Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാ ദിവസവും ആളെ കൊല്ലുന്നതാണോ സാർ ഒറ്റപ്പെട്ട സംഭവം..? പ്രത്യക്ഷമായും, പരോക്ഷമായും പൊലീസ് അക്രമങ്ങളിൽ കൊല്ലപ്പെട്ടത് 38 പേരാണ് സാർ; പൊലീസിനെ നിയന്ത്രിക്കാൻ സർക്കാരിന് ആവുന്നില്ല; വരാപ്പുഴയിലും നെടുങ്കണ്ടത്തുമെല്ലാം സംഭവിക്കുന്നത് ഇതാണ്; പൊലീസ് തുടരേണ്ടത് നിയമവ്യവസ്ഥയാണ്, അല്ലാതെ പാർട്ടികോടതിയുടെ നടപടികളല്ല; രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഷാഫി പറമ്പിൽ സഭയിൽ കത്തിക്കയറിയത് ഇങ്ങനെ; കുറ്റക്കാരോട് വിട്ടുവീഴ്‌ച്ചയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി

എല്ലാ ദിവസവും ആളെ കൊല്ലുന്നതാണോ സാർ ഒറ്റപ്പെട്ട സംഭവം..?  പ്രത്യക്ഷമായും, പരോക്ഷമായും പൊലീസ് അക്രമങ്ങളിൽ കൊല്ലപ്പെട്ടത് 38 പേരാണ് സാർ; പൊലീസിനെ നിയന്ത്രിക്കാൻ സർക്കാരിന് ആവുന്നില്ല; വരാപ്പുഴയിലും നെടുങ്കണ്ടത്തുമെല്ലാം സംഭവിക്കുന്നത് ഇതാണ്; പൊലീസ് തുടരേണ്ടത് നിയമവ്യവസ്ഥയാണ്, അല്ലാതെ പാർട്ടികോടതിയുടെ നടപടികളല്ല; രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഷാഫി പറമ്പിൽ സഭയിൽ കത്തിക്കയറിയത് ഇങ്ങനെ; കുറ്റക്കാരോട് വിട്ടുവീഴ്‌ച്ചയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. നെടുങ്കണ്ടത്ത് ഹക്കിം കസ്റ്റഡി മർദനത്തിന് വിധേയമായ സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

അതേസമയം ഈ സർക്കാറിന്റെ പൊലീസ് നയത്തിലെ വീഴ്‌ച്ചകളും കസ്റ്റഡി മരണങ്ങൾ സംബന്ധിച്ച വിവരങ്ങളും ചൂണ്ടിക്കാട്ടിയാണ് ഷാഫി പറമ്പിൽ എംഎൽഎ സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ഈ അടിയന്തര പ്രമേയം ഉന്നയിക്കുന്ന കാര്യത്തിൽ ആദ്യം ചില തടസ്സവാദങ്ങൾ ഭരണപക്ഷത്ത് നിന്ന് ഉയർന്നു. എന്നാൽ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ആശങ്ക നിലനിൽക്കുന്നതിനാൽ പഴയ വിഷയമാണെങ്കിലും നോട്ടീസ് പരിഗണിക്കുകയാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷണൻ നിലപാടെടുത്തു.

നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി കോടതിയിൽ ഹാജരാക്കിയപ്പോഴോ വൈദ്യ പരിശോധന സമയത്തോ മർദനമേറ്റെന്ന പരാതി ഹക്കീം ഉന്നയിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി. എങ്കിൽ പോലും ഇപ്പോഴത്തെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പൊലീസുകാർക്കെതിരെ ഹക്കീമിനെ മർദിച്ചുവെന്ന പരാതിയിൽ കേസെടുത്തെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അതേസമയം തുടർന്ന് സംസാരിച്ച ഷാഫി പറമ്പിൽ ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രിയെയും നിശിദമായി വിമർശിച്ചു കൊണ്ടാണ് രംഗത്തെത്തിയത്.

ഇടക്കിടെ ആളെ കൊല്ലുക എന്നത് പൊലീസിന്റെ രീതിയായി മാറിയിരിക്കുകയാണെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. ഇടുക്കി ജില്ലയിൽ സമാന്തര ആഭ്യന്തര വകുപ്പ് പ്രവർത്തിക്കുന്നു. പൊലീസിനെ നിയന്ത്രിക്കാൻ സർക്കാരിന് ആവുന്നില്ല. വരാപ്പുഴയിലും നെടുങ്കണ്ടത്തുമെല്ലാം സംഭവിക്കുന്നത് ഇതാണ് എന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. പൊലീസ് പിന്തുടരേണ്ടത് നിയമ വ്യവസ്ഥയാണ്, അല്ലാതെ പാർട്ടി കോടതിയുടെ നടപടികളല്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കൃത്യമായ ഇടവേളകളിൽ ആളെക്കൊല്ലുന്നത് നിർത്താൻ പൊലീസിനോട് നിർദ്ദേശിക്കണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായിബന്ധപ്പെട്ട് മന്ത്രി എം. എം മണി കല്യാണ വീട്ടിൽ വച്ച് എസ്‌പിയുമായി ചർച്ച നടത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു. എല്ലാ ദിവസവും ആളെ കൊല്ലുന്നതാണോ ഒറ്റപ്പെട്ട മരണമെന്നും പ്രതിപക്ഷം ചോദിച്ചു. പ്രത്യക്ഷമായും, പരോക്ഷമായും പൊലീസ് അക്രമങ്ങളിൽ കൊല്ലപ്പെട്ടത് 38 പേരാണെന്നും ഷാഫി പറഞ്ഞു. തുടർന്ന് സംസാരിച്ച മുഖ്യമന്ത്രി പൊലീസിൽ എല്ലാ കാലത്തും ഇത്തരത്തിലുള്ള ദുഷ്പ്രവണതകളുണ്ടെന്ന് വ്യക്തമാക്കി. അതിനെതിരെ എങ്ങനെ നടപടി സ്വീകരിക്കുന്നു എന്നതാണ് പ്രാധാന്യത്തോടെ കാണേണ്ടത്. ഈ സർക്കാർ കുറ്റക്കാരോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ല. 12 പൊലീസുകാരെയാണ് ഈ സർക്കാർ വന്ന ശേഷം സർവീസിൽ നിന്ന് ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആളുകളെ കൊന്നാൽ സംരക്ഷിക്കാൻ ആളുണ്ടെന്ന തോന്നൽ ഉദ്യോഗസ്ഥർക്ക് ഉണ്ട്. കസ്റ്റഡി മർദ്ദനങ്ങൾ കൂടുന്നത് മന്ത്രിയുടെ പിന്തുണയുള്ളതുകൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കില്ലെന്നും പൊലീസിലെ കൊള്ളരുതായ്മകൾ കണ്ടെത്തി നടപടി എടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തുടർന്ന്, പ്രതിപക്ഷ നേതാക്കൾക്ക് സംസാരിക്കാൻ മതിയായ സമയം അനുവദിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ ബഹളം വെച്ചു. പ്രതിപക്ഷം ചെയറിനെ ഭീഷണിപ്പെടുത്തുകയാണെന്ന് സ്പീക്കർ കുറ്റപ്പെടുത്തി. ബഹളം തുടർന്നതോടെ സ്പീക്കർ ചെയറിൽ നിന്ന് എഴുന്നേറ്റ് നിന്ന് സഭ നിയന്ത്രിക്കുകയായിരുന്നു. എന്നാൽ, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP