Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ഥലം ഈടുവെച്ച് മാതൃഭൂമി മുതലാളിമാരായ പി വി ചന്ദ്രനും പി വി നിധീഷും ലോൺ എടുത്തത് കെടിസി കാറിന് വേണ്ടി; കാർ വിതരണ കേന്ദ്രങ്ങൾ അടച്ചു പൂട്ടിയപ്പോൾ എസ്‌ബിഐ കൊച്ചി ശാഖയിലെ ലോൺ അടവ് മുടങ്ങി; കുടിശ്ശിക നാല് കോടിയോളം ആയപ്പോൾ ഈടുവെച്ച കോഴിക്കോട്ടെ സ്ഥലം ജപ്തി ചെയ്ത് സ്വന്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; ലോൺ വിവരങ്ങൾ പത്രപ്പരസ്യം വഴി അറിയിപ്പ് വേറെയും; ഒരു കാലത്ത് മലബാറിലെ വൻവ്യവസായ ഗ്രൂപ്പായി ശോഭിച്ച കെടിസി ഗ്രൂപ്പ് പ്രതാപംമങ്ങി തകർച്ചയിലേക്കോ?

സ്ഥലം ഈടുവെച്ച് മാതൃഭൂമി മുതലാളിമാരായ പി വി ചന്ദ്രനും പി വി നിധീഷും ലോൺ എടുത്തത് കെടിസി കാറിന് വേണ്ടി; കാർ വിതരണ കേന്ദ്രങ്ങൾ അടച്ചു പൂട്ടിയപ്പോൾ എസ്‌ബിഐ കൊച്ചി ശാഖയിലെ ലോൺ അടവ് മുടങ്ങി; കുടിശ്ശിക നാല് കോടിയോളം ആയപ്പോൾ ഈടുവെച്ച കോഴിക്കോട്ടെ സ്ഥലം ജപ്തി ചെയ്ത് സ്വന്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; ലോൺ വിവരങ്ങൾ പത്രപ്പരസ്യം വഴി അറിയിപ്പ് വേറെയും; ഒരു കാലത്ത് മലബാറിലെ വൻവ്യവസായ ഗ്രൂപ്പായി ശോഭിച്ച കെടിസി ഗ്രൂപ്പ് പ്രതാപംമങ്ങി തകർച്ചയിലേക്കോ?

എം മനോജ് കുമാർ

കോഴിക്കോട്:  മാതൃഭൂമി പത്രത്തിന്റെ നിയന്ത്രണം കൈമുതലാക്കി കോഴിക്കോടെ വൻ വ്യവസായ ഗ്രൂപ്പ് ആയി ഒരു കാലത്ത് ശോഭിച്ച കെടിസി ഗ്രൂപ്പിന്റെ പ്രതാപം ഒളിമങ്ങുന്നതായി സൂചന. കെടിസി ഗ്രൂപ്പ് തകർച്ചയുടെ വക്കിലോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കോടികൾ വായ്പാ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് മാതൃഭൂമി ദിനപത്രത്തിന്റെ ഉടമകളുടെ ഭൂമി എസ്‌ബിഐയുടെ കൊച്ചി ശാഖ ഏറ്റെടുത്തു. ഈ കഴിഞ്ഞ 24നാണ് പന്നിയങ്കരയിലെ 53 സെന്റ് ബാങ്ക് ഏറ്റെടുത്തത്. കെടിസി കാർസ് എന്ന സ്ഥാപനത്തിന്റെ കൂടി ഡയറക്ടർമാരായ പി വി ചന്ദ്രന്റെയും പി വി ഗംഗാധരന്റെയും ഉടമസ്ഥതയിൽ കോഴിക്കോട് പന്നിയങ്കരയിലുള്ള 53 സെന്റ് സ്ഥലമാണ് സ്റ്റേറ്റ് ബാങ്ക് ഏറ്റെടുത്തത്. പത്രപ്പരസ്യം വഴിയാണ് ബാങ്ക് മാതൃഭൂമി മുതലാളിയുടെ ഭൂമി ഏറ്റെടുക്കുന്നതായി അറിയിപ്പ് നൽകിയിരിക്കുന്നത്.

3 കോടി 86 ലക്ഷം രൂപയാണ് വായ്പാ കുടിശ്ശിക. തുക അടിയന്തിരമായി അടയ്ക്കണമെന്ന് കാട്ടി 2018 മെയ് രണ്ടിന് കെടിസി കാർസ് പ്രൈവറ്റ് ലിമിറ്റഡിനും ജാമ്യക്കാർക്കും എസ്‌ബിഐയുടെ എറണാകുളം എം ജി റോഡിലെ സ്‌ട്രെസ്സ്ഡ് അസറ്റ്‌സ് റിക്കവറി ശാഖ നോട്ടീസ് നൽകിയിരുന്നു. എന്നിട്ടും പണം അടച്ചില്ല. ഇതിനു മുൻപും വായ്പാ കുടിശിക അടച്ചു തീർക്കാൻ മാതൃഭൂമി മുതലാളിമാരോട് സ്റ്റേറ്റ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ആ ഘട്ടത്തിൽ മാതൃഭൂമി ഡയറക്ടർ ആയിരുന്ന പി.വി.നിധീഷ് തന്നെ ശാഖയിൽ നേരിട്ടെത്തി സാവകാശം ആവശ്യപ്പെട്ടതായാണ് സൂചന. കോഴിക്കോടെ സ്ഥലം ഏറ്റെടുക്കുന്നതായി പരസ്യം വന്നാൽ അത് തങ്ങൾക്ക് ക്ഷീണം ചെയ്യുമെന്നായിരുന്നു നിധീഷിന്റെ വാദം. അതോടെയാണ് ഈ കാര്യത്തിൽ ബാങ്ക് വീണ്ടും സമയം നൽകിയത്. അല്ലെങ്കിൽ മാസങ്ങൾക്ക് മുൻപേ തന്നെ ഈ ഏറ്റെടുക്കൽ നോട്ടീസ് ബാങ്ക് പത്രങ്ങളിൽ പരസ്യം നൽകുമായിരുന്നു. വ്യക്തിപരമായി ഉയർത്തിയ ആവശ്യത്തെ തുടർന്ന് ബാങ്ക് സാവകാശം നൽകുകയായിരുന്നു.

അതിനുശേഷം മാസങ്ങൾ വീണ്ടും കഴിഞ്ഞാണ് ഏറ്റെടുക്കൽ നോട്ടീസ് പ്രസിദ്ധപ്പെടുത്തിയത്. മാതൃഭൂമി മാനേജിങ് എഡിറ്റർ പി വി ചന്ദ്രന്റെ മകനും മാതൃഭൂമി ഡയറക്ടറുമായ പി വി നിധീഷാണ് കെടിസി കാർസ് മാനേജിങ് ഡയറക്ടർ. പി വി ചന്ദ്രൻ, പി വി ഗംഗാധരൻ, ഭാവന നിധീഷ്, പി വി കുമാരി, കമലം എന്നിവർ ഡയറക്ടർമാരാണ്. ഇവരുടെ പേരിലുള്ള ഭൂമി ഈടായി നൽകിയാണ് വായ്പയെടുത്തത്. തുടർന്ന് അടവ് മുടങ്ങിയതിനാൽ ഈടുവെച്ച സ്ഥലം ബാങ്ക് ഏറ്റെടുക്കുകയായിരുന്നു. ട്രാൻസ്പോർട്ടിങ്, ചരക്ക് ഗതാഗതം, ബിൽഡിങ്, ഫ്‌ളാറ്റ് നിർമ്മിതി , സിനിമ, വാഹനബിസിനസ്, ആശുപത്രികൾ തുടങ്ങി പടർന്നു പന്തലിച്ച കെടിസിയുടെ വിവിധ ബിസിനസ് സംരംഭങ്ങൾ മുഴുവൻ തകർച്ചയിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഈ വിവരങ്ങൾ ശരിവെച്ചുകൊണ്ട് തന്നെയാണ് പന്നിയങ്കരയിലെ ഭൂമിയും സ്റ്റേറ്റ് ബാങ്കിന്റെ കയ്യിലേക്ക് പോകുന്നത്.

പി.വി.ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോടും കൊച്ചിയിലുമുള്ള പിവി എസ് ആശുപത്രികൾ തകർച്ചയിലാണ്. ജീവനക്കാർക്ക് ശമ്പളം നല്കാതിരുന്നതിനെ തുടർന്ന് കൊച്ചിയിലുള്ള പിവി എസ് ആശുപത്രി അടഞ്ഞുകിടക്കുകയാണ്. ജീവനക്കാരുടെ സമരത്തെ തുടർന്ന് സർക്കാർ ഇടപെടലുകൾ വന്നപ്പോൾ ശമ്പള കുടിശിക നൽകാൻ പിവി എസ് മാനേജ്മെന്റ് സമ്മതിച്ചിരുന്നു. പക്ഷെ വാഗ്ദാനമല്ലാതെ കുടിശിക വിതരണം പൂർണമായി നടന്നില്ല. ഒന്നാം ഗഡു നൽകിയപ്പോൾ രണ്ടാം ഗഡു മിക്കപേർക്കും കിട്ടിയില്ല, മൂന്നാം ഗഡു ഈ മാസം നൽകണം. രണ്ടാം ഗഡു തന്നെ മുടങ്ങിയ അവസ്ഥയിൽ മൂന്നാം ഗഡു നൽകുമെന്ന് ജീവനക്കാർക്ക് പ്രതീക്ഷയില്ല. ഇത് മനസിലാക്കി പിവി എസ് ജീവനക്കാർ പ്രതികരിച്ചതിനെ തുടർന്ന് തൊഴിൽമന്ത്രി ടി.പി.രാമകൃഷ്ണന്റെ തന്നെ പോസ്റ്റ് ഈയിടെ വന്നിരുന്നു. റവന്യൂ റിക്കവറി നടപടികൾ പിവിഎസിനെതിരെ സർക്കാർ ആരംഭിച്ചതായാണ് മന്ത്രി കുറിപ്പിൽ പറഞ്ഞത്. പിവി എസ് ആശുപത്രിയുടെ മുന്നോട്ടള്ള പോക്കിന്റെ കാര്യത്തിൽ ഇപ്പോഴും മാനേജ്മെന്റ് വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുമില്ല. കോഴിക്കോടെ പിവി എസ് ആശുപത്രിയും മരണാസന്ന നിലയിലാണ്.

കാർ നടത്തിപ്പിന്നെതിരെ പരാതികൾ ഉയർന്നതിനെ തുടർന്ന് കെടിസിയുടെ കാർ കച്ചവടം ഏതാണ്ട് പൂർണമായി നിലച്ചിരിക്കുകയാണ്. കെടിസി കാറിന്റെ മിക്ക ജില്ലയിലെയും ഷോ റൂമുകൾ ഇവർ അടച്ചുപൂട്ടിയിരുന്നു. അടച്ചു പൂട്ടിക്കാൻ നിമിത്തമായത് ഒരു ചാർട്ടേഡ് എഞ്ചിനീയറും കെടിസി കാറും തമ്മിലുള്ള പ്രശ്‌നമായിരുന്നു. കെടിസിയുടെ ഡീലർ ഷിപ്പിനെ കുറിച്ചുള്ള എഴുപതോളം പരാതികൾ കൊറിയയിലെ ഹ്യുണ്ടായി കമ്പനി സിഇയ്ക്ക് അയച്ചു കൊടുത്താണ് കെടിസിയുടെ ഹ്യുണ്ടായി കച്ചവടം അരുൺ കുമാർ പൂട്ടിച്ചത്. അരുൺ കുമാർ കെടിസിക്കെതിരെ നടത്തിയ നിയമപോരാട്ടങ്ങളിൽ മിക്കതിനും വിജയം അരുൺകുമാറിനൊപ്പം നിൽക്കുകയും ചെയ്തു. ഇൻഷൂറൻസ് ഇനത്തിൽ അധികമായി ഈടാക്കിയ പതിനായിരം രൂപയിൽ താഴെയുള്ള തുകയുടെ പേരിൽ കെടിസി ഗ്രൂപ്പും അരുൺകുമാറും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ നഷ്ടം കെടിസി ഗ്രൂപ്പിനായിരുന്നു. ഒന്നൊഴിയാതെ കാർ ഷോറൂമുകൾ എല്ലാം കെടിസിക്ക് അടച്ചിടേണ്ടി വന്നു.

കോഴിക്കോടുള്ള കെടിസി ഹ്യുണ്ടായി ഷോ റൂമിൽ നിന്ന് കാർ വാങ്ങിയപ്പോൾ ഇൻഷൂറൻസ് തുകയിൽ കെടിസി നടത്തിയ വെട്ടിപ്പ് അരുൺകുമാർ കണ്ടുപിടിക്കുന്നതോടെയാണ് കെടിസി ഗ്രൂപ്പും അരുൺകുമാറും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത്. ഈ യുദ്ധം ഒടുവിൽ കെടിസിയുടെ വിവിധ ജില്ലകളിലെ ഹ്യുണ്ടായി ഷോറൂമുകൾ അടച്ചു പൂട്ടുന്നതിലും കെടിസി ഗ്രൂപ്പിന് നിയമ പോരാട്ടങ്ങളിൽ മുഖമടച്ചുള്ള പ്രഹരത്തിനും കോഴിക്കോട് കെടിസി ഹ്യുണ്ടായി ഷോറൂം ഇടിച്ചു പൊളിക്കേണ്ടി വരുന്ന അവസ്ഥയ്ക്കുമാണ് വഴി വെച്ചത്. അനധികൃതമായി കെട്ടിപ്പൊക്കിയ കോഴിക്കോടെ കെടിസി കാർ ഷോറൂം പൊളിച്ചുമാറ്റാൻ ഹൈക്കോടതി വിധി വന്നിട്ടുണ്ട്. പക്ഷെ ഇനിയും ഈ കെട്ടിടം പൊളിച്ചുനീക്കപ്പെട്ടിട്ടില്ല.

ഒരു കാലത്ത് അറുനൂറോളം പാർസൽ ലോറികൾ സ്വന്തമായി ഉണ്ടായിരുന്ന വൻ ഗ്രൂപ്പായി കെടിസി മാറിയിരുന്നു. ഒട്ടനവധി ബസുകളും കെടിസിക്ക് സ്വന്തമായിരുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ നാഷണൽ പെർമിറ്റ് ലോറികളും കെടിസിക്കായിരുന്നു. പക്ഷെ കാലാന്തരത്തിൽ ചരക്ക് ഗതാഗതം ഉൾപ്പെടെയുള്ള മേഖലകളിൽ കെടിസി ശുഷ്‌ക്കസാന്നിധ്യമായി മാറി. ഈ ഘട്ടത്തിൽ തന്നെയാണ് കെട്ടിട നിർമ്മാണ രംഗത്തും കെടിസി ഒരു കൈ പയറ്റിയത്. ഒട്ടനവധി ഫ്‌ളാറ്റുകൾ കെടിസി നിർമ്മിച്ചെങ്കിലും ശ്രദ്ധേയ സാന്നിധ്യമായി മാറാൻ ഗ്രൂപ്പിന് കഴിഞ്ഞില്ല. വാഹന വിതരണ രംഗത്ത് പുതു വളർച്ച കൈവരിച്ചെങ്കിലും മാനേജ്മെന്റ് വൈഭവമില്ലാതിരുന്നത് അവിടെയും ശവക്കുഴി തോണ്ടി. ആശുപത്രികൾ വിജയകരമായി തന്നെ വർഷങ്ങൾ നടത്തിയെങ്കിലും കാലാന്തരത്തിൽ ഈ വ്യവസായത്തിലും ഗ്രൂപ്പിന് അടിപതറി.

കൊച്ചിയിലെ വലിയ ആശുപത്രിയായി ശോഭിച്ചിരുന്ന പിവിഎസിൽ കാലത്തിനു അനുസൃതമായ മാറ്റങ്ങൾ നടപ്പിൽ വരുത്താൻ മാനേജ്മെന്റിന്റെ സാധിച്ചില്ല. അതിന്നിടയിൽ സാമ്പത്തിക പ്രശ്‌നങ്ങൾ വരുകയോ മികച്ച ഡോക്ടർമാർ കൂടുമാറുകയും ചെയ്തു. ഇതോടെ ആശുപത്രി നഷ്ടത്തിലേക്ക് മാറി. 300 കോടി രൂപയ്ക്ക് ആശുപത്രി സ്വന്തമാക്കാൻ കോഴിക്കോടെ ആശുപത്രി ഗ്രൂപ്പ് ശ്രമിച്ചെങ്കിലും ഇരട്ടി തുകയ്ക്ക് പിവി എസ് ശ്രമിച്ചതിനാൽ തുടർ നീക്കങ്ങളും പാളി. ഇപ്പോൾ ഗ്രൂപ്പിന്റെ തകർച്ചയെ പ്രതിഫലിപ്പിച്ച് മൂന്നു കോടി ബാധ്യത വന്നപ്പോൾ ഈടു നൽകിയ ഭൂമി സ്റ്റേറ്റ് ബാങ്ക് തന്നെ ഇപ്പോൾ പിടിച്ചെടുത്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP