Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനുരഞ്ജന സമിതിയും സമവായവും ചർച്ചയും വിധി നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രത്തിന്റെ ഭാഗം; സുപ്രീംകോടതി വിധി ഉപാധികൾ ഇല്ലാതെ നടപ്പിലാക്കാൻ ശ്രമിച്ചെങ്കിൽ സർക്കാരിനെതിരെ കോടതിയെ സമീപിക്കും; നിലപാട് കടുപ്പിച്ച് ഓർത്തഡോക്‌സ് സഭ; സിവിൽ കേസിൽ വിധി നടപ്പിലാക്കേണ്ട ബാധ്യത സർക്കാരിന് ഇല്ലെന്നും തങ്ങളുടെ പള്ളികൾ പിടിക്കാമെന്നത് ഓർത്തഡോക്‌സുകാരുടെ വ്യാമോഹം മാത്രമെന്ന് യാക്കോബായ സഭയും; ചെകുത്താനും കടലിനും ഇടയിൽ പെട്ട സർക്കാരിന്റെ മേൽ അമിത ഭാരവുമായി കോടതിയും

അനുരഞ്ജന സമിതിയും സമവായവും ചർച്ചയും വിധി നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രത്തിന്റെ ഭാഗം; സുപ്രീംകോടതി വിധി ഉപാധികൾ ഇല്ലാതെ നടപ്പിലാക്കാൻ ശ്രമിച്ചെങ്കിൽ സർക്കാരിനെതിരെ കോടതിയെ സമീപിക്കും; നിലപാട് കടുപ്പിച്ച് ഓർത്തഡോക്‌സ് സഭ; സിവിൽ കേസിൽ വിധി നടപ്പിലാക്കേണ്ട ബാധ്യത സർക്കാരിന് ഇല്ലെന്നും തങ്ങളുടെ പള്ളികൾ പിടിക്കാമെന്നത് ഓർത്തഡോക്‌സുകാരുടെ വ്യാമോഹം മാത്രമെന്ന് യാക്കോബായ സഭയും; ചെകുത്താനും കടലിനും ഇടയിൽ പെട്ട സർക്കാരിന്റെ മേൽ അമിത ഭാരവുമായി കോടതിയും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ശബരിമലയേക്കാൾ വലിയ പ്രതിസന്ധിയാണ് സഭാ കേസിൽ ഇനി പിണറായി വിജയൻ സർക്കാർ നേരിടുക. എന്തു വന്നാലും കോടതി വിധി നടപ്പാക്കിയേ പറ്റൂവെന്ന സുപ്രീംകോടതി വിധിയാണ് എല്ലാത്തിനും കാരണം. ഇതോടെ കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു. എന്നാൽ പ്രശ്‌ന പരിഹാസം അകലെയാണ്. ഇടതുപക്ഷത്തോട് അടുത്ത് നിൽക്കുന്നവരാണ് യാക്കോബായ സഭ. ഇവരെ പിണക്കി ഓർത്തഡോക്‌സുകാർക്ക് പള്ളികൾ നൽകാൻ പിണറായി സർക്കാരിന് തൽകാലം കഴിയില്ല. ഇതുകൊണ്ടാണ് സമവായത്തിലൂടെ പ്രശ്‌ന പരിഹാരത്തിന് പിണറായി ശ്രമിച്ചതും. ഇത് പരാജയപ്പെട്ടപ്പോൾ മൗനത്തിലായി സർക്കാർ. ഇതിനിടെയാണ് എല്ലാം തകിടം മറിച്ച് സുപ്രീംകോടതി വിധിയെത്തിയത്.

ഇതോടെയാണ് കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഒരു നിവർത്തിയുമില്ലാതെയായിരുന്നു ഇത്. അതിനിടെ സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി മലങ്കര ഓർത്തഡോക്‌സ് സഭ വിശദീകരിച്ചു. വിധി നടപ്പാക്കാൻ യാതൊരു ഉപാധികളുമില്ലാതെ നിയമപരമായ നടപടികൾ അവലംബിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ആ സ്ഥാനത്ത് അനുരഞ്ജന സമിതിയും സമവായവും ചർച്ചയും എന്ന ഉപാധികൾ വിധി നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് ന്യായമായും സംശയിക്കേണ്ടിവരുമെന്ന് അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പാക്കാൻ ഭരണഘടനാ ബാധ്യതയുള്ള സർക്കാർ വിധി നടപ്പിലാക്കാത്തതിന്റെ പേരിൽ കർക്കശമായ താക്കീത് ലഭിച്ചിട്ടും യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാതെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി നിലകൊള്ളുന്നത് രാജ്യത്തെ നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു എന്ന് ബിജു ഉമ്മൻ പറഞ്ഞു. എന്നാൽ സിവിൽ കോടതികളുടെ ഉത്തരവിനു മുകളിൽ വിധി നടപ്പാക്കാൻ സിവിൽ നടപടിക്രമപ്രകാരം മാത്രമേ സാധിക്കു എന്നും ആ നടപടി ക്രമം പാലിക്കപ്പെടാതെ സർക്കാരിനു വിധി നടപ്പാക്കാൻ സാധിക്കില്ലെന്നും യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി ഡോ.തോമസ് മാർ തിമോത്തിയോസും പ്രതികരിക്കുന്നു.

ഓർത്തഡോക്‌സ് നേതൃത്വം പ്രതീക്ഷിക്കുന്നതു പോലെ യാക്കോബായ സഭയുടെ നൂറു കണക്കിന് ദേവാലയങ്ങളിൽ വിധി നടത്തിപ്പ് സാധ്യമാക്കി പള്ളി പിടിച്ചെടുക്കാമെന്നതു വെറും ദിവാസ്വപ്നം മാത്രമാകും. യാക്കോബായ പള്ളികൾ യാക്കോബായ സഭാ നേതൃത്വത്തിന്റെ കീഴിൽ നിലകൊള്ളും. ശബരിമല സംബന്ധിച്ചു സുപ്രീം കോടതിയിലുണ്ടായ വിധി സിവിൽ കോടതി വിധിയല്ല. അതു നടപ്പാക്കാനുള്ള ബാധ്യത അധികൃതർക്കുണ്ട്. സഭാ കേസുകളിൽ പാസാക്കിയ വിധി രണ്ടു കക്ഷികൾ തമ്മിലുള്ള തർക്കം അടിസ്ഥാനമാക്കിയുള്ള വിധിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചനയാണ് യാക്കോബായ സഭ നൽകുന്നത്. ഇത് പിണറായി സർക്കാരിന് വലിയ തലവേദനയാകും.

ഓർത്തഡോക്‌സ് - യാക്കോബായ സഭാ തർക്കകേസിൽ 2017ൽ പുറപ്പെടുവിച്ച വിധി അതേപടി നടപ്പാക്കണമെന്നാണ് സുപ്രീംകോടതി രണ്ട് ദിവസം മുമ്പ് വിധിച്ചത്. വിധി പൂർണമായും അനുസരിക്കണമെന്നും സംസ്ഥാന സർക്കാരും കക്ഷികളും വിധി മറികടക്കാൻ സമാന്തര വ്യവസ്ഥകൾ സൃഷ്ടിക്കരുതെന്നും ജസ്റ്റിസ്മാരായ അരുൺ മിശ്ര, എം.ആർ. ഷാ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. സുപ്രീംകോടതി വിധിയിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കാൻ ഹൈക്കോടതിക്കും കഴിയില്ല. 2017ലെ വിധിക്ക് വിരുദ്ധമായി, കട്ടച്ചിറ, വരിക്കോലി പള്ളികളുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും സുപ്രീംകോടതി ദുർബലപ്പെടുത്തി. ഓർത്തഡോക്സ് വിഭാഗത്തിന്റെ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. വിധി നടപ്പാക്കാൻ സമവായത്തിന് ശ്രമിക്കുന്ന സംസ്ഥാനസർക്കാരിന്റെ നീക്കത്തിന് തിരിച്ചടിയാണ് ഉത്തരവ്. വിധിക്ക് വിരുദ്ധമായി സംസ്ഥാന സർക്കാരിന് പ്രവർത്തിക്കാനാകില്ലെന്നും വിധി ഉടൻ നടപ്പാക്കിയെന്ന് ഉറപ്പ് വരുത്തേണ്ട കടമ സർക്കാരിനുണ്ടെന്നും ബെഞ്ച് ആവർത്തിച്ച് വ്യക്തമാക്കി.

മലങ്കര പള്ളികളിലെ ഭരണം 1934ലെ സഭാഭരണഘടന പ്രകാരമായിരിക്കണമെന്ന് 2017 ജൂലായ് മൂന്നിന് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് വിധിച്ചിരുന്നു. ഓർത്തഡോകസ് സഭയ്ക്ക് അനുകൂലമായ ഈ വിധി 2018ൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചും ശരിവച്ചു. എന്നാൽ കഴിഞ്ഞ മാർച്ചിൽ കട്ടച്ചിറ, വരിക്കോലി പള്ളികളിൽ യാക്കോബായ വിശ്വാസികൾക്ക് ശവസംസ്‌കാരത്തിനും ആരാധനയ്ക്കും ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ഇതിനെതിരെയാണ് ഓർത്തഡോക്‌സ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച വാദത്തിനിടെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി സുപ്രീംകോടതി വിമർശിച്ചിരുന്നു. വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിലേക്ക് അയയ്ക്കുമെന്ന് മുന്നറിയിപ്പും ജസ്റ്റിസ് അരുൺമിശ്ര നൽകിയിരുന്നു. ഇതോടെയാണ് വിധി നടപ്പാക്കുമെന്ന് പിണറായി പറഞ്ഞത്. അപ്പോഴും യാക്കോബായ സഭ കടുംപിടിത്തം തുടരുന്നത് സർക്കാരിന് വലിയ വെല്ലുവിളിയാകും.

സഭാതർക്കവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു കഴിഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന പരിശുദ്ധ ബസേലിയോസ് മർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയുടെ പ്രതികരണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി നിയമസഭയിൽ നിലപാട് അറിയിച്ചത്. സഭാതർക്കത്തിൽ സർക്കാർ ഒരുപക്ഷത്ത് നിൽക്കുന്നു എന്നതാണ് ഓർത്തോഡോക്‌സ് സഭ ഉന്നയിക്കുന്ന ആക്ഷേപം. സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്നവർക്കൊപ്പമാണ് സർക്കാർ. തർക്കം തെരുവിലേക്ക് വലിച്ചിഴയ്ക്കാതെ നിയമത്തിന്റെ വഴി തേടുകമാത്രമാണ് ഓർത്തോഡോക്‌സ് സഭ ചെയ്തിട്ടുള്ളത്. വിധി ധിക്കരിക്കുന്നവർക്കൊപ്പം സർക്കാർ നിൽക്കുന്നത് അരാചകത്വത്തിന് ഇടയാക്കുമെന്നും പരിശുദ്ധ ബാവ പറഞ്ഞു.

സുപ്രീംകോടതിയുടെ കടുത്ത നിലപാടിന്റെ പശ്ചാത്തലത്തിൽ ഓർത്തോഡോക്‌സ് സഭ വിഷയം വീണ്ടും സർക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിധി നടപ്പാക്കുമെന്ന പ്രഖ്യാപിച്ചത്. സമാധാനപരമായും സമവായത്തോടെയും വിധി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ തിരിഞ്ഞെടുപ്പിന് മുൻപും പിൻപും സർക്കാരിന് ഒരേ നിലപാടാണെന്നും മുഖ്യന്ത്രി പറഞ്ഞു. സ്വത്തവകാശവും ഭരണചുമതലയും മലങ്കരസഭയിൽ നിക്ഷിപ്തമാക്കുന്ന കോടതിവിധി നടപ്പാക്കുന്നതിലൂടെ വിശ്വാസികൾക്ക് ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നാണ് ഓർത്തോഡോക്‌സ് സഭാ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP