Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കന്നി ബജറ്റിൽ വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകി ധനമന്ത്രി നിർമ്മല സീതാരാമൻ; കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകുന്ന ബജറ്റിൽ ആദായനികുതി സ്ലാബിൽ മാറ്റമില്ല; നികുതി പിരിക്കാൻ ഡിജിറ്റൽ മാർഗ്ഗങ്ങൾ തേടുന്നത് ചോർച്ച തടയാൻ വഴിയൊരുക്കും; വിദ്യാഭ്യാസ രംഗത്തും സമഗ്രമാറ്റങ്ങൾക്ക് ലക്ഷ്യമിടുന്നു; 2022ൽ എല്ലാവർക്കും വീട് വിഭാവനം ചെയ്യുന്നു; ബൃഹത് പദ്ധതികൾക്ക് പണം കണ്ടെത്താൻ പൊതുമേഖലാ ഓഹരി വിൽപ്പനയും ഇന്ധന സെസ്സിലും അഭയം തേടി നിർമ്മല സീതാരാമൻ

കന്നി ബജറ്റിൽ വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകി ധനമന്ത്രി നിർമ്മല സീതാരാമൻ; കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകുന്ന ബജറ്റിൽ ആദായനികുതി സ്ലാബിൽ മാറ്റമില്ല; നികുതി പിരിക്കാൻ ഡിജിറ്റൽ മാർഗ്ഗങ്ങൾ തേടുന്നത് ചോർച്ച തടയാൻ വഴിയൊരുക്കും;  വിദ്യാഭ്യാസ രംഗത്തും സമഗ്രമാറ്റങ്ങൾക്ക് ലക്ഷ്യമിടുന്നു; 2022ൽ എല്ലാവർക്കും വീട് വിഭാവനം ചെയ്യുന്നു; ബൃഹത് പദ്ധതികൾക്ക് പണം കണ്ടെത്താൻ പൊതുമേഖലാ ഓഹരി വിൽപ്പനയും ഇന്ധന സെസ്സിലും അഭയം തേടി നിർമ്മല സീതാരാമൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധിക്ക് ശേഷം ആദ്യമായാണ് ഒരു വനിത ധനമന്ത്രി ഇന്ന് പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചത്. നിർമ്മല സീതാരാമൻ അവതരിപ്പിച്ച ആദ്യ ബജറ്റ് അത്രയ്ക്ക് ബ്രില്ല്യന്റ് ആണെന്ന അഭിപ്രായമെന്നും എവിടെ നിന്നും പറഞ്ഞു കേട്ടിട്ടില്ല. എങ്കിലും വികസനത്തിന് ഊന്നൽ നൽകി കൊണ്ടും ക്ഷേമപദ്ധതികൾക്ക് ഉന്നൽ നൽകി കൊണ്ടുള്ള ബജറ്റാണ് നിർമല അവതരിപ്പിച്ചതെന്നാണ് പൊതുവേയുള്ള അവലോകനം. ഒന്നാം മോദി സർക്കാറിന്റെ പദ്ധതികളുടെ ചുവടുപിടിച്ചു കൊണ്ടാണ് നിർമല സീതരാമൻ തന്റെ കന്നി ബജറ്റ് അവതരിപ്പിച്ചത്.

നിരവധി ക്ഷേമ പദ്ധതികൾ പ്രഖ്യപിച്ചിട്ടുള്ള ബജറ്റിൽ പദ്ധതികൾക്ക് പണം കണ്ടെത്താനായി പ്രധാനമായി സർക്കാർ കരുതിവെച്ചത് പൊതുമേഖലാ കമ്പനികളുടെ ഓഹരി വിൽപ്പനയാണ്. ഇത് കൂടാതെ പെട്രോളിനും ഡീസലിനും അധിക സെസ് ഏർപ്പെടുത്തിയതും വികസന പദ്ധതികൾ നടപ്പിലാക്കാനുള്ള ധനം കണ്ടെത്താനുള്ള മാർഗ്ഗങ്ങളാണ്. നവ ഇന്ത്യയെ സൃഷ്ടിക്കലാണ് ബജറ്റിന്റെ ലക്ഷ്യമെന്നാണ് നിർമ്മല സീതാരാമൻ വ്യക്തമാക്കിയത്. ഒരു വനിതാ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ വനിതാ സംരംഭകർക്ക് സഹായകരമായ കാര്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ച് ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റും

അഞ്ച് ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. 2014ൽ 1.85 ട്രില്യൻ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവർഷം അത് 3 ട്രില്യൻ ഡോളർ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി മാതൃകയിൽ, ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് പദ്ധതിയും നടപ്പാക്കും. റോഡ്, ജല, വായു ഗതാഗത മാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കും. വൈദ്യുത വാഹനങ്ങൾക്കായി ഇൻസെന്റീല് നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ജല, വ്യോമ, റോഡ് ഗതാഗത സൗകര്യ രംഗത്ത് കുതിച്ചു ചാട്ടത്തിന് ലക്ഷ്യമിടുന്ന പദ്ധതികൾ.

ഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ഉതകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നിർമല സീതാരാമൻ നടത്തിയിരിരിക്കുന്നത്. ഭാരത് മാല, സാഗർമാല, ഉഡാൻ തുടങ്ങിയ പദ്ധതികൾക്ക് വൻ നിക്ഷേപം നേടിയെടുക്കാനായി. രാജ്യത്ത് മുഴുവനായി ഏകീകൃത ട്രാൻസ്‌പോർട്ട് കാർഡ് പ്രഖ്യാപിച്ചത് കൈയടികളോടെയാണ് ഭരണകക്ഷി എംപിമാർ സ്വീകരിച്ചത്. റോഡ്, ജല, വായു തുടങ്ങിയ ഗതാഗത മാർഗങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യം വയ്ക്കുന്നതായിരുന്നു ബജറ്റ് പ്രഖ്യാപനം.

ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ നികുതി ഇളവ് പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനായി വായ്പ എടുത്തവർക്ക് 1.5 ലക്ഷം രൂപ ആദായ നികുതിയിൽ ഇളവ് ലഭിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി കുറയ്ക്കാൻ ജി.എസ്.ടി കൗൺസിലിനെ സമീപിച്ചതായും മന്ത്രി വ്യക്തമാക്കി. ഇലക്ട്രിക്ക് വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യ വികസനം ഓരുക്കുന്ന 10000 കോടിയുടെ എഫ്.എ.എം.ഇ 2 സ്‌കീമിന് ഏപ്രിൽ 1 ന് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള രാജ്യത്തിന്റെ പരിണാമം വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്ന് ധനകാര്യ മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. 2030 ഓടെ രാജ്യത്തെ ആകെ വാഹനങ്ങളിൽ 30 ശതമാനം ഇലക്ട്രിക്ക് വാഹനങ്ങളാക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.

വിദ്യാഭ്യാസ രംഗത്തു സമഗ്രമാറ്റം ലക്ഷ്യമിട്ട് പ്രഖ്യാപനങ്ങൾ

രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം കൊണ്ടു വരുമെന്നും ഗവേഷണ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും രണ്ടാം മോദി സർക്കാറിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനത്തിൽ പറയുന്നുണ്ട്. വിദേശ വിദ്യാർത്ഥികളെ രാജ്യത്തേക്ക് ആകർഷിക്കാൻ 'സ്റ്റഡി ഇൻ ഇന്ത്യ' എന്ന പേരിൽ പ്രത്യേക പദ്ധതി തയാറാക്കും. നാഷണൽ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ച് ഗവേഷണ മേഖലയിൽ ഗ്രാന്റ് അനുവദിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ 400 കോടി അനുവദിക്കും. ഉന്നത വിദ്യാഭ്യാസ ബിൽ ഈ വർഷം പാസാക്കും. സാമൂഹിക പരിഷ്‌കർത്താവ് ബസവേശ്വരയുടെ അദ്ധ്യാപനങ്ങൾ കേന്ദ്രസർക്കാർ പിന്തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കന്നി ബജറ്റിൽ പറയുന്നു.

സ്ത്രീപങ്കാളിത്തം ഉറപ്പിക്കാൻ പദ്ധതികൾ

വികസന പ്രവർത്തനങ്ങളിൽ സത്രീ പങ്കാളിത്തം വർധിപ്പിക്കാൻ നാരി ടു നാരായണി പദ്ധതി പ്രഖ്യാപനം ധനമന്ത്രിയിൽ നിന്നുണ്ടായി. സ്ത്രീകൾ നേതൃത്വം നൽകുന്ന സംരഭങ്ങൾക്ക് പ്രത്യേക സഹായം ഉറപ്പാക്കുമെന്നും നിർമല സീതാരാമൻ പാർലമെന്റിനെ അറിയിച്ചു. വനിതാ സ്വയം സഹായ സംഘങ്ങൾക്കുള്ള പലിശയിളവ് എല്ലാ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ ലഭിക്കും. സാമൂഹിക, സന്നദ്ധ സംഘടനകൾക്കായി ഫണ്ട് ലഭ്യമാക്കുന്നതിന് സോഷ്യൽ സ്റ്റോക്ക് എക്‌സചേഞ്ച് തുടങ്ങും. സാമൂഹ്യപുരോഗതി പ്രവർത്തിക്കുന്നവർക്ക് സോഷ്യൽ സ്റ്റോക്ക് എക്‌സചേഞ്ചിൽ ലിസ്റ്റ് ചെയ്യാം. നിർമ്മാണ മേഖലയെ ബാധിച്ചിരിക്കുന്ന പ്രതിസന്ധികൾ മറികടക്കാനും ലക്ഷ്യം വച്ച് ഭവന നിർമ്മാണ മേഖലയ്ക്ക് ബജറ്റിൽ ധനമന്ത്രി പരിഗണന നൽകി.

വനിതാശാക്തീകരണം ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. സമ്പദ് ഘടനയുടെ വികസനത്തിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കും. സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് പ്രത്യേക ധനസഹായം നൽകും. വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. സ്വയം സഹായ സംഘങ്ങൾക്ക് പലിശയിളവ് നൽകും. ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ അനുവദിക്കും.

എല്ലാ വീടുകളിലും വൈദ്യുതിയും കുടിവെള്ളവും

2024ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ജലസ്രോതസുകളുടെ പരിപാലനത്തിന് ജൽ ജീവൻ മിഷൻ പദ്ധതി കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 2022 ഓടെ മുഴുവൻ കുടുംബങ്ങൾക്കും വീട് സാധ്യമാക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഗ്രാമീണ മേഖലയിൽ ഗ്യാസും വൈദ്യുതിയും എത്തിക്കും. പി.എം.എ.വൈ പദ്ധതി മുഴുവൻ ഗ്രാമീണ കുടുംബങ്ങളിലും ലഭ്യമാക്കും. ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപ ചട്ടങ്ങളിൽ ഇളവ് കൊണ്ടുവരും. ചെറുകിട വ്യാപാരികൾക്ക് വേണ്ടി പ്രധാനമന്ത്രി കരംയോഗി മാൻദണ്ഡൻ പെൻഷൻ പദ്ധതി കൊണ്ടുവരും. 1.5 കോടി രൂപയിൽ കുറവ് വിറ്റുവരുമാനമുള്ള ചെറുകിട കച്ചവടക്കാർക്കാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുക.

എല്ലാ പഞ്ചായത്തുകളും ഹൈടെക്കാകും

ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് കരുത്തു പകരുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ഇന്റർനെറ്റ് സൗകര്യം ഒരുക്കാൻ പദ്ധതി ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കൂടാതെ ഗ്രാമീണ ഡിജിറ്റൽ സാക്ഷരത മിഷൻ വിപുലീകരിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ഉറപ്പാക്കും. കൗശൽ വികാസ് യോജന വഴി ഒരു കോടി യുവാക്കൾക്ക് പരിശീലനം. തൊഴിൽ നിയമങ്ങൾ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും.തൊഴിൽ മേഖലയിലെ നിർവചനങ്ങൾ ഏകീകരിക്കും. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ ആരംഭിക്കാനും പദ്ധതിയുണ്ട്.

മാധ്യമ രംഗത്ത് അടക്കം കൂടുതൽ വിദേശ നിക്ഷേപത്തിന് അനുമതി

രാജ്യത്തെ വ്യോമയാന, മാധ്യമ, ഇൻഷുറൻസ് മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് സർക്കാർ തയ്യാറാണെന്ന് കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. പാർലമെന്റിൽ ബഡ്ജറ്റ് അവതരണവേളയിലാണ് വിദേശ നിക്ഷേപം സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ ഉദാരമാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരം നടപടികൾ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

'ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുക എന്നതുകൂടി ഉദ്ദേശിച്ചുകൊണ്ടാണ് ഇത് ഞാൻ മുന്നോട്ടു വയ്ക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ നിർദ്ദേശങ്ങൾ സർക്കാർ സ്വീകരിക്കും. വ്യോമയാനം, മീഡിയ, ഇൻഷുറൻസ്, എ.വി.ജി.സി ( അനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, ഗെയിമിങ് ആൻഡ് കോമിക്സ്) എന്നീ മേഖലകളിലാണ് നേരിട്ടുള്ള വിദേശ നിക്ഷേപം ആലോചിക്കുന്നത്'- നിർമ്മല സീതാരാമൻ പറഞ്ഞു.

ബഹിരാകാശ നേട്ടങ്ങൾ വിറ്റു കാശാക്കും

ബഹിരാകാശ ഗവേഷണ നേട്ടങ്ങൾ വാണിജ്യവത്കരിക്കാൻ കമ്പനി രൂപവത്കരിക്കുമെന്നും നിർമലയുടെ ബജറ്റിൽ പ്രഖ്യാപനമുണ്ട്. ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് എന്നായിരിക്കും കമ്പനിയുടെ പേര്. ഇതിലൂടെ വലിയ സാമ്പത്തിക നേട്ടം ഇന്ത്യക്ക് ഉണ്ടാക്കും. സ്റ്റാർട്ടപ്പുകൾ പരിചയപ്പെടുത്താനും വിഷയങ്ങൾ കൈകാര്യം ചെയ്യാനും നിക്ഷേപം സ്വരൂപിക്കുന്നതിനും നികുതി ഘടന അറിയാനും പ്രത്യേക ടെലിവിഷൻ പരിപാടി ആരംഭിക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും. നാഷണൽ റിസേർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരം ഉയർത്താൻ 400 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് ആകർഷിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിൽ വ്യക്തിഗത നിക്ഷേപകരുടെ നിക്ഷേപപരിധി 25 ശതമാനത്തിൽ നിന്ന് 35 ശതമാനമാക്കും. തൊഴിൽനിയമങ്ങൾ പൊളിച്ചെഴുതും. തൊഴിൽനിയമങ്ങൾ നാല് കോഡുകൾക്ക് കീഴിലാക്കും. തൊഴിൽ നിർവചനങ്ങൾ ഏകീകരിക്കും പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി പ്രകാരം ഒരു കോടി യുവാക്കൾക്ക് പരിശീലനം നൽകും. ഭാരത് നെറ്റ് എന്ന പേരിൽ എല്ലാ പഞ്ചായത്തുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കും. ഗ്രാാമീണ ഡിജിറ്റൽ സാക്ഷരത മിഷൻ വിപുലീകരിക്കും.

പ്രവാസികൾക്ക് ആധാർ ലഭിക്കാൻ സൗകര്യം എത്തിക്കും

പ്രവാസി ഇന്ത്യക്കാർ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന വലിയ ഒരു പ്രശ്‌നത്തിന് ഈ ബഡ്ജറ്റോടെ പരിഹാരമാകുന്നു. ഇന്ത്യൻ പാസ്‌പോർട്ടുള്ള എല്ലാ എൻ.ആർ.ഐക്കാർക്കും ആധാർ കാർഡ് ലഭിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്ജറ്റ് പ്രസംഗത്തിൽ അറിയിച്ചു. കാർഡ് ലഭിക്കാൻ ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കണമെന്ന മുൻപുള്ള നയം മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്.വിദേശ ഇന്ത്യക്കാർക്ക് ആധാർകാർഡ് എടുക്കാൻ നിയമം അനുവദിക്കുന്നില്ലെങ്കിലും നാട്ടിൽ ഏത് ആവശ്യത്തിനും ആധാർ ഹാജരാക്കേണ്ട സ്ഥിതിയാണ് നിലവിലുണ്ടായിരുന്നത്. ഈ പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകുമെന്ന് കരുതാം.

പ്രവാസികൾക്കും ആധാർ നൽകുമെന്ന് നേരത്തേ മുൻ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് സ്ഥിരതാമസക്കാർ അല്ലാത്തതിനാൽ ആധാർ കാർഡിന്റെ ഗുണഭോക്താക്കളാകാൻ പ്രവാസികൾക്ക് കഴിയില്ലെന്ന നിലപാട് പുനഃപരിശോധിക്കണമെന്ന് പ്രവാസികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. നിലവിലെ ആധാർ നിയമത്തിലെ 3.1 സെക്ഷൻ പ്രകാരം ഇന്ത്യയിൽ താമസിക്കുന്നവർക്കു മാത്രമേ ആധാർ നമ്പർ ലഭിക്കാൻ അർഹതയുള്ളു. താൽക്കാലിക തൊഴിൽ കരാറിനു പുറത്ത് ഗൾഫ് മേഖലയിലും മറ്റും ജോലി ചെയ്യുന്ന സാധാരണ പ്രവാസികളുടെ കാര്യത്തിൽ ഇളവ് വേണമെന്നും പ്രവാസി സമൂഹം ആവശ്യപ്പെട്ടിരുന്നു.

വികസനത്തിന് പണം കണ്ടെത്താൻ പൊതുമേഖലാ ഓഹരികൾ വിൽക്കും, പെട്രോൾ, ഡീസൽ സെസും ഉയർത്തി

വികസന -ക്ഷേമ പദ്ധതികൾക്കായും ധന സമാഹരണത്തിനായും പൊതുമേഖല ഓഹരി വിൽപ്പനയിലൂടെ 1,05,000 കോടി രൂപ നേടിയെടുക്കാൻ ബജറ്റിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നതാണ് നിർമ്മലയുടെ ബജറ്റ്. ഇതോടെ നികുതി ഇതര വരുമാന വർധന ഉയർത്താനാണ് സർക്കാരിന്റെ ആലോചന. ഗൃഹ നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹൗസിങ് ഫിനാൻസ് കോർപ്പറേഷനുകളുടെ നിയന്ത്രണം ദേശീയ ഹൗസിങ് ബാങ്കിൽ നിന്ന് റിസർവ് ബാങ്കിലേക്ക് മാറ്റും.

അതേസമയം ആദായ നികുതി സ്ലാബിൽ മാറ്റംവരുത്താൻ മന്ത്രി തയ്യാറായില്ല. ഭവനവായ്പയുടെ പലിശയിന്മേൽ നിലവിലുള്ള രണ്ടു ലക്ഷം രൂപയുടെ ആദായ നികുതിയിളവിൽ 1.5 ലക്ഷം രൂപ വർധിപ്പിച്ചു. അതായത് നിലവിൽ ഭവനവായ്പ പലിശയിന്മേൽ 3.5 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും. 45 ലക്ഷം വരെ മൂല്യമുള്ള വീടുകൾക്കാണ് ഇത് ബാധകം. 2020 മാർച്ച് 31വരെമാത്രമാണ് ഇതിന്റെ കാലാവധി.

ഈയൊരു ഇളവ് മാറ്റിനിർത്തിയാൽ സാധാരണക്കാരന് എടുത്തുപറയത്തക്ക നേട്ടമൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. അതുമാത്രമല്ല, പെട്രോളിനും ഡീസലിനും ലിറ്ററിന് ബജറ്റിൽ ഒരു രൂപ സെസും ഒരു രൂപ തീരുവയും ഏർപ്പെടുത്തി. ഇതോടെ പെട്രോൾ, ഡീസൽ വിലയിൽ രണ്ടുരൂപ കൂടും. സ്വർണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ നിലവിലുള്ള 10 ശതമാനത്തിൽനിന്ന് 12.5 ശതമാനമാക്കി വർധിപ്പിച്ചു. ഇതോടെ സ്വർണത്തിന് പവന് 650 രൂപയോളം വർധിക്കും. കോർപ്പറേറ്റ് ലോകത്തിന് ആശ്വസിക്കാനും വകയുണ്ട്. കോർപ്പറേറ്റ് നികുതിയുടെ പരിധി 250 കോടിയിൽനിന്ന് 400 കോടിയായി വർധിപ്പിച്ചു. 25 ശതമാനമാണ് കോർപ്പറേറ്റ് നികുതി. അടിസ്ഥാന സൗകര്യമേഖലയിൽ അഞ്ച് വർഷത്തിനുള്ളിൽ 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP