Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താക്കോൽ ദ്വാര ശസ്ത്രക്രിയ വിദഗ്ധനെ വ്യാജ ചെക്ക് കേസിൽ സമ്മർദ്ദത്തിലാക്കി; ഡോക്ടർ ബൈജു സേനാധിപനെ വെട്ടിയൊതുക്കി അഷ്ടമുടി ആശുപത്രി സ്വന്തമാക്കിയത് സിപിഐ എംഎൽഎ; പാർട്ടി അറിയാതെ സഹകരണ സംഘത്തിന്റെ മറവിൽ ചാത്തന്നൂരിലെ നിയമസഭാംഗം നടത്തുന്നത് ആറു കോടിയുടെ കച്ചവടം; 2 കോടിക്ക് ഓഹരി ഉടമകൾ വിൽക്കാൻ തീരുമാനിച്ച ആശുപത്രി രണ്ടിരട്ടി കൊടുത്ത് വാങ്ങാനുള്ള നേതാവിന്റെ തീരുമാനം അറിഞ്ഞ് ഞെട്ടി കാനം രാജേന്ദ്രൻ; മേവറത്തെ ഹോസ്പിറ്റലിൽ ജയലാൽ കുടുങ്ങുമ്പോൾ

താക്കോൽ ദ്വാര ശസ്ത്രക്രിയ വിദഗ്ധനെ വ്യാജ ചെക്ക് കേസിൽ സമ്മർദ്ദത്തിലാക്കി; ഡോക്ടർ ബൈജു സേനാധിപനെ വെട്ടിയൊതുക്കി അഷ്ടമുടി ആശുപത്രി സ്വന്തമാക്കിയത് സിപിഐ എംഎൽഎ; പാർട്ടി അറിയാതെ സഹകരണ സംഘത്തിന്റെ മറവിൽ ചാത്തന്നൂരിലെ നിയമസഭാംഗം നടത്തുന്നത് ആറു കോടിയുടെ കച്ചവടം; 2 കോടിക്ക് ഓഹരി ഉടമകൾ വിൽക്കാൻ തീരുമാനിച്ച ആശുപത്രി രണ്ടിരട്ടി കൊടുത്ത് വാങ്ങാനുള്ള നേതാവിന്റെ തീരുമാനം അറിഞ്ഞ് ഞെട്ടി കാനം രാജേന്ദ്രൻ; മേവറത്തെ ഹോസ്പിറ്റലിൽ ജയലാൽ കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കഷ്ടപ്പാടുകൾക്ക് നടുവിൽ കൊല്ലം ചവറ തെക്കുംഭാഗത്ത് ജനിച്ച് കഠിനാദ്ധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പടുത്ത് ലോകത്തിന് മുന്നിൽ മലയാളികളുടെ അഭിമാനമായ ഡോ.ബൈജു സേനാധിപനെ ചെക്ക് കേസിൽ കുടുക്കിയതന് പിന്നിൽ സിപിഐയുടെ എംഎൽഎയോ? കൊല്ലം മേവറം ഭാഗത്തെ അഷ്ടമുടി ഹോസ്പിറ്റലിന്റെ ഓഹരി ഉടമകളിൽ ഒരാളായിരുന്നു ബൈജു സേനാധിപൻ. ഈ ആശുപത്രി ഏറ്റെടുക്കാൻ നടത്തി നീക്കങ്ങളെ തുരങ്കം വയ്ക്കാനായിരുന്നു ഡോക്ടറെ കേസിൽ കുടുക്കിയത്. ഇപ്പോഴിതാ ഈ ആശുപത്രി സിപിഐയുടെ എംഎൽഎയായ ജി എസ് ജയലാൽ സ്വന്തമാക്കിയിരിക്കുന്നു. പാർട്ടിയെ അറിയിക്കാതെ സഹകരണസംഘം രൂപീകരിച്ചു കോടികൾ നൽകി സ്വകാര്യ ആശുപത്രി ജി.എസ്.ജയലാൽ വിലയ്ക്ക വാങ്ങിയത്.

ഇതേ കുറിച്ച് സിപിഐയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാർട്ടി സംസ്ഥാന നേതൃത്വം ഇതേക്കുറിച്ചു ജില്ലാ നേതൃത്വത്തോടു റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതോടെയാണ് ബൈജു സേനാധിപന്റെ അറസ്റ്റും മറ്റും വിവാദത്തിലാകുന്നത്. ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിൽ, പാർട്ടിയിൽനിന്നുള്ള ആദ്യ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പേരിലുള്ള സഹകരണ ആശുപത്രി മാസങ്ങളായി പൂട്ടിക്കിടക്കുമ്പോഴാണ് 5.25 കോടി രൂപയ്ക്കു സ്വകാര്യ ആശുപത്രി സ്വന്തമാക്കാനുള്ള ശ്രമം. ഒരു കോടിയിലേറെ രൂപ നൽകി കരാറെഴുതിയതോടെ ആശുപത്രിയുടെ ഭരണം സഹകരണ സംഘം ഏറ്റെടുക്കുകയും ചെയ്തു. ആശുപത്രിയുടെ സൈറ്റിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ജയലാൽ പ്രസിഡന്റായി സാന്ത്വനം ഹോസ്പിറ്റൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ രൂപീകരിച്ച സഹകരണ സംഘമാണു കൊല്ലം ബൈപാസ് റോഡരികിൽ മേവറത്തുള്ള സ്വകാര്യ ആശുപത്രി വാങ്ങുന്നത്.

പാർട്ടി സംസ്ഥാന കൗൺസിൽ അംഗം കൂടിയായ ജയലാൽ പ്രസിഡന്റായി സംഘം രൂപീകരിക്കുന്നതിനും ആശുപത്രി വിലയ്ക്കു വാങ്ങുന്നതിനും പാർട്ടിയുടെ അനുവാദം വാങ്ങിയിരുന്നില്ല. അതീവ രഹസ്യമായായിരുന്നു നീക്കം. സംഘത്തിന് ഓഹരി സമാഹരിക്കാൻ അനുവാദം തേടി സംസ്ഥാന നേതൃത്വത്തിനു ജയലാൽ കത്ത് നൽകിയപ്പോഴാണു പാർട്ടി വിവരം അറിയുന്നത്. ജില്ലാ നേതൃത്വം ജയലാലിനോടു വിശദീകരണം തേടിയിട്ടുണ്ട്. സംസ്ഥാന കൗൺസിലിലും ജില്ലാ എക്‌സിക്യൂട്ടീവിലും വിഷയം ചർച്ച ചെയ്യാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. കൊല്ലം നഗരത്തിനടുത്തു പൂട്ടിക്കിടക്കുന്ന അച്യുതമേനോൻ സ്മാരക സഹകരണ ആശുപത്രി പുനരുജ്ജീവിപ്പിച്ചു കൂടുതൽ ഓഹരി സമാഹരിക്കാൻ പാർട്ടി തീരുമാനിച്ചതിനിടെയാണ്, ജയലാലിന്റെ നേതൃത്വത്തിൽ സഹകരണ ആശുപത്രിക്കായി ഓഹരി സമാഹരണം തുടങ്ങിയത്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനാണ് കടുത്ത നടപടികൾക്ക് തീരുമാനിച്ചിരിക്കുന്നത്.

ഡോ ജേക്കബ് ജോണായിരുന്നു അഷ്ടമുടി ആശുപത്രിയുടെ മുൻ ചെയർമാൻ. ഹോസ്പിറ്റൽ കുറെ കാലമായി നഷ്ടത്തിലാണ്. നഷ്ടം നികത്താനാവാതെ ഹോസ്പിറ്റൽ വിൽക്കുവാൻ ഓഹരി ഉടമകളുടെ സമ്മതമില്ലാതെ മറ്റൊരു കമ്പനിയുമായി ആശുപത്രി ബോർഡ് ചെയർമാൻ ഡോ.ജേക്കബ് ജോൺ ധാരണ ഉണ്ടാക്കിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെ ഓഹരി ഉടമകളുടെ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്തു. ഓഹരി ഉടമ നിലയിൽ കമ്പനി തത്ത്വങ്ങൾ അനുസരിച്ച് കമ്പനിയുടെ 51 % ഓഹരി വാങ്ങാമെന്ന് ഡോ.ബൈജു സമ്മതം അറിയിച്ചു. ജനറൽ ബോഡി അത് അംഗീകരിക്കുകയും 51 % ഓഹരി 2 കോടി രൂപക്ക് വിൽക്കുവാൻ നിശ്ചയുകയും ചെയ്തു. എന്നാൽ ചില കള്ളക്കളികളിലൂടെ ബൈജു സേനാധിപനം അഴിക്കുള്ളിലാക്കാൻ ശ്രമം നടന്നു. അറസ്റ്റു ചെയ്തങ്കിലും കോടതി ജാമ്യം നൽകിയതു കൊണ്ട് മാത്രം ജയിലിലേക്ക് ഡോക്ടർക്ക് പോകേണ്ടി വന്നില്ല. ഉന്നതതല ഇടപെടലുകൾ ഈ കേസിൽ നടന്നിരുന്നു.

അഷ്ടമുടി ഹോസ്പിറ്റൽ വാങ്ങാൻ ആഗ്രഹിച്ചവരാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് ആശുപത്രി വാങ്ങിയത് എംഎൽഎയാണെന്ന വിവരം പുറത്തായത്. ഇതോടെ ഡോക്ടറുടെ അറസ്റ്റിന് പിന്നിൽ പൊലീസിനെ പ്രേരിപ്പിച്ചതും കള്ളക്കളികൾ നടത്തിയതും ജയലാൽ എംഎൽഎയാണെന്ന ആരോപണം ശക്തമാകുന്നത്. സ്‌നേഹാർദ്രം ജീവകാരുണ്യ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് അഷ്ടമുടി ആശുപത്രി വാങ്ങാൻ മുതിർന്നതെന്ന് ഡോ.ബൈജു സേനാധിപൻ പറഞ്ഞിരുന്നു. അതിനായി തന്റെ വസ്തുവകകൾ പണയം വച്ച് രണ്ട് കോടി രൂപ സ്വരൂപിക്കുകയും ചെയ്തു. പറഞ്ഞ വാക്കിന് സെക്യൂരിറ്റിയായി 50 ലക്ഷം രൂപയുടെ ഒരു ചെക്ക് ജനറൽ ബോഡിക്ക് വേണ്ടി കമ്പനി ചെയർമാൻ ആയ ഡോ.ജേക്കബ് ജോൺ ഏറ്റ് വാങ്ങിയെന്കിലും ആശുപത്രിരേഖകൾ നൽകുവാൻ കൂട്ടാക്കിയില്ല.

രേഖകൾ ഹാജരാക്കാത്തിനെത്തുടർന്നു കരാറിൽ നിന്ന് പിന്മാറേണ്ടി വന്നു എന്ന് ഡോ.ബൈജു പറയുന്നു. എന്നാൽ സെക്യൂരിറ്റിയായി നൽകിയ ചെക്ക് തിരിച്ചു നൽകുവാൻ കൂട്ടാക്കാതെ അത് ഉപയോഗിച്ച് ബാങ്കിൽ ക്യാഷ് പിൻവലിക്കുവാൻ ഡോ. ജേക്കബ് ജോൺ ശ്രമിച്ചു. സാധിക്കാതെ വന്നപ്പോൾ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം ഡോക്ടർ ബൈജുവിനെതിരെ ക്രിമിനൽ കേസെടുത്തു. അങ്ങനെയാണ് ഡോക്ടർ അറസ്റ്റിലായത് . ഈ ഇടപാടിൽ സെക്യൂരിറ്റിച്ചെക്ക് ഹാജരാക്കി പണം തട്ടാൻ ശ്രമിച്ചതിനെതിരെ ഡോ.ബൈജു കൊല്ലം സി.ജെ.എം കോടതിയിൽ വഞ്ചനാകേസ് ഫയൽ ചെയുകയും ചെയ്തിരുന്നു. ഇതിനിടെ വ്യാജകേസുമായി ആശുപത്രി ഡയറക്ടർ മുന്നോട്ടു പോകുകയാണുണ്ടായത്. ഇതിന് രാഷ്ട്രീയമായ പിന്തുണയും ലഭിച്ചു. ഈ ആശുപത്രി ജയലാലിന്റേതാകുമ്പോൾ ബൈജു സേനാധിപൻ ആശുപത്രി വാങ്ങാതിരിക്കാനുള്ള കുതന്ത്രങ്ങളിൽ സിപിഐ നേതാവും പങ്കാളിയായെന്നാണ് വ്യക്തമാകുന്നത്.

ബൈജു സേനാധിപനെ അറസ്റ്റ് ചെയ്ത് അകത്താക്കാൻ ബോധപൂർവ്വമായ ഇടപെടലാണ് നടന്നത്. ചെക്ക് സേസിൽ കോടതിയിൽ നിന്ന് വന്ന സമൻസ് ബൈജുവിന്റെ നാട്ടിലെ വീട്ടിലുള്ള അമ്മ കൈപറ്റിയിരുന്നു. ഇത് ഡോ.ബൈജുവിന്റെ ശ്രദ്ധയിൽപെടുമ്പോഴേക്കും കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് ഡോ.ബൈജു അറിഞ്ഞില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഡോ.ബൈജുവിനെ പിടികിട്ടാപ്പുള്ളിയായി ചിത്രീകരിച്ച് അറസ്റ്റ് ചെയ്യുവാനുള്ള കരുക്കൾ ചിലർ നീക്കിയിരുന്നു. വാറണ്ടിന്റെ വിവരം ചവറ പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ മുഖാന്തരം അറിഞ്ഞതിനെ തുടർന്ന് ജാമ്യം എടുക്കുക്കാൻ കഴിഞ്ഞ മാസം 17 ലേക്ക് കേസ് അഡ്വാൻസ് ചെയ്യുവാൻ വക്കീൽ മുഖാന്തിരം അപേക്ഷ നല്കി. കേസ് പരിഗണിക്കുന്നതിന് തലേ ദിവസം തന്നെ ഡോക്ടറെ അറസ്റ്റ് ചെയ്യുവാൻ ഉന്നത പൊലീസുദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്യുകയാണുണ്ടായത്.

വൈകുന്നേരം മൂന്ന് മണിക്ക് നാടകീയമായി അദ്ദേഹത്തെ ഒരു കൊടും കുറ്റവാളിയെ പോലെ തിരുവനന്തപുരം ക്ലിനിക്കിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ,മർദ്ദിക്കുവാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പിന്നീട് പരവൂർ കോടതി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്തത് മലയാളി ഡോക്ടർമാർക്കിടയിലെ ആഗോള മുഖത്തെ

ബൈജു സേനാധിപന് എതിരെയുള്ള കള്ളക്കേസും അറസ്റ്റും ആഗോള തലത്തിൽ തന്നെ ഡോക്ടർമാർക്കിടയിൽ ഇന്ന് ചർച്ചാവിഷയമാണ്. വിഷയത്തിൽ ഡോക്ടർ എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റാണ് ഈ വിഷയത്തെ പുറം ലോകത്ത് ചർച്ചയാക്കുന്നത്.

ഗ്യാസ്ട്രോ മേഖലയിലെ താക്കോൽ ദ്വാര ശസ്ത്രക്രിയ വിദഗ്ധനായ ഡോ.ബൈജു സേനാധിപൻ നാട്ടിലും വിദേശത്തുമായി ആയിരക്കണക്കിന് രോഗികളെയാണ് ജീവിതത്തിലേക്ക് ഇതിനോടകം കൈപിടിച്ചുയർത്തിയത്. തന്റെ മുന്നിലെത്തുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകിയ മലയാളിയാണ് ഈ ഡോക്ടർ. ഡോ.ബൈജു സേനാധിപനെ സ്വകാര്യമേഖലയിലെ ഡോക്ടർമാർക്കിടിയിലെ വേറിട്ട ശബ്ദമായി ഏവരും അംഗീകരിക്കുകയും ചെയ്യുന്നു. പാവങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി സർക്കാർ ചെയ്യുന്നതു പോലെ കാരുണ്യപദ്ധതി ആവിഷ്‌കരിച്ച സ്വകാര്യമേഖലയിലുള്ള ഡോക്ടറെന്ന് ഖ്യാതിയും ഡോ.ബൈജുവിന് സ്വന്തമാണ്. നിരവധിപേരുടെ കണ്ണീരൊപ്പിയ സ്നേഹാർദ്രമെന്ന പദ്ധതി ഏറെ ചർച്ചായവുകയും ചെയ്തു. ഇതാണ് പിണറായി സർക്കാരിന്റെ ആർദ്രമെന്ന പദ്ധതിയുടെ ചാലക ശക്തിയായതും.

രോഗികൾക്ക് വേണ്ടിയുള്ള ഡോക്ടറുടെ വിട്ടുവീഴ്ചയില്ലാതയുള്ള ഈ സമീപനമാണ് അടുത്തിടെ അദ്ദേഹത്തെ കള്ളക്കേസിൽ കടുക്കിയത് എന്ന് വിശ്വസിക്കുന്ന ഡോക്ടർമാർ ഏറെയാണ്. ഡോ.ബൈജു സേനാധിപനെന്ന രോഗികൾക്ക് തണലായ വടവൃക്ഷത്തിന്റെ വേരറുക്കാൻ പണിപ്പെട്ടെങ്കിലും അത് അത്ര കണ്ട് വിജയിച്ചില്ലെന്നത് മാത്രമാണ് ഏക ആശ്വാസം. 'ഇടറിവീണത് എഴുന്നേറ്റു കുതിക്കാൻ' എന്നാണ് തന്റെ ജീവിചരിത്രമായ സ്നേഹാർദ്രം സേനാധിപനെന്ന പുസ്തത്തിന്റെ എട്ടാം അദ്ധ്യായത്തിന്റെ തലക്കെട്ട് . ഈ വാക്കുകൾ അന്വർത്ഥമാക്കുകയാണ് അദ്ദേഹം ഇപ്പോൾ. ജീവചരിത്രത്തിലെ ഏഴാം അധ്യായത്തിന്റെ തലക്കെട്ടു പോലെ 'അസഹിഷ്ണുതയുടെ സഹവർത്തിത്വത്തിലൂടെ' ബൈജു സേനാധിപർ ഒരോ പടികളും നടന്നു കയറിയതെന്ന് ആർക്കും ബോധ്യമാകും. എന്നിട്ടും കള്ളക്കേസിൽ പെട്ട് അദ്ദേഹത്തിന് പൊലീസിന്റെ അറസ്റ്റ് നേരിടേണ്ടി വന്നു.

ഡോ ബൈജു സേനാധിപന് ഇതു സംബന്ധിച്ച് ഇട്ട ഫെയ്‌സ് ബുക്ക് കുറിപ്പ് വൈറലായിരുന്നു. ഈ കുറിപ്പിന്റെ പൂർണ്ണ രൂപം.

ഞാൻ കൊല്ലം മേവറം ഭാഗത്തു് സ്ഥിതി ചെയുന്ന അഷ്ടമുടി ഹോസ്പിറ്റൽ എന്ന സ്ഥാപനത്തിന്റെ ഓഹരി ഉടമകളിൽ ഒരാളാണ്.മാനേജ്മെന്റിന്റെ പിടിപ്പുകേടും സാമ്പത്തിക തിരിമറിയും മൂലം ഹോസ്പിറ്റൽ കുറെ കാലമായി നഷ്ടത്തിലാണ് .ഓഹരി ഉടമകളുടെ സമ്മതമില്ലാതെ കോടികണക്കിന് രൂപ വായ്പാ എടുക്കുകയും അത് സ്വകാര്യലാഭത്തിനായി വിനിയോഗിക്കുകയും ചെയ്തതിന്റെ ഫലമായാണ് അത് നഷ്ടത്തിലായത്

നഷ്ടം നികത്താനാവാതെ ഹോസ്പിറ്റൽ വിൽക്കുവാൻ ഓഹരി ഉടമകളുടെ സമ്മതമില്ലാതെ തന്നെ മറ്റൊരു കമ്പനിയുമായി കമ്പനി ചെയർമാൻ ധാരണ ഉണ്ടാക്കുകയും അതിന്റെ കരുനീക്കങ്ങൾ നടക്കുന്നതിനിടയിൽ വിളിച്ച് ചേർക്കപ്പെട്ട ഓഹരി ഉടമകളുടെ ജനറൽ ബോഡിയിൽ ഓഹരി ഉടമ എന്ന നിലയിൽ കമ്പനി തത്ത്വങ്ങൾ അനുസരിച്ചു എനിക്ക് നിക്ഷിപ്തമായ അവകാശം കമ്പനിയുടെ 51 % ഓഹരി വാങ്ങുന്നതിലേക്കായി ഉന്നയിക്കുകയുമുണ്ടായി .ജനറൽ ബോഡി അത് അംഗീകരിക്കുകയും 51 % ഓഹരി 2 കോടി രൂപക്ക് എനിക്ക് തരുവാൻ നിശ്ചയുകയും ചെയ്തു.ആയതിന്റെ ഉറപ്പിലേക്കായി 50 ലക്ഷം രൂപയുടെ ഒരു ചെക്ക് ജനറൽ ബോഡിക്ക് വേണ്ടി കമ്പനി ചെയർമാൻ ആയ ഡോ ജേക്കബ് ജോൺ സ്വീകരിക്കുകയും ഉണ്ടായി.

എന്നാൽ പറഞ്ഞപ്രകാരം ആവശ്യമായ രേഖകൾ ഹാജരാക്കുവാൻ ഡോ ജേക്കബ് ജോൺ തയ്യാറായില്ലെന്ന് മാത്രമല്ല , ഹോസ്പിറ്റൽ പുറത്തു വിൽക്കുവാൻ മനോരമ പത്രത്തിൽ പരസ്യം നൽകുകയും , മറ്റു വില്പന നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.രേഖകൾ ഹാജരാക്കാത്തിനെത്തുടർന്നു എനിക്ക് കരാറിൽ നിന്ന് പിന്മാറേണ്ടി വന്നു. എന്നാൽ പ്രസ്തുത ചെക്ക് തിരിച്ചു നൽകുവാൻ കൂട്ടാക്കാതെ ഡോ ജേക്കബ് ജോൺ അത് ബാങ്കിൽ ക്യാഷ് പിൻവലിക്കുവാൻ ശ്രമിക്കുകയും ,സാധിക്കാതെ വന്നപ്പോൾ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്റ്റ് പ്രകാരം എനിക്കെതിരെ ക്രിമിനൽ കേസ് കൊടുക്കുകയും ഉണ്ടായി .ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഞാൻ കൊല്ലം സി.ജെ.എം കോടതിയിൽ വഞ്ചനാകേസ് ഫയൽ ചെയുകയും,ആ കേസ് ഫയലിൽ സ്വീകരിച്ചു നടപടി ആരംഭിച്ചിട്ടുള്ളതുമാണ് .

ഈ അവസരത്തിൽ എനിക്കെതിരെ വഞ്ചനപരമായി കെട്ടിച്ചമച്ച കേസുമായി ഡോ ജേക്കബ് ജോൺ മുന്നോട്ടു പോകുകയും , അതിലേക്കായി കോടതിയിൽ നിന്ന് വന്ന സമൻസ് എന്റെ മാതാവ് കൈപറ്റിയിട്ടുള്ളതുമാണ് .ഇത് എന്റെ ശ്രദ്ധയിൽപെടുമ്പോഴേക്കും കോടതി അതിലേക്കായി വാറണ്ട് പുറപ്പെടുവിച്ചിരുന്നു . എന്നാൽ ആ വാറണ്ട് ഡോ ജേക്കബ് ജോൺ തന്നിൽ നിക്ഷിപ്തമായ അവകാശം ഉപയോഗിച്ചു കോടതിയിൽ നിന്നും നേരിട്ട് കൈപ്പറ്റുകയും, അത് നിർദ്ദേശിക്കപ്പെട്ട പൊലീസ് സ്റ്റേഷനിൽ സമർപ്പിക്കാതെ കൈയിൽ സൂക്ഷിക്കുകയും, അദ്ദേഹം അത് നിയമവിരുദ്ധമായി ഫോട്ടോ എടുത്ത് എന്നെ അപകീർത്തിപ്പെടുത്തുന്നതിലേക്കായി കരുതുകയും ചെയ്തു.പ്രസ്തുത വാറണ്ട് ഒരു മാസത്തിന് ശേഷം ചവറ പൊലീസ് സ്റ്റേഷനിൽ സമർപ്പിക്കുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു എന്നെ പിടികിട്ടാപ്പുള്ളിയായി ചിത്രീകരിച്ചു അറസ്റ്റ് ചെയ്യുവാനുള്ള കരുക്കൾ നീക്കുകയും ചെയ്തു.

വാറണ്ടിന്റെ വിവരം ചവറ പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ മുഖാന്തരം അറിഞ്ഞതിനെ തുടർന്ന് ജാമ്യം എടുക്കുന്നതിലേക്കായി ഞാൻ അഡ്വക്കേറ്റ് മുഖേന കേസ് 17 .05 .2019 ലേക്കായി അഡ്വാൻസ് ചെയ്യുകയുണ്ടായി. എന്നാൽ ഡോ ജേക്കബ് ജോണും ചില തല്പരകക്ഷികളുമായി ഒത്തുകളിച്ചു തലേ ദിവസം തന്നെ (അതായത് 16 .05 .2019ന് )വൈകുന്നേരം മൂന്ന് മണിക്ക് എന്നെ ഒരു കൊടും കുറ്റവാളിയെ പോലെ എന്റെ തിരുവനന്തപുരം ക്ലിനിക്കിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ,മർദ്ദിക്കുവാൻ ശ്രമിക്കുകയും ഉണ്ടായി . എന്നെ നേരിട്ട് അറിയാവുന്ന അഭ്യുദയകാംക്ഷികളുടെ ഇടപെടലിനെ തുടർന്ന് ആണ് മർദ്ദനത്തിലേക്കും റീമാൻഡിലേക്കും നീങ്ങാതിരുന്നത് .

എനിക്ക് ബഹുമാനപ്പെട്ട പരവൂർ കോടതിയിൽ നിന്നും ജാമ്യം ലഭ്യമായതിന് ശേഷവും താൻ നിയമവിരുദ്ധമായി പകർത്തിയ വാറണ്ടിന്റെ കോപ്പി സാമൂഹ്യമാധ്യമങ്ങളിലൂടെ എന്നെ അപകീർത്തിപ്പെടുത്തുവാൻ ഉപയോഗിച്ച് വരുന്നതായി കാണുന്നു. ഈ പകർപ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് കൂടി പറയുവാൻ ഞാൻ ഈ അവസരം ഉപയോഗിക്കട്ടെ. മേൽ പറഞ്ഞ കാര്യങ്ങളിൽ വസ്തുതാവിരുദ്ധമായി എന്തെങ്കിലും ഉണ്ടെന്നു തെളിയിച്ചാൽ പൊതുസമൂഹത്തോട് മാപ്പു പറയുവാനും നിയമനടപടികൾക്ക് വിധേയനാവാനും ഞാൻ തയ്യാറാണെന്ന വസ്തുതയും ഇത്തരുണത്തിൽ ഞാൻ അറിയിക്കുന്നു

എന്ന്
നിങ്ങളുടെ സ്വന്തം
ഡോ.ബൈജു സേനാധിപന്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP