Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇംഗ്ലണ്ടിനെതിരെ വിജയിക്കാൻ കളിക്കാതിരുന്നവർ എന്ന വിമർശനം ശക്തമാകുന്നതിനിടെ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങുന്നത് വിജയം മാത്രം ലക്ഷ്യമിട്ട്; ബംഗ്ലാകടുവകളെ തോൽപ്പിച്ചാൽ സെമി ഉറപ്പാക്കാം; പരാജയപ്പെട്ടാൽ ശ്രീലങ്കക്കെതിരായ മത്സരം ഫലത്തിൽ വിജയം അനിവാര്യമായി വന്നേക്കും; ഇഴഞ്ഞു നീങ്ങിയ ബാറ്റിംഗിന്റെ പേരിൽ വിമർശനം കേട്ട ധോണിക്കും ഫോമിലേക്ക് ഉയരേണ്ടത് അനിവാര്യം; മായങ്ക് അഗർവാളോ ജഡേജയോ ടീമിൽ ഇടംപിടിച്ചേക്കും

ഇംഗ്ലണ്ടിനെതിരെ വിജയിക്കാൻ കളിക്കാതിരുന്നവർ എന്ന വിമർശനം ശക്തമാകുന്നതിനിടെ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങുന്നത് വിജയം മാത്രം ലക്ഷ്യമിട്ട്; ബംഗ്ലാകടുവകളെ തോൽപ്പിച്ചാൽ സെമി ഉറപ്പാക്കാം; പരാജയപ്പെട്ടാൽ ശ്രീലങ്കക്കെതിരായ മത്സരം ഫലത്തിൽ വിജയം അനിവാര്യമായി വന്നേക്കും; ഇഴഞ്ഞു നീങ്ങിയ ബാറ്റിംഗിന്റെ പേരിൽ വിമർശനം കേട്ട ധോണിക്കും ഫോമിലേക്ക് ഉയരേണ്ടത് അനിവാര്യം; മായങ്ക് അഗർവാളോ ജഡേജയോ ടീമിൽ ഇടംപിടിച്ചേക്കും

മറുനാടൻ ഡെസ്‌ക്‌

എജ്ബാസ്റ്റൻ: ഇംഗ്ലണ്ടിനെതിരായ തോൽവിയോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദൗർബല്യങ്ങളെല്ലാം വെളിപ്പെട്ടു എന്ന വിമർശനങ്ങൾ ശക്തമാണ്. ഇന്ന് എഡ്ബാസറ്റണിൽ ബംഗ്ലാദേശിനെതിരെ മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യൻ താരങ്ങൾ വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. ഇന്ന് വിജയിച്ചില്ലെങ്കിൽ സെമിയിലേക്കുള്ള വഴിക്കായി ശ്രീലങ്കയെ തോൽപ്പിക്കേണ്ട ഘട്ടത്തിലേക്ക് വരെ കാര്യങ്ങളെത്തും. അതുകൊണ്ട് തന്നെ ഇന്ന് കളത്തിലിറങ്ങുന്നത് വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെയാണ്.

പോയിന്റ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശിന് നോക്കൗട്ടിലെത്താൻ ഇന്നത്തേതടക്കം ശേഷിക്കുന്ന രണ്ട് കളികളും ജയിക്കേണ്ടതിനാൽ അവർ ശക്തമായ മത്സരം തന്നെ കാഴ്‌ച്ചവെച്ചേക്കും. ഇംഗ്ലണ്ടിനെതിരായ അപ്രതീക്ഷിത പരാജയം നൽകിയ തിരിച്ചറിവ് ഇന്ന് ഇന്ത്യയുടെ പ്രകടനത്തിൽ കണ്ടേക്കും. നിരാശാജനകമായ പ്രകടനം നടത്തിയ സ്പിന്നർമാരായ യുസ്വേന്ദ്ര ചെഹലും കുൽദീപ് യാദവും മധ്യനിര ബാറ്റ്‌സ്മാൻ കേദാർ ജാദവും അന്തിമ ഇലവനിൽ ഉണ്ടാകുമെന്നാണ് സൂചന. ഭുവനേശ്വർ കുമാർ കായികക്ഷമത വീണ്ടെടുത്തു കഴിഞ്ഞുവെന്നും പരുക്കേറ്റു പുറത്തായ വിജയ് ശങ്കർ ഒഴികെ 14 താരങ്ങളെയും ആദ്യ ഇലവനിലേക്കു പരിഗണിക്കുന്നുണ്ടെന്നും ടീമിന്റെ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ പറഞ്ഞു.

മധ്യനിരയിൽ എം.എസ്. ധോണിയുടെ പ്രകടനത്തെക്കുറിച്ചു വീണ്ടും വിമർശനം ഉയർന്നിട്ടുണ്ട്. നിറം മങ്ങിയ കേദാർ ജാദവിന്റെ സ്ഥാനത്ത് ഓൾറൗണ്ടർ ജഡേജയെ ഉൾപ്പെടുത്തിയാൽ ബാറ്റിങ്ങിനും ബോളിങ്ങിനും ഒരു പോലെ ഗുണം ചെയ്യുമെന്ന വാദവുമുണ്ട്. ഭുവനേശ്വർ കുമാർ അടക്കം 3 പേസർമാരെ കളിപ്പിക്കുന്നതും ആലോചിക്കുന്നുണ്ടെന്ന് ബംഗാർ പറഞ്ഞു. ഭുവനേശ്വറിനെ ഉൾപ്പെടുത്തിയാൽ പിൻനിര ബാറ്റിങ്ങും കുടുതൽ ശക്തമാകുമെന്നതും പരിഗിണിക്കുന്നുണ്ട്. ഷാക്കിബ് അൽ ഹസൻ, മുഷ്ഫിഖുർ റഹിം, സൗമ്യ സർക്കാർ, ലിട്ടൻ ദാസ് തുടങ്ങിയവർ ഉൾപ്പെടുന്ന ബംഗ്ലാദേശ് ബാറ്റിങ് നിര മികച്ച ഫോമിലാണ്.

അതേസമയം ടീമിലെത്തിയ കർണാടകക്കാരൻ മായങ്ക് അഗർവാളിനെ ഇന്ന് കളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ഒന്നിലധികം ബാറ്റിങ് പൊസിഷനുകളിൽ കളിപ്പിക്കാനാകുന്ന താരം എന്ന നിലയിലാണ് മായങ്ക് അഗർവാൾ ടീമിലെത്തിയത്. ഓപ്പണറായും വേണ്ടിവന്നാൽ രണ്ടും കൽപിച്ചു നാലാം നമ്പറിലും പരീക്ഷിക്കാം. മികച്ച സ്‌ട്രൈക്ക് റേറ്റാണ് അനുകൂല ഘടകം.

ആഭ്യന്തര മത്സരങ്ങളിൽ കർണാടകയുടെ വിശ്വസ്ത ഓപ്പണറാണ് മായങ്ക്. നിർഭയ ക്രിക്കറ്റിന്റെ വക്താവ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അൻപതിലേറെയാണു ശരാശരി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായാണ് ഓസീസിനെതിരെ കഴിഞ്ഞ വർഷം അവസാനം നടന്ന ടെസറ്റ് പരമ്പരയിൽ മായങ്കിനെ ഓപ്പണറായി ഉൾപ്പെടുത്തിയത്. കളിച്ച രണ്ടു ടെസ്റ്റിലും അർധ സെഞ്ചുറികൾ നേടി രാജ്യാന്തര അരങ്ങേറ്റം ഉജ്വലമാക്കി. ഓസീസ് പേസർമാരെ ഷോട് ബോൾ കെണിയെ ഫലപ്രദമായി അന്നു പ്രതിരോധിച്ചതും ലോകകപ്പ് ടീം സിലക്ഷനിൽ മായങ്കിനെ തുണച്ചിരിക്കും.

ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബ് താരമായ മായങ്ക് മൂന്നാം നമ്പറിലാണു ബാറ്റിങ്ങിന് ഇറങ്ങുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനും മായങ്കിനു കഴിഞ്ഞിരുന്നു. കെ.എൽ. രാഹുലിനു പകരം മായങ്ക് അഗർവാളിനെ ഇന്ത്യ ഓപ്പണറായി പരീക്ഷിക്കാനാണു സാധ്യത. അങ്ങനെയെങ്കിൽ നാലാം നമ്പറിൽ രാഹുൽതന്നെ തിരിച്ചെത്തിയേക്കും.

അതേസമയം ഇന്നത്തെ മത്സരഫലം പ്രതീക്ഷിച്ചിരക്കുന്നവരുടെ കൂട്ടത്തിൽ പാക്കിസ്ഥാനും ഉണ്ടെന്നതാണ് പ്രത്യേകയുണ്ട്. ഇന്ത്യയുടെ തോൽവിയോടെ ശ്രീലങ്കയുടെ സാധ്യതകൾ പൂർണമായും അടഞ്ഞപ്പോൾ, പാക്കിസ്ഥാനും ബംഗ്ലാദേശിനും പ്രതീക്ഷ ബാക്കിയുണ്ട്. ഇംഗ്ലണ്ടിനെതിരെ ബോളിങ്ങും ബാറ്റിങ്ങും ഒരു പോലെ രണ്ടാം തരമായതോടെയാണ് ടൂർണമെന്റിൽ ഇന്ത്യ ആദ്യ തോൽവി രുചിച്ചത്. ഈ കീഴടങ്ങൽ വലിയ തിരിച്ചടിയല്ലെങ്കിലും ടീം മാനേജ്‌മെന്റിന് ഇതു തിരിച്ചറിവാകേണ്ടതാണ്. പ്രതീക്ഷ തെറ്റിച്ച് പിച്ച് ബാറ്റിങ്ങിനെ കാര്യമായി അനുകൂലിച്ചുവെങ്കിലും ഇംഗ്ലണ്ടിന്റെ സ്‌കോർ അവസാന ഘട്ടത്തിൽ കുതിച്ചു കയറിയത് ബോളർമാരുടെ പിഴവുകൾ മൂലമാണ്.

മധ്യ ഓവറുകളിൽ റിസ്റ്റ് സ്പിന്നർമാരുടെ മികവിലൂടെ കളിയുടെ നിയന്ത്രണം പിടിച്ചടുക്കുക എന്ന ഇന്ന ഇന്ത്യയുടെ തന്ത്രം അതോടെ പാളി. ആദ്യ പവർപ്ലേയിൽ യുസ്വേന്ദ്ര ചെഹൽ എറിഞ്ഞ നിമിഷം മുതൽ ഇംഗ്ലണ്ട് കടന്നാക്രമിച്ചു. പേസർമാരായ ഷമിയും ബുമ്രയും ചെറിയ തോതിൽ സമ്മർദം നിലനിർത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. ഷമിയുടെ ബോളിങ്ങിൽ ഒന്നു രണ്ടു തവണ ബെയർ‌സ്റ്റോ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പിന്നീട് ഹാർദിക് പാണ്ഡ്യയുടെ ഓവറുകളിലും ഇംഗ്ലണ്ട് സ്വതന്ത്രമായി സ്‌കോർ ചെയ്തു. അപകടകാരിയായ ബുമ്രയെ കരുതലോടെ നേരിടുകയെന്നതും ഇംഗ്ലണ്ടിന്റെ തന്ത്രമായിരുന്നു.

ഇന്ത്യയ്‌ക്കെതിരായ ജയത്തോടെ ഇംഗ്ലണ്ട് സെമി സാധ്യത ശക്തമാക്കി. അവസാന മത്സരത്തിൽ ന്യൂസീലൻഡിനെ കീഴടക്കിയാൽ 12 പോയിന്റോടെ മൂന്നാം സ്ഥാനക്കാരായി ഇംഗ്ലണ്ടിനു സെമിയിലെത്താം. മത്സരം തോറ്റാൽപോലും ഇംഗ്ലണ്ടിനു സാധ്യതയുണ്ട്. അതിനു പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾ ഇനി ഒരു മത്സരം തോറ്റാൽ മതി. ഇന്നലത്തെ ഇംഗ്ലണ്ടിന്റെ ജയത്തോടെ ശ്രീലങ്ക സെമി കാണില്ലെന്നുറപ്പായി. ഇതുവരെ സെമി ഉറപ്പിച്ച ഏക ടീം ഓസ്‌ട്രേലിയയാണ്. ഇനിയുള്ള മത്സരങ്ങൾ തോറ്റാലും ഇന്ത്യ, ന്യൂസീലൻഡ് ടീമുകൾ സെമിയിൽ എത്തുമെന്നും ഏറെക്കുറെ ഉറപ്പാണ്. രണ്ടു ടീമുകളും നെറ്റ് റൺറേറ്റിൽ പാക്കിസ്ഥാനെക്കാൾ ബഹുദൂരം മുന്നിലാണെന്നതാണ് കാരണം.

അവസാന മത്സരത്തിൽ പാക്കിസ്ഥാൻ ബംഗ്ലാദേശിനെ തോൽപിക്കുകയും ഇംഗ്ലണ്ട് ന്യൂസീലൻഡിനോടും തോറ്റാൽ പാക്കിസ്ഥാന് സെമി പ്രതീക്ഷയുണ്ട്. ഇംഗ്ലണ്ട് മികച്ച റൺറേറ്റിൽ ജയിച്ചാലും വിദൂര സാധ്യത. അങ്ങനെയെങ്കിൽ ന്യൂസീലൻഡിനു പകരം പാക്കിസ്ഥാനാകും സെമിയിലെത്തുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP