Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജിവെച്ച എംഎൽമാർ ബംഗലൂരൂവിൽ നിന്ന് മുംബൈയിലെത്തി; കോൺഗ്രസ് എംഎൽഎമാർ മുംബൈക്ക് പറന്നത് ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിൽ; കെ സി വേണുഗോപാൽ വിമാനത്താവളത്തിലെത്തി ചർച്ച നടത്തിയിട്ടും ഡി കെ ശിവകുമാർ രാജിക്കത്ത് വലിച്ചു കീറിയിട്ടും ഫലമുണ്ടായില്ല; തണ്ടുലയാതെ ഓപ്പറേഷൻ താമര കുതിക്കുന്നത് ലക്ഷ്യത്തിലേക്ക് തന്നെ; `സർക്കാരി ബദ്ലീസി ബിജെപി ഗല്ലീസി` എന്ന് മോദി പറഞ്ഞത് ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിച്ച് ബിജെപി

രാജിവെച്ച എംഎൽമാർ ബംഗലൂരൂവിൽ നിന്ന് മുംബൈയിലെത്തി; കോൺഗ്രസ് എംഎൽഎമാർ മുംബൈക്ക് പറന്നത് ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിൽ; കെ സി വേണുഗോപാൽ വിമാനത്താവളത്തിലെത്തി ചർച്ച നടത്തിയിട്ടും ഡി കെ ശിവകുമാർ രാജിക്കത്ത് വലിച്ചു കീറിയിട്ടും ഫലമുണ്ടായില്ല; തണ്ടുലയാതെ ഓപ്പറേഷൻ താമര കുതിക്കുന്നത് ലക്ഷ്യത്തിലേക്ക് തന്നെ; `സർക്കാരി ബദ്ലീസി ബിജെപി ഗല്ലീസി` എന്ന് മോദി പറഞ്ഞത് ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ പുതിയ ദിശയിലേക്ക്. രാജിസമർപ്പിച്ച കോൺഗ്രസ്-ജെ.ഡി.എസ് എംഎ‍ൽഎമാരിൽ പത്തുപേർ മുംബൈയിലെത്തി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് പത്ത് എംഎ‍ൽഎമാർ മുംബൈയിൽ വിമാനമിറങ്ങിയത്. കർണാടകയിലെ കൂട്ടരാജിക്ക് പിന്നിൽ തങ്ങളെല്ലെന്ന് ബിജെപി. ആവർത്തിക്കുമ്പോഴും രാജിവെച്ച എംഎ‍ൽഎമാരുടെ യാത്ര ബിജെപി. എംപിയുടെ വിമാനത്തിലായിരുന്നുവെന്നാണ് പ്രാദേശിക ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. ബിജെപി.യുടെ രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് പത്ത് എംഎ‍ൽഎമാരും മുംബൈയിലെത്തിയത്. ഇവർക്കൊപ്പം ബിജെപിയുടെ രണ്ട് എംഎൽഎമാരും ഉണ്ടെന്നാണ് വിവരം. എന്നാൽ കർണാടകയിലെ നിലവിലെ സംഭവവികാസങ്ങളിൽ തനിക്കോ ബിജെപിക്കോ പങ്കില്ലെന്നായിരുന്നു ബി.എസ്. യെദ്യൂരപ്പ നേരത്തെ പ്രതികരിച്ചത്. വിമാനത്താവളത്തിൽനിന്ന് കുറച്ച് സമയങ്ങൾക്കകം തന്നെ എല്ലാവരും പുറത്തേക്കുപോയി. രാമലിംഗ റെഡ്ഡിയടക്കമുള്ള രാജിവച്ച മറ്റു എംഎൽഎമാർ ഇപ്പോഴും ബെംഗളൂരുവിൽ തുടരുകയാണ്.

ഡി.കെ.ശിവകുമാറിന്റേയും കെ.സി.വേണുഗോപാലിന്റേയും കോൺഗ്രസ് നേതാക്കൾ സമവായ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് എംഎൽഎമാർ കർണാടകം വിട്ടത്. ഹൈക്കമാന്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ബെംഗളുരുവിലേക്ക് എത്തിയ കെ സി വേണുഗോപാൽ എച്ച്എഎൽ വിമാനത്താവളത്തിൽ വച്ച് എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കമാന്റ് ഉടൻ ഇടപെടണമെന്ന് കർശനനിർദ്ദേശം നൽകിയതോടെ കോൺഗ്രസ് നേതാവായ ഡി കെ ശിവകുമാർ വിധാൻ സൗധയിലേക്ക് ഓടിയെത്തി. കടുത്ത പ്രതിഷേധവുമായി നിൽക്കുകയായിരുന്ന എംഎൽഎമാരെ ശിവകുമാർ സമാധാനിപ്പിക്കാൻ ശ്രമിച്ചു. മൂന്ന് പേരെ സമാധാനിപ്പിച്ച് സ്വന്തം കാറിൽ കയറ്റി കൊണ്ടുപോയി. ഇതിനിടെ രാജി സമർപ്പിക്കാനെത്തിയ ഒരു എംഎൽഎയുടെ രാജിക്കത്ത് ശിവകുമാർ വാങ്ങി കീറി എറിഞ്ഞു. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും വിദേശപര്യടനത്തിന് പോയ സമയത്താണ് ഇത്തരത്തിൽ എംഎൽഎമാർ കൂട്ടരാജിക്ക് ഒരുങ്ങിയതെന്നതാണ് ശ്രദ്ധേയം.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാമെങ്കിൽ രാജി പിൻവലിക്കാമെന്നാണ് ഡി കെ ശിവകുമാറുമായി ചർച്ച നടത്തിയ മൂന്ന് കോൺഗ്രസ് എംഎൽഎമാർ വ്യക്തമാക്കിയത്. കോൺഗ്രസ് എംഎൽഎമാരെ വിശ്വാസത്തിലെടുക്കാൻ ജെഡിഎസ് നേതാവ് കൂടിയായ എച്ച് ഡി കുമാരസ്വാമിക്ക് കഴിഞ്ഞില്ലെന്നാണ് എംഎൽഎമാരുടെ ആരോപണം. ഇപ്പോൾ നടക്കുന്ന ഈ നാടകീയ സംഭവങ്ങൾക്ക് പിന്നിൽ ബിജെപിയെക്കൂടാതെ മുഖ്യമന്ത്രിപദത്തിൽ കണ്ണുള്ള സിദ്ധരാമയ്യക്കും പങ്കുണ്ടോ എന്ന് കോൺഗ്രസ് നേതൃത്വം സംശയിക്കുന്നുണ്ട്.

കർണാടകത്തിൽ പ്രതിസന്ധി ഉടലെടുത്ത പശ്ചാത്തലത്തിൽ ഡൽഹിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി. യോഗത്തിൽ മല്ലികാർജുൻ ഖർഗെ, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യെ, ഗുലാം നബി ആസാദ് എന്നിവരും പങ്കെടുത്തിരുന്നു. കർണാടകത്തിൽ എന്താണ് തിരശ്ശീലയ്ക്ക് പിന്നിൽ നടക്കുന്ന നാടകങ്ങൾ എന്നതിൽ വിശദമായ ചർച്ച യോഗത്തിലുണ്ടായി.

ആകെ സീറ്റുകൾ 222. സർക്കാർ രൂപീകരിക്കാൻ 113 സീറ്റുകൾ വേണം.

കോൺഗ്രസ് - ദൾ സഖ്യസർക്കാരിന്റെ കക്ഷിനില 120 ആണ്. കോൺഗ്രസിന് 80 എംഎൽഎമാരും, ജെഡിഎസ്സിന് 37 എംഎൽഎമാരും, ബിഎസ്‌പിക്ക് ഒരു എംഎൽഎയുമാണുള്ളത്. രണ്ട് സ്വതന്ത്ര എംഎൽഎമാർ (ആർ ശങ്കർ - റാണെബന്നൂർ, എച്ച് നാഗേഷ് - മുൾബാഗൽ) എന്നിവരും സഖ്യസർക്കാരിനൊപ്പമുണ്ട്.

ബിജെപിക്കാകട്ടെ, 105 എംഎൽഎമാരാണുള്ളത്. 222 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 113 എംഎൽഎമാർ വേണം.

നിലവിൽ രാജി നൽകാനെത്തിയ എംഎൽഎമാർ ഇവരാണ്:

കോൺഗ്രസ് 

രാമലിംഗ റെഡ്ഡി
മഹേഷ് കുമ്ടഹള്ളി
ശിവറാം ഹെബ്ബാർ
ബി സി പാട്ടീൽ
മുനിരത്‌ന
എസ് ടി സോമശേഖർ
ബയ്‌രാത്തി ബസവരാജ്
പ്രതാപ് ഗൗഡ പാട്ടീൽ
സൗമ്യ റെഡ്ഡി (രാജി നൽകിയിട്ടില്ല, രാജി സന്നദ്ധത അറിയിച്ചു)
ബി നാഗേന്ദ്ര (രാജി നൽകിയിട്ടില്ല, രാജി സന്നദ്ധത അറിയിച്ചു)
ജെ എൻ ഗണേശ് (രാജി നൽകിയിട്ടില്ല, രാജി സന്നദ്ധത അറിയിച്ചു)

ജെഡിഎസ്

എച്ച് വിശ്വനാഥ്
നാരായണ ഗൗഡ
ഗോപാലയ്യ

കോൺഗ്രസ് എംഎൽഎമാരായ രമേശ് ജർക്കിഹോളിയും ആനന്ദ് സിംഗും രാജി വച്ചതോടെയാണ് വീണ്ടും പ്രശ്നങ്ങളുടെ തുടക്കം. തകർന്നടിയാൻ പോകുന്ന സഖ്യത്തിന്റെ സൂചനകൾ അപ്പോഴേ പുറത്തു വന്നതാണ്. ഇന്ന് വിധാൻ സൗധയിലേക്ക് രാജിക്കത്തിന്റെ പ്രവാഹമായിരുന്നു. 11 എംഎൽഎമാരാണ് കൂട്ടത്തോടെ സ്പീക്കർ കെ ആർ രമേശ് കുമാറിന് രാജി നൽകിയിരിക്കുന്നത്. എംഎൽഎമാർ കൂറുമാറ്റം നടത്തുന്നത് ബിജെപിയിലേക്ക് ചേക്കേറാനാണെന്നും ഇതിനിടെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ സ്പീക്കർ കെ.ആർ രമേശ് കുമാർ സ്ഥലത്തില്ലാത്തതിനാൽ ഇവരുടെ രാജിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

ഇതിനിടെ കോൺഗ്രസ് എംഎൽഎ രാമലിംഗ റെഡ്ഡി പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരിക്കുകയാണ്. ഞാൻ സ്പീക്കർക്ക് രാജി കത്ത് സമർപ്പിച്ചിട്ടുണ്ടെന്നും എന്നാൽ എന്റെ മകളുടെ കാര്യം അറിയില്ല അവർ സ്വതന്ത്രയായ ഒരു സ്ത്രീയാണെന്നുമാണ് രാമലിംഗ റെഡ്ഢി പ്രതികരിച്ചത്. കോൺഗ്രസ് എംഎൽഎ സൗമ്യ റെഡ്ഢിയുടെ പിതാവാണ് അദ്ദേഹം.

സഖ്യസർക്കാരിന് വെല്ലുവിളിയുയർത്തി കർണാടകയിൽ വിമത നീക്കങ്ങൾ സജീവമാകാൻ തുടങ്ങിയിട്ട് ഏറെ നാളുകളായിരിക്കുകയാണ്. ആനന്ദ് സിങ്ങിനും, രമേഷ് ജാർക്കിഹോളിക്കും പിന്നാലെ കൂടുൽപേർ രാജിവച്ചേക്കുമെന്നും സൂചന നേരത്തെ പുറത്ത് വരികയും ചെയ്തിരുന്നു. എന്നാൽ സഖ്യസർക്കാർ അസ്ഥിരമെല്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസ് നേതൃത്വം വിമതരെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമങ്ങളിലാണ്. ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ആശങ്കകൾ ഏറെയുണ്ട് കോൺഗ്രസ് നേതൃത്വത്തിന്. രണ്ട് സ്വതന്ത്രരുടെ പിന്തുണ നേടിയപ്പോൾ രണ്ട് എം എൽ എമാരെ നഷ്ടമായി.

ആനന്ദ് സിങ്ങിന്റെയും രമേഷ് ജാർക്കിഹോളിയുടെയും രാജി സഖ്യസർക്കാരിന് ഭീഷണിയാകുന്നില്ലെങ്കിലും, വിമതനീക്കങ്ങളെ വീണ്ടും സജീവമാക്കുകയാണ്. ഇവർക്കുപിന്നാലെ സഖ്യത്തിൽ നിന്ന് കൂടുതൽപേർ കൊഴിഞ്ഞു പോയേക്കുമെന്നാണ് സൂചന. മാസങ്ങൾക്ക് മുൻപാണ് രമേഷ്ജാർക്കിഹോളിയുടെ നേതൃത്വത്തിൽ ഉമേഷ് ജാദവ്, ബി നാഗേന്ദ്ര, മഹേഷ് കുമതല്ലി എന്നിവർ വിമത സ്വരമുയർത്തിയത്. ഇവരിൽ ഉമേഷ് ജാദവ് നേരത്തെ തന്നെ രാജിവയ്ക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കലബുറഗിയൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തു.

അതേസമയം മുഖ്യമന്ത്രി കുമാരസ്വാമി വിമതരെ അനുനയിപ്പിക്കുനുള്ള നീക്കങ്ങളിൽ സജീവമാണ്. ആവശ്യങ്ങൾ പരിഗണിക്കാമെന്നും, കടുത്ത തീരുമാനങ്ങളെടുക്കരുതെന്നും കുമാരസ്വാമി വിമതരോട് ആവശ്യപ്പെട്ടു. സഖ്യം തകർന്നാൽ പുതിയ ഭരണം നിലവിൽ വരുമെന്നും ബിജെപി സർക്കാർ രൂപീകരിക്കുമെന്നും ബി.എസ് യെഡിയൂരപ്പ വ്യക്തമാക്കി. ആകെ 15 എം എൽ എമാർ രാജിവയ്‌ക്കേണ്ടി വരും ബി.െജ.പിക്ക് സർക്കാരുണ്ടാക്കാൻ.

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന ജെ ഡി എസ് - കോൺഗ്രസ് സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്തെ 28 സീറ്റുകളിൽ 25 എണ്ണമാണ് സഖ്യത്തിനെതിരെ മത്സരിച്ച ബിജെപി സ്വന്തമാക്കിയത്. ജെ ഡി എസിനും കോൺഗ്രസിനും ഓരോ സീറ്റ് വീതമേ ജയിക്കാനായിരുന്നുള്ളൂ. കോൺഗ്രസ് വിമതയായി മത്സരിച്ച നടി സുമലത മാണ്ഡ്യയിലും ജയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP