Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണം കൊടുത്ത് രോഗികളുടെയും ഡോക്ടർമാരുടെയും വേഷം കെട്ടിക്കുന്ന എസ്ആർ മെഡിക്കൽ കോളേജിന്റെ കുത്തഴിഞ്ഞ ഭരണത്തിന് ഒത്താശ ചെയ്ത് ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി; കോളേജ് പൂട്ടാതിരിക്കാനുള്ള സഹായങ്ങൾ ചെയ്യുന്നത് സി.ഡി.ദിലീപും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ ഭാര്യയും ചേർന്ന്; എല്ലാം മകൾക്ക് മാനേജ്‌മെന്റ് ക്വാട്ടയിലെ സൗജന്യ പ്രവേശനത്തിനുള്ള പ്രത്യുപകാരമോ? ദിലീപിനും ഭാര്യയ്ക്കും എതിരെ വിജിലൻസിൽ പരാതി; താൻ നടപ്പാക്കുന്നത് അണ്ടർ സെക്രട്ടറിയുടേതല്ല സർക്കാർ തീരുമാനമെന്ന് ദിലീപും

പണം കൊടുത്ത് രോഗികളുടെയും ഡോക്ടർമാരുടെയും വേഷം കെട്ടിക്കുന്ന എസ്ആർ മെഡിക്കൽ കോളേജിന്റെ കുത്തഴിഞ്ഞ ഭരണത്തിന് ഒത്താശ ചെയ്ത് ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി; കോളേജ് പൂട്ടാതിരിക്കാനുള്ള സഹായങ്ങൾ ചെയ്യുന്നത് സി.ഡി.ദിലീപും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ ഭാര്യയും ചേർന്ന്; എല്ലാം മകൾക്ക് മാനേജ്‌മെന്റ് ക്വാട്ടയിലെ സൗജന്യ പ്രവേശനത്തിനുള്ള പ്രത്യുപകാരമോ? ദിലീപിനും ഭാര്യയ്ക്കും എതിരെ വിജിലൻസിൽ പരാതി; താൻ നടപ്പാക്കുന്നത് അണ്ടർ സെക്രട്ടറിയുടേതല്ല സർക്കാർ തീരുമാനമെന്ന് ദിലീപും

എം മനോജ് കുമാർ

തിരുവനന്തപുരം: മെഡിക്കൽ കൗൺസിൽ പരിശോധനകളിൽ തുടർച്ചയായി പരാജയപ്പെട്ട് അംഗീകാരനഷ്ടത്തിന്റെ വക്കത്ത് നിൽക്കുന്ന വർക്കല എസ്ആർ മെഡിക്കൽ കോളേജിനെ ചുറ്റിപ്പറ്റി വീണ്ടും വിവാദം. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാരിനെ പ്രതിനിധീകരിക്കുന്ന അണ്ടർ സെക്രട്ടറി സി.ഡി.ദിലീപിനും സെക്രട്ടേറിയേറ്റ് ജീവനക്കാരിയായ ഭാര്യയ്ക്കുമെതിരെ വിജിലൻസിൽ പരാതി നൽകിയതോടെയാണ് വിവാദത്തിൽ സർക്കാരും കൂടി വലിച്ചിഴയ്ക്കപ്പെട്ടത്. അനധികൃത സ്വത്ത് സമ്പാദനത്തിനും എസ്ആർ സ്വാശ്രയ മെഡിക്കൽ കോളേജിനുവേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നടത്തുന്ന അനധികൃത ഇടപെടലുകൾക്കുമെതിരെയാണ് ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി സി.ഡി.ദിലീപിനും സെക്രട്ടേറിയേറ്റ് ജീവനക്കാരിയായ ഭാര്യ ബിന്ദിക്കുമെതിരേ വിജിലൻസിൽ പരാതി വന്നത്.

അംഗീകാര നഷ്ടത്തിന്റെ വക്കിൽ എത്തിനിൽക്കുന്ന എസ്ആർ മെഡിക്കൽ കോളജിന് അംഗീകാരം എത്തിക്കാൻ സർക്കാർ ഭാഗമായി നിൽക്കുന്ന അണ്ടർ സെക്രട്ടറി ശ്രമിക്കുന്നു എന്ന ബോധ്യത്തിൽ നിന്നാണ് എസ്ആർ മെഡിക്കൽ കോളെജ് വിദ്യാർത്ഥിയുടെ പിതാവ് കൂടിയായ ശ്രീകുമാർ കെ.ഡി. ആരോഗ്യ സെക്രട്ടറിക്കും ഭാര്യയ്ക്കുമെതിരെ വിജിലൻസിൽ പരാതി നൽകിയത്. കുത്തഴിഞ്ഞ രീതികൾ കൊണ്ട് കുട്ടിച്ചോറാക്കിയ എസ്ആർ മെഡിക്കൽ കോളേജിൽ ദിലീപും ഭാര്യയും നടത്തുന്ന ഇടപെടലുകൾക്കെതിരെയാണ് ശ്രീകുമാർ കെ.ഡി. ആരോഗ്യ സെക്രട്ടറിക്കും ഭാര്യയ്ക്കുമെതിരെ വിജിലൻസിൽ പരാതി നൽകിയത്.

ദിലീപിന്റെ മകൾ എസ്ആർ മെഡിക്കൽ കോളേജിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൂടിയാണ് എന്നത് വിവാദത്തിനു മറ്റൊരു അർത്ഥ തലം നൽകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ തനിക്കെതിരെ നൽകപ്പെട്ട പരാതിക്കെതിരെ ശക്തമായ പ്രതികരണവുമായി ദിലീപ് കൂടി രംഗത്തുണ്ട്. ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നാണ് ദിലീപ് മറുനാടനോട് പ്രതികരിച്ചത്. അണ്ടർ സെക്രട്ടറിക്ക് സ്വന്തമായ തീരുമാനങ്ങൾക്ക് കഴിയില്ല. സർക്കാർ തീരുമാനമാണ് നടപ്പിലാക്കപ്പെടുന്നത് എന്ന് പറഞ്ഞു ആരോപണങ്ങളെ അപ്പാടെ തന്നെ ദിലീപ് നിഷേധിക്കുകയാണ്. തന്റെ മകൾ എസ്ആർ മെഡിക്കൽ കോളെജിൽ പഠിക്കുന്നു എന്നത് മാത്രമാണ് വാസ്തവമായി ഉള്ളത്-ദിലീപ് പറയുന്നു.

ദിലീപിന്റെ മകൾ എസ്ആർ മെഡിക്കൽ കോളേജിൽ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയിരിക്കുന്നത് ഒരു രൂപ പോലും നൽകാതെയാണെന്നും ഇതിനുള്ള പ്രത്യുപകാരമാണ് സർക്കാർ ഭാഗത്ത് നിന്നും ദിലീപ് നല്കുന്നതെന്നു തുടങ്ങിയുള്ള ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ നിറയെയുള്ളത്. എസ്ആർ മെഡിക്കൽ കോളെജിൽ പഠിക്കുന്ന മക്കൾക്കുള്ള ആദ്യ വർഷ ഫീസായി 11 ലക്ഷം രൂപ ദിലീപ് നല്കിയില്ലെന്നുള്ള കോളെജ് രേഖയും പരാതിക്ക് ഒപ്പം പുറത്തുവിട്ടിട്ടുണ്ട്. സർക്കാരിന് വേണ്ടി സ്വാശ്രയ മെഡിക്കൽ കോളേജ് പ്രശ്‌നങ്ങളിൽ സജീവമായ ഇടപെടുന്ന അണ്ടർ
സെക്രട്ടറിക്കെതിരെ വന്ന ഗുരുതരമായ ആരോപണങ്ങൾ ആരോഗ്യവകുപ്പിന് തന്നെ തലവേദനയായി മാറിയേക്കും. സ്വാശ്രയ മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് കേന്ദ്രത്തിൽ വരെ ആരോഗ്യവകുപ്പിനെ പ്രതിനിധാനം ചെയ്യുന്നത് ദിലീപ് ആയിരിക്കെയാണ് ഈ അണ്ടർസെക്രട്ടറിക്കെതിരെ അതിനിശിതമായ ആരോപണങ്ങൾ പരാതിയുടെ രൂപത്തിൽ വിജിലൻസിൽ എത്തിയിരിക്കുന്നത്.

ആരോഗ്യവകുപ്പ് അണ്ടർസെക്രട്ടറിയായ ദിലീപ് തന്റെ ഔദ്യോഗിക പദവി സ്വന്തം സ്വാർത്ഥ താത്പര്യത്തിനുവേണ്ടി ദുരുപയോഗിക്കുന്നു എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യം. ദിലീപിന്റെ മകൾ പഠിക്കുന്ന എസ്ആർ മെഡിക്കൽ കോളേജിനെ വഴിവിട്ടു സഹായിക്കുകയാണ് ദിലീപ് ചെയ്തുകൊണ്ടിരിക്കുന്നത്. 2016-17 കാലത്ത് മാത്രമാണ് ഈ കോളേജിന് മെഡിക്കൽ കൗൺസിൽ അനുമതി ലഭിച്ചിരിക്കുന്നത്. അതിനുശേഷമുള്ള എല്ലാ മെഡിക്കൽ കൗൺസിൽ പരിശോധനയിലും ഈ കോളേജ് പരാജയമാണ്. പക്ഷെ 2016-17 കാലത്ത് പ്രവേശനം ലഭിച്ച എംബിബിഎസ് വിദ്യാർത്ഥികൾ മാത്രമാണ് കോളേജിൽ തുടരുന്നത്. ഈ ബാച്ചിൽ മൂന്നാം വർഷ വിദ്യാർത്ഥിനിയായി ദിലീപിന്റെ മകൾ കൂടിയുണ്ട്-പരാതിയിൽ ആരോപിക്കുന്നു. ഈ കാരണം കൊണ്ട് തന്നെ കോളേജിനെ നിലനിർത്താനും അംഗീകാരം സംഘടിപ്പിച്ച് കൊടുക്കാനും മെഡിക്കൽ കൗൺസിൽ പരിശോധനയിൽ കടന്നുകൂടാനും സമയം നീട്ടിക്കിട്ടാനുള്ള നിരന്തര സഹായങ്ങളാണ് എസ്ആർമെഡിക്കൽ കോളേജിന് സ്വന്തം പദവിയുടെ ബലത്തിൽ ദിലീപ് ചെയ്ത് നൽകുന്നത്.

അംഗീകാരം നഷ്ടമായി മുന്നോട്ടു പോകുന്ന എസ്ആർമെഡിക്കൽ കോളേജ് വിദ്യാർത്ഥികളെ മറ്റു കോളേജുകളിലേക്ക് മാറ്റാനുള്ള നീക്കങ്ങൾക്കും എസ്ആർ മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്ന് ദിലീപ് തടസം നിൽക്കുകയാണ്. പകരം ഏതുവിധേനയും എസ്ആർമെഡിക്കൽ കോളെജിനു അംഗീകാരം നൽകാനാണ് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എന്ന നിലയിൽ ദിലീപിന്റെ ശ്രമം. സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥ എന്ന നിലയിൽ അതിശക്തമായ ഇടപെടലാണ് ദിലീപിന്റെ ഭാര്യ ബിന്ദിയും എസ്ആർമെഡിക്കൽ കോളേജിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്.

മെഡിക്കൽ കോളെജ് ഡോക്ടർമാരുടെ പൊതു സ്ഥലം മാറ്റത്തിലും, മറ്റു കാര്യങ്ങളിലും ഒപ്പം ബിന്ദി ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്. എസ്ആർ മെഡിക്കൽ കോളെജ് ഡയറക്ടർപോലെയാണ് സെക്രട്ടറിയേറ്റിൽ ഇരുന്ന് കോളേജിനായി ബിന്ദി കാര്യങ്ങൾ നടത്തുന്നത്. 4000 സ്‌ക്വയർ ഫീറ്റിൽ ഇരുനിലയിലായി അതിമനോഹരമായ ഒരു വീടും ദമ്പതികൾ പാൽക്കുളങ്ങരയിൽ പണിതീർത്തിട്ടുണ്ട്. വിലപിടിപ്പുള്ള ആഡംബര കാറിലാണ് ഇവരുടെ സഞ്ചാരം. ദിലീപും ഭാര്യയും നടത്തുന്ന അഴിമതിക്കുള്ള ഉദാഹരണമായി വീടും കാറുമെല്ലാം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

മാനേജ്മെന്റ് ക്വാട്ടയിൽ ഒരു രൂപ പോലും നൽകാതെയുള്ള പ്രവേശനവും തുടർ പഠനവുമാണ് ഇതിന്റെ പേരിൽ ദിലീപിനായി മാനേജ്മെന്റ് ഒരുക്കി നൽകുന്നതെന്നും പരാതിയിൽ ആരോപിക്കപ്പെടുന്നു. ഒരു സ്വാശ്രയമെഡിക്കൽ വിദ്യാർത്ഥിക്ക് ഒരു വർഷത്തേക്ക് 11 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി വേണം. അഞ്ചു വർഷ പഠന കാലാവധിക്കുള്ളിൽ ഒരു വിദ്യാർത്ഥിക്ക് ആകെ 66 ലക്ഷം രൂപ പഠനത്തിനായി വേണം. ഇതിൽ 11 ലക്ഷം രൂപ തിരികെ നൽകുന്ന തുകയാണ്. പക്ഷെ 55 ലക്ഷം രൂപ കോളെജിൽ അടയ്ക്കേണ്ടതുണ്ട്. ഈ തുക പക്ഷെ ദിലീപ് അടച്ചിട്ടില്ല. ഇങ്ങിനെ പണം അടയ്ക്കാതെ സ്വന്തം മകൾ കോളെജിൽ പഠനം തുടരുന്നത് കൈക്കൂലി തന്നെയായി കാണേണ്ട കാര്യമാണ്. ഇങ്ങിനെ കോളെജിൽ അടയ്ക്കാൻ വേണ്ട 66 ലക്ഷം രൂപയ്ക്ക് വേണ്ടി വിദ്യാഭ്യാസ ലോണിന് ഒരു ബാങ്കിലും ദിലീപ് അപേക്ഷ നൽകിയിട്ടില്ല. വിദ്യാഭ്യാസ വായ്പ ലഭ്യമാക്കിയിട്ടുമില്ല.

എസ്ആർ മെഡിക്കൽ കോളെജ് ചെയർമാൻ എസ്ആർ ഷാജിയും ദിലീപും എസ്ആർ മെഡിക്കൽ കോളേജ് കാര്യത്തിൽ ഒത്തുകളിക്കുകയാണ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ക്രിമിനൽ കുറ്റമാണ് എസ്ആർമെഡിക്കൽ കോളേജിന്റെ കാര്യത്തിൽ ദിലീപ് ചെയ്യുന്നത്. എസ്ആർമെഡിക്കൽ കോളെജിനു വഴിവിട്ട സഹായം നൽകുന്ന ആരോഗ്യവകുപ്പ് അണ്ടർസെക്രട്ടറിയുടെ നടപടികൾ അന്വേഷിക്കുമ്പോൾ കേരളത്തിലെ മറ്റു സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കും ദിലീപ് നൽകുന്ന വഴിവിട്ട സഹായങ്ങളും അന്വേഷിക്കേണ്ടതുണ്ട്-പരാതിയിൽ പറയുന്നു.

വിജിലൻസിൽ വന്ന പരാതി അർത്ഥശൂന്യമെന്ന് ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി

സർക്കാർ കാര്യങ്ങൾ എങ്ങിനെ പോകുന്നുവെന്ന അറിവില്ലായ്മ ഈ പരാതിക്ക് പിന്നിലുണ്ട്. ആരോഗ്യ സെക്രട്ടറി ദിലീപ് മറുനാടനോട് പറഞ്ഞു. സ്വാശ്രയ കോളേജുകളിൽ അണ്ടർ സെക്രട്ടറി ഹാജരാകുന്നത് സർക്കാരിന് വേണ്ടിയാണ്. സർക്കാർ തീരുമാനമാണ് നടപ്പാക്കപ്പെടുന്നത്. അണ്ടർ സെക്രട്ടറി തീരുമാനം എടുത്ത് നടപ്പിലാക്കുകയല്ലല്ലോ? ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു തീരുമാനവും എന്റെ ഭാഗത്ത് നിന്നും വന്നിട്ടില്ല. എസ്ആർ മെഡിക്കൽ കോളെജിനു തൊട്ടു മുൻപ് തീരുമാനം വന്നതാണ് പാലക്കാട് കേരളാ മെഡിക്കൽ കോളേജ് പ്രശനം. ഇതേ പ്രശ്‌നം കേരളാ മെഡിക്കൽ കോളേജിനു മുൻപിലും വന്നിരുന്നു. മെഡിക്കൽ കൗൺസിൽ പരിശോധനയ്ക്ക് അവർക്ക് ആവശ്യമായ സമയം നൽകി. പരിശോധനയിൽ പരാജയപ്പെട്ടപ്പോൾ കേരളാ മെഡിക്കൽ കോളെജ് കുട്ടികളെ മാറ്റി. ഇതേ നടപടിക്രമം തന്നെയാണ് എസ്ആർ മെഡിക്കൽ കോളെജിന്റെ കാര്യത്തിലും അനുവർത്തിച്ചത്.

എസ് ആർ മെഡിക്കൽ കോളെജിനു മെഡിക്കൽ കൗൺസിൽ പരിശോധനയ്ക്ക് തയ്യാറെടുക്കാൻ ഒരു മാസ സമയം സർക്കാർ നൽകി. ഈ സമയത്തിനുള്ളിൽ മെഡിക്കൽ കൗൺസിൽ പരിശോധന വരും. പരിശോധനയിൽ പരാജയപ്പെട്ടാൽ കുട്ടികളെ മറ്റു മെഡിക്കൽ കോളേജുകളിലേക്ക് മാറ്റി പ്രവേശനം നൽകും. എസ്ആർ മെഡിക്കൽ കോളേജ് പ്രശ്‌നത്തിനും ഞാൻ തന്നെയാണ് സർക്കാരിന് വേണ്ടി ഹാജരായത്. ഈ സമയത്ത് അവർക്ക് എസ്ആർ മെഡിക്കൽ കോളേജിന് സമയം അനുവദിക്കാൻ കഴിയില്ല എന്ന് പറയാൻ കഴിയില്ല. അങ്ങിനെ തീരുമാനം വന്നാൽ സർക്കാരിനെതിരെ അവർക്ക് കോടതിയിൽ പോകാം. പക്ഷെ സമയം നീട്ടി നൽകാതിരിക്കാൻ കഴിയില്ല. അത് പ്രകാരമുള്ള തീരുമാനമാണ് സർക്കാർ കൈക്കൊണ്ടത്.

മെഡിക്കൽ കൗൺസിൽ പരിശോധനയിൽ പരാജയപ്പെട്ടാൽ എസ്ആർ മെഡിക്കൽ കോളെജിനും ഇക്കുറി അംഗീകാരം നഷ്ടമാകും. കുട്ടികളെ മറ്റു മെഡിക്കൽ കോളേജുകളിലേക്ക് മാറ്റും. എൻട്രൻസ് പരീക്ഷയിൽ റാങ്ക് ഉള്ളതുകൊണ്ടാണ് എന്റെ മകൾക്ക് എസ്ആർ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചത്. 2016-17 കാലഘട്ടത്തിൽ നടന്ന പ്രവേശമാണ്. നീറ്റിന്റെ റാങ്ക് അനുസരിച്ചാണ് പ്രവേശനം ലഭിച്ചത്. കാശ് അടച്ച് തന്നെയാണ് കുട്ടിയെ പഠിപ്പിക്കുന്നത്. അതിന്റെ എല്ലാ രേഖകളും എന്റെ കൈവശമുണ്ട്. എനിക്കെതിരെ വന്ന എല്ലാ ആരോപണങ്ങളും വിജിലൻസ് അന്വേഷിക്കട്ടെ-ദിലീപ് പറയുന്നു.

മതിയായ അടിസ്ഥാന സൗകര്യമില്ലാത്ത വർക്കല എസ്ആർ കോളേജിലെ 100 എംബിബിഎസ് വിദ്യാർത്ഥികളെ മറ്റേതെങ്കിലും കോളേജുകളിലേക്ക് മാറ്റണമെന്നകാര്യത്തിൽ തീരുമാനം എടുക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. അതിന്റെ ഭാഗമായുള്ള അവസാന മെഡിക്കൽ കൗൺസിൽ പരിശോധനയാണ് ഇപ്പോൾ എസ്ആർ മെഡിക്കൽ കോളെജ് കാത്തിരിക്കുന്നത്. ഈ മാസം അവസാനത്തിനു മുൻപ് മെഡിക്കൽ കൗൺസിൽ പരിശോധന കോളേജിൽ നടക്കേണ്ടതുണ്ട്. ഈ പരിശോധനയിൽ കടന്നുകൂടാൻ ഒരടിസ്ഥാന സൗകര്യവും രോഗികളും ഡോക്ടർമാരുമില്ലാത്ത കോളേജ് അവസാന ശ്രമം നടത്തുകയാണ്. ഈ ശ്രമത്തിന്റെ ഭാഗമായി വ്യാജ രോഗികളെയും ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും കോളേജിൽ ബസുകളിൽ എത്തിക്കുന്ന വീഡിയോകൾ മെഡിക്കൽ വിദ്യാർത്ഥികൾ ഈയിടെ പുറത്തുവിട്ടിരുന്നു.

അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ 2016-17ന് ശേഷമുള്ള വർഷങ്ങളിൽ കോളേജിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നിട്ടും കോളേജിൽ ഇന്റേണൽ എക്സാമിനേഷൻസ് നടത്തുന്നു, ക്ലാസുകൾ നടത്തുന്നു എന്നീ പരാതികൾ വിദ്യാർത്ഥികൾ ഹർജിയുടെ രൂപത്തിൽ ഹൈക്കോടതിയിൽ നൽകിയിരുന്നു. ഈ ഹർജിയെ തുടർന്നാണ് നിലവിലെ എംബിബിഎസ് വിദ്യാർത്ഥികളെ മറ്റു കോളേജുകളിലേക്ക് മാറ്റി പ്രവേശനം നൽകുന്ന കാര്യത്തിൽ തീരുമാനം വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. എസ്ആർമെഡിക്കൽ കോളെജ് പോലെ അനിശ്ചിതത്വത്തിന്റെ നിഴലിലുള്ള പാലക്കാടുള്ള കേരളാ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ ഈയിടെ മറ്റു കോളേജുകളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾക്ക് തുടക്കമായിരുന്നു. ഇതേ രീതിയിൽ എസ്ആർ മെഡിക്കൽ കോളെജിലെ വിദ്യാർത്ഥികളെയും മറ്റു കോളെജുകളിലേക്ക് മാറ്റണമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.

പക്ഷെ ഏതു വിധേനയും അംഗീകാരമില്ലായ്മ എന്ന കുരുക്കിൽ നിന്നും ഊരി എസ്ആർ മെഡിക്കൽ കോളെജിനു അംഗീകാരം ലഭ്യമാക്കാനാണ് എസ്ആർ മെഡിക്കൽ കോളേജ് അധികൃതരുടെ ശ്രമം. ഇതിനാണ് ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി സ്ഥാനത്തിരുന്നു ദിലീപ് അടക്കമുള്ളവർ കുടപിടിക്കുന്നുവെന്നാണ് ആരോപണം വരുന്നത്. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ദിലീപ് അടക്കമുള്ളവർക്കെതിരെ വിജിലൻസിൽ പരാതിയും വന്നിരിക്കുന്നത്. കേരളത്തിലെ ബിജെപിയെ പിടിച്ചുകുലുക്കിയ മെഡിക്കൽ കോളെജ് കോഴ വിവാദത്തിൽ ഇടംപിടിച്ച് കുപ്രസിദ്ധി നേടിയ കോളെജ് കൂടിയാണ് എസ്ആർ മെഡിക്കൽ കോളെജ്. മെഡിക്കൽ കൗൺസിൽ അംഗീകാരത്തിനായി ബിജെപി നേതാക്കൾക്ക് അഞ്ചു കോടി രൂപ കോഴപ്പണം നൽകിയതോടെയാണ് എസ്ആർ മെഡിക്കൽ കോളെജുമായി ബന്ധപ്പെട്ട് കോഴവിവാദം പതഞ്ഞുയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP