നത് വെറും രണ്ട് ലോകകപ്പുകൾ മാത്രമാണ്.

ഒരു ലോകകപ്പിൽ 600 റൺസ് നേടുന്ന നാലാമത്തെ താരമാണ് രോഹിത്. നേരത്തെ സച്ചിൻ ടെൻണ്ടുൽക്കർ, മാത്യു ഹെയ്ഡൻ എന്നിവരുടെ പേരിലായിരുന്ന റെക്കോഡിന് ഒപ്പം കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശ് മുൻ നായകൻ ഷക്കീബ് അൽ ഹസൻ എത്തിയത്. ഇന്ന് രോഹിത് അത് മറികടന്നു. പരിക്കറ്റ സഹ ഓപ്പണർ ശിഖർ ധവാൻ കൂടി മടങ്ങിയ സ്ഥാനത്താണ് രോഹിത് ഈ തകർപ്പൻ ഫോമിൽ കളിക്കുന്നത്. ഈ ലോകകപ്പിൽ വിരാട് കോലി സെഞ്ച്വറികളുടെ മഴ പെയ്യിക്കുമെന്നാണ് കരുതിയത് എങ്കിൽ അത് രോഹിത്താണ് ഇപ്പോൾ ചെയ്യുന്നത്.

ഇത് കൂടാതെ ഈ ലോകകപ്പിൽ അഞ്ച് സെഞ്ച്വറി എന്ന റെക്കോഡിന് പുറമെ തുടർച്ചയായ മൂന്ന് സെഞ്ച്വറികൾ എന്ന റെക്കോഡും രോഹിത് ശർമ്മ സ്വന്തമാക്കി. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവർക്ക് എതിരെയാണ് തുടർച്ചയായ സെഞ്ച്വറി നേടിയത്. നേരത്തെ സൗത്താഫ്രിക്ക പാക്കിസ്ഥാൻ എന്നിവർക്ക് എതിരെയും സെഞ്ച്വറി നേടിയ താരം ഓസ്‌ട്രേലിയക്ക് എതിരെ അർധ സെഞ്ച്വറിയും നേടിയരുന്നു. അഫ്ഗാനിസ്ഥാന് എതിരെ ഒരു റണ്ണിനും വിൻഡീസിന് എതിരെ 18 റൺസിനും പുറത്തായത് മാത്രമാണ് രോഹിത്തിന്റെ ബാറ്റ് ഈ ലോകകപ്പിൽ ഗർജ്ജിക്കാതെ പോയത്.സെമിയിലും അത് കഴിഞ്ഞ് ഫൈനലിലും രോഹിത് മികച്ച ഫോം തുടരണെ എന്നും ഇന്ത്യ കപ്പ് നേടണേ എ്‌നും മാത്രമാണ് ഇപ്പോൾ ആരാധകർ പ്രാർത്ഥിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP