Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീജീവിനെ കസ്റ്റഡിയിൽ ഉരുട്ടിക്കൊന്ന പൊലീസുകാർ ഇപ്പോഴും സർവീസിൽ തുടരുന്നു; സെക്രട്ടറിയേറ്റിനു മുന്നിൽ ശ്രീജിത്ത് സമരം തുടരുന്നത് ഇതുകൊണ്ട് തന്നെ; ഇതിനു മുന്നിൽ കൂടിയല്ലേ മുഖ്യമന്ത്രി പിണറായി ദിവസവും കടന്നുപോകുന്നത്; ഏതമ്മ പെറ്റാലും നീതിക്ക് വേണ്ടിയാണ് കിടക്കുന്നത്; അവനെ ഒന്ന് കയറി കണ്ടുകൂടെ? ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെങ്കിൽ ശ്രീജീവിന്റെ മരണത്തിനു കാരണക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണം: കസ്റ്റഡി മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജീവിന്റെ 'അമ്മ രമണി പ്രമീള മറുനാടനോട്

ശ്രീജീവിനെ കസ്റ്റഡിയിൽ ഉരുട്ടിക്കൊന്ന പൊലീസുകാർ ഇപ്പോഴും സർവീസിൽ തുടരുന്നു; സെക്രട്ടറിയേറ്റിനു മുന്നിൽ ശ്രീജിത്ത് സമരം തുടരുന്നത് ഇതുകൊണ്ട് തന്നെ; ഇതിനു മുന്നിൽ കൂടിയല്ലേ മുഖ്യമന്ത്രി പിണറായി ദിവസവും കടന്നുപോകുന്നത്; ഏതമ്മ പെറ്റാലും നീതിക്ക് വേണ്ടിയാണ് കിടക്കുന്നത്; അവനെ ഒന്ന് കയറി കണ്ടുകൂടെ? ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെങ്കിൽ ശ്രീജീവിന്റെ മരണത്തിനു കാരണക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണം: കസ്റ്റഡി മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജീവിന്റെ 'അമ്മ രമണി പ്രമീള മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കസ്റ്റഡി മരണത്തിന്നിരയായ ശ്രീജീവിനു നീതി അകലെയെന്നു ശ്രീജീവിന്റെ 'അമ്മ രമണി പ്രമീള മറുനാടൻ മലയാളിയോട് പറഞ്ഞു. ശ്രീജീവിനെ കസ്റ്റഡിയിൽ ഉരുട്ടിക്കൊന്ന പൊലീസുകാർ ഇപ്പോഴും സർവീസിൽ തുടരുന്നുവെന്നും രമണി പ്രമീള പറഞ്ഞു. അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഓർഡർ ഇട്ടതാണ് കസ്റ്റഡി മരണത്തിനു ഉത്തരവാദികളായ പൊലീസുകാരെ സർവീസിൽ നിന്നും മാറ്റി നിർത്തിവേണം അന്വേഷണം നടത്താനെന്ന്. പക്ഷെ ഒന്നും നടന്നില്ല. സിബിഐ അന്വേഷണം നടക്കുന്നുണ്ടെങ്കിലും പൊലീസുകാർ ഇപ്പോഴും സർവീസിൽ തുടരുകയാണ്. അതുകൊണ്ട് തന്നെയാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന സമരം തുടരുന്നതും. ഉന്നതരെ സ്വാധീനിച്ച് പൊലീസുകാർ സർവീസിൽ തുടരുകയാണ്. സർക്കാർ അതിനു ഒത്താശ നൽകുകയാണ്. സിപിഐയുടെ ആളുകളാണ് പൊലീസുകാരിൽ കൂടുതലും. ഒരു കസ്റ്റഡി മരണം നടന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുകയാണ്. പിണറായി സർക്കാർ ഇതുവരെ അതിനു തയ്യാറായിട്ടില്ല. പാവങ്ങൾക്ക് ഉരുട്ടിക്കൊലയ്ക്ക് വിധേയനായാൽ നടപടിയെടുക്കാൻ സർക്കാരിന് മടിയാണ്. അതുകൊണ്ട് തന്നെയാണ് പൊലീസുകാർ ഉരുട്ടിക്കൊന്ന എന്റെ മകന് നീതി വൈകുന്നത്.

ഉന്നത കുടുംബങ്ങളിൽ ഇതൊന്നും സംഭവിക്കില്ല. പാവങ്ങളുടെ കുടുംബത്തിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. പൊലീസുകാർ ഉരുട്ടിക്കൊന്നാൽ അവർക്ക് ശിക്ഷ നൽകാൻ അവരെ നീതിപീഠത്തിനു മുന്നിൽ കൊണ്ടുവരിക. അല്ലാതെ ഒരുത്തനെ തല്ലിക്കൊന്നു കുറച്ചു പൈസയും എടുത്തെറിഞ്ഞിട്ട് ഇനി നീ വീണ്ടും ഇരുന്നോ. ഇനി നിന്റെ അടുത്ത മകന് എന്തെങ്കിലും സംഭവിക്കും... ഉണ്ടാകട്ടെ... എനിക്ക് ഒന്ന് തെരുവിൽ കിടക്കുകയാണ്. കന്റോൺമെന്റ് സിഐയും പൊലീസുകാരും അവനെ പെടുത്തുന്ന പാടേ..ഞാനും ഒരു പെറ്റ തള്ളയാണ്. വീട്ടിൽ കിടന്നാൽ എനിക്ക് ഉറക്കമില്ല. അവൻ കിടക്കുന്ന പായ വരെ എടുത്തോണ്ട് പോകുന്നു..ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അവിടെ കിടക്കുന്ന ഫ്‌ളെക്‌സ് എടുക്കരുതെന്ന്. സമരത്തിന്റെ ഫ്‌ളക്‌സ് എല്ലാം പൊലീസ് എടുത്തോണ്ട് പോകുന്നു. സിബിഐ അന്വേഷണത്തിന് വന്ന ശേഷം അവനെ ഇട്ടു കഷ്ടപ്പെടുത്തുകയാണ്. എന്റെ മകൻ നീതിയ്ക് വേണ്ടിയാണ് കിടക്കുന്നത്. എനിക്ക് ഉറപ്പുണ്ട്. സിബിഐ അന്വേഷണം ഇപ്പോൾ അവസാനഘട്ടത്തിലാണ്. ഈ മാസം കേസ് കോടതിയിൽ പോസ്റ്റ് ചെയ്യുമെന്ന് സിബിഐ പറഞ്ഞിട്ടുണ്ട്.

എന്തായാലും എന്റെ മകന്റെ കാര്യത്തിൽ സംഭവിക്കേണ്ടത് സംഭവിച്ചിട്ടുണ്ട്. സഹോദരന്റെ കസ്റ്റഡി മരണത്തെ തുടർന്ന് ശ്രീജിത്ത് സത്യഗ്രഹം കിടക്കുമ്പോൾ തന്നെ ഇപ്പോൾ വീണ്ടും ഉരുട്ടിക്കൊല വന്നു. കൊച്ചി വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി മർദ്ദനത്തെ തുടർന്ന് മരിച്ചു. അവൻ നിരാഹാരം തുടരവേ തന്നെ ഇപ്പോൾ കസ്തൂരിക്ക് രാജ്കുമാർ എന്ന മകൻ നഷ്ടമായി. എല്ലാം കസ്റ്റഡി മരണങ്ങൾ. ഇതിന്നിടയിൽ തന്നെ പൊലീസുകാരുടെ ഒത്താശയോടെയുള്ള കെവിൻ കേസും വന്നു. ഏത് സർക്കാര് വന്നാലും കേരളത്തിൽ കസ്റ്റഡി മരണങ്ങൾ തുടരുക തന്നെ ചെയ്യും.

ഈ സർക്കാർ പറയുന്നത് പാവങ്ങളുടെ സർക്കാർ ആണെന്നാണ്. അത് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പാവങ്ങൾക്ക് നീതി കിട്ടുന്നില്ല. മാസങ്ങൾ ആയി ശ്രീജിത്ത് തെരുവിൽ കിടക്കുകയാണ്. അതിന് മുന്നിൽ കൂടിയല്ലേ മുഖ്യമന്ത്രി പിണറായി വിജയൻ ദിവസവും കടന്നുപോകുന്നത്. ഉന്നത ഉദ്യോഗസ്ഥർ മുഴുവനും അതിന്റെ മുന്നിൽ കൂടിയല്ലേ പോകുന്നത്. സന്താനത്തെക്കുറിച്ച് ഒരു വിചാരമുണ്ടെങ്കിൽ, ഒരമ്മ പ്രസവിച്ചതാണ് ഏതമ്മ പ്രസവിച്ചാലും നീതിക്ക് വേണ്ടിയാണ് കിടക്കുന്നത്. അവനെ ഒന്ന് കയറി കണ്ടുകൂടെ? അവൻ സുഖിച്ചല്ല കിടക്കുന്നത്. മഴയും വെയിലും ഏറ്റു കിടക്കുകയാണ് തെരുവിൽ. ബിഎ വരെ പഠിച്ച ചെറുക്കനാണ്. നീതിക്ക് വേണ്ടിയുള്ള കിടത്തത്തിൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ അവനെ കൊത്തിവലിക്കുകയാണ്. ഒരു പുതിയ സിഐ വന്നിട്ടുണ്ട്. ആ സിഐ എന്റെ മകന് ഇരിക്കപ്പൊറുതി കൊടുക്കുന്നില്ല.

എന്റെ ശ്രീജിത്തിന് എന്തെങ്കിലും സംഭവിച്ചാൽ എന്റെ മരണത്തിന, ജഡത്തിന് ഈ പൊലീസുകാർ ഉത്തരം പറയേണ്ടിവരും.ഓരോ തള്ളമാര് മക്കളെ പോറ്റുന്നത് പോലെയല്ല എന്റെ മക്കളെ ഞാൻ നോക്കിയത്. എന്റെ മകൻ നീതിക്ക് വേണ്ടിയാണ് കിടക്കുന്നത്. ഓരോന്നിനെ കൊന്നു കൊലവിളിച്ചു കുറെ പണം തരികയാണ്. കൊണ്ട് കുഴിയിൽ വെയ്ക്കാൻ.... ആരോഗ്യമുള്ള ചെറുക്കൻ ആയിരുന്നു. രണ്ടു പൊറോട്ടയും ബീഫും കൊണ്ട് വന്നു മുൻപിൽ വെച്ചിട്ടു അതുപോലും കഴിക്കാൻ അനുവദിക്കാത്ത ദുഷ്ടന്മാർ ആണ്. .. ഇവർക്ക് സന്താനം ഉണ്ടെങ്കിൽ.. ഞാൻ നെഞ്ചിൽ കൈ വെച്ച് പറയുകയാണ് ... ഇവന്മാർ അനുഭവിക്കും... അനുഭവിക്കും....(കരയുന്നു)...അവന്റെ സന്താനം അനുഭവിക്കും.... ഇത് ചെയ്തവന്മാർ ആരായിരുന്നാലും... ഈ ചെയ്തന്മാർ എല്ലാം എന്റെ വീടിനടുത്ത് വരുന്നവരാണ്. എന്റെ കടയിൽ വരുന്നവരാണ്. കാക്കിയിട്ടവന്മാർ അവന്മാർ വായിൽ തോന്നിയത് പറയും...മുണ്ടഴിച്ച് പൊക്കും.... ഇതൊക്കെയാണ് ഞാൻ അനുഭവിക്കുന്നത്....ഈ ശ്രീജിത്തിനെ അവർ എന്ത് വേണമെങ്കിലും ചെയ്യും.... അവന്മാർ ആണ് ഈ നാട്ടിലെ പൊലീസ്. സിബിഐ അന്വേഷണത്തിൽ മാത്രമേ എനിക്ക് വിശ്വാസമുള്ളൂ. .. ഉപ്പ് തിന്നവർ വെള്ളം കുടിക്കും...ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെങ്കിൽ ശ്രീജീവിനെ കൊന്ന പ്രതികളായ പൊലീസുകാർ സർവീസിൽ നിന്ന് മാറ്റിനിർത്തപ്പെടണം. എങ്കിൽ മാത്രമേ ശ്രീജിത്ത് സമരം അവസാനിപ്പിക്കുകയുള്ളൂ. നാല് വർഷം കഴിഞ്ഞില്ലേ... മഴയും വെയിലും പൊലീസുകാരുടെ ഇടിയും തൊഴിയും എല്ലാം സഹിച്ചാണ് ശ്രീജിത്ത് സമരം ഇരിക്കുന്നത്. പുതിയ കന്റോൺമെന്റ് സിഐ കോർപ്പറേഷനിൽ നിന്നും ആളുകളെയും വേറെ ഗുണ്ടകളെയും എത്തിക്കുകയാണ്. ശ്രീജിത്തിനെ കുടിയൊഴിപ്പിക്കാൻ വേണ്ടി. എന്തായാലും ശ്രീജിത്ത് സമരം നിർത്തണമെങ്കിൽ പൊലീസുകാർക്ക് എതിരെ നടപടി വരണം. അവർ സർവീസിൽ നിന്നും മാറ്റിനിർത്തപ്പെടണം. എങ്കിൽ മാത്രമേ സമരം ശ്രീജിത്ത് അവസാനിപ്പിക്കൂ.

എന്റെ അനുഭവം കസ്തൂരിക്ക് അവർത്തിക്കാതിരിക്കാനാണ് നീതി തേടി കസ്തൂരി നടത്തുന്ന സമരത്തിലേക്ക് ഞാൻ എത്തിയത്. ഇനിയും കസ്റ്റഡി മരണങ്ങൾ ആവർത്തിക്കും.ഇത് ആവർത്തിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് ഞാൻ എത്തിയത്. പൊലീസിന് എല്ലാ സ്വാതന്ത്ര്യവും കൊടുത്തിരിക്കുകയല്ലേ? ആൾക്കാരുടെ കണ്ണിൽ മണ്ണിടാൻ വേണ്ടി ഒരറസ്റ്റ്. കുറച്ചു കഴിഞ്ഞാൽ അവന്മാരെ സർവീസിൽ കയറ്റും. കസ്തൂരിയും എന്നെപ്പോലെ ഒരു വിധവയാണ്. അവർക്കും നീതിവേണം. ഇവരുടെ മകൻ നഷ്ടമായി കഴിഞ്ഞിരിക്കുന്നു. ഇവർക്ക് നീതി വേണമെങ്കിൽ അത് സിബിഐ വഴി മാത്രമേ ലഭിക്കുകയുള്ളൂ-രമണി പ്രമീള പറയുന്നു.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ മർദ്ദനത്തിന് ഇരയായി രാജ്കുമാർ മരിച്ച സംഭവത്തിൽ നീതി തേടി രാജ്കുമാർ ആക്ഷൻ കൗൺസിൽ ഇന്നു നിയമസഭാ മാർച്ച് നടത്തിയിരുന്നു. നിയമസഭയ്ക്ക് തൊട്ടുമുന്നിൽ ബാരിക്കേഡ് വെച്ച് മാർച്ച് പൊലീസ് തടഞ്ഞു. രാജ്കുമാറിന്റെ 'അമ്മ കസ്തൂരിക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇതേ പോലെ കസ്റ്റഡി മരണത്തിനു ഇരയായി സ്വന്തം മകൻ ശ്രീജീവ് നഷ്ടമായ പ്രമീള കൂടി നിയമസഭാ മാർച്ചിലേക്ക് എത്തിയത്. രാജ്കുമാറിന്റെ മരണത്തിൽ കണ്ണിൽ പൊടിയിടുന്ന നടപടികളുമായി പൊലീസ് മുന്നോട്ടു പോകുന്നതിനെതിരെയാണ് നീതി തേടി രാജ്കുമാർ ആക്ഷൻ കൗൺസിൽ നിയമസഭാ മാർച്ച് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP