Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിശ്രമ ജീവിതത്തിലെ വരുമാനത്തിനായി എന്ത് ചെയ്യും? തുച്ഛമായ ദിവസക്കൂലിയിൽ മുന്നോട്ട് പോകുന്നവർക്ക് പെൻഷൻ എന്നത് സ്വപ്‌നം കാണാമോ? സാധാരണക്കാർക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പെൻഷൻ സ്‌കീമുകളെ പറ്റി അറിയാം; സർക്കാർ പെൻഷൻ പദ്ധതികൾ വഴി പെൻഷൻ ഉടമയുടെ പങ്കാളിക്കും മക്കൾക്കും ഗുണമുണ്ടോ? വരുമാനം എത്രയാണെങ്കിലും അറിഞ്ഞിരിക്കേണ്ട പദ്ധതികളുണ്ടേ? വിശ്രമ ജീവിതത്തിന് ആവശ്യമായ നിക്ഷേപം ഇപ്പോഴേ തുടങ്ങാം

വിശ്രമ ജീവിതത്തിലെ വരുമാനത്തിനായി എന്ത് ചെയ്യും? തുച്ഛമായ ദിവസക്കൂലിയിൽ മുന്നോട്ട് പോകുന്നവർക്ക് പെൻഷൻ എന്നത് സ്വപ്‌നം കാണാമോ? സാധാരണക്കാർക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പെൻഷൻ സ്‌കീമുകളെ പറ്റി അറിയാം; സർക്കാർ പെൻഷൻ പദ്ധതികൾ വഴി പെൻഷൻ ഉടമയുടെ പങ്കാളിക്കും മക്കൾക്കും ഗുണമുണ്ടോ? വരുമാനം എത്രയാണെങ്കിലും അറിഞ്ഞിരിക്കേണ്ട പദ്ധതികളുണ്ടേ? വിശ്രമ ജീവിതത്തിന് ആവശ്യമായ നിക്ഷേപം ഇപ്പോഴേ തുടങ്ങാം

തോമസ് ചെറിയാൻ കെ

ജോലി ചെയ്യുന്ന കാലത്ത് തങ്ങളുടെ ആവശ്യങ്ങൾ നടത്തിയെടുക്കാനാവും വിധം വരുമാനമുള്ളത് ഏതൊരാൾക്കും നൽകുന്ന സമാധാനം ചെറുതല്ല. അതിനിടയിലും അപ്രതീക്ഷിത ചെലവുകൾ വരികയും കടം എന്നത് അതിഥിയായി ജീവിതത്തിലേക്ക് വരും എന്നതും സംശയമില്ലാത്ത കാര്യമാണ്. എന്നാൽ ഇതിനെയൊക്കെ എങ്ങനെയെങ്കിലുമൊക്കെ കൂട്ടിമുട്ടിച്ച് മുന്നോട്ട് നീങ്ങുന്ന വേളയിൽ വർഷങ്ങൾ കടന്നു പോകുന്നത് നാം അറിയില്ല. പെട്ടന്നൊരു ദിവസം റിട്ടയർമെന്റ് എന്നത് ജീവിതത്തിലേക്ക് കടന്നു വരികയും ചെയ്യും.

അത് സർക്കാർ ജോലിയിൽ നിന്നും വിരമിക്കുന്ന റിട്ടയർമെന്റ് മാത്രമല്ല പ്രൈവറ്റ് ജോലിയിൽ തുടരുന്നതിൽ നമ്മുടെ കാലം കഴിയുന്നത് മുതൽ ശാരീരികമായ അധ്വാനം കൊണ്ട് ഉപജീവനം നടത്തിയിരുന്നവർക്ക് ജോലിക്ക് പോകാൻ സാധിക്കില്ല എന്ന അവസ്ഥയിലേക്ക് നീങ്ങുന്നതും സമാനമായ സാഹചര്യമാണ്.

ഒരു പ്രായം കഴിഞ്ഞാൽ വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോൾ വരുമാനത്തെ പറ്റി ഒരു വിഭാഗം ആളുകൾക്ക് അധികം ആധി പിടിക്കേണ്ട അവസ്ഥ വരില്ല എന്നതും ഇതേക്കുറിച്ച് വല്ലാതെ ചിന്തിക്കേണ്ടി വരുന്നവരുമുണ്ട്. എന്നാൽ റിട്ടയർമെന്റ് പ്രായത്തിന് ഒരു 20 വർഷം മുന്നേ തന്നെ ഇതേക്കുറിച്ച് ചിന്തിക്കുന്നത് ഏറെ നല്ലതാണ്. മാത്രമല്ല ഇന്ത്യയിൽ സർക്കാർ സാധാരണക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പെൻഷൻ സ്‌കീമുകളെ കുറിച്ച് അറിയുന്നതും ഏറെ നല്ലതാണ്.

ആദ്യം പ്ലാൻ ചെയ്യേണ്ടത് വിശ്രമകാല ജീവിതത്തെ പറ്റി

നമ്മൾ പ്ലാൻ ചെയ്യുന്ന കാര്യമാവില്ല പലപ്പോഴും നമ്മുടെ ജീവിതത്തിൽ സംഭവിക്കുക. എന്നാൽ കുറച്ചൊക്കെ പ്ലാൻ ചെയ്ത് മുന്നോട്ട നീങ്ങിയാൽ മനസിന് ധൈര്യം ലഭിക്കാനും മനസിലെ പ്ലാൻ നടപ്പിലാക്കാനുള്ള വഴികൾ മുന്നിൽ തെളിയുകയും ചെയ്യും. ജോലി ചെയ്യുന്ന കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രായമാണ് മുപ്പതുകളും നാൽപതുകളും. മുപ്പതുകളിലേക്ക് കാലെടുത്ത് വെക്കുമ്പോഴേ വിശ്രമ ജീവിത്തെ പറ്റി ചിന്തിക്കാം. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പെൻഷൻ പ്ലാനുകളിൽ ചേരാൻ പറ്റിയ പ്രായവും അത് തന്നെയാണ്. ജീവിതത്തിൽ അനുദിനം വേണ്ടി വരുന്ന ചെലവുകൾ എത്രത്തോളം എന്ന് മോണിട്ടർ ചെയ്ത് പോകുന്നത് ഏറെ നല്ലതാണ്.

അതാത് കാലത്ത് വിലകളിൽ വരുന്ന വ്യത്യാസം ശ്രദ്ധിച്ച് പോയാൽ ഭാവിയിലെ ചെലവ് എത്രത്തോളം ആകുമെന്നും കഴിഞ്ഞു പോകാൻ ശരാശരി എത്രത്തോളം തുക വേണ്ടി വരുമെന്നും നമുക്ക് മനസിലാക്കാൻ സാധിക്കും. ഇപിഎസ് പെൻഷൻ, ഇൻഷുറൻസ്, ജോലി സ്ഥാപനത്തിൽ നിന്ന് പെൻഷൻ ഉണ്ടങ്കിൽ അഥ് തുടങ്ങി കൃഷി, വാടകയിനം എന്നീ രീതിയിൽ കിട്ടുന്ന തുകയടക്കമുള്ളവയാണ് വിശ്രമ കാലത്ത് കൈമുതലായിരിക്കുക. ഭാവിയിൽ ചെലവ് എത്രത്തോളമാകുമെന്ന് അറിയാൻ കുറഞ്ഞത് 6 ശതമാനമെങ്കിലും പണപ്പെരുപ്പം കണക്കാക്കി തുക കണക്കാക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു.

അതായത് 30 വയസുള്ള ഒരാൾക്ക് ഇപ്പോൾ മാസം എല്ലാം കൂടി കൂട്ടി 50,000 രൂപയുടെ ചെലവുണ്ടെങ്കിൽ 30 വർഷത്തിന് ശേഷം അത് ഏകദേശം 2.87 ലക്ഷം രൂപയായിരിക്കും.
ഇത്തരത്തിൽ പണത്തിന്റെ കാര്യത്തിൽ വ്യത്യാസം വരുമെന്നിരിക്കേ മുന്നോട്ട് പോകുന്ന ഒരോ വർഷവും ഒരു കണക്ക് നോക്കുകയും എത്രത്തോളം മികച്ച നിക്ഷേപമാക്കി മാറ്റാൻ സാധിച്ചെന്നും അമിതമായി എത്രത്തോളം ചെലവ് വന്നുവെന്നും മോണിറ്റർ ചെയ്യാനും ശ്രദ്ധിക്കണം.

സർക്കാർ പദ്ധതികളെ ആദ്യം അറിയാം

ബാങ്ക് സേവിങ്‌സ് എന്ന രീതിയിലാണ് മിക്കവരും പണം നിക്ഷേപിക്കുന്നതെങ്കിലും കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരിക്കുന്ന പെൻഷൻ പദ്ധതികളിൽ ചേരുകയാണെങ്കിൽ പെൻഷൻ കാലത്ത് തരക്കേടില്ലാത്ത ഒരു തുക പ്രതിമാസം കൈകളിലെത്തും. എന്നാൽ കണക്ക് കൂട്ടി നോക്കിയാൽ ആവശ്യങ്ങൾ മുഴുവൻ നടത്താനുള്ള തുക ലഭിച്ചില്ലെങ്കിലും അക്കാലത്ത് ലഭിക്കുന്ന വരുമാനത്തോടൊപ്പം അൽപം കൂടി അധികം ലഭിക്കുന്നതിന് വഴിയൊരുക്കും.

പലതുള്ളി പെരുവെള്ളം എന്ന ചൊല്ലിന് ഈ വേളയിലുള്ള പ്രസക്തി പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. പ്രധാൻ മന്ത്രി ശ്രം യോഗി മാൻധൻ യോജന, അടൽ പെൻഷൻ യോജന (എപിവൈ), നാഷണൽ പെൻഷൻ പദ്ധതി (എൻപിഎസ്) എന്നിവയൊക്കെ സർക്കാർ സാധാരണക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പെൻഷൻ പദ്ധതികളാണ്. അതിനാൽ തന്നെ പണം നിക്ഷേപിച്ചാൽ ഏതെങ്കിലും തരത്തിൽ നഷ്ടമുണ്ടാകുമോ എന്ന ഭയം വേണ്ട.

അടൽ പെൻഷൻ യോജന (എപിവൈ)

ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവർ ചെറുകിട കച്ചവടക്കാൻ തുടങ്ങി ചെറിയ വരുമാനം കൊണ്ട് ജീവിക്കുന്നവർക്ക് വേണ്ടിയുള്ള മികച്ചൊരു പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന. 18നും നാൽപതിനും ഇടയിൽ പ്രായമുള്ളവർക്ക് ചേരാൻ പറ്റിയ പദ്ധതിയാണിത്. ആദ്യം പദ്ധതിയിൽ ചേരാൻ വരുമാനത്തിന്റെ കണക്ക് സംബന്ധിച്ച് വേർതിരിവുണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് എടുത്തു മാറ്റി എന്നത് ആശ്വാസം നൽകുന്ന ഒന്നാണ്. നേരത്തെ പറഞ്ഞത് പോലെ മുപ്പതുകളിൽ ആരംഭിക്കാവുന്ന പദ്ധതിയാണിത്. അതിന് മുൻപേ മികച്ചൊരു വരുമാനമുണ്ടെങ്കിൽ 18 വയസ് പൂർത്തിയായവർക്കും ചേരാം.

അടൽ പെൻഷൻ പദ്ധതിയിൽ ചേരാൻ തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, ദേശസാത്കൃത ബാങ്കുകൾ, എന്നിവ മുതൽ സ്വകാര്യ ബാങ്കുകളിൽ ഏതെങ്കിലും ഒന്നിൽ അക്കൗണ്ട് ഉള്ളവർക്ക് അടൽ പെൻഷൻ യോജനയിൽ ചേരാം. ഈ അക്കൗണ്ടിൽ നിന്നും പെൻഷൻ അക്കൗണ്ടിലേക്ക് പണം മാറ്റുന്നതാണ് പദ്ധതി. പതിനെട്ടിനും നാൽപതിനും ഇടയിൽ പ്രായമുള്ള ആർക്കും ഈ പദ്ധതിയിൽ ചേരാമെങ്കിലും പ്രവാസികൾക്ക് ഇപ്പോൾ ചേരാൻ സാധിക്കില്ല. പ്രവാസി ആകും മുൻപ് ചേർന്നവർക്ക് തുടരാം. ചെറിയ പ്രായത്തിൽ തന്നെ പെൻഷൻ പദ്ധതിയിൽ അംഗമാകുന്നവർക്ക് തവണകളായി അടയ്‌ക്കേണ്ട തുകയിൽ അത്രയും കുറവ് വരും.

നിലവിലെ കണക്ക് അനുസരിച്ച് പദ്ധതി വഴി പരമാവധി 5000 രൂപ വരെ പെൻഷനായി കിട്ടുമെന്നിരിക്കേ 40 വയസായ ഒരാൾ പ്രതിമാസം 1318 രൂപ അടയ്‌ക്കേണ്ടി വരുമെന്നും ഓർക്കുക. ഓരോ പെൻഷൻ തുകയ്ക്കും ആവശ്യമായ പ്രീമിയം എത്ര രൂപയാണെന്നു അടൽ പെൻഷൻ യോജനയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് 80സി പ്രകാരം ആദായ നികുതിയിൽ ഇളവും ലഭിക്കും. 50000 രൂപയുടം അധിക കിഴിവ് കിട്ടും എന്ന കാര്യവും മറക്കരുത്. പദ്ധതിയിൽ ചേരാൻ ബാങ്ക് അക്കൗണ്ട് തന്നെ ധാരാളം. എന്നാൽ ആധാർ നമ്പർ നിർബന്ധമാണെന്നതും മറക്കരുത്. പദ്ധതിയിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ലഭിക്കുന്ന റിട്ടേണും പെൻഷനുമാണ് എപിവൈയുടെ ആകർഷകമായ ഘടകം എന്ന് പറയുന്നത്.

അഥവാ ഇനി പെൻഷൻ പദ്ധതിയിൽ നിന്നും പുറത്ത് പോകാൻ തോന്നിയാൽ എപ്പോൾ വേണമെങ്കിലും ആകാം. ബാങ്കിൽ വന്ന് അപേക്ഷ നൽകിയാൽ തുക പിൻവലിക്കാം. എന്നാൽ സർക്കാർ വിഹിതം എന്തെങ്കിലും പെൻഷൻ പദ്ധതിയിലേക്ക് സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആ തുക നിങ്ങൾക്കു തിരികെ ലഭിക്കില്ല. ഇപ്പോഴത്തെ കണക്ക് നോക്കിയാൽ പദ്ധതി വഴി 5000 രൂപയാണ് പരമാവധി തുകയായി ലഭിക്കുന്നത്. എന്നാൽ ഇത് പെൻഷൻ കാലത്ത് അത്ര വലിയ തുകയായിരിക്കില്ല. അതുകൊണ്ട് തന്നെ പരമാവധി തുകയുടെ അളവ് സർക്കാർ കൂട്ടിയേക്കാം. എല്ലാ മസവും അല്ലെങ്കിൽ മൂന്നു മാസത്തിലോ ആറ് മാസത്തിലോ ഒരിക്കൽ പണമടയക്കാൻ അവസരമുണ്ട്.

വാർഷികമായി പണം അടയ്ക്കാനുള്ള അവസരം ഇപ്പോഴില്ല. മാത്രമല്ല അംഗത്തിന്റെ കാലശേഷം പങ്കാളിക്കും പെൻഷൻ ലഭിക്കും. മാത്രമല്ല അവരുടെ കാലശേഷം നിക്ഷേപമായി എത്രത്തോളം പണമുണ്ടായിരുന്ന അത് അന്തരാവകാശിക്ക് ലഭിക്കുകയും ചെയ്യുമെന്നും ഓർക്കുക.

പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ യോജന

തുച്ഛമായ തുകയ്ക്ക് ജോലി ചെയ്യുന്നവർക്കായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ യോജന (പിഎംഎസ് വൈഎം). കൃത്യമായി വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന വേളയിൽ മാസം തോറും പണമടയ്ക്കുന്നത് വഴി 60 വയസ് പൂർത്തിയാകുന്നതോടെ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കുന്നതാണ് പദ്ധതി. എന്നാൽ അടൽ പെൻഷൻ അടക്കമുള്ളവയിൽ പങ്കാളിയായവർക്ക് ഇതിൽ ചേരാൻ സാധിക്കില്ല. കേന്ദ്ര സർക്കാരിന്റെ ജനസേവാ കേന്ദ്രങ്ങൾ സിഎസ്‌സി വഴിയാണ് ഈ യോജനയിൽ ചേരാനുള്ള അപേക്ഷ നൽകേണ്ടത്.

നിങ്ങളുടെ തൊട്ടടുത്തുള്ള സിഎസ്‌സി എവിടെയെന്ന് അറിയാൻ സിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി കയറിയാൽ വിവരങ്ങൾ ലഭിക്കും. അക്ഷയ കേന്ദ്രങ്ങൾ വഴിയും പദ്ധതിയിൽ ചേരാൻ വേണ്ട സഹായങ്ങൾ ലഭിക്കും. പദ്ധതിയിൽ ചേർന്ന ശേഷം പത്തു വർഷത്തിനുള്ളിൽ നിങ്ങൾ അത് അവസാനിപ്പിച്ചാൽ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് നിരക്കിൽ പലിശയും അടച്ച തൊഴിലാളി വിഹിതവും ലഭിക്കും. മാത്രമല്ല 10 വർഷം കഴിഞ്ഞ് (60 വയസിന് മുൻപ് ) തുക പൂർണമായും പിൻവലിക്കാൻ സാധിക്കുമെന്നും ഓർക്കുക.

ആധാർ കാർഡും ബാങ്ക് അക്കൗണ്ടുമുണ്ടെങ്കിൽ പദ്ധതിയിൽ ചേരാം. അംഗത്തിന്റെ കാലശേഷം പെൻഷൻ പങ്കാളിക്ക് ലഭ്യമാകുമെന്നും ഓർക്കുക. പദ്ധതിയുടെ ബാക്കി കാര്യങ്ങളെല്ലാം അടൽ പെൻഷനുമായി ഏകദേശം സമാനമാണ്.

നാഷണൽ പെൻഷൻ പദ്ധതി (എൻപിഎസ്)

മറ്റ് പദ്ധതികളെ വെച്ച് നോക്കിയാൽ ഗുണങ്ങളും ദോഷങ്ങളും സമ്മിശ്രമായുള്ള പദ്ധതിയാണിത്. മറ്റ് പെൻഷൻ പദ്ധതികളെ അപേക്ഷിച്ച് നോക്കിയാൽ എത്രത്തോളം രൂപ പെൻഷനായും റിട്ടേണായും കിട്ടും എന്ന് ആരംഭത്തിലേ കണക്കാക്കാൻ കഴിയില്ല. നിക്ഷേപം നടത്തുന്നത് പൂർത്തിയാക്കിയ ശേഷം വിപണിയിലെ മൂല്യമായിരിക്കും എത്ര രൂപയായിരിക്കും പെൻഷൻ കിട്ടുക എന്നത് തീരുമാനിക്കുന്നത്. കരുതലോടെ നിക്ഷേപിച്ചാൽ ഇത് നല്ലതാണ്. എന്നാൽ കണക്ക് കൂട്ടൽ എന്നത് ഇപ്പോഴേ നടക്കില്ല എന്ന് മാത്രമേയുള്ളൂ. എന്നാൽ പെൻഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ നിക്ഷേപകന് തന്നെ തിരഞ്ഞെടുക്കാം.

അക്കൗണ്ട് ഉടമ ജീവിച്ചിരിക്കുന്ന മുഴുവൻ കാലവും പെൻഷൻ, ഒരു നിശ്ചിത കാലത്തേക്കു മാത്രം പെൻഷൻ (20-25 വർഷത്തേക്ക്), അക്കൗണ്ട് ഉടമയുടെ മരണശേഷം പങ്കാളിക്ക് പെൻഷൻ, ഉടമയ്ക്കും പങ്കാളിക്കും 100% പെൻഷൻ തുടർന്ന് ഇവരുടെ കാലശേഷം, നിക്ഷേപിച്ച തുക അനന്തരാവകാശിക്ക് ലഭിക്കുന്നതടക്കം പണം നിക്ഷേപിക്കുന്നയാൾക്ക് തീരുമാനിക്കാം. വിവാഹം, വിദ്യാഭ്യാസം, ചികിത്സ എന്നീ കാര്യങ്ങൾക്കായി പണം പിൻവലിക്കാനും അവസരമുണ്ട്. 65 വയസ് വരെ പദ്ധതിയിൽ ചേരാൻ അവസരമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

എൻപിഎസ് വെബ്‌സൈറ്റ് വഴിയോ ബാങ്ക് അക്കൗണ്ട് വഴിയോ പദ്ധതിയിൽ ചേരാൻ സാധിക്കും. അക്കൗണ്ട് ഉടമ മരിച്ചാൽ മുഴുവൻ തുകയും അനന്തരാവകാശിക്ക് പിൻവലിക്കാനും സാധിക്കും. ഒരു വിധം ഉയർന്ന തുകയാണ് നിക്ഷേപമായി അടയ്ക്കുന്നതെങ്കിൽ അത്രയും തന്നെ തുക പെൻഷനായും ലഭിക്കും.

പദ്ധതികൾ ഏറെയുണ്ടെങ്കിലും സ്വന്തം വരുമാനത്തെ പറ്റിയും ഓർക്കാം

വാടക വരുമാനം, സ്വർണം, പിഎഫിൽ നിന്നുള്ള വായ്പ, വ്യക്തിഗത വായ്പ എന്നിവയൊക്കെ റിട്ടയർമെന്റ് കാലത്തേക്ക് കടക്കുന്ന വേളയിൽ മനസിൽ ഓർക്കേണ്ട ഒന്നാണ്. എമർജൻസി ഫണ്ട് എന്നതാണ് വിശ്രമ ജീവിതത്തിലേക്ക് കടക്കുന്ന വേളയിൽ ഓർക്കേണ്ട ഒന്ന്. നമുക്ക് എത്രത്തോളം വരുമാനമുണ്ടെന്ന് കണക്കാക്കി ഒരു നിശ്ചിത തുക എമർജൻസി ഫണ്ട് എന്ന രീതിയിൽ നീക്കിയിരുപ്പ് നിക്ഷേപം നടത്താം. അത് ഒരു പേക്ഷ സേവിങ്‌സിൽ ആരംഭിച്ച് സ്വർണമായി വരെ മാറ്റി വെക്കുന്നതാകാം. വളരെ വേഗം പണമാക്കി മാറ്റാവുന്ന തരത്തിലുള്ള നിക്ഷേപമായിരിക്കണം ഇവ എന്നത് മാത്രമാണ് പ്രധാനമായും ഓർത്തിരിക്കേണ്ടത്.

പണത്തിന്റെ ആവശ്യം എപ്പോഴും ഉണ്ടാകുന്നത് ഒറ്റ രാത്രികൊണ്ടാണെങ്കിലും അതിനുള്ള ഫണ്ട് ആരംഭിക്കാൻ ഒറ്റ രാത്രികൊണ്ട് സാധിക്കില്ല. അതിനാൽ തന്നെ മക്കളുടെ പേരിൽ വരെ നടത്തുന്ന ചെറു നിക്ഷേപങ്ങൾ പിന്നീട് എമർജൻസി ഫണ്ടിന്റെ ഗുണം തരുമെന്നുറപ്പ്. എന്നാൽ മ്യൂച്വൽ ഫണ്ടുകൾ അടക്കമുള്ളവയിൽ നിക്ഷേപം നടത്തിയാൽ അത് അത്യാവശ്യ ഘട്ടങ്ങളിൽ ഉപകാരപ്പെടാൻ സാധ്യതയുണ്ടാകില്ല എന്ന കാര്യവും ഓർക്കുക. സംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏറെ അനുഗ്രഹപ്രദമായ ഒന്നാണ് പിഎഫ് എന്ന് പറയുന്നത്.

പിഎഫിൽ നിന്നും വായ്പ എടുക്കാനുള്ള അവസരമുണ്ടെങ്കിലും അത്തരത്തിൽ വായ്പയെടുത്താൽ പിഎഫ് വിഹിതം വർധിപ്പിച്ച് നികത്താൻ തയാറാകണം. വരുമാനമുള്ള കാലത്ത് മികച്ച നിക്ഷേപ രീതി കണ്ടെത്തുകയും ദീർഘകാലയളവിനുള്ളിൽ ഇത്തരം നിക്ഷേപങ്ങളിൽ നിന്നുള്ള സേവനങ്ങളും ആനുകൂല്യങ്ങളും കൊണ്ട് നമ്മുടെ സാമ്പത്തിക ആവശ്യങ്ങൾ നടപ്പിലാക്കിയെടുക്കാനും സാധിക്കണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP